Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

തവണ വ്യവസ്ഥ ഇസ്ലാമിക പരിപ്രേക്ഷ്യം

ജസീം ലത്വീഫ്

മനുഷ്യന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അവനോളം തന്നെ പഴക്കമുണ്ട്. വ്യവഹാരങ്ങളില്‍ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കുന്ന വിധത്തില്‍ ദിനംപ്രതി നൂതന ഇടപാടുരീതികള്‍ കമ്പോളത്തില്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ രീതികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതയും അവയോടുള്ള ഇസ്ലാമിന്റെ സമീപനവും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. സാമ്പത്തിക മേഖലയില്‍ വളരെ ഉദാരമായ നിലപാടാണ് ഇസ്ലാം സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ അത് എല്ലാതരം നീതിരഹിത വളര്‍ച്ചയെയും നിരാകരിക്കുന്നു. ചൂഷണത്തെയും അനീതിയെയും നിര്‍മാര്‍ജനം ചെയ്യാന്‍, പലിശയുള്ളതും അവ്യക്തതയോ അനിശ്ചിതത്വമോ (ഗറര്‍) ചൂതാട്ടാധിഷ്ഠിതമോ ആയതുമായ എല്ലാ കച്ചവടത്തെയും ഇസ്ലാം നിരോധിച്ചു. സമൂഹത്തത്തില്‍ തിന്മ പടര്‍ത്തുന്ന മദ്യത്തിന്റെയും മ്ളേഛവസ്തുക്കളുടെയും വിപണനം നിരാകരിച്ചു. ഇങ്ങനെ നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഒരു സാമ്പത്തിക ക്രമമാണ് ഇസ്ലാം അവതരിപ്പിക്കുന്നത്. മുകളില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് മുക്തമായ ഏതൊരിടപാടും അടിസ്ഥാനപരമായി ഇസ്ലാമില്‍ അനുവദനീയമാണ്. ഈ മേഖലയിലേക്ക് പുതിയ ആവിഷ്കാരങ്ങളുടെ കടന്നുവരവിനെ പ്രേത്സാഹിപ്പിക്കുന്ന വിശാല സമീപനമാണ് സ്വീകരിക്കുന്നത്. പ്രവാചക കാലം മുതല്‍ക്കെ ചരിത്രത്തിലുടനീളം സാമ്പത്തിക സന്തുലിതത്വം കൈവരിക്കുന്നതിനും വളര്‍ച്ച നേടുന്നതിനും പലതരത്തിലുള്ള ഇടപാടുകള്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അത്തരത്തിലുള്ള ഒന്നാണ് ഇന്ന് വ്യാപകമായി കണ്ടുവരുന്ന തവണവ്യവസ്ഥ പ്രകാരമുള്ള ഇടപാടുകള്‍.

എന്താണ് തവണ വ്യവസ്ഥ?
നിര്‍ദിഷ്ട അവധിക്ക് പണം തവണകളായി അടച്ചുതീര്‍ക്കാമെന്ന കരാറില്‍ വില്‍പന വസ്തു കരാര്‍ സമയത്തു തന്നെ ലഭ്യമാക്കുന്ന രീതിയാണ് തവണവ്യവസ്ഥ. പ്രത്യക്ഷ്യമായോ പരോക്ഷമായോ ഇത്തരം ഇടപാടുകളില്‍ അനിസ്ലാമികതയില്ലെന്ന് ഖുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. "അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു.'' (അല്‍ബഖറ 276)
സൂറത്തുന്നിസാഅ് 29-ാം സൂക്തം: "സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടു കൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ അന്യായമായി അന്യോന്യം എടുത്തു തിന്നരുത്.''
ഇതില്‍ ആദ്യം സൂചിപ്പിച്ച അല്‍ബഖറയിലെ സൂക്തം പൊതുവായ എല്ലാ ഇനം കച്ചവട രീതികളെയും ഉള്‍ക്കൊള്ളുന്നു. രണ്ടാം സൂക്തത്തില്‍, അത്തരത്തില്‍ ഉഭയകക്ഷി സമ്മതത്തോടു കൂടി നടത്തപ്പെടുന്ന കച്ചവടങ്ങളും അനുവദനീയമാണെന്ന് വ്യക്തമാക്കുന്നു. ആയതിനാല്‍ ഏതെങ്കിലും കച്ചവടം ഹറാമാണെന്ന് വാദിക്കുന്നവര്‍ അതിനുവേണ്ട തെളിവുകള്‍ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ കൊണ്ടുവരേണ്ടതുണ്ട്.
1. ആഇശ(റ)ല്‍ നിന്ന്: നബി (സ) ഒരു ജൂതനില്‍ നിന്ന് അവധിക്ക് പണം നല്‍കാമെന്ന കരാറില്‍ ഭക്ഷണം പദാര്‍ഥം വാങ്ങുകയും പകരമായി ഇരുമ്പിന്റെ ഒരു പടയങ്കി പണയമായി നല്‍കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)
2. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) മദീനയില്‍ വന്നു. മദീനക്കാര്‍ അപ്പോള്‍ ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ, മൂന്ന് വര്‍ഷത്തേക്കോ വസ്തുക്കള്‍ കടമായി വില്‍പന നടത്തിയിരുന്നു. റസൂല്‍(സ) അവരോട് പറഞ്ഞു: ആരെങ്കിലും വസ്തുക്കള്‍ കടമായി വില്‍ക്കുന്നുവെങ്കില്‍ അവര്‍ കൃത്യമായി അളവിലും തൂക്കത്തിലും അവധിക്ക് കടം നല്‍കിക്കൊള്ളട്ടെ (ബുഖാരി, മുസ്ലിം).
മേല്‍ പറഞ്ഞ ഹദീസുകളില്‍ നിന്ന് ഇത്തരത്തില്‍ പണം അവധിക്ക് വെച്ച് കരാര്‍ സമയത്തു തന്നെ വില്‍പ്പന വസ്തു ലഭ്യമാക്കുന്ന രീതി നിലനിന്നിരുന്നു എന്നും അവധി, അളവ്, തൂക്കം എന്നിവയെല്ലാം തന്നെ ക്ളിപ്തമായി നിശ്ചയിച്ചിരുന്നുവെന്നും മനസ്സിലാക്കാം. അവധിവെച്ച് വസ്തു ലഭ്യമാക്കുമ്പോള്‍ അധിക വില ഈടാക്കുന്നത് അനുവദിച്ചുകൊണ്ടുള്ള മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക.
"വസ്തുവിന്റെ വില കാലാനുസൃതമായി വര്‍ദ്ധിക്കപ്പെടും''-ഹനഫി മദ്ഹബ് (ബദാഇ ഉസ്സനാഇഅ് 185/5). "കാലത്തിന് വിലയില്‍ നിന്ന് ഒരു പങ്കുണ്ട്'' -മാലികി മദ്ഹബ് (ബിദായത്തുല്‍ മുജ്തഹിമ് 108/2). "റൊക്കത്തിന് അഞ്ച് എന്നുള്ളത് അവധിക്ക് ആറ് എന്നുള്ളതിന് സമമാണ്''- ശാഫിഈ മദ്ഹബ് (അല്‍ വഇഉസ്മസു ഗസ്സാലി). "അവധി വിലയില്‍ നിന്ന് ഒരു പങ്ക് പറ്റുന്നു''- ഹന്‍ബലി മദ്ഹബ് (ഫതാവ ഇബ്നു തൈമിയ്യ).
ഈ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്, കാലാവധി നീളുന്നതാണ് ഇവിടെ ലാഭമെടുക്കുന്നതിന് അടിസ്ഥാനം എന്നല്ല, മറിച്ച് കാലാനുസൃതമായും സ്വാഭാവികമായുമാണ് മാറ്റം വരുന്നത് എന്നാണ്. ഒരു വില്‍പനക്കാരന്‍ വിലയില്‍ വന്നേക്കാവുന്ന മാറ്റവും മുന്നില്‍ കണ്ടാവണം ഒരു വസ്തു അവധിക്ക് വില്‍ക്കുമ്പോള്‍ അധിക വില ഈടാക്കേണ്ടത്. അത്തരം തവണ വ്യവസ്ഥ ഇടപാടുകളെക്കുറിച്ച് ഇമാം ശാഫിഈ(റ)യും അഹ്മദും(റ) വിശദീകരിച്ചത് നോക്കുക.
'ഞാന്‍ ഈ വസ്തു നിനക്ക് റൊക്കത്തിനാണെങ്കില്‍ ആയിരത്തിനും അവധിക്കാണെങ്കില്‍ രണ്ടായിരത്തിനും വില്‍ക്കുന്നു. താങ്കള്‍ അതില്‍ സൌകര്യപ്പെടുന്നത് സ്വീകരിച്ചു കൊള്ളുക. അപ്പോള്‍ ഉപഭോക്താവ്, 'ഞാന്‍ റൊക്കം ആയിരത്തിന് സ്വീകരിച്ചു എന്നോ അവധിക്ക് രണ്ടായിരത്തിന് സ്വീകരിച്ചൂ എന്നോ പറയുക. ഇത്തരത്തിലുള്ള കച്ചവട ഇടപാടുകള്‍ സാധുവാണ്.' കാരണം ഇവിടെ ഇടപാടില്‍ യാതൊരു അവ്യക്തതയും ഇല്ല. ഇടപാടും വസ്തുവും വസ്തുവിന്റെ വിലയുമൊക്കെ തന്നെ ക്ളിപ്തമാണ്. മാത്രമല്ല വാങ്ങുന്നയാളുടെ സമ്മതത്തോടു കൂടി മാത്രമാണ് കച്ചവടം നടക്കുന്നത് . ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ അസാധുവാകാന്‍ തക്കതായ ഒരു ന്യായവും ഇല്ല എന്ന് ഇമാം ശാഫി(റ)യും അഹ്മദും(റ) അഭിപ്രായപ്പെടുന്നു. മുകളില്‍ പറഞ്ഞ രൂപത്തിലുള്ള ഇടപാടില്‍ നിന്ന് ഭിന്നമായി അവ്യക്തത സൃഷ്ടിക്കുന്ന ഇടപാടാണ് ഉണ്ടാക്കുന്നതെങ്കില്‍ അത്തരം ഇടപാടുകള്‍ അസാധുവാകും.
ഇസ്ലാമില്‍ അനീതി ഏത് വിഭാഗത്തിനെതിരെയാണെങ്കിലും പൊറുപ്പിക്കുകയില്ല. അവധിക്ക് പണം നല്‍കാമെന്ന കരാറില്‍ ഒരു വസ്തു വില്‍ക്കുമ്പോള്‍ അധിക തുക ഈടാക്കാന്‍ അനുവാദമില്ല. അത് ഹറാമാണെന്ന പ്രഖ്യാപിക്കുക വഴി വില്‍പനക്കാരന്‍ ഇവിടെ തീര്‍ത്തും അനീതിക്ക് ഇരയാക്കപ്പെടും എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇസ്ലാം ഉപഭോക്താവിന്റെ അവകാശങ്ങള്‍ പോലെ തന്നെ കച്ചവടക്കാര്‍ക്കും ചില അവകാശങ്ങള്‍ വകവെച്ചു കൊടുത്തിരിക്കുന്നു. തന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അതിനു എത്ര വിലയിട്ടു വില്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കച്ചവടക്കാരനു തന്നെയാണ്. സമൂഹത്തില്‍ ആ വസ്തുവിനുള്ള ഡിമാന്റ് (ചോദനം) മറ്റും അവലോകനം ചെയ്ത് തനിക്ക് ലാഭം കിട്ടത്തക്ക രീതിയില്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന് വില നിശ്ചയിക്കുക എന്നത് ഒരു കച്ചവടക്കാരന് ഇസ്ലാം നല്‍കുന്ന അവകാശമാണ്.

മുറാബഹ ഒരു നിരൂപണം
ഇസ്ലാമിക് ബാങ്കു വഴി ഈ രീതിയില്‍ കച്ചവടം നടത്തുന്നതിന് മുറാബഹ എന്നാണ് പറയുക. മുറാബഹ എന്നാല്‍ ഒരു കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അത് താന്‍ വാങ്ങിയ വിലയും ഇപ്പോള്‍ വില്‍ക്കാനുദ്ദേശിക്കുന്ന വിലയും എടുത്തു പറഞ്ഞുകൊണ്ട് ഇടപാടു നടത്തുന്ന രീതിയാണ്. ഇസ്ലാമിക് ബാങ്കുകള്‍ വഴി ഇന്ന് നടന്നു വരുന്നത് മുറാബഹയും തവണ വ്യവസ്ഥയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപാടുകളാണ്. ഇത്തരം ഇടപാടുകള്‍ നിഷിദ്ധമാണെന്ന് തെളിയിക്കാന്‍ സാധാരണയായി ഉദ്ധരിക്കാറുള്ളത് 'ഒരാള്‍ ഒരു കച്ചവടത്തില്‍ രണ്ടിടപാടുകള്‍ നടത്തുന്നപക്ഷം അതില്‍ കുറഞ്ഞ വിലയ്ക്കുള്ളത് സ്വീകരിക്കേണ്ടതാകുന്നു അല്ലാത്തപക്ഷം അത് പലിശയാകും' എന്ന നബിവചനമാണ്. ഈ വചനത്തെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് ചിലര്‍ ഈ വ്യവസ്ഥയെ എതിര്‍ക്കുന്നു. ഇമാം ഖത്വാബി പറയുന്നു: ഒരാള്‍ ഒരു ചാക്ക് ധാന്യം ഒരു മാസത്തെ അവധിക്ക് മറ്റൊരു വ്യക്തിക്ക് വില്‍ക്കുന്നു. കാലാവധിയായപ്പോള്‍ വസ്തു വാങ്ങിയ വ്യക്തി പറയുന്നു, എന്റെ കൈയിലുള്ള ഒരു ചാക്ക് ധാന്യം രണ്ടു മാസത്തെ അവധിക്ക് എനിക്ക് വില്‍ക്കുകയാണെങ്കില്‍ അതിനുപകരമായി താങ്കള്‍ക്കു ഞാന്‍ രണ്ട് ചാക്ക് ധാന്യം തരാം എന്നാണ്. ഇവിടെ ആദ്യത്തെ ഇടപാട് പൂര്‍ത്തിയാകുന്നതിന് മുമ്പായിട്ടാണ് പുതിയ ഒരു ഇടപാടിന് തുടക്കമിട്ടത്. ഈ ഘട്ടത്തില്‍ രണ്ടാമത്തെ ഇടപാടിനെ സാധൂകരിക്കത്തക്കരീതിയില്‍ അധികവില ഈടാക്കുന്നതുമൂലം ആ കച്ചവടം അസാധുവായി തീരുന്നു. കാരണം നിലവില്‍ ഒരു ചാക്ക് ധാന്യത്തിന്റെ വില ഒന്നാമത്തെ ഇടപാടില്‍ തീരുമാനിക്കപ്പെട്ട പ്രകാരമല്ല ഉള്ളത്. ഇവിടെ അങ്ങനെ വസ്തുവിന്റെ വിലയില്‍ അവ്യക്തത രൂപപ്പെടുകയും കച്ചവട രീതി തന്നെ മാറുകയും ചെയ്തു. ഇത്തരത്തില്‍ ഒരിടപാടു പൂര്‍ത്തിയാക്കാതെ ഈ ഇടപാടിനുമുകളില്‍ മറ്റൊരു ഇടപട് നടത്തുന്നത് നിരാകരിക്കപ്പെട്ടിരിക്കുന്നു. ഈ രീതിയിലുള്ള കച്ചവടം നിഷിദ്ധമാക്കാന്‍ കാരണം അവധി നല്‍കുമ്പോള്‍ കൂടുതല്‍ പണം ഈടാക്കുന്നു എന്നതല്ല. റൊക്കമായിട്ടാണോ അതല്ല അവധിക്കാണോ ഇടപാട് എന്ന കാര്യത്തിലെ അവ്യക്തത മൂലമാണ്. ഈ അവ്യക്തത കൊണ്ടു തന്നെ ഇവിടെ വസ്തുവിന്റെ വിലയും അവ്യക്തമായി. ഇവിടെ നടന്ന രണ്ടിടപാടുകളില്‍ രണ്ടും ആദ്യം തന്നെ മുന്നോട്ടു വെക്കുകയും ഏതെങ്കിലും ഒന്നില്‍ രണ്ടു കക്ഷികളും യോജിപ്പിലെത്തുകയും ചെയ്തിരുന്നെങ്കില്‍ ആ കച്ചവടം സാധുവാകുമായിരുന്നു.
പരമ്പരാഗത രീതിയില്‍ നടന്നുവരുന്ന തവണ വ്യവസ്ഥ ഇടപാടുകളും ഈ പറഞ്ഞ മുറാബഹയും തമ്മില്‍ എന്താണ് അന്തരം? ഇതിന് ഉത്തരം കണ്ടെത്താന്‍ ആദ്യം പരമ്പരാഗത തവണവ്യവസ്ഥ ഇടപാടുകളെക്കുറിച്ച് ധാരണ വേണം. ഒരാള്‍ ഒരു മോട്ടോര്‍ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. 48000 രൂപ വിലമതിക്കുന്ന ഒരു മോട്ടോര്‍ ബൈക്ക് 10 ശതമാനം പലിശയില്‍ ഒരു വര്‍ഷത്തെ അവധിക്ക് തവണകളായി അടച്ചു തീര്‍ക്കണമെന്ന കരാറില്‍ അയാള്‍ ഒപ്പു വെക്കുന്നു. മാസം 4400 എന്ന കണക്കില്‍ 12 മാസം പണമടക്കണം. ഇനി ഒരു മാസം ആ വ്യക്തിക്ക് പണമടക്കുന്നതില്‍ വീഴ്ച പറ്റി എന്നിരിക്കട്ടെ. ശേഷം വരുന്ന മാസത്തില്‍ അയാള്‍ 4400+4400+ 10% പലിശ എന്ന നിരക്കില്‍ 9240 രൂപ അടക്കേണ്ടി വരുന്നു. ഇങ്ങനെ അവധിക്കും വസ്തുവിന്റെ വിലയ്ക്കും അനുസരിച്ച് പലിശ കണക്കാക്കി വരുമ്പോള്‍ വസ്തുവിന്റെ വില അധികരിച്ചു കൊണ്ടേയിരിക്കും. ഇവിടെ അടവ് തെറ്റിച്ചതിന് ശേഷമുള്ള മാസത്തെ പലിശ കണക്കാക്കിയത് 8400 രൂപയുടെ 10 ശതമാനം എന്ന നിരക്കിലാണ്. ബാങ്ക് അധികവില ഈടാക്കിയത് കാലദൈര്‍ഘ്യത്തിന്റെയും വസ്തുവിന്റെ വിലയുടെയും അടിസ്ഥാനത്തിലാണെന്നു വ്യക്തം. ഇത്തരത്തിലുള്ള തവണ വ്യവസ്ഥ കച്ചവടങ്ങള്‍ ബാങ്കുകള്‍ക്ക്് ഒരു ചൂഷണോപാധിയാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി മുറാബഹ ഇടപാട് എങ്ങനെയാണെന്ന് നോക്കാം. വാഹനം വാങ്ങുവാന്‍ വരുന്ന വ്യക്തിയുമായി നടക്കുന്ന കൂടിയാലോചനയില്‍ വസ്തുവിന്റെ വിലയും ബാങ്കിന്റെ ലാഭവും തുടക്കത്തിലേ വ്യക്തമാക്കുന്നു. ഉഭയകക്ഷി തൃപ്തിയോടു കൂടി തന്നെ വിലയും തവണകളും തീരുമാനിക്കുന്നു. ഇവിടെ ബാങ്കിനു ലഭിക്കുന്ന ലാഭം ഒരിക്കലും കാലദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതല്ല. കച്ചവടം ഉറപ്പിക്കുമ്പോള്‍ നിബന്ധനയായി എഴുതപ്പെടാറുള്ള ഒരു വാക്യം, 'എടുക്കുന്ന ലാഭത്തിന് വസ്തുവിന്റെ വിലയുമായും പണമടക്കുന്ന കാലാവധിയുമായും ബന്ധമുണ്ടായിരിക്കില്ല' എന്നതാണ്. ഇസ്ലാമികാദ്ധ്യാപന പ്രകാരം ഏതു കാര്യത്തിനും ലാഭമെടുക്കണമെങ്കില്‍ അതിനു തക്കതായ കാരണം വേണം. അതായത് ഒരാള്‍ കച്ചവടം നടത്തുമ്പോള്‍ അയാളുടെ ബുദ്ധിയും അദ്ധ്വാനവും കഴിവും അയാള്‍ ഉപയോഗിക്കുന്നു. അതിന് അയാള്‍ക്ക് ലാഭമെടുക്കുകയും ചെയ്യാം. എന്നാല്‍ ഒരാള്‍ക്ക് പണമടക്കാന്‍ അവധി നല്‍കുന്നതിന്റെ പേരില്‍ അധിക ലാഭമെടുക്കാന്‍ ഇസ്ലാം അനുവാദം കൊടുക്കുന്നില്ല. മുറാബഹ വഴി ഉണ്ടാകുന്ന ലാഭത്തിന് കാലദൈര്‍ഘ്യവുമായി യാതൊരു ബന്ധവുമുണ്ടാകാന്‍ പാടില്ല. ഉദാഹരണത്തിന് ഇന്ന് ആയിരം രൂപയുള്ള ഒരു വസ്തു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അതിന്റെ വില ആയിരം തന്നെ ആയിരിക്കണമെന്നില്ല. അത് ആയിരത്തി അഞ്ഞൂറോ ആയിരത്തി അറുന്നൂറോ ആയിട്ടുണ്ടാകും. ഇതുംകൂടി കണക്കിലെടുത്തുകൊണ്ടുള്ള ലാഭവും ചേര്‍ത്താണ് മുറാബഹ കച്ചവടങ്ങള്‍ നടക്കുന്നത്. നിര്‍ദിഷ്ട കാലാവധിക്ക് മുമ്പായി പണമടച്ചില്ലെങ്കിലോ പണമടക്കാന്‍ വൈകിയാലോ വസ്തുവിന്റെ വിലയില്‍ പിന്നീട് മാറ്റമൊന്നും തന്നെ സംഭവിക്കുന്നതല്ല.
മുറാബഹക്കെതിരെ ഉന്നയിക്കപ്പെടാറുള്ള തെളിവുകളും വാദങ്ങളും തീര്‍ത്തും ബാലിശമാണ്. ഇതുവഴി ചൂഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ ആ രീതിതന്നെ കൈയൊഴിക്കണമെന്നുമാണ് വാദം. 2009 ഓടു കൂടി ആരംഭിച്ച ആഗോളസാമ്പത്തിക പ്രതിസന്ധിക്കു ശേഷം പലിശ തിരിച്ചടക്കാത്തതു കൊണ്ട് അടച്ചു പൂട്ടപ്പെടുന്ന ബാങ്കുകള്‍ നിരവധിയാണ്. എന്നാല്‍ 75 ശതമാനം ഇടപാടുകളും മുറാബഹ വഴി നടത്തുന്ന ഇസ്ലാമിക ബാങ്കുകളില്‍ ഒന്നു പോലും അടച്ചു പൂട്ടേണ്ടി വന്നില്ല എന്ന വസ്തുത ഇത്തരം ഇടപാടുകളെ ചൂഷണോപാധിയായല്ല ഇസ്ലാമിക് ബാങ്കുകള്‍ കാണുന്നത് എന്നതിന് മതിയായ തെളിവാണ്.
(ലേഖകന്‍ ശാന്തപുരം
അല്‍ജാമിഅയില്‍ പി.ജി ഇസ്ലാമിക് ഇകണോമിക്സ് വിദ്യാര്‍ഥിയാണ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം