Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

പ്രഫ. അബ്ദുല്‍ഹമീദ് അബൂസുലൈമാന്‍ (1936-2021) വിദ്യഭ്യാസ മുന്നേറ്റത്തിന്റെ ധൈഷണിക നേതൃത്വം

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്‌

മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിനകത്തുള്ള വിശാലമായ സുല്‍ത്താന്‍ ഹാജി അഹ്മദ് ഷാ മസ്ജിദില്‍ ചില വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരങ്ങള്‍ക്ക് ശേഷം, പള്ളിയങ്കണത്തിന്റെ ഇടതുഭാഗത്ത് വന്ദ്യവയോധികനായ ഒരു മനുഷ്യന്‍ നമസ്‌കാരം കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിക്കുന്നതു കാണാം. സുസ്‌മേരവദനനായ ആ വലിയ മനുഷ്യനെ, ആദരവ് കലര്‍ന്ന സ്‌നേഹത്തോടെ ഹസ്തദാനം ചെയ്യുന്നതും കുശലം പറയുന്നതും അധികവും വിദ്യാര്‍ഥികളല്ല. മറിച്ച് യൂനിവേഴ്‌സിറ്റിയിലെ അറിയപ്പെടുന്ന പണ്ഡിതന്മാരും തലമുതിര്‍ന്ന പ്രഫസര്‍മാരുമാണ്. സര്‍വാദരണീയനായ ഈ വ്യക്തി ആരെന്നല്ലേ, ഇന്ന് നാം കാണുന്ന മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ശില്‍പിയും അതിന്റെ മുന്‍ റെക്ടറുമായ അബ്ദുല്‍ഹമീദ് അബൂ സുലൈമാന്‍.
പ്രഫ. അബ്ദുല്‍ഹമീദ് അബൂസുലൈമാനെ നേരിട്ട് കാണുന്നതിനും കുറേ മുമ്പുതന്നെ അദ്ദേഹത്തിന്റെ പേര് മനസ്സില്‍ ഇടംപിടിച്ചിരുന്നു. കൃത്യമായിപറഞ്ഞാല്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആ പേര്. ആധുനികതയും ഇസ്‌ലാമിക വാസ്തുശില്‍പകലയും സമന്വയിക്കുന്ന International Islamic University Malaysia (IIUM)യുടെ മനോഹാരിതയും കാമ്പസിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഷാ മസ്ജിദിന്റെ പ്രൗഢിയും കാണുന്ന ഏതൊരാളിലും അതിന്റെ പിന്നിലെ ശില്‍പിയാര് എന്നറിയാനുള്ള ജിജ്ഞാസയുണ്ടാക്കും. IIUMന്റെ ശില്‍പി എന്ന നിലക്കാകും അബ്ദുല്‍ഹമീദ് അബൂസുലൈമാനെ കാമ്പസിലെത്തുന്ന നവാഗത വിദ്യാര്‍ഥി അറിഞ്ഞുതുടങ്ങുക. എന്നാല്‍, യൂനിവേഴ്‌സിറ്റി റെക്ടര്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പണ്ഡിതന്‍, പരിഷ്‌കര്‍ത്താവ്, സംഘാടകന്‍, ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജിന്റെ പ്രയോക്താവ് തുടങ്ങി നിരവധി നിലകളില്‍ പിന്നീട് അബ്ദുല്‍ഹമീദ് അബൂസുലൈമാനെ കൂടുതല്‍ അടുത്തറിയാനാകും. ഇക്കഴിഞ്ഞ ആഗസ്റ്റ് 18-ന് രിയാദിലെ ദല്ലാഹ് ആശുപത്രിയില്‍ വെച്ച് ഇഹലോകവാസം വെടിയുമ്പോള്‍ അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ആഗോള മുസ് ലിം സമൂഹത്തിന്റെ വിദ്യഭ്യാസ പുരോഗതിക്കു വേണ്ടി അക്ഷീണം യത്‌നിച്ച ക്രാന്തദര്‍ശിയായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.  
1936-ല്‍ മക്കയില്‍ ജനിച്ച അബ്ദുല്‍ഹമീദ് ബൗദ്ധിക-കര്‍മ മണ്ഡലങ്ങളില്‍ ഇസ്‌ലാമിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദവും പോളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍നിന്ന് 1973-ല്‍ ഇന്റര്‍നാഷ്‌നല്‍ റിലേഷന്‍സില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി. 
സ്വദേശമായ സുഊദി അറേബ്യയില്‍ സ്റ്റേറ്റ് പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1973 മുതല്‍ 1979 വരെ വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ (WAMY) സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു. Association of Muslim Social Scientists (AMSS) എന്ന ആഗോള വേദിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം 85 മുതല്‍ 87 വരെ അതിന്റെ നേതൃനിരയിലുമുണ്ടായിരുന്നു. ഇന്ന് ആഗോളതലത്തില്‍ പ്രശസ്തമായ Muslim Students’ Association of the United States and Canada (MSA),  The International Institute of Islamic Thought (IIIT), World Assembly of Muslim Youth (WAMY) തുടങ്ങിയ അന്താരാഷ്ട്ര മുസ്‌ലിം സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ഹമീദ് അബൂസുലൈമാന്‍.

വൈജ്ഞാനിക സംഭാവനകള്‍

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ പോലുള്ള ചിന്തകര്‍ തുടങ്ങിവെച്ച വിജ്ഞാനത്തിന്റെ ഇസ്‌ലാമികവത്കരണം (Islamization of Knowledge), തിയറി എന്ന നിലയിലും സ്വതന്ത്ര വിജ്ഞാനശാഖ എന്ന നിലയിലും ഏറെ വികസിപ്പിച്ച പണ്ഡിതന്മാരായിരുന്നു സയ്യിദ് നഖീബ് അല്‍ അത്ത്വാസും ഇസ്മാഈല്‍ റാജീ ഫാറൂഖിയും. ഈ ആശയത്തിന്റെ താത്ത്വികാടിത്തറകള്‍ വികസിപ്പിക്കുന്നതിലായിരുന്നു ഈ രണ്ടു പണ്ഡിതന്മാരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍, പുതിയ കാലത്ത് അതിന്റെ പ്രയോഗവല്‍ക്കരണമായിരുന്നു അബ്ദുല്‍ഹമീദ് അബൂസുലൈമാന്റെ വിഷയം. തഥാവശ്യാര്‍ഥം അദ്ദേഹം എഴുതിയ കൃതികളാണ് Islamization of Knowledge: A Look Ahead- the Next Ten years, Islamization: Reforming Contemporary Knowledge എന്നിവ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ കൂടി പരിഗണിച്ച്, വിജ്ഞാനങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ ആധുനിക യൂനിവേഴ്‌സിറ്റിയാവുകയായിരുന്നു അതിലൂടെ IIUM. മെഡിസിന്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ പോലുള്ള വിജ്ഞാനമേഖലകളെ, ഭൗതികതയില്‍ ഊന്നിയ പടിഞ്ഞാറന്‍ മൂല്യസങ്കല്‍പ്പത്തില്‍നിന്ന് മുക്തമാക്കി, ഇസ്‌ലാമികവല്‍ക്കരിക്കുന്നതില്‍ പരിമിതമായിരുന്നില്ല അദ്ദേഹത്തിന്റെയും കൂട്ടരുടെയും പരിശ്രമങ്ങള്‍. വെളിപാടുകളില്‍ അധിഷ്ഠിതമായ വിജ്ഞാനങ്ങളെ കാലഘട്ടത്തിനനുസരിച്ച് പ്രസക്തമാക്കുന്നതും (Releventization) ഇതിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിക ലോകത്തെ പഴയതും പുതിയതുമായ ഏതെങ്കിലും മദ്ഹബുകളോടോ ചിന്താസരണികളോടോ പ്രത്യേക ചായ്‌വോ, അകല്‍ച്ചയോ ഇല്ലാതെ അവയെ നിഷ്പക്ഷമായി പഠിക്കാനുള്ള അവസരം കൂടിയാണ് IIUM വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ തുറന്നിട്ടത്. ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന മലേഷ്യന്‍ പാരമ്പര്യ മുസ്‌ലിംകള്‍ക്ക്, അതുവരെ 'പ്രതിസ്ഥാന'ത്ത് പ്രതിഷ്ഠിച്ചിരുന്ന ഇമാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം പോലുള്ള പണ്ഡിതന്മാരെയും അവരുടെ രചനകളെയും അക്കാദമികമായി പഠിക്കാനുള്ള അവസരം അങ്ങനെ തുറന്നുകിട്ടി. മലേഷ്യയിലെ മറ്റു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളും പിന്നീട് ഈ രീതി ഏറ്റെടുക്കുകയായിരുന്നു. മദ്ഹബുകളെയും ചിന്താ പ്രസ്ഥാനങ്ങളെയും സ്വതന്ത്രവും നിഷ്പക്ഷവും സന്തുലിതവുമായ വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ പര്യാപ്തമാക്കുന്നതായിരുന്നു ഈ രീതിശാസ്ത്രം. ഇന്റര്‍നാഷ്‌നല്‍ റിലേഷന്‍സ്, വിദ്യാഭ്യാസ പരിഷ്‌കരണം, ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് തുടങ്ങിയ മേഖലകളില്‍ പതിമൂന്നോളം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രണ്ട് ഗ്രന്ഥങ്ങളാണ് Crisis in the Muslim Mind-Dw The Quranic Worldview: A Springboard for Cultural Reform-ഉം. 

മികച്ച സംഘാടകന്‍

വൈജ്ഞാനിക സംഭാവനകള്‍ക്കപ്പുറം, മികച്ച സംഘാടകന്‍ നേതാവ് കൂടിയായിരുന്നു അബ്ദുല്‍ഹമീദ് അബൂസുലൈമാന്‍. കരിയറിന്റെ തുടക്കകാലത്തുതന്നെ 'വമി'യുടെ നേതൃരംഗത്തെ പ്രവൃത്തിപരിചയം, പില്‍ക്കാലത്ത് IIUM റെക്ടര്‍ എന്ന നിലയിലും യു.എസ്.എയിലെ Herndon ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന International Institute of Islamic Thought-ന്റെ അധ്യക്ഷന്‍ എന്ന നിലയിലും സംഘാടന മികവ് കാഴ്ച വെക്കാന്‍ അദ്ദേഹത്തെ തുണച്ചു. 
IIUMനെ ആധുനിക യൂനിവേഴ്‌സിറ്റിയായി വികസിപ്പിക്കുന്നതില്‍ അബ്ദുല്‍ഹമീദിന്റെ സംഭാവനകള്‍ നിസ്തുലമാണ്. 1988 മുതല്‍ 1999 വരെ അദ്ദേഹം യൂനിവേഴ്‌സിറ്റി റെക്ടറായിരുന്ന കാലത്താണ് ഗള്‍ഫ്, യൂറോപ്പ്, വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെല്ലാം നിരവധി വിദ്യാര്‍ഥികള്‍ അവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയത്. ലോകത്തിന്റെ പല കോണുകളിലുള്ള പ്രഗത്ഭരായ ഇസ്‌ലാമിക പണ്ഡിതന്മാരെയും പ്രഫസര്‍മാരെയും കകഡങവിലേക്ക് കൊണ്ടുവരുന്നതിലും ഇസ്‌ലാമിക വിഷയങ്ങളുടെ ഒരു ഹയര്‍ ലേണിംഗ് ഹബായി മലേഷ്യയെ പരിവര്‍ത്തിപ്പിക്കുന്നതിലും അബ്ദുല്‍ഹമീദിന് ചെറുതല്ലാത്ത പങ്കുണ്ട്. പാശ്ചാത്യലോകത്തെ പ്രശസ്ത യൂനിവേഴ്‌സിറ്റികളെ മാതൃകയാക്കി കകഡങല്‍ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുങ്ങുന്നതും അബ്ദുല്‍ഹമീദ് റെക്ടറായിരുന്ന കാലത്തായിരുന്നു. ആധുനിക സംവിധാനങ്ങളും പ്രഫഷനലിസവും കൊണ്ടുവന്നപ്പോള്‍ തന്നെ, ഇസ്‌ലാമിന്റെ ആത്മാവും ചിഹ്നങ്ങളും യൂനിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും കൊണ്ടുവരാന്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തി. ഇസ്‌ലാമിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പള്ളിയെ കേന്ദ്രബിന്ദുവാക്കിയാണ് അബ്ദുല്‍ഹമീദ് യൂനിവേഴ്‌സിറ്റിക്ക് രൂപകല്‍പന നടത്തിയത്. യൂനിവേഴ്‌സിറ്റിയുടെ മധ്യഭാഗത്ത് അതിവിശാലമായ പള്ളിയും അധികം അകലെയല്ലാതെ പുതിയതും പഴയതുമായ ഗ്രന്ഥങ്ങളുടെ കലവറയായ 'ബൈത്തുല്‍ ഹിക്മ' എന്ന പേരില്‍ ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. മസ്ജിദിന്റെ ചുറ്റുമുള്ള വിവിധ കുല്ലിയ്യകളും അവക്ക് കീഴിലെ ഉപവിഭാഗങ്ങളുമൊക്കെ മുസ്‌ലിം സമൂഹത്തില്‍ പള്ളിയുടെ സ്ഥാനം വിഭാവനം ചെയ്യുന്നതാണ്. വിശാലമായ 700 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് യൂനിവേഴ്‌സിറ്റി കാമ്പസും മഹല്ലകള്‍ എന്ന പേരിലുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങളും.   
എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായതു മുതല്‍ മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക വളര്‍ച്ചക്കും പരിഷ്‌കരണത്തിനും വലിയ സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്(IIIT). അറബിയിലും ഇംഗ്ലീഷിലുമായി അതിറക്കിയ അറുപതിലധികം വരുന്ന കനപ്പെട്ട ഗ്രന്ഥങ്ങള്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക വളര്‍ച്ചയുടെ മാപിനികളാണ്. 2016-ല്‍ ത്വാഹാ ജാബിര്‍ അല്‍വാനിയുടെ വിയോഗത്തോടെ കകകഠയുടെ ചെയര്‍മാനായി അബ്ദുല്‍ഹമീദ് അബൂസുലൈമാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് IIIT. അബ്ദുല്‍ഹമീദ്, അതിന്റെ അധ്യക്ഷനായിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിപ്പോന്നിരുന്നു. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതത്രയും ചെയ്തുതീര്‍ത്തിട്ടാണ് ആ മനീഷി വിട വാങ്ങിയത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി