Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 10

3216

1443 സഫര്‍ 03

ചരിത്രത്തെ ബന്ദിയാക്കി രക്തസാക്ഷികളെ വെട്ടിമാറ്റുമ്പോള്‍

മുഹമ്മദ് നിയാസ് അശ്‌റഫ്‌

1921-'22-ല്‍ നടന്ന മലബാര്‍ സമരത്തിലെ 'അറിയപ്പെടാത്ത' രക്തസാക്ഷികള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളും 1857-1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ അവരുടെ ജീവചരിത്ര കുറിപ്പിന്റെ പ്രസക്തിയും പുനരാനയിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. തീവ്ര വലതുപക്ഷത്തുള്ള ചിലരുടെ ഇടപെടല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കു പിന്നാലെ 387 മാപ്പിള രക്തസാക്ഷികളുടെ പേരുകള്‍ രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) തീരുമാനമെടുത്തുകഴിഞ്ഞു (ഹിന്ദു, ആഗസ്റ്റ് 22, 2021). മലബാര്‍ കലാപം എന്ന പേരില്‍ പ്രശസ്തമായ 1921ലെ മാപ്പിള സമരം ആദ്യമായല്ല ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറയുന്നതും രാഷ്ട്രീയ വാഗ്വാദം സൃഷ്ടിച്ച് ധ്രുവീകരണ വിഷയമാകുന്നതും. സമരം നയിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരു മലയാളം സിനിമ വരുന്നു എന്ന് 2020 സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ടയുടന്‍ അതിനെതിരെ തീവ്രവലതുപക്ഷം രംഗത്തെത്തിയിരുന്നല്ലോ. ഹാജിയെയും സമരത്തെയും ആഘോഷമാക്കാനുള്ള ശ്രമങ്ങളെ ഒരു വര്‍ഷം നീണ്ട കാമ്പയിനിലൂടെ ഹിന്ദു വിരുദ്ധത ഉയര്‍ത്തിക്കാട്ടി നേരിടുമെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ റെയില്‍വെ സ്‌റ്റേഷനിലുണ്ടായിരുന്ന മാപ്പിള സമര പെയിന്റിങ് ഇന്ത്യന്‍ റെയില്‍വേസ് നീക്കം ചെയ്തതും നാം കണ്ടു (ഇന്ത്യന്‍ എക്‌സ്പ്രസ് നവംബര്‍ 13, 2018).
ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ തീവ്ര വലതുപക്ഷത്തിന്റെ ഇടപെടല്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്കു പിന്നാലെ രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വോള്യം കേന്ദ്ര സര്‍ക്കാറിനു കീഴിലെ സാംസ്‌കാരിക മന്ത്രാലയം  പിന്‍വലിച്ചിരുന്നു. കലാപത്തിന്റെ ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനമായിരുന്നുവെന്നും അതിനാല്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും പോലുള്ളവരെ രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യം. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്, 'വാരിയന്‍കുന്നത്ത് കേരള താലിബാന്റെ ആദ്യ നേതാവായിരുന്നു'വെന്നും 1921ലെ കോളനി വിരുദ്ധ മാപ്പിള കലാപം 'മാപ്പിളമാര്‍ നടത്തിയ കൂട്ടക്കൊല'യാണെന്നുമാണ് (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2021 ആഗസ്റ്റ്് 23). ഈ കോളനി വിരുദ്ധ സമരത്തെ കുറിച്ച് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ രാംമാധവിന് പറയാനുണ്ടായിരുന്നത്, കേരളത്തിലെ 'താലിബാന്‍ മനസ്സിന്റെ ആദ്യ ബഹിസ്ഫുരണമായിരുന്നു' ഇത് (ദ ഹിന്ദു, ആഗസ്റ്റ് 19) എന്നും. ആയിരക്കണക്കിന് ഹിന്ദുക്കളെ കുരുതി നടത്തിയും ഹിന്ദു സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയും ഹിന്ദു ക്ഷേത്രങ്ങള്‍ കളങ്കപ്പെടുത്തിയും നടന്ന ജിഹാദായിരുന്നു ഇതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2017 ഒക്‌ടോബര്‍ 12). എല്ലാറ്റിനും പുറമെ, മുസ്‌ലിം നവോത്ഥാന നായകനായ മക്തി തങ്ങളുടെ (1847-1912) വാദം ഏറ്റുപിടിച്ച്, കേരളത്തിലെ മുസ്‌ലിം സുന്നി പണ്ഡിത സംഘടന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും, ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ നടത്തിയ ചെറുത്തുനില്‍പുകള്‍ സാമുദായിക വികസനം ഒരു നൂറ്റാണ്ട് പിറകോട്ടുകൊണ്ടുപോയെന്ന് കുറ്റപ്പെടുത്തി (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 2021 ജൂലൈ 10). 19-ാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് അവരെ പിറകില്‍നിര്‍ത്തി എന്നായിരുന്നു മക്തി തങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ മാപ്പിളമാര്‍ നടത്തിയ വീരോചിത ശ്രമങ്ങളെ അംഗീകരിക്കാനുള്ള വിസമ്മതവും  മുസ്‌ലിം സമുദായത്തെ പൈശാചികവല്‍ക്കരിക്കുന്ന പ്രസ്താവനകളും ഇന്ത്യക്കാരെ മതവും ജാതിയും പറഞ്ഞ് പലതായി പകുക്കാന്‍ പ്രയത്‌നിച്ച കോളനിതമ്പുരാക്കന്മാരുടെ ലക്ഷ്യമേ സാക്ഷാത്കരിക്കുകയുള്ളൂ. രക്തസാക്ഷികളെയും അവരുടെ പദവിയെയും കുറിച്ച ഈ തര്‍ക്കങ്ങളും അവരുടെ മതപരമായ അസ്തിത്വത്തെ സംശയമുനയില്‍ നിര്‍ത്തലും വഴി നാം സാക്ഷിയാകുന്നത് ചരിത്രത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിനല്ല, പകരം ചില രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ചരിത്രത്തെ ബന്ദിയാക്കുന്നതിനാണ്.
1921-ലെ മാപ്പിള സമരത്തിന് ഒരു നൂറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തില്‍ പ്രക്ഷോഭത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളും മാപ്പിളമാരായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സമര്‍പണവുമെല്ലാം ഈ ചരിത്ര സംഭവത്തെ പൊതുജന മധ്യത്തിലെത്തിക്കുകയെന്ന ദൗത്യമേറ്റെടുക്കാന്‍ ചരിത്രകാരന്മാര്‍ക്കും സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും പ്രേരണയാകുന്നുണ്ട്.  ഖിലാഫത്ത് പ്രക്ഷോഭം, ബ്രിട്ടീഷുകാരോടുള്ള നിസ്സഹകരണം തുടങ്ങി ഏതാനും ചില സംഭവങ്ങളുടെ സ്വാഭാവിക പരിണതിയായി 1921-ലെ സമരത്തെ കാണുന്നതിന് പകരം,  പുതുതായി ഉയിരെടുക്കുന്ന അക്കാദമിക, ബൗദ്ധിക രചനകള്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിശാല കാന്‍വാസിനപ്പുറം വൈവിധ്യം നിറയുന്ന കീഴാള ചരിത്രങ്ങളുടെ ഭാഗമായും അതിനെ കാണുന്നുണ്ട്. ചില പോസ്റ്റ് കൊളോണിയല്‍ ഗവേഷണ പഠനങ്ങളില്‍  പല അടരുകളുള്ള സാമ്രാജ്യത്വവിരുദ്ധ സമരമായി അത് അടയാളപ്പെടുത്തപ്പെടുമ്പോള്‍, അതൊരു  വര്‍ഗീയ കലാപം എന്ന ലളിത വാദത്തെ ആ ആഖ്യാനങ്ങള്‍ ശരിക്കും വെല്ലുവിളിക്കുന്നുണ്ട്.
1921-ലെ മാപ്പിള രക്തസാക്ഷികളെ ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുക വഴി അറിയപ്പെടാതെ കിടന്ന രക്തസാക്ഷികള്‍ക്കും വാഴ്ത്തിപ്പാടാതിരുന്ന വീരനായകര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്‍കുകയായിരുന്നു. രക്തസാക്ഷികളുടെ മതമോ സ്വത്വമോ നോക്കിയായിരുന്നില്ല ആ തെരഞ്ഞെടുപ്പ്. അതത് പ്രദേശങ്ങളിലെ, കീഴാള, അജ്ഞാത രക്തസാക്ഷികള്‍ അനുഭവിച്ച കൊടിയ പീഡനങ്ങളും സമര്‍പ്പണവും എല്ലാവരും അറിയട്ടെ എന്ന് മാത്രമായിരുന്നു ലക്ഷ്യം. 'രക്തസാക്ഷിത്വം' എന്ന പദത്തിന് ശക്തമായ വൈകാരിക, രാഷ്ട്രീയ, സാമൂഹിക സൂചനകളുണ്ടെന്ന് ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സംഭവിച്ച ഏതു രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരണവും പക്ഷപാതപരമാകാമെന്നത് അവഗണിക്കാനാകില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനിടെ കൊല്ലപ്പെട്ട ആയിരക്കണക്കിന് മാപ്പിളമാരെല്ലാവരും വീരനായകരോ രക്തസാക്ഷികളോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ?   ഇവിടെ ഒരു ചോദ്യമുയരുന്നു; ആരാണ് രക്തസാക്ഷി? ചിലര്‍ക്ക്, രക്തസാക്ഷിയും രക്തസാക്ഷിത്വവും സ്വതന്ത്ര പഠനം നടത്താനാകുന്ന കേവലം വസ്തുനിഷ്ഠ പ്രായോഗിക യാഥാര്‍ഥ്യങ്ങളാണ്. മറ്റു ചിലര്‍ക്കാകട്ടെ, അവ പിറകെ വരുന്ന സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതും ഓരോരുത്തരുടെയും മരണസമയത്തെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നതുമാണ്. ഏതു സാഹചര്യത്തില്‍ ജീവന്‍ ബലി നല്‍കിയെന്നും ആ സമുദായത്തിന് സവിശേഷ ഓര്‍മയായി അവര്‍ എങ്ങനെ മാറിയെന്നതുമാകും ഇവിടെ ശ്രദ്ധേയം.

രക്തസാക്ഷി നിഘണ്ടു-നാള്‍വഴികള്‍
സാംസ്‌കാരിക മന്ത്രാലയവുമായും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ ചരിത്രകാരന്മാര്‍ അഞ്ചു വോള്യങ്ങളടങ്ങിയ ഒരു പരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്തസാക്ഷി നിഘണ്ടു എന്നാണ് അതിന്റെ പേര്. 1857-നും 1947-നുമിടയിലെ 14,000 രക്തസാക്ഷികളാണ് പട്ടികയില്‍ വരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി മര്‍ദനങ്ങള്‍ സഹിക്കാനും ജീവന്‍ ബലി നല്‍കാനും ഇറങ്ങിത്തിരിച്ച അറിയപ്പെടാത്ത ഇന്ത്യന്‍ രക്തസാക്ഷികളെ പൊതുജന മനസ്സുകളിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. നിലവിലെ ഐ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ അരവിന്ദ് പി.ജംഖേദ്കര്‍ നാലാം വോള്യത്തിന്റെ ആമുഖത്തിലെ എഡിറ്ററുടെ കുറിപ്പില്‍ പറയുന്നു: ''ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട രക്തസാക്ഷികളെ പരമാവധി ഉള്‍ക്കൊള്ളിക്കലാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. പ്രശസ്തരായവര്‍ മാത്രമല്ല, അപൂര്‍വമായി പരാമര്‍ശിക്കപ്പെടുന്നവരും തീരെ പറയപ്പെടാത്തവരും വിസ്മൃതിയിലാണ്ടുപോയവരും (സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുള്‍പ്പെടെ) ഇതിലുണ്ടാകണം. അതുവഴി സ്വതന്ത്ര ഇന്ത്യയുടെ ആദര പുസ്തകത്തില്‍ അവരുടെ പേരു വരണം.'' ആധികാരികത ഉറപ്പാക്കി കൃത്യമായ ചരിത്ര രേഖകള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. പുരാതന, സമകാലിക രേഖകളില്‍നിന്നെടുത്ത രക്തസാക്ഷി ജീവചരിത്ര ലഘുകുറിപ്പുകളാണ് ഇതിലുള്ളത്. ഓരോ കുറിപ്പും അതത് രക്തസാക്ഷിയുടെ നിലപാടും തീരുമാനവും സൂചനകളായല്ല, തുറന്നുതന്നെ പറയുന്നു. രക്തസാക്ഷി  അതുണ്ടാക്കുന്ന അനന്തരഫലത്തിന്റെ തീവ്രത പൂര്‍ണമായും അറിയുന്നവനാകുമെന്ന് വരുത്താനാണിത്.
മര്‍ദനം അനുഭവിക്കാന്‍ സന്നദ്ധനാണ് എന്നതിനര്‍ഥം അവന്‍ അക്രമോത്സുകമായി പെരുമാറുകയോ പ്രതികരിക്കുകയോ  ചെയ്യുന്നില്ലെന്നാണ്.  ആശയപരവും രാഷ്ട്രീയവുമായ വിശ്വാസങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലി നല്‍കാന്‍ അവന്‍ ഒരുക്കമാണെന്നര്‍ഥം. ഇത്തരക്കാര്‍ അനുഭവിച്ച പീഡനങ്ങളും അവരുടെ മരണവും രേഖപ്പെടുത്തിവെക്കുക വഴി അത് സഞ്ചിത സ്മൃതിയുടെ ഭാഗവും ഭൂതകാലത്തിന്റെ പൊരുളുമായി മാറുന്നു. '1857-1947 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം: രക്തസാക്ഷികളുടെ നിഘണ്ടു' പദ്ധതി പഴയകാല വേദനകള്‍ ഇന്നത്തെ സമൂഹത്തിനു മുന്നില്‍ സമര്‍പിക്കലാണ്. രക്തസാക്ഷികളെ കുറിച്ച ഓരോ കുറിപ്പിനും ആശ്രയിച്ച പ്രാഥമിക സ്രോതസ്സുകള്‍ ഈ ഓര്‍മ പുതുക്കല്‍ യത്‌നത്തിന് ആധികാരികതയും വിശ്വാസ്യതയും നല്‍കുന്നു.  സ്വാതന്ത്ര്യ സമരത്തിനിടെ വിവിധ പ്രസ്ഥാനങ്ങളിലും സംഘടനകളിലും സംഭവങ്ങളിലും പങ്കാളികളായ രക്തസാക്ഷികളെ പരമാവധി ഈ നിഘണ്ടുവില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
1857-ലെ സമരത്തിന്റെ 150-ാം വാര്‍ഷികവും സ്വാതന്ത്ര്യത്തിന്റെ 60-ാം വാര്‍ഷികവും ആഘോഷിക്കാനായി രൂപം നല്‍കിയ ദേശീയ സമിതിയാണ് 'ദേശീയ രക്തസാക്ഷി രജിസ്റ്റര്‍' പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌കാരിക മന്ത്രാലയം ഫണ്ടും അനുവദിച്ചു. അങ്ങനെയാണ് ചരിത്രകാരന്മാര്‍, സാംസ്‌കാരിക മന്ത്രാലയം, നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ എന്നിവരടങ്ങിയ ഉപദേശക സമിതി, '1857-1947-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടു' പുറത്തിറക്കാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ പരിഗണിക്കുന്ന 'രക്തസാക്ഷി'ക്ക്  നിര്‍വചനം സമിതി കണ്ടെത്തുകയും 1980-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍വചനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. അതുവഴി പുരസ്‌കാരങ്ങളും പെന്‍ഷനും ലഭ്യമാക്കാനുമാവുമല്ലോ. സമരത്തിനിടെയോ തടവിലിരിക്കെയോ മരിച്ചവര്‍, കൊല്ലപ്പെട്ടവര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി സമരമുഖത്തിറങ്ങിയതിന് വധശിക്ഷ നല്‍കപ്പെട്ടവര്‍, മുന്‍ ഐ.എന്‍.എക്കാര്‍, മുന്‍ സൈനികര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടും. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ചരിത്രകാരനും  നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവും അന്നത്തെ ഐ.സി.എച്ച്.ആര്‍ ചെയര്‍മാനുമായ സവ്യസാചി ഭട്ടാചാര്യ നേരത്തെയുള്ള രക്തസാക്ഷി ജീവചരിത്ര നിഘണ്ടുക്കളും ഇതും തമ്മിലെ അന്തരം വ്യക്തമാക്കുന്നുണ്ട്. ഗാന്ധി ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമായിരുന്നു ഇവ പുറത്തിറക്കിയത്. ഡോ. പി.എന്‍ ചോപ്ര എഡിറ്ററായി 1969, 1972, 1973 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ രക്തസാക്ഷികള്‍ ആരെല്ലാം' സമാഹാരം രക്തസാക്ഷികളെ നിര്‍വചിച്ചത് സ്വാതന്ത്ര്യ സമരത്തിനിടെ കൊല്ലപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്ത രാജ്യസ്‌നേഹികള്‍ എന്നാണ്.
വിവിധ സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യ സമര സംഭവങ്ങളുടെ അനുസ്മരണത്തിന്റെ ഭാഗമായി ജീവചരിത്ര നിഘണ്ടുക്കളും പട്ടികകളും പുറത്തിറക്കി. കേരളത്തില്‍ 1975-ല്‍ കരുണാകരന്‍ നായര്‍ എഡിറ്റുചെയ്ത് 625 പേജുവരുന്ന 'കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരെല്ലാം' ഗ്രന്ഥം പുറത്തിറക്കി.  പക്ഷേ, രക്തസാക്ഷികളുടെ സംഭാവനകളും ത്യാഗങ്ങളും പറയുന്ന പ്രാഥമിക സ്രോതസ്സുകകള്‍ അവലംബിക്കാത്തത് കാരണം ഈ നിഘണ്ടുവിന് ആധികാരികത കുറഞ്ഞു. മറുവശത്ത്, ചരിത്രപരവും സമകാലികവുമായ നിരവധി രേഖകള്‍ ഐ.സി.എച്ച്.ആര്‍ നിഘണ്ടു ഉപയോഗിക്കുകയുണ്ടായി.
വാള്യം ഒന്ന്, ഭാഗം ഒന്ന് പുറത്തിറക്കിയ ശേഷം, പദ്ധതിയുടെ വ്യാപ്തിയും വൈപുല്യവും കണക്കിലെടുത്ത് പ്രഫസര്‍ ഭട്ടാചാര്യയും കേന്ദ്ര ഉപദേശക സമിതിയും ഇതിനായി ഒരു ഗവേഷണ കണ്‍സള്‍ട്ടന്റിനെ വെക്കാമെന്നു തീരുമാനിച്ചു. നിരവധി സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയും കര്‍ഷക ചെറുത്തുനില്‍പുകളുടെയും ചരിത്രം പകര്‍ത്തിയ പ്രഫ. ഗുപ്തയായിരുന്നു ഗവേഷണ കണ്‍സള്‍ട്ടന്റ്. ഗവേഷണത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ അനുഭവവും കഴിവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഓരോ ചരിത്ര മുഹൂര്‍ത്തത്തിനും പ്രാഥമിക സ്രോതസ്സുകള്‍ സസൂക്ഷ്മം വായിച്ച് മതിയായ വിവരങ്ങള്‍ കണ്ടെത്തുകയെന്ന ചരിത്ര രീതി പിന്തുടരാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.
രക്തസാക്ഷികളെ പകര്‍ത്താനും പ്രാഥമിക സ്രോതസ്സുകളില്‍ (ഔദ്യോഗികവും അനൗദ്യോഗികവുമായ പഴയ ചരിത്ര രേഖകള്‍) നിന്ന് അവരുടെ രക്തസാക്ഷിത്വം ശരിയാണെന്ന് സ്ഥിരീകരിക്കാനും ഞാനുള്‍പെടുന്ന ഗവേഷക സംഘം വിവിധ സംസ്ഥാനങ്ങളിലെ ആര്‍ക്കൈവുകളില്‍ (നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ന്യൂഡല്‍ഹി നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറി ആന്റ് മ്യൂസിയം എന്നിവയിലും) നിരന്തരം സന്ദര്‍ശനം നടത്തി.
കേരളത്തിലെ പേരുകള്‍ക്ക് ചെന്നൈയിലെ തമിഴ്‌നാട് സംസ്ഥാന ആര്‍ക്കൈവ്‌സ്, കാലിക്കറ്റ് സ്റ്റേറ്റ് ആര്‍ക്കൈവ്‌സ്, തിരുവനന്തപുരം സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് എന്നിവിടങ്ങളിലാണ് ഗവേഷകര്‍ ചെന്നത്. പേര്, ജനനതീയതി, രക്തസാക്ഷ്യ സമയത്തെ പ്രായം, ജനന സ്ഥലം തുടങ്ങി ഇവരെകുറിച്ച വിവരങ്ങള്‍ ശേഖരിക്കലായിരുന്നു ലക്ഷ്യം. 19-ാം നൂറ്റാണ്ടിലെ എല്ലാ രേഖകളിലും ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ അതും ചേര്‍ത്തു. സ്വാതന്ത്ര്യസമരത്തില്‍ വ്യക്തിയുടെ പങ്കാളിത്തം, രക്തസാക്ഷിത്വത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ എന്നിവയെക്കുറിച്ചും ലഭ്യമായ ഹ്രസ്വവിവരണവും അനുബന്ധമായി ചേര്‍ത്തു. അന്വേഷകര്‍ക്ക് ഇവയെ കുറിച്ചറിയാന്‍ ആര്‍ക്കൈവല്‍ വിവരങ്ങളെക്കുറിച്ച റഫറന്‍സുകള്‍ (ഓരോ ജീവചരിത്ര രേഖക്കു താഴെയും ചേര്‍ത്ത ഈ വോള്യത്തിന്റെ മുന്‍ പേജുകളെക്കുറിച്ച 'ചുരുക്കപ്പേരുകള്‍', വകുപ്പ്, ശാഖ, ഫയല്‍ നമ്പര്‍ തുടങ്ങിയവ) പരിശോധിച്ചാല്‍ മതിയാകും. കേരളത്തിലെ രക്തസാക്ഷികളുടെ - വിശിഷ്യാ മാപ്പിള സമരങ്ങള്‍ (1849-1921 കാലയളവില്‍), പുന്നപ്ര- വയലാര്‍ സമരം (1946) തുടങ്ങിയവയിലെ- ആര്‍ക്കൈവല്‍ ജോലികള്‍ നിര്‍വഹിക്കുമ്പോള്‍ ഗവേഷക സംഘം തമിഴ്‌നാട് സംസ്ഥാന ആര്‍ക്കൈവുകളില്‍നിന്ന് രണ്ടാഴ്ച തോറുമുള്ള റിപ്പോര്‍ട്ടുകള്‍ (പ്രാദേശിക സംഭവവികാസങ്ങളെ കുറിച്ച് കോളനി ഉദ്യോഗസ്ഥര്‍/മലബാര്‍ കളക്ടര്‍ എന്നിവര്‍ ബ്രിട്ടീഷ് ഇന്ത്യ ഗവര്‍ണര്‍ ജനറല്‍ക്കോ മദ്രാസിലെ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ അയക്കുന്ന റിപ്പോര്‍ട്ടുകള്‍), ആഭ്യന്തര (രാഷ്ട്രീയ)- ആഭ്യന്തര (വിദേശ) ഫയലുകള്‍, ജുഡീഷ്യല്‍ വിഭാഗം നടപടികള്‍ (ശിക്ഷിക്കപ്പെടുന്ന തടവുകാരന്റെ മരണത്തിന് മുമ്പുള്ള കുറ്റവിചാരണ, ജുഡീഷ്യല്‍ വിധികള്‍ എന്നിവയുടെ രേഖകള്‍), പ്രാദേശിക പത്ര റിപ്പോര്‍ട്ടുകള്‍ (ഇന്ത്യയിലെ വിവിധ പത്രങ്ങളില്‍നിന്നെടുക്കുന്ന വിവരങ്ങളുടെ ചുരുക്കം ആഴ്ച തോറും ടൈപ്‌റൈറ്ററില്‍ അടിച്ചവ- വിദേശ രാഷ്ട്രീയം, ആഭ്യന്തര ഭരണ നിര്‍വഹണം, പോലീസ്, കോടതി-ജയില്‍ പ്രവര്‍ത്തനം തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് ഔദ്യോഗിക വിവര്‍ത്തകന്‍ വിവര്‍ത്തനം ചെയ്തവയാകും), നാഷ്‌നല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ (എന്‍.എ.ഐ)യില്‍നിന്നുള്ള ആഭ്യന്തര രാഷ്ട്രീയ വിഭാഗം നടപടികളുടെ ഫയലുകള്‍ എന്നിവയും ഗവേഷക സംഘം പരിശോധിച്ചു. കോഴിക്കോട്ടെ കേരള സ്റ്റേറ്റ് ആര്‍ക്കൈവുകളിലെ മലബാര്‍ കലക്ടറേറ്റ് റെക്കോഡുകള്‍, പോലീസ് ഫയലുകള്‍ എന്നിവയും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സിലെ സ്വാതന്ത്ര്യ പ്രസ്ഥാന ഫയലുകള്‍ തുടങ്ങിയവയും ദീര്‍ഘമായി വായിച്ചു. കേരള എന്‍ട്രികളില്‍ മഹാഭൂരിപക്ഷവും പ്രാഥമിക സ്രോതസ്സുകളില്‍നിന്നുള്ളവയാണ്. അതിനാല്‍ ഗവേഷണത്തിലൂടെ ഓരോ എന്‍ട്രിയും തയാറാക്കാന്‍ വലിയ ശ്രമം തന്നെ നടത്തിയിട്ടുണ്ട് ഗവേഷക സംഘം. ലഘു വിവരണം മതിയാകാത്തവര്‍ക്ക് കൂടുതല്‍ വിവരം ഇവിടങ്ങളില്‍ തേടാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഓരോ വാള്യവും പുറത്തിറക്കുംമുമ്പ് രണ്ടു വിദഗ്ധര്‍ അതിസൂക്ഷ്മ വായന നടത്തി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും കൂടുതല്‍ പേരുകള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കും, പ്രാഥമിക സ്രോതസ്സുകളില്‍നിന്നായതിനാല്‍ വിവരങ്ങള്‍ ആധികാരികമാക്കാനും സാധ്യമായിടത്തൊക്കെ ദ്വിതീയ സ്രോതസ്സുകളെ ആശ്രയിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്: ''അപ്പന്‍കൊള്ളന്‍ മൊയ്തീന്‍: പാണ്ടിക്കാട് അംശം, ഏറനാട് താലൂക്ക്, മലബാര്‍, കേരള. 1921-'22-ലെ മലബാര്‍ കലാപകാലത്ത് ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ സമയത്ത് ബ്രിട്ടീഷ് സേനക്കെതിരെ സ്വന്തം ഗ്രാമത്തില്‍ സായുധ സംഘട്ടനത്തില്‍ പങ്കാളിയായി. പൂര്‍ണ ആയുധ സജ്ജമായ 2/8 ഗൂര്‍ഖ റൈഫിള്‍സും വേണ്ടത്ര ആയുധമില്ലാതെയെത്തിയ 2000 മാപ്പിള പോരാളികളും തമ്മില്‍ 1921 നവംബര്‍ 14-ന് നടന്ന പോരാട്ടത്തില്‍ കീഴടങ്ങാന്‍ സമ്മതിക്കാത്ത 234 മാപ്പിള പോരാളികള്‍ കൊല്ലപ്പെട്ടതായി കേണല്‍ കമാന്‍ഡന്റ് പറയുന്നു. 1921 നവംബര്‍ 14-ലെ ബ്രിട്ടീഷ് സൈനിക വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മൊയ്തീനുമുണ്ടായിരുന്നു [H/ Poll, 1921, F. No. 241, Part 1-A, NAI; PPRM (കെ.എന്‍ പണിക്കര്‍ (ed), മലബാറിലെ കര്‍ഷക പ്രതിഷേധവും സമരങ്ങളും), pp. 372-74]
നിഘണ്ടുവിന്റെ ആരംഭ ഘട്ടത്തില്‍ കേരളത്തില്‍നിന്നുള്ള പ്രാദേശിക കോര്‍ഡിനേറ്ററായിരുന്ന ഡോ. ശോഭനന്റെ നേതൃത്വത്തില്‍ ഞാനുള്‍പെടുന്ന ഗവേഷക സംഘം കേരളത്തില്‍നിന്നുള്ള 500-ലേറെ രക്തസാക്ഷികളെ കുറിച്ച് എഴുതുകയും, വിസ്മൃതിയിലായവരും അറിയപ്പെടാത്തവരും ഇനിയും ചിത്രത്തിലെത്താത്തവരുമായവരുമായ ആളുകളിലേക്ക് ജനശ്രദ്ധ എത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, നിഘണ്ടുവില്‍ ആലേഖനം ചെയ്ത് കൈമാറുക വഴി ഓരോ രക്തസാക്ഷിയും അനുഭവിച്ച വേദനകള്‍ സ്മാരകമായി മാറുന്നു. ചരിത്ര പുനര്‍നിര്‍മിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഭൂതത്തെക്കുറിച്ച അറിവും സഞ്ചിത സ്മരണയും ഉണര്‍ത്താന്‍ ഇത് സഹായിക്കുന്നു.
രക്തസാക്ഷി നിഘണ്ടുവിന്റെ ആമുഖ വോള്യത്തില്‍ ഭട്ടാചാര്യ എഴുതിയ എഡിറ്ററുടെ കുറിപ്പില്‍ സൂചിപ്പിച്ച ഗവേഷണത്തെ കുറിച്ച് നല്‍കിയ വിവിധ വിവരങ്ങള്‍ ഭാവിയില്‍ വിവാദങ്ങള്‍ വിളിച്ചുവരുത്തിയേക്കാം. അദ്ദേഹം എഴുതുന്നു, ''ചിലരെ ഉള്‍പ്പെടുത്തുന്നതും മാറ്റിനിര്‍ത്തുന്നതും വിവാദ വിഷയമാകാം. പരമാവധി എല്ലാവരെയും ഉള്‍പ്പെടുത്തുന്നതാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മാത്രവുമല്ല, നാം ആധാരമാക്കിയ പ്രാഥമിക സ്രോതസ്സുകളില്‍ വസ്തുതാപരവും വിശകലനപരവുമായ തെറ്റുണ്ടാകാം. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം നിലനിര്‍ത്തിയ സഹജമായ പക്ഷപാതം വിശദീകരണമര്‍ഹിക്കാത്തവിധം വ്യക്തമാണ്. അത്തരം പരിമിതികള്‍ മറികടക്കാന്‍ ഇതില്‍ ശ്രമം നടന്നിട്ടുണ്ട്''. ഇത്തരം എല്ലാ സാഹസങ്ങളും ഏറ്റെടുത്താണ് ഗവേഷക സംഘം ഇന്ത്യ മുഴുക്കെയുള്ള ആര്‍ക്കൈവുകളിലെത്തി ആയിരക്കണക്കിന് ഫയലുകള്‍ പരതിയത്.
1857-1947 കാലത്ത് ഇന്ത്യയില്‍  നടന്ന ജനകീയ സമരങ്ങളില്‍ തങ്ങളുടെ ജീവന്‍ ബലി നല്‍കിയവരെ പരമാവധി കണ്ടെത്താന്‍ ഈ  ഗവേഷക സംഘം കഠിന യത്‌നം നടത്തിയിട്ടുണ്ട്. അതിബൃഹത്തായ ഈ ഗവേഷണസപര്യ, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ജനങ്ങളെ സമരമുഖത്ത് കൂടുതല്‍ ഇണക്കിചേര്‍ത്ത അതിന്റെ പ്രാദേശിക വകഭേദങ്ങളെയും കുറിച്ച് സമഗ്ര ധാരണ നല്‍കാന്‍ പര്യാപ്തമാണ്. ഇന്ത്യയെ മൊത്തത്തില്‍ സ്പര്‍ശിക്കുന്ന ഈ രചന രാജ്യത്തെ ബഹുസ്വര സമൂഹം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ ശക്തമായ മുന്നേറ്റത്തെ വിളിച്ചറിയിക്കുന്നു. സാമൂഹിക ഉപവിഭാഗങ്ങള്‍ വരെ  ഇതില്‍ പങ്കാളിത്തം വഹിച്ചതും അനാവരണം ചെയ്യപ്പെടുന്നു.
ചില പേരറിയാത്ത രക്തസാക്ഷികള്‍ രോഗങ്ങളാലും പോലീസ് ഭീകരതകളായും ജയിലുകളില്‍ അനുഭവിച്ച കൊടുംപീഡനങ്ങള്‍ ഈ നിഘണ്ടുവില്‍ വേണ്ടപോലെ ഇടംപിടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്: ''അമ്മന്‍കല്ലന്‍ വീരാന്‍കുട്ടി, ഇരുവീട്ടി അംശം, മലപ്പും ജില്ല, കേരള എന്നവരെ 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതാണ്. ഖിലാഫത്ത്- നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് കോളനി അധികാരികള്‍ക്കെതിരെയും ചൂഷണം രീതിയാക്കിയ ജന്മിമാര്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ സമരം. 1922 മേയ് അഞ്ചിന് വിചാരണത്തടവുകാരനായി പിടിച്ച് മഞ്ചേരി സബ്ജയിലില്‍ അടച്ചു. ക്രൂരമായ പൊലീസ് പീഡനങ്ങള്‍ക്കു പുറമെ ജയിലില്‍ (ശുചിത്വം തീരെയില്ലാത്തതും ശുദ്ധമായ കുടിവെള്ളമോ ഭക്ഷണമോയില്ലാത്തതും തിങ്ങിനിറഞ്ഞ മുറികളുമായിരുന്നു ജയില്‍ സാഹചര്യം) വെച്ച് കടുത്ത ന്യൂമോണിയ ബാധയുമുണ്ടായി. തടവിലിരിക്കെ 1922 മേയ് 25-ന് 30-ാം വയസ്സില്‍ വീരാന്‍കുട്ടി മരിച്ചു (പ്രസാധന വിഭാഗം, G.O. (MS) No. 960, 20.11.1922, TNSAC].
രക്തസാക്ഷികളെയും അവരുടെ രക്തസാക്ഷിത്വത്തെയും കുറിച്ചും മതസ്വത്വത്തെക്കുറിച്ചും അടുത്തിടെ ഉണ്ടായ വിവാദങ്ങള്‍ ചരിത്രത്തെ രാഷ്ട്രീയവത്കരിക്കലല്ല, അജണ്ടകളിലൂന്നിയ രാഷ്ട്രീയത്തിനായി ചരിത്രത്തെ ബന്ദിയാക്കലാണ്. രക്തസാക്ഷികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന നൃശംസതകള്‍  കോളനിത്തമ്പുരാക്കന്മാരുടെ ഇംഗിതങ്ങള്‍ സാക്ഷാല്‍ക്കരിച്ച് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. മതവും ജാതിയും അടിസ്ഥാനമാക്കി ഇന്ത്യക്കാരെ നെടുകെ പിളര്‍ത്തലായിരുന്നു അവരുടെ രീതി. ഈ രക്തസാക്ഷികളില്‍ ഒരാളെയെങ്കിലും മായ്ച്ചുകളഞ്ഞ് അവര്‍ അനുഭവിച്ച കൊടിയ മര്‍ദനങ്ങള്‍ തമസ്‌കരിച്ചാല്‍ സംഭവത്തിന്റെ അപൂര്‍ണവും പക്ഷപാതപരവുമായ ചിത്രമേ ബാക്കിയാകൂ. അതാകട്ടെ, ചരിത്രത്തെ വക്രീകരിക്കാനാകും സഹായകമാവുക. എല്ലാറ്റിലുമുപരി, ഹിന്ദു മാത്രമേ ഇരയായിട്ടുള്ള എന്ന മട്ടിലുള്ള അവതരണം നിരര്‍ഥകമാണ്. പകരം, വിമര്‍ശനാത്കവും ബഹുസ്വരവുമായ സമര ചരിത്രങ്ങള്‍ ഉണ്ടാവട്ടെ. കൂടുതല്‍ ഗവേഷക വിനിമയങ്ങള്‍  ഈ മേഖലയില്‍ പ്രതീക്ഷിക്കുകയും ചെയ്യട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9
ടി.കെ ഉബൈദ്‌