Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 01

3220

1443 സഫര്‍ 24

വെറുപ്പിന്റെ പാഠാവലി നോക്കി വായിക്കുന്നവര്‍

ടി.കെ.എം ഇഖ്ബാല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതുമായി പാലാ ബിഷപ്പ്് ജോസഫ് കല്ലറങ്ങാട്ടിന്റെ അരമനയിലെത്തിയ സഹകരണമന്ത്രി വി.എന്‍ വാസവന്‍ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷവും അതുയര്‍ത്തിവിട്ട വിവാദങ്ങള്‍ തുടരുകയാണ്. വിവാദം കെട്ടടങ്ങിയാലും അതുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങാതെ കിടക്കും. 'നാര്‍ക്കോട്ടിക് ജിഹാദ്' എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുന്നത് പാലാ ബിഷപ്പ് അല്ല. അധിനിവേശ മേലാളന്മാരുടെ 'വാര്‍ ഒണ്‍ ടെറര്‍' (ഭീകരവിരുദ്ധ യുദ്ധം) നിഘണ്ടുവില്‍നിന്ന് പകര്‍ത്തിയതാണ് ആ വാക്ക്. താലിബാനെ വിശേഷിപ്പിക്കാന്‍  അമേരിക്ക കണ്ടെത്തിയതാണ് നാര്‍ക്കോട്ടിക് ജിഹാദ്, നാര്‍ക്കോട്ടിക് ടെററിസം തുടങ്ങിയ പ്രയോഗങ്ങള്‍ (അഫ്ഗാനിസ്താനിലെ ഓപ്പിയം കൃഷിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കിയത് താലിബാനാണോ അമേരിക്കയാണോ എന്ന ചോദ്യം തല്‍ക്കാലം മാറ്റിവെക്കാം). സെപ് റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക ഉദ്ഘാടനം ചെയ്ത 'ഭീകരതാവിരുദ്ധ യുദ്ധ'ത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് താലിബാനെ അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്നതായിരുന്നല്ലോ. ജിഹാദിസം, ജിഹാദികള്‍ തുടങ്ങിയ പദപ്രയോഗങ്ങളും ജിഹാദ് എന്ന ഇസ്‌ലാമിലെ സാങ്കേതിക പദത്തെ ഏത് തോന്ന്യാസവുമായും ചേര്‍ത്തു പറയുന്ന രീതിയുമൊക്കെ വ്യാപകമായിത്തീര്‍ന്നത് ഭീകരതാവിരുദ്ധ അജണ്ടയുടെ ഭാഗമായിട്ടാണ്.
9/11 ആക്രമണത്തിന്റെ മറവില്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളും തീവ്രവാദികളുമാക്കി അപരവല്‍ക്കരിക്കുന്ന പദ്ധതിയാണ് വാര്‍ ഒണ്‍ ടെററിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. കേരളത്തില്‍ ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ജിഹാദീ വിളികളും മുസ്‌ലിംകള്‍ക്കെതിരെ വംശീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളും അധിനിവേശ ശക്തികള്‍ തുടങ്ങിവെച്ച അജണ്ടയുടെ പല തരം വകഭേദങ്ങളാണ്. പടിഞ്ഞാറന്‍ സാഹിത്യം ധാരാളമായി വായിക്കുന്ന സഭാപിതാക്കന്മാര്‍ക്ക് ഇസ്‌ലാമോഫോബിക് പദപ്രയോഗങ്ങള്‍ സംഘ് പരിവാര്‍ പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. പാലാ ബിഷപ്പിന്റെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചാലറിയാം ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങള്‍ സഭാ വിശ്വാസികള്‍ക്ക് ചിരപരിചിതമായ വാക്കുകളായിട്ടാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്. ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിദ്വേഷ പ്രചാരണം കുറേ നേരത്തേ തുടങ്ങിയതാണെന്നു സാരം.
ജിഹാദീ തീവ്രവാദികള്‍ എന്ന വാക്കാണ് പാലാ ബിഷപ്പ്  വിവാദ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ മതംമാറ്റാന്‍ വേണ്ടി ജിഹാദികള്‍ വ്യാപകമായി വലവിരിച്ചിരിക്കുന്നു എന്നാണ് പറയുന്നതിന്റെ ചുരുക്കം. ഇസ്‌ലാമോഫോബിക് എഴുത്തുകളിലും പ്രഭാഷണങ്ങളിലും ഇപ്പോള്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ജിഹാദികള്‍ എന്ന ഈ പ്രയോഗം ബിഷപ്പിന് എവിടെനിന്നാണ് കിട്ടിയത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി  അമേരിക്കയും പാശ്ചാത്യ മീഡിയയും പ്രചാരം നല്‍കിയ വാക്കാണ് ജിഹാദികള്‍ (Jihadists). അധിനിവേശം ചവിട്ടിക്കുഴച്ച മണ്ണില്‍നിന്ന് ജന്മമെടുത്ത അല്‍ഖാഇദ, ഐ.എസ് തുടങ്ങിയ സായുധ സംഘങ്ങളെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണ് തുടക്കത്തില്‍ അത് ഉപയോഗിക്കപ്പെട്ടത്. അധിനിവേശത്തിന്റെ സൃഷ്ടിയോ അതിനോടുള്ള പ്രതികരണമോ ആയി ഉടലെടുക്കുന്ന സായുധ ഗ്രൂപ്പുകളെ അവയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇസ്‌ലാമിലേക്ക് ആരോപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പദപ്രയോഗങ്ങള്‍. അധിനിവേശമല്ല, ഇസ്‌ലാമാണ്  തീവ്രവാദികളെ സൃഷ്ടിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയും അങ്ങനെ ഭീകരതാവിരുദ്ധ യുദ്ധത്തെ ഇസ്‌ലാംവിരുദ്ധ കാമ്പയിനായി മാറ്റിത്തീര്‍ക്കുകയും ചെയ്തു.
വാര്‍ ഓണ്‍ ടെററിന്റെ ഉദ്ഘാടനം കുറിച്ചു കൊണ്ട്  പ്രസിഡന്റ് ജോര്‍ജ് ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചെയ്ത പ്രസംഗത്തില്‍ അല്‍ഖാഇദയെ 'ഇസ്‌ലാമിക തീവ്രവാദം' എന്ന വാക്കു കൊണ്ടാണ് വിശേഷിപ്പിച്ചത്. പിന്നീട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഭീകരതാവിരുദ്ധ യുദ്ധത്തെ തിന്മക്കെതിരായ കുരിശുയുദ്ധം (Crusade) എന്ന് വിളിച്ചതും ജോര്‍ജ് ബുഷ് തന്നെ. മുസ്‌ലിം ലോകത്തിനെതിരായ സൈനികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധിനിവേശമായി ഭീകരതാവിരുദ്ധ യുദ്ധത്തെ അമേരിക്ക അതിസമര്‍ഥായി മാറ്റിയെടുത്തു. ഭീകരവാദികളെ വേട്ടയാടാന്‍ എന്ന പേരില്‍ രാജ്യങ്ങളെയും ജനതകളെയും കടന്നാക്രമിച്ച് ഛിന്നഭിന്നമാക്കി. വാര്‍ ഓണ്‍ ടെറര്‍ ഫാക്ടറിയില്‍ ചുട്ടെടുത്ത പദാവലികള്‍ കൊണ്ട് മുസ്‌ലിംകളെ പൈശാചികവല്‍ക്കരിച്ചു. സാമ്രാജ്യത്വ ഭാവനയില്‍ ജിഹാദിന് വിചിത്രവും ഭീകരവുമായ അര്‍ഥകല്‍പനകളുണ്ടായി. ഓരോ മുസ്‌ലിമും ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ഒരു ജിഹാദിയായി പൊതുബോധ ധാരണയില്‍ രൂപപ്പെടുന്ന വിധത്തില്‍ നുണകള്‍ നിര്‍മിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വാര്‍ ഒണ്‍ ടെററില്‍നിന്ന് പ്രചോദനം സ്വീകരിച്ച് ലോകമെമ്പാടുമുള്ള ഇസ്ലാംവിരുദ്ധ ഫാക്ടറികള്‍ പുതിയ പദാവലികള്‍ പടച്ചുണ്ടാക്കി. സംഘ് പരിവാറും യുക്തിവാദികളും ക്രിസ്ത്യന്‍ വലതുപക്ഷ ഗ്രൂപ്പുകളും ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സംഘടിതമായി ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നത്. ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും പിറകെ പുതിയ പുതിയ ജിഹാദുകള്‍  വരാനിരിക്കുന്നു.
ജോര്‍ജ് ബുഷും ഡിക് ചെനിയും ഡോണാള്‍ഡ് ട്രംപും ടോണി ബ്ലെയറും പ്രതിനിധീകരിക്കുന്ന പടിഞ്ഞാറന്‍ വലതുപക്ഷത്തിന്റെ അതേ ഭാഷയിലാണ് കേരളത്തിലെ ഇടതുപക്ഷവും സംസാരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റുകള്‍ വാര്‍ ഒണ്‍ ടെററിന്റെ പദാവലികള്‍ കടമെടുത്താണ് മുസ്‌ലിംകളെ അപരവല്‍ക്കരിക്കുന്ന വിധത്തില്‍ ലേഖനങ്ങള്‍ എഴുതുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നത്. 'മുസ്‌ലിം തീവ്രവാദ'ത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന സഖാക്കള്‍ ടെററിസ്റ്റുകള്‍, ഫണ്ടമെന്റലിസ്റ്റുകള്‍, എക്‌സ്ട്രീമിസ്റ്റുകള്‍, ജിഹാദിസ്റ്റുകള്‍ തുടങ്ങിയ പടിഞ്ഞാറന്‍ പദാവലികള്‍ നിര്‍ലോഭം ഉപയോഗിക്കുന്നതു കാണാം. ഇസ്‌ലാമിസം / പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന ബാനറിനു കീഴില്‍ പരിചയപ്പെടുത്തപ്പെടുന്ന വിവിധ മുസ്‌ലിം ഗ്രൂപ്പുകള്‍ക്കിടയിലുള്ള മൗലികമായ അന്തരങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ മുന്‍വിധികള്‍ നിറഞ്ഞതാണ് അവരുടെ സമീപനം. പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന വാക്കു പോലും ഒരു പാശ്ചാത്യ നിര്‍മിതിയാണെന്നത്  ആധുനികതയില്‍ അഭിരമിക്കുന്ന ഇടതു ബുദ്ധിജീവികള്‍ക്ക് വിഷയമാകേണ്ടതില്ല. മാര്‍ക്‌സിസവും കാപിറ്റലിസവും ഒരേപോലെ പടിഞ്ഞാറന്‍ മോഡേണിറ്റിയുടെ ഉല്‍പന്നങ്ങളാണല്ലോ. പ്രശ്‌നം കൊളോണിയലിസത്തിന്റെയും വൈറ്റ് സുപ്രീമസിയുടെയും ഭാഷ ഇടതുപക്ഷവും ഉപയോഗിക്കുന്നു എന്നേടത്താണ്. പാലാ ബിഷപ്പിന്റെയും സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെയും ഭാഷാപ്രയോഗങ്ങളിലെ സാധര്‍മ്യം യാദൃഛികമായി സംഭവിക്കുന്നതല്ലെന്ന് സാരം. തങ്ങള്‍ പണ്ടേ പറഞ്ഞതാണ് സി.പി.എം ഇപ്പോള്‍ പറയുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നതില്‍ വലിയ അര്‍ഥങ്ങളുണ്ട്.
പ്രണയം പാശ്ചാത്യ ലോകത്ത് വാര്‍ത്താ മൂല്യമുള്ള ഒരു വിഷയം അല്ലാത്തതുകൊണ്ടാവാം ലൗ ജിഹാദ് അവരുടെ ഭാവനയില്‍ വിരിയാതെ പോയത്. അനിയന്ത്രിതമായ ലൈംഗിക ബന്ധത്തിലൂടെ കൗമാരപ്രായക്കാര്‍ മാതാക്കളും പിതാക്കളുമായി മാറുന്ന സാമൂഹിക പ്രശ്‌നമാണ് പാശ്ചാത്യരെ അലട്ടുന്നത്. ചര്‍ച്ചുകള്‍ പ്രാര്‍ഥിക്കാന്‍ ആളില്ലാതെ ബാറുകളും റെസ്റ്റോറന്റുകളുമായി മാറ്റപ്പെടുന്ന പ്രതിഭാസവും, ക്രിസ്ത്യാനിസത്തില്‍നിന്ന് മറ്റു മതങ്ങളിലേക്കും നിരീശ്വരവാദത്തിലേക്കുമുള്ള വിശ്വാസികളുടെ വര്‍ധിച്ച കൊഴിഞ്ഞുപോക്കും അവിടെ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. മതരാഹിത്യം ഇതര മതസമൂഹങ്ങള്‍ കൂടി നേരിടുന്ന പ്രശ്‌നമാണെങ്കിലും യൂറോപ്യന്‍ ക്രൈസ്തവതയില്‍ അത് താരതമ്യേന കൂടുതലാണെന്ന് പറയപ്പെടുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച ഭീതി നിറഞ്ഞതും അതിശയോക്തിപരവുമായ വര്‍ത്തമാനങ്ങളും ധാരാളമായി കേള്‍ക്കാം. മതപരിവര്‍ത്തനത്തെക്കുറിച്ച കേരളത്തിലെ ചില ക്രിസ്ത്യന്‍ സഭകളുടെ ആധി ഈ പശ്ചാത്തലത്തില്‍നിന്ന് കൂടി ഉണ്ടാകുന്നതായിരിക്കണം.
പ്രണയ വിവാഹങ്ങളും മതപരിവര്‍ത്തനവുമൊക്കെ കേരളത്തിലെ എല്ലാ മതസമൂഹങ്ങളിലും നടക്കുന്നുണ്ട്. ചില മുസ്‌ലിം ഗ്രൂപ്പുകള്‍ പ്രണയവും മയക്കുമരുന്നും അതു പോലുള്ള മാര്‍ഗങ്ങളും ഉപയോഗിച്ച് മതം മാറ്റുന്നു എന്ന പാലാ ബിഷപ്പിന്റെ ഗുരുതരമായ  ആരോപണത്തിന് ഒരു തെളിവും ഇതുവരെ ലഭ്യമല്ല. ഇസ്‌ലാം വിലക്കിയ മയക്കുമരുന്നിനെ ജിഹാദ് എന്ന ഇസ്‌ലാമിന്റെ സാങ്കേതിക ശബ്ദവുമായി ചേര്‍ത്തു പറയുകയെന്നത് ഉത്തരവാദപ്പെട്ട ഒരു മതമേലധ്യക്ഷനില്‍നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണ്.  ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകള്‍ അനുസരിച്ചും കേരളത്തില്‍ ഏറ്റവുമധികം മതപരിവര്‍ത്തനം നടക്കുന്നത് ഇസ്‌ലാമിലേക്കല്ല, ക്രിസ്തുമതത്തില്‍നിന്ന് ഹിന്ദു മതത്തിലേക്കാണ് -166 (2021 ജനുവരി മുതല്‍ 2021  ജൂലൈ വരെ). പ്രണയവുമായി ഒരു ബന്ധവുമില്ലാത്ത ഹാദിയയുടെ മതംമാറ്റം പോലും ലൗ ജിഹാദിന്റെ കോളത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന സാഹചര്യത്തില്‍, നുണകള്‍ക്കാണ് ഇവിടെ വന്‍പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലുള്ളതും വെറുപ്പുല്‍പ്പാദിക്കുന്ന നുണക്കഥകള്‍ മാത്രം. മയക്കു മരുന്ന് കടത്തിയതിന്റെ പേരില്‍ മുസ്‌ലിം നാമധാരികളായ പലരും അറസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഉന്നയിക്കപ്പെടുന്ന തെളിവ്. ഒരു ഡാറ്റയുടെയും പിന്‍ബലമില്ലാതെയാണ് മയക്കുമരുന്ന് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അധികവും മുസ്‌ലിംകളാണ് എന്ന ധാരണ ബോധപൂര്‍വം ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. പാലാ ബിഷപ്പ് ഉയര്‍ത്തിവിട്ട വിവാദം കത്തിനില്‍ക്കെയാണ് മയക്കുമരുന്ന് കടത്തില്‍ ഒരു പാതിരി പിടിക്കപ്പെട്ട വാര്‍ത്ത വന്നത്.  മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവെച്ച് കൊണ്ട്,  ചില ക്രിസ്ത്യന്‍ തീവ്രവാദികള്‍ മയക്കുമരുന്ന് നല്‍കി മുസ്‌ലിം ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്നും അതിനാല്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകളും ജ്യൂസ് കടകളും റെേസ്റ്റാറന്റുകളും മുസ്‌ലിംകള്‍ ബഹിഷ്‌കരിക്കണം എന്നും ഏതെങ്കിലും മുസ്‌ലിം മതപണ്ഡിതനോ സംഘടനാ നേതാവോ പ്രസംഗിക്കുകയും ഏതെങ്കിലും മുസ്‌ലിം പത്രം അതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വരികയും ചെയ്താല്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥ! പ്രസംഗത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ആദ്യം രംഗത്തു വരുന്നത് മുസ്‌ലിം നേതാക്കളും സംഘടനകളുമായിരിക്കും.
മുമ്പൊരിക്കല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ഒരു മുസ്‌ലിം പണ്ഡിതന്റെ നാവില്‍നിന്ന് മുസ്‌ലിംകളും ഇതര സമുദായങ്ങളും തമ്മില്‍ അകല്‍ച്ചയും വെറുപ്പും സൃഷ്ടിക്കുന്ന ചില പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ മുസ്‌ലിംകളുടെ ഒരു സംഘടനയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തു വന്നില്ല. ധാരാളം പേര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അപലപിക്കുകയും ചെയ്തു. അന്ന് അധികാരത്തിലുണ്ടായിരുന്ന എല്‍.ഡി.ഫ് ഭരണകൂടം രായ്ക്കുരാമാനം ആ പ്രഭാഷകനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തോടുള്ള പ്രതികരണങ്ങളെ ഇതുമായി താരതമ്യം ചെയ്തു നോക്കുന്നത് നന്നായിരിക്കും.
ദൗര്‍ഭാഗ്യവശാല്‍  വലിയൊരു വിഭാഗം ക്രിസ്ത്യന്‍ മതമേധാവികളും ക്രിസ്തീയ സംഘടനകളും ക്രിസ്ത്യാനികള്‍ക്ക് മേധാവിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പാലാ ബിഷപ്പിന് പരസ്യ പിന്തുണയുമായി രംഗത്തു വരുന്നതാണ് കണ്ടത്. കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാള്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പ്രയാസമുണ്ടാവും. നീതിയേക്കാളും നിയമത്തേക്കാളും വലുതാണല്ലോ രാഷ്ട്രീയത്തില്‍ ഭരണവും അധികാരവും. മുഖ്യമന്ത്രിയുടെ സന്ദേശവുമായി ബിഷപ്പിന്റെ അരമനയിലെത്തിയ മന്ത്രി വാസവന് വേണമെന്നുണ്ടെങ്കില്‍ ഒരു ഖേദപ്രകടനമെങ്കിലും എഴുതി വാങ്ങിക്കാമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പാഠപുസ്തകം സിലബസ്സില്‍ ഉള്‍പ്പെടുത്തിയ താമരശ്ശേരി രൂപതയുടെ ഭാരവാഹികളും മുസ്‌ലിം സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലൂടെ സാധിച്ചതു പോലും പിണറായി സര്‍ക്കാറിന് സാധിക്കാതെ പോയി. വിവാദ പാഠപുസ്തകം പിന്‍വലിക്കുമെന്ന രൂപതയുടെ ഉറപ്പില്‍ ആത്മാര്‍ഥത ഉണ്ടായാലും ഇല്ലെങ്കിലും അതിന്റെ ഉള്ളടക്കം തെറ്റാണെന്ന കുറ്റസമ്മതം അവരുടെ പ്രസ്താവനയില്‍ ഉണ്ട്. മറുവശത്ത്, പാലാ ബിഷപ്പിനെ കാണാന്‍ പോയ മന്ത്രി തിരിച്ചു വന്ന് ബിഷപ്പിന്റെ പാണ്ഡിത്യത്തെ പുകഴ്ത്തുന്നതും വിവാദം കെട്ടടങ്ങിയതായി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതുമാണ് പ്രബുദ്ധ കേരളം അവിശ്വസനീയതയോടെ കണ്ടത്. പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനാകട്ടെ, പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനു പിന്നില്‍ ദുരുദ്ദേശ്യമൊന്നുമില്ലെന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. 'പീസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐക്ക് താമരശ്ശേരി രൂപതയിലേക്ക് വഴികാണിച്ചുകൊടുക്കാമോ' എന്ന സോഷ്യല്‍ മീഡിയയിലെ ട്രോള്‍ വെറും ഫലിതമല്ല. പാലാ ബിഷപ്പ് വിവാദപ്രസംഗം പിന്‍വലിക്കുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്യാതെ ചര്‍ച്ചക്ക് പ്രസക്തിയില്ല എന്ന നിലപാടിലേക്ക് പ്രമുഖ മുസ്‌ലിം മതസംഘടനകള കൊണ്ടെത്തിച്ചത് ബിഷപ്പിന്റെ ധാര്‍ഷ്ട്യവും അതിന് കുടപിടിക്കുന്ന ഭരണകൂടത്തിന്റെ സമീപനവുമാണ്.
ലോകെത്ത രണ്ട് പ്രബല മതവിഭാഗങ്ങളായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഘര്‍ഷത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വലിയ ചരിത്രം നീണ്ടു പരന്നു കിടക്കുന്നുണ്ട്. ചരിത്രത്തിന്റെ മുറിവുകള്‍ ഊതിപ്പടര്‍ത്തി വലുതാക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും വളരെയൊന്നും പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷമാവാതെ കാത്തു സൂക്ഷിക്കുന്നതില്‍ ക്രിസ്ത്യന്‍, മുസ്‌ലിം സൗഹൃദത്തിന് വലിയ പങ്കുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുറന്തോടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കുടില മനസ്സിനെയാണ് പാലാ ബിഷപ്പിന്റെ പ്രസംഗം തുറന്നുകാട്ടിയത്. മനസ്സിന്റെ കുടിലത മാത്രമല്ല, സഹോദര സമുദായത്തെക്കുറിച്ച മുന്‍വിധികളും അബദ്ധ ധാരണകളും അതില്‍ തെളിഞ്ഞുകാണാം. പുരോഹിതന്മാര്‍ തന്നെ വിദ്വേഷത്തിന്റെ വെടിപ്പുരകള്‍ക്ക് തീ കൊളുത്തുമ്പോള്‍ കുഞ്ഞാടുകളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം! വിവേകത്തിന്റെ ശബ്ദം അവിടവിടെ ഉയര്‍ന്നു കേള്‍ക്കുന്നുവെന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. രക്തം കുടിക്കാന്‍ സൃഗാലന്മാര്‍ പതിയിരിപ്പുണ്ട്. അത് തിരിച്ചറിയുന്നില്ലെങ്കില്‍ വെറുപ്പിന്റെ അള്‍ത്താരകളില്‍ ഹോമിക്കപ്പെടുന്നത് രണ്ട് മതസമുദായങ്ങളുടെ ജീവിതമായിരിക്കും. ഒടുവില്‍ ശത്രു തെരഞ്ഞുവരുമ്പോള്‍ സഹായിക്കാന്‍ ആരും ബാക്കിയുണ്ടാവണമെന്നില്ല.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 21-23
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവം യേശുവിനോട് പറഞ്ഞത്‌
അബ്ദുല്ലത്വീഫ് കൊടുവള്ളി