Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 17

3218

1443 സഫര്‍ 10

കേരളത്തില്‍ താലിബാന് നേരവകാശികളോ?

ഡോ. ബദീഉസ്സമാന്‍

മുസ്‌ലിം സംഘടനകളെ കുറിച്ചും അവരുടെ മുന്‍കൈയിലുള്ള സംവിധാനങ്ങളെ കുറിച്ചും എത്ര വിഷലിപ്തമായ പ്രചാരണം നടത്തുന്നതിനും ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ സൗകര്യമുണ്ട്. രാഷ്ട്രീയ-സാമൂഹിക രംഗത്ത് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ മുസ്‌ലിം പശ്ചാത്തലമുള്ളവരാണെങ്കില്‍ അവരെ വേട്ടയാടാന്‍ അവര്‍ ദേശവിരുദ്ധരാണെന്നും അന്തര്‍ദേശീയ തലത്തിലെ ഭീകരസംഘടനകളുടെ വക്താക്കളാണെന്നും ചിത്രീകരിക്കുകയാണ് എളുപ്പവഴി. ദേശീയ സാഹചര്യത്തില്‍ സംഘ് പരിവാര്‍ ഉപയോഗിക്കുന്ന ഈ കുതന്ത്രം കേരളത്തില്‍ സി.പി.എമ്മും അവരുടെ വക്താക്കളുമാണ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലെ മതചിഹ്നങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ഏത് മുസ്‌ലിമും ഒരു പൊട്ടന്‍ഷ്യല്‍ താലിബാന്‍ സപ്പോര്‍ട്ടറോ ഐ.എസ് സ്ലീപ്പര്‍ സെല്‍ അംഗമോ ആകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അപകടകരമായ നരേഷന്‍ സൃഷ്ടിച്ചെടുക്കുകയാണ് മാര്‍ക്‌സിസ്റ്റ് സഹയാത്രികരും പ്രസിദ്ധീകരണങ്ങളും.
കേരളത്തില്‍ താലിബാന്‍ അനുകൂലികളുണ്ടെന്നും അവരെ എതിര്‍ക്കുന്നതിനെ ഇസ്‌ലാമോഫോബിയ എന്ന് വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഇടത് പ്രൊഫൈലുകളുടെ പ്രചാരണം.  കേരളത്തിലെ മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളോ പ്രസ്താവനകളോ നിരീക്ഷിക്കുന്ന ഒരാള്‍ക്കും താലിബാന്‍ അനുകൂല സമീപനങ്ങള്‍ കാണാനാവുന്നില്ല. വെടിയൊച്ചകളും ബോംബ് സ്‌ഫോടനങ്ങളും നിലക്കാത്ത അഫ്ഗാനിസ്താനില്‍ മൂന്ന് മാസം കൊണ്ട് താലിബാന്‍ കാബൂളിലെത്തും എന്നറിഞ്ഞുതന്നെ അമേരിക്കന്‍ സേന പിന്‍വാങ്ങുമ്പോള്‍ സാമ്രാജ്യത്വ നരാധമത്വത്തിന് പകരം '92-96 കാലത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് അഫ്ഗാന്‍ എടുത്തെറിയപ്പെടുമോ എന്നായിരുന്നു ആശങ്ക. നമ്മള്‍ എന്താഗ്രഹിച്ചാലും താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ച സ്ഥിതിക്ക്,  താലിബാന്‍ ഭരണം പഴയകാലത്തില്‍നിന്ന് ഭിന്നമായി അഫ്ഗാനിസ്താനില്‍ ഒരു മാറ്റത്തിന്റെ അവസ്ഥ കൊണ്ടുവരുമോ എന്ന് കാത്തിരുന്നു കാണണം എന്ന അഭിപ്രായം പറയുന്നവരുണ്ട് എന്നത് ശരിയാണ്. ഇങ്ങനെ പറയുന്നവരോട് താലിബാന്‍ പിടിച്ച കാബൂളില്‍നിന്ന് ഒരു നന്മയും പ്രതീക്ഷിക്കരുത് എന്നും അത്തരം സംസാരം പോലും താലിബാന്‍ അനുകൂലമാണ് എന്നുമാണ് ഇടത് ലിബറല്‍ വാദം. 
ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിക്കുന്നു എന്ന വ്യാജേന മുസ്‌ലിം ആചാര സമ്പ്രദായങ്ങളില്‍ തന്നെ താലിബാന്‍ സാധ്യത കണ്ടെത്തി മുസ്‌ലിം അപരവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുകയാണ് ഇടതുപക്ഷാനുകൂലികളായി പ്രത്യക്ഷപ്പെടുന്ന പലരും. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ആചാര സമ്പ്രദായങ്ങളെയാണ് ഇവര്‍ താലിബാന്‍ -ജമാഅത്ത് ഇക്വേഷന്‍ മറവില്‍ സംശയത്തിലാക്കി അസ്വസ്ഥത സൃഷ്ടിക്കുന്നത്.  മുസ്‌ലിം സമുദായത്തില്‍നിന്ന് ആരെങ്കിലും നിങ്ങളെന്താ ഇസ്ലാമിനെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ ഇസ്ലാമിനെയല്ല, ജമാഅത്തിനെയാണ് എതിര്‍ക്കുന്നത് എന്നു പറഞ്ഞ് ഒഴിയാം എന്നതാണ് ഈ തന്ത്രത്തിന്റെ സൗകര്യം. ജമാഅത്തിനെയാണല്ലോ പറയുന്നത്,  തങ്ങളെയല്ലല്ലോ എന്ന സമാധാനത്തില്‍ തങ്ങളെ രാഷ്ട്രീയമായി പിന്തുണക്കുന്ന മുസ്‌ലിംകളുടെ പിന്തുണ പ്രശ്‌നരഹിതമായി തുടരുകയും ചെയ്യും. 
യഥാര്‍ഥത്തില്‍ ഇവര്‍ കയറുന്നത് ഇസ്ലാമിക ആചാരങ്ങളുടെ നെഞ്ചത്താണ് എന്നതിന് ഉദാഹരണമായി പ്രമോദ് പുഴങ്കര എന്നയാളുടെ പോസ്റ്റ് കാണാം. കാസര്‍കോട് ഭാഗങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് വളരെ നേരത്തേ പതിവുള്ളതാണ്. പക്ഷേ അവിടെ കാന്തപുരം ഗ്രൂപ്പ് സമസ്ത നടത്തുന്ന ഒരു അറബിക്കോളേജ് പരസ്യത്തില്‍ ബുര്‍ഖയിട്ട പെണ്‍കുട്ടിയുടെ ചിത്രം ചേര്‍ത്തത് ചൂണ്ടിയാണ് പ്രമോദ് പുഴങ്കര കേരളത്തിലെ താലിബാന്‍ സാധ്യത ചിത്രീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന കര്‍മശാസ്ത്ര സരണി (മദ്ഹബ്) ആണ് ഹനഫീ സ്‌കൂള്‍. അതിന്റെ രീതിയനുസരിച്ച് അന്യ പുരുഷന്മാരുമായി ഇടപഴകുന്ന സ്ത്രീകള്‍ മുഖം മറക്കണമെന്നുണ്ട്.   അവരോട് സംസാരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷന്റെ ചിത്രമാണ് താലിബാന്‍ സ്വാധീനത്തിന് ഏറെ ഷെയര്‍ ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രമോദ് തെളിവായി കൊടുത്തത്. ഇത് കാണുന്ന മുസ്‌ലിമേതര സമുദായങ്ങള്‍ക്ക് കിട്ടുന്ന സന്ദേശം എന്താണ്? മുസ്‌ലിംകള്‍, അവര്‍ കാന്തപുരം വിഭാഗമാകട്ടെ അല്ലെങ്കില്‍ ജമാഅത്തുകാരാവട്ടെ, താലിബാന്റെ ആശയവും ആചാരങ്ങളും കൊണ്ടുനടക്കുന്നവരാണ് എന്നല്ലേ?  നമ്മുടെ നാട്ടിലെ പല മുസ്‌ലിം വനിതാ സ്ഥാപനങ്ങളിലും ബുര്‍ഖ യൂനിഫോമായി സ്വീകരിച്ചിട്ടുണ്ട്. ഇവരൊക്കെ താലിബാന്‍ പിന്തുണക്കാരാണെന്ന ഭീതി പടര്‍ത്തുന്നത് സംഘ് പരിവാര്‍ ആഗ്രഹിക്കുന്ന സാമൂഹിക വിഭജനം ശക്തിപ്പെടുത്തലാണ്. അതിനാലാണ് താലിബാന്റെ ചെലവില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്ന് പറയുന്നത്. 

ജമാഅത്തെ ഇസ്‌ലാമിയും 
താലിബാനും തമ്മിലെന്ത്?

ഇസ്‌ലാം കേവലാര്‍ഥത്തിലുള്ള മതമല്ലെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയാണെന്നും പ്രബോധനം ചെയ്യുന്നുണ്ട് ജമാഅത്തെ ഇസ്‌ലാമി. ആചാരാനുഷ്ഠാനബന്ധിതമായ പാരമ്പര്യ മതസങ്കല്‍പനത്തില്‍നിന്ന് ഭിന്നമായി സാമൂഹിക-രാഷ്ട്രീയ മേഖലകളിലടക്കം മനുഷ്യനെ നിയന്ത്രിക്കുന്ന മൂല്യമണ്ഡലമാണ് ഇസ്‌ലാമെന്ന് അവര്‍ കരുതുന്നു.  അതിനാല്‍തന്നെ, മതനിരാസപരമായ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസവുമായും മാര്‍ക്‌സിസ്റ്റ് -ലെനിനിസം മാര്‍ഗമായി സ്വീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും അടിസ്ഥാനപരമായിത്തന്നെ ജമാഅത്തിന് പ്രശ്‌നങ്ങളുണ്ട്.
ഇതില്‍ നിന്നു കൊണ്ട് വിയോജിക്കാനും സംവാദം നടത്താനും രണ്ടു പക്ഷത്തിനും ഇഷ്ടംപോലെ പഴുതുകളുണ്ട്. സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ മതത്തിന്റെ ഇടപെടലിനെ പറ്റി നിരവധി സംവാദങ്ങള്‍ കമ്യൂണിസ്റ്റുകളും ജമാഅത്തും തമ്മില്‍ പേജിലും സ്റ്റേജിലുമായി കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുണ്ട്. പക്ഷേ, അത്തരം ആശയസംവാദങ്ങള്‍ക്കു പകരം സയണിസ്റ്റ് സാമ്രാജ്യത്വവും ഹിന്ദുത്വ ഫാഷിസവും നിര്‍മിച്ചെടുത്ത മുസ്‌ലിംവിരുദ്ധ പദാവലികള്‍ എടുത്തുപയോഗിക്കാനാണ് സി.പി.എമ്മും ഇടതു സഹയാത്രികരും  അടുത്തകാലത്തായി ശ്രമിക്കുന്നത്. ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ തങ്ങള്‍ക്ക് വിധേയരായി നില്‍ക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ ചൂണ്ടിപ്പറയുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ഇസ്‌ലാംവിരുദ്ധതയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണവര്‍.  സമൂഹത്തെ പൊതുവിലും മുസ്‌ലിം സമുദായത്തെ വിശേഷിച്ചും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ രക്ഷപ്പെടാനുള്ള എളുപ്പവഴി, അത് ജമാഅത്ത് ഗൂഢാലോചനയാണ് എന്ന് ചൂണ്ടിക്കാണിക്കലാണെന്ന് സി.പി.എം മനസ്സിലാക്കുന്നു. അതിന് ജമാഅത്തിനെ പൈശാചികവല്‍ക്കരിക്കല്‍ അത്യാവശ്യമാണ്.   ഈ ഉദ്ദേശ്യത്തിലാണ് പാര്‍ട്ടി നേതാക്കളും മാധ്യമവക്താക്കളും എന്തിലേക്കും അനാവശ്യമായി ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും വലിച്ചുകൊണ്ടുവരുന്നത്. 
ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥ എന്ന ആശയത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയില്‍ വിശദീകരിച്ചതിന് സയ്യിദ് മൗദൂദിയെയും അതിനു പ്രചാരം നല്‍കിയതിന് ജമാഅത്തിനെയും ഭൗതികവാദത്തിന്റെ പ്ലാറ്റ്‌ഫോമില്‍നിന്ന് വീക്ഷിക്കുമ്പോള്‍ വിമര്‍ശനമുന്നയിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് എത്രയും സ്‌പേസ് ഉണ്ട്. എന്നു കരുതി മൗദൂദിയെയോ അദ്ദേഹത്തിന്റെ സംഘടനയെയോ സായുധ പ്രവര്‍ത്തനവുമായോ അട്ടിമറി രാഷ്ട്രീയവുമായോ കൂട്ടിക്കെട്ടുന്നത് സത്യത്തെ തലകുത്തനെ നിര്‍ത്തലാണ്.
അധികാരം ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി കൈയാളപ്പെടുന്ന 'തിയോ ഡെമോക്രസി' എന്ന സങ്കല്‍പത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ അതിലേക്കുള്ള വഴി അട്ടിമറിയുടേതോ സായുധ സംഘര്‍ഷത്തിന്റേതോ ആയിക്കൂടെന്നും,  മനംമാറ്റത്തിലൂടെ സാമൂഹികമാറ്റം ഉണ്ടാകുന്ന രക്തരഹിത പരിവര്‍ത്തനത്തിലൂടെയാവണമെന്നും തുടക്കം മുതലേ മൗദൂദി നിഷ്‌കര്‍ഷിച്ചിരുന്നു എന്നത് നിഷേധിക്കാനാവില്ല. വിഭജനാനന്തരം തല്‍ക്കാലം കുടുങ്ങിപ്പോയതുകൊണ്ട് എടുത്തതാണ് ജമാഅത്തിന്റെ സമാധാന നിലപാട് എന്ന എതിരാളികളുടെ ആരോപണത്തെ ആ സംഘടനയുടെ ചരിത്രം അസന്ദിഗ്ധമായി നിഷേധിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കെട്ടുപാടുകളൊന്നും വന്നുചേരാത്ത കാലത്താണ് (1945),  'ഇസ്ലാമീ ഹുകൂമത് കിസ് തരഹ് ഖായിം ഹോതിഹെ' എന്ന പേരില്‍ പ്രസിദ്ധീകൃതമായ തന്റെ അലീഗഢ്  പ്രസംഗത്തില്‍ മൗദൂദി 'ഗൈര്‍ ഖാനൂനി ഇന്‍ഖ്വിലാബി'നെ കുറിച്ച് സംസാരിക്കുന്നത്. സ്വതന്ത്ര ദേശരാഷ്ട്രങ്ങളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം സായുധവിപ്ലവത്തെ കുറിച്ച് ആലോചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പോലും അത്തരമൊരു ഓപ്ഷന്‍ ആലോചിക്കാതിരുന്ന ഒരു സംഘത്തില്‍ ഒരു സായുധ മിലീഷ്യയുടെ ബന്ധുത്വം അന്വേഷിക്കുന്നത് വിവരക്കേട് കൊണ്ടല്ലെങ്കില്‍, അന്ധമായ രാഷ്ട്രീയ മുന്‍വിധികള്‍ കൊണ്ടാണ്.
പ്രബോധനം വാരികയില്‍ തൊള്ളായിരത്തി  എണ്‍പതുകളിലെ പ്രധാന ഇനമായിരുന്നു അഫ്ഗാന്‍ വാര്‍ത്തകളുടെ കവറേജ്.  സിബ്ഗത്തുല്ലാ മുജദ്ദിദിയും അബ്ദുര്‍റബ്ബ് റസൂല്‍ സയ്യാഫും ഗുല്‍ബുദ്ദീന്‍ ഹിക്മതിയാറും അഹ്മദ് ഷാ മസ്ഊദുമൊക്കെ ഇപ്രകാരം പരിചിതമായ നാമങ്ങളാണ്. പോളണ്ടിലെ സോളിഡാരിറ്റി നേതാവ് ലെക്‌വലേസയെപ്പോലെ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ വിരുദ്ധതയുടെ അഫ്ഗാന്‍ മുഖമായാണ് മുജാഹിദീന്‍ നേതാക്കളെ കണ്ടിരുന്നത്.  അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ആരോടെങ്കിലും ആഭിമുഖ്യമുണ്ടാക്കാമായിരുന്നെങ്കില്‍ അത് താലിബാന്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പുള്ള അഫ്ഗാന്‍ മുജാഹിദുകളോടാണ് എന്നാണ് എണ്‍പതുകളിലെ അവരുടെ പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും തോന്നിച്ചിരുന്നത്. അതേസമയം തന്നെ, കമ്യൂണിസ്റ്റ് പാവ ഭരണകൂടങ്ങള്‍ക്ക് അന്ത്യം കുറിച്ച് 1992-ല്‍ അഫ്ഗാനില്‍ മുജാഹിദുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ക്കു തോന്നിയ ആഹ്ലാദമൊക്കെ തുടര്‍ന്ന് നാലു വര്‍ഷങ്ങളില്‍ മുജാഹിദുകള്‍ക്കിടയിലെ രൂക്ഷമായ ആഭ്യന്തര യുദ്ധമുണ്ടാക്കിയ നിരാശയില്‍ ഇല്ലാതായി എന്നാണ് പില്‍ക്കാല റിപ്പോര്‍ട്ടിംഗുകളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക. എന്തായാലും എവിടെ നിന്നെന്നറിയാതെ 1996-ല്‍ അധികാരം പിടിച്ച താലിബാന്‍,  ജമാഅത്ത് വൃത്തങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കിയതായി അറിയില്ല. പതിറ്റാണ്ട് കാലത്തോളം തങ്ങള്‍ പ്രതീക്ഷാപൂര്‍വം നോക്കിക്കണ്ടിരുന്ന മുജാഹിദുകളെ പരാജയപ്പെടുത്തിയ താലിബാന്റെ മുന്നേറ്റത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തവിധം ആഭ്യന്തരയുദ്ധം ജമാഅത്തില്‍ അഫ്ഗാന്‍ വിഷയത്തില്‍ താല്‍പര്യനഷ്ടം ഉണ്ടാക്കി എന്നതാവാം കാരണം. അപ്പോള്‍ പിന്നെ ഈ താലിബാനെ ജമാഅത്തുമായി കൂട്ടിക്കെട്ടുന്നത് ഇസ്ലാമോഫോബിയക്കാലത്തെ താലിബാന്‍ ചാപ്പയുടെ മാര്‍ക്കറ്റ് കണ്ടുതന്നെയാണ്.
ഈ നുണ പ്രചാരണങ്ങളിലെ അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍, ജമാഅത്തിനെയല്ലേ പറയുന്നത്, അതിനെ ഇസ്‌ലാമോഫോബിയ ആക്കുന്നതെന്തിന് എന്നാണ് ചോദ്യം. എതിരാളികള്‍ എന്തൊക്കെ പറഞ്ഞാലും ആളുകള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു ജമാഅത്തെ ഇസ്‌ലാമിയുണ്ട്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിപ്പണിയാനാഗ്രഹിക്കുന്ന പ്രാക്ടീസിംഗ് മുസ്‌ലിംകളുടെ സംഘമാണ് അവര്‍ എന്ന പൊതുധാരണയാണ് എല്ലാവര്‍ക്കുമുള്ളത്. വ്യക്തിജീവിതത്തില്‍ മതപരമായ കാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്ന അവര്‍, ഇതര സമുദായങ്ങളോടും സമൂഹങ്ങളോടും തുറന്ന സമീപനം പുലര്‍ത്തുന്നവരാണ്. തങ്ങളുടെ മാധ്യമ- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രയാസലേശമന്യേ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമനുവദിക്കുന്നവരാണവര്‍. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക തുറവിയുടെ പ്രധാന മുഖമായി അനുഭവപ്പെടുന്ന ഇത്തരമൊരു കൂട്ടര്‍ പോലും താലിബാന്‍ പിന്തുണക്കാരും സ്ലീപ്പര്‍ സെല്ലുകളുടെ ഒളിയിടങ്ങളുമാണെന്ന് നിരന്തര പ്രചാരണം നടക്കുമ്പോള്‍ പിന്നെ ആരെയാണ് മുസ്‌ലിം സമുദായത്തില്‍ വിശ്വസിക്കാന്‍ കൊള്ളുക എന്നൊരു സംശയമുയരുകയും അത് സ്വാഭാവികമായും സമുദായത്തെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യും. ഇപ്രകാരം ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി ലിബറല്‍ മുഖങ്ങള്‍ നടത്തുന്ന ഭീതി പരത്തലിന്റെ പൂരിപ്പിക്കലാണ് സംഘ് പരിവാറും ചില ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകളും നടത്തിക്കൊണ്ടിരിക്കുന്നത്.

ഹോംവര്‍ക്ക് ചെയ്യാത്ത 
മുസ്‌ലിം 'വിദഗ്ധര്‍'

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചാവുമ്പോള്‍ എന്ത് നുണയും വിവരക്കേടും മടിയേതും കൂടാതെ വിളിച്ചുപറഞ്ഞ് വിദഗ്ധരാവാം എന്നതാണ് രണ്ടാംമോദി ഭരണക്കാലം പലര്‍ക്കും നല്‍കിയിട്ടുള്ള സൗകര്യം. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചാവുമ്പോള്‍ അതിന്റെ ചരിത്രവും അനുഭവവും നയനിലപാടുമിരിക്കട്ടെ, പേര് പോലും ശരിയായി പറയാന്‍ അറിയണമെന്നില്ല എന്ന നിലയാണ്.  സംഘടനയുടെ പേര് മുഴുവനായി പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി എന്ന് പറയുമെങ്കിലും ചുരുക്കിപ്പറയുമ്പോള്‍ ജമാഅത്ത് എന്നാണ് പറയേണ്ടത് എന്നത് ഈ ഏരിയ കൈകാര്യം ചെയ്യുന്നവന് ഉണ്ടാവേണ്ട പ്രാഥമിക അറിവാണ്. ഇീാാൗിശേെ ജമൃ്യേ ീള കിറശമ എന്നത് ചുരുക്കിപ്പറയുമ്പോള്‍ ുമൃ്യേ എന്ന് പറയാറുണ്ട്. അതിനു പകരം ുമൃ്യേ ീള എന്ന് പറയുന്നത് എത്ര വിലക്ഷണമാണോ, അത്ര ബോറാണ് ജമാഅത്ത് എന്നതിനെ 'ജമാഅത്തെ'   എന്ന് പറയുന്നതിലുമുള്ളത്.
മുസ്‌ലിം രാഷ്ട്രീയം, സാമൂഹികരംഗം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സവിശേഷമായും, മുസ്‌ലിംസമൂഹത്തിന്റെ ഉള്‍പ്പിരിവുകളെ കുറിച്ച് സാമാന്യ ധാരണ വേണം. ദയൂബന്ദി, സലഫി, ബറേല്‍വി, തബ്‌ലീഗ്, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി,  അഹ്ലേ ഹദീസ് തുടങ്ങിയവയൊക്കെ എന്താണെന്നും അവ തമ്മിലുള്ള ഇരിപ്പുവശം എന്താണെന്നുമൊക്കെ മനസ്സിലാക്കിയില്ലെങ്കില്‍ വമ്പന്‍ വിഡ്ഢിത്തങ്ങള്‍ ബുദ്ധിജീവി തിസീസുകളായി അവതരിപ്പിക്കപ്പെടും. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.  രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനു പകരം വിഷയങ്ങളെ സത്യസന്ധമായും ഒബ്ജക്ടീവായും കൈകാര്യം ചെയ്യുന്നവരെങ്കില്‍ കുറച്ചുകൂടി ഗൃഹപാഠം മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ 'താലിബാന്‍ കസിന്‍സി'നെ കണ്ടെത്താന്‍ അടിസ്ഥാന വിവരമില്ലാതെ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യവും അപകടം നിറഞ്ഞതുമാണ്. കാന്തപുരം സമസ്തയുടെ വനിതാ കോളേജുകളിലതാ മുഖംമറയ്ക്കുന്നു, അതിനാല്‍ അവര്‍ താലിബാനികളാണ്;  താലിബാന്‍ രാഷ്ട്രീയാധികാരത്തെ കുറിച്ച് സംസാരിക്കുന്നു, അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി അവരുടെ ക്ലോണ്‍ ആണ്;  താലിബാന്‍ ഖബ്ര്‍പൂജയെ എതിര്‍ക്കുന്നവരാണ്, അപ്പോള്‍ അവര്‍ സലഫികളാണ്; ദയൂബന്ദീ പാരമ്പര്യമെന്നല്ലേ പറയുന്നത്, അപ്പോള്‍ തബ്‌ലീഗാകാതെ തരമില്ല എന്നിങ്ങനെയുള്ള സൗകര്യപ്രദ നിഗമനങ്ങള്‍ നടത്തി ചര്‍ച്ച പൊടിപൊടിക്കുകയാണ്. ബന്ധപ്പെട്ടവരുടെ രാഷ്ട്രീയ വംശീയ മുന്‍വിധികള്‍ക്ക് സുഖവിരേചനം നല്‍കുമെന്നതല്ലാതെ മറ്റൊരു പ്രയോജനവുമില്ല എന്നു മാത്രമല്ല സാമൂഹിക രംഗത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് അത് തള്ളിവിടുകയും ചെയ്യും. 
മൗലാനാ ഫസ്ലുര്‍റഹ്മാന്റെ മദ്‌റസകളില്‍ പഠിച്ച ഹനഫീ മദ്ഹബ് പിന്തുടരുന്ന ദയൂബന്ദീ ധാരയില്‍ പെടുന്ന വിദ്യാര്‍ഥികളാണ് താലിബാനികള്‍ എന്നാണ് പറയപ്പെടുന്നത്. അതേസമയം ദയൂബന്ദികളുമായി കടുത്ത അഭിപ്രായ ഭിന്നതയുള്ള ബറേല്‍വികളും താലിബാനികളുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.   ദയൂബന്ദികളും ബറേല്‍വികളും സലഫികളെ അംഗീകരിക്കാത്തവരാണ്. അപ്പോള്‍ പിന്നെ ബറേല്‍വി കലര്‍ന്ന ദയൂബന്ദി താലിബാനെ സലഫി എന്ന് വിളിക്കുന്നതെങ്ങനെ?  ഇതൊന്നുമല്ലാത്ത ജമാഅത്തെ ഇസ്‌ലാമി, താലിബാന്റെ പിന്തുണക്കാരാവുന്നതെങ്ങനെ? കുഴക്കുന്ന ചോദ്യങ്ങളാണിവ. പക്ഷേ, രാഷ്ട്രീയ വിരോധം വെച്ച് പൈശാചികവല്‍ക്കരണത്തിനിറങ്ങിയവര്‍ക്ക് ഇത്തരം യാതൊരു അസ്‌ക്യതകളുമില്ല. കാരണം, പറയുന്നത് സത്യമാകണമെന്ന യാതൊരു നിര്‍ബന്ധവും അവര്‍ക്കില്ലല്ലോ. 
താലിബാന്റെ പ്രധാന പ്രശ്‌നമായി ലോകം കണ്ട ഒന്ന് അവരുടെ സ്ത്രീവിരുദ്ധതയാണ്. കേരളത്തിലെ മുസ്‌ലിം പരിസരത്ത് സ്ത്രീവിദ്യാഭ്യാസത്തിലും അവരുടെ സാമൂഹിക ഇടപെടലിന്റെ കാര്യത്തിലും ഇതിന്റെ നേര്‍ എതിര്‍പക്ഷത്താണ് ജമാഅത്തെ ഇസ്‌ലാമി എന്നത് അവരെ പറ്റിയുള്ള പ്രാഥമിക അറിവാണ്. മതവിദ്യാഭ്യാസരംഗത്ത് വനിതാ കോളേജുകള്‍ 60 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയവരാണവര്‍.  തങ്ങളുടെ പ്രമുഖ സ്ഥാപനമായ ശാന്തപുരം അല്‍ജാമിഅയില്‍ പുരുഷ വിദ്യാര്‍ഥികള്‍ക്കൊപ്പം സ്വാഭാവികതയെന്നോണം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നവരാണവര്‍. മുഖപടമിട്ട വേഷത്തിന്റെ പേരില്‍ ഇടത് ലിബറലുകള്‍ താലിബാനുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ച സമസ്ത വിഭാഗങ്ങളുടെ ഇക്കാലത്തെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് തന്നെ വനിതാ കോളേജ് സ്ഥാപനമാണ്.  കേരളീയ പശ്ചാലത്തിലെ സലഫികളാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് സമുദായത്തെ വഴിനടത്താന്‍ ഏറെ പരിശ്രമിച്ചവരാണ്. ഇത്തരമൊരു സ്ഥലത്ത് താലിബാന്‍ മിറര്‍ ഇമേജിനെ കണ്ടെത്താന്‍ കമ്യൂണിസ്റ്റ് പക്ഷം ഒരല്‍പം ക്ലേശിക്കേണ്ടിവരും. 
താലിബാന്‍ ജനാധിപത്യവിരുദ്ധമാണെന്നും അതിനാല്‍ അവരെ തള്ളിപ്പറഞ്ഞ് വിശ്വാസ്യത ഉറപ്പിക്കണമെന്നുമാണ് മുസ്‌ലിം സംഘടനകളോടുള്ള കമ്യൂണിസ്റ്റുകളുടെ ഉപദേശം.  അവരെ പിന്‍പറ്റി ഗുണകാംക്ഷികളുടെ ഭാഗത്തു നിന്നും ഈ ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ദേശസ്‌നേഹം നിരന്തരമായി തെളിയിക്കപ്പെടേണ്ടിവരികയും അതേസമയം തന്നെ തങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികളെ പ്രീണനമായി കാണുകയും ചെയ്യുന്ന, ഇന്ത്യന്‍ മുസ്‌ലിം വഹിക്കുന്ന ഇരട്ടി ഭാരത്തെ കുറിച്ച് രജീന്ദര്‍ സച്ചാര്‍ പറയുന്നുണ്ട്. ഇതിന്റെ മറ്റൊരു മുഖമാണ് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്നത്. അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ ഭീകരതാവിരുദ്ധ പ്രതിബദ്ധതക്കുള്ള സത്യവാങ്മൂലങ്ങള്‍ ആവര്‍ത്തിച്ചുനല്‍കേണ്ടുന്ന ഗതികേടിലാണ് മുസ്‌ലിംകള്‍.  അതേസമയം തന്നെ മുസ്‌ലിം അരികുവല്‍ക്കരണത്തിനെതിരെ ആരെങ്കിലും സംസാരിക്കണമെങ്കില്‍ ബാലന്‍സ് ചെയ്യാനായി തങ്ങളുടെ സമുദായ ശരീരത്തില്‍നിന്ന് ഒരംഗത്തെ ഭീകരമുദ്ര ചാര്‍ത്താന്‍ ബലിയായി അവര്‍ക്ക് നല്‍കണം.  ഇന്ത്യയെ ഹിന്ദുത്വ ഭാരതമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തും ഒരു മുസ്‌ലിം പ്രതിബിംബത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടല്ലാതെ സംഘ് പരിവാറിനെ അഭിമുഖീകരിക്കാന്‍ കഴിയാത്ത മൗലികദൗര്‍ബല്യത്തിലാണ് കമ്യൂണിസ്റ്റുകള്‍ ഉള്ളത്. അതിന് സംഘ് പരിവാര്‍ വെടിപ്പുരകളില്‍നിന്ന് മോഷ്ടിച്ച ഭീകരവാദ- തീവ്രവാദചാപ്പകള്‍ മുസ്‌ലിംസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ജമാഅത്തിനു നേരെയെന്ന വിധത്തില്‍ എടുത്തെറിയുകയാണ്. 

ജനാധിപത്യത്തെ കുറിച്ച 
സെലക്ടീവ് ആശങ്കകള്‍

ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച സെലക്ടീവായ ആശങ്കകളാണ് നമ്മുടെ പൊതുരംഗത്ത് കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആളുകള്‍ ഉയര്‍ത്തുന്നത് എന്ന പ്രശ്‌നം കാണാതിരുന്നുകൂടാ. ചുറ്റുമുള്ള രാഷ്ട്രങ്ങളെ പലതിനെയും വെട്ടിപ്പിടിച്ച് ഇരുമ്പുമറക്കുള്ളിലാക്കി സൃഷ്ടിച്ചെടുത്തിരുന്ന സോവിയറ്റ് യൂനിയന്‍ എന്ന രാഷ്ട്രരൂപം മുതല്‍ എണ്‍പതുകളുടെ അവസാനം വരെ നിലനിന്നിരുന്ന നിരവധി കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഒന്നില്‍ പോലും ഒരു ജനാധിപത്യവും നിലനിന്നിരുന്നില്ല. മനുഷ്യാവകാശങ്ങളുടെ കഥയും ഭിന്നമല്ല. പ്രാഗ്‌വസന്തം മുതല്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ വരെ ജനാധിപത്യവും പൗരാവകാശങ്ങളും സ്വപ്‌നം കണ്ട കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള മറുപടി വെടിയുണ്ടകളും കവചിത ടാങ്കുകളുമായിരുന്നു. പോള്‍പോട്ടിന്റെ കംബോഡിയയും ചെഷസ്‌ക്യുവിന്റെ റുമാനിയയുമൊക്കെ പകര്‍ന്ന ഭരണ മാതൃകകള്‍ക്ക് ഉത്തരവാദികളാരായിരുന്നു എന്ന അന്വേഷണം ആ ഭീകരകാലങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മെ സഹായിക്കും. കാബൂളില്‍നിന്ന് പോയ വിമാനത്തിന്റെ ലാന്റിംഗ് ഗിയറില്‍ ചതഞ്ഞുപോയ യുവാവിന്റെ ജീവിതവും ടിയാനന്‍മെന്‍ സ്‌ക്വയറിലെ ചൈനീസ് ടാങ്കുകളുടെ ചക്രങ്ങളില്‍ അരഞ്ഞുപോയ ചെറുപ്പക്കാരുടെ ബലിയും ഒരേപോലെ ഏത് മനുഷ്യസ്‌നേഹിയുടെയും കരളുലയ്ക്കാന്‍ പോന്നതാണ്.  പക്ഷേ രണ്ടാമത്തേതിനെ പച്ചക്ക് ന്യായീകരിക്കാന്‍ ആളുകളുണ്ടായി; മാത്രമല്ല അത് ചെയ്ത സര്‍ക്കാറിന് ഓരോ വാര്‍ഷികങ്ങളിലും കൃത്യമായി ആശംസകളര്‍പ്പിക്കാനും ഇവിടെ ആളുണ്ടാവുന്നുണ്ട്. സിന്‍ജിയാങില്‍ നടക്കുന്ന ഉയ്ഗൂര്‍ വംശഹത്യ നിര്‍ത്തല്‍ ചെയ്യാനും, താലിബാന്റെ പുതിയ ഭരണത്തിലെ സ്വാധീനമുപയോഗിച്ച് അവരെ ലോകമാഗ്രഹിക്കുന്നവിധം വഴിനടത്തിക്കാനും ചൈനയിലെ പാര്‍ട്ടിയോടൊന്ന് അഭ്യര്‍ഥിച്ചുനോക്കാനെങ്കിലും അവരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയണമായിരുന്നു. പക്ഷേ, അങ്ങനെയൊരാവശ്യം ഉയര്‍ന്നു കാണുന്നില്ല. പകരം താലിബാന്‍ അനുകൂല / പ്രതികൂല സര്‍ട്ടിഫിക്കറ്റുകള്‍ പതിച്ചുകൊടുക്കുന്ന എന്യുമറേഷന്‍ കൊമ്മിസാര്‍മാരായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള നേതാക്കളും മാധ്യമപ്രവര്‍ത്തകരും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 10-15
ടി.കെ ഉബൈദ്‌

ഹദീസ്‌

രോഗാദി ദുരിതങ്ങളില്‍നിന്ന് പാഠം പഠിക്കാത്തവര്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി