Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>പുസ്തകംഇസ്ലാമിന്റെ സമഗ്രതയിലേക്കൊരു വഴികാട്ടി
(ഇസ്ലാമിക വിജ്ഞാന കോശം പത്താം വാള്യത്തെപറ്റി)

 

# പി.എ നാസിമുദ്ദീന്‍

 
 1995-ല്‍ ആദ്യവാള്യം പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പത്താമതു വാള്യമാണ് 15 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച സര്‍വ വിവരങ്ങളും മലയാള അക്ഷരമാലയുടെ അനുക്രമണ ശ്രേണിയില്‍ ഒതുക്കുക എന്ന സാഹസികവും പുണ്യകരവുമായ ദൌത്യമാണ് വിജ്ഞാനകോശത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ പ്രവൃത്തിയുടെ യഥാര്‍ഥ പ്രസക്തി നാം നിരീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ്.
മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ഇസ്ലാമിക വൈജ്ഞാനീയതയെ മലയാള അക്ഷരമാലാ ക്രമത്തില്‍ അടുക്കിവെക്കുക എന്ന മഹത്തായ ദൌത്യം. ദര്‍ശനം, തത്ത്വശാസ്ത്രം, രാഷ്ട്രീയം, പരിസ്ഥിതി, ഭരണവ്യവസ്ഥ, ശാസ്ത്രം, കര്‍മശാസ്ത്രം, സാഹിത്യം, കല, നാഗരികത എന്നിങ്ങനെ സകല മണ്ഡലങ്ങളിലുമുള്ള ഇസ്ലാമിന്റെ സ്വാധീനം അതായത്, ചരിത്രത്തെ മാറ്റിമറിക്കുകയും അനേകം നാഗരികതകളെ നിര്‍മിക്കുകയും ഭൂമിയിലെ മനുഷ്യജീവിതത്തിന് ദൈവപ്രോക്തമായ ഒരു വ്യവസ്ഥ പ്രദാനം ചെയ്യുകയും ചെയ്ത അതിന്റെ പൂര്‍ണവും സമഗ്രവുമായ ചിത്രം അന്വേഷണോത്സുകരായ വായനക്കാര്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനാണ് വിജ്ഞാനകോശത്തിന്റെ ശില്‍പ്പികള്‍ ശ്രമിക്കുന്നത്.
ഇസ്ലാമിക ദര്‍ശനത്തിന്റെ ആധികാരികതയും അതിന്റെ അടിയാധാരങ്ങളായ വേദഗ്രന്ഥത്തിന്റെയും നബിചര്യയുടെയും സാധുതയും ചൂഷകരായ പുരോഹിത വര്‍ഗത്താലും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന തിരുത്തല്‍വാദികളാലും വക്രീകരിക്കപ്പെടുന്നുണ്ട് എന്ന സത്യം അനിഷേധ്യമാണ്. മാത്രമല്ല, അവയെക്കുറിച്ച് കൃത്യമായ അവബോധം കൈവരിച്ചിട്ടില്ലാത്ത എഴുത്തുകാരും പത്രപ്രവര്‍ത്തകരും അവ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകളും നമ്മുടെ ഭാഷയില്‍ ധാരാളമാണ്. ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചുള്ള വസ്തുതകള്‍ യഥാവിധി അവതരിപ്പിക്കുന്ന ഒരു റഫറന്‍സ് ഗ്രന്ഥം എന്ന നിലയില്‍ ഇസ്ലാമിക സാഹിത്യ സരണിയില്‍ വിജ്ഞാനകോശത്തിന്റെ സ്ഥാനം അദ്വിതീയമാണ്.
നിത്യജീവിതവൃത്തിയില്‍ ഏര്‍പ്പെടുന്ന മനുഷ്യരുടെ സാംസ്കാരിക പ്രക്രിയയില്‍ മതത്തിന്റെ സ്വാധീനം അതിവിപുലമാണ്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആചാരങ്ങള്‍, ഐതിഹ്യങ്ങള്‍, കലകള്‍, കളികള്‍, ഭാഷകള്‍, നാട്ടറിവുകള്‍ എന്നിവയെല്ലാം ഉള്‍ചേര്‍ന്ന് രൂപംകൊള്ളുന്ന ഒരു വ്യാവഹാരിക പ്രതിഭാസമാണല്ലോ ആ നാടിന്റെ സംസ്കാരം. ഈ സാംസ്കാരിക പ്രവാഹത്തിന്റെ അടിത്തട്ടിലേക്കു സൂക്ഷിച്ചു നോക്കിയാല്‍ ഓരോ മതവും പ്രദാനം ചെയ്യുന്ന സാംസ്കാരിക സംഭാവനകളെ നമുക്ക് കണ്ടെത്താന്‍ കഴിയും.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മഹത്തായ മലയാളി സംസ്കാരമെന്ന് ഉദ്ഘോഷിക്കപ്പെടുന്ന നമ്മുടെ പൊതു സംസ്കാരത്തില്‍ അധീശത്വശക്തിയായി കൊടികുത്തി വാണിരുന്നത് സവര്‍ണത ആയിരുന്നു. മലയാളികളുടെ മിക്ക അഭിരുചികളെയും ജീവിതനിലപാടുകളെയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ജാതിവ്യവസ്ഥയിലൂടെ ഭൌതിക സ്വത്തുക്കളും ബൌദ്ധികാധികാരവും സിദ്ധിച്ച ഈ വര്‍ഗമായിരുന്നു.
കേരളീയ ജനജീവിതത്തില്‍ മുഖ്യമെന്നോ പ്രബലമെന്നോ അംഗീകരിക്കപ്പെട്ടിരുന്ന ഈ സവര്‍ണധാരയുടെ പാര്‍ശ്വസ്ഥലികളിലൂടെയാണ് മറ്റു മതങ്ങളുടെ കലാരൂപങ്ങള്‍, തനതു ഭാഷകള്‍ (ഉദാ. അറബിമലയാളം), സാംസ്കാരിക തനിമകള്‍ ഒക്കെ ഒഴുകിക്കൊണ്ടിരുന്നത്. ക്രമേണ ഈ പാര്‍ശ്വവല്‍കൃത സംസ്കാരങ്ങള്‍ക്ക് ശക്തി നഷ്ടപ്പെടുകയും പിന്നീടുവന്ന യൂറോപ്യന്‍ സംസ്കൃതിയുടെ കുത്തൊഴുക്കില്‍ അവയെല്ലാം ക്ഷയോന്മുഖമാവുകയും ചെയ്തു.
ഈ പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്ലാമിന്റെ സഞ്ചിത വിജ്ഞാനങ്ങളെയും അതിന്റെ നാനാരൂപത്തിലുള്ള ആവിഷ്കാരങ്ങളെയും സമാഹരിക്കുക, അവയെ മലയാള ഭാഷയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവന്ന് സ്ഥാപിക്കുക, ഇങ്ങനെ ഇസ്ലാമിന്റെ സാംസ്കാരിക സ്രോതസ്സുകളെ ജീവത്താക്കുക മുതലായ മഹദ് ധര്‍മങ്ങളാണ് ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പുറത്തിറക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചെയ്യുന്നത്.
ഒരു സംസ്കാരവും ഏകശിലാ രൂപമല്ല. സാംസ്കാരിക വൈജാത്യങ്ങളെ ഏകവര്‍ണത്തിലും ഏക രൂപത്തിലുമാക്കാനുള്ള ശ്രമങ്ങള്‍ ഫാഷിസത്തെ വിളിച്ചോതുന്നതാണ്. സുലൈമാന്‍ നബിയുടെ കാലംതൊട്ടേ കേരളത്തിന് അന്യസംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ അര്‍ഥം എല്ലാത്തരം സംസ്കാരവൈജാത്യങ്ങളുടെയും കൊള്ളകൊടുക്കലുകള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട് എന്നാണ്. അതിനാല്‍ ഇവിടത്തെ ഇസ്ലാമിക സംസ്കാരത്തിന് അറബി ഭാഷയിലേക്കും പേര്‍ഷ്യന്‍ ഭാഷയിലേക്കും നീണ്ടു പോകുന്ന വേരുകളുണ്ട്. ഉര്‍ദു പ്രധാനമായ ഉത്തരേന്ത്യന്‍ സംസ്കാരവും നമ്മുടെ ഇസ്ലാമിക സംസ്കാരത്തിന്റെ ഭിന്നഭാവം തന്നെ. ഇങ്ങനെ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന ഇസ്ലാമിന്റെ നാനാരൂപങ്ങളെ സമാഹരിച്ചെടുക്കാനുള്ള ഈ നിസ്തുല ശ്രമത്തെ എത്ര ശ്ളാഘിച്ചാലും മതിയാവില്ല.
വ്യഞ്ജനാക്ഷരങ്ങളില്‍ 'ക' വര്‍ഗത്തിലെ ശീര്‍ഷകങ്ങള്‍ ഈ വാള്യത്തില്‍ പൂര്‍ത്തിയാകുന്നു. 'ഖിലാഫത് വ മുലൂകിയത്' മുതല്‍ 'ഘാന'വരെ ആയിരത്തിലധികം ശീര്‍ഷകങ്ങളുള്ള പത്താം വാള്യത്തിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ ശീര്‍ഷകം 'ഖുര്‍ആന്‍' ആണ്. മാനവരാശിയുടെ മാര്‍ഗദര്‍ശനാര്‍ഥം അവതീര്‍ണമായ അന്തിമവേദത്തെ സംബന്ധിച്ച സവിസ്തര പഠനമാണ് പ്രസ്തുത ശീര്‍ഷകം. ഖുര്‍ആന്റെ അവതരണം, ക്രോഡീകരണം, പാരായണം, അടിസ്ഥാനാധ്യാപനങ്ങളായ ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം, ഖുര്‍ആനും പൂര്‍വ വേദങ്ങളും, ഖുര്‍ആന്റെ മുഖ്യ പ്രമേയമായ മനുഷ്യന്‍, അവന്റെ ചുമതലകള്‍, മനുഷ്യസമത്വം, സ്വാതന്ത്യ്രം, അധികാരം, സമ്പത്ത്, സ്ത്രീ, കുടുംബം, രാഷ്ട്രം തുടങ്ങി സത്യവേദത്തിന്റെ സര്‍വതലസ്പര്‍ശിയായ അപഗ്രഥനമാണ് ഖുര്‍ആന്‍ എന്ന ശീര്‍ഷകം.
വിവിധ ഇടങ്ങളില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ശാസ്ത്രസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍, നിരവധി ലോകഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഖുര്‍ആന്‍ വിവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പരിഭാഷകള്‍, സമീപകാലത്തായി കേരളത്തിലും മറ്റിടങ്ങളിലും സജീവമായിവരുന്ന ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍, ഖുര്‍ആന്‍ ചികിത്സ, ഖുര്‍ആനിലെ സാങ്കേതിക ശബ്ദങ്ങള്‍, ഖുര്‍ആനിലെ ചരിത്രഭൂമികളിലൂടെ തുടങ്ങിയവയാണ് മറ്റു ഖുര്‍ആന്‍ അനുബന്ധ ശീര്‍ഷകങ്ങള്‍.
ഇസ്ലാമിക ചരിത്രത്തിലും സംസ്കാരത്തിലും ഇടംനേടിയ അനേകം പ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഈ വാള്യത്തെ സമ്പന്നമാക്കുന്നു. 'ഖുദ്സ്' ആണ് അവയില്‍ പ്രധാനം. മുസ്ലിംകളുടെ ആദ്യ ഖിബ്ലയായ മസ്ജിദുല്‍ അഖ്സ്വാ ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ സമഗ്രമായ വിവരണം പ്രസ്തുത ശീര്‍ഷകത്തിലുണ്ട്. ഖീവഃ, ഖുറാസാന്‍, ഖൂനിയഃ, ഖൈറവാന്‍, ഖോഖന്ദ്, ഗസ്നഃ, ഗീലാന്‍, ഗുജ്ദുവാന്‍, ഗ്രാനഡ തുടങ്ങിയവയാണ് മറ്റു ശീര്‍ഷകങ്ങള്‍. മദീനക്കടുത്ത ജൂതകേന്ദ്രമായിരുന്ന ഖൈബര്‍, ജൂതഭീകരതയുടെ പരീക്ഷണശാലയായ ഫലസ്ത്വീനിലെ ഗസ്സ, ചെചന്‍ വിമോചനപ്പോരാട്ടത്തിന്റെ ഹൃദയഭൂമിയായ ഗ്രോസ്നി തുടങ്ങിയവയാണ് മറ്റു സ്ഥലനാമ ശീര്‍ഷകങ്ങള്‍. അതോടൊപ്പം ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ ഖൈബര്‍ ചുരം, ഇന്ത്യയിലെ മുസ്ലിം ഭരണകൂടങ്ങളുടെ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഗുജറാത്ത്, ഇന്ത്യന്‍ നഗരങ്ങളായ ഗാസിയാബാദ്, ഗുല്‍ബര്‍ഗ, ഗോരഖ്പൂര്‍, ഗ്വാളിയോര്‍, ഏറ്റവും ചെറിയ ഇന്ത്യന്‍ സംസ്ഥാനമായ ഗോവ എന്നിവയും ഈ വാള്യത്തിലാണ്. ആഫ്രിക്കാ വന്‍കരയിലെ ഗാബോണ്‍, ഗാംബിയ, ഗിനിയ, ഗിനിയബിസ്സോ, ഗീനിയാ അല്‍ ഇസ്തിവാഇയ്യ, ഘാന എന്നീ രാഷ്ട്രങ്ങളെയും ഈ വാള്യത്തില്‍ പരിചയപ്പെടാം.
മുസ്ലിം ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും ഭീതിദമായ വര്‍ത്തമാനങ്ങള്‍ പറയുന്ന ഗുജറാത്ത് കലാപം, ഭൂമിയിലെ നരകമെന്ന് വിശേഷിപ്പിക്കാവുന്ന കുപ്രസിദ്ധ അമേരിക്കന്‍ തടവറയായ ഗ്വാണ്ടനാമോ എന്നിവ സമകാലിക ലോകത്തെ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച തിരിച്ചറിവും ജാഗ്രതയും നല്‍കുന്ന വായനാനുഭവമാണ്. മധ്യകാലത്തെ മുസ്ലിം പണ്ഡിതന്മാര്‍ മൌലിക സംഭാവനകളര്‍പ്പിച്ച ശാസ്ത്രശാഖകളാണ് ഗണിതശാസ്ത്രവും ഗോളശാസ്ത്രവും. ഗുരുത്വാകര്‍ഷണവും ഗ്രഹണവുമാണ് സമാനമായ മറ്റു രണ്ട് ശീര്‍ഷകങ്ങള്‍.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രഥമ മുസ്ലിം ഭരണകൂടങ്ങളായ ഗസ്നവികള്‍, ഗൂറികള്‍, ദക്കാനിലെ ഖുത്വ്ബ്ഷാഹികള്‍ എന്നിവരെ സംബന്ധിച്ച ലേഖനങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു. അറബി-പേര്‍ഷ്യന്‍-ഉര്‍ദു സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരിനമാണ് ഗസല്‍. ജനലക്ഷങ്ങള്‍ നെഞ്ചേറ്റിയ ഈ പ്രേമകാവ്യ പ്രസ്ഥാനത്തെയും വിഖ്യാത പേര്‍ഷ്യന്‍ മഹാകവി സഅ്ദീ ശീറാസിയുടെ സാരോപദേശ കഥകളായ ഗുലിസ്താനെയും സംബന്ധിച്ച ലേഖനങ്ങള്‍ അനന്യലഭ്യമായ വിവരങ്ങള്‍കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്നവയാണ്.
വാസ്തുവിദ്യാരംഗത്തെ വിസ്മയമായ ഫലസ്ത്വീനിലെ ഖുബ്ബതുസ്സ്വഖ്റഃ, ഇന്തോ ഇസ്ലാമിക് ശില്‍പകലാചാതുരിയുടെ മകുടമാതൃകകളായ ദല്‍ഹിയിലെ ഖുത്വ്ബ്മിനാര്‍, ഖുവ്വതുല്‍ ഇസ്ലാം മസ്ജിദ്, ബീജാപൂരിലെ ഗോല്‍ഗുംബസ് എന്നിവയും ശ്രദ്ധേയമാണ്. മുസ്ലിം വാസ്തുശില്‍പത്തിലെ സവിശേഷ ഇനമായ ഖുബ്ബയെ സംബന്ധിച്ച പ്രത്യേക പഠനവും ചേര്‍ത്തിരിക്കുന്നു. ആഗോളവത്കരണത്തിന്റെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തുന്ന കനപ്പെട്ട പഠനമാണ് ഗ്ളോബലൈസേഷന്‍ എന്ന ലേഖനം. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന പ്രതിക്രിയാ നടപടികള്‍ വിശദമാക്കുന്ന ഖിസ്വാസ്വ്, വൈവാഹിക നിയമങ്ങളിലെ പ്രധാന സാങ്കേതികസംജ്ഞയായ ഖുല്‍അ്, നപുംസകങ്ങളെ സൂചിപ്പിക്കുന്ന ഖുന്‍ഥാ, പ്രമാണരഹിതമായ ആചാരാനുഷ്ഠാനങ്ങളെ ദ്യോതിപ്പിക്കുന്ന ഖുറാഫാത്ത്, മനുഷ്യന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന പ്രധാന തിന്മയെന്ന നിലയില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ഗീബത്, നൈസര്‍ഗികവാസനകളില്‍ സങ്കീര്‍ണമായ ഗദബ്(കോപം), പൌരാണികവും ആധുനികവുമായ ഭ്രൂണഹത്യാരീതികളെ നിശിത നിരൂപണത്തിന് വിധേയമാക്കുന്ന ഗര്‍ഭഛിദ്രം, യുദ്ധമുതലുകളെ പരാമര്‍ശിക്കുന്ന ഗനീമത്ത് തുടങ്ങിയ ശീര്‍ഷകങ്ങള്‍ പത്താംവാള്യത്തിലെ മികച്ച വായനാനുഭവമായിരിക്കും. അതിഭൌതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച സവിസ്തരപഠനമാണ് ഗൈബ് എന്ന ലേഖനം.
ഖുത്വ്ബയും ഖുത്വ്ബ പരിഭാഷയുമാണ് മറ്റു രണ്ടു പ്രധാന ലേഖനങ്ങള്‍. മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നതിനെ എതിര്‍ക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ വാദങ്ങള്‍ക്ക് മദ്ഹബിന്റെ തന്നെ ആധികാരിക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചു മറുപടി പറയുന്ന 'ഖുത്വ്ബ പരിഭാഷ' എന്ന ലേഖനം വിജ്ഞാനകോശത്തിലെ മികച്ച പഠനങ്ങളില്‍ ഒന്നാണ്.
ഇസ്ലാമിക ചരിത്രത്തില്‍, വിശിഷ്യാ നവോത്ഥാനരംഗത്തും പ്രബോധന മേഖലയിലും അഗാധമായ സ്വാധീനം ചെലുത്തിയ പൌരാണികരും ആധുനികരുമായ നിരവധി വ്യക്തികളെ ഈ വാള്യത്തില്‍ പരിചയപ്പെടാം. ഇമാം ഗസ്സാലിയാണ് പൌരാണികരില്‍ പ്രമുഖന്‍. ധൈഷണിക മേഖലയില്‍ യവന തത്ത്വചിന്തയുടെ കടന്നാക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് നവജീവന്‍ പകരുകയും ചെയ്ത പ്രതിഭാശാലിയാണദ്ദേഹം. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിന്റെ നായകനായ ഇമാം ഖുമൈനിയാണ് ആധുനികരില്‍ പ്രമുഖന്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക പ്രബോധന ചരിത്രത്തില്‍ അദ്വിതീയസ്ഥാനം അലങ്കരിക്കുന്ന ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി, പ്രമുഖ സ്വൂഫീ പണ്ഡിതന്‍ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകി, സ്വൂഫീ ആചാര്യനും ഗ്രന്ഥകാരനുമായ ഇമാം അബുല്‍ ഖാസിമില്‍ ഖുശൈരി എന്നിവരും ആധുനികകാലത്തെ പ്രഗല്‍ഭ പണ്ഡിതരും പ്രബോധകരുമായ പ്രഫ. ഖുര്‍ശിദ് അഹ്മദ്, പ്രഫ. ഗുലാം അഅ്ളം, ഖുര്‍റം മുറാദ്, പ്രഫ. ഗഫൂര്‍ അഹ്മദ്, ഡോ. ഗിയാസുദ്ദീന്‍ സ്വിദ്ദീഖി തുടങ്ങിയവരും പത്താം വാള്യത്തെ ധന്യമാക്കുന്ന വ്യക്തിനാമങ്ങളാണ്. വിഖ്യാത ഉര്‍ദു-പേര്‍ഷ്യന്‍ മഹാകവി ഗാലിബിന്റെ ജീവചരിത്രം വിശദാംശങ്ങളോടെ ഈ വാള്യത്തില്‍ വായിക്കാം. പ്രമുഖ ഉര്‍ദു നോവലിസ്റും ജ്ഞാനപീഠ ജേതാവുമായ ഖുര്‍റതുല്‍ ഐന്‍ ഹൈദറും ഒപ്പമുണ്ട്.
ദല്‍ഹി സുല്‍ത്താന്മാരായ ഖുത്വ്ബുദ്ദീന്‍ ഐബക്, ഗിയാസുദ്ദീന്‍ ബാല്‍ബന്‍, ദക്കാനിലെ ഖുത്വ്ബ് ഷാഹി സല്‍ത്വനത്തിന്റെ സ്ഥാപകന്‍ ഖുലി ഖുത്വ്ബ് ഷാ, മംഗോള്‍ നേതാവ് ഖുബ്ലായ് ഖാന്‍, ഇന്ത്യ കണ്ട സംഗീത പ്രതിഭകളില്‍ ഒരാളായ ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, പാകിസ്താനിലെ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി, പ്രമുഖ തബലിസ്റ് ഗുലാം അബ്ബാസ് ഖാന്‍, മലയാള ഗാനങ്ങള്‍ ആദ്യമായി ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ പാടിയ പ്രമുഖ സംഗീതജ്ഞന്‍ ഗുല്‍ മുഹമ്മദ് എന്നിവരെപ്പറ്റി ഈ വാള്യത്തില്‍ വായിക്കാം.
സംശയങ്ങള്‍ തീര്‍ക്കാനും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനും വൈജ്ഞാനിക മേഖലയില്‍ ഇടപെടുന്നവര്‍ സമീപിക്കുന്ന ഇത്തരം ആധികാരിക ഗ്രന്ഥങ്ങള്‍ നിര്‍മിക്കുക എന്നത് വളരെ സാഹസികതയും ക്ഷമയും വേണ്ട ജോലിയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ മഹനീയകൃത്യം കേരളീയ മുസ്ലിം ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly