Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

സയ്യിദ് അലി ഷാ ഗീലാനി നഷ്ട സ്വപ്‌നങ്ങളുമായി മടക്കയാത്ര

എ.ആര്‍

1975 മാര്‍ച്ചില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ജമ്മു-കശ്മീര്‍ നിയമസഭാംഗം സയ്യിദ് അലി ഷാ ഗീലാനി സമാഗതനായപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്നദ്ദേഹം വിഘടനവാദം ഉയര്‍ത്തുകയോ ഹുര്‍രിയത് കോണ്‍ഫറന്‍സ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞയെടുത്താണ് നിയമസഭാംഗമായതും. ശുദ്ധ ഉര്‍ദുവിലായിരുന്നു സംസാരം. പിന്നീടെപ്പോഴോ ദല്‍ഹിയില്‍ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനു ശേഷം ആളുകള്‍ ഒരാളെ പൊതിഞ്ഞത് കണ്ണില്‍പെട്ടു. അന്വേഷിച്ചപ്പോള്‍ അത് ഗീലാനിയായിരുന്നുവെന്ന് മനസ്സിലായി. ജയിലിനു പുറത്തു വെച്ച് അദ്ദേഹത്തെ അപൂര്‍വമായേ കാണാറുള്ളൂ എന്ന് ഒരു സുഹൃത്ത് അനുസ്മരിക്കുകയും ചെയ്തു. 2021 സെപ്റ്റംബര്‍ ഒന്ന് ബുധനാഴ്ച രാത്രി ശ്രീനഗറിലെ ഹൈദര്‍പോരയിലെ വസതിയില്‍ 92-ാമത്തെ വയസ്സില്‍ ദിവംഗതനായ ഗീലാനിയുടെ മയ്യിത്ത് വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഖബ്‌റടക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത് മരണവാര്‍ത്ത കശ്മീരിനെയാകെ ഇളക്കിമറിക്കാനുള്ള സാധ്യതയാണ്. ഖബ്‌റടക്കത്തില്‍ അടുത്ത ബന്ധുക്കളെപ്പോലും പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വന്‍ പ്രതിഷേധവും ഹര്‍ത്താലും നടന്നു. മരണം സംഭവിച്ച ഉടനെ ഇന്റര്‍നെറ്റ് സംവിധാനമാകെ സര്‍ക്കാര്‍ നിശ്ചലമാക്കിയിരുന്നു. ജീവിച്ചിരുന്ന കാലമത്രയും സര്‍ക്കാരിനും പോലീസിനും തലവേദനയായിരുന്നല്ലോ ഈ വിഘടന വാദി നേതാവ്. ജമ്മു-കശ്മീരിന്റെ ഭാഗധേയം ഹിതപരിശോധനയിലൂടെ നിര്‍ണയിക്കാമെന്ന് ഐക്യരാഷ്ട്രസഭക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതു വരെ ഇന്ത്യയുമായുള്ള ലയനം അംഗീകരിക്കാനാവില്ലെന്ന് ഉറച്ച നിലപാടെടുത്ത ഗീലാനി ആള്‍ പാര്‍ട്ടീസ് ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ 2020 ജൂണ്‍ വരെ തുടര്‍ന്നു. 2019 ആഗസ്റ്റില്‍ മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് മരവിപ്പിച്ചു, നിയമസഭ പിരിച്ചുവിട്ടു, ജമ്മു-കശ്മീര്‍, ലഡാക്ക് മേഖലകളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചതിനെതിരെ ഹുര്‍രിയത്ത് നിസ്സഹായമായതിനെ തുടര്‍ന്നായിരുന്നു രാജി.
കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സൂരിമന്‍സ് ഗ്രാമത്തില്‍ പാവപ്പെട്ട ഒരു കുടുംബത്തില്‍ 1929-ല്‍ പിറന്ന അലിഷാ ഗീലാനി പ്രാദേശിക മദ്‌റസാ പഠനത്തിനു ശേഷം പാകിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറില്‍, കശ്മീരിലെ സുസമ്മതനായ നേതാവ് ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ വിശ്വസ്ത സുഹൃത്ത് മൗലാനാ സഈദ് മസൂദിയുടെ കീഴിലാണ് തുടര്‍പഠനം നടത്തിയത്. വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിക വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. സ്വദേശത്ത് തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. 1950-കളിലാണ് അദ്ദേഹം ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും അതിന്റെ നേതൃനിരയിലേക്കുയര്‍ന്നതും. വശ്യവും ചടുലവുമായ വ്യക്തിത്വം ഗീലാനിക്ക് വളരെ വേഗം ജനസമ്മിതി നേടിക്കൊടുത്തു. ജമ്മു-കശ്മീരിന്റെ ഭാഗധേയത്തെ ചൊല്ലി ഇന്ത്യയും പാകിസ്താനും കാലാകാലങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയ സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലെയും ജമാഅത്തെ ഇസ്‌ലാമി പ്രസ്ഥാനവുമായി ബന്ധപ്പെടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്. ഇന്ത്യയുമായുള്ള ലയനത്തെ ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചുവെങ്കിലും അത് താല്‍ക്കാലികമാണെന്നും അന്തിമ തീരുമാനം ഇരുരാജ്യങ്ങളും ഒരൊത്തുതീര്‍പ്പിലെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നുമായിരുന്നു സംഘടനയുടെ നിലപാട്. ജമ്മു-കശ്മീര്‍ നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ സംഘടന പങ്കെടുക്കുകയും ചെയ്തുവന്നു. 1971-ലും 1977-ലും 1987-ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സയ്യിദ് അലി ഷാ ഗീലാനി ഇടക്കാലത്ത് ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുകയായിരുന്നു. ഇലക്ഷനില്‍ നടന്ന വ്യാപകമായ അഴിമതിയും അട്ടിമറിയുമാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് അതിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഇടക്കിടെ കശ്മീരിലെ ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകളുടെ പിന്നില്‍ പലപ്പോഴും ഗീലാനി ആയിരുന്നു, അദ്ദേഹത്തിന്റെ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ മിക്കപ്പോഴും ജനം ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. 'ദ മാന്‍ ഓഫ് ഹര്‍ത്താല്‍' എന്ന അപരനാമവും ഗീലാനിക്ക് ലഭിച്ചത് തന്മൂലമാണ്. എന്നാല്‍ 2014-ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജനം ചെവിക്കൊണ്ടില്ലെന്നതിന് തെളിവായി 64 ശതമാനം പോളിംഗ് ചൂണ്ടിക്കാണിക്കപ്പെടുന്നു്.
1990-ല്‍ അദ്ദേഹം മുന്‍കൈയെടുത്ത് ആള്‍ പാര്‍ട്ടീസ് ഹുര്‍രിയത് കോണ്‍ഫറന്‍സ് രൂപവത്കരിക്കുകയും സംഘത്തിന്റെ ആജീവനാന്ത അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ വിഘടന പ്രസ്ഥാനം പൂര്‍വാധികം ശക്തിപ്പെട്ടു. എന്നാല്‍ സ്വതന്ത്ര കശ്മീര്‍വാദത്തെയോ പാകിസ്താന്‍ അനുകൂല നിലപാടിനെയോ അംഗീകരിക്കാന്‍ വിസമ്മതിച്ച ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ഗീലാനിക്ക് വിഛേദിക്കേണ്ടിവന്നു. കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ഗീലാനിയാകട്ടെ 'ആസാദി'(സ്വതന്ത്ര കശ്മീര്‍വാദം)യെ തള്ളിക്കളഞ്ഞിരുന്നു. അതേസമയം ഭിന്ന വീക്ഷണഗതിക്കാരായ കക്ഷികളടങ്ങുന്ന ഹുര്‍രിയത്ത് കോണ്‍ഫറന്‍സി (ഹുര്‍രിയത് എന്നാല്‍ സ്വാതന്ത്ര്യം എന്നാണര്‍ഥം)ന്റെ സര്‍വസമ്മതനായ നേതാവായി ഗീലാനി തുടരുകയും ചെയ്തു. ശൈഖ് മുഹമ്മദ് അബ്ദുല്ലക്കു ശേഷം കശ്മീരികളുടെ വിശ്വാസവും ആദരവും പിടിച്ചുപറ്റിയ മറ്റൊരു ജനകീയ നേതാവ് ഗീലാനിയല്ലാതെ മറ്റൊരാളില്ല എന്നാണ് സാമാന്യമായ വിലയിരുത്തല്‍. മഖ്ബൂല്‍ ഭട്ടിനെയോ അഫ്‌സല്‍ ഗുരുവിനെയോ പോലെ തൂക്കുമരത്തിലേറാതെ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഈ ജനസമ്മതിയാവാം. ഇലക്ഷന്‍ അട്ടിമറി മൂലം പരാജയം രുചിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദ് സ്വലാഹുദ്ദീന്‍ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന മിലിറ്റന്റ് സംഘം രൂപവത്കരിച്ച് ഇന്ത്യന്‍ പട്ടാളവുമായി നിരന്തരം ഏറ്റുമുട്ടുന്നുവെങ്കിലും മിലിറ്റന്‍സിയെ ഗീലാനി അനുകൂലിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സായുധ സമരത്തെ അദ്ദേഹം തള്ളിപ്പറയുകയായിരുന്നു. 2010-ല്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഗീലാനിക്ക് ശേഷജീവിതത്തിന്റെ സിംഹഭാഗവും തടങ്കലില്‍ കഴിയേണ്ടിവന്നു. 2015-ല്‍ ജിദ്ദയില്‍ അധ്യാപികയായ തന്റെ മകള്‍ ഫര്‍ഹത്തിനെ സന്ദര്‍ശിക്കാന്‍ ഗീലാനി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചുവെങ്കിലും പൗരത്വകോളം പൂരിപ്പിക്കാതെ വിട്ടതിനാല്‍ നിരസിക്കപ്പെട്ടു. രണ്ടു മാസം കഴിഞ്ഞ് ഇന്ത്യന്‍ പൗരനെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തിയ ശേഷമാണ് പാസ്‌പോര്‍ട്ട് അനുവദിക്കപ്പെട്ടത്. 2019 ആഗസ്റ്റില്‍ ജമ്മു-കശ്മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കി അതിനെ ര് മേഖലകളായി തിരിച്ച് കേന്ദ്രഭരണത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ കശ്മീരില്‍ എല്ലാവിധ സംഘടനാ പ്രവര്‍ത്തനങ്ങളും നിശ്ശേഷം തടയപ്പെട്ടു. അതിനു മുമ്പേ വിഘടനവാദം ആരോപിച്ച് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയും ജെ.കെ.എല്‍.എഫും നിരോധിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളം മികച്ച സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും നടത്തിവരികയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. 
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരേതനായ മുന്‍ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിനെപ്പോലെ പ്രമുഖ അമുസ്‌ലിം വ്യക്തികളുമായി പരിചയപ്പെടുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ സമ്മാനിക്കുന്ന പതിവ് സയ്യിദ് അലി ഷാ ഗീലാനിക്കുമുണ്ടായിരുന്നു. ഖുര്‍ആനികാധ്യാപനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഇസ്‌ലാമിക സ്റ്റേറ്റ് അദ്ദേഹം പാകിസ്താനിലും കശ്മീരിലും സ്വപ്‌നം കണ്ടു. എന്നാല്‍ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം അസാധ്യമോ അതിവിദൂരമോ ആണെന്ന് സമ്മതിക്കാന്‍ അദ്ദേഹത്തിനായില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട കശ്മീര്‍ വിഘടനവാദത്തിന്റെ ബാക്കിപത്രം അനേകായിരം നിരപരാധികളുടെ ജീവഹാനിയും സ്ത്രീകളുടെ മാനഭംഗവും അസ്വസ്ഥപൂര്‍ണമായ ജീവിതവുമല്ലേ എന്ന ചോദ്യത്തിന് മഹത്തായ ഒരു ലക്ഷ്യത്തിന് ചിലതൊക്കെ സഹിക്കേണ്ടിവരും എന്നായിരുന്നു ഗീലാനിയുടെ മറുപടി. ജമ്മു-കശ്മീരിന് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളുടെ പദവിയെങ്കിലും ലഭിച്ചെങ്കില്‍ എന്ന് കശ്മീരികള്‍ മോഹിക്കുന്ന വര്‍ത്തമാനകാലത്ത് ഗീലാനിയുടേതു പോലുള്ള സ്വപ്‌നങ്ങള്‍ പകല്‍ക്കിനാവിനും അപ്പുറത്താണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി