Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

നാര്‍ക്കോട്ടിക് ജിഹാദിനെതിരെ ക്രൈസ്തവതയുടെ പ്രതികരണം

'ഉപദ്രവിക്കേണ്ടവരെ തന്നെ ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വ അജണ്ടയില്‍ സഭ പെട്ടുപോകുന്നു'

യൂഹാനോന്‍ മാര്‍ മിലീത്തിയോസ്

ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് സവര്‍ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള ഒരു വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആ അജണ്ടയില്‍ ക്രൈസ്തവ സഭ പെട്ടുപോകുന്നു. 
നാര്‍ക്കോട്ടിക്‌സ് ഒരു സാമൂഹിക വിപത്താണ്, അതിനെതിരെ നാം ജാഗ്രത പുലര്‍ത്തണം. അത് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്, ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇതൊന്നുമല്ലാത്തവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ അതിനെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ല. 
ജിഹാദ് എന്നത് അറബി വാക്കാണ്, വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ സ്വയംശുദ്ധീകരണം എന്നാണ് അത് അര്‍ഥമാക്കുന്നത്. എന്നാല്‍ ആ വാക്കിനെ ഒരു തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ഒരു വാക്കാണ് അത്. 
മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും വലിയ പങ്കുണ്ട്. ഈ നാട്ടില്‍ ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ ഉണ്ടാക്കിയത് ഞങ്ങള്‍ തന്നെയാണ്, ഏറ്റവും കൂടുതല്‍ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകള്‍ വ്യാപകമായതില്‍. അതില്‍ ഏതെങ്കിലും ഒരു മതത്തെ പ്രതി ചേര്‍ക്കുന്നത് പല അജണ്ടകളുടെയും ഭാഗമാണ്. അത് നമ്മള്‍ തിരിച്ചറിയണം ('ഏഷ്യാനെറ്റ് ന്യൂസ്' ന്യൂസ് അവര്‍ ചര്‍ച്ചയില്‍നിന്ന് 11-09-'21).

 

'പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം'

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്കാ സഭയില്‍നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ് ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നായിരുന്നു. അതിന്റെ വാലുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ന് കുഴപ്പമുണ്ടാക്കിയ ഇതേ ബിഷപ്പ് വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. അക്കാര്യം ജനം പുഛിച്ചു തള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ഇയാള്‍ വീണ്ടും രംഗത്തു വരുന്നതെന്ന് ഫെലിക്‌സ് ജെ. പുല്ലൂടന്‍ പറഞ്ഞു. 
ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കാനുള്ള നിര്‍ബന്ധിത ശ്രമം കേരള മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം നിയോഗിതരായിട്ടുള്ള മെത്രാന്മാരും മറ്റു പുരോഹിതരും വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി അപ്പാടെ പൊളിച്ചെഴുതി വിശ്വാസ സമൂഹത്തിലേക്ക് അധികാരങ്ങള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടാകുമ്പോഴേ മെത്രാന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളൂവെന്നും ഫെലിക്‌സ് ജെ. പുല്ലൂടന്‍ വ്യക്തമാക്കി (അവലംബം: www.mediaoneonline.com 10-09-2021).

 

'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ അള്‍ത്താര ഉപയോഗിക്കരുത്'

ഡോ. ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍

സുവിശേഷം സ്‌നേഹത്തിന്റേതാണ്, വിദ്വേഷത്തിന്റേതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും  പ്രചരിപ്പിക്കാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍  ഒഴിവാക്കണം.
Pulpits should not be misused for polemics
(ഫേസ്ബുക്ക് കുറിപ്പ്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട