Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

എ.എ വഹാബ് മത-സാംസ്‌കാരിക രംഗത്തെ വേറിട്ട വ്യക്തിത്വം

ഡോ. എ.എ.ഹലീം

പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്റര്‍ സെക്രട്ടറിയുമായിരുന്ന എന്റെ ജ്യേഷ്ഠന്‍ എ.എ വഹാബ് സാഹിബ് (65) 2021 ആഗസ്റ്റ് 20-നാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഇന്ത്യന്‍ നാഷനല്‍ ലീഗ് സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. ഐ.എന്‍.എല്‍. സ്ഥാപകന്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം നാഷണല്‍ യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റ്, ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാല ഇസ്‌ലാമിക് ചെയറില്‍ ഇസ്‌ലാമിക് സൈക്കോളജി വിഭാഗം മേധാവി, ദല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റിവ് സ്റ്റഡീസ് കേരള ചാപ്റ്റര്‍ സെക്രട്ടറി, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ് പ്രോഗ്രാം ദക്ഷിണേന്ത്യന്‍ ഓണററി കൗണ്‍സിലര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സേട്ട് സാഹിബിന്റെ വിയോഗശേഷം അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും മത-സാംസ്‌കാരിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണുണ്ടായത്.
1956 ആഗസ്ത് 18-ന് തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് എം. അഹ്മദ് മുസ്‌ലിയാര്‍ - എ. ഖദീജാ ബീവി ദമ്പതികളുടെ മകനായി ജനിച്ച വഹാബ് എണ്‍പതുകളുടെ മധ്യത്തില്‍ മലബാറിലേക്ക് താമസം മാറുകയായിരുന്നു. പിതാമഹന്‍ മുഹമ്മദ് മുസ്‌ലിയാരും മാതൃപിതാവ് മുഹമ്മദലി മൗലവിയും കലാപകാലത്ത് മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്കു കുടിയേറിപ്പാര്‍ത്ത പണ്ഡിതന്മാരാണ്. നാലാം വയസ്സില്‍ കണിയാപുരത്ത് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നാണ് വഹാബ് വിദ്യാഭ്യാസം ആരംഭിച്ചത്. പിതാവില്‍നിന്നും പിതൃസഹോദരന്‍ സഈദ് മുസ്‌ലിയാരില്‍ നിന്നും ഖുര്‍ആനും പ്രാഥമിക ദീനീ പാഠങ്ങളും അഭ്യസിച്ചു. കണിയാപുരം നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസ, ഗവ: യു.പി. സ്‌കൂള്‍, മുസ്‌ലിം ഹൈസ്‌കൂള്‍, തിരുവനന്തപുരം ഗവ: ആര്‍ട്‌സ് കോളേജ്, യൂനിവേഴ്‌സിറ്റി കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി തുടര്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ഖുര്‍ആനിക മനശ്ശാസ്ത്രത്തില്‍ എം.ഫിലും നേടിയ അദ്ദേഹം അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മനശ്ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, നൈജീരിയയിലെ കാനോ സ്റ്റേറ്റിലുള്ള വുഡില്‍ ടീച്ചേഴ്‌സ് ട്രൈനിംഗ് കോളജ്, ദുബൈയിലെ ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലും സുഊദി അറേബ്യയില്‍ സ്വകാര്യ മേഖലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മത-സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന എ.എ വഹാബ് കാല്‍ നൂറ്റാണ്ടിലേറെക്കാലം ഖുര്‍ആനിലെ ശാസ്ത്രസൂചനകളെ സംബന്ധിച്ച് ഗവേഷണ പഠനം നടത്തുകയുണ്ടായി. പ്രസ്തുത പഠനം പ്രബോധനം മാസികയില്‍ ഡോ. സി. ഖാസിമുമായി ചേര്‍ന്ന് നിരവധി ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് തിരൂര്‍ കേന്ദ്രമാക്കി ഇഖ്‌റഅ് സ്റ്റഡി സെന്ററും കോഴിക്കോട് ആസ്ഥാനമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും രൂപവത്ക്കരിച്ചത്. പ്രസ്തുത വേദിയുടെ ആഭിമുഖ്യത്തിലാണ് എണ്‍പതുകളുടെ മധ്യത്തില്‍ കോഴിക്കോട്, എറണാകുളം, തിരൂര്‍, തിരുവനന്തപുരം തുടങ്ങി കേരളത്തിലും പുറത്തുമുള്ള 25-ല്‍ പരം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ശാസ്ത്ര സെമിനാറുകള്‍ നടത്തിയത്. 
മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു അത്തരം പ്രവര്‍ത്തനങ്ങള്‍. പ്രഫഷണല്‍ കോഴ്‌സിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് അര്‍ഹരായവര്‍ക്ക് ഏറ്റവും ഫലപ്രദമായി വിതരണം ചെയ്യുന്നതിലും അത് കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമികമായ അവബോധം പകര്‍ന്നു നല്‍കുന്നതിലും അദ്ദേഹം പ്രദര്‍ശിപ്പിച്ച ശുഷ്‌കാന്തി പ്രശംസനീയമാണ്. 
ആഴത്തിലുള്ള വായനയും സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിലുള്ള പ്രഭാഷണവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. എസ്‌ക്കറ്റോളജി എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെയാണ് അദ്ദേഹം തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുസ്‌ലിം ബഹുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. എസ്‌ക്കറ്റോളജി എന്നാല്‍ പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ആധുനിക ശാസ്ത്ര സൂചനകളുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിലെ പരലോക സങ്കല്‍പത്തെക്കുറിച്ച വ്യത്യസ്തമായ ആ അവതരണം ധാരാളം പേരെ ദീനീ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നിട്ടുണ്ട്.
മൗലാനാ മൗദൂദിയും സയ്യിദ് ഖുതുബുമായിരുന്നു വഹാബ് സാഹിബിന്റെ ഇഷ്ട ഗ്രന്ഥകാരന്മാര്‍. അവരെപ്പോലെ ദീന്‍ മനസ്സിലാക്കിയവര്‍ ഈ നൂറ്റാണ്ടില്‍ വിരളമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1980-കളില്‍ തിരുവനന്തപുരത്തായിരിക്കെ, മൗദൂദി സാഹിബിന്റെ അന്നുവരെ പുറത്തിറങ്ങിയ  മുഴുവന്‍ കൃതികളുടെയും ശേഖരവുമായി അദ്ദേഹം വീട്ടിലേക്ക് വരുന്നതും അവയത്രയും മുറിയടച്ചിരുന്ന് വായിച്ചുതീര്‍ത്തതും എനിക്കോര്‍മയുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി സംഘടനാപരമായ ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പ്രസ്ഥാനത്തിന്റെ ഉത്തമ ഗുണകാംക്ഷിയായിരുന്നു അദ്ദേഹം. 1983-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ ജയിച്ച എന്നെ ശാന്തപുരം ഇസ്‌ലാമിയ്യ കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്നത് ജ്യേഷ്ഠന്റെ  നിര്‍ബന്ധമായിരുന്നു. അന്ന് നൈജീരിയയിലായിരുന്ന അദ്ദേഹം അതിന് പ്രേരിപ്പിച്ചുകൊണ്ട് ദീര്‍ഘമായി എനിക്കെഴുതിയത് ഓര്‍ക്കുന്നു. 
കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ജുമുഅ മസ്ജിദില്‍  ഏകദേശം പത്ത് വര്‍ഷം അദ്ദേഹം  ഖുത്വുബ നിര്‍വഹിക്കുകയുണ്ടായി. പ്രഫ. വി. മുഹമ്മദ് സാഹിബിന്റെ സാന്നിധ്യം മൂലം ശ്രദ്ധേയമായ പ്രസ്തുത പള്ളിയിലാണ് നഗരത്തിലെത്തുന്ന മിക്കവാറും പ്രമുഖര്‍ ജുമുഅ നമസ്‌കാരത്തിന് വന്നിരുന്നത്. വിജ്ഞാനവും ശാസ്ത്രവും ദീനും സമന്വയിപ്പിച്ചുകൊണ്ട്  തഖ്‌വാ പൂര്‍ണമായ ഖുത്വുബ നിര്‍വഹിക്കാനുള്ള സവിശേഷ സിദ്ധി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഖത്വീബ് ആയിരുന്നു അദ്ദേഹം. സംഘടനാ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുമായും വിപുലമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സമുദായ ഐക്യത്തിനും സാഹോദര്യത്തിനുമായി അദ്ദേഹം നിലകൊണ്ടു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഇസ്‌ലാമിക് ചെയറില്‍ വഹാബ് സാഹിബ്  നേതൃത്വം നല്‍കിയിരുന്ന ഇസ്‌ലാമിക് സൈക്കോളജി കോഴ്‌സില്‍ വിദ്യാര്‍ഥികളായി ചേര്‍ന്നവര്‍ നിരവധിയാണ്. വൈവിധ്യമാര്‍ന്നതും ആഴമേറിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതുമായിരുന്നു ആ ക്ലാസുകളെന്ന് അനുഭവസ്ഥര്‍ ഓര്‍ക്കുന്നു.  
പ്രായഭേദമന്യെ ബന്ധപ്പെടുന്ന എല്ലാവരെയും സ്നേഹത്തോടെ ചേര്‍ത്തു നിര്‍ത്താനും ബന്ധം നിലനിര്‍ത്താനും അദ്ദേഹത്തിന്ന് അനിതര സാധാരണമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തോട് ബന്ധപ്പെടുന്ന ഏതൊരാള്‍ക്കും തന്നെയാണ് വഹാബ് സാഹിബ് കൂടുതല്‍ സ്നേഹിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കിയിരുന്നതായി പലരുടെയും എഴുത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്രക്കും ഹൃദ്യവും സൗമ്യവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അല്ലാഹുവിലും പരലോകത്തിലുമുള്ള അടിയുറച്ച വിശ്വാസവും അവന്റെ വിധിയിലും തീരുമാനത്തിലുമുള്ള തികഞ്ഞ ബോധ്യവുമാണ് വഹാബ് സാഹിബിന്റെ ജീവിതത്തെ ആമൂലാഗ്രം ചൂഴ്ന്നുനിന്നിരുന്ന ചൈതന്യം എന്ന് തോന്നിയിട്ടുണ്ട്.
പ്രമേഹ രോഗം മൂര്‍ച്ഛിച്ച് കുറെ നാളായി വിവിധ പ്രയാസങ്ങള്‍ അനുഭവിച്ച് വരികയായിരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം മിക്കവാറും ആഴ്ചയില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ അരീക്കോട്ടെ വീട്ടില്‍ അദ്ദേഹത്തെ കാണാനായി പോകുമായിരുന്നു. ചെന്നാലുടനെ ശബ്ദം കേട്ട് അദ്ദേഹം തിരിച്ചറിയും. ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ബോധ്യമായ ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെ അദ്ദേഹം കര്‍ശനമായി വിലക്കി. അതുകൊണ്ട് തന്നെ ഭാര്യക്കും മക്കള്‍ക്കും ഞങ്ങള്‍ സഹോദരങ്ങള്‍ക്കും അവസാന ദിനങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് പരിചരിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ട്.
കേരളത്തിലെ ഇസ്‌ലാമിക വൃത്തങ്ങളില്‍ ഏറെ സുപരിചിതനായ വഹാബ് സാഹിബിന്റെ ധൈഷണിക മേഖലയിലെ സംഭാവനകള്‍ വിലപ്പെട്ടതാണ്. മനുഷ്യനും പ്രപഞ്ചവും, വികസനം: വഴിയും വിഭവവും, പ്രകാശോര്‍ജ പൊതുസിദ്ധാന്തം, വിശ്വാസത്തിന്റെ രഹസ്യം, സ്വര്‍ഗവഴി, ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ (സൂറത്ത് അര്‍ഹ് മാന്‍), അി കിൃേീറൗരശേീി ീേ കഹെമാശര ജ്യെരവീഹീഴ്യ, ഠവല ഠഒഋഛഞകഋട ഛഎ ഒകജഒഛഠകഇകഠഥ മിറ ജ്യെരവീുവീശേര െ(ഈ രണ്ട് കൃതികളും പ്രസിദ്ധീകരിച്ചത് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസാണ്), ഠവല ഏലിലൃമഹ വേലീൃ്യ ീള ഒശ ുവീശേരശ്യേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതിന് പുറമേ ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ഭാര്യ: റുഖിയ്യ (ആര്‍. ബീഗം), മക്കള്‍: ഹുദാ ജുമാന (ജെ.ഡി.റ്റി. ഇസ്‌ലാം പോളിടെക്‌നിക് അധ്യാപിക), ഫിദാ ലുബാന, ഹിബ നാബിഹ (ഇരുവരും പി.എച്ച്.ഡി. ചെയ്യുന്നു), ഹാസിന്‍ മഹ്‌സൂല്‍ (എം.സി.എ). മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍ (ജെ.ഡി.ടി. പോളിടെക്‌നിക് അധ്യാപകന്‍), എം.എസ്. സാജിദ് (കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്),  പി. അബൂബക്കര്‍. സഹോദരങ്ങള്‍: എ.എ ജവാദ്, എ.എ ജലീല്‍, എ.എ ജമീല്‍, എ.എ ഹലീം (എക്‌സി. എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം), എ. സുഹൈല.
അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും നന്മകള്‍ സ്വീകരിക്കുകയും മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌