Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

മലബാര്‍ സമരത്തിന്റെ രണ്ടു ഘട്ടങ്ങള്‍

കെ.ടി ഹുസൈന്‍

മലബാര്‍ സമരത്തെ വായിക്കുമ്പോള്‍-2


മലബാര്‍ സമരത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആഗസ്റ്റ് 20-ന് തിരൂരങ്ങാടിയില്‍ വെടിപൊട്ടിയതു മുതല്‍ ആഗസ്റ്റ് 31-ന് ആലി മുസ്‌ലിയാര്‍ കീഴടങ്ങുന്നതു വരെയുള്ളതാണ് ഒന്നാം ഘട്ടം. ഈ ഘട്ടത്തില്‍ തിരൂരങ്ങാടിക്കു പുറമെ നിലമ്പൂര്‍, പുല്ലങ്കോട്, തിരൂര്‍, പൊന്നാനി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലെല്ലാം പോരാട്ടം നടന്നിരുന്നുവെങ്കിലും ഏറ്റവും  വലിയ പോരാട്ടം നടന്നത് ആഗസ്റ്റ് 26-ന് പൂക്കോട്ടൂരിലാണ്. അക്ഷരാര്‍ഥത്തില്‍ യുദ്ധം തന്നെയാണ് പൂക്കോട്ടൂരില്‍ നടന്നത്. നിലമ്പൂര്‍ കോവിലകത്തിന്റെ കുടിയാന്മാരായിരുന്നു പൂക്കോട്ടൂരിലെ മാപ്പിളമാര്‍. കടുത്ത കുടിയാന്‍ പീഡനത്തിനിരയായിരുന്ന ഇവര്‍ പ്രതികാരമെന്ന നിലയില്‍ നിലമ്പൂര്‍ കോവിലകം ആക്രമിച്ചിരുന്നു. അതിനാല്‍ പൂക്കോട്ടൂരില മാപ്പിളമാരെ ഒന്നടങ്കം വക വരുത്തുക എന്ന ലക്ഷ്യത്തോടെ ഇരച്ചെത്തിയ ബ്രിട്ടീഷ് പട്ടാളത്തെയാണ് അവര്‍ നേരിട്ടത്.  നിരവധി പേര്‍ ആ യുദ്ധത്തില്‍ രക്തസാക്ഷികളായി.
സമരത്തിന്റെ ഈ ഒന്നാം ഘട്ടത്തില്‍ പട്ടാളം, സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍, ഓഫീസുകള്‍, കോടതികള്‍, രജിസ്റ്റര്‍ ഓഫീസുകള്‍ എന്നിവ മാത്രമായിരുന്നു സമരക്കാരുടെ ലക്ഷ്യം.  കുടിയാന്മാരെ മര്‍ദിച്ചിരുന്ന  ഹിന്ദു ജന്മികളും അപൂര്‍വമായെങ്കിലും ആക്രമിക്കപ്പെട്ടു. സര്‍വീസിലുണ്ടായിരുന്ന കാലത്ത് മാപ്പിളമാരെ പല തരത്തിലും ഉപദ്രവിച്ചിരുന്ന റിട്ടയേഡ് ഇന്‍സ്പെക്ടര്‍ ചേക്കുട്ടിയും ഈ ഘട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സമരനായകനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെയാണ് അദ്ദേഹത്തെ കൊന്നത്.  ഹിന്ദുക്കള്‍ ഈ ഘട്ടത്തില്‍ തീരെ ആക്രമിക്കപെട്ടിരുന്നില്ല. കുഴപ്പമുണ്ടാക്കാന്‍ തുനിഞ്ഞ സാമൂഹിക ദ്രോഹികളെ ആലി മുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും തടയുകയും ചെയ്തിരുന്നു.
ആലി മുസ്‌ലിയാര്‍ കീഴടങ്ങുകയും മലബാറില്‍ ഉടനീളം പട്ടാളഭരണം പ്രഖ്യാപിക്കുകയും ചെയ്തത് മുതല്‍ 1922 ജനുവരിയില്‍ പോരാട്ടം നിശ്ശേഷം കെട്ടടങ്ങുന്നതു വരെയുള്ളതാണ് സമരത്തിന്റെ രണ്ടാം ഘട്ടം. ഈ ഘട്ടത്തിലെ പോരാട്ടങ്ങള്‍ അധികവും മാര്‍ഷല്‍ ലോയുടെ മറവില്‍ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളെ ചെറുക്കാനുള്ളതായിരുന്നു. കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവരായിരുന്നു ഈ ഘട്ടത്തിലെ സമരനായകര്‍. ഗറില്ലാ സമര മുറ മാപ്പിളപ്പോരാളികള്‍ പരീക്ഷിച്ചതും ഈ ഘട്ടത്തിലാണ്. ഏറനാട്ടിനും  വള്ളുവനാട്ടിനും  പുറമെ  കോഴിക്കോട് താലൂക്കിലേക്കും ഈ ഘട്ടത്തില്‍ സമരം വ്യാപിച്ചു. എങ്കിലും  പാണ്ടിക്കാടും കരുവാരകുണ്ടും മഞ്ചേരിയും നിലമ്പൂരും എടക്കരയും അടങ്ങുന്ന ഏറനാടായിരുന്നു ഈ ഘട്ടത്തിലെ പ്രധാന സമര കേന്ദ്രങ്ങള്‍.
ആദ്യഘട്ടത്തില്‍നിന്ന് ഭിന്നമായി, ഗവണ്‍മെന്റ് ലക്ഷ്യങ്ങള്‍ക്കും പട്ടാളത്തിനും പുറമെ പട്ടാളത്തോടൊപ്പം ചേര്‍ന്ന്   മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കുകയും മാപ്പിള പോരാളികളെ പട്ടാളത്തിന് ഒറ്റു കൊടുക്കുകയും ചെയ്ത  സാധാരണ ഹിന്ദുക്കളും ഈ ഘട്ടത്തില്‍ പോരാളികളാല്‍ ആക്രമിക്കപ്പെട്ടു. അങ്ങനെ ആക്രമിക്കപ്പെട്ട ഒറ്റുകാരുടെ കൂട്ടത്തില്‍, എണ്ണത്തില്‍ കുറവാണെങ്കിലും മുസ്‌ലിംകളും ഉണ്ടായിരുന്നു. മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരെയുള്ള കലാപമായിരുന്നു എന്ന ആഖ്യാനത്തെ സഹായിച്ച ഘടകം യഥാര്‍ഥത്തില്‍ ഇതാണ്. അതേസമയം ചില സാമൂഹികദ്രോഹികള്‍  ആ സന്ദര്‍ഭം ഉപയോഗിച്ച് കൊലപാതകമോ കൊള്ളയോ തീരെ നടത്തിയിട്ടില്ല എന്നും  പറഞ്ഞുകൂടാ. എന്നാല്‍ സാമൂഹികദ്രോഹികളുടെ ഇത്തരം ഒറ്റപ്പെട്ട ചെയ്തികളുടെ പേരില്‍ മലബാര്‍ സമരത്തെ ഹിന്ദു വിരുദ്ധം എന്ന് വിശകലനം ചെയ്യാനാവില്ല.
സമരം അഹിംസയില്‍നിന്ന് വ്യതിചലിച്ചതിന് കാരണം അധികൃതരുടെ കരുതിക്കൂട്ടിയുള്ള പ്രകോപനമായിരുന്നുവെന്ന് നേരത്തേ പറഞ്ഞുവല്ലോ. പ്രകോപനം അസഹ്യമായപ്പോള്‍ അഹിംസയില്‍ ഉറച്ചുനിന്ന് ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ സാധ്യമാകുന്നത്ര ചെറുത്തുനിന്ന് രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് ഖിലാഫത്ത് പ്രവര്‍ത്തകര്‍ മാറിയതോടെയാണ് 1921-ലെ ഐതിഹാസികമായ മലബാര്‍ സമരം രക്തരൂഷിതമായത്. അഹിംസയെ ഒരു നയമായി അംഗീകരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിനെ പോലെ അതിനെ പ്രത്യയശാസ്ത്രമായി കരുതാത്തതിനാല്‍ ആലി മുസ്ലിയാരെയും വാരിയന്‍കുന്നത്തിനെയും പോലുള്ള ഖിലാഫത്ത് നേതാക്കള്‍ക്ക് ഇത്തരമൊരു നിലപാടുമാറ്റം എളുപ്പമായിരുന്നു. പ്രക്ഷോഭം സായുധ ചെറുത്തുനില്‍പിലേക്ക് വഴിതിരിഞ്ഞതോടെ പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് സമരത്തെ കൈയൊഴിഞ്ഞു. കോണ്‍ഗ്രസിന്റെ പിന്മാറ്റം അധികൃതര്‍ക്കു സമരം അടിച്ചമര്‍ത്തുന്നത് എളുപ്പമാക്കിയെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമായ നടപടിയായിരുന്നു അത്. കാരണം കോണ്‍ഗ്രസ് നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളിലും പ്രേരണകളിലും ആവേശഭരിതരായി ഖിലാഫത്ത് പ്രക്ഷോഭത്തിലും കോണ്‍ഗ്രസിലും അണിനിരന്ന മുസ്ലിംകള്‍ക്ക് സമരത്തിന്റെ മൂര്‍ധന്യതയിലുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റം തങ്ങളോടു ചെയ്ത വഞ്ചനയായിട്ടാണ് അനുഭവപ്പെട്ടത്. കലാപാനന്തരം കോണ്‍ഗ്രസ്  ഒരു ഹിന്ദു പാര്‍ട്ടിയായി  മനസ്സിലാക്കപ്പെട്ടു എന്നതായിരുന്നു അതിന്റെ പ്രത്യാഘാതം. ആദര്‍ശശാലിയും ത്യാഗോജ്ജ്വല വ്യക്തിത്വത്തിനുടമയുമായിരുന്ന  മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനു പോലും കലാപാനന്തരം മുസ്ലിംകളില്‍ പടര്‍ന്നുപിടിച്ച കോണ്‍ഗ്രസ്‌വിരോധത്തെ തടഞ്ഞുനിര്‍ത്താനായില്ല. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയത്തിന് പില്‍ക്കാലത്ത് മലബാറില്‍ ശക്തി പകര്‍ന്ന ഒരു പ്രധാന ഘടകം കോണ്‍ഗ്രസിന്റെ ഈ നിഷേധാത്മക നിലപാടായിരുന്നു.
ഒരു ബഹുജന സമരത്തിന്റെ എല്ലാ ഉള്ളടക്കങ്ങളോടും കൂടിയ മലബാര്‍ സമരം, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട 1857-ലെ ജനകീയ പ്രക്ഷോഭത്തിനുശേഷം ഇത്ര വിപുലമായ തോതില്‍ നടക്കുന്ന ആദ്യ ജനകീയ പ്രക്ഷോഭമായിരുന്നു. സാമ്രാജ്യത്വത്തിന്റെ സമസ്ത അധികാര ചിഹ്നങ്ങളെയും ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍നിന്ന് ആറ് മാസക്കാലത്തേക്ക് തൂത്തെറിഞ്ഞ ഈ സമരത്തിന് നേതൃത്വം നല്‍കിയ രണ്ട് പ്രധാനികള്‍ മതപണ്ഡിതനായ ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരും നിരക്ഷരരുമായ ധാരാളം പാവപ്പെട്ടവര്‍ അണിനിരന്ന ഈ സമരത്തിന് ദിശാബോധം നല്‍കിയ പ്രധാന ഘടകം ഇവരുടെ നേതൃത്വമായിരുന്നു. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും ഉറച്ച വക്താക്കളായിരുന്നുവെങ്കിലും അടിച്ചാല്‍ ഒരവസ്ഥയിലും തിരിച്ചടിച്ചുകൂടാ എന്ന സിദ്ധാന്തശാഠ്യമൊന്നും ആലി മുസ്ലിയാര്‍ക്കും വാരിയന്‍കുന്നത്തിനുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അഹിംസാമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ അവസാനഘട്ടംവരെ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ സായുധ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കാനും അവര്‍ക്ക് മടിയുണ്ടായില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജിയുടെ അഹിംസാ രീതിയിലുള്ള സമരങ്ങളിലൂടെ മാത്രമാണെന്ന ലളിത സമവാക്യത്തില്‍ വിശ്വസിക്കുന്ന, യാഥാര്‍ഥ്യബോധമോ കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താനുള്ള ശേഷിയോ ഇല്ലാത്ത ശുദ്ധന്മാര്‍ക്കു മാത്രമേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ മലബാര്‍ സമരമടക്കമുള്ള അനേകം സായുധ സമരങ്ങളുടെ പങ്ക് കാണാനുള്ള കണ്ണില്ലാതെ പോവുകയുള്ളൂ.
യഥാര്‍ഥത്തില്‍ 1947-ല്‍ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം അഹിംസാ രീതിയിലുള്ള സമരത്തിന്റെ മാത്രം വിജയമായിരുന്നില്ല. ഇന്ത്യ കൊളോണിയല്‍ ഭരണത്തിന് കീഴൊതുങ്ങിയ നാള്‍ മുതല്‍ ധീരദേശാഭിമാനികളായ അനേകം മഹാത്മാക്കള്‍ പല ഘട്ടങ്ങളിലായി നടത്തിയ സായുധ പോരാട്ടങ്ങളുടെ കൂടി വിജയമായിരുന്നു അത്. ടിപ്പു സുല്‍ത്താന്‍, പഴശ്ശിരാജ, വേലുത്തമ്പി ദളവ, ഉണ്ണിമൂസ മൂപ്പന്‍, ബഹദൂര്‍ഷാ സഫര്‍, ഝാന്‍സി റാണി, താന്തിയാ തോപ്പി, ബീഗം ഹസ്റത്ത് മഹല്‍, അഹ്മദുല്ലാ ഷാ, പീര്‍ മുഹമ്മദ്, അശ്ഫാഖുല്ലാ ഖാന്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിംഗ്,  ആലിമുസ്ലിയാര്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി അനേകം ധീരാത്മാക്കള്‍ പല ഘട്ടങ്ങളിലും ദേശങ്ങളിലുമായി  ചോര നല്‍കി വളര്‍ത്തിയെടുത്ത സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ സവിശേഷമായ രീതിയിലൂടെ വിജയകരമായ പരിസമാപ്തി കുറിക്കുക മാത്രമാണ് ഗാന്ധിജി ചെയ്തത്.
മലബാര്‍ സമരം ഹിന്ദുവിരുദ്ധമായിരുന്നു എന്ന പ്രചാരണം സമരാനന്തരം ശക്തമാണെങ്കിലും  സമരത്തില്‍ വലിയ രീതിയിലുള്ള സാമുദായിക സഹവര്‍ത്തിത്വമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെയും എം.പി. നാരായണ മേനോനെയും പോലുള്ള ഹൈന്ദവ നേതാക്കള്‍ സമരത്തിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചത് മലബാര്‍ സമരത്തിലെ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. മാപ്പിളമാരോടൊപ്പം കലാപത്തില്‍ പോരാടി മരിച്ചവരുടെ കൂട്ടത്തിലും ധാരാളം ഹിന്ദുക്കളുണ്ടായിരുന്നു. കലാപത്തിലെ ഏറ്റവും ദാരുണമായ വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ കൊല്ലപ്പെട്ടവരിലും ഹിന്ദുവുണ്ടായിരുന്നു. മലബാര്‍ സമരത്തിന്റെ മതപരതയില്‍ ഉത്കണ്ഠപ്പെടുന്നവര്‍ പഠിക്കുകയും വിശകലനത്തിനു വിധേയമാക്കുകയും ചെയ്യേണ്ട പ്രധാന സംഗതിയാണ് സമരത്തിലെ ഈ മാപ്പിളേതര പങ്കാളിത്തം.
മലബാര്‍ സമരത്തിന്റെ ഒരു പ്രധാന സവിശേഷത, അതിന്റെ പ്രത്യയശാസ്ത്രം ഇസ്ലാമും അതിലെ പ്രധാന പങ്കാളികള്‍ മുസ്ലിംകളും ആയിരിക്കെ തന്നെ മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല മറിച്ച്, പൊതു പ്രശ്നമാണ് അത് ഉയര്‍ത്തിപ്പിടിച്ചത് എന്നതാണ്. ആ അര്‍ഥത്തില്‍ മലബാര്‍ സമരത്തിന്റെ രാഷ്ട്രീയം സാമുദായികമല്ല,  മറിച്ച് പൊതു രാഷ്ട്രീയമായിരുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് രാജ്യത്തെ എല്ലാ ജനങ്ങളുടെയും  വിമോചനമായിരുന്നു ആ രാഷ്ട്രീയം. എന്നാല്‍ അത് കേവലം സെക്യുലര്‍ രാഷ്ട്രീയവുമല്ല. കാരണം ഇസ്ലാമായിരുന്നല്ലോ അതിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കം. ഈ നിലക്ക് അത് പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പതിനാറാം നൂറ്റാണ്ടില്‍ കേരള മുസ്ലിംകള്‍ നടത്തിയ ചെറുത്തുനില്‍പു രാഷ്ട്രീയത്തിന്റെയും 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെയും  തുടര്‍ച്ചയാണ്. അത് രണ്ടും  മുസ്ലിംകളുടെ മാത്രം മോചനം ലക്ഷ്യമാക്കിയ പോരാട്ടമായിരുന്നില്ലല്ലോ. ഈ മൂന്ന് പ്രധാന കര്‍തൃത്വം മുസ്ലിംകള്‍ക്കായിരുന്നുവെങ്കിലും  മുസ്ലിംകളല്ലാത്തവരുടെ പിന്തുണയും അതിനുണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍മാര്‍ക്കുള്ള സാമൂതിരിയുടെ പിന്തുണയും ഖിലാഫത്തിനുള്ള കോണ്‍ഗ്രസ് പിന്തുണയും സുവിദിതമാണല്ലോ. എന്നാല്‍ സമരത്തിനിടയില്‍ പ്രസ്തുത ബാഹ്യപിന്തുണ രണ്ടു പോ
രാട്ടങ്ങള്‍ക്കും നഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നുവെച്ച്  സമരം നിര്‍ത്തിവെക്കാന്‍ കുഞ്ഞാലി മരക്കാരോ  മലബാര്‍ സമര പോരാളികളോ തയാറായില്ല. കാരണം യുദ്ധത്തല്‍നിന്ന് പിന്തിരിഞ്ഞോടുന്നത് ഇസ്ലാമികവിരുദ്ധമായതിനാല്‍ അവര്‍ക്കതിന് കഴിയുമായിരുന്നില്ല. പോര്‍ച്ചുഗീസ്‌വിരുദ്ധ സമരത്തിനില്ലാത്തതും മലബാര്‍ സമരത്തിന് മാത്രമുള്ളതുമായ ഒരു പ്രത്യേകത,  വിമോചനം എന്ന  പൊതു രാഷ്ട്രീയത്തോടൊപ്പം  കൊളോണിയല്‍ ഭരണത്തില്‍ മുസ്ലിംകളും ഹിന്ദുമതത്തിലെ അടിയാള വിഭാഗവും മാത്രം അഭിമുഖീകരിച്ച  ജന്മിത്വചൂഷണം എന്ന  പ്രശ്നത്തെ കൂടി അത് അഭിമുഖീകരിച്ചു എന്നതാണ്. മലബാര്‍ സമരം കൊളോണിയല്‍വിരുദ്ധമായതോടൊപ്പം ജന്മിത്വവിരുദ്ധം കൂടിയായിരുന്നല്ലോ.
മലബാര്‍ സമരം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടുവെന്ന് മാത്രമല്ല കലാപാനന്തരം മാപ്പിളമാരുടെ സ്വത്തും ജീവനും വേട്ടയാടപ്പെടുകയും ചെയ്തു. എന്നാല്‍ കേരളീയ പൊതു സമൂഹത്തിലും മുസ്‌ലിം സമുദായത്തിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമായ ഒട്ടേറെ ഫലം അതുണ്ടാക്കുകയുണ്ടായി. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഭൂപരിഷ്‌കരണത്തിനും ഹിന്ദു സമുദായത്തിലെ ജാതിക്കെതിരായ പരിഷ്‌കരണ യത്‌നങ്ങള്‍ക്കും അടിത്തറയിട്ടത് മലബാര്‍ സമരമാണ്. മലബാറില്‍, പ്രത്യേകിച്ച് മലബാര്‍ സമരത്തിന്റ കേന്ദ്രമായ, പില്‍ക്കാലത്ത് മലപ്പുറം ജില്ലയായി മാറിയ തെക്കന്‍ ഏറനാട്ടിലെ ജന്മിത്വത്തെ പൂര്‍ണമായും തകര്‍ത്തു, മലബാര്‍ സമരം. അതിലൂടെ മലബാറില്‍  ആദ്യമായി മുസ്‌ലിം സമുദായത്തില്‍ ഒരു മധ്യവര്‍ഗം ഉയര്‍ന്നുവന്നു. ഈ മധ്യവര്‍ഗമാണ് പില്‍ക്കാലത്ത് ഈ പ്രദേശത്തിന്റെ രാഷ്ട്രീയ-സാമൂഹിക-മതജീവിതത്തെ നിര്‍ണയിച്ചത്. അതുപോലെ 1921-ലെ മലബാര്‍ സമരകാലത്തും അതിനു മുമ്പും ഈ പ്രദേശങ്ങളില്‍ ഹിന്ദുമതത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ പ്രകടമായ വന്‍തോതിലുള്ള സ്വമേധയാ ഉള്ള മതപരിവര്‍ത്തനപ്രവണതയാണ് ഹിന്ദുസമുദായത്തില്‍ ജാതിക്കെതിരായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കുമാരാനാശാന്റെ 'ദുരവസ്ഥ'.
ഇന്ന് കേരള മുസ്‌ലിംകളുടെ മത-സാമൂഹിക- രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്ന   ഒരു മുസ്‌ലിം സംഘടനയും മലബാര്‍സമര കാലത്തുണ്ടായിരുന്നില്ല. കലാപാനന്തരമാണ് അവയെല്ലാം നിലവില്‍ വന്നത്. ഒരര്‍ഥത്തില്‍ ഈ സംഘടനാവല്‍ക്കരണം തന്നെ മലബാര്‍സമരത്തിന്റെ പ്രത്യാഘാതമോ സ്വാധീനമോ ആണ്. അതേസമയം മലബാര്‍ സമരത്തിന് ആശയപരവും പ്രായോഗികവുമായി നേതൃത്വം നല്‍കിയവരില്‍ മദ്ഹബീ തസ്വവ്വുഫ് ധാരയിലുള്ളവരും ഇസ്വ്ലാഹീ ധാരയിലുള്ളവരും ഇസ്‌ലാമിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചവരും ഉണ്ടായിരുന്നു. ആലി മുസ്‌ലിയാര്‍, കെ.എം മൗലവി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മൗലാനാ മുഹമ്മദലി, മൗലാനാ  അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ ഉദാഹരണം. അതുപോലെ സമരത്തെ എതിര്‍ത്തവരുടെ കൂട്ടത്തിലും എല്ലാ  ധാരയിലും പെട്ടവരുണ്ടായിരുന്നു. മലബാറിലെ മുസ്‌ലിം പ്രമാണിമാര്‍ എല്ലാവരും സമര പക്ഷത്തായിരുന്നില്ല. പൊന്നാനിയിലെ മഖ്ദൂം കൂടുംബത്തിലെ പണ്ഡിതന്മാരും സമരത്തെ അനുകൂലിച്ചില്ല. ഇസ്വ്‌ലാഹീ ധാരയുടെ വക്താവായ മഖ്ദി തങ്ങള്‍ 1921-ലെ സമരകാലത്ത്  ജീവിച്ചിരിപ്പുണ്ടായിരുന്നില്ലെങ്കിലും അതിന്റെ മുന്നോടിയായ ലഹളകളെ അദ്ദേഹവും  എതിര്‍ത്തിരുന്നു. അതിനാല്‍ മലബാര്‍ സമരത്തെ ഇന്ന് മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതക്ക് ഉപയോഗപ്പെടുത്തുന്നതില്‍ അര്‍ഥമില്ല, കേരള മുസ്‌ലിംകളുടെ പൊതു പാരമ്പര്യത്തിലെ ഉജ്ജലമായ ഒരേടാണത്.  
മലബാര്‍ സമരം ഹിന്ദുവിരുദ്ധമായിരുന്നുവെന്നും നിര്‍ബന്ധ മതപരിവര്‍ത്തനം അടക്കമുള്ള അത്യാചാരങ്ങള്‍ അതിന്റെ ഭാഗമായി നടന്നിരുന്നവെന്നുമാണ്  സമരത്തിനെതിരായ പ്രധാന ആക്ഷേപം. സമരത്തെ കുറിച്ച കൊളോണിയല്‍, ദേശീയവാദ ആഖ്യാനങ്ങളാണ് ഈ ആക്ഷേപത്തിന് ഹേതുവായത് എന്ന് തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ഏതൊരു സമരത്തെയും സാമൂഹികദ്രോഹികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാ വിപ്ലവങ്ങളുടെയും ചരിത്രം പറഞ്ഞുതരും. ഏതൊരു സമുദായത്തിലും ഉള്ളതുപോലെ മാപ്പിള സമുദായത്തിലും സാമൂഹികദ്രോഹികള്‍ ഉണ്ടാകാതിരിക്കാന്‍ കാരണമൊന്നുമില്ല. അവര്‍ സമരത്തെ ദുരുപയോഗപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്. മഞ്ചേരി  ബാങ്ക് കുത്തിപ്പൊളിക്കുകയും നായര്‍ സ്ത്രീയെ സ്വന്തമാക്കുകയും ചെയ്ത കൊടിഞ്ഞിയിലെ അബ്ദുല്ലക്കുട്ടിയൊക്കെ മലബാര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്തിയ അത്തരം സാമൂഹികദ്രോഹികളുടെ ഗണത്തിലാണ് വരുന്നത്. അവര്‍ക്കൊന്നും  ഖിലാഫത്ത് പ്രസ്ഥാനവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഈ സാമൂഹികദ്രോഹികളില്‍ പലരെയും സമരത്തിന്റെ ധാര്‍മികത തകര്‍ക്കുന്നതിനായി കൊളോണിയല്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്.
മറ്റൊരു കാര്യമുള്ളത് സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍, പ്രത്യേകിച്ചും മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചതിനു ശേഷം ഹിന്ദു ജന്മിമാരും മറ്റും വ്യാപകമായി മാപ്പിളമാരെ പട്ടാളത്തിനും പോലീസിനും ഒറ്റുകൊടുത്തിരുന്നു എന്നതാണ്. ഇത്തരം ഒറ്റുകാരെയും സമരക്കാര്‍  കൈകാര്യം ചെയ്തിരുന്നുവെന്നത് നേരാണ്. അവിടെ ചിലപ്പോള്‍ ഒറ്റുകാര്‍ ആര്, അല്ലാത്തവര്‍ ആര്  എന്ന തരത്തിലുള്ള വിവേചനം നഷ്ടപ്പെട്ട് പെരുമാറിയിരിക്കാനും സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിവേചനത്തോടെ പെരുമാറുക അസാധ്യവുമായിരിക്കും.
 കണക്കിലെടുക്കേണ്ട മറ്റാരു കാര്യം, പരമ്പരാഗതമായി  മതബോധം ഉള്ളവരായിരുന്നുവെങ്കിലും ബോധപൂര്‍വം മതം പഠിച്ചവരായിരുന്നില്ല മലബാര്‍ സമരത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം മാപ്പിളമാരും. താന്‍ മുഖേന ഒരാള്‍ മുസ്‌ലിമാവുക എന്നത് വലിയ പുണ്യമുള്ള കാര്യമാണെന്ന് അവര്‍ പരമ്പരാഗതമായി മനസ്സിലാക്കിവെച്ചിട്ടുണ്ടാകും. പക്ഷേ ബലാല്‍ക്കാരം മതം മാറ്റാന്‍ പാടില്ല എന്ന ഖുര്‍ആനിക നിര്‍ദേശം അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. അത്തരം ആളുകള്‍  തങ്ങള്‍ക്ക് സ്വാധീനമുള്ള ആരോടെങ്കിലും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടാവുക എന്നത് തീരെ  അസ്വാഭാവികതയൊന്നുമല്ല. പക്ഷേ ആവശ്യപ്പെടുകയോ നിര്‍ദേശിക്കുകയോ ചെയ്തിരിക്കാം എന്നതല്ലാതെ അതിന് ബലം പ്രയോഗിച്ചിരിക്കാം എന്നത് ഊഹം മാത്രമാണ്. സമരത്തിനിടയിലെ അത്തരം മതംമാറ്റ നീക്കത്തെ സമരനേതാക്കളായ ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജിയും തീരെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
മലബാര്‍ സമരത്തിനു ശേഷമുള്ള ഒരു നൂറ്റാണ്ട് കാലത്തെ  കേരള മുസ്‌ലിംകളുടെ  രാഷ്ട്രീയ-മത-സാമൂഹിക ജീവിതത്തെ  ആഴത്തില്‍ സ്വാധീനിച്ച ഒരു മഹാ സംഭവം എന്ന നിലക്ക് മലബാര്‍ സമരത്തെ അഭിമാനത്തോടെ  ഏറ്റെടുക്കുമ്പോഴും അതിനെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ മടിക്കേണ്ടതില്ല എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരമാകട്ടെ, മലബാര്‍ സമരമാകട്ടെ അതെല്ലാം ശരിയായിരിക്കെത്തന്നെ ഒരു വലിയ സൈനികശക്തി കൂടിയുള്ള ഭരണകൂടത്തോട് ഇത്തരത്തിലുള്ള സായുധസമരം ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ല എന്ന തിരിച്ചറിവ് മുസ്‌ലിം സമുദായത്തിലുണ്ടാക്കിയതും മലബാര്‍ സമരമാണ്. ആ തിരിച്ചറിവാണല്ലോ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പുതിയ രീതിയിലുള്ള സംഘാടനത്തിലേക്ക് മുസ്ലിം സമുദായത്തെ നയിച്ചത്.  ഒരു സമരം എങ്ങനെ ആകാമെന്നതിനെ കുറിച്ചുള്ള ചില പാഠങ്ങളോടൊപ്പം എങ്ങനെ  ആകരുത് എന്നതിനെ കുറിച്ച താക്കീതും മലബാര്‍ സമരത്തിലുണ്ട്.  
(അവസാനിച്ചു)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌