Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ നാള്‍വഴികള്‍

എച്ച്. ശിയാസ്‌

9/11-നു ശേഷം അമേരിക്ക ആരംഭിച്ച ആഗോള ഭീകരതാവിരുദ്ധ (Global War on Terror) യുദ്ധത്തിന് 20 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഭീകരതാവിരുദ്ധ യുദ്ധം ഒരു ആശയമെന്ന നിലയിലും ആയുധ- സൈനിക ഓപ്പറേഷന്‍ എന്ന നിലയിലും ഉണ്ടാക്കിയ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെയും വെല്ലുവിളികളെയും നാശനഷ്ടങ്ങളെയും ആഴത്തില്‍ പരിശോധിക്കുന്ന ധാരാളം വൈജ്ഞാനിക ശ്രമങ്ങള്‍ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി സംഭവിച്ച മാനുഷികവും സാമ്പത്തികവും ഭൗതികവുമായ നഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് പകരം ഒരു വ്യവഹാരമെന്ന നിലയില്‍ ഇസ്‌ലാമിനെയും മുസ്ലിം  ലോകത്തെയും  അതെങ്ങനെ സമീപിച്ചു എന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. 
ഭീകരത, സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങളും ഗവേഷണങ്ങളും (Terrorism and Security Studies) വലിയതോതില്‍ വികസിക്കുന്നതില്‍ 9/11-ന് ശേഷമുള്ള ലോകസാഹചര്യങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദേശസുരക്ഷാ വ്യവഹാരങ്ങളെ സൈദ്ധാന്തികവും രാഷ്ട്രീയവുമായി ചലിപ്പിക്കുന്നതില്‍ 9/11 മുമ്പു വരെ  പങ്കുവഹിച്ചത് ശീതയുദ്ധം രൂപപ്പെടുത്തിയ സാഹചര്യങ്ങളായിരുന്നു. എന്നാല്‍ ശീത യുദ്ധാനന്തരം ആഗോള രാഷ്ട്രീയ വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങളുണ്ടാവുകയും അമേരിക്കയുടെ ആധിപത്യത്തിന് ഈ രാഷ്ട്രീയ മാറ്റത്തില്‍ നിര്‍ണായക സ്ഥാനം ഉണ്ടായിത്തീരുകയും ചെയ്തു. വ്യാപാര രംഗത്തും, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാക്കിയെടുത്ത വലിയ നിക്ഷേപങ്ങളെത്തുടര്‍ന്നാണ് ഇത് സംഭവിക്കുന്നത്.
ഇതിന്റെ സ്വാധീനഫലമായി  സ്വാഭാവികമായും ലോകരാഷ്ട്രങ്ങളില്‍ ദേശസുരക്ഷയും സാമ്പത്തിക ഭദ്രതയും അടിസ്ഥാനമാക്കി  ഘടനയിലും സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു.  ശീത യുദ്ധാനന്തരം അമേരിക്കക്ക് ലഭിച്ച വന്‍ശക്തി പരിവേഷവും, പുതിയ അധിനിവേശ താല്‍പര്യങ്ങളും അതുണ്ടാക്കുന്ന ഭൗമ രാഷ്ട്രീയ ബലാബലങ്ങളും, ദേശസുരക്ഷാ അജണ്ടകളുമെല്ലാമായി 9/11-നു ശേഷമുള്ള ഭീകരതാവിരുദ്ധ യുദ്ധം മുന്നോട്ടു പോയി. 9/11-നോടുള്ള പ്രതികരണമായി, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പുതിയ സുരക്ഷാനയങ്ങള്‍ രൂപീകരിക്കാനും തീവ്രവാദവിരുദ്ധ നടപടികള്‍ സ്വീകരിക്കാനും തുടങ്ങി. കൂടാതെ, 9/11 മുതല്‍ സുരക്ഷ എന്ന പദത്തിന് പലവിധ അര്‍ഥങ്ങള്‍ കൈവന്നു. പ്രബലമായ സാമൂഹിക, സൈദ്ധാന്തിക, ചിന്താധാരകള്‍ (റിയലിസ്റ്റ്, നിയോ-റിയലിസ്റ്റ്, ലിബറല്‍, ഫെമിനിസ്റ്റ്, കണ്‍സ്ട്രക്റ്റിവിസ്റ്റ് തുടങ്ങിയവ)  സുരക്ഷയെക്കുറിച്ച തങ്ങളുടെ അക്കാദമിക പരിപ്രേക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ തുടങ്ങി. ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെകുറിച്ച പ്രാഥമിക വിലയിരുത്തലില്‍ തന്നെ, 'മുസ്ലിം ഭീകരത' എന്ന ഭീഷണി ലോകത്തിന് മുന്നില്‍ കൂടുതല്‍ ശക്തമായി അവതരിപ്പിക്കപ്പെട്ടുകയുമുണ്ടായി. അഥവാ മുസ്‌ലിംകളെ സംശയാസ്പദമായി കാണുന്ന രീതിയില്‍ ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ഒരു ആവാസവ്യവസ്ഥ ഉണ്ടായിത്തീരുന്നു. ഇസ്‌ലാമും മുസ്‌ലിംകളും അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രത്യേകമായ സുരക്ഷാഭീഷണിയായും ലോക സമാധാനത്തിനുള്ള വെല്ലുവിളിയായും ചിത്രീകരിക്കപ്പെട്ടു. സെപ്റ്റംബര്‍ 11-നു ശേഷം,  ചില സുപ്രധാന ചോദ്യങ്ങള്‍ പൊതുവ്യവഹാരങ്ങളില്‍  നിറഞ്ഞുനിന്നു. ആഗോള ഭീകരതയില്‍ മുസ്‌ലിം ലോകത്തിനുള്ള പങ്കെത്ര,  മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം കൂടുതല്‍ തീവ്രവാദ ഉള്ളടക്കമുള്ളതാകുന്നത് എങ്ങനെ, വിശ്വാസികളല്ലാത്തവര്‍ക്കെതിരായ അക്രമത്തെയും ഭീകരവാദത്തെയും ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ  എന്നിങ്ങനെ ചോദ്യങ്ങളുമായി അത് മുന്നോട്ടുപോകുന്നു. ഇസ്‌ലാമിനെയും മുസ്ലിം ജീവിതങ്ങളെയും ചുറ്റിപറ്റി നില്‍ക്കുന്ന സകല വ്യഹാരങ്ങങ്ങളെയും നിരന്തരം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പരമ്പരാഗതമായ  വിമര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ തന്നെയായിരുന്നു ഈ ചോദ്യങ്ങളും കൂടുതല്‍ സജീവത കൈവരിച്ചത്.

ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളും 
ഭീകരാവിരുദ്ധ യുദ്ധവും

ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ  കാഴ്ചപ്പാടുകള്‍ ഒാറിയന്റലിസം മുന്നോട്ടുവെച്ച അധീശ വ്യവഹാരങ്ങളുടെ പുനരുല്‍പ്പാദനം കൂടിയായിരുന്നു. ഇസ്‌ലാം ഹിംസയെ ആന്തരികവല്‍ക്കരിച്ചിട്ടുണ്ട് എന്നൊരു കാഴ്ചപ്പാട് നിര്‍മിച്ചെടുത്തുകൊണ്ടാണ് ഓറിയന്റലിസ്റ്റ് വിജ്ഞാനങ്ങള്‍ മുസ്ലിം ലോകത്തേക്കുള്ള കോളോണിയല്‍ അധിനിവേശങ്ങളെ സാധൂകരിച്ചത്. അതുകൊണ്ടുതന്നെ ഓറിയന്റലിസത്തെ സംബന്ധിച്ചേടത്തോളം ഇസ്‌ലാം നിയന്ത്രിക്കപ്പെടേണ്ടതും ഭയപ്പെടേണ്ടതുമായ ഒന്നാണ്. 'പടിഞ്ഞാറ്'  ഉന്നതരും പരിഷകൃതരും ആധുനിക നാഗരികതയുടെ വക്താക്കളും ആകുമ്പോള്‍, അതല്ലാത്തതെല്ലാം പ്രാകൃതരും അപരിഷ്‌കൃതരും ആക്രമണകാരികളുമായി വിഭാവന ചെയ്യപ്പെടുന്ന ഓറിയന്റലിസത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങളാണ് ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ   വൈജ്ഞാനിക, രാഷ്ട്രീയ ആഖ്യാനങ്ങളിലും ദേശസുരക്ഷാ നയപ്രഖ്യാപനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്.  ഏകശിലാത്മക സ്വഭാവമുള്ള മുസ്ലിം അപരനെ ചൂണ്ടികാണിച്ചുകൊണ്ടാണ് ഭീകരാവിരുദ്ധ യുദ്ധത്തില്‍ ഓറിയന്റലിസ്റ്റ് യുക്തി കടന്നുവരുന്നത്. 9/11-ലെ ആക്രമണങ്ങള്‍ മുസ്‌ലിംകള്‍ നടത്തിയതാണ് എന്നതിനെ അടിസ്ഥാനമാക്കി ഭീകരത ഒരു ഇസ്‌ലാമിക പ്രശ്‌നമെന്ന നിലയില്‍ നിര്‍വചിക്കപ്പെടുന്നു. അഥവാ 9/11-ലെ ആക്രമണകാരികളുടെ മതത്തെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ പ്രശ്‌നം എന്നതിലുപരി ഒരു മത പ്രശ്‌നം എന്ന നിലയില്‍ ഭീകരതയെ നിര്‍വചിക്കുന്നു. അതിലൂടെ എല്ലാ മുസ്ലിംകളും ഹിംസയെ ആന്തരികവല്‍ക്കരിച്ചവരും പൊട്ടന്‍ഷ്യല്‍ ഭീകരവാദികളും ആയേക്കാമെന്ന ആശയം മുന്നോട്ടുവെക്കുന്നു. മുസ്‌ലിം തീവ്രവാദിയാകാനുള്ള സാധ്യതയെയും പ്രവണതയെയും വരച്ചുകാണിക്കാന്‍ ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. ഭീകരതക്കെതിരായ അമേരിക്കന്‍ യുദ്ധം ആഭ്യന്തരമായും ആഗോള തലത്തിലും ഇസ്‌ലാമോഫോബിയക്ക് ഘടനാപരമായ വികാസവും വിന്യാസവും ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയില്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് (ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ നെഗറ്റീവ് വാര്‍പ്പുമാതൃകകളും മുന്‍വിധികളും  9/11-നു ശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതല്ല. ഇസ്‌ലാമോഫോബിയ എന്ന പദത്തെ തികച്ചും ആധുനികമായ പ്രതിഭാസങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നവരും, മധ്യകാല യൂറോപ്പിലെ കുരിശുയുദ്ധങ്ങളുടെ ചരിത്രത്തോട് അതിനെ ചേര്‍ത്തുവായിക്കുന്നവരുമുണ്ട്). 9/11-നു ശേഷം ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിച്ചത് മുസ്‌ലിംകളെകുറിച്ചുള്ള ശാരീരികവും സാംസ്‌കാരികവുമായ ഭീതി എന്ന നിലയില്‍ മാത്രമായിരുന്നില്ല. മറിച്ച് പാശ്ചാത്യര്‍ക്ക് തങ്ങളുടെ സ്വന്തം 'നന്മയെ' പ്രതിഫലിപ്പിക്കാന്‍ ആവശ്യമായ ഒരു കണ്ണാടിയായി മുസ്‌ലിമിനെ ഉപയോഗിക്കുന്ന പ്രക്രിയ കൂടിയായിരുന്നു ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളെക്കുറിച്ച് സാംസ്‌കാരിക തലത്തില്‍ വിദ്വേഷം ജനിപ്പിക്കുക എന്നത് കൂടാതെ ദേശസുരക്ഷ അടിസ്ഥാനമാക്കിയുള്ള വംശ വിദ്വേഷം എന്ന ഒരു തലത്തിലേക്കു കൂടി ഇസ്‌ലാമോഫോബിയ വികസിച്ചത് 9/11 ശേഷമായിരുന്നു. അഥവാ അറബ്, മിഡിലീസ്റ്റ് മുസ്ലിംകള്‍ യൂറോ-അമേരിക്കന്‍ നാടുകളിലെ പൗരന്മാര്‍ക്ക് ധാര്‍മികവും  നാഗരികവും സാംസ്‌കാരികവുമായ ഭീഷണിയാണ് എന്ന ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ക്ക് നിയമസാധുതയും അംഗീകാരവും നല്‍കിയത് ഭീകരതാവിരുദ്ധ യുദ്ധമായിരുന്നുവെന്ന് കാണാന്‍ സാധിക്കും.

അനന്തമായ യുദ്ധം

'ഭീകരതക്കെതിരായ യുദ്ധം' നേര്‍ക്കുനേരെയുള്ള ആയുധ-സൈനിക ഓപ്പറേഷനുകള്‍ എന്നതിനപ്പുറം സ്ഥാപനവല്‍ക്കരിക്കപ്പെട്ട ധാരാളം പദ്ധതികളുടെ ആവിഷ്‌കാരം കൂടിയാണ്. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, നയതന്ത്ര സംരംഭങ്ങള്‍,  ദേശസുരക്ഷക്ക് വേണ്ടിയുള്ള  ഭരണകൂടസംവിധാനങ്ങളുടെ പ്രത്യേക പ്രവര്‍ത്തനം, നയ - നിയമ നിര്‍മാണങ്ങള്‍ എന്ന് തുടങ്ങിയ ഒരുപാട് പ്രക്രിയകള്‍ അതിന്റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. ഒരു വ്യവഹാരം എന്ന നിലയില്‍ ഭീകരവാദത്തിനെതിരായ രാഷ്ട്രീയ ഭാഷ, അനുമാനങ്ങള്‍, പ്രതീകാത്മക സംവിധാനങ്ങള്‍, അറിവുല്‍പാദനം, ആഖ്യാനങ്ങള്‍, കലാ സാംസ്‌കാരിക ഇടപെടലുകള്‍, മനഃശാസ്ത്ര വിജ്ഞാനങ്ങള്‍ എന്നിങ്ങനെ അത് വ്യാപിച്ചുകിടക്കുന്നുമുണ്ട്. അതൊരു രാഷ്ട്രീയ പദ്ധതിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഭൗമ-രാഷ്ട്രീയ, സാമ്പത്തിക മാനങ്ങള്‍ മനസിലാക്കുന്നതിന് പുറമേ, എങ്ങനെയാണത് നിര്‍മിക്കപ്പെട്ടതെന്നും, അതിന്റെ ആഖ്യാനങ്ങള്‍ എപ്രകാരം സാധാരണവല്‍ക്കരിക്കപ്പെട്ടുവെന്നും ആഴത്തില്‍ പഠന വിധേയമാക്കേണ്ടതുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് 'ഭീകരവാദം' എന്ന വിഷയത്തില്‍ ഉണ്ടായ പഠന ഗവേഷണ വൈദഗ്ധ്യങ്ങളാണ് (Terrorism Expertise). 9/11-നു  ശേഷം  ഇത് സ്വതന്ത്ര  സ്വഭാവമുള്ള വലിയ  പഠനമേഖലയായിത്തീര്‍ന്നു. ഒരുപക്ഷേ, പാശ്ചാത്യ അക്കാദമിക ലോകത്ത് ഏറ്റവും വേഗത്തില്‍ വികസിച്ച ഗവേഷണ മേഖലയും ഇതുതന്നെയാകും. ഇസ്‌ലാമിക തീവ്രവാദം പടിഞ്ഞാറിനും അതിന്റെ രാഷ്ട്രീയ മൂല്യവ്യവസ്ഥിതികള്‍ക്കും അസ്തിത്വപരമായ ഭീഷണിയാണെന്ന് നിര്‍വചിച്ചെടുക്കുന്ന തരത്തില്‍ ബൃഹത്തായ വൈജ്ഞാനിക പ്രവര്‍ത്തനമായി ഭീകരതാ പഠനങ്ങള്‍ മുന്നോട്ടു പോയി. അതിന്റെ ഭാഗമായി തീവ്രവാദത്തിന്റെ സ്വഭാവ സവിശേഷതകള്‍, രൂപങ്ങള്‍, പ്രക്രിയകള്‍, ചലനാത്മകത, ശൃംഘലകള്‍, സംവിധാനങ്ങള്‍  തുടങ്ങിയവയെ സംബന്ധിച്ച് സമഗ്രമായ ധാരണകള്‍ വികസിപ്പിക്കുന്നതിന് സാമൂഹിക ശാസ്ത്ര പണ്ഡിതന്മാര്‍ ഒരുമിച്ചുകൂടുന്ന നിരവധി സമ്മേളനങ്ങളും സെമിനാറുകളും നയ-രൂപീകരണ ശില്‍പശാലകളും യൂറോ-അമേരിക്കന്‍ അക്കാദമിക ഇടങ്ങളില്‍ ഇന്നും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഭീകരവാദ പഠനങ്ങളോടുള്ള ഭരണകൂട നയരൂപീകരണ എജന്‍സികളുടെ പ്രത്യേക താല്‍പര്യങ്ങളെയും, അതിന്റെ രീതിശാസ്ത്രപരവും സൈദ്ധാന്തികവുമായ ബലഹീനതകളെയും വിമര്‍ശന വിധേയമാക്കുന്ന തരത്തില്‍ ക്രിട്ടിക്കല്‍ ടെററിസം സ്റ്റഡീസ് പോലുള്ള മേഖലകളും ഇന്ന് വ്യാപകമായി പ്രചാരം നേടുന്നുണ്ട്.
ഭീകരത എന്ന പ്രയോഗത്തിന്റെ രാഷ്ട്രീയ ഉല്‍പത്തി, അര്‍ഥ വ്യത്യാസങ്ങള്‍, ഭീകരതയെക്കുറിച്ച നിര്‍വചനങ്ങളിലെ അപൂര്‍ണതയും അതിന്റെ പ്രശ്‌നങ്ങളും, നിയമവിധേയമായ രാഷ്ട്രീയ ആക്രമണങ്ങള്‍, നിയമവിരുദ്ധമായ രാഷ്ട്രീയ ആക്രമണങ്ങള്‍ (തീവ്രവാദം) എന്നു തുടങ്ങി ഭീകരതയെ സംബന്ധിച്ച 'ഔദ്യോഗിക പഠനങ്ങളി'ലെ പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കുന്ന അന്വേഷണങ്ങള്‍ ക്രിട്ടിക്കല്‍ ടെററിസം എന്ന പഠനമേഖലയില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഹര്‍വാഡ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ലിസ സ്റ്റാമ്പ്‌നിറ്റ്‌സ്‌കിയുടെ Disciplining Terror: How Experts Invented Terrorism എന്ന പഠനം അതില്‍ ശ്രദ്ധേയമാണ്. 1970-കള്‍ക്കു മുമ്പ് രാഷ്ട്രീയ അക്രമം (Political Violence) എന്ന സ്വഭാവത്തില്‍ നിര്‍വചിക്കപ്പെട്ടിരുന്ന പല പ്രവര്‍ത്തനങ്ങളും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഭീകരത എന്ന് പുനര്‍നിര്‍വചിക്കപ്പെട്ടത് എങ്ങനെയാണെന്നും, അത് അമേരിക്കയിലെ വൈജ്ഞാനിക-നയരൂപീകരണ മേഖലകളെയും, പൊതുജന ഭാഷ്യത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നും ഈ പരിവര്‍ത്തനം ആത്യന്തികമായി നിലവിലെ 'ഭീകരതക്കെതിരായ യുദ്ധത്തിലേക്ക്' എങ്ങനെ നയിച്ചുവെന്നും പരിശോധിക്കുന്നതാണ് പ്രസ്തുത പഠനം.
1970-കള്‍ക്ക് മുമ്പുവരെ ഇന്ന് ഭീകരവാദം എന്ന് വിവക്ഷിക്കുന്ന പ്രവൃത്തികള്‍ രാഷ്ട്രീയ അക്രമം എന്ന നിലയില്‍ മനസ്സിലാക്കപ്പെടുകയും, അത് യുക്തിസഹവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങളായി (rational and strategic actions) കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. 1970-കള്‍ക്ക് മുമ്പുവരെ അമേരിക്കയില്‍ നടന്ന പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിശേഷിപ്പിച്ചിരുന്നത്  കൊള്ളക്കാര്‍, റിബലുകള്‍, ഗറില്ലാസ്, അര്‍ബന്‍ ഗറില്ലാസ്, വിപ്ലവകാരികള്‍, വിമതര്‍ എന്നൊക്കെയായിരുന്നു. ഏഴുപതുകള്‍ക്കുശേഷം ഭീകരത, തീവ്രവാദം പോലുള്ള പ്രയോഗങ്ങള്‍ വ്യാപകമായി ജനപ്രിയ മേഖകളില്‍ ഇടം പിടിക്കുകയുണ്ടായി. 9/11-ന്റെ തൊട്ടുടനെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രസ്താവനകളില്‍ പലതിലും ഭീകരത  'തിന്മ' (evil) എന്ന നിലയില്‍ നേരിടേണ്ട ഒന്നായി അവതരിപ്പിക്കുന്നത് ചൂണ്ടികാണിച്ചുകൊണ്ടാണ് ലിസ സ്റ്റാമ്പ്‌നിറ്റ്‌സ്‌കി ഭീകരതയെ മുന്‍നിര്‍ത്തി 9/11 സാധ്യമാക്കുന്ന മാറ്റങ്ങളെ വരച്ചുകാണിക്കുന്നത്.
2001 സെപ്റ്റംബര്‍ 25-ന് ജോര്‍ജ് ബുഷ് ഒരു മീറ്റിംഗില്‍  പ്രഖ്യാപിച്ചത് ഇങ്ങനെയാണ്; 'ഇവര്‍ ദുഷ്ടശക്തികളാണ്. അവരുടെ പ്രവൃത്തികള്‍ക്ക് ഒരു ന്യായീകരണവുമില്ല. മതപരമായ ന്യായീകരണമില്ല, രാഷ്ട്രീയ ന്യായീകരണമില്ല. അവരുടെ ഒരേയൊരു പ്രചോദനം തിന്മയാണ്.' ഒരു മാസത്തിനുശേഷം, നവംബര്‍ 2-ന് അദ്ദേഹം വീണ്ടും പ്രഖ്യാപിച്ചു: 'ദാരിദ്ര്യം തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം ഞാന്‍ സ്വീകരിക്കുന്നില്ല. പാവപ്പെട്ട ജനങ്ങള്‍ ദുഷ്ടരാണെന്ന് പറയുന്നത് പോലെയാണത്. ഞാന്‍ അതിനോട് വിയോജിക്കുന്നു. ഒസാമ ബിന്‍ ലാദിന്‍ ഒരു ദുഷ്ടനാണ്.'
ഈ രീതിയില്‍ യുക്തിരഹിതമായ തിന്മയായി ഭീകരതാവിരുദ്ധ യുദ്ധം തീവ്രവാദത്തെ കണക്കാക്കുമ്പോള്‍ ഭീകരതക്ക് അമൂര്‍ത്തമായ നിര്‍വചനങ്ങള്‍ മാത്രമേ സാധ്യമാവുകയുള്ളൂ. മാത്രവുമല്ല, 'ഭീകരതക്ക്' രാഷ്ട്രീയമായ ന്യായങ്ങള്‍ അനുവദിച്ചു നല്‍കപ്പെടുകയുമില്ല. ഭീകരതക്ക് രാഷ്ട്രീയമായ അര്‍ഥങ്ങള്‍ നല്‍കാതിരിക്കുന്നതിലൂടെ ഭീകരത എന്ന് വിളിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  ന്യായങ്ങളും കാരണങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യാം. മാത്രവുമല്ല, ഭീകരതയെ യുക്തിരഹിതമായ തിന്മ എന്ന് വിളിക്കുന്നതിലൂടെ എന്തിനെയും തീവ്രവാദം എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സാധ്യത കൂടി അത് ബാക്കിവെക്കുന്നുണ്ട്. 'ഒരാളുടെ തീവ്രവാദി മറ്റൊരാളുടെ സ്വാതന്ത്ര്യ പോരാളി' എന്ന ക്ലീഷെ വര്‍ത്തമാനം പോലും ഇവിടെ അപ്രസക്തമാകുന്നു. 9/11-നു ശേഷം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും പ്രതിരോധ മന്ത്രാലയവും സുരക്ഷാ നയ രൂപീകരണ വിദഗ്ധരും പലപ്പോഴായി നടത്തിയ പ്രസ്താവനകള്‍ പരിശോധിച്ചാല്‍  ഭീകരതയെകുറിച്ച് അവര്‍ മുന്നോട്ടു വെക്കാന്‍ തീരുമാനിച്ച ആഖ്യാനങ്ങളുടെ സ്വഭാവം  തിരിച്ചറിയാന്‍ സാധിക്കും. ലിസ സ്റ്റാമ്പ്നിറ്റ്‌സ്‌കി സൂചിപ്പിക്കുന്നതും അതാണ്. അതായത് ഭീകരതക്കും ഭീകരവാദികള്‍ക്കും രാഷ്ട്രീയമായ നിര്‍വചനങ്ങളും ന്യായീകരണങ്ങളും നല്‍കാതിരിക്കുന്നതിന്റെ കാരണം ഒരു വ്യവഹാരമെന്ന നിലയിലുള്ള ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു.
'ഭീകരതക്കെതിരായ യുദ്ധം, സൈനികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടമായതിനാല്‍ തന്നെ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത, വിജയത്തിന്റെ വ്യക്തമായ നിര്‍വചനങ്ങളില്ലാത്ത, നിശ്ചിതമായ കാലാവധിയില്ലാത്ത പോരാട്ടമായി അത് പരിണമിക്കുകയും, ഒരു ആഗോള സംരംഭമായി അത് മാറുകയും ചെയ്തു' എന്ന് വൈറ്റ് ഹൗസിന്റെ 2002-ലെ ദേശസുരക്ഷാ നയത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. 'അനന്തമായ യുദ്ധം' (Infinite War) എന്ന് ആദ്യഘട്ടത്തില്‍ ഭീകരതാവിരുദ്ധ യുദ്ധത്തിന് പേര് നല്‍കപ്പെട്ടത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍, 9/11-ന് ശേഷം ഭീകരത എന്ന പരികല്‍പനയിലൂടെ ഇസ്‌ലാമും മുസ്‌ലിംകളും തീവ്രവാദമെന്ന യുക്തരഹിതമായ തിന്മയിലൂടെ ലോക സമാധാനത്തിന് ഭീഷണിയാണ് എന്ന് പ്രചരിപ്പിക്കപ്പെടുകയാണുണ്ടായത്. ഈ രീതിയില്‍ മുസ്‌ലിംകളെ കുറിച്ച യുക്തിരഹിതമായ ഭീതി (Irrational Fear) ഉല്‍പാദിപ്പിക്കുന്നതിലൂടെയും ഭീകരതക്ക് രാഷ്ട്രീയ രഹിതമായ നിര്‍വചന സാധ്യത തുറന്നുവെക്കുന്നതിലൂടെയും ഭീകരതാവിരുദ്ധ യുദ്ധത്തിന് അനന്തമായ സാധ്യതയാണ് ഉണ്ടായിത്തീര്‍ന്നത്. ഭീകരതക്ക്  രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, മത,  ഭൂമിശാസ്ത്ര  പ്രേരണകള്‍ കാരണമായിട്ടുണ്ട് എന്ന് ഭീകരതാ പഠനങ്ങള്‍ വാദിക്കുമ്പോള്‍ തന്നെ ഇസ്ലാം-മുസ്ലിം എന്നതിനെ പൈശാചികവല്‍ക്കരിച്ചുകൊണ്ടാണ് അത് വികസിക്കുന്നത് എന്നും മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ ഭീകരതാവിരുദ്ധ യുദ്ധത്തിന് ലഭിക്കുന്നത് പൈശാചിക തിന്മയെ ഉന്മൂലനം ചെയ്യാനുളള ഒരുതരം ദൈവിക പ്രതിനിധാനമാണ്. ദുഷ്ടരായ കുറ്റവാളികളില്‍നിന്ന് നിരപരാധികളായ ഇരകളെ സംരക്ഷിക്കുന്ന പവിത്ര ദേശീയതയായി അമേരിക്കയുടേത് ഉയര്‍ത്തപ്പെട്ടു. അഥവാ മിതവാദികളും വിവേകികളുമായ അമേരിക്കയും അവരുടെ സഖ്യ കക്ഷികളും അക്രമാസക്തരും കൊലപാതകികളുമായ തീവ്രവാദികള്‍ക്കെതിരെ ലോകവ്യാപകമായി  അനന്തമായ യുദ്ധം ചെയ്തുകൊണ്ടിരിക്കും എന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു.

9/11, ഇസ്‌ലാമിസ്സ്റ്റുകള്‍,
മുസ്ലിം രാഷ്ട്രീയം

മുസ്ലിം ലോകത്ത് ഭീകരതാവിരുദ്ധ യുദ്ധം ഇടപെടുന്നത് വ്യത്യസ്ത രീതിയിലാണ്. ബുഷിന് ശേഷം ഒബാമയുടെയും ട്രംപിന്റെയും കാലത്ത് അമേരിക്കന്‍ ഭരണ സംവിധാനത്തില്‍  നയപരവും പ്രയോഗികവുമായ വലിയ വ്യത്യാസങ്ങള്‍ അക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മിലിട്ടന്റ് ഇസ്‌ലാമിസ്റ്റുകളെ നേരിടാന്‍ അവരുടെ ഭൂമിശാസ്ത്രപരമായ ഉറവിടം കെണ്ടത്തി നശിപ്പിക്കുക എന്ന രീതി എല്ലായിപ്പോഴും തുടര്‍ന്നു. ഹിംസയെ ആന്തരികവല്‍ക്കരിച്ച മിലിറ്റന്റ് ഇസ്‌ലാമിസ്സ്റ്റുകള്‍ക്ക് ആശയ പിന്‍ബലം നല്‍കുന്ന ഇസ്‌ലാമിസത്തിന്റെ ആശയ - രാഷ്ട്രീയ -സംഘടനാരൂപങ്ങളെ (പൊളിറ്റിക്കല്‍ ഇസ്‌ലാം) ക്രിയാത്മകമായി നേരിടണം എന്ന തീരുമാനം, 9/11 കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. 'തീവ്രവാദത്തെ എതിരിടുന്നു' (Combating Terrorism) എന്ന് നാമകരണം ചെയ്ത 2006-ലെ പരിഷ്‌കരിക്കപ്പെട്ട ഭീകരതാവിരുദ്ധ നയത്തില്‍ മറ്റൊരു മാനം കൂടി ചേര്‍ക്കപ്പെട്ടിരുന്നു. ഭീകരതയുടെ പ്രത്യയശാസ്ത്രത്തെ നേരിടുക എന്നതായിരുന്നു അത്. ആശയങ്ങളുടെ യുദ്ധം (War of Ideas) എന്നും അതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ യഥാര്‍ഥത്തില്‍ ഭീകരതക്കെതിരായ യുദ്ധത്തെ തെറ്റായി നാമകരണം ചെയ്തുവെന്ന് ജോര്‍ജ് ബുഷ് തന്നെ പറഞ്ഞിരുന്നു. 'അതായത് സമൂഹങ്ങളുടെ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്ത, ആവശ്യം വന്നാല്‍ ഭീകരതയെ ആയുധമാക്കി ഉപയോഗിക്കുന്ന പ്രത്യയശാസ്ത്ര തീവ്രവാദികള്‍ക്കെതിരായ പോരാട്ടം എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാമായിരുന്നു' എന്നാണ് ജോര്‍ജ് ബുഷ് പറഞ്ഞത്. മിലിറ്റന്റ് ഇസ്‌ലാമിസ്റ്റുകള്‍ എന്നതിന് പുറമെ ഇസ്‌ലാമിസം, പൊളിറ്റിക്കല്‍ ഇസ്‌ലാം പോലുള്ള സംവര്‍ഗങ്ങളിലേക്ക് ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ പ്രയോഗങ്ങളും ഭാഷയും ഇതിന് ശേഷമുള്ള കാലഘട്ടങ്ങളില്‍ വ്യാപകമായി പ്രവേശിക്കുന്നുണ്ട്.
(രാഷ്ട്രീയത്തിന്റെയും പബ്ലിക് ഡിപ്ലോമസിയുടെയും  തലത്തില്‍ ഇസ്‌ലാമിസത്തെ താത്വികമായി പരാജയപ്പെടുത്തുക എന്ന അജണ്ട മുന്നോട്ടു കൊണ്ട് പോകുമ്പോള്‍ തന്നെ  അത് ഇസ്‌ലാമിനെതിരെയെള്ള യുദ്ധമെന്ന തരത്തില്‍ എളുപ്പത്തില്‍  തെറ്റിദ്ധരിക്കപ്പെടുമെന്ന ജാഗ്രത ആദ്യഘട്ടത്തില്‍ അമേരിക്കന്‍ നയതന്ത്ര സമീപനത്തില്‍ ഉണ്ടായിരുന്നു. കാരണം ഭീകരതാവിരുദ്ധ യുദ്ധത്തിന് മുമ്പു തന്നെ മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കുള്ള താല്‍പര്യങ്ങള്‍ മേഖലയില്‍ കാര്യമായ ഉത്ക്കണ്ഠകള്‍ക്ക് കാരണമാക്കിയിട്ടുണ്ട് എന്ന് അമേരിക്ക തിരിച്ചറിഞ്ഞിരുന്നു. ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തെ കേന്ദ്രീകരിച്ചുള്ള ഒരു ആഗോള കാമ്പയിന്‍, തങ്ങളുടെ വിശ്വാസത്തിന് നേരെ പുതിയൊരു കുരിശുയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എന്ന രീതിയില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ധാരണയെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ എന്ന നിഗമനം കൂടി അതിനെ സ്വാധീനിച്ചിരുന്നു. ആത്യന്തികമായി ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സാമൂഹിക രാഷ്ട്രീയ പ്രതിനിധാനമാണ് ഇസ്‌ലാമിസം നിര്‍വഹിക്കുന്നത്. 'ഇസ്‌ലാമിസ്റ്റ്' എന്ന പദത്തിന്റെ നിര്‍വചന-വ്യാഖ്യാന- വൈവിധ്യങ്ങള്‍  ഇത്തരമൊരു സന്ദര്‍ഭത്തില്‍ തങ്ങള്‍ക്ക് ഒട്ടും സഹായകരമാവുകയില്ല എന്നും അമേരിക്ക കണക്കുകൂട്ടി).
സിവില്‍ പൊളിറ്റിക്‌സിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെട്ടുകൊണ്ട് ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ പ്രതിനിധാനം നിര്‍വഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെ  ആധുനിക ദേശരാഷ്ട്രങ്ങളില്‍ സ്ഥാപിക്കുകയെന്ന രഹസ്യ ജിഹാദിന്റെ ഭാഗമായി (Stealth Jihad) പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ആഖ്യാനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യവല്‍ക്കരണം, സമാധാന സ്ഥാപനം, തീവ്രതാ നിര്‍മൂലനം (de-radicalisation) പോലുള്ള പദ്ധതികളിലൂടെ അതിനെ നേരിടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മുസ്‌ലിംകളില്‍ തന്നെയുള്ള ഇസ്‌ലാമിനെ സംബന്ധിച്ച പാരമ്പര്യ വ്യവഹാരങ്ങളെ ഇസ്‌ലാമിസത്തിനെതിരെ ഉപയോഗിക്കാനും സൂഫിസം പോലുള്ള  സുപ്രധാന ധാരകളെ പ്രോത്സാഹിപ്പിക്കാനും ഭീകരതാവിരുദ്ധ യുദ്ധം ആവശ്യപ്പെടുന്നുണ്ട് (വിശദവായനക്ക് 'അധികാരികള്‍ തേടുന്ന സൂഫികള്‍', പ്രബോധനം, 2021 ജൂലൈ 16).
പ്രമുഖ നരവംശ ശാസ്ത്രജ്ഞയായ സബാ മഹ്മൂദ് തന്റെ Secularism, Hermeneutics and  Empire: the Politics of Islamic Reformation എന്ന പുസ്തകത്തില്‍, 9/11-ന് ശേഷം അമേരിക്കന്‍ ഭരണകൂടവും അതിന്റെ രാഷ്ട്രീയ ഉപകരണങ്ങളും സെക്യുലറിസത്തെ ഒരു രാഷ്ട്രീയ തത്ത്വവും നൈതികതയും എന്ന നിലയില്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ കാര്യമായി ശ്രമിച്ചുകൊണ്ടിരുന്നുവെന്ന് ചൂണ്ടികാണിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. സമകാലിക അമേരിക്കന്‍ വ്യവഹാരങ്ങളില്‍ സെക്യുലറിസം നിലനില്‍ക്കുന്നതു തന്നെ ഇസ്‌ലാമിനോടും മുസ്‌ലിം ലോകത്തോടുമുള്ള അമേരിക്കയുടെ വിദേശ നയങ്ങളുടെയും സുരക്ഷാ നയങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്നാണ് സബാ മഹ്മൂദ് വ്യക്തമാക്കുന്നത്. അഥവാ രാഷ്ട്രീയ മണ്ഡലത്തെ മതത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക എന്ന 'സെക്യുലറിസത്തെ സംബന്ധിച്ച  സാമ്പ്രദായിക മനസ്സിലാക്കലുകളില്‍നിന്ന് വ്യത്യസ്തമായി'  ഇസ്ലാമിന്റെ അകത്ത് ഇടപെട്ടുകൊണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്ന രീതിയാണത്. അതുകൊണ്ടുതന്നെ 9/11-ന് ശേഷം മിതവാദ ഇസ്‌ലാം, സമാധാന ഇസ്‌ലാം, മതേതര ഇസ്‌ലാം പോലുള്ള സംവര്‍ഗങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളുടെയും എതിര്‍ചേരിയില്‍ കൂടുതലായി പ്രതിഷ്ഠിക്കപ്പെടുന്നതായി  കാണാന്‍ സാധിക്കും.
ആധുനിക ദേശരാഷ്ട്രങ്ങളുടെ ഘടനക്കും സ്വഭാവത്തിനും മൂല്യബോധങ്ങള്‍ക്കും എതിരായിട്ടുള്ള ഇസ്‌ലാമിക  ശരീഅഃത്തിന്റെ പ്രയോക്താക്കളാണ്  ഇസ്‌ലാമിസ്റ്റുകള്‍ എന്നതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് ഉല്‍പാദിപ്പിക്കപ്പെടുന്നത് 'അപരിചിതമായ ഭീതി'യാണ്. കാരണം പ്രാകൃതമായ നിയമവ്യവസ്ഥകളുടെ സംഹിതയായിട്ടാണ് ശരീഅത്തിനെ കുറിച്ച് തന്നെയുള്ള ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങള്‍. അതുകൊണ്ടുതന്നെ ആ വ്യവസ്ഥകള്‍ സിവില്‍ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ രാഷ്ട്രീയത്തിന്റെയും ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ക്ക് സുരക്ഷാപരവും ആശയപരവുമായ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. അഥവാ മിലിറ്റന്റ് ഇസ്‌ലാമിസ്റ്റുകള്‍ തീവ്രവാദം എന്ന യുക്തിരഹിതമായ തിന്മയിലൂടെ വെല്ലുവിളികള്‍ സൃഷ്ടിക്കുമ്പോള്‍, പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ ആധുനിക ദേശരാഷ്ട്ര യുക്തികള്‍ക്ക് ദഹിക്കാത്ത ഇസ്‌ലാമിക ശരീഅത്ത് എന്ന യുക്തിരഹിതമായ വ്യവസ്ഥയെ മുന്നോട്ട് വെച്ചുകൊണ്ടാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ മിലിറ്റന്റ് ഇസ്‌ലാമിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും ഭീകരവിരുദ്ധ വ്യവഹാരങ്ങളെ സംബന്ധിച്ച് ഒരേപോലെ നേരിടേണ്ട വിഭാഗങ്ങളായിത്തീരുന്നു. യൂറോപ്പിലും അമേരിക്കയിലും, മുസ്ലിം ലോകത്ത് സവിശേഷമായും തീവ്രവാദ നിര്‍മൂലനം (de-radicalisation) നടപ്പിലാക്കുന്നത്  ഇസ്‌ലാമിസം -പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന പ്രത്യയശാസ്ത്ര അപരനെയും, മിലിറ്റന്റ് ഇസ്‌ലാം എന്ന ആക്രമണകാരിയായ അപരനെയും ഒരേപോലെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.  രാഷ്ട്രീയ ഇസ്ലാം ഏതു സന്ദരര്‍ഭത്തിലും തീവ്രവാദവല്‍ക്കരിക്കപ്പെടാമെന്നും, തീവ്രവാദം ഏത് സന്ദരര്‍ഭത്തിലും രാഷ്ട്രീയ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാമെന്നുമുള്ള ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അക്കാരണത്താലാണ്.
ഇസ്‌ലാമിസം/പൊളിറ്റിക്കല്‍ ഇസ്‌ലാം പ്രയോഗങ്ങള്‍ ലോക രാഷ്ട്രങ്ങളുടെ ദേശസുരക്ഷാ വ്യവഹാരങ്ങളിലും, മുസ്‌ലിംള്‍ക്കിടയിലെ സംവാദങ്ങളിലും, ഇടതു മതേതര മണ്ഡലങ്ങളിലും, ജനപ്രിയ മേഖലകളിലും വര്‍ധിച്ച സാന്നിധ്യമാകുന്നത് ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ  സ്വാധീനഫലമായിട്ടു കൂടിയാണ്. മതേതര മണ്ഡലത്തില്‍നിന്ന് മുസ്ലിം രാഷ്ട്രീയത്തോടുള്ള  ചോദ്യങ്ങളെ പലപ്പോഴും അതു തന്നെയാണ് നിര്‍ണയിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഇസ്‌ലാമോഫോബിയക്കും മുസ്ലിം വിരുദ്ധ വംശീയ രാഷ്ട്രീയത്തിനും എതിരായി ഉയര്‍ന്നുവരുന്ന മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളെ നേരിടാനുള്ള ഒരുപാധി എന്ന നിലയില്‍ എപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ 'അപകട' സാന്നിധ്യത്തെ ചൂണ്ടികാണിക്കുന്ന ശൈലി ഒരു സംസ്‌കാരമാക്കുന്നതില്‍ ഭീകരതാവിരുദ്ധ യുദ്ധം വലിയ പങ്കുവഹിക്കുന്നുണ്ട്.
ഭീകരതാവിരുദ്ധ യുദ്ധം അധിനിവേശത്തിന്റെ പുതിയ അധ്യായമായി  രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വ്യവഹാരമെന്ന നിലയില്‍ അതിന്റെ നാള്‍വഴികള്‍ എങ്ങനെയായിരുന്നു എന്ന് വിലയിരുത്താനാണ് ഈ ലേഖനത്തില്‍ ശ്രമിച്ചത്. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും അപകടകരമായ പ്രതിഭാസമായി വരച്ചുകാണിക്കുന്നതിലും, മുസ്ലിംവിരുദ്ധതക്ക് വ്യവസ്ഥാപിത സ്വഭാവം ശക്തിപ്പെടുത്തുന്നതിലും 9/11 ന് ശേഷമുള്ള സംഭവവികാസങ്ങള്‍ വലിയ പങ്കു വഹിച്ചപ്പോള്‍ തന്നെ, മുസ്ലിം ലോകത്തു നിന്ന് നിര്‍മാണാത്മകമായ അനവധി ഇടപെടലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ലോക സാഹചര്യം കാരണമാക്കിയിട്ടുണ്ട്. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍, ഇസ്‌ലാംമോഫോബിയക്കെതിരെയുള്ള വിജ്ഞാന രാഷ്ട്രീയം, സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രക്ഷോഭങ്ങള്‍, മുസ്ലിം രാഷ്ട്രീയത്തിന്റെ മറുചോദ്യങ്ങള്‍, മുസ്ലിം സ്ത്രീകളുടെ സാമൂഹിക മുന്നേറ്റങ്ങള്‍, പുതിയ സാമൂഹിക ഐക്യദാര്‍ഢ്യങ്ങള്‍ എന്നു തുടങ്ങി അതിപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഇസ്‌ലാമിനെക്കുറിച്ച പഠനങ്ങളിലുണ്ടായ വര്‍ധനവും വ്യാപനവും, ഇസ്‌ലാമിന്റെ സാമൂഹിക വിമോചന ഉള്ളടക്കത്തെയും സാധ്യതകളെയും കുറിച്ച പ്രതീക്ഷകളും ഭീകരവിരുദ്ധ യുദ്ധത്തിന്റെ ലോക സാഹചര്യങ്ങള്‍ സൃഷ്ടിച്ച വലിയ മാറ്റങ്ങളാണ് എന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌