Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

കുട്ടികളോടൊപ്പം അവരിലൊരാളായി

ടി.കെ ഹുസൈന്‍

1999-ല്‍ ജനസേവനം വകുപ്പിനോടൊപ്പം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ എന്റെ ചുമലില്‍ വന്നു. മലര്‍വാടി ബാലസംഘത്തിന്റെ ചുമതല അവയിലൊന്നാണ്. തുടക്കത്തില്‍ ബാലസംഘം എസ്.ഐ.ഒ കേരള ഘടകത്തിന്റെ കീഴിലായിരുന്നു. ബാലസംഘത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ എസ്.ഐ.ഒക്ക് പ്രയാസം നേരിട്ടപ്പോള്‍ അവര്‍ വിഷയം ജമാഅത്ത് ശൂറക്ക് മുമ്പില്‍ വെച്ചു. തുടര്‍ന്ന്, ബാലസംഘത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ച് വിശദ ചര്‍ച്ച ശാന്തപുരത്ത് നടന്നു. അതില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് ഒരു കരടുരേഖ ജമാഅത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ തീരുമാനമായി. അതിനുവേണ്ടി സബ് കമ്മിറ്റിയെ ജമാഅത്ത് ചുമതലപ്പെടുത്തുകയും ചെയ്തു. ഞാനായിരുന്നു സബ് കമ്മിറ്റി കണ്‍വീനര്‍. നിശ്ചിത കാലയളവിനുള്ളില്‍ സബ് കമ്മിറ്റി കരടുരേഖ ജമാഅത്തിനു മുന്നില്‍ സമര്‍പ്പിച്ചു. കുട്ടികള്‍ക്കു മാത്രം ഒരു കൂട്ടായ്മ രൂപീകരിക്കാമെന്നും ഏഴു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളെ അതില്‍ അംഗങ്ങളായി ചേര്‍ക്കാമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന വിശദ രേഖയായിരുന്നു അത്. ജമാഅത്ത് അതിന് അംഗീകാരം നല്‍കി. മലര്‍വാടി ദ്വൈവാരികയിലും മാസികയിലും ഒരു പതിറ്റാണ്ട് പ്രവര്‍ത്തിച്ച ആളെന്ന നിലക്ക് മലര്‍വാടി ബാലസംഘം എന്ന പേര് നിര്‍ദേശിച്ചത് ഞാനാണ്. എല്ലാവര്‍ക്കും അത് സ്വീകാര്യമായി. 
മലര്‍വാടി ബാലസംഘത്തിന്റെ ചുമതലയുള്ളപ്പോള്‍, കുട്ടികളോടൊപ്പം ചേര്‍ന്ന് അവരെപ്പോലെയാവാന്‍ സാധിച്ചുവെന്നത് നല്ല അനുഭവമാണ്. കുട്ടിത്തമുള്ളവര്‍ക്ക് ഭംഗിയായി നിര്‍വഹിക്കാനാവും ബാലസംഘാടനം. ജമാഅത്തിന്റെ പോഷക വിഭാഗങ്ങളില്‍ വളരെ ചടുലതയോടെ മുന്നോട്ടുപോകുന്ന വേദിയാണ് മലര്‍വാടി ബാലസംഘം. അനിതര സാധാരണമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ചടുലമായ ഒരു ഗ്രൂപ്പ് അതിനുണ്ട്. 
ഈ കാലയളവില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന പലതും ആവിഷ്‌കരിക്കാന്‍ മലര്‍വാടി ബാലസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. 'ചുവട്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകം ശ്രദ്ധേയമായിരുന്നു. കൂടാതെ വീഡിയോകളും സീഡികളും കാസറ്റുകളും ഇറക്കി. വിജ്ഞാനോല്‍സവം, ചിത്രകലാ മത്സരം, പ്രതിഭാക്യാമ്പുകള്‍, കോഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം, പാരന്റിംഗ് മാസ്റ്റര്‍ ട്രെയ്‌നേഴ്‌സ് പരിപാടികള്‍ എന്നിവ മലര്‍വാടി ബാലസംഘാടനത്തിലെ നാഴികക്കല്ലുകളാണ്. മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കുന്നത് ബഹുസ്വരസമൂഹത്തിലായതിനാല്‍, മത, ജാതി, കക്ഷി ഭേദമന്യേ എല്ലാവരെയും ഉള്‍കൊള്ളുന്ന രീതിയിലായിരുന്നു സംഘാടനം.
ഏഴു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളെയാണ് നിശ്ചിത മാനദണ്ഡങ്ങളോടെ മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളായി ചേര്‍ക്കുന്നത്. പതിനേഴ് വയസ്സിനുശേഷം പ്ലസ്ടു കഴിയുന്ന വിദ്യാര്‍ഥികളെ എ.സ്.ഐ.ഒയും ജി.ഐ.ഒയും അതതിന്റെ അംഗങ്ങളായി ചേര്‍ക്കുന്നു. പന്ത്രണ്ടു കഴിയുന്ന വിദ്യാര്‍ഥികള്‍ എസ്.ഐ.ഒവിലും ജി.ഐ.ഒവിലും ചേരുമെങ്കിലും, അവരുടെ കൗമാര താല്‍പര്യങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല സംഘടനകളുടെ പ്രവര്‍ത്തന പരിപാടികള്‍. അതിനാല്‍, പതിമൂന്നു മുതല്‍ പതിനേഴുവരെയുള്ള കൗമാരക്കാര്‍ക്ക് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ വേദിയില്ലാത്ത അവസ്ഥ വന്നു. അങ്ങനെയാണ് കൗമാര്‍ക്കാര്‍ക്ക് വേണ്ടി 2012-ല്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ടീന്‍ ഇന്ത്യയുടെ പ്രഖ്യാപനം നടക്കുന്നത്. മലര്‍വാടി ബാലസംഘത്തെ നിലനിര്‍ത്തികൊണ്ടുതന്നെയായിരുന്നു ടീന്‍ ഇന്ത്യയുടെ രൂപീകരണം. ടീന്‍ ഇന്ത്യയുടെ സംസ്ഥാനതല രക്ഷാധികാരി ചുമതലയും എനിക്കായിരുന്നു.
പതിനേഴു വയസ്സിനുശേഷം എസ്.ഐ.ഒയിലേക്ക് കടന്നുവരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന തരത്തിലായിരുന്നു ടീന്‍ ഇന്ത്യയെ സംവിധാനിച്ചത്. മലര്‍വാടി ബാലസംഘത്തില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് കുറെകൂടി ഇസ്‌ലാമിക ശിക്ഷണങ്ങള്‍ നല്‍കും ടീന്‍ ഇന്ത്യ. ആത്മീയവും സംസ്‌കരണപരവുമായ പാഠങ്ങള്‍ കൗമാരക്കാര്‍ക്ക് പകര്‍ന്നുകൊടുത്ത് പലതരം ആക്ടിവിസങ്ങളിലൂടെ കൗമാരക്കാരെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. എസ്.ഐ.ഒക്ക് മികച്ച പിന്‍തലമുറകളെ നല്‍കാന്‍ അതുവഴി സാധിക്കുകയുണ്ടായി. 
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുംവേണ്ടി പുതുമയുള്ളതും വ്യത്യസ്തവുമായ ധാരാളം പരിപാടികള്‍ ബാലസംഘവും ടീന്‍ ഇന്ത്യയും സംഘടിപ്പിച്ചിട്ടുണ്ട്. ടീന്‍ ലാബ്, റബ്‌വ ക്യാമ്പ്, അവധിക്കാല ക്യാമ്പ്, ബാലോത്സവം എന്നിവ ചിലതു മാത്രം. പതാക ഉയര്‍ത്തല്‍, ദേശീയഗാനം ചൊല്ലല്‍ പോലുള്ള കാര്യങ്ങളില്‍ പരിമിതമായിരുന്നു സ്വാതന്ത്ര്യദിനത്തില്‍ പൊതുവെ വിദ്യാര്‍ഥികളുടെ ആഘോഷങ്ങള്‍. അതിന് കാതലായ മാറ്റം വേണമെന്ന് തോന്നി. അങ്ങനെയാണ് 2012 ആഗസ്റ്റ് 15-ന് കൗമാരക്കാര്‍ക്കുവേണ്ടി 'റണ്‍ ഫോര്‍ ഫ്രീഡം' എന്ന പരിപാടി ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്നത്. കൗമാരക്കാരെ ഏറെ ആകര്‍ഷിച്ച പരിപാടിയായിരുന്നു സ്വാതന്ത്ര്യദിനത്തിലെ കൂട്ടയോട്ടം. 
മലര്‍വാടി ബാലസംഘം സംഘടിപ്പിച്ച 'ഒരു കൈ, ഒരു തൈ' പരിപാടി മാതൃകാപരമായിരുന്നു. ബിനോയ് വിശ്വം വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായിരിക്കെ മലര്‍വാടിയുടെ 'ഒരു കൈ, ഒരു തൈ'യില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് സര്‍ക്കാര്‍ നടത്തിയ 'എന്റെ മരം' പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചു. ബാലവേദിയുടെ 'അക്ഷരമുറ്റം' പരിപാടിയും ബാലസംഘത്തിന്റെ ചുവടുപിടിച്ചാണെന്നത് സന്തോഷകരമാണ്. വേനല്‍കാലം വന്നപ്പോള്‍ 'വേനല്‍ത്തുമ്പി'യെന്ന പേരില്‍ മറ്റൊരു പരിപാടിയും നടത്തി. ടീന്‍ ഇന്ത്യ 2018ല്‍ മലപ്പുറത്ത്  നടത്തിയ കേരള കൗമാരസമ്മേളനം ഒരുപക്ഷേ, കേരളത്തിലെ തന്നെ ആദ്യ കൗമാരസമ്മേളനമായതും ചരിത്രം. മലര്‍വാടി ബാലസംഘത്തിന്റെയും ടീന്‍ ഇന്ത്യയുടെയും മാതൃക ഉള്‍കൊണ്ട് ഇതര സംഘടനകളുടെ ബാലസംഘങ്ങളും പുതുമയുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. ലിറ്റില്‍ സ്‌കോളര്‍ പരിപാടിയിലൂടെ ബാലിക-ബാലന്മാരുടെ ആവേശമായി മാറി ബാലസംഘം. മീഡിയാ വണ്‍ ചാനലിലൂടെ രണ്ടു തവണ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കിയ മത്സരം പിഞ്ചു സ്‌കോളര്‍മാരുടെ മനം കവര്‍ന്നു. 
2012-ല്‍ മലര്‍വാടി ബാലസംഘം നിര്‍മിച്ച 8 ജി.ബി ടെലിസിനിമ കേരളത്തിലും, ഡബ്ബ്‌ചെയ്ത് മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫുരാജ്യങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചു.  ഞങ്ങള്‍ നാളെയുടേതല്ല ഇന്നിന്റെ തന്നെ പൗരന്മാരാണ്, ഞങ്ങളും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്, സമൂഹത്തിനുവേണ്ടി പലതും ചെയ്യാന്‍ ഞങ്ങള്‍ക്കാവും എന്ന് ബാലികാ ബാലന്മാര്‍ പ്രഖ്യാപിക്കുന്നതാണ് സിനിമയുടെ തീം. സഹജീവികളെ  സ്‌നേഹിച്ച് സമൂഹബാധ്യതകള്‍ നിറവേറ്റി മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന അഞ്ചു കുട്ടികളുടെ കഥയാണ് 8 ജി.ബി. കഥാകൃത്തും സംവിധായകനുമായ അന്‍സാര്‍ നെടുമ്പാശ്ശേരിയുടേതാണ് സ്‌ക്രിപ്റ്റ്. സുരേഷ് ഇരിങ്ങല്ലൂര്‍ സംവിധാനം. ദീര്‍ഘകാലം ബാലസംഘത്തിന്റെ കോഡിനേഷന്‍ നിര്‍വഹിച്ച ഫൈസല്‍ സി.സെഡ്, തനിമ ഓര്‍ഗനൈസിംഗ് സെക്രട്ടറി സലീം കുരിക്കളകത്ത്, മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സംസ്ഥാന കമ്മിറ്റിയംഗം പി.എ ഫൈസല്‍ തൃശൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 8 ജി.ബി പുറത്തിറങ്ങിയത്. 
2018 ഏപ്രിലില്‍ മലപ്പുറത്ത് ടീന്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ക്ക് മൂന്നുദിവസം നീണ്ടുനിന്ന ടീന്‍ സമ്മിറ്റ് അഥവാ കേരള കൗമാര സമ്മേളനം നടന്നു. 800 വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും പഠിപ്പിക്കുന്ന സെഷനുകള്‍ക്കൊപ്പം കായിക മത്സരങ്ങളും സമ്മിറ്റില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന 10,000 വിദ്യാര്‍ഥികള്‍ സമ്മേളിച്ച വലിയ സംഗമവും നടന്നു. അന്ന് ജമാഅത്തിന്റെ അഖിലേന്ത്യാ അസി. അമീറായിരുന്ന സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മറ്റൊരു അസി. അമീറായിരുന്ന ടി ആരിഫലിയും മജീഷ്യന്‍ ഗോപിനാഥ് മുതുകാടും മലപ്പുറം കുന്നുമ്മല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
ടീന്‍ ഇന്ത്യ വര്‍ഷംതോറും നടത്തിവരുന്നതാണ് റബ്‌വ ക്യാമ്പ്. കുട്ടികളുടെ ധാര്‍മിക വളര്‍ച്ച ലക്ഷ്യംവെച്ചാണ് ഈ പരിപാടി. ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാനും സ്വഭാവമികവുകള്‍ ആര്‍ജിക്കാനും റബ്‌വയിലൂടെ സാധ്യമാവുന്നു. ആദ്യകാലങ്ങളില്‍ ആണ്‍കുട്ടികളില്‍ പരിമിതമായിരുന്നു റബ്‌വ. രണ്ടു വര്‍ഷമായി പെണ്‍കുട്ടികളും അതില്‍ ഭാഗഭാക്കാവുന്നുണ്ട്. ഏരിയയില്‍നിന്ന് നേരത്തേ ഒരു കുട്ടിയെയായിരുന്നു റബ്‌വയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ ടാലന്റ് പരീക്ഷകളും അഭിമുഖവും നടത്തി കഴിവുള്ള കുട്ടികളെയെല്ലാം റബ്‌വയില്‍ എത്തിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഏപ്രിലിലും സെപ്റ്റംബറിലും നടക്കുന്ന ക്യാമ്പുകളിലൂടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ റബ്‌വയിലേക്ക് തെരഞ്ഞെടുക്കുന്നത്. സംഘാടനവൈഭവം, ഇസ്‌ലാമികപാഠങ്ങളുടെ പ്രയോഗവല്‍ക്കരണം, പ്രസ്ഥാനപഠനം, നേതാക്കളുമായുള്ള സഹവാസം, പ്രസംഗം, എഴുത്ത്, മറ്റു കഴിവുകള്‍ പരിപോഷിപ്പിക്കല്‍ ഇതൊക്കെയാണ് റബ്‌വയില്‍ ഉണ്ടാവുക.
മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും സജീവമായി പ്രവര്‍ത്തിക്കുന്ന വേദികളാണ്. രണ്ടിന്റെയും കമ്മിറ്റികള്‍ നേരത്തേ ഒന്നായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. അബ്ബാസ് കൂട്ടിലാണ് നിലവില്‍ ടീന്‍ ഇന്ത്യയുടെ സംസ്ഥാന കോഡിനേറ്റര്‍. സഹായിയായി ജലീല്‍ തൃശൂരും. മലര്‍വാടി ബാലസംഘത്തിന്റെ കോഡിനേറ്റര്‍ അബ്ബാസലി പത്തപ്പിരിയവും സഹായിയായി മുസ്തഫ മങ്കടയും. ബാലസംഘവും ടീന്‍ ഇന്ത്യയും ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ധാരാളം ബാലന്മാരെയും ബാലികമാരെയും ആകര്‍ഷിച്ചിട്ടുണ്ട്. അവയിലൂടെ കടന്നുവന്ന ഒട്ടേറേ വിദ്യാര്‍ഥികള്‍ എസ്.ഐ.ഒയില്‍ നേതൃത്വപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നു. അധ്യാപികയും ജമാഅത്ത് സംസ്ഥാന കൂടിയാലോചനാ സമിതിയംഗവുമായ പി.വി റഹ്മാബിയാണ് ഇപ്പോള്‍ അവയുടെ സംസ്ഥാന രക്ഷാധികാരി. 
(തുടരും)
എഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌