Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

വിശുദ്ധ ഭൂമിയിലേക്കുള്ള തീര്‍ഥാടനങ്ങള്‍

ടി.കെ ഹുസൈന്‍

1995-ല്‍ ഞാന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെയാണ് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം കേരള ഹജ്ജ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഇതിന്റെ സംഘാടന ചുമതല എന്റെ ചുമലില്‍ വന്നു. എനിക്കതില്‍ മുന്‍പരിചയമില്ല. ഹജ്ജിന് ആളുകളെ ലഭിക്കുന്നതിന് ഒരു പത്രപ്രസ്താവന കൊടുത്തു. താല്‍പര്യമുള്ളവര്‍ ഹജ്ജ് ഗ്രൂപ്പുമായി ബന്ധപ്പെടണമെന്നായിരുന്നു ഉള്ളടക്കം. നല്ല പ്രതികരണമാണ് ലഭിച്ചത്. ഹജ്ജ് ഗ്രൂപ്പ് രൂപീകരിച്ചപ്പോഴാണ് തല്‍സംബന്ധമായ കാര്യങ്ങള്‍ പഠിക്കുന്നത്. ഫോം തയാറാക്കല്‍, അത് പൂരിപ്പിക്കല്‍, യാത്ര, പാസ്‌പോര്‍ട്ട് ശേഖരണം, മദീനയിലെയും മക്കയിലെയും താമസം, യാത്രാ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി പലതിനും വ്യക്തതയുണ്ടായി. 
കേരള ഹജ്ജ് ഗ്രൂപ്പിന്റെ ആദ്യയാത്രയില്‍ കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍, ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, ശൈഖ് മുഹമ്മദ് കാരകുന്ന് പോലുള്ള പല നേതാക്കളും ഉണ്ടായിരുന്നു. കേരള ഹജ്ജ് ഗ്രൂപ്പിന്റെ ആദ്യ അമീറായി എന്നെയാണ് തെരഞ്ഞെടുത്തത്. ആ ഹജ്ജ് ധാരാളം അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. 313 പേരായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഒട്ടും പരിചയമില്ലാത്ത പ്രദേശത്തേക്കുള്ള യാത്ര, ഹറമിലെ താമസം, വിവിധ ദേശക്കാരുടെ സംസ്‌കാരം, ഭാഷ, വേഷം, ഭക്ഷണം എന്നിങ്ങനെ എല്ലാം വ്യത്യസ്തം. പുതിയ ആളുകളുമായി അടുത്തിടപെടാനും സഹവസിക്കാനും സാധിച്ചു. തുടര്‍ച്ചയായി ഏഴു വര്‍ഷം ഹജ്ജ് ഗ്രൂപ്പിന്റെ ചുമതല എനിക്കായിരുന്നു. 
ആദ്യത്തെ ഹജ്ജ് യാത്രയിലുണ്ടായ അനുഭവം പറഞ്ഞ് ഈ കുറിപ്പ് തുടങ്ങാം. ജിദ്ദ ഇന്റര്‍നാഷ്‌നല്‍ എയപോര്‍ട്ടിലാണ് വിമാനം ലാന്റ് ചെയ്തത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ചെയ്യുന്നതിന് പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും നല്‍കണം. തിരിച്ചുവരുമ്പോള്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ പഴയ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. തെളിവിന് റസീറ്റും നല്‍കി. 25 പേര്‍ക്ക് അപ്രകാരം റസീറ്റ് കിട്ടിയിട്ടുണ്ട്. എന്നാല്‍, തിരിച്ചുവരുമ്പോള്‍ മുഴുവന്‍ പാസ്‌പോര്‍ട്ടും ലഭിച്ചില്ല. 20 പേര്‍ക്കേ ലഭിച്ചുള്ളൂ. സുഊദി എയര്‍വെയ്‌സിന്റെ ഉത്തരവാദപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങി. ഒരു ഫലവുമുണ്ടായില്ല.
ഗ്രൂപ്പ് അംഗങ്ങള്‍ ഹജ്ജിനു ശേഷമുള്ള ക്ഷീണത്തിലും ആലസ്യത്തിലുമാണ്. വിമാനവും പ്രതീക്ഷിച്ചാണ് അവരുടെ ഇരിപ്പ്. എയര്‍വേയ്‌സ് ഓഫീസര്‍മാരെ വീണ്ടും വീണ്ടും കണ്ട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. അല്‍പസമയത്തിനുശേഷം, യാത്രക്കാരോട് ബോഡിംഗ് ചെയ്യാനാവശ്യപ്പെട്ട് എയര്‍പോര്‍ട്ടില്‍നിന്ന് സന്ദേശം വന്നു. അഞ്ചു പാസ്‌പോര്‍ട്ട് ലഭിച്ചിട്ടില്ലാതിരിക്കെ ഇനിയെന്ത് ചെയ്യുമെന്നായി ആലോചന. എയര്‍പോര്‍ട്ട് വിട്ടാല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ സാധ്യതയില്ല. അപ്പോഴാണ് ഒരു ആശയമുദിച്ചത്. എഴുന്നേറ്റുനിന്ന് ഞാന്‍ ഉറക്കെ പറഞ്ഞു: 'അഞ്ച് പാസ്‌പോര്‍ട്ടുകള്‍ കിട്ടാതെ ആരും ബോഡിംഗ് ചെയ്യുന്ന പ്രശ്‌നമില്ല'. എന്റെ അടുത്തേക്ക് ഉദ്യോഗസ്ഥര്‍ വന്നു. ഞാനവരോട് വിഷയം പറഞ്ഞു. അവര്‍ പറഞ്ഞു: 'അഞ്ചു പേരെ മാറ്റിനിര്‍ത്തിക്കോളൂ. ബാക്കിയുള്ളവര്‍ ബോഡിംഗ്  ചെയ്തുകൊള്ളട്ടെ'. ചാര്‍ട്ടര്‍ ചെയ്ത സുഊദി എയര്‍ലൈന്‍സിലാണ് യാത്ര. ബോഡിംഗ് പാസ് ലഭിച്ച എല്ലാവരും കയറാതെ വിമാനത്തിന് എയര്‍പോര്‍ട്ട് വിടാനാവില്ല. അഞ്ചു മിനിറ്റിനുള്ളില്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചു. ഗ്രൂപ്പ് ഡൈനമിസത്തിന്റെ ഫലമായിരുന്നു ഈ ശുഭപര്യവസാനം. ഒറ്റക്ക് ശ്രമിച്ചിരുന്നെങ്കില്‍, പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുമായിരുന്നില്ല. 
ഹജ്ജിന് സൗകര്യപ്രദമായ ഗ്രൂപ്പ്, കേരള ഹജ്ജ് ഗ്രൂപ്പാണെന്ന വിശ്വാസം ജനങ്ങളിലുണ്ടാക്കാന്‍ സാധിച്ചു. അതിനാല്‍ മുമ്പത്തേതിനേക്കാള്‍ ആളുകള്‍ വര്‍ധിച്ചു. പരിചരണം, പെരുമാറ്റം, ഭക്ഷണം, സേവനം എന്നിവയിലെ മികവ്, ഹജ്ജ് കര്‍മങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലെ മിടുക്ക്, പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവല്‍ എന്നിവ ഗ്രൂപ്പിന്റെ സവിശേഷതകളായിരുന്നു. ഹജ്ജ് ഗ്രൂപ്പിന്റെ ഒപ്പമുള്ള ഹജ്ജ് യാത്രയിലൂടെ പലരും ജമാഅത്തിലേക്ക് വന്നിട്ടുണ്ട്. മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റെടുത്ത ഡോ. അബൂബക്കറും വൈദ്യുതി വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷന്‍ ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യയും ഹജ്ജ് ഗ്രൂപ്പിലൂടെ ജമാഅത്തിലേക്ക് വന്നവരാണ്. സിജി ഡയറക്ടറായി സേവനമനുഷ്ഠിച്ച ഡോ. കെ.എം അബൂബക്കറിന്റെ ജമാഅത്ത് ബന്ധത്തിന്റെ തുടക്കം ഹജ്ജ് ഗ്രൂപ്പിലൂടെയായിരുന്നു. കെ.എം അബൂബക്കറും സിദ്ദീഖ് ഹസന്‍ സാഹിബും തമ്മില്‍ മക്കയില്‍ വെച്ച് നടന്ന സംഭാഷണമാണ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി)യുടെ രൂപീകരണത്തിന് നിമിത്തമാകുന്നത്. 
1997-ലെ ഹജ്ജിനിടെ മിനയിലുണ്ടായ തീപിടിത്തം മറക്കാനാവില്ല. തീപ്പിടിത്തത്തില്‍ നമ്മുടെ ക്യാമ്പിനടത്തുള്ള ചിലരും അക്ബര്‍ ട്രാവല്‍സിന്റെ കീഴില്‍ വന്ന ചിലരുമടക്കം കുറേ പേര്‍ മരണപ്പെട്ടു. തീപ്പിടിത്തമുണ്ടായ അന്ന് ഇ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു രാവിലെ പതിനൊന്നിന് മിനാ തമ്പില്‍ ക്ലാസെടുക്കാന്‍ വരേണ്ടിയിരുന്നത്. സമയം ഏറെയായിട്ടും അദ്ദേഹത്തെ കാണുന്നില്ല. ഇ.എന്നിനു ശേഷം ക്ലാസെടുക്കേണ്ട എം.വി സലീം മൗലവിയെയും കാണുന്നില്ല. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനെത്തിയ ഇ.എന്‍ ഇബ്‌റാഹീം മൗലവിയെ കൊണ്ട് തല്‍ക്കാലം ക്ലാസ് നടത്തി. എന്നിട്ടും ഇ.എന്നും സലീം മൗലവിയും വന്നില്ല. ഞാന്‍ മാറിനിന്ന് ഇരുവരെയും പ്രതീക്ഷിച്ച് ദൂരേക്ക് നോക്കി. ആകാശത്തേക്ക് പുകച്ചുരുളുകള്‍ ഉയരുന്ന ദൃശ്യങ്ങളാണ് കാണാനായത്. എന്തോ പന്തികേട് തോന്നി. ചില വര്‍ഷങ്ങളില്‍ തീപ്പിടിത്തമുണ്ടാവാറുണ്ടെങ്കിലും, ഇത്രയേറെ പുകച്ചുരുള്‍ ഉണ്ടാവാറില്ല. തീയും പുകയും അധികമായപ്പോള്‍, 'ദിഫാഉല്‍ മദനി'യില്‍ ചെന്ന് കാര്യമന്വേഷിക്കാന്‍ വളന്റിയര്‍ ഖാജാ ശിഹാബുദ്ദീനെ ചുമതലപ്പെടുത്തി. അദ്ദേഹം ഞൊടിയിടയില്‍ തിരിച്ചുവന്ന് ചെവിയില്‍ മന്ത്രിച്ചു: 'അഞ്ചു മിനിറ്റിനുള്ളില്‍ തീ ഇവിടെയെത്തും. അതിനുമുമ്പ് തമ്പ് വിട്ടുകൊള്ളണം'. മുഅദ്ദിന്‍ ളുഹ്ര്‍ നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കുന്നു. ഞാന്‍ മൈക്ക് പിടിച്ചുവാങ്ങി. ശഹാദത്ത് ഉറക്കെചൊല്ലിയശേഷം ശാന്തചിത്തനായി പറഞ്ഞു: 'സുരക്ഷിത സ്ഥാനത്താണ് നമസ്‌കാരം പോലുള്ള ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. നമ്മള്‍ നില്‍ക്കുന്ന തമ്പ് സുരക്ഷിതമല്ല. കുറച്ചപ്പുറത്തേക്ക് നോക്കൂ. തീ കത്തുന്നതും പുകച്ചുരുള്‍ ഉയരുന്നതും കാണാം. അഞ്ചു കിലോമീറ്റര്‍ അപ്പുറമാണത്. രേഖകള്‍ മാത്രമെടുത്ത് ലഗേജുകള്‍ ഇവിടെ വെച്ച് പെട്ടെന്ന് തമ്പ് വിടണം'. വലിയ ലഗേജുകള്‍  കത്തിപ്പോകുമെന്ന് അറിയാമായിരുന്നു. ലഗേജുകളേക്കാള്‍ പ്രധാനം ജീവനാണല്ലോ. ജംറത്തുല്‍ അഖബായിലേക്കാണ് അവരെ പറഞ്ഞുവിട്ടത്. മറ്റൊരു സന്ദേശം ലഭിക്കുംവരെ അവിടെ നിലകൊള്ളാന്‍ അവരോട് പറഞ്ഞു. കേരള ജമാഅത്തിന്റെ സെക്രട്ടറി അബ്ദുല്‍ ഹകീം സാഹിബും കാലിന് അസുഖമുള്ള അദ്ദേഹത്തിന്റെ മാതാവും തമ്പിലുണ്ട്. മാതാവിനെയും കൊണ്ട് അദ്ദേഹം പുറത്തിറങ്ങി. അവസാനമായി തമ്പ് ഒന്നുകൂടി പരിശോധിച്ച് എല്ലാവരും പുറത്തിറങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കി. ശേഷം ഞാനും തമ്പ് വിട്ടു. കുറച്ചുമുന്നോട്ടു നടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ഞങ്ങള്‍ താമസിച്ച ടെന്റ് കത്തിച്ചാമ്പലാകുന്നതാണ് കണ്ടത്. അലംഭാവം കാണിച്ചിരുന്നുവെങ്കില്‍, തീയില്‍ പെട്ടുപോയേനെ.
ഹാജിമാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കേരള ഹജ്ജ് ഗ്രൂപ്പ്തന്നെ വിസ സ്റ്റാമ്പ് ചെയ്ത് പാചകവിദഗ്ധരെ കൊണ്ടുപോവുകയാണ് പതിവ്. 1998-ല്‍ പാചകക്കാരെ കൊണ്ടുവരാന്‍ പാടില്ലെന്ന് സുഊദിയില്‍ നിയമം വന്നു. അതറിയാതെ പാചകക്കാരുമായാണ് ഹജ്ജിനെത്തിയത്. മദീനാ സന്ദര്‍ശനയാത്രയില്‍ നിയമം കര്‍ക്കശമാക്കിയതിനാല്‍, പാചകക്കാരെ കൂടെ കൂട്ടാനായില്ല. കെ.കെ മമ്മുണ്ണി മൗലവിയായിരുന്നു അമീര്‍. പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിന് വലിയ ചെലവ് വരും. ഇനിയെന്തു ചെയ്യും? ഒടുവില്‍ തെരഞ്ഞെടുത്ത ഗ്രൂപ്പംഗങ്ങളെയും വളന്റിയര്‍മാരെയും ഒരുമിച്ചുകൂട്ടി പാചകത്തിന് പറ്റിയ ആളുണ്ടോയെന്ന് നോക്കി. പാചകത്തിന് പറ്റിയ ആരുമില്ല. ഗുരുവായൂരിലെ മൊയ്തുണ്ണി ഹാജിക്ക് ഹോട്ടല്‍ നടത്തി പരിചയമുണ്ട്. എന്നാല്‍, രുചിഭേദങ്ങളുള്ള ഭക്ഷണം പാചകം ചെയ്യുന്നതില്‍ അദ്ദേഹം വിദഗ്ധനല്ല. തിരൂരിലെ അബുല്ലൈസ് സാഹിബിനും അല്ലറചില്ലറ പണികള്‍ അറിയാം. അവസാനം, മൊയ്തുണ്ണി ഹാജിയെയും അബുല്ലൈസ് സാഹിബിനെയും ഭക്ഷണത്തിന്റെ ചുമതല ഏല്‍പിച്ചു. ഞാനും പാചകക്കാരനായി രംഗപ്രവേശം ചെയ്തു. ചോറ്, നെയ്‌ച്ചോറ്, ബിരിയാണി, പായസം, പച്ചക്കറി കറികള്‍, മത്സ്യക്കറികള്‍ പോലുള്ളവ പാചകംചെയ്ത പരിചയമുണ്ട്. ഗ്രൂപ്പിലെ സ്ത്രീകളെയും സഹായികളായി കൂട്ടി. എട്ടോളം ദിവസം നാലുനേരം സ്വയം ഭക്ഷണം തയാറാക്കിയാണ് ഞങ്ങള്‍ കഴിഞ്ഞുപോന്നത്. പരാതികളേതുമില്ലാതെ 485 ഹാജിമാരുടെ ഭക്ഷണപ്രശ്‌നം അത്ഭുതകരമായി പരിഹരിച്ചു.   
പ്രിയതമ സ്വഫിയ്യയുമൊത്ത് ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആദ്യ ഹജ്ജിന് ഒരുങ്ങിയപ്പോള്‍ അവര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. അവരത് പ്രകടിപ്പിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു; നല്ല കാര്യമാണ്. പക്ഷേ, ഞാന്‍ ഗ്രൂപ്പിന്റെ ലീഡറാണ്. ഗ്രൂപ്പംഗങ്ങളെ നന്നായി ശ്രദ്ധിക്കേണ്ടിവരും. അപ്പോള്‍, നിങ്ങള്‍ക്ക് എന്നെ പരിഗണിച്ചില്ലെന്ന പരാതിയുണ്ടാവും. അതിനാല്‍, നമ്മള്‍ രണ്ടുപേരും സ്വതന്ത്രമായി ഒരിക്കല്‍ ഹജ്ജ് നിര്‍വഹിക്കും. പിന്നീട്, 2002-ല്‍ കേരള ഹജ്ജ് ഗ്രൂപ്പ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവായി രണ്ടു വര്‍ഷത്തിനു ശേഷമാണ് സഹധര്‍മിണിയോടൊപ്പം ഹജ്ജ് നിര്‍വഹിച്ചത്. 
സ്വാഭാവികമായ മുഷിപ്പ് കാരണം ഹജ്ജ് ഗ്രൂപ്പിന്റെ ചുമതല ഒഴിവാക്കിത്തരാന്‍ ഞാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമൊന്നും നേതൃത്വം പരിഗണിച്ചില്ല. ഹജ്ജിന് പുതിയ ഭാരവാഹികള്‍ ഉണ്ടാവാന്‍ രണ്ടു പേരെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹജ്ജിനു പോകുമ്പോള്‍ അവരെ വളന്റിയര്‍മാരായി കൂട്ടും. പി.സി ബശീര്‍ സാഹിബായിരുന്നു ഒരാള്‍. മറ്റൊരാളാണ് ഖാജാ ശിഹാബുദ്ദീന്‍. അദ്ദേഹത്തെ കേരള ഹജ്ജ് ഗ്രൂപ്പിന്റെ പുതിയ സെക്രട്ടറിയായി നിശ്ചയിച്ചു. 
ഹജ്ജ് ഗ്രൂപ്പിന്റെ സംഘാടനം ശ്ലാഘനീയവും പ്രശംസനീയവുമായി വിലയിരുത്തപ്പെട്ടു. ഈ സല്‍പേരിന്റെ പ്രധാന ഉത്തരവാദികള്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ പ്രവാസികളായ ജമാഅത്ത് പ്രവര്‍ത്തകരാണ്. കേരള ഹജ്ജ് ഗ്രൂപ്പ് പ്രശസ്തിയാര്‍ജിച്ചതിന്റെ പിന്നില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പി(കെ.ഐ.ജി)ന് നിര്‍ണായക പങ്കുണ്ട്. സ്വന്തം ബാഗേജോടെ മക്കയിലേക്ക് മുത്വവ്വിഫിന്റെ വാഹനത്തില്‍ യാത്രയാക്കുന്നതിന്റെ നേതൃത്വം ജിദ്ദയിലെ അശ്‌റഫലി കട്ടുപ്പാറയുടെ നേതൃത്വത്തില്‍ പി.എന്‍ അലി, ഫാറൂഖ് ശാന്തപുരം (മറ്റുള്ളവരുടെ പേര് ഓര്‍ക്കുന്നില്ല) തുടങ്ങിയവര്‍ നടത്തിയത് സ്തുത്യര്‍ഹമായാണ്. അശ്‌റഫലിയുടെ സ്‌പോണ്‍സറുടെ സഹായമില്ലായിരുന്നുവെങ്കില്‍, മെച്ചപ്പെട്ട സേവനം ടെര്‍മിനലില്‍ ലഭ്യമാക്കാന്‍ കഴിയുമായിരുന്നില്ല. ബാഗേജുകള്‍ ഹാജിമാര്‍ക്ക് റൂമില്‍ എത്തിക്കുന്നതുവരെ കാവല്‍ നിന്ന കുറ്റ്യാടി ഒ. അഹ്മദ് സാഹിബിന്റെയും ക്ഷീണിതര്‍ക്ക് ഫ്‌ളാസ്‌കില്‍ ഖഹ്‌വ നല്‍കുന്ന പരപ്പനങ്ങാടിഅബ്ദുല്‍ ഖാദര്‍ സാഹിബിന്റെയും സേവനം അനുപമാണ്. ഹാജിമാരെ ഉംറചെയ്യിക്കാനും ചരിത്രസ്ഥലങ്ങള്‍ പരിചയപ്പെടുത്താനും അബൂബക്കര്‍ കരുളായിയുടെ ഇടപെടലുകള്‍ ഏറെ ഹൃദ്യമായിരുന്നു.
കേരള ഹജ്ജ് ഗ്രൂപ്പിനെ വിദേശത്തുനിന്ന് സഹായിക്കുകയും ഹജ്ജ് പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എം.വി മുഹമ്മദ് സലീം മൗലവി, ഇ.എന്‍ അബ്ദുല്ല മൗലവി, വി.കെ അബ്ദുല്‍ ജലീല്‍, ജമാല്‍ മലപ്പുറം, വി.കെ അബ്ദു എന്നിവരുടെ സേവനം എന്നെന്നും സ്മരിക്കപ്പെടും. മിനാ തമ്പില്‍ താമസിക്കുന്ന ദിവസങ്ങളില്‍ ക്ലാസുകള്‍ക്ക് ആംപ്ലിഫയറും ബാറ്ററിയും ഉപയോഗിച്ച പുളിക്കല്‍ സ്വദേശി കോയ, സുഊദി പോലീസിന്റെ പിടിയില്‍നിന്ന് സലീം മൗലവിയുടെ ഇടപെടല്‍മൂലം രക്ഷപ്പെട്ടത് ഭീതിയോടെ ഓര്‍ക്കുന്നു. സ്വന്തം ജോലി മാറ്റിവെച്ച് ഹാജിമാരുടെ സേവനത്തിന് തുനിഞ്ഞ ശാരിഅ് മന്‍സൂറിലെ പി.ടി ഹനീഫാ ഹാജിക്ക് പകരം മറ്റൊരാളില്ല. മുഹമ്മദ് കുട്ടി പട്ടാമ്പി, ഹംസ മങ്കട, സകരിയ്യ കിഴക്കേതില്‍ എന്നിവര്‍ ഹാജിമാരുടെ മനംകവര്‍ന്ന സേവകരാണ്. വനിതാ പ്രവര്‍ത്തകരായ സ്വഫിയ്യാ അലി, ആഇശ പാറക്കല്‍ എന്നിവരടങ്ങുന്ന സംഘം ഹജ്ജുമ്മമാര്‍ക്ക് ജംറയിലെ കല്ലെറിയാന്‍ വലിയ സഹായം ചെയ്തവരാണ്. ബദ്ര്‍, ഉഹുദ് പോലുള്ള ചരിത്രസ്ഥലങ്ങള്‍ ഓര്‍മയില്‍ അടയാളപ്പെടുത്തിത്തന്ന റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍,  ഖലീലുല്ലാഹ് കൊല്ലം, മുഹമ്മദ് മഞ്ചേരി, കൊണ്ടോട്ടി മുഹമ്മദ്കുട്ടി, ഹുസൈന്‍ പെരുമ്പാവൂര്‍ എന്നിവര്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ഹജ്ജുമായി ബന്ധപ്പെട്ട കണക്കുകള്‍ ഓഡിറ്റ് ചെയ്തുതരുന്ന ഹിറാ അക്കൗണ്ട്‌സ് മാനേജര്‍ അഹ്മദ് ഹുസൈന്റെ സേവനം പ്രത്യേകം ഓര്‍ക്കുന്നു. ഹിറാ സെന്റര്‍ ഓഫീസില്‍ ഹജ്ജ് ഗ്രൂപ്പിന്റെ ഓരോ വര്‍ഷത്തെയും അപേക്ഷാ സ്വീകരണം, പാസ്‌പോര്‍ട്ട് ശേഖരണം, ക്ലാസുകളുടെ നേതൃത്വം, മെറ്റീരിയല്‍ സമാഹരണം, പണം കലക്ട് ചെയ്യല്‍ തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച കക്കോടി മുജീബ്, തലക്കടത്തൂര്‍ പറമ്പത്ത് മന്‍സൂര്‍, ഹാരിസ് എന്നിവര്‍ അഭിനന്ദനമര്‍ഹിക്കുന്ന നിസ്വാര്‍ഥ സേവകരാണ്. 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍