Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

ഇമാം അബൂ ഹാസിമിന്റെ ധീരത

മൗലാനാ യൂസുഫ് ഇസ്‌ലാഹി

മദീനയിലെ ന്യായാധിപനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു ഇമാം അബൂ ഹാസിം അല്‍ മഖ്‌സൂമി. സലമത്തുബ്‌നു ദീനാര്‍ എന്നാണ് യഥാര്‍ഥ നാമം. ബനൂ ഉമയ്യ രാജവംശ പരമ്പരയിലെ ഏഴാമത്തെ ഖലീഫയായിരുന്നു സുലൈമാനുബ്‌നു അബ്ദില്‍ മലിക്. മക്കയിലേക്കുള്ള ഹജ്ജ്  യാത്രക്കിടയില്‍ ഏതാനും ദിവസം സുലൈമാന്‍ മദീനയില്‍  തങ്ങി. ഖലീഫയുടെ ആഗമനമറിഞ്ഞ പ്രമുഖരും സാധാരണക്കാരുമൊക്കെയായ മദീനക്കാര്‍  അദ്ദേഹത്തെ കാണാനായി അവിടെ എത്തിച്ചേര്‍ന്നു. അവര്‍ക്കെല്ലാം അദ്ദേഹം കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ചു.
മദീനയിലായിരിക്കെ ഒരിക്കല്‍ അദ്ദേഹം തന്റെ കൂടെയുള്ളവരോട് ചോദിച്ചു: 'സ്വഹാബികളുമായി സന്ധിച്ചിട്ടുള്ള വല്ല വയോധികനും ജീവിച്ചിരിപ്പുണ്ടോ?'
    ആരുമായും കൂടുതല്‍ ബന്ധപ്പെടാത്ത ഒരു വ്യക്തിയുണ്ടെന്ന് അവര്‍ അറിയിച്ചു.
ഖലീഫ: 'അദ്ദേഹത്തിന്റെ പേരെന്ത്?'
'അബൂ ഹാസിം. അദ്ദേഹത്തെ കണ്ടാല്‍ തന്നെ സ്വഹാബിവര്യന്മാരുടെ ജീവിതം എത്ര പവിത്രവും പരിശുദ്ധവുമായിരുന്നെന്ന് ബോധ്യപ്പെടും.' അവര്‍ പറഞ്ഞു.
ഖലീഫ സുലൈമാന്റെ ആകാംക്ഷയും കൗതുകവും ഇരട്ടിച്ചു. ഉടനെത്തന്നെ ദൂതന്മാര്‍ മുഖേന അബൂ ഹാസിമിനെ വിളിച്ചുവരുത്തി. അബൂ ഹാസിം ഖലീഫക്ക് സലാം പറഞ്ഞശേഷം ഒരു ഭാഗത്തിരുന്നു. 'അബൂ ഹാസിം... എന്തിനാണിത്ര കാര്‍ക്കശ്യവും അകല്‍ച്ചയും?' ഖലീഫ ആരാഞ്ഞു.
അബൂ ഹാസിം : 'എന്ത് പാരുഷ്യമാണ് എന്നില്‍ നിന്നുണ്ടായത്?' അബൂ ഹാസിം നിസ്സങ്കോചം ചോദിച്ചു.
ഖലീഫ: 'മദീനയിലെ  എല്ലാ പ്രമുഖരും ഉത്തരവാദപ്പെട്ടവരും എന്നെ സ്വീകരിക്കാനെത്തിയിരുന്നു. താങ്കളെന്തുകൊണ്ട് ഹാജരായില്ല.'
അബൂ ഹാസിം: 'ബഹുമാന്യനായ ഖലീഫാ! താങ്കള്‍ പറഞ്ഞത് ശരിയല്ല. ഞാനിതിനു മുമ്പു താങ്കളെ കണ്ടിട്ടില്ല; താങ്കള്‍ എന്നെയും. താങ്കള്‍ക്ക് എന്നെ പരിചയമില്ല. എനിക്ക് താങ്കളെയും. താങ്കള്‍ മദീനയിലെത്തിയ വിവരവും എനിക്കില്ല.'
'ശൈഖ് പറഞ്ഞതാണ് ശരി. യഥാര്‍ഥത്തില്‍ തെറ്റു ചെയ്തിട്ടുള്ളത് ഞാനാണ്.' ഇബ്‌നു ശിഹാബ് സുഹ്‌രിയുടെ നേരെ തിരിഞ്ഞ്  ഖലീഫ പറഞ്ഞു.
ആ സംഭാഷണത്തിന് വിരാമമിട്ട് ഖലീഫ അബൂ ഹാസിമിനോട് ചോദിച്ചു: 'നാം മരണത്തെ ഭയപ്പെടുന്നതെന്തുകൊണ്ട്?'
അബൂ ഹാസിം: 'താങ്കള്‍ താങ്കളുടെ പരലോകത്തെ നശിപ്പിച്ചിരിക്കുന്നു. ഇഹലോകത്തെ സുഖാനന്ദങ്ങളില്‍ അഭിരമിച്ചു കഴിയുകയാണല്ലോ.'
'താങ്കള്‍ പറഞ്ഞത് തികച്ചും വാസ്തവമാണ്. അന്ത്യനാളില്‍ അല്ലാഹുവിന്റെ അടിമകള്‍ അവന്റെ സന്നിധിയില്‍ എങ്ങനെയാണ് സന്നിഹിതരാവുക?' നെടുവീര്‍പ്പിട്ടുകൊണ്ട് ഖലീഫ ചോദിച്ചു.
അബൂ ഹാസിം: 'അനുസരണയും ദൈവഭയവുമുള്ള സജ്ജനങ്ങള്‍ അതിയായ ആശയോടെയായിരിക്കും അല്ലാഹുവിനു മുന്നില്‍ വന്നണയുക; ദീര്‍ഘകാലം വീട്ടില്‍നിന്ന് അകന്നു നിന്നവന്‍ തിരിച്ചെത്തുന്നതു പോലെ. ധിക്കാരി ഭയചകിതനായും ലജ്ജിച്ചും ഹാജരാവും; ചതിയനും താന്തോന്നിയുമായ അടിമ യജമാനസന്നിധിയില്‍ ഹാജരാകുന്നതു പോലെ.'
കരഞ്ഞു വിതുമ്പുന്ന അവസ്ഥയില്‍ ഖലീഫ ആത്മഗതം ചെയ്തു; നാളെ ദൈവസന്നിധിയില്‍ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍.... 'അബൂ ഹാസിം, അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ അല്ലാഹു എന്നോടു എങ്ങനെയാവും പെരുമാറുക?'
അബൂ ഹാസിം: 'താങ്കള്‍ ഖുര്‍ആനാകുന്ന കണ്ണാടിക്കു മുമ്പില്‍ സ്വകര്‍മങ്ങളെ പ്രദര്‍ശിപ്പിക്കുക. അപ്പോള്‍ താങ്കളുടെ ചോദ്യത്തിന് ഉത്തരം സ്വയം ബോധ്യപ്പെടും.'
ഖലീഫ: 'ഖുര്‍ആനില്‍ എവിടെയാണ് അത് അന്വേഷിക്കേണ്ടത്?'
അബൂ ഹാസിം: 'അല്‍ ഇന്‍ഫിത്വാര്‍ ഓതുക, എന്നിട്ട് ഗാഢമായി ചിന്തിക്കുക.'
''സുകര്‍മികള്‍ സ്വര്‍ഗത്തില്‍ തന്നെയായിരിക്കും; തീര്‍ച്ച. കുറ്റവാളികള്‍ നരകത്തീയിലും'' (82.13,14).
ഖലീഫ: 'പരമദയാലുവായ അല്ലാഹുവിന്റെ കാരുണ്യം  കരസ്ഥമാകുന്നതാര്‍ക്കാണ്?'
അബൂ ഹാസിം: 'അതേ, അല്ലാഹു അതിരറ്റ കാരുണ്യവാന്‍ തന്നെ. സുകര്‍മികളോടു ഏറെ സമീപസ്ഥമാണ് അല്ലാഹുവിന്റെ കാരുണ്യം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.'
ഖലീഫ: 'തീര്‍ച്ചയായും... അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും ഉത്തമന്‍?'
അബൂ ഹാസിം: 'ഉത്കൃഷ്ട സ്വഭാവിയും തന്റെ ബുദ്ധിശക്തി ഫലപ്രദമായി ഉപയോഗിക്കുന്നവനും.'
ഖലീഫ: 'ഏറ്റവും ശ്രേഷ്ഠവും പുണ്യവുമുള്ള കര്‍മം?'
അബൂ ഹാസിം: 'അല്ലാഹു നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കുക; വിലക്കുകള്‍ വര്‍ജിക്കുക.'
ഖലീഫ: 'അല്ലാഹു സ്വീകരിക്കാനിടയുള്ള  പ്രാര്‍ഥന?'
അബൂ ഹാസിം: 'ഉപകാരം ചെയ്തവന്നായി ഉപകാരം കിട്ടിയവന്‍ നടത്തുന്ന പ്രാര്‍ഥന.'
ഖലീഫ: 'അല്ലാഹു  ഇഷ്ടപ്പെടുന്ന ദാനധര്‍മം?'
അബൂ ഹാസിം: 'ദരിദ്രനായ വ്യക്തി തന്നേക്കാള്‍ കഷ്ടപ്പാടുള്ളവന്  നല്‍കുന്ന ദാനം; ചെയ്ത ഉപകാരം ഓര്‍മിപ്പിച്ച് പ്രയാസപ്പെടുത്താതിരുന്ന ദാനവും.'
ഖലീഫ: 'ഏറ്റവും പ്രശംസാര്‍ഹമായ വാക്കെന്താണ്?'
അബൂ ഹാസിം: 'താന്‍ ഭയക്കുകയോ പ്രതീക്ഷ വെക്കുകയോ ചെയ്യുന്നവന്റെ മുന്നില്‍ സത്യം തുറന്നു പറയുക.'
ഖലീഫ: 'ഏറ്റവും ബുദ്ധിയുള്ള മുസ്‌ലിം?'
അബൂ ഹാസിം: 'അല്ലാഹുവിനോടുള്ള ബാധ്യതകള്‍ കൃത്യമായി നിര്‍വഹിക്കുകയും മറ്റുള്ളവര്‍ക്ക് നേര്‍മാര്‍ഗം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവന്‍.'
ഖലീഫ: 'വിഡ്ഢിയായ മുസ്‌ലിം?'
അബൂ ഹാസിം: 'അതിക്രമം ചെയ്യുന്നവന്റെ ദുരാഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നവന്‍. നശ്വരവും തുഛവുമായ ഐഹിക ലോകത്തിനു പകരം ശാശ്വതമായ പരലോകത്തെ വില്‍ക്കുന്നവന്‍.'
ഖലീഫ: 'എന്നെക്കുറിച്ച് താങ്കളുടെ അഭിപ്രായം?'
അബൂ ഹാസിം: 'ക്ഷമിച്ചാലും... അക്കാര്യത്തില്‍ ഞാനൊന്നും പറയുകയില്ല.'
ഖലീഫ: 'അങ്ങനെയല്ല... താങ്കള്‍ എനിക്ക് വിലപ്പെട്ട വല്ല ഉപദേശവും നല്‍കിയാലും.'
അബൂ ഹാസിം: 'സമാദരണീയനായ ഖലീഫാ! താങ്കളുടെ പൂര്‍വികര്‍ ശക്തിയുപയോഗിച്ച് ജനത്തെ അടിച്ചൊതുക്കി. അവരുടെ തൃപ്തിയോ കൂടിയാലോചനയോ കൂടാതെ അധികാരം കൈവശപ്പെടുത്തി. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.' 
ഈ സന്ദര്‍ഭത്തില്‍ ഖലീഫയുടെ സുരക്ഷാ സംഘത്തിലെ പ്രധാനി: 'താങ്കളിപ്പോള്‍ പറഞ്ഞത്  ഒരിക്കലും പറഞ്ഞു കൂടാത്ത വളരെ ഗൗരവമേറിയ കാര്യമാണ്.'
അബൂഹാസിം: (വികാരഭരിതനായി ശബ്ദമുയര്‍ത്തി) 'താങ്കള്‍ പറയുന്നത് തെറ്റാണ്. ദൈവിക നിയമങ്ങളും അധ്യാപനങ്ങളും ജനസമക്ഷം തുറന്നു പറയുമെന്നും മറച്ചുവെക്കുകയില്ലെന്നും അല്ലാഹുവിനോട് കരാര്‍ ചെയ്തവരാണ് പണ്ഡിതന്മാരെന്ന് താങ്കള്‍ക്കറിയില്ലേ?!'
ഖലീഫ: 'സ്വയം തിരുത്താന്‍ ഞാനെന്തു ചെയ്യണം?'
അബൂ ഹാസിം: 'അഹന്തയും പ്രകടനപരതയും സൂക്ഷിക്കുക; മനുഷ്യത്വം വീണ്ടെടുക്കുക. ധനം പ്രജകള്‍ക്കിടയില്‍ ന്യായമായും തുല്യമായും വീതം വെക്കുക.'
ഖലീഫ: 'നാട്ടിലെ നികുതിപിരിവിനെപ്പറ്റിയുള്ള അഭിപ്രായം?'
അബൂ ഹാസിം: 'ഹലാലായ രൂപത്തില്‍ പിരിക്കുക; അര്‍ഹരായവര്‍ക്ക് കൊടുക്കുക.'
ഖലീഫ: 'താങ്കള്‍ എന്റെ ഉപദേഷ്ടാവായി എന്നോടൊപ്പം കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതു മുഖേന താങ്കള്‍ക്കും പല നേട്ടങ്ങളുണ്ടാവും.'
അബൂ ഹാസിം: (ഒരു പതര്‍ച്ചയുമില്ലാതെ) 'താങ്കളുമായുള്ള സഹവാസത്തില്‍നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.'
ഖലീഫ: 'എന്തുകൊണ്ട്?'
അബൂ ഹാസിം: 'ക്ഷണികമായ സുഖാഡംബരങ്ങളില്‍ ആനന്ദിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതു കാരണമായി കഠിനമായ ദൈവിക ശിക്ഷ ഏറ്റുവാങ്ങുന്നതും എനിക്ക് ഇഷ്ടമല്ല.'
ഖലീഫ: 'താങ്കള്‍ക്കെന്തെങ്കിലും അത്യാവശ്യങ്ങളുണ്ടെങ്കില്‍ പറഞ്ഞാലും, ഞാന്‍ പരിഹരിക്കാന്‍ ശ്രമിക്കാം.'
അബൂ ഹാസിം: 'അങ്ങനെയെങ്കില്‍ എനിക്ക് ഒരത്യാവശ്യമുണ്ട്. പൂര്‍ത്തീകരിച്ചാലും!'
ഖലീഫ: (സന്തോഷത്തോടെ) 'അതെന്താണെന്ന് അറിയിച്ചാലും. താങ്കളുടെ പ്രശ്‌നം പരിഹരിക്കുന്നത് ഞാന്‍ എന്റെ സൗഭാഗ്യമായി കണക്കാക്കുന്നു.'
അബൂ ഹാസിം: 'എന്നെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണം.'
ഖലീഫ: (പ്രതീക്ഷക്ക് വിരുദ്ധമായ മറുപടി കേട്ട് കുപിതനായി) 'അതെന്റെ കഴിവില്‍ പെട്ടതല്ല.'
അബൂ ഹാസിം: 'എങ്കില്‍ ഇതല്ലാത്ത മറ്റൊരാവശ്യവും ആഗ്രഹവും എനിക്കില്ല.'
ഖലീഫ: 'അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസനായ താങ്കള്‍ എനിക്കു വേണ്ടി പ്രാര്‍ഥിച്ചാലും.'
അബൂ ഹാസിം: (കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു) 'നാഥാ! സുലൈമാന്‍ നിന്നെ അനുസരിക്കുന്ന, നീ തൃപ്തിപ്പെട്ട ദാസനാണെങ്കില്‍ ഇഹപര നന്മകളാല്‍ ധന്യനാക്കുക. അഥവാ അയാള്‍ നിന്റെ ശത്രുവാണെങ്കില്‍ അയാളുടെ കുടുമ പിടിച്ച് നേരായ മാര്‍ഗത്തിലേക്ക് വഴി കാണിക്കുക; നിനക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉതവി നല്‍കുക.'
ഖലീഫ: 'കുറച്ചുകൂടി പ്രാര്‍ഥിച്ചാലും.'
അബൂ ഹാസിം: 'താങ്കള്‍ ഈ പ്രാര്‍ഥനക്ക് അര്‍ഹനാണെങ്കില്‍ ഈ ഹ്രസ്വ പ്രാര്‍ഥന തന്നെ അധികമാണ്. അര്‍ഹതയില്ലെങ്കിലോ ഞാനെത്ര ദീര്‍ഘമായി പ്രാര്‍ഥിച്ചാലും അതുകൊണ്ട് ഒരു പ്രയോജനവുമില്ല.'
ഖലീഫ: 'കാര്യമായി എന്തെങ്കിലും ഉപദേശിച്ചാലും.'
അബൂ ഹാസിം: 'എന്റെ ഈ വസ്വിയ്യത്ത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം. അല്ലാഹുവിന്റെ മഹത്വവും സ്ഥാനവും തിരിച്ചറിയുക. അല്ലാഹു വിലക്കിയ ഇടങ്ങളില്‍ താങ്കളുണ്ടാവുന്നത് സൂക്ഷിക്കുക. അവനിഷ്ടപ്പെടുന്നേടത്ത് ഉണ്ടാവാതിരിക്കുന്നതും സൂക്ഷിക്കുക.'
ശേഷം ഖലീഫ അബൂ ഹാസിമിനോട് സലാം പറഞ്ഞു യാത്രയായി.
ഖലീഫ ദീര്‍ഘനേരം ഏകാന്തനായി ചിന്തയിലാണ്ടു. അബൂ ഹാസിമിന്റെ ധീരോദാത്തതയും നിരാശ്രയത്വവും ചിന്തോദ്ദീപകമായ വര്‍ത്തമാനവും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. അബൂ ഹാസിം പ്രവാചക ശിഷ്യന്മാരെ കണ്ടതിന്റെയും അവരുമായി സഹവസിച്ചതിന്റെയും ഗുണമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ഖലീഫക്ക് മനസ്സിലായി. തന്റെ ദൂതന്‍ വഴി നൂറു അശ്‌റഫീ നാണയങ്ങളുള്ള  ഒരു കിഴി അബൂ ഹാസിമിനെത്തിക്കാന്‍ രാജാവ് കല്‍പിച്ചു. സമ്മാനം തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും തുടര്‍ന്നും സഹായങ്ങള്‍ കിട്ടുമ്പോള്‍ അത് സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചുള്ള  കത്തും കൊടുത്തയച്ചു.
ദൂതന്‍ അബൂ ഹാസിമിന്റെ അടുത്തെത്തി പണക്കിഴിയും കത്തും അദ്ദേഹത്തിനു കൈമാറിയപ്പോള്‍ കത്ത് സ്വീകരിക്കുകയും പണമടക്കമുള്ള സഞ്ചി വേണ്ടെന്നു പറയുകയും ചെയ്തു. കത്ത് വായിച്ച ശേഷം അതിന് ഇങ്ങനെ മറുപടി കുറിച്ചു:
ബഹുമാന്യനായ ഖലീഫാ...
ഞാനും താങ്കളും തമ്മിലുള്ള സംഭാഷണം നിരര്‍ഥകമാവാതിരിക്കാന്‍  ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു. താങ്കള്‍ കൊടുത്തയച്ച അശ്‌റഫീ നാണയങ്ങള്‍ തിരിച്ചയക്കുന്നത് താങ്കളെ പുഛിക്കാനാണെന്ന് മനസ്സിലാക്കരുത്. ഞാന്‍ ഐഹിക സുഖഭോഗങ്ങള്‍ വെടിഞ്ഞവനാണ്. താങ്കളും അങ്ങനെയാവണമെന്ന് ആഗ്രഹിക്കുന്നു. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ മൂസാ(അ)യെക്കുറിച്ച് പറയുന്നു:
മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നത് കണ്ടു. അവരില്‍നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നിങ്ങളുടെ പ്രശ്നമെന്താണ്?' അവരിരുവരും പറഞ്ഞു: 'ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ വൃദ്ധനാണ്' (അല്‍ഖസ്വസ്വ് 28:23).
ശേഷം  അദ്ദേഹം ആ രണ്ട് സ്ത്രീകളുടെ ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: 'എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരു നന്മക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍' (അല്‍ഖസ്വസ്വ് 28:24).
വാസ്തവത്തില്‍ അങ്ങേയറ്റം വിശപ്പുള്ളവനായിരുന്നു മൂസാ (അ); ഭയചകിതനും. ആരെങ്കിലും അഭയം നല്‍കിയെങ്കില്‍ എന്ന് മനമുരുകി പ്രാര്‍ഥിക്കുകയായിരുന്നു. എങ്കിലും തന്നെപ്പോലുള്ള നിസ്സഹായരായ മനുഷ്യരോട് ഒന്നും ചോദിച്ചില്ല. തന്റെ രക്ഷിതാവിനെ വിളിച്ചാണ് സങ്കടങ്ങള്‍ ബോധിപ്പിച്ചത്. ശുഐബ് നബി(അ)യുടെ  ആ രണ്ടു  പെണ്‍കുട്ടികള്‍ സംഭവങ്ങള്‍ തങ്ങളുടെ പിതാവിനെ ബോധിപ്പിച്ചു.
കാര്യങ്ങള്‍ മനസ്സിലാക്കിയ ശുഐബ്  (അ) തന്റെ മക്കളെ മൂസാ(അ)യെ വിളിച്ചുകൊണ്ടുവരാനായി പറഞ്ഞയച്ചു.
അവളിലൊരുവള്‍ നാണം കുണുങ്ങിക്കൊണ്ട് പിതാവിന്റെ സന്ദേശം മൂസാ നബിയെ അറിയിച്ചു. അവരെ അനുഗമിച്ച് ശുഐബ് നബിക്ക് മുമ്പില്‍ ഹാജരായി. ഭക്ഷണത്തളികക്ക് മുമ്പിലിരിക്കുന്ന അദ്ദേഹം മൂസായെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചുകൊണ്ട് പറഞ്ഞു: നല്ല വിശപ്പുണ്ടെന്നത് സത്യമാണ്. എന്തെങ്കിലും നന്മ ചെയ്താല്‍ അതിനു പകരം സ്വര്‍ണം തന്നാലും അത് സ്വീകരിക്കുന്നത് ഞങ്ങളുടെ പാരമ്പര്യത്തില്‍ പെട്ടതല്ല.'
മൂസാ നബിയുടെ വാക്കുകള്‍ ശുഐബ് നബിയെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹം പറഞ്ഞു: 'നല്ലവനായ ചെറുപ്പക്കാരാ! അതിഥികളോട് ആദരവും വിനയവും കാണിക്കാനാണ് ഞങ്ങളുടെ പൂര്‍വികര്‍ പഠിപ്പിച്ചിട്ടുള്ളത്. ആതിഥ്യമരുളുന്നത് സൗഭാഗ്യമായി കാണാനും.'
അവസാനം സസന്തോഷം ഭക്ഷണം കഴിച്ച മൂസാ (അ) അല്ലാഹുവിനെ സ്തുതിക്കുകയും ആതിഥേയന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ഖലീഫാ! താങ്കള്‍ കൊടുത്തയച്ച പണം നാം തമ്മില്‍ നടന്ന സംഭാഷണത്തിന്റെ പ്രതിഫലമാണെങ്കില്‍ ഒരു കാര്യം താങ്കള്‍ മനസ്സിലാക്കണം. നിര്‍ബന്ധിതാവസ്ഥയില്‍ രക്തവും പന്നിമാംസവും തിന്നുന്നതാണ് അതിലും നല്ലത്.  പൊതുഖജനാവില്‍ എനിക്കുള്ള പങ്കാണ് അതെങ്കില്‍ എന്നേക്കാള്‍ അര്‍ഹരായ മറ്റു പ്രജകളുമുണ്ടല്ലോ. അവര്‍ക്കും ഇതു പോലെ കൊടുക്കുക. താങ്കളുടെ പണം എനിക്ക് ആവശ്യമില്ല.
അബൂഹാസിം  പണക്കിഴിക്കൊപ്പം ഈ കത്തും ഖലീഫയുടെ ദൂതനെ ഏല്‍പിച്ചു. 

('രോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്. മൊഴിമാറ്റം:
എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട