Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം


സോളിഡാരിറ്റിയും ഞാനും

 

# സി.ആര്‍ നീലകണ്ഠന്‍

 
 ആത്മീയതയും ഭൌതികതയും പരസ്പരം വെള്ളം കയറാത്ത അറകളില്‍ സൂക്ഷിക്കണമെന്നും മതം രാഷ്ട്രീയവുമായി ഒരു വിധത്തിലും ബന്ധപ്പെടരുതെന്നും വിശ്വസിക്കുന്ന മതേതരവാദികള്‍ക്ക് ആവേശം പകരുന്ന ഒന്നായിരുന്നു മൂവാറ്റുപ്പുഴയില്‍ അധ്യാപകനു നേരെ ചിലര്‍ നടത്തിയ ആക്രമണം. അക്രമികള്‍ മതത്തിന്റെ പേര് ഉപയോഗിക്കുന്നുവെന്നതിനാല്‍ മതം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരെല്ലാം ഈ ഹിംസക്കുത്തരവാദികളാണെന്ന വാദവും ഉയര്‍ന്നുവരുന്നു. സോളിഡാരിറ്റി എന്ന യുവജന സംഘടനയുമായി ഈ ലേഖകന്‍ പുലര്‍ത്തുന്ന സൌഹൃദം മുമ്പും ഏറെ വിമര്‍ശനവിധേയമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും ശക്തമായി ഉയര്‍ന്നുവരുന്നു. മുമ്പു പലതവണ ഇതു സംബന്ധിച്ച് നിരവധി വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും വീണ്ടും അതാവര്‍ത്തിക്കേണ്ടിവരുന്നു.
ഒരു ജാതിയിലും മതത്തിലും ആചാരങ്ങളിലും വിശ്വസിക്കാത്ത, വൈരുധ്യാത്മക സാമൂഹിക വീക്ഷണം വെച്ചു പുലര്‍ത്തുന്ന ഒരാളാണ് ഈ ലേഖകന്‍. എന്നാല്‍ യാന്ത്രിക ഭൌതികവാദിയല്ല, ആത്മീയതയും ഭൌതികതയും തമ്മില്‍ വൈരുധ്യാത്മകമായ (പരസ്പരാശ്രിതമായ) ബന്ധം നിലനില്‍ക്കുന്നുവെന്നു മനസ്സിലാക്കുന്നു. ഏക മത സമൂഹങ്ങളിലെ മതേതരവാദികള്‍ സ്വീകരിക്കുന്ന രീതി ഇന്ത്യ പോലൊരു ബഹുമത സമൂഹത്തില്‍ അംഗീകരിക്കാനാവില്ലെന്ന ഗാന്ധിജിയുടെ സമീപനത്തോടാണ് എനിക്കു താല്‍പര്യം.
മതവിശ്വാസത്തെ കേവല ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ ഈ 'മതേതരവാദികള്‍'ക്ക് യാതൊരു വിഷമവുമില്ല. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ജാതി, ഉപജാതി, മതം, കുടുംബം, തൊലിയുടെ നിറം തുടങ്ങിയവ പരിഗണിക്കുന്നവരാണിവര്‍. ഇറാഖിനെ ആക്രമിക്കാന്‍ ജോര്‍ജ് ബുഷ് എന്ന യു.എസ് പ്രസിഡന്റിന് ഇവാഞ്ചലിക്കല്‍ ഉള്‍വിളിയുണ്ടായതിനെയും ഇവര്‍ 'മതേതര' പ്രവര്‍ത്തനമായി കാണുന്നു.
എന്നാല്‍ ഗാന്ധിജി പറഞ്ഞതുപോലെ തന്റെ മതവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പിന്‍ബലമാകുമെന്നാരെങ്കിലും പറഞ്ഞാല്‍ അവര്‍ വര്‍ഗീയവാദികളാകുന്നു. ഇവിടെ സോളിഡാരിറ്റിയുടെ മതബോധത്തെക്കുറിച്ച് ഏറെ ആകുലപ്പെടാതെ തന്നെ ജനങ്ങളുടെ ജീവിതസമരങ്ങളില്‍, ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി ഇവര്‍ ഇടപെടുന്നതിനെ പിന്താങ്ങുന്ന ഒരാളാണ് ഞാന്‍. സൂനാമിയില്‍ കൊല്ലപ്പെട്ട ഹിന്ദു സഹോദരന്മാരുടെ ശരീരത്തിനരികെ കൊളുത്തിവെക്കാന്‍ നിലവിളക്ക് തേടിപ്പോകുന്ന സോളിഡാരിറ്റിക്കാരോടും, വര്‍ഗീയ ഫാഷിസ്റുകള്‍ കൈ അറുത്ത അധ്യാപകന് പത്തു കുപ്പി രക്തം നല്‍കിയ സോളിഡാരിറ്റിക്കാരോടും എനിക്ക് മാനസികമായി ഐക്യപ്പെടാനാകുന്നുണ്ട്. മതത്തിന്റെ പേരില്‍ ഏതെങ്കിലും ഹിംസയെ അവര്‍ ന്യായീകരിച്ചിട്ടില്ല. മതവിശ്വാസം അവര്‍ക്ക് ഒരു 'ഹിഡന്‍ അജണ്ട'യല്ല, 'ഓപ്പണ്‍ അജണ്ട'യാണ്. അന്യമതസ്ഥര്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്താനും അവര്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ല. ജനകീയ സമരങ്ങളെ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍, മതേതര വിപ്ളവകാരികള്‍ അതിനെ അനുകൂലിക്കുമ്പോള്‍, ദുര്‍ബലരോടൊപ്പം നില്‍ക്കുന്നവരെന്ന ഒറ്റ പരിഗണന കൊണ്ടുതന്നെ സോളിഡാരിറ്റിയെ അംഗീകരിക്കണം.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly