Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

അനന്തമായ ജീവിതം!

എം.എം മുഹ്‌യിദ്ദീന്‍

''പ്രസ്താവ്യമായ ഒരു വസ്തുവേ അല്ലാതിരുന്ന ഒരു കാലം മനുഷ്യന് കഴിഞ്ഞുപോയില്ലേ?'' (ഖുര്‍ആന്‍: 76:1).
മണ്ണിനു മുകളില്‍ കാലൂന്നി നില്‍ക്കുന്ന മനുഷ്യനോട് തന്റെ ഉണ്മയുടെ ആദിബീജങ്ങളിലേക്ക് കണ്ണു തുറക്കാന്‍ വേദവചനം ആവശ്യപ്പെടുകയാണ്. നീ കഴിക്കുന്ന ആഹാരവും കുടിക്കുന്ന വെള്ളവും മണ്ണിലെ നിന്റെ ആദിഗുണങ്ങളെ സ്വാംശീകരിച്ചതാണ്. അതിലൂടെയാണ് നിന്റെ ശരീരനിര്‍മിതിയും വളര്‍ച്ചയും സാധ്യമായത്. ശരീരം അണ്ഡവും ബീജവും പ്രദാനം ചെയ്യുന്നു. അങ്ങനെ പറയപ്പെടാവുന്ന ഒരു വസ്തുവേ അല്ലാതിരുന്ന ആദിഗുണങ്ങളില്‍നിന്ന് തലമുറകളായി മനുഷ്യന്‍ ഈ മണ്ണില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
ഒടുക്കം തന്റെ ആദിഗുണങ്ങളിലേക്ക് തന്നെ അനിവാര്യമായും തിരിച്ചു പോകുന്നു. ''അതില്‍ (മണ്ണ്) നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചെടുക്കുകയും ചെയ്യുന്നു. അതില്‍നിന്നുതന്നെ ഒരിക്കല്‍കൂടി നാം നിങ്ങളെ പുറത്തെടുക്കും'' (ഖുര്‍ആന്‍: 20:55). എന്നാലും ആവര്‍ത്തിക്കപ്പെടുന്ന ഈ ജനിമൃതികളുടെ പൊരുളെന്താണെന്ന് അധികപേരും ചിന്തിക്കാറില്ല. 
കര്‍മഫലങ്ങളെയും സ്വര്‍ഗനരകങ്ങളെയും കുറിച്ച് പറയുമ്പോള്‍,  മനുഷ്യരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ ഭയവും ബോധവുമൊക്കെ ഒരുപരിധിവരെ നല്ലതാണെന്ന ചിന്ത കടന്നുവരാറുണ്ട്. ഈ ലളിതവല്‍ക്കരണത്തിനപ്പുറം പരലോകം ഒരു യാഥാര്‍ഥ്യമാണെന്ന്  ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഖുര്‍ആന്‍. പ്രപഞ്ചവികാസത്തിന്റെ സ്വാഭാവിക പരിണാമവും മനുഷ്യജീവിതത്തിന് അര്‍ഥം പകരുന്ന അനിഷേധ്യ യുക്തിയുമാണതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: ''നിങ്ങളുടെ ഉണ്മ കേവലം നിരര്‍ഥകമായ വിനോദം മാത്രമെന്ന് നിങ്ങള്‍ വിചാരിക്കുന്നോ, നിങ്ങള്‍ നമ്മിലേക്ക് (ദൈവത്തിലേക്ക്) മടക്കപ്പെടുകയില്ലെന്നും?'' (23:11). തന്റെ സാന്നിധ്യം ഭൂമിക്ക് ഭാരമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന, സഹജീവികള്‍ക്ക് അനുഗ്രഹമാകാന്‍ ശ്രമിക്കുന്ന ചില മനുഷ്യരെങ്കിലുമുണ്ട് നമുക്കിടയില്‍. ഇനിയും ചിലരുടെ സാന്നിധ്യം ഭൂമിക്ക് ഭാരവും ഭൂവാസികള്‍ക്ക് ദുരിതവുമാണ്. അവരുടെ തിരോധാനം കൊണ്ട് ആകാശമോ ഭൂമിയോ കരയാറില്ല. ഉറ്റവര്‍ക്കു പോലും ഒന്ന് നിലവിളിക്കണമെന്ന് തോന്നാത്ത 'അനുഗൃഹീത ചരമങ്ങള്‍.'  ഇവരുടെയെല്ലാം ഗതിയും പരിണതിയും ഒരുപോലെയാകുന്നത് യുക്തിസഹമാണോ?
സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി മൂല്യങ്ങളെല്ലാം ചവിട്ടിത്തേക്കുന്ന അക്രമികള്‍ അനവധിയുണ്ട് നമുക്കിടയില്‍. പലപ്പോഴും നിയമവും നീതിപീഠങ്ങളും അവര്‍ക്ക് കാവലാളുകളാണ്. അത്തരക്കാരുടെ താല്‍പര്യസംരക്ഷണത്തിന് എണ്ണമറ്റ നിരപരാധികള്‍ കുരുതി കൊടുക്കപ്പെടുന്നു. എന്നാല്‍ മര്‍ദിതരുടെ നൊമ്പരങ്ങള്‍ നെഞ്ചിലേറ്റുകയും മര്‍ദകരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന, സഹജീവികള്‍ക്കു വേണ്ടി എരിഞ്ഞുതീരുന്ന ജീവിതങ്ങളും അപൂര്‍വമായെങ്കിലും നമുക്കിടയിലുണ്ട്. ആറടി മണ്ണിലവസാനിക്കുന്നതാണ്, ഒരുപിടി ചാരമായി എരിഞ്ഞുതീരുന്നതാണ് വ്യത്യസ്തമായ ഈ ജീവിതാനുഭവങ്ങളെങ്കില്‍ മണ്ണില്‍ സുകൃതമെങ്ങനെ നിലനില്‍ക്കും? ഈ ജീവിതത്തെ നാമെങ്ങനെ വിശദീകരിക്കും?
ജീവിതവിഭവങ്ങള്‍ പങ്കുവെക്കപ്പെടാനുള്ളതാണ്. അത് നേടിയെടുക്കുന്നതില്‍ കഴിവും കൗശലവും കൂടിയവരും കുറഞ്ഞവരുമുണ്ട്. രോഗികളും വികലാംഗരും  വിധവകളും അനാഥകളുമായി എണ്ണമറ്റ നിരാലംബരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടുകയും അതിനായി വിഭവങ്ങള്‍ പങ്കുവെക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യരില്‍ ചിലരെങ്കിലും വിഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ അത്യുദാരരാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ കുറിച്ച ബോധവും മരണാനന്തര പരിണതികളെ കുറിച്ച ചിന്തയുമാണതിന്റെ പ്രചോദനം. എന്നാല്‍ അധികപേരും വിഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ പിശുക്കു കാണിക്കുന്നു. അവകാശനിഷേധം അവര്‍ക്കൊരു വിനോദമാണ്. അധികാരികള്‍ പലപ്പോഴും ഇത്തരം ചൂഷകരുടെ ഉപകരണങ്ങളായി മാറുന്നു. ക്രൂരമായ ഈ വൈരുധ്യങ്ങളില്‍ അനുഭവിച്ചു തീരാനുള്ളതാണ് ഈ ജീവിതമെങ്കില്‍  എത്ര ഭീകരവും വികലവുമാണാ യുക്തി!
ജന്മനാ വെളിച്ചമനുഭവിക്കാന്‍ കഴിയാത്ത അന്ധരും, ശബ്ദമാധുര്യം ആസ്വദിക്കാന്‍ കഴിയാത്ത ബധിതരും, വികാരവിചാരങ്ങളുടെ വിനിമയം അസാധ്യമായ മൂകരുമായി  ഭിന്നശേഷിക്കാരും നമുക്കിടയിലുണ്ട്. ഭൗതികജീവിതത്തിലെ ആസ്വാദനങ്ങള്‍ പലതും നിഷേധിക്കപ്പെട്ടവര്‍.  ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട ഈ ജന്മങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠവും  കനപ്പെട്ട ദൃഷ്ടാന്തവുമാണ്. ദിവ്യസാന്നിധ്യത്തെയും രക്ഷാശിക്ഷകളുടെ ലോകത്തെയും തള്ളിക്കളഞ്ഞാല്‍ പിന്നെ കേവല ഭൗതിക വീക്ഷണത്തില്‍ മരണത്തോടെ ഒടുങ്ങിത്തീരുന്ന ഈ നിസ്സഹായ ജന്മങ്ങളുടെ പൊരുളെന്താണ്? ഏത് നീതിശാസ്ത്രം  കൊണ്ടാണ് നാം ഇതിനെ വിശദീകരിക്കുക?
സുകൃതിയും വികൃതിയും സ്വാര്‍ഥനും നിഷ്‌കളങ്കനും വേട്ടക്കാരനും ഇരയും മരണത്തില്‍ ഒടുങ്ങിപ്പോകുന്ന ഈ ജീവിതം പിന്നെ വെറും നിരര്‍ഥകമല്ലേ? എല്ലാം മാറുമെന്നും മാറ്റിപ്പണിയുമെന്നുമാണ് നമ്മുടെ വീരവാദമെങ്കില്‍ വിപ്ലവങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത ജന്മവൈകല്യങ്ങളുടെ പരിഹാരമെന്താണ്? ഇനിയും നാം പ്രതീക്ഷിക്കുന്ന മാറ്റങ്ങളെ കാത്തുനില്‍ക്കാതെ കടന്നുപോയ തലമുറകളുടെയും പരകോടി മനുഷ്യരുടെയും സ്ഥിതിയും വിധിയുമെന്താണ്?
പച്ചയായ ഈ അനുഭവ പരിസരങ്ങളിലാണ് കര്‍മഫലങ്ങളുടെ ഒരു ലോകത്തെ കുറിച്ച ചിന്തകള്‍ക്ക് തീ പിടിക്കുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി എരിഞ്ഞുതീരുന്നവര്‍ക്ക്, അന്യന്റെ ദുഃഖങ്ങളെ നെഞ്ചിലേറ്റിയവര്‍ക്ക്, ഭൂമിയില്‍ മര്‍ദിതരായി മരിച്ചുതീര്‍ന്നവര്‍ക്ക്, അപരന് പാഠവും സന്ദേശവുമായി വൈകല്യമനുഭവിച്ചവര്‍ക്ക്; എല്ലാറ്റിലുമുപരി യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ സന്മനസ്സും സുകൃതങ്ങള്‍ ആചരിക്കാന്‍ അവസരങ്ങളും ഉണ്ടായവര്‍ക്ക് അനന്തമായി അനുഭവിക്കാന്‍ കഴിയുന്ന ഒരു ലോകം ഉണ്ടാവണം. നമ്മെ നിസ്സഹായരാക്കിക്കളയുന്ന സങ്കീര്‍ണമായ സമസ്യകളുടെ കുരുക്കഴിയുന്നതവിടെയാണ്.
പുനര്‍ജീവിതത്തിന്റെ ഈ അനിവാര്യത മാനവതയെ ബോധ്യപ്പെടുത്താന്‍ കാലാകാലങ്ങളില്‍ ദൈവദൂതന്മാര്‍ നിരന്തരം ശ്രമിച്ചിരുന്നു. പൂര്‍വ വേദങ്ങളും ഉപനിഷത്തുകളും ഈ യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്തിയത് വേദപരിജ്ഞാനികള്‍ ഔചിത്യബോധത്തോടെ കുറിച്ചുവച്ചിട്ടുണ്ട്. 'വേദത്തിലെ ഋഷിമാര്‍ ഈ ലോകത്തില്‍നിന്നും വിഭിന്നമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സല്‍ക്കര്‍മികള്‍ പോകുന്നത്' (രാഹുല്‍ സാംകൃത്യായന്‍- വിശ്വദര്‍ശനങ്ങള്‍, പേ: 552).
വസ്തുപ്രപഞ്ചം നശ്വരമാണെന്നും  മഹാ പ്രളയത്തിനു ശേഷം പരമാത്മാവ് അതിനെ പുനഃസൃഷ്ടി ചെയ്യുമെന്നും ഉപനിഷത്തുകള്‍ അടയാളപ്പെടുത്തുന്നുണ്ട്:
ഏകൈ കം ജാലം ബഹുധാവി 
കുര്‍വ നസ്മിന്‍ ക്ഷേത്രേ
സംഹാര ത്യേഷ ദേവ:
ഭ്യൂയ: സൃഷ്ടാ പതയസ്തഥേശ: 
സര്‍വാധിപത്യം കുരുതേ മഹാത്മാ
(പ്രപഞ്ചക്ഷേത്രത്തില്‍ സൃഷ്ടിയുടെ ആദിയില്‍ പരമാത്മാവ് ഓരോ ജാലത്തെയും പലതായി വിഭജിച്ച്, പ്രളയകാലത്ത് അതിനെ സംഹരിക്കുന്നു. ആത്മാവായ ഈശ്വരന്‍ വീണ്ടും ആദ്യത്തെപ്പോലെ സമസ്ത ലോകപാലകന്മാരെയും സൃഷ്ടിച്ച് സ്വയം എല്ലാറ്റിലും സര്‍വാധിപത്യം സ്ഥാപിക്കുന്നു- ശ്വേതാശതരോപനിഷത്ത് 5:3). കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ വിശ്വാസത്തിന് വേദസമൂഹങ്ങളില്‍ വകഭേദങ്ങള്‍ സംഭവിച്ചെങ്കിലും ആശയപരമായി ഇന്നും ഇത് പൊതുബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്.   
പാരത്രിക ജീവിതത്തെ തള്ളിക്കളഞ്ഞവര്‍ എക്കാലവും ഉയര്‍ത്തിയ ചോദ്യം ഇതായിരുന്നു: ' ഞങ്ങള്‍ മണ്ണില്‍ ദ്രവിച്ചു തീര്‍ന്നതിനു ശേഷം വീണ്ടുമൊരു പുനര്‍ജീവിതമോ?' (ഖുര്‍ആന്‍ 56: 47). പ്രസ്താവ്യമായ ഒരു വസ്തുവേ അല്ലാതിരുന്ന പൂര്‍വാവസ്ഥയില്‍നിന്ന് താനെത്തിനില്‍ക്കുന്നേടം വരെയുള്ള ഉല്‍പത്തിയും വികാസവും സൗകര്യപൂര്‍വം അവര്‍ മറക്കുകയാണ്. നമ്മുടെയാരുടെയും അറിവും അനുവാദവുമില്ലാതെ മനുഷ്യബുദ്ധിയും സിദ്ധിയും കര്‍മനിരതമാക്കുന്നതിനും യുഗാന്തരങ്ങള്‍ക്കു മുമ്പേ തന്നെ ഉല്‍പത്തിയും വികാസവും സുസാധ്യമായിട്ടുണ്ട്. ജീവനും ജീവിതവും നിലനില്‍ക്കാനാവശ്യമായ സന്തുലിതമായ പരിസരമൊരുക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ജീവവര്‍ഗങ്ങള്‍ക്കായുള്ള കുറ്റമറ്റ ആവാസവ്യവസ്ഥ രൂപപ്പെട്ടിരുന്നു. ശാസ്ത്രീയമായിത്തന്നെ പ്രപഞ്ചവികാസത്തിന്റെ പാരമ്യതയില്‍ ഒരു മഹാവിസ്‌ഫോടനത്തിന്റെ അനിവാര്യതയും നാമംഗീകരിക്കുന്നു. എന്നിട്ടും  കര്‍മഫലങ്ങളുടെ ഒരു നവലോകക്രമത്തെ നമുക്കെങ്ങനെയാണ് തള്ളിക്കളയാന്‍ കഴിയുന്നത്?
നമ്മുടെ പരിമിതമായ അറിവിനും കഴിവിനും വഴങ്ങാത്തതെല്ലാം കേവലം ആകസ്മികമെന്ന് നാം അന്ധമായി വിശ്വസിക്കുകയോ? ''തീര്‍ച്ചയായും അവനിലേക്കു തന്നെയാണ് എല്ലാറ്റിന്റെയും മടക്കം. ഇത് സത്യസന്ധമായ ദിവ്യവാഗ്ദാനമാണ്. സൃഷ്ടിപ്പ് ആരംഭിച്ചത് അവനാണ്. പിന്നെയത് ആവര്‍ത്തിക്കുന്നതും അവന്‍ തന്നെ. യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും സുകൃതങ്ങള്‍ ആചരിക്കുകയും ചെയ്യുന്നവര്‍ക്ക് നീതിപൂര്‍വം അര്‍ഹമായ പ്രതിഫലം നല്‍കേണ്ടതിനാണത്'' (ഖുര്‍ആന്‍ 10:4).
അതേ, നീതി പുലരുന്ന അനന്തമായ ഒരു ജീവിതം, അര്‍ഹതയുള്ളവര്‍ അനുഭവിക്കാന്‍ വേണ്ടി. നമുക്ക്  ആ നല്ല പരണിതിക്കായി പ്രയത്‌നിക്കാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി