Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

ഇനിയും വിദ്യാലയങ്ങള്‍  അടഞ്ഞുകിടക്കേണ്ടതുണ്ടോ?

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

'നിങ്ങളൊരു വിദ്യാലയ കവാടം തുറക്കുമ്പോള്‍ നിങ്ങളൊരു ജയില്‍ പൂട്ടുകയാണ്'  എന്ന് വിഖ്യാത ഫ്രഞ്ച് കവിയും  നോവലിസ്റ്റുമായ വിക്റ്റര്‍ ഹ്യുഗോ  പറഞ്ഞത്  രണ്ടു നൂറ്റാണ്ട്  മുമ്പാണ്. കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍  2020 മാര്‍ച്ച്  മുതല്‍ വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവന്ന  നിര്‍ബന്ധിതാവസ്ഥയും അതിനെത്തുടര്‍ന്ന്  അനിവാര്യമായി സംഭവിച്ച പഠന-ബോധന രീതിമാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വവും വിലയിരുത്തുമ്പോള്‍ വിക്റ്റര്‍ ഹ്യുഗോയുടെ മേല്‍ പ്രസ്താവനക്ക് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നാല്‍ വിദ്യാഭ്യാസത്തിനു  മാത്രമല്ല, ഒരു തലമുറയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനുമൊക്കെയത് ചെറുതല്ലാത്ത  പരിക്കേല്‍േപ്പിക്കുമെന്ന് നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. വിദ്യാഭ്യാസ വിചക്ഷണരും ശിശുരോഗ വിദഗ്ധരും മനശ്ശാസ്ത്ര വിശാരദരും അക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലെ  സ്‌കൂളുകളില്‍നിന്നുള്ള  131 മില്യനും  സ്വകാര്യ  മേഖലയിലെ   സ്‌കൂളുകളില്‍നിന്നുള്ള 119 മില്യനും  ചേര്‍ന്ന് 250  മില്യന്‍  വിദ്യാര്‍ഥികളുടെ പഠനമാണ്  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക്  ഓര്‍ക്കാപ്പുറത്ത്  പറിച്ചുനടപ്പെട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയിലാകട്ടെ 3.73 മില്യന്‍ വിദ്യാര്‍ഥികളുടെ പഠനവും ഓണ്‍ലൈന്‍ വഴിയായി. പുതിയ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും സാധ്യതകളും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. അന്തര്‍ദേശീയ സര്‍വകലാശാലകളില്‍നിന്ന് ഓണ്‍ലൈന്‍ വഴി എത്രയോ പേര്‍ നിരവധി കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്നുണ്ട്, സര്‍ട്ടിഫിക്കറ്റുകള്‍  നേടുന്നുണ്ട്. അതുവഴി തൊഴിലുകളും കരസ്ഥമാക്കുന്നുണ്ട്. മുഖ്യധാരാ വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്തവരും തുടര്‍പഠന താല്‍പര്യമുള്ളവരുമായ സാധാരണക്കാര്‍ മുതല്‍ പ്രഫഷണലുകള്‍ വരെ ഇത്തരം  വിദൂര വിദ്യാഭ്യാസത്തിന്റെ (Remote  Education) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒന്നോ അതിലധികമോ സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയാണ്   ചിലരുടെ  ലക്ഷ്യം. സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള അന്തര്‍ദേശീയ സംഘടനയുടെ (Organisation  of Economic Cooperation and  Development) വിദ്യാഭ്യാസ വിഭാഗം തലവനായ ആന്‍ട്രിയാസ് സ്‌ക്ലീഷേര്‍ വിദൂര വിദ്യാഭ്യാസത്തിന്റെ സമകാലിക സാധ്യതകള്‍ കൃത്യമായി  എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ഔപചാരിക - വ്യവസ്ഥാപിത - ഉദ്ദേശ്യാധിഷ്ഠിത വിദ്യാഭ്യാസം പക്ഷേ, സര്‍ട്ടിഫിക്കറ്റുകള്‍ നേടിക്കൊടുക്കാന്‍  സഹായിക്കുന്ന ഹ്രസ്വകാല വിദ്യാഭ്യാസം  പോലെ കണക്കാക്കേണ്ടതല്ല. വൈയക്തിക ലക്ഷ്യങ്ങള്‍ക്കുപരി സാമൂഹികവും ദേശീയവുമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതിനുണ്ട്, ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ സങ്കേതങ്ങളെ ആശ്രയിച്ചതു കൊണ്ട് കുട്ടികളുടെ പഠനം മുടങ്ങിയില്ല എന്ന് ആശ്വസിക്കുമ്പോഴും വിദ്യാഭ്യാസ പ്രക്രിയയുടെ മൗലികമായ  ധര്‍മങ്ങളും ലക്ഷ്യങ്ങളും അതുവഴി  നിറവേറ്റപ്പെടുന്നുണ്ടോ എന്ന  ചോദ്യം യഥാര്‍ഥത്തില്‍ നമ്മെ കുറച്ചൊന്നുമല്ല  ഭയപ്പെടുത്തുന്നത്. 2018-ലെ കേന്ദ്ര സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ കമ്പ്യൂട്ടര്‍  ഉപയോഗിക്കാന്‍  കഴിയുന്നവര്‍  16.5 ശതമാനമാണ്. ഇന്റര്‍നെറ്റിന്റെ  കാര്യത്തില്‍  ഇത് 20.1 ശതമാനവും. ദേശീയ വിദ്യാഭ്യാസ  ഗവേഷണ പരിശീലന  കൗണ്‍സില്‍ നടത്തിയ  പഠനമനുസരിച്ച് ഇന്ത്യയിലുള്ള 10,30,996 സ്‌കൂളുകളില്‍  8,53,184 എണ്ണം ഗ്രാമീണ മേഖലയിലാണ്. ഇന്ത്യന്‍  ഗ്രാമങ്ങളുടെ വളര്‍ച്ചയും വികാസവും വെച്ച് നോക്കിയാല്‍  അവിടങ്ങളിലെ  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി  നമുക്ക് ഊഹിക്കാന്‍  കഴിയും. 2021 ജനുവരി മാസം  അസീം  പ്രേംജി ഫൗണ്ടേഷന്‍  ഓണ്‍ലൈന്‍ പഠനത്തിന്റെ സ്വാധീനവും  പ്രതിഫലനവും  കണ്ടെത്താന്‍   നടത്തിയ   പഠനം  ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠന വേളയില്‍ അനുഭവിക്കുന്ന സങ്കീര്‍ണതകള്‍, ഓണ്‍ലൈന്‍ പഠനം കൊണ്ടുള്ള  ഋണാത്മക  ഫലങ്ങള്‍, ഓണ്‍ലൈന്‍ പഠനത്തിന്റെ സ്വാഭാവിക പരിമിതികള്‍, വിദ്യാര്‍ഥികളുടെ സമഗ്ര വികാസത്തിനു മുന്നില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉയര്‍ത്തുന്ന തടസ്സങ്ങള്‍ എന്നിവ  വിശകലനം ചെയ്യുന്നുണ്ട് ആ പഠനം. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും 44 ജില്ലകളിലായി 1137 സര്‍ക്കാര്‍ സ്‌കൂളുകളിലെ പതിനാറായിരം വിദ്യാര്‍ഥികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ആര്‍ജിത  വിവരങ്ങളും ദത്തങ്ങളും  വിശകലനം ചെയ്തപ്പോള്‍ കണ്ടെത്തിയത്   ഓണ്‍ലൈന്‍ പഠനം വഴി  82 ശതമാനം കുട്ടികള്‍ക്ക് ചുരുങ്ങിയത്  ഒരു ഗണിത ശേഷിയും 92 ശതമാനം കുട്ടികള്‍ക്ക്  ചുരുങ്ങിയത്  സവിശേഷമായ ഒരു ഭാഷാശേഷിയും നഷ്ടപ്പെട്ടു എന്നാണ്.
പഠനം എന്നത് എന്താണ്  എന്നറിയുന്നവര്‍ക്ക് ഈ കണ്ടെത്തലില്‍ അതിശയോക്തി  തോന്നാനിടയില്ല. ഒരു ചിന്തന പ്രവര്‍ത്തനമാണ് പഠനം. കുട്ടികളുടെ മസ്തിഷ്‌കം മാത്രമല്ല മനസ്സും ശരീരവും കൂടി പഠനപ്രക്രിയയില്‍ വ്യാപൃതമാവുന്നുണ്ട്. പഠന സന്നദ്ധത, ആഭിമുഖ്യം, അഭിപ്രേരണ എന്നിവയെല്ലാം പഠനമെന്ന ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ മുന്നുപാധികളായി വര്‍ത്തിക്കുന്ന ഘടകങ്ങളാണ്. യഥാര്‍ഥ ക്ലാസ് മുറികളില്‍ ഇത്യാദി മുന്നുപാധികള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രാധാന്യവും ലഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ ഒട്ടുമിക്ക അധ്യാപകര്‍ക്കുമത്  ചിന്തിക്കാന്‍ പോലുമാകുന്നില്ല. അധ്യാപകരുടെ പ്രശ്‌നമല്ല, ഓണ്‍ലൈന്‍ സങ്കേതങ്ങളുടെ സ്വാഭാവിക പരിമിതിയാണത്. ക്ലാസ് മുറികളിലെ വിദ്യാര്‍ഥി വൈവിധ്യം മാനിക്കാനോ ഓരോ വിദ്യാര്‍ഥിയുടെയും ആവശ്യങ്ങള്‍ കണ്ടെത്തി ശ്രദ്ധ കൊടുക്കാനോ കഴിയാത്തതാണ് അധ്യാപകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. പഠനത്തെ പലപ്പോഴും സക്രിയമാക്കി നിര്‍ത്തുന്ന പ്രധാന ഘടകം അധ്യാപക-വിദ്യാര്‍ഥി പാരസ്പര്യമാണ്. പാഠ്യ വസ്തുക്കളുടെയും വിഭവങ്ങളുടെയും അവതരണം, ചിന്തോദ്ദീപകവും അനുമാനാത്മകവുമായ ചോദ്യങ്ങളുന്നയിക്കല്‍, പഠന സാമഗ്രികളുടെ ഉപയോഗം, ഭിന്ന തല പഠനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം, ലക്ഷ്യാനുസൃതമായ രീതിശാസ്ത്രങ്ങള്‍ പിന്തുടരല്‍ എന്നിങ്ങനെ പലതും ക്ലാസ് മുറിക്കകത്ത്  ഉള്‍ച്ചേരുമ്പോഴാണ് അധ്യാപക-വിദ്യാര്‍ഥി പാരസ്പര്യം യാഥാര്‍ഥ്യമാകുന്നത്.
സംവാദാത്മകവും വിമര്‍ശനാത്മകവും ജനാധിപത്യപരവുമായ ആശയ വിനിമയവും ആശയ   കൈമാറ്റങ്ങളും ക്ലാസ്  മുറികളില്‍ നടക്കുമ്പോഴേ വിദ്യാര്‍ഥികള്‍ പഠന നേട്ടങ്ങളിലേക്കടുക്കു. അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലും വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും തമ്മിലും നടക്കുന്ന  സാമൂഹിക സഹവര്‍ത്തനവും വിദ്യാര്‍ഥികള്‍ക്കും പഠന സാമഗ്രികള്‍ക്കുമിടയില്‍  സംഭവിക്കുന്ന സാംസ്‌കാരിക സഹവര്‍ത്തനവുമാണ് ജ്ഞാനനിര്‍മിതിയെ കൂടുതല്‍  എളുപ്പമാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ ഇങ്ങനെയൊരു പാരസ്പര്യ - സഹവര്‍ത്തന സാധ്യത വളരെ വിദൂരമാണ്.
ക്ലാസ്  മുറിയില്‍ അധ്യാപകന്റെ  മുന്നിലിരുന്ന് പാഠപുസ്തകങ്ങളുടെ സഹായത്തോടെ കുറേ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനമല്ലല്ലോ വിദ്യാഭ്യാസം.  സാംസ്‌കാരികമായും സാമൂഹികമായും കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്ന ഒരു പ്രക്രിയയാണത്. ഒരു സ്‌ക്രീനിന്റെ മുന്നിലോ പിന്നിലോ ഒറ്റക്കിരുന്ന് അധ്യാപകന്റെ വിവരണം കേട്ടതുകൊണ്ടോ സ്ലൈഡുകള്‍ കണ്ടതുകൊണ്ടോ ഈയൊരു സാംസ്‌കാരിക - സാമൂഹിക പ്രക്രിയ നടക്കില്ല. കഴിഞ്ഞ പതിനാറു മാസങ്ങളായി കുട്ടികള്‍ക്ക് സമപ്രായക്കാരായ കൂട്ടുകാരുടെ കൂടെയിരുന്ന് പഠിക്കാനോ അവരോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരാനോ  അവരുമായി സംവദിക്കാനോ  ഒത്തു ചേര്‍ന്നു കളിക്കാനോ കഴിയുന്നില്ല. കായിക വിനോദങ്ങളും ശാസ്ത്ര മേളകളും കലോത്സവങ്ങളും ക്ലബ് പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന സംരംഭങ്ങളും പഠനത്തെയെന്ന പോലെ അവരുടെ സമഗ്ര വികാസത്തെ  പരിപോഷിപ്പിച്ചിരുന്ന എല്ലാം  നിലച്ചതോടെ ഒരു തരം മുഷിപ്പിലേക്കും മരവിപ്പിലേക്കും നമ്മുടെ കുട്ടികള്‍  അവരുപോലുമറിയാതെ തള്ളപ്പെട്ടു  പോയിരിക്കുന്നു.
ഇത്രയും പറഞ്ഞത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രയോഗ സാധ്യതകള്‍ കുറച്ചു കാണിക്കാനല്ല. സ്‌കൂളുകള്‍ക്കത്ത്  യഥാര്‍ഥ ക്ലാസ് മുറികളിലിരുന്ന് പഠിച്ചിരുന്ന നമ്മുടെ കുട്ടികള്‍ ഇപ്പോളനുഭവിക്കുന്ന പഠന മുഷിപ്പിന്റെയും മരവിപ്പിന്റെയും ആഴം തിരിച്ചറിയാനാണ്. സ്‌കൂളുകള്‍ക്ക് അവധി കിട്ടുന്നതിലാണ് വിദ്യാര്‍ഥികള്‍ക്ക്  ആഹ്ലാദം  എന്ന് നാം പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.  എന്നാല്‍ സ്‌കൂളുകള്‍ തുറന്നുതരൂ, ഞങ്ങള്‍ ക്ലാസ് മുറികളില്‍ കയറിയിരിക്കട്ടെ എന്ന് നിശ്ശബ്ദമായി നമ്മുടെ കുട്ടികള്‍  പറയാനാരംഭിച്ചിരിക്കുന്നു. കണ്ണു വേദന മുതല്‍ കഴുത്തു വേദന വരെയുള്ള അസുഖങ്ങള്‍ മാറാന്‍ വേണ്ടിയല്ല, ചടുലമായ തങ്ങളുടെ ശൈശവ കൗമാരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കിടന്ന് ശ്വാസം മുട്ടുന്നതുകൊണ്ടാണിത്.
സ്‌കൂളുകള്‍  കുട്ടികളുടെ രണ്ടാം വീടുകളാണ്.  ഒന്നാം വീടുകളില്‍ കിട്ടാത്ത പലതും അവര്‍ക്ക് കിട്ടുന്നത് രണ്ടാം വീടുകളില്‍നിന്നാണ്. പ്രതിസന്ധി  കാലത്ത് സാമൂഹിക വ്യവഹാരങ്ങള്‍ നടക്കുന്ന പൊതു ഇടങ്ങള്‍ ഓരോന്നായി തുറന്ന നാം വിദ്യാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. കുട്ടികള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും നോക്കി ക്ഷമയോടെ  കാത്തിരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും സമര്‍ഥമായി നേരിടാനുള്ള പ്രായോഗിക പരിശീലനം കിട്ടുന്നതിനും വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് അവസരമൊരുക്കേണ്ടതുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട