Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

സമകാല സമൂഹത്തിലെ ഉത്കണ്ഠകള്‍ പങ്കിടുന്ന കൃതി

എന്‍.പി ചെക്കുട്ടി

മതം, രാഷ്ട്രീയം, ധാര്‍മികത, നീതിന്യായ പരിപാലനം തുടങ്ങിയ വിഷയങ്ങളെ ഗൗരവപൂര്‍വം സമീപിക്കുന്ന മലയാളി മനീഷികളുമായുള്ള ഒമ്പത് അഭിമുഖ സംഭാഷണങ്ങള്‍ ചേര്‍ന്നതാണ് ഡോ. ടി.വി മുഹമ്മദലിയുടെ മതം, മതനിരാസ രാഷ്ട്രീയം, മദംപൂണ്ട് സമൂഹം എന്ന കൃതി. പലതും മുപ്പതു വര്‍ഷത്തിലേറെ പഴക്കമുളളവയാണ്; ചിലതൊക്കെ കുറേക്കൂടി സമീപകാലത്ത്  തയാറാക്കിയവയും. അതിനാല്‍ കേരളീയ സമൂഹത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ പ്രധാന ആലോചനാ വിഷയങ്ങള്‍ സംബന്ധിച്ച ഒരു ചിത്രം ഈ പുസ്തകത്തില്‍നിന്ന് നമുക്കു ലഭിക്കുന്നുണ്ട്.
എണ്‍പതുകളില്‍ മാധ്യമപ്രവര്‍ത്തന രംഗത്തു വന്നയാളാണ് ടി.വി മുഹമ്മദലി. ആ ദശകത്തിന്റെ അവസാന വര്‍ഷങ്ങളില്‍ കോഴിക്കോട്ടുനിന്ന് മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ച കാലം മുതല്‍ തൃശൂരില്‍ അതിന്റെ  പ്രധാന പ്രവര്‍ത്തകനും ലേഖകനുമായിരുന്നു അദ്ദേഹം. അക്കാലത്താണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ലേഖകനായി ഞാനും തൃശൂരില്‍ എത്തിയത്. അന്നുമുതല്‍ പ്രിയസുഹൃത്ത് മുഹമ്മദലിയുടെ സ്നേഹവും കരുതലും ഞാനും കുടുംബവും അനുഭവിച്ചുവന്നിട്ടുണ്ട്. ഈ പുസ്തകം അക്കാലത്തെ തൃശൂരിനെ ഓര്‍മയില്‍ വീണ്ടും കൊണ്ടുവരുന്നു എന്നതിനാല്‍ എനിക്ക് പ്രത്യേകിച്ചും സന്തോഷമുണ്ട്.
ഇതില്‍ ആദ്യത്തെ മൂന്നു സംഭാഷണങ്ങളും തൃശൂരിന്റെ തനിമയെ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഡോ. സുകുമാര്‍ അഴീക്കോട് അക്കാലത്ത് വിയ്യൂരില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അതേപോലെ പ്രമുഖ ക്രിസ്ത്യന്‍ ദൈവശാസ്ത്ര പണ്ഡിതനും ഇടതു സഹയാത്രികനുമായിരുന്ന ഡോ. പൗലോസ് മാര്‍ പൗലോസ് അന്ന് അവിടെ പൊതുജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. ഫാദര്‍ വടക്കന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രതാപകാലം അപ്പോഴേക്കും  അസ്തമിച്ചിരുന്നു. പക്ഷേ വിമോചന സമരകാലം മുതല്‍ കേരളത്തില്‍ പോരാളിയായ വൈദികനായി അറിയപ്പെട്ട ഫാദര്‍ വടക്കന്‍ അന്നും തേക്കിന്‍കാട് മൈതാനിയില്‍ സ്ഥിരമായി എത്തുന്നവര്‍ക്ക് പ്രാപ്യനായ ഒരു ചിന്തകനായിരുന്നു.
അവര്‍ മൂന്നുപേരും പ്രധാനമായി ചര്‍ച്ച ചെയ്യുന്ന വിഷയം മതവും രാഷ്ട്രീയവും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമാണ്. ഒരുതരം രാഗദ്വേഷ ബന്ധം നമ്മുടെ സമൂഹത്തെ നയിക്കുന്ന ഈ രണ്ടു ധാരകളും തമ്മിലുണ്ട്. മതവും അതിന്റെ ആദര്‍ശങ്ങളും സമൂഹത്തെ നയിക്കാന്‍ ബാധ്യസ്ഥമാണ്; അതേസമയം അത് രാഷ്ട്രീയത്തില്‍ ഇടപെടുന്ന രീതിയെ സംബന്ധിച്ച് അന്നുമിന്നും പരാതിയുമുണ്ട്. മൂന്നു അഭിമുഖങ്ങളിലും നമ്മുടെ സമൂഹത്തിലെ ഏറ്റവും സവിശേഷവും ഇന്നും പ്രസക്തവുമായ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രതിഭാശാലിയായ മത -ദാര്‍ശനിക ചിന്തകനായ ഡോ. പൗലോസ് മാര്‍ പൗലോസിന്റെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണെന്നു കാണാം. അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന കാര്യം, ഇന്ത്യ പോലുള്ള വിവിധ മത-ധാര്‍മിക ധാരകള്‍ക്ക് പ്രാധാന്യമുള്ള സമൂഹത്തില്‍ മതവും രാഷ്ട്രീയവും പരസ്പരം ചേരാത്ത വ്യത്യസ്ത അറകളില്‍ സൂക്ഷിക്കപ്പെടണം എന്ന വാദം അപ്രസക്തവും നിരര്‍ഥകവുമാണെന്നാണ്. എന്നാല്‍ എങ്ങനെയാണ് അവ പരസ്പരം ബന്ധപ്പെടേണ്ടത് എന്ന കാര്യത്തിലാണ് തര്‍ക്കം. അത് താല്‍ക്കാലിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമ്മര്‍ദ സംവിധാനം എന്ന നിലയിലായിക്കൂടാ എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മതങ്ങള്‍ അവയുടെ ധര്‍മബോധവും മാനുഷികമുഖവുമാണ് പൊതുസമൂഹത്തില്‍ പ്രസരിപ്പിക്കേണ്ടത്. സമൂഹത്തെയും രാഷ്ട്രീയത്തെയും മുന്നോട്ടു നയിക്കുന്ന ഒരു ധാര്‍മികശക്തി എന്ന നിലയിലാണ് അതിന്റെ പ്രാധാന്യം.
എന്നാല്‍ അതല്ല സമകാല ഇന്ത്യന്‍ സമൂഹത്തിലും കേരളീയ ജീവിതത്തിലും അനുഭവപ്പെടുന്ന യാഥാര്‍ഥ്യം. മൂന്നു പതിറ്റാണ്ട് മുമ്പും സ്ഥിതി അതുതന്നെയായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് ചൂണ്ടിക്കാണിക്കുന്നതു പോലെ ധര്‍മബോധമില്ലാത്ത രാഷ്ട്രീയവും സാമൂഹിക പ്രതിബദ്ധതയില്ലാത്ത മതവും ഒരേപോലെ സമൂഹത്തെ ആപല്‍ക്കരമായ വഴിയിലേക്കാണ് നയിക്കുക. മതം അധികാരപ്രാപ്തിക്കുള്ള എളുപ്പവഴിയായി മാറരുത്. ഇതേ ആശയങ്ങള്‍ തന്നെയാണ് ആദ്യം കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും പിന്നീട് കമ്യൂണിസ്റ്റുകാരോടൊപ്പവും പോരാടിയ ഫാദര്‍ വടക്കന്റെ വാക്കുകളിലും നമ്മള്‍ കേള്‍ക്കുന്നത്. ഒരു മുന്‍തലമുറ എങ്ങനെ നമ്മുടെ സമൂഹത്തെ നോക്കിക്കണ്ടു, അതിന്റെ ഭാവിയെ എങ്ങനെ അവര്‍ സങ്കല്‍പിച്ചെടുത്തു എന്നറിയാന്‍ ഈ സംഭാഷണങ്ങള്‍ ഉതകും. നമ്മള്‍ പിന്നീട് ഏതു വഴിയാണ് സഞ്ചരിച്ചത് എന്നൊരു ആലോചനക്കും അതു പ്രേരകമാകും.
ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന വൈക്കം മുഹമ്മദ്  ബഷീറുമായും ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, നിയമ സെക്രട്ടറിയായിരുന്ന സി. ഖാലിദ് എന്നിവരുമായുള്ള സംഭാഷണങ്ങളും വളരെ കാലികപ്രസക്തിയുള്ള, നീതിയും നിയമവ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങളും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. പൊതുവില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ രാജ്യത്തെ പൗരന് നീതി ഉറപ്പാക്കുന്നതില്‍ വിജയിച്ചുവോ എന്നതാണ്. നിഷേധാര്‍ഥത്തിലാണ് എല്ലാവരും മറുപടി പറയുന്നത്. എന്താണ് ഇന്ത്യന്‍ നിയമപരിപാലന, നീതിന്യായ രംഗത്തെ ഏറ്റവും ഗൗരവപൂര്‍ണമായ പ്രശ്നങ്ങള്‍, എന്തെല്ലാം പ്രതിസന്ധികളാണ്  ആ രംഗത്തു രാജ്യം അഭിമുഖീകരിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ അന്നുമിന്നും പ്രസക്തമാണ്. നീതി നിഷേധിക്കപ്പെടുക മാത്രമല്ല പൗരസമൂഹത്തിന് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം തന്നെ നഷ്ടപ്പെടുന്നതെങ്ങനെ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. അതില്‍ പ്രധാനം വിചാരണത്തടവുകാരുടെ പ്രശ്നമാണ്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ എണ്‍പതു ശതമാനത്തിലധികം പേരും വിചാരണാ തടവുകാരാണ് എന്ന് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് ഒരു കോടതിയും കുറ്റവാളികള്‍ എന്ന് വിധിയെഴുതിയിട്ടില്ലാത്ത മനുഷ്യര്‍. വിചാരണ കഴിയുമ്പോള്‍ അവരില്‍ ഇരുപതു ശതമാനത്തില്‍ താഴെ മാത്രം പേരാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്തതായി കോടതികള്‍ കണ്ടെത്തുന്നത്. അതായത് ഇന്നത്തെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പുലരുന്നത് നീതിയല്ല എന്നര്‍ഥം. അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിഷയം ഇതില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു; പക്ഷേ അതൊന്നും നീതിയുടെ കണ്ണു തുറപ്പിച്ചില്ല എന്ന് വയോധികനായ ജസ്യൂട്ട് പാതിരി സ്റ്റാന്‍ സ്വാമിയുടെ തടവിലെ മരണം നമ്മോട് വിളിച്ചു പറയുന്നു.
ഈ നിലയില്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന നിരവധി വിഷയങ്ങള്‍ ഈ താളുകളില്‍ ചര്‍ച്ചയാവുന്നു. പക്ഷേ ദിനപത്രങ്ങളിലെ സ്ഥലപരിമിതി  കാരണമാകാം എല്ലാം ഓടിച്ചൊന്ന് അവലോകനം ചെയ്തു പോവുക മാത്രമാണ് ഈ അഭിമുഖങ്ങളില്‍ കാണുന്ന രീതി. വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നു; എന്നാല്‍ അവയുടെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള  പരിശോധന നടക്കുന്നുമില്ല. പക്ഷേ അത്തരമൊരു പരിമിതി ഗൗരവമുള്ളതല്ല എന്നാണ് എന്റെ തോന്നല്‍. കാരണം  പൊതുവിഷയങ്ങളെപ്പറ്റി വായനക്കാരന് ഏകദേശ ധാരണ നല്‍കാനും ചിന്തിപ്പിക്കാനും വീണ്ടും അന്വേഷണത്തിന് പ്രേരിപ്പിക്കാനും ഉതകുന്നതാണ് ഇതില്‍ സ്വീകരിച്ച ശൈലി. മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയ പ്രൗഢമായ അവതാരിക പുസ്തകത്തിന് മാറ്റുകൂട്ടുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി