Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

ആരോഗ്യ മേഖലയിലെ കാല്‍വെപ്പുകള്‍

ടി.കെ ഹുസൈന്‍

വൈദ്യശാസ്ത്ര വിജ്ഞാനത്തോടൊപ്പം നൈതികമൂല്യങ്ങള്‍ ഒത്തുചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രയത്‌നങ്ങള്‍ക്ക് '91-'93 കാലത്താണ് തുടക്കമായത്. കേരള ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ (കെ.ഐ.എം.എ) എന്ന നാമത്തില്‍ ആരംഭിച്ച സംഘം 93-ല്‍ കെ.ഇ.എം.എ എന്ന പേര് സ്വീകരിച്ചു. പ്രഥമ പ്രസിഡന്റ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന രാമനാട്ടുകര ഡോ. എം.പി അബൂബക്കര്‍. സെക്രട്ടറി എറണാകുളത്തെ അലി അക്ബര്‍. '93-ല്‍ നടന്ന അസമിലെ ബോഡോ കലാപത്തില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോ. അബ്ദുസ്സലാമിന്റെയും ഗ്രൂപ്പിന്റെയും പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ഐഡിയല്‍ മെഡിക്കല്‍ വിംഗ് എന്ന പേരില്‍ കെ.ഇ.എം.എ പുനഃസഘടിപ്പിക്കപ്പെട്ടു. സവിശേഷ റോളുകളുള്ള ഡോക്ടര്‍മാരുടെ വേദി പെരുമ്പിലാവിലെ അന്‍സാറില്‍ ചേര്‍ന്ന യോഗത്തിനു ശേഷം എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്) എന്ന പേരില്‍ 1999-ല്‍ നിലവില്‍ വന്നു. ഡോ. അഹ്മദ് അന്‍വര്‍ പ്രസിഡന്റായും കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. സൈതലവി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവന്‍കൂര്‍ ലിറ്ററസി ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റി ആക്ട് പ്രകാരമാണ് ഇ.എം.എഫ് രൂപീകൃതമായത്. പിന്നീട്, ഡോ. എ.വി അബ്ദുല്‍ അസീസ് പ്രസിഡന്റും ഡോ. സൈജു ഹമീദ് സെക്രട്ടറിയുമായി ഇ.എം.എഫിന്റെ പ്രവര്‍ത്തനം സജീവമായി. വിവിധ ചികിത്സാ മേഖലകളിലെ ഡോക്ടര്‍മാര്‍, മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ യോ ഗ്യത നേടിയവര്‍ അസോസിയേറ്റുകളായി ഇ.എം.എഫിനൊപ്പമുണ്ട്. ഇപ്പോള്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍ പ്രസിഡന്റും ഡോ. അബ്ദുര്‍റഹ്മാന്‍ ഡാനി സെക്രട്ടറിയുമാണ്. ഡോ. സമീര്‍ ആബിദീന്‍, ഡോ. ഹനീഷ് മീരാസ, ഡോ. മുഹമ്മദ് ഫൈസല്‍, ഡോ. സൈജു ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കിയ കശ്മീര്‍ റിലീഫ് ദേശീയ-അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. 
ഇന്തോനേഷ്യന്‍ നഗരത്തിന്റെ മൂന്നിലൊന്ന് സൂനാമി വിഴുങ്ങിയപ്പോള്‍ ഇന്ത്യയില്‍നിന്ന് ബന്ദ്ആചേയിലെത്തിയ ഏകവേദി ഇ.എം.എഫ് ആയിരുന്നു. ദുബൈ റെഡ്‌ക്രോസാണ് താമസ ചെലവുകള്‍ വഹിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സ് യാത്രാ ടിക്കറ്റ് നല്‍കി. യാത്രയുടെ സംഘാടനം മികച്ച രീതിയില്‍ ഡോ. ഔസാഫ് അഹ്‌സന്‍ നിര്‍വഹിച്ചു. ദൗത്യത്തില്‍ ഡോ. സൈജു ഹമീദ്, ഡോ. അബ്ദുല്ല മണിമ, ഡോ. ഗൗസ് മുഹ്‌യിദ്ദീന്‍, ഡോ. മുഹമ്മദ് ഫസല്‍ എന്നിവര്‍ പങ്കാളികളായി. സിഗ്ലി മെറദു, മെറദുവ എന്നീ ഗവര്‍ണറേറ്റുകള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ക്യാമ്പ് ശസ്ത്രക്രിയ, പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍, ഹോം കെയര്‍ എന്നിവ നല്‍കി. റെഡ്‌ക്രോസ്, റെഡ് ക്രസന്റ്, ഫിമ എന്നിവര്‍ ദൗത്യത്തില്‍ സഹകാരികളായി. 
ഹോസ്പിറ്റലുകളെ കൂട്ടിയിണക്കി അസോസിയേഷന്‍ ഓഫ് ഐഡിയല്‍ മെഡിക്കല്‍ സര്‍വീസ് (എയിംസ്) ഇ.എം.എഫ് ഭാരവാഹികളുടെ നേതൃത്വത്തില്‍ 2006-ല്‍ രൂപീകരിക്കപ്പെട്ടു. ഡോ. പി.സി അന്‍വറായിരുന്നു പ്രസിഡന്റ്. ആശുപത്രി ഭാരവാഹികളും ഉടമസ്ഥരും ഉള്‍പ്പെട്ട കോഡിനേഷന്‍ കമ്മിറ്റിയും നിലവില്‍വന്നു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍, പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍ എം.ഐ.ടി ഹോസ്പിറ്റല്‍, ഹരിപ്പാട് ഹുദാ ട്രസ്റ്റ് ഹോസ്പിറ്റല്‍, സ്വതന്ത്ര മാനേജ്‌മെന്റുകള്‍ നിയന്ത്രിക്കുന്ന അല്‍ശിഫ പോലുള്ള ആതുരാലയങ്ങള്‍ തുടക്കത്തില്‍ 'എയിംസു'മായി സഹകരിച്ചു. വിലകുറഞ്ഞതും നിലവാരമുള്ളതുമായ മരുന്നുകളുടെ ബ്രാന്റുകള്‍ കണ്ടെത്താനുള്ള നിര്‍ദേശം 'എയിംസ്' ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. പ്രസവങ്ങള്‍ സിസേറിയനിലെത്തിക്കുന്ന സാഹചര്യം ഇല്ലാതാക്കല്‍, സ്‌പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരെ കൈമാറല്‍ തുടങ്ങിയവയും ചര്‍ച്ചയായി. 'എയിംസ്' അംഗങ്ങളായ ആശുപത്രികളില്‍നിന്ന്  ഡിസാസ്റ്റര്‍ റിലീഫിന് മരുന്നും മനുഷ്യവിഭവവും നല്‍കാനുള്ള തീരുമാനവും നടപ്പാക്കിയിരുന്നു.
മദ്യപാനാസക്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിയുടെ പിടിത്തത്തില്‍നിന്ന് വ്യക്തികളെ മോചിപ്പിക്കാന്‍ ഉതകുന്ന ഡീഅഡിക്ഷന്‍ പ്രൊജക്ട് സമര്‍പ്പിക്കാന്‍ 2011-ല്‍ സി.പി ഹബീബിനെ ചുമതലയേല്‍പ്പിച്ചു. പ്രോജക്റ്റിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം ഏഴു വര്‍ഷം തുടര്‍ന്നു. അവസാനം, കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ പ്രസ്ഥാനത്തിന്റെ കൈവശമുള്ള സ്ഥലം തെരഞ്ഞെടുത്തു. 2020 മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റ് യോഗത്തില്‍ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഞാന്‍ കണ്‍വീനറും നാസറുദ്ദീന്‍ ആലുങ്കല്‍, അബ്ദുല്ലത്തീഫ് മാറഞ്ചേരി എന്നിവര്‍ അംഗങ്ങളുമായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. മൂന്നുമാസ കാലാവധിയില്‍ പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഡീഅഡിക്ഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കുകയും സമഗ്ര പ്രോജക്റ്റ് തയാറാക്കി ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഡീ അഡിക്ഷന്‍ ആശുപത്രി, സൈക്ക്യാട്രി വിഭാഗം, ഡിമന്‍ഷ്യ സെന്റര്‍, ലഹരിക്കടിപ്പെട്ട വിദ്യാര്‍ഥികളെയും യുവാക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പുനരധിവാസം, ജനറല്‍ ഒ.പി, കൗണ്‍സലിംഗ് സെന്റര്‍, ജമാഅത്തിന്റെ കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിംഗ് സെന്ററുകള്‍ക്ക് പരിശീലനം നല്‍കല്‍ എന്നിവ പ്രോജക്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2022 ആകുമ്പോഴേക്ക് ഡീ അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങളുമായി ട്രസ്റ്റ് മുന്നോട്ടുപോവുകയാണ്.  
സേവനങ്ങളുടെ മേഖല വര്‍ധിച്ചപ്പോള്‍, പ്രഫഷനല്‍ രീതികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. അങ്ങനെയാണ് എന്‍.ജി.ഒകള്‍ രൂപീകൃതമാവുന്നത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒക്ക് 2013-ല്‍ തുടക്കം കുറിക്കപ്പെട്ടു. ഇപ്പോള്‍ എം.കെ മുഹമ്മദലി അതിന്റെ ചെയര്‍മാനും എം.എ മജീദ് സെക്രട്ടറിയുമാണ്. പ്രസ്ഥാനത്തിന്റെ മുഴുവന്‍ സേവനങ്ങളും പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴിലാണ് നടക്കുന്നത്. ബൈത്തുസ്സകാത്ത്, പീപ്പ്ള്‍സ് സ്റ്റാര്‍ട്ടപ്പ്, പീപ്പ്ള്‍സ് ഇന്‍ഫോ, സ്‌കോളര്‍ഷിപ്പ്, പുനരധിവാസ പദ്ധതികള്‍, ഇന്‍ഫാഖ്, സസ്റ്റൈനബ്ള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്നിവ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര എന്‍.ജി.ഒകളാണ്.
    
ഹൃദയവേദനയോടെ ദുരന്തഭൂമിയില്‍
2004-ല്‍ സൂനാമി ആഞ്ഞടിച്ചപ്പോള്‍ കേരളത്തില്‍ മാത്രം ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് കരുനാഗപ്പള്ളിയിലെയും ആലപ്പുഴയിലെയും ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. സൂനാമി ഏറ്റവുമധികം മരണം വിതച്ചത് സൗത്ത് അന്തമാനിലെ നിക്കോബാര്‍ ദീപ്
സമൂഹത്തിലായിരുന്നു. നിക്കോബാറിന്റെ ഒരു ഭാഗം പൂര്‍ണമായും കടലെടുത്തു. 15,000 പേരാണ് അവിടെ മൃതിയടഞ്ഞത്. തമിഴ്‌നാട്ടില്‍ ഉദ്ദേശം 10,000 പേര്‍ മരണപ്പെട്ടു. 170 പേര്‍ മരണപ്പെട്ട കേരളത്തിലാണ് കുറഞ്ഞ മരണം നടന്നത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. കൂടാതെ, കൊല്ലം കരുനാഗപ്പള്ളിക്കടുത്ത അഴീക്കല്‍ പ്രദേശം തകര്‍ന്നു. കായംകുളത്ത് കടലിനോടടുത്ത് കിടക്കുന്ന സ്ഥലത്ത് വന്‍നാശനഷ്ടങ്ങളുണ്ടായി. കേരളത്തിലെ സൂനാമി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മത, രാഷ്ട്രീയ രംഗങ്ങളിലെ ആദ്യനേതാവ് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. കൊല്ലം സ്ഥലം എം.എല്‍.എയോ കലക്ടറോ ദുരിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ല. മനുഷ്യാവകാശ കാമ്പയിന്റെ ഭാഗമായി പാലക്കാട്ട് നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചുകൊണ്ടിരിക്കെയാണ് സിദ്ദീഖ് ഹസന്‍ സാഹിബ് ദുരന്തവാര്‍ത്ത അറിയുന്നത്. ഉടനെ അദേഹം കരുനാഗപ്പള്ളിയിലേക്ക് തിരിച്ചു. സമാപനത്തോടടുക്കുന്ന മനുഷ്യാവകാശ കാമ്പയിന്‍ അതോടെ നിര്‍ത്തിവെച്ചു.
ദുരിതബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. ഞൊടിയിടയിലായിരുന്നു എല്ലാം സംഭവിച്ചത്. ക്രിസ്മസ് ആഘോഷത്തിലായിരുന്നു ജനങ്ങള്‍. പര്‍വതസമാനമായ തിരമാലകള്‍ എല്ലാം കശക്കിയെറിഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന ജനലക്ഷങ്ങള്‍ മനുഷ്യമനസ്സാക്ഷിയുടെ മുമ്പില്‍ വലിയ ചോദ്യചിഹ്നമായി.  ആശുപത്രികളില്‍ സൂക്ഷിച്ച സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍, അവര്‍ക്കരികെ മാറത്തടിച്ച് കരയുന്ന ഉറ്റവരും ഉടയവരും, ഉടുതുണിക്ക് മറുതുണിയില്ലാത്ത ഹതഭാഗ്യര്‍, തകര്‍ന്നടിഞ്ഞ ബോട്ടുകളും തോണികളും...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് കരുനാഗപ്പള്ളി ഫിഷറീസ് ഹൈസ്‌കൂളിനുസമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ് ജമാഅത്തെ ഇസ്‌ലാമി തുറന്നു. ഐ.ആര്‍.ഡബ്ല്യുവിനായിരുന്നു അതിന്റെ ഉത്തരവാദിത്തം. 12 ക്യാമ്പുകളില്‍ ജമാഅത്തിന്റെ സേവനം വ്യാപിപ്പിച്ചു. ശുചീകരണം, വൈദ്യസഹായം, വളന്റിയര്‍മാരുടെ വിന്യാസം തുടങ്ങിയവ അന്നത്തെ ഐ.ആര്‍.ഡബ്ല്യു കണ്‍വീനര്‍ കെ.സി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ നടന്നു. മേഖലാ കണ്‍വീനര്‍ വി.എം ഇബ്‌റാഹീം കുട്ടിയും ജില്ലാ ലീഡര്‍ വി. നാസിമുദ്ദീനും കെ. സജീദ് ഖാലിദും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
കേരള ജമാഅത്ത് അസി. അമീര്‍ ടി. ആരിഫലി, കെ.എ യൂസുഫ് ഉമരി, എന്‍.എം അബ്ദുര്‍റഹ്മാന്‍, പി. അബ്ദുല്‍ ഹകീം, കെ.കെ മമ്മുണ്ണി മൗലവി തുടങ്ങി ജമാഅത്തിന്റെ നേതാക്കളും മറ്റുള്ളവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എത്തിച്ചേര്‍ന്നു. സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി ഹമീദ് വാണിയമ്പലം, വി.എ യൂനുസ് മൗലവി കായംകുളം, എ. അബ്ദുല്ല മൗലവി കൊല്ലം എന്നിവരും ദുരിതബാധിത പ്രദേശത്തെത്തി. 
പിന്നീട് സൗത്ത് അന്തമാന്‍-നിക്കോബാര്‍ യൂനിയന്‍ ടെറിട്ടറിയിലെ പദ്ധതികള്‍ പഠിച്ച് അവിടത്തെ സേവനങ്ങള്‍ക്ക് സഹായകമാവുന്ന പ്രോജക്റ്റ് തയാറാക്കുന്നതിന് ടി. ആരിഫലിയുടെ കൂടെ സൗത്ത് അന്തമാന്‍ സന്ദര്‍ശിച്ചു. നാലഞ്ച് ദിനങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. സുനാമി വിഴുങ്ങിയ നിക്കോബാര്‍ ഐലന്റിലായിരുന്നു കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. പ്രദേശത്തെ അമീര്‍ പി.കെ മുഹമ്മദലി, എം.കെ മുഹമ്മദ് എന്നിവര്‍ക്കൊപ്പം പോര്‍ട്ട് ബ്ലെയര്‍ സ്റ്റുവര്‍ട്ട് ഗഞ്ചിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഞങ്ങള്‍ പ്രോജക്റ്റ് തയാറാക്കി. 
സൂനാമി പുനരധിവാസത്തിന് ജമാഅത്ത് രണ്ടു കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. കരുനാഗപ്പള്ളിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ജ. സുകുമാരനാണ് നിര്‍വഹിച്ചത്. വീടു നിര്‍മാണത്തിനു പുറമെ വീടുകളുടെ അറ്റകുറ്റപ്പണികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഫൈബര്‍ ബോട്ട്, വള്ളം, ചെറിയ വഞ്ചികള്‍, വലകള്‍, തയ്യല്‍ മെഷീനുകള്‍, സൈക്കിള്‍, വാടക സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവക്കും പദ്ധതിയില്‍നിന്ന് തുക നീക്കിവെക്കുകയുണ്ടായി. 
എല്ലാം നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി റശീദിന്റെ ദൈന്യതയാര്‍ന്ന മുഖം ഓര്‍മയില്‍ തെളിയുന്നു. അനാരി അന്തമാനില്‍ വെച്ചാണ് റശീദിനെ തെങ്ങോളം പൊക്കത്തിലുള്ള സൂനാമി തിരമാലകള്‍ വിഴുങ്ങുന്നത്. മൂന്നോ നാലോ കിലോമീറ്റര്‍ അപ്പുറത്തെ തുരുത്തിലാണ് തിരമാല അദ്ദേഹത്തെ ഉപേക്ഷിച്ചത്. നാലഞ്ചു ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ മരണത്തിനും ജീവിതത്തിനുമിടയില്‍ റശീദ് കഴിഞ്ഞു. പിന്നീട്, അദ്ദേഹം പോലീസിന്റെ ശ്രദ്ധയില്‍പെടുകയും അവര്‍ പോര്‍ട്ട്‌ബ്ലെയര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒടിഞ്ഞ കൈകാലുകള്‍, വേദനിക്കുന്ന ശരീരം... റശീദ് തകര്‍ന്നുപോയിരുന്നു. നിനച്ചിരിക്കാതെ വന്ന തിരമാലകളില്‍ റശീദിന്റെ എല്ലാ സമ്പാദ്യങ്ങളും ഒലിച്ചുപോയി. വരുമാനമാര്‍ഗമായിരുന്ന ഷോപ്പിന്റെ സ്ഥാനത്ത് വെള്ളക്കെട്ടും ചളിയും അഴുക്കുകളും മാത്രമേ ശേഷിച്ചിരുന്നുള്ളൂ. കുടുംബക്കാരുടെ സഹായത്തോടെ റശീദ് ആലപ്പുഴയിലെത്തി. ഏറെ ദിവസങ്ങള്‍ ആശുപത്രിയിലും വീട്ടിലുമായി ദുരിതക്കയത്തില്‍ കഴിഞ്ഞു. നിരന്തരമായ പരിശ്രമം മൂലം തുഛസംഖ്യ ലഭിച്ചതൊഴിച്ചാല്‍, മുഖ്യമന്ത്രിയുടെ സഹായനിധിയില്‍നിന്ന് കാര്യമായ സഹായമൊന്നും റശീദിന് ലഭിച്ചില്ല. കാരണം, തിരമാലകളെടുത്ത ഷോപ്പിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടുപോയിരുന്നു. അതിന്റെ പകര്‍പ്പ് കേരളത്തിലിരുന്ന് തരപ്പെടുത്താന്‍ സാധിക്കുകയുമില്ല. റശീദിന് ഡ്രൈവിംഗ് വശമുണ്ടായിരുന്നു. ജമാഅത്ത് അദ്ദേഹത്തിന് ഓട്ടോ വാങ്ങിക്കൊടുത്തു. ലൈസന്‍സ് നഷ്ടപ്പെട്ടതിനാല്‍, അന്തമാനില്‍നിന്ന് അത് ലഭിക്കാനുള്ള സഹായവും ചെയ്തു. അങ്ങനെ, റശീദ് പതിയെപ്പതിയെ പഴയജീവിതത്തിലേക്ക് ചുവടുവെച്ചു. തനിക്ക് ലഭിച്ച ഓട്ടോക്ക് റശീദ് നല്‍കിയ പേര് 'സൗഹൃദം' എന്നായിരുന്നു. ജമാഅത്തില്‍നിന്ന് ലഭിച്ച സൗഹൃദവും സ്‌നേഹവുമാണ് ഓട്ടോക്ക് ആ പേര് നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സേവനങ്ങള്‍ക്കിടയിലും വര്‍ഗീയതയുടെ മിന്നലാട്ടം സൂനാമിപ്രദേശങ്ങളില്‍ തലപൊക്കിയിരുന്നു. ജമാഅത്തിന്റെ സേവനങ്ങളില്‍ രോഷംപൂണ്ട സേവാഭാരതി പ്രവര്‍ത്തകര്‍ തെരുവില്‍ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടായിരുന്നു ജമാഅത്തിനെതിരെ പ്രതികരിച്ചത്. 'പെറ്റമ്മയുള്ളപ്പോള്‍ പോറ്റമ്മ വേണ്ട' എന്നായിരുന്നു പോസ്റ്ററിലെ മുദ്രാവാക്യം. ഈ പോസ്റ്ററുകള്‍ കീറിക്കളഞ്ഞത് പെറ്റമ്മയുടെ മക്കള്‍തന്നെ. സേവാഭാരതിയുടെ വര്‍ഗീയധ്രുവീകരണ നീക്കത്തിനെതിരെ സാഹോദര്യത്തിന്റെ മാതൃക തീര്‍ത്തത് ഹിന്ദു സഹോദരന്മാര്‍ തന്നെയായിരുന്നു. ആലപ്പാട് ചെറിയ അഴീക്കലില്‍ ക്യാമ്പ് തുറക്കാന്‍ വന്ന സേവാഭാരതിയോട് 'ഞങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ വിളിച്ചിട്ടുണ്ട്, നിങ്ങളിങ്ങോട്ട് വരേണ്ടതില്ല' എന്ന് പ്രദേശവാസികള്‍ പറഞ്ഞത് മറക്കാനാവില്ല. വര്‍ഗീയത കുത്തിയിളക്കാന്‍ മുരളി മനോഹര്‍ ജോഷിയെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ ജോഷിയുടെ പരിപാടി ബഹിഷ്‌കരിക്കുകയാണുണ്ടായത്. സേവാഭാരതിയുടെ ഉള്ളിലിരിപ്പ് നടന്നില്ല. ജമാഅത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടും ജനങ്ങളുടെ  മനുഷ്യസ്‌നേഹവും വര്‍ഗീയതയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളായി. മത, ജാതി, വര്‍ഗീയ ചിന്തകള്‍ക്കപ്പുറം ദുരിതബാധിതപ്രദേശത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച മനുഷ്യസ്‌നേഹം അപാരമായിരുന്നു. 
ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സേവനവകുപ്പിന്റെ സെക്രട്ടറിയെന്ന നിലക്ക് ഞാനും കെ.സി മൊയ്തീന്‍ കോയ സാഹിബും കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടു. മലബാര്‍ എക്‌സ്പ്രസിലാണ് യാത്ര. മണിക്കൂറുകള്‍ക്കുശേഷം, ട്രെയ്ന്‍ കരുനാഗപ്പള്ളിയിലെത്തി. ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. തുടര്‍ന്ന്, സ്റ്റേഷന്‍ വിടാനുള്ള പുറപ്പാടിലാണ് വണ്ടി. വേഗത കൂടിക്കൂടിവരുന്നു. പെട്ടെന്നാണ് ഞങ്ങള്‍ കരുനാഗപ്പള്ളിയില്‍ ഇറങ്ങണമെന്ന സന്ദേശം വരുന്നത്. കൊല്ലത്ത് ഇറങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഞാന്‍ എന്റെ ബാഗ് കെ.സി മൊയ്തീന്‍ കോയ സാഹിബിന് കൊടുത്തതും അദ്ദേഹം വണ്ടിയില്‍നിന്ന് ഇറങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ വേഗത കൂടിക്കൂടി വന്നതിനാല്‍, എനിക്ക് വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ സാധിച്ചില്ല. ഇനി കൊല്ലത്തിറങ്ങി കരുനാഗപ്പള്ളിയിലേക്ക് തിരിച്ചുപോരുകയല്ലാതെ നിര്‍വാഹമില്ല. പണം സൂക്ഷിച്ച പേഴ്‌സാകട്ടെ കെ.സിയുടെ കൈയില്‍ കൊടുത്ത ബാഗിലും. ഇനിയെന്തു വഴി? ഞാന്‍ വണ്ടിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴാണ് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വത്തെ കാണുന്നത്. തിരുവനന്തപുരത്തേക്കാണ് അദ്ദേഹം. അദ്ദേഹത്തോട് കാര്യം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആവശ്യമായ പണം തന്നു. ഞാന്‍ കൊല്ലത്തിറങ്ങി കരുനാഗപ്പള്ളിയിലേക്ക് തിരിച്ചുപോരുകയും ചെയ്തു. പിന്നീട്, പണം തിരികെ കൊടുക്കാന്‍ ബിനോയ് വിശ്വത്തെ ബന്ധപ്പെട്ടു. അത് സൂനാമി ഫണ്ടിലേക്ക് ചേര്‍ത്തുകൊള്ളുക എന്നായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമുള്ള മറുപടി. 
ഇന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ അബ്രഹാം അന്ന് ജമാഅത്തിനൊപ്പം സേവനങ്ങളിലേര്‍പ്പെട്ടത് മധുരമായ മറ്റൊരു അനുഭവമായിരുന്നു. അഞ്ചല്‍ സ്വദേശിയാണ് ഫാ. അബ്രഹാം. പരിസരം വൃത്തിയാക്കാനും അഴുക്കുകള്‍ നീക്കം ചെയ്യാനും അദ്ദേഹം മുമ്പിലുണ്ടായിരുന്നു. 
2007 മാര്‍ച്ച് അവസാനത്തോടെ ജമാഅത്തിന്റെ സൂനാമി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. കായംകുളത്ത് സമാപന പരിപാടി സംഘടിപ്പിച്ചു. ജമാഅത്ത് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനാണ് നിര്‍വഹിച്ചത്.
(തുടരും)
എഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി