Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

വിളക്കണഞ്ഞു, വെളിച്ചം മറഞ്ഞില്ല

ഫൈസല്‍ മഞ്ചേരി

2021 സെപ്റ്റംബര്‍ 15-ാം തീയതി  ബുധനാഴ്ച  ഉച്ചക്ക് പന്ത്രണ്ടര മണിക്ക് ശേഷം ഞങ്ങള്‍ക്ക് ചുറ്റും പെട്ടെന്ന് വല്ലാത്തൊരു ഇരുട്ട് പരന്നു. സദാ സമയവും കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നങ്ങ് മാഞ്ഞുപോയതുപോലെ. കൈയിലിരുന്ന വളരെ വിലപ്പെട്ട ഒന്ന് ആരോ തട്ടിയെടുത്തപോലെ. പിന്നീട് ആലോചിച്ചപ്പോള്‍ ബോധ്യമായി, തന്നവന്‍ തിരിച്ചെടുത്തതാണ്. ഇത്ര കാലവും ഈ ദൈവിക സമ്മാനത്തിന്റെ സന്തോഷത്തിലും സുഗന്ധത്തിലുമായിരുന്നു ഞങ്ങള്‍. പെട്ടെന്നൊരു ദിവസം എല്ലാവരെയും സങ്കടക്കടലിലാഴ്ത്തിക്കൊണ്ട്, പുഞ്ചിരിച്ചുകൊണ്ട് ഉപ്പ അല്ലാഹുവിലേക്ക് യാത്രയായി. എല്ലാവരും ദുഃഖിതരായി കണ്ണുനീര്‍ പൊഴിച്ചുനില്‍ക്കെ പുഞ്ചിരിച്ചുകൊണ്ട് വിടപറയാന്‍ കഴിയുക എന്നത് വല്ലാത്ത സൗഭാഗ്യം തന്നെയാണല്ലോ. ഞങ്ങളോടെല്ലാം മിണ്ടിയും പറഞ്ഞുമാണല്ലോ ഉപ്പ നടന്നു നീങ്ങിയത്. തലേന്ന് ചെറിയ കുട്ടികളടക്കം ഒരോരുത്തരായി വന്ന് സലാം പറഞ്ഞ് സംസാരിച്ചതിനു ശേഷമാണല്ലോ ഉപ്പ സംസാരിക്കാതെയായത്.
''സമാധാനചിത്തയായ ആത്മാവേ, നിന്റെ നാഥനിലേക്ക്  ഇഷ്ടപ്പെട്ടും ഇഷ്ടം നേടിയും മടങ്ങിപ്പോവുക! അങ്ങനെ എന്റെ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക! എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക!'' (ഖുര്‍ആന്‍ 89: 27-30).
ഉപ്പയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സില്‍ തന്നെയായിരുന്നു ഞങ്ങളും യാത്രചെയ്തിരുന്നത്. ആംബുലന്‍സിന്റെ സൈറണ്‍ നിരന്തരം ആ മരണം ഓര്‍മിപ്പിച്ചിട്ടും അത് ശരിയാണെന്ന് ബോധ്യം വരാന്‍ പിന്നെയും സമയമെടുത്തു. ഒരുപക്ഷേ വീട്ടിലെത്തുമ്പോള്‍ ഉപ്പയുടെ കൈയോ കാലോ അനങ്ങുമെന്ന് വെറുതെ പ്രതീക്ഷിച്ചു. അങ്ങനെയുള്ള അത്ഭുതവാര്‍ത്തകള്‍ വായിച്ചത് മനസ്സിലൂടെ മിന്നിമറഞ്ഞു. ഒടുവില്‍ വീട്ടിലെത്തി മയ്യിത്ത് കുളിപ്പിക്കാന്‍ വെള്ളമൊഴിച്ച് ഉപ്പയുടെ തണുത്ത ശരീരത്തിലൂടെ കൈവിരല്‍ ചലിപ്പിച്ചപ്പോള്‍ ഞാനോര്‍ത്തത് തണുത്ത ശരീരത്തില്‍ തണുത്ത വെള്ളമൊഴിച്ചാല്‍ ഉപ്പാക്ക് തണുക്കുകയില്ലേ എന്നാണ്. വിചാരത്തെ വികാരം അതിജയിക്കുന്ന ആ നിമിഷങ്ങളില്‍ കുറച്ച് നേരത്തേക്ക് നമുക്ക് സ്വബോധം നഷ്ടപ്പെടും. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്ന ഞങ്ങള്‍ക്ക് ഉപ്പ.
ഉമ്മയില്‍നിന്ന് ധാരാളം തല്ല് കിട്ടിയിട്ടുണ്ടെങ്കിലും ഉപ്പയില്‍നിന്ന് ഒരടി പോലും കിട്ടിയത് എനിക്കോര്‍മയില്ല. പറയുന്നതിനേക്കാളേറെ പ്രവര്‍ത്തിച്ച് കാണിച്ചുതരുന്നതായിരുന്നു ഉപ്പയുടെ മാതൃക. ഉപ്പ ഞങ്ങള്‍ക്ക് സ്‌നേഹനിധിയായ പിതാവ് മാത്രമായിരുന്നില്ല, ഞങ്ങളുടെ സുഹൃത്തും ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. തറവാട്ടു വീട്ടിലെ ഗൃഹയോഗങ്ങള്‍ എപ്പോഴും ചിരിയും ചിന്തയും നിറഞ്ഞതായിരുന്നു. ഒരോരുത്തര്‍ക്കും ഉപ്പാക്ക് എന്നോടാണ് കൂടുതല്‍ സ്‌നേഹം എന്ന് തോന്നുമാറ് ഇഷ്ടത്തോടെയാണ് ഉപ്പ ഞങ്ങളോടെല്ലാം പെരുമാറിയിരുന്നത്.
ഉപ്പാക്ക് ഞങ്ങള്‍ മക്കളായി എട്ടു പേരുണ്ട്. ഏഴ് ആണും ഒരു പെണ്ണും. മക്കള്‍ ഉപ്പാക്ക് വലിയ അഭിമാനമായിരുന്നു. ചെറുപ്പത്തില്‍ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട എനിക്ക് അല്ലാഹു ധാരാളം മക്കളേയും മരുമക്കളെയും പേരക്കുട്ടികളെയും നല്‍കി അനുഗ്രഹിച്ചിട്ടുണ്ട് എന്ന് ഉപ്പ പറയാറുണ്ടായിരുന്നു. ഞാനാണ് മൂത്തവന്‍. ആ പരിഗണനയും ഉത്തരവാദിത്തവും എനിക്ക് വല്ലാത്ത അഭിമാനമായിരുന്നു. ഉപ്പ പഠിച്ച അതേ ശാന്തപുരം കോളേജില്‍നിന്നു തന്നെ പഠിച്ച് പുറത്തിറങ്ങാനുള്ള സൗഭാഗ്യം ലഭിച്ചതും എനിക്കാണ്. പത്തിരുപത് വര്‍ഷം മുമ്പ് ഒരു വെള്ളിയാഴ്ച കുവൈത്തിലെ ഉജൈരി പള്ളിയില്‍ ഖുത്വ്ബ കഴിഞ്ഞപ്പോള്‍ അന്ന് സദസ്സിലുണ്ടായിരുന്ന മമ്മുണ്ണി മൗലവി പറഞ്ഞത് ഇപ്പോഴും മായാതെ മനസ്സിലുണ്ട്. ഒരു നിമിഷം അബ്ദുല്ലാ ഹസനാണ് മിമ്പറില്‍നിന്ന് പ്രസംഗിക്കുന്നത് എന്ന് അദ്ദേഹത്തിന് തോന്നിയത്രെ. അത് കേട്ടപ്പോള്‍ തോന്നിയ അഭിമാനം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല.
എന്റെയും അനുജന്‍ സലാമിന്റെയും പ്രൈമറി വിദ്യാഭ്യാസം കോഴിക്കോട് മൂഴിക്കലും മേരിക്കുന്ന് ജെ.ഡി.റ്റിയിലുമായിരുന്നു. അന്ന് ഉപ്പ പ്രബോധനത്തില്‍ ജോലി ചെയ്യുന്ന കാലത്ത് തൊട്ടടുത്തുള്ള ക്വാട്ടേഴ്‌സിലായിരുന്നു ഞങ്ങളുടെ താമസം. കുറച്ച് കാലം അയല്‍പക്കത്ത് വി.എ കബീര്‍ സാഹിബും കുടുംബവും ഉണ്ടായിരുന്നു. അബ്ദുല്ലാ ഹസന്റെ മക്കള്‍ എന്ന അധികാരത്തിന്റെ ബലത്തിലാണ് ഞാനും സലാമും അന്നത്തെ പ്രബോധനം അച്ചുകൂടഹാളിന്റെ ഉള്ളിലൂടെയും എഡിറ്റോറിയല്‍ ഡെസ്‌കിനിടയിലൂടെയും സൈക്കിള്‍ ചവിട്ടി നടന്നിരുന്നത്. ഉപ്പ ചിലപ്പോള്‍ ജോലി കഴിഞ്ഞ് വരാന്‍ വൈകും. രാത്രി ഏറെ വൈകിയാലും ഞങ്ങള്‍ ഉറങ്ങാതെ കാത്തിരിക്കും. ഉപ്പ വന്നതിനു ശേഷം കിടക്കുമ്പോള്‍ പലതരം കഥകള്‍ പറഞ്ഞുതരുമായിരുന്നു. അത് കേള്‍ക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഉറങ്ങാതെ കാത്തിരുന്നത്.
അതിനിടയിലാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും ജമാഅത്ത് നിരോധിക്കപ്പെടുന്നതും. പോലീസ് ജീപ്പുകള്‍ പ്രബോധനം ഓഫീസില്‍ കയറിയിറങ്ങുന്നുണ്ട് എന്ന വിവരം എങ്ങനെയോ അറിഞ്ഞ ഉമ്മ എന്നോട് പ്രബോധനത്തില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ച് വരാനാവശ്യപ്പെട്ടു. ഏഴ് വയസ്സുകാരനായ എനിക്ക് അന്ന് പോലീസിനെ വലിയ പേടിയായിരുന്നു. ഞാന്‍ ദുരെ പതുങ്ങി നിന്ന് നോക്കി പോലീസ് ജീപ്പ് വരുന്നതും പോവുന്നതും കണ്ട വിവരം ഉമ്മയെ അറിയിച്ചു. പോലീസെത്തി പ്രബോധനം ഓഫീസ് അടച്ചു സീല്‍ ചെയ്തു. ഉപ്പയെയും മറ്റും വീട്ടിലേക്ക് വരാന്‍ പോലും അനുവദിക്കാതെ അവര്‍ പിടിച്ചുകൊണ്ടു പോയി. കൊണ്ടുപോയ ചിലയാളുകളെ  വിട്ടയച്ചെങ്കിലും ജമാഅത്ത് നേതൃത്വത്തിലുള്ള ആളായതുകൊണ്ട് ഉപ്പയെയും മറ്റും വിട്ടയച്ചില്ല. പിന്നീട് ഉമ്മയും ഞങ്ങളും നാട്ടിലേക്ക് മടങ്ങി. അന്ന് അന്‍വര്‍ സഈദ് കൈക്കുഞ്ഞാണ്. എന്തെങ്കിലും അക്രമം ചെയ്തതുകൊണ്ടോ ഏതെങ്കിലും കൊള്ളയും കൊലയും നടത്തിയതുകൊണ്ടോ അല്ല, മറിച്ച് ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് ഉപ്പ ജയിലില്‍ പോയത് എന്ന് അന്ന് അഭിമാനത്തോടെ ഉമ്മ ഞങ്ങളെ പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. 31 ദിവസത്തെ തടവുശിക്ഷക്കു ശേഷം ഉപ്പ ജയില്‍മോചിതനായി.
മഞ്ചേരിയിലുണ്ടായിരുന്ന ഞങ്ങളുടെ പാപ്പ കെ.കെ അലി എന്ന കുഞ്ഞാലന്‍ മാസ്റ്ററും അടിയന്തരാവസ്ഥക്കാലത്ത് ഒന്നോ രണ്ടോ ദിവസം ജയിലില്‍ കിടന്നിരുന്നു. അധികം താമസിയാതെ ഉപരിപഠനത്തിന് അവസരം ലഭിച്ചപ്പോള്‍ ഉപ്പ ഖത്തറിലേക്ക്  പോയി.  പിന്നീട് ഞങ്ങള്‍ മഞ്ചേരിയില്‍ പാപ്പയുടെ ശിക്ഷണത്തിലാണ് വളര്‍ന്നത്.
ഉപ്പയെക്കുറിച്ച് പറയുമ്പോള്‍ ഉപ്പയെയും ഞങ്ങളെയും പോറ്റി വളര്‍ത്തി വലുതാക്കിയ പാപ്പയെ (കെ.കെ അലി എന്ന കുഞ്ഞാലന്‍ മാസ്റ്റര്‍) ഓര്‍ക്കാതെ വയ്യ.  ചെറുപ്പത്തില്‍ തന്നെ ഉപ്പാക്ക് മാതാവും പിതാവും നഷ്ടപ്പെട്ടിരുന്നു. ഉപ്പാനെ സ്‌കൂളില്‍ ചേര്‍ത്തതും തിരൂരങ്ങാടി യതീംഖാനയില്‍ ചേര്‍ത്തതും അതിനു ശേഷം കെ.എന്‍ അബ്ദുല്ല മൗലവിയുടെ കൂടെ കുറ്റ്യാടിയിലേക്കും തുടര്‍ന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്കും കൊണ്ടുപോയതും പാപ്പയായിരുന്നു. ഹാജി സാഹിബിന്റെ ഉറ്റസുഹൃത്തായിരുന്ന പാപ്പയുടെ ശിക്ഷണം ഉപ്പയുടെയും ഞങ്ങളുടെയും പ്രാസ്ഥാനിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നെ ശാന്തപുരത്ത് ചേര്‍ത്തിയതും പ്രിയപ്പെട്ട പാപ്പയായിരുന്നു. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.
സൂറഃ ലുഖ്മാനിലെ ഏതാനും ആയത്തുകളെ അടിസ്ഥാനമാക്കി ഉപ്പ എഴുതിത്തന്ന ഖുര്‍ആന്‍ ക്ലാസ് കാണാതെ പഠിച്ചാണ് ഞാന്‍ ആദ്യമായി മദ്‌റസാ വാര്‍ഷികത്തിന്റെ പൊതു സ്റ്റേജില്‍ ഖുര്‍ആന്‍ ക്ലാസ് എടുക്കുന്നത്. പിന്നീട് ഗള്‍ഫില്‍നിന്ന് നാട്ടില്‍ വരുമ്പോഴൊക്കെ മിമ്പര്‍ എനിക്ക് ഒഴിഞ്ഞുതരും. ഹല്‍ഖയിലെ ഖുര്‍ആന്‍ ക്ലാസ് എന്നെ ഏല്‍പിക്കും. ആദ്യമൊക്കെ ഉപ്പായുടെ മുമ്പില്‍ ഖുത്വ്ബ പറയാനും ക്ലാസെടുക്കാനും പേടിയായിരുന്നു. പിന്നീട് അതൊരു ധൈര്യമായി. ആയത്തും ഹദീസും ഉദ്ധരിക്കുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍, അറബി ഭാഷാ പ്രയോഗങ്ങളിലും മലയാള ഭാഷാ പ്രയോഗങ്ങളിലും ഉള്ള സൂക്ഷ്മതക്കുറവുകള്‍ എല്ലാം ഉപ്പ തിരുത്തിത്തരുമായിരുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാളിന് ഓണ്‍ലൈനില്‍ നടത്തിയ ഒരു ക്ലാസിനു ശേഷം അതില്‍ ശ്രദ്ധിക്കേണ്ട ചില പോയിന്റുകള്‍ ഉപ്പ പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നു.
ഒരു പൈസ പോലും അനര്‍ഹമായി സമ്പാദിക്കരുത് എന്നത് ഉപ്പാക്ക് നിര്‍ബന്ധമായിരുന്നു. അഭിമാനത്തോടുകൂടി ജീവിക്കാനാണ് ഉപ്പ ഞങ്ങളെ പഠിപ്പിച്ചത്. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യതയും വ്യക്തതയും ഉപ്പാന്റെ വിശിഷ്ട സ്വഭാവഗുണങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ്. 'ഉള്ളതു കൊണ്ട് പെരുന്നാളാക്കുക' എന്നത് ഉപ്പയുടെ ഒരു ലേഖനത്തിന്റെ തലക്കെട്ട് മാത്രമായിരുന്നില്ല, ഉപ്പ പഠിപ്പിച്ച ജീവിതത്തിന്റെ നേര്‍ചിത്രം  കൂടിയായിരുന്നു. ഞാന്‍ മുതിര്‍ന്നതിനു ശേഷം വിട്ടുചെലവുകള്‍ കൈകാര്യം ചെയ്യാന്‍ ഉപ്പ എന്നെയാണ് ഏല്‍പിച്ചിരുന്നത്. മാസം അവസാനിക്കുമ്പോള്‍ വരവു ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തി ഉപ്പാക്ക് അയച്ചു കൊടുക്കണം. ആവശ്യമെങ്കില്‍ അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെലവു ചുരുക്കേണ്ട ഭാഗങ്ങളും കാണിച്ചുകൊണ്ട് ഉപ്പ മറുപടിയും അയക്കും. ഖത്തര്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുമ്പോള്‍ ഉപ്പാക്ക് വലിയ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യാന്‍ വ്യക്തമായ പ്ലാനും പദ്ധതിയും ഉണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ക്ക് വിശദീകരിച്ചുതരികയും ജോലിയുള്ള ഒരോരുത്തരുടെയും പേരില്‍ പ്രത്യേകം ഓരോ കണക്കു പുസ്തകം സൂക്ഷിക്കുകയും ചെയ്തിരുന്നു. പഠിക്കുന്ന അനുജന്മാരുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളും ജോലിയും കൂലിയുമുള്ള ജ്യേഷ്ഠന്മാരുടെ കൂടി ഉത്തരവാദിത്തമാണ് എന്ന് ഞങ്ങളെ പഠിപ്പിച്ചു. ഒരോരുത്തര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ പഠിക്കാനും താല്‍പര്യമുള്ള മേഖലകളില്‍ ജോലി ചെയ്യാനും ഉപ്പ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ശാന്തപുരത്ത് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ഇംഗ്ലീഷ് മെയിന്‍ എടുത്ത് ഡിഗ്രിക്ക് പോയാലോ എന്നൊരു ആഗ്രഹമുണ്ടായി. അത് വെച്ച് ഞാന്‍ ഉപ്പാക്ക് വിശദമായി ഒരു കത്തെഴുതി. ശാന്തപുരത്ത് പഠനം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും പ്രസക്തിയും പ്രാധാന്യവും വിവരിച്ചുകൊണ്ട് ഉപ്പ അതിന് വിശദമായ ഒരു മറുപടി എഴുതി അയച്ചുതന്നു. ആ കത്ത് എന്റെ ജീവിതത്തിന്റെ തന്നെ വഴിത്തിരിവായിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉപ്പാന്റെ ആ ഉപദേശവും അതനുസരിച്ച് ശാന്തപുരം പഠനം പൂര്‍ത്തിയാക്കാനുള്ള തീരുമാനവുമാണ് തുടര്‍ന്നുള്ള ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കുവൈത്തില്‍ സ്റ്റേജില്‍ ഉപ്പയുണ്ടായിരിക്കെ ഒരു സകാത്ത് സെമിനാറില്‍ ഉപ്പാന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ ഉപ്പ അതിനോട് വിയോജിക്കുകയും എന്നാല്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവുമായിരുന്നു ഉപ്പയുടെ എല്ലാമെല്ലാം. ഇസ്‌ലാമിന്റെ പേരില്‍ എന്നും ഉപ്പ അഭിമാനിച്ചിരുന്നു, അഭിമാനിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഉപ്പ പ്രവര്‍ത്തിച്ച പൈങ്ങോട്ടായി, കുറ്റ്യാടി, ആലപ്പുഴ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ള ആളുകള്‍ അവിടങ്ങളിലൊക്കെ ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുത്ത ചരിത്രം വിവരിക്കുമ്പോള്‍ വളരെ സന്തോഷവും അഭിമാനവും തോന്നാറുണ്ട്. എന്നെ മുസ്‌ലിമാക്കിയത് അബ്ദുല്ലാ ഹസന്‍ സാഹിബാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട് ഞങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു. ഞങ്ങള്‍ എട്ടു മക്കളെയും പ്രസ്ഥാനമാര്‍ഗത്തില്‍ തന്നെ ലഭിച്ചു എന്നത് ഉപ്പാക്ക് വലിയ സന്തോഷവും അഭിമാനവുമുള്ള കാര്യമായിരുന്നു. മക്കളില്‍ നാലു പേര്‍ ജമാഅത്ത് അംഗങ്ങളാണ്. മരുമക്കളിലും രണ്ട് പേര്‍ ജമാഅത്ത് റുക്‌നുകളാണ്. ഞാനും അന്‍വറും അല്‍ത്വാഫും കുവൈത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വെല്‍ഫെയറിന്റെയും യൂത്ത് ഇന്ത്യയുടെയും നേതൃത്വത്തിലുണ്ട്. ഇവിടെ നാട്ടില്‍ സലാമും മകള്‍ ഹസീനയും ജമാഅത്തിന്റെയും വെല്‍ഫെയറിന്റെയും നേതൃത്വത്തിലുമുണ്ട്. അമേരിക്കയിലും ബ്രിട്ടനിലുമുള്ള ആബിദും അനീസും ഇവിടെ നാട്ടില്‍ മന്‍സൂറും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള നേതൃത്വം വഹിച്ചവരാണ്.
ഞങ്ങള്‍ മക്കളുടെ ജോലിയിലും അഭിരുചിയിലും വൈവിധ്യങ്ങളും അതിന്റെ മാധുര്യവും കാണാം. ഓരോരുത്തര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള മേഖല തെരഞ്ഞെടുക്കാന്‍ ഉപ്പ നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഫലമായിരുന്നു അത്. ഞാന്‍ കുവൈത്തില്‍ ഒരു പെട്രോ കെമിക്കല്‍ കമ്പനിയില്‍ പേയബിള്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു. അനുജന്‍ സലാം ഖത്തറില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററായിരുന്നു. അന്‍വര്‍ സഈദ് കുവൈത്തില്‍ ഒരു ഇസ്‌ലാമിക് ബാങ്കില്‍ ഐ.ടി സോഫ്റ്റ്‌വെയര്‍ മാനേജറാണ്. മന്‍സൂര്‍ നാട്ടില്‍ ബിസിനസ്സുകാരനാണ്. അനീസ് യൂനാനി ഡോക്ടറാണ്, ഇപ്പോള്‍ ബ്രിട്ടനില്‍. ആബിദ് അമേരിക്കയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറാണ്. ഏറ്റവും ചെറിയ അനുജന്‍ അല്‍ത്വാഫ് കുവൈത്തില്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ഉപ്പയുടെ ക്ലാസ്സുകളും നോട്ടുകളുമായിരുന്നു എന്റെ പ്രധാന അവലംബം. കൃത്യമായി തയാറാവാതെ ഒരു പരിപാടിക്കും ഉപ്പ പോവാറില്ല. അളന്നു മുറിച്ച വാക്കുകളും കൃത്യതയും വ്യക്തതയുമുള്ള അവതരണവും. ചങ്ങരംകുളത്ത് നടന്ന ഒരു ക്രിസ്ത്യന്‍ - മുസ്‌ലിം സംവാദത്തില്‍ പങ്കെടുക്കാന്‍ പോയത് ഓര്‍മയുണ്ട്. പോകുന്ന വഴിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പോയിന്റുകള്‍ ഞങ്ങളുമായും ഉപ്പ ചര്‍ച്ചചെയ്തിരുന്നു. സംവാദങ്ങളൊക്കെ വ്യാപകമായി വരുന്നതിന്റെ മുമ്പായിരുന്നു ആ പരിപാടി എന്നാണ് എന്റെ ഓര്‍മ.
ചരിത്രയാത്രകള്‍ ഉപ്പാക്ക് വളരെ ഇഷ്ടമായിരുന്നു. ഉപ്പയെയും ഉമ്മയെയും കൂട്ടി ഞങ്ങള്‍ യു.എ.ഇ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. അന്‍വറിന്റെ കൂടെ യൂറോപ്പിലും പോയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉപ്പയെയും ഉമ്മയെയും കൂട്ടി ഉംറക്ക് പോയപ്പോള്‍ ഉപ്പ ഒരു ആഗ്രഹം പറഞ്ഞു: 'കുഞ്ഞിമാനേ (അങ്ങനെയാണ് എന്നെ വിളിക്കുക) നമുക്ക് ഫലസ്ത്വീനിലും ഈജിപ്തിലും ഒന്ന് പോകണം.' ഞാന്‍ റമദാനില്‍ നടത്തിയ ഒരു പ്രഭാഷണ പരമ്പര പുസ്തക രൂപത്തിലാക്കി ഉപ്പയെ കാണിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുന്നതിനു മുമ്പേ ഉപ്പ നടന്നകന്നു. അല്ലാഹുവിന്റെ തീരുമാനത്തെ മാറ്റാന്‍ നമുക്കാവില്ലല്ലോ. നമ്മളൊന്ന് തീരുമാനിക്കുന്നു, അല്ലാഹു മറ്റൊന്ന് തീരുമാനിക്കുന്നു.
എന്റെ വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ ഇരു വശത്തും പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കള്‍ നോക്കി ഉപ്പ പറയാറുണ്ട്, എന്നെ സ്വീകരിക്കാന്‍ ഇതാ പൂക്കള്‍ പൂത്ത് കാത്ത് നില്‍ക്കുന്നു എന്ന്.  അല്ലാഹുവിന്റെ സ്വര്‍ഗപ്പൂന്തോപ്പിലെ പൂക്കള്‍ ഉപ്പാനെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്നുണ്ടാവും. സ്വാഗതമോതാന്‍ മാലാഖമാര്‍ വെഞ്ചാമരം കൈയിലേന്തി നോക്കിയിരിക്കുന്നുണ്ടാവും.
''സ്ഥിരമായി താമസിക്കാനുള്ള സ്വര്‍ഗീയ പുന്തോപ്പുകള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സുകൃതചാരികളും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. മലക്കുകള്‍ പറയും, നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും ക്ഷമ പാലിക്കുകയും ചെയ്ത കാരണത്താല്‍ നിങ്ങള്‍ക്ക് സമാധാനം! ആ പരലോക ഭവനം എത്ര അനുഗൃഹീതം!'' (ഖുര്‍ആന്‍ 13: 23, 24).
ആ ശരീരമേ പോയിട്ടുള്ളൂ, ബാക്കിവെച്ച അടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ല. ആ വിളക്കേ അണഞ്ഞുപോയിട്ടുള്ളൂ, പരത്തിയ വെളിച്ചം മറഞ്ഞുപോയിട്ടില്ല. ആ വെളിച്ചത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ നമുക്കൊന്നായി പരിശ്രമിക്കാം.
ഉപ്പയുടെ സല്‍ക്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ. ഉപ്പയുടെ കൂടെ സ്വര്‍ഗത്തില്‍ ഒന്നിച്ചിരിക്കാന്‍ അല്ലാഹു നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. 
(അബ്ദുല്ല ഹസന്‍ സാഹിബിന്റെ മൂത്ത മകനായ ലേഖകന്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് - കെ.ഐ.ജി- കുവൈത്ത് പ്രസിഡന്റാണ്).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം