Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 08

3221

1443 റബീഉല്‍ അവ്വല്‍ 01

അസം: വംശവെറിയുടെ ഭരണകൂട ധാര്‍ഷ്ട്യങ്ങള്‍

സല്‍മാന്‍ അഹ്മദ്‌

നെഞ്ച് പിടഞ്ഞുപോകുന്ന ദൃശ്യങ്ങളും വാര്‍ത്തകളുമാണ് അസമില്‍നിന്ന് രണ്ടാഴ്ച മുമ്പ് നമ്മെ തേടിയെത്തിയത്. കാലങ്ങളായി അതിക്രമങ്ങള്‍ക്കും അവഗണനകള്‍ക്കും പരദേശിയെന്ന പഴിചാരലുകള്‍ക്കും ഇരയായി ജീവിതം തള്ളിനീക്കുന്ന അസമിലെ ബംഗാളി മുസ്‌ലിം സമുദായത്തിനെതിരായ ഭരണകൂട അതിക്രമത്തിന്റെ ഭീകരവും ഭയാനകവുമായ പതിപ്പ്. ഇടക്കിടെ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്രയാല്‍ സ്വന്തം പുരയിടവും കൃഷിയിടവും നഷ്ടപ്പെടുകയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സഹായങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍, തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലേക്കോ മിച്ചഭൂമിയിലേക്കോ കുടിയേറാന്‍ നിര്‍ബന്ധിതരാവുക എന്ന അസമിലെ സ്വാഭാവികമായ ഒരു പ്രശ്‌നത്തെ അങ്ങേയറ്റം വര്‍ഗീയമായും മനുഷ്യത്വവിരുദ്ധമായും പകയോടെയും കൈകാര്യം ചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനം. അസം തലസ്ഥാനമായ ഗുവാഹത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ബ്രഹ്മപുത്രയുടെ തീരപ്രദേശമായ ദറങ് ജില്ലയിലെ 800-ഓളം കുടുംബങ്ങളെയാണ് ഗവണ്‍മെന്റ് പ്രോജക്ടിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനോട് വിയോജിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് വെടിവെക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും 20-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. തന്റെ കുടുംബത്തെ പോലീസ് ആക്രമിക്കുന്നത് തടയാന്‍ ഓടിയടുത്ത മുഈനുല്‍ ഹഖിനെ പോലീസ് നിഷ്ഠുരം വെടിവെച്ചു കൊല്ലുന്നതും വെടിയേറ്റു വീണിട്ടും തല്ലിച്ചതക്കുന്നതും പോലീസിന്റെ ഒപ്പമുണ്ടായിരുന്ന ഗവണ്‍മെന്റ് കാമറാമാന്‍ വീണുകിടക്കുന്നയാളുടെ നെഞ്ചില്‍ ആവര്‍ത്തിച്ച് ചാടിച്ചവിട്ടുന്നതുമൊക്കെ വീഡിയോ ദൃശ്യങ്ങളായി പുറത്തുവന്നു. 
സംഭവങ്ങള്‍ നടന്ന ഉടനെ തന്നെ ജമാഅത്ത് ആസ്ഥാനത്ത് നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷം എസ്.ഐ.ഒ ദേശവ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയുണ്ടായി. നേതാക്കളുടെ ഒരു സംഘം അതിക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ദല്‍ഹിയില്‍നിന്ന് ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി ഹകീമുദ്ദീന്‍ ഖാസിമിയും ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അമീനുല്‍ ഹസനും സെക്രട്ടറി ശാഫി മദനിയും എസ്.ഐ.ഒയെ പ്രതിനിധീകരിച്ച് ഞാനുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ പ്രസ്തുത സംഘടനകളുടെ അസം പ്രതിനിധികളും ഞങ്ങളുടെ കൂടെ ചേര്‍ന്നു.
ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് ഡെപ്പ്യൂട്ടി കമീഷണറെയായിരുന്നു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.  144 പ്രഖ്യാപിച്ചതിനാല്‍ സംഭവ സ്ഥലത്ത്  സന്ദര്‍ശനം നടത്തുന്നതിന് അനുമതി ഇല്ലെന്നും സൂചിപ്പിച്ചു. പിന്നെ ഞങ്ങള്‍ എസ്.പിയെ കണ്ടു സംസാരിച്ചു. തങ്ങളുടെ ഭാഗം ന്യായീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. തങ്ങളെ വലിയ ജനക്കൂട്ടം ആക്രമിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടക്കത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും കൈവിട്ടു പോയപ്പോള്‍  വെടിവെക്കേണ്ടി വന്നു എന്നും ന്യായീകരിച്ചു. എന്നാല്‍ പ്രദേശത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം ഇതിനോട് യോജിക്കുന്നില്ല. ഒഴിഞ്ഞുപോകാന്‍ നോട്ടീസ് കിട്ടിയ വലിയൊരു വിഭാഗം ആളുകള്‍ അവിടെനിന്നും നേരത്തേ ഒഴിഞ്ഞുപോയി എന്നവര്‍ പറയുന്നു. അതിന് പറ്റാത്തവര്‍ മാത്രമാണ് സമരം ചെയ്തത്.
തുടര്‍ന്ന് ഞങ്ങള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ കാണുകയും അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. നടന്ന സംഭവങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം ഞങ്ങളെ അറിയിച്ചു. 144 നിലനില്‍ക്കുന്ന സ്ഥലമാണെങ്കിലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് പ്രത്യേക അനുമതി തന്നു.  കാര്യങ്ങള്‍ പഠിക്കാനും ആവശ്യമെങ്കില്‍  സര്‍വേ നടത്താനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു.
ശേഷം ഞങ്ങള്‍ അതിക്രമം തടയാനുള്ള ശ്രമത്തില്‍ രക്തസാക്ഷിയായ മുഈനുല്‍ ഹഖിന്റെ വീട് സന്ദര്‍ശിച്ചു. ഹഖിന്റെ സഹോദരന്മാരെയും മാതാപിതാക്കളെയും കണ്ടു സംസാരിച്ചു. മകന്‍ കൃഷിപ്പണിയാണ് കുറേ കാലമായി ചെയ്തുകൊണ്ടിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പ്രദേശത്തെ അങ്കണവാടിയില്‍ സഹായിയായി നിന്നിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. മക്കളില്‍ ചെറിയ കുട്ടി അങ്കണവാടിയിലും മറ്റു രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുകയുമാണ്. ഞങ്ങള്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. എസ്.ഐ.ഒ ആ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതായി അവരെ അറിയിച്ചു. ശേഷം ഞങ്ങള്‍ മുഈനുല്‍ ഹഖിന്റെ ഖബ്ര്‍ സന്ദര്‍ശിച്ചു. ഹഖ് മരണപ്പെട്ട സ്ഥലം പ്രദേശത്തെ ആളുകള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അവസാനമായി അദ്ദേഹം കൈയില്‍ പിടിച്ച വിറകുകൊള്ളി വരെ അവര്‍ ഞങ്ങളെ കാണിച്ചു.
ശേഷം ഞങ്ങള്‍ ശൈഖ് ഫരീദിന്റെ വീട് സന്ദര്‍ശിച്ചു. ഫരീദിന്റെ കാര്യത്തില്‍ വേണ്ടത്ര വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായില്ല. എങ്കിലും വിഷയം വളരെ ഗൗരവമുള്ളതാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. 12 വയസ്സ് മാത്രമാണ് ഫരീദിന് പ്രായം. സ്വന്തം ആധാര്‍ കാര്‍ഡ് വാങ്ങി വരുന്നതിനിടക്കാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കണ്ണീരു തോരാത്ത ഫരീദിന്റെ ഉമ്മയെ എങ്ങനെ ആശ്വസിപ്പിക്കാനാണ്! വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു അവന്‍. വീടിനടുത്തു തന്നെ ആയിരുന്നു ഫരീദിന്റെ ഖബ്ര്‍. അതിന് തൊട്ടടുത്തുള്ള  മദ്‌റസയും ഞങ്ങള്‍ സന്ദര്‍ശിച്ചു. പല ആളുകളോടും സംസാരിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായത് വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക സൗകര്യങ്ങള്‍ പോലും ലഭ്യമായിട്ടില്ല എന്നാണ്. അവിടെയുള്ള രണ്ട് സ്‌കൂളുകളില്‍ ഞങ്ങള്‍ പോയി.  ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പലയിടത്തും ഉണ്ടായിരുന്നു.
പല ആളുകളോടും ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. ഞങ്ങള്‍ ഒടുവില്‍ എത്തിയ നിഗമനം, അവിടെ നടന്ന പോലീസ് അതിക്രമത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം എന്നു തന്നെയാണ്.  കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാവണം. നേരത്തേ അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലൊക്കെ  കുറ്റവാളികള്‍ രക്ഷപ്പെടുകയാണുണ്ടായത്. അതിക്രമികള്‍ക്ക് ലഭിക്കുന്ന സംരക്ഷണമാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടാനുള്ള പ്രധാന കാരണം. സംഭവം നടന്ന ദറങ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം ഇടക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കമാണ്. പലരുടെയും കിടപ്പാടം പുഴയെടുത്തുപോകും. സകലതും നഷ്ടപ്പെട്ട ഈ മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള വ്യവസ്ഥാപിത നടപടികളൊന്നുമില്ല. പുനരധിവാസത്തിന് കൃത്യമായ പദ്ധതികള്‍ ഉണ്ടാവണം. തങ്ങള്‍ക്ക് പകരം ലഭിക്കുന്ന ഭൂമി ജീവിക്കാന്‍ ഒട്ടും കൊള്ളാത്തതായതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ അത്തരം സ്ഥലങ്ങള്‍ എടുക്കാന്‍ വിസമ്മതിക്കുന്നത്. ഇതിന്  പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ആളുകള്‍ക്ക് നല്ല സ്ഥലം പകരം ലഭിക്കണം.
ഇവിടെ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം അല്ലെങ്കില്‍ മിയാ (ബംഗ്ല സംസാരിക്കുന്നവരെ വിളിക്കുന്ന പേര്) വിരുദ്ധ പ്രചാരണങ്ങളാണ് മറ്റൊരു പ്രശ്‌നം. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി നടന്നുവരുന്ന കുടിയൊഴിപ്പിക്കലുകള്‍ നോക്കിയാലറിയാം, അവയൊക്കെത്തന്നെയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം കര്‍ഷകരെയാണ് ലക്ഷ്യം വെക്കുന്നത് എന്ന്. ഇത് ചര്‍ച്ച ചെയ്യപ്പെടണം. ഈ വിഭാഗത്തിന്റെ സാമൂഹികാവസ്ഥ വളരെ പരിതാപകരമാണ്. അവിടെയുള്ള ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്കിടയില്‍ ഒരൊറ്റ അഭിഭാഷകന്‍ മാത്രമാണുള്ളത്. പോലീസില്‍, പട്ടാളത്തില്‍ ഒക്കെ ഉള്ളത് കേവലം ഒന്നോ രണ്ടോ പേര്‍. ബാക്കിയുള്ള ഭൂരിപക്ഷം ആളുകളും കൂലിപ്പണിയെടുത്ത് അല്ലെങ്കില്‍ കൃഷിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്.
ജമാഅത്തിന്റെ നേതൃത്വത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. നീതി ലഭ്യമാകുന്നതു വരെ, മിയാ സമൂഹത്തിനും അഭിമാനകരമായ ജീവിതം സാധ്യമാകുന്നതു വരെ കര്‍മഭൂമിയില്‍ നിലയുറപ്പിക്കാന്‍ തന്നെയാണ് പ്രസ്ഥാനം തീരുമാനിച്ചിട്ടുള്ളത്. 
(എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 24-28
ടി.കെ ഉബൈദ്‌

ഹദീസ്‌

വിനയാന്വിതരാവൂ, ഉയരങ്ങളിലെത്താം
സുബൈര്‍ കുന്ദമംഗലം