Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

അഫ്ഗാന്‍ താലിബാനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്മടക്കവും

ഹസന്‍ അബൂ ഹനിയ്യ

അഫ്ഗാന്‍ താലിബാനെ അമേരിക്ക ആക്രമിക്കുന്നത് 2001 ഒക്‌ടോബര്‍ ഏഴിന്. ഉടനടി അമേരിക്ക താലിബാന്റെ 'ഇസ്‌ലാമിക് എമിറേറ്റി'നെ കാലപുരിയിലേക്കയച്ചതായും പ്രഖ്യാപിച്ചു. യുദ്ധം ഏകദേശം  ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കെ 2021 ആഗസ്റ്റ് പതിനഞ്ചിന് കാര്യമായ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ  താലിബാന്റെ കരങ്ങളിലേക്ക് തന്നെ അഫ്ഗാന്‍ വന്നുവീഴുന്നു. സംഭവം നടന്നതിന് പിറ്റേന്ന് അതിന്റെ ഷോക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞുപോയത് അഫ്ഗാന്‍ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പാണ് എന്നാണ്.
അഫ്ഗാനില്‍ 'ഇസ്‌ലാമിക് എമിറേറ്റ്' തിരികെ വന്നതും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുകളില്‍ അതിന്റെ കൊടിപാറുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും കനത്ത പരാജയം തന്നെയാണ്. അഫ്ഗാന്റെ മുഴുവന്‍ നിയന്ത്രണവും പത്തില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് താലിബാന്‍ പിടിച്ചെടുത്ത രീതി അമേരിക്കയെ ശരിക്ക് ഞെട്ടിക്കുക തന്നെ ചെയ്തു. മൂന്ന് ലക്ഷം വരുന്ന അഫ്ഗാന്‍ സേന പേരിനു പോലും ചെറുത്തു നില്‍ക്കാന്‍ മെനക്കെട്ടില്ല. സൈന്യത്തില്‍ ഭൂരിഭാഗം പേരും യുദ്ധത്തിന് തയാറായില്ല. സൈനികരില്‍ ചിലര്‍ അയല്‍നാടുകളിലേക്ക് ഒളിച്ചോടി, ചിലര്‍ താലിബാന് കീഴടങ്ങി. വേറെ കുറേ സൈനികര്‍ താലിബാനോടൊപ്പം ചേരുകയും ചെയ്തു. പ്രസിഡന്റ് അശ്‌റഫ് ഗനി ഒളിച്ചോടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.
'ഇസ്‌ലാമിക് എമിറേറ്റി'ന്റെ തിരിച്ചുവരവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തിരിച്ചുപോക്കും സംബന്ധിച്ച വാര്‍ത്തകളിലും വിശകലനങ്ങളിലും ആവര്‍ത്തിച്ചു വരുന്ന ഒരു പ്രയോഗം 'അപമാനകരമായ തോല്‍വി' എന്നതാണ്. സോവിയറ്റ് യൂനിയന്‍ തകരുകയും സോഷ്യലിസ്റ്റ് ബ്ലോക്ക് ശിഥിലമാവുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതിനു ശേഷം പ്രഖ്യാപിക്കപ്പെട്ട 'ഭീകരതാവിരുദ്ധ യുദ്ധം' രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നാം സ്വാഭാവികമായും കേള്‍ക്കുമെന്ന് പ്രതീക്ഷിച്ച ഒരു വിശകലനം, അമേരിക്കയല്ലാതെ ഒരു സാമ്രാജ്യവും ഇനിയില്ല എന്നതായിരുന്നു.  പക്ഷേ ദുഷ്ടലാക്കോടെ ആസൂത്രണം ചെയ്ത 'ഭീകരതക്കെതിരെയുള്ള യുദ്ധം' അമേരിക്കയെ തിരിഞ്ഞു കൊത്തുകയാണുണ്ടായത്. അമേരിക്കന്‍ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ചൈനയെപ്പോലുള്ള ഒന്നിലധികം ബദല്‍ സാമ്രാജ്യങ്ങളുടെ കടന്നുവരവിനും ആ കാലയളവ് സാക്ഷിയായി. അപമാനിതരായത് അമേരിക്ക മാത്രമല്ല, വാര്‍ ഓണ്‍ ടെറര്‍ വണ്ടിയില്‍ ചാടിക്കയറിയവര്‍ കൂടിയാണ്. ചാടിക്കയറാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളായിരുന്നല്ലോ. ബ്രിട്ടന്റെ കാര്യം നോക്കൂ. അമേരിക്കന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കു മുമ്പില്‍ സകലതും അടിയറ വെച്ചാണ് അതിന്റെ നില്‍പ്പ്. ഈ രാഷ്ട്രങ്ങളോട് അഭിപ്രായം പോലും ചോദിക്കുന്നില്ല അമേരിക്ക. അപമാനിക്കപ്പെട്ടതിലുള്ള കടുത്ത അരിശത്തിലാണ് ആ രാഷ്ട്രങ്ങള്‍ ഇന്ന്. താലിബാന്റെ കാര്യത്തില്‍, അഫ്ഗാന്റെ ഭാവിയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാകാതെ ഉഴറുകയാണ് അവ. അഫ്ഗാനില്‍നിന്ന് പിന്മാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. അമേരിക്കയില്ലാതെ ആ രാജ്യങ്ങള്‍ക്കവിടെ തുടരാനും കഴിയില്ല. അമേരിക്കന്‍ സൈന്യത്തിന്റെ തണലിലേ യൂറോപ്യന്‍ സൈന്യങ്ങള്‍ക്ക് നില്‍ക്കാനാവൂ. അവയുടെ ദാസ്യം വെളിപ്പെടുത്തുന്നുണ്ട് ഇത്. താലിബാനെതിരെ സൈനിക വിജയം അസാധ്യമെന്ന് അമേരിക്ക നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. അതിനെത്തുടര്‍ന്നാണ് പിന്മാറ്റവും. അഫ്ഗാന്റെ പുനര്‍നിര്‍മാണം തങ്ങളുടെ അജണ്ടയിലില്ലെന്ന് ബൈഡന്‍ പറഞ്ഞാഴിയാനുള്ള കാരണവും മറ്റൊന്നല്ല. ഒരു സാമ്രാജ്യത്വശക്തിയും മറ്റൊരു നാട്ടില്‍ കടന്നുകയറുന്നത് ആ നാട്ടുകാരെയോ നാടിനെയോ നന്നാക്കാനല്ല. അത്തരം വര്‍ത്തമാനങ്ങളൊക്കെ സുഖിപ്പിക്കാനുള്ള പ്രോപഗണ്ട മാത്രമാണ്.
താരിഖ് അലി ചൂണ്ടിക്കാട്ടിയതുപോലെ, കഴിഞ്ഞ ഇരുപത് വര്‍ഷമായി തങ്ങളുടെ ദൗത്യത്തിന് സഹായകമാകുന്ന യാതൊന്നും ചെയ്യാന്‍ അഫ്ഗാനില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. കാബൂളിന്റെ ചുറ്റുവട്ടത്ത് ഒരു 'ഹരിത മേഖല' ഉണ്ടാക്കിയെടുക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതിനെ ഇരുട്ട് വലയം ചെയ്തു നില്‍ക്കുന്നു. അവിടെ താമസിക്കുന്നവര്‍ക്ക് പുറത്ത് എന്താണ് നടക്കുന്നത് എന്നറിയില്ല. ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ അഫ്ഗാനിസ്താനില്‍, മിലിട്ടറി ബാരക്കുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാനും മറ്റുമാണ് അമേരിക്ക ബില്യനുകള്‍ ചെലവിട്ടത്. അതിനാല്‍ കാബൂളിന്റെ പ്രാന്തങ്ങളില്‍ ചേരികള്‍ രൂപപ്പെട്ടതില്‍ ഒട്ടും അസ്വാഭാവികത ഉണ്ടായിരുന്നില്ല. വിശക്കുന്ന മനുഷ്യര്‍ കുപ്പത്തൊട്ടികളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ തേടി എത്തുമായിരുന്നു. മറ്റൊരു വിഷയം മയക്കുമരുന്നാണ്. താലിബാന്‍ ഭരിച്ചപ്പോള്‍ നിയന്ത്രണവും നിരീക്ഷണവും കടുപ്പിച്ചിരുന്നു. അമേരിക്കന്‍ അധിനിവേശക്കാലത്ത് നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയും മയക്കുമരുന്ന് വ്യാപകമാവുകയും ചെയ്തു. എത്രത്തോളമെന്നാല്‍, ലോക ഹെറോയിന്‍ മാര്‍ക്കറ്റിലേക്ക് അതിന്റെ 90 ശതമാനവും എത്തുന്നത് ഇപ്പോള്‍ അഫ്ഗാനില്‍നിന്നാണത്രെ. അഫ്ഗാന്‍ ചെറുപ്പക്കാരില്‍ പത്തിലൊരാള്‍ വീതം ഇപ്പോള്‍ മയക്കുമരുന്നിന് അടിമയാണ്. ഇക്കാലയളവില്‍ സ്ത്രീകളുടെ കാര്യത്തിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നേരത്തേപ്പറഞ്ഞ ഗ്രീന്‍ സോണിനപ്പുറം സാമൂഹികമായി ഒന്നും മാറുന്നുണ്ടായിരുന്നില്ല.
യഥാര്‍ഥത്തില്‍ താലിബാന്റെ തിരിച്ചുവരവ് സമയത്തിന്റെ മാത്രം പ്രശ്‌നമായിരുന്നു. അഫ്ഗാന്‍ ജനസാമാന്യം പ്രതീക്ഷകള്‍ അസ്തമിച്ച് കൊടിയ ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും നശീകരണത്തിന്റെയും കൂട്ടക്കൊലകളുടെയും കയ്പുനീര്‍ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലിബറലുകള്‍ കരഞ്ഞു വിളിക്കുന്നത് ഏത് അഫ്ഗാനെ പ്രതിയാണെന്ന് മനസ്സിലാവുന്നില്ല. അതവരുടെ ഭാവനയില്‍ മാത്രമുള്ള ഒന്നാണ്. അല്ലെങ്കില്‍ 'ഹരിത മേഖല'യില്‍ മാത്രമുള്ള ഒരു അഫ്ഗാനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അവിടത്തെ കഥയെന്താണ്? ആ മേഖല കള്ളന്മാരുടെയും കപടമാരുടെയും കൈപ്പിടിയിലായിരുന്നു എന്നു പറയാം. നരകയാതന അനുഭവിക്കുന്ന അഫ്ഗാന്‍ ജനസാമാന്യത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു വിഭാഗം. ആ കവര്‍ച്ചക്കാര്‍ക്ക് വേണ്ടി പൊരുതാന്‍ അഫ്ഗാനികള്‍ തയാറായിരുന്നില്ല എന്നതാണ് നേര്. ഇതൊക്കെ വ്യക്തമായിട്ടും, പാശ്ചാത്യ രാഷ്ട്രങ്ങള്‍ തങ്ങളുടെ ഭാവനയില്‍ മാത്രമുള്ള ലിബറല്‍ അഫ്ഗാനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്. ലിബറലിസം, ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീസ്വാതന്ത്ര്യം എന്നിവയെ ചൊല്ലി താലിബാനുമായി വഴക്കിടുകയും ചെയ്യുന്നു. തങ്ങള്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ പലതും ചെയ്തുകളയുമെന്നാണ് ഭീഷണി; അതൊക്കെ ഇപ്പൊ നടപ്പാക്കിക്കളയും എന്ന മട്ടില്‍!
വലിയ വെല്ലുവിളികള്‍ തന്നെയാണ് താലിബാന്‍ അഭിമുഖീകരിക്കുന്നത്. അതിന് അനന്തരമായി കിട്ടിയിരിക്കുന്നത് നാല് പതിറ്റാണ്ടുകാലത്തെ യുദ്ധം ചീന്തിയെറിഞ്ഞ ഒരു ദരിദ്ര രാഷ്ട്രത്തെയാണ്. മുന്‍ ഭരണാനുഭവങ്ങള്‍ വെച്ചാണ് അവരുടെ നിലപാടുകള്‍ രൂപപ്പെടുന്നത് എന്ന് തോന്നുന്നു. ഭരണം പിടിച്ചെടുത്ത ഉടന്‍ മുഴുവന്‍ പ്രതിയോഗികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ശരീഅത്ത് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പഠിക്കാനും തൊഴിലെടുക്കാനും അവസരം നല്‍കുമെന്നും, രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുമെന്നും, എല്ലാ മത - വംശീയ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുന്നു. പാശ്ചാത്യരുടെ ഭീകരപ്പേടിക്ക് ശമനമായി 'ഖുറാസാന്‍ വിലായത്തി'ന്റെ നേതാവും ഐ. എസിന്റെ കമാന്റര്‍മാരിലൊരാളുമായ അബൂ ഉമര്‍ അല്‍ ഖുറാസാനിയെ (ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ പിടികൂടിയത്) വധിക്കുന്നു.
ഏതായാലും താലിബാന്‍ മുമ്പത്തേക്കാളേറെ സ്വരം മയപ്പെടുത്താനും കൂടുതല്‍ പ്രായോഗികമായി ചിന്തിക്കാനും നിലപാടുകള്‍ സന്തുലിതമാക്കാനും ശ്രമിക്കുന്നുണ്ടെന്നത് വാസ്തവമാണ്. താലിബാനെക്കുറിച്ച് പുതിയൊരു പശ്ചാത്തല വായന (ഖിറാഅ സിയാഖിയ്യ/ Contextual Reading) ഇത് ആവശ്യപ്പെടുന്നുണ്ട്. താലിബാനെയെന്നല്ല, ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതിനെയും പഴയ ഓറിയന്റലിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ വായിക്കാനേ പാശ്ചാത്യര്‍ക്ക് താല്‍പ്പര്യമുള്ളൂ. സത്തയില്‍ അത് ഇന്നതാണല്ലോ - ഇസ്‌ലാമിനെക്കുറിച്ചും അവര്‍ അങ്ങനെത്തന്നെയാണ് പറയുക - എന്ന വാദമുയര്‍ത്തി അതിനെ ഭീകരപ്പട്ടികയില്‍ ചേര്‍ക്കാനാവും അവരുടെ ശ്രമം. താലിബാനെ അംഗീകരിക്കാനുള്ള നീക്കങ്ങളൊന്നും പാശ്ചാത്യ ലോകത്തു നിന്ന് കാണാനില്ല. അതേസമയം അയല്‍നാടുകള്‍ കുറേകൂടി സൗമനസ്യത്തോടെ പെരുമാറുന്നുണ്ട്. ചൈനയിലേക്കും റഷ്യയിലേക്കും താലിബാന്‍ ദൗത്യസംഘങ്ങളെ അയച്ചുകഴിഞ്ഞു. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ ഇരു രാഷ്ട്രങ്ങളും വളരെ താല്‍പര്യമെടുക്കുന്നുമുണ്ട്. ഇറാനുമായും പാകിസ്താനുമായും ബന്ധം മെച്ചപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞു. എന്നുവെച്ച് ഈ രാഷ്ട്രങ്ങള്‍ ഉടനടി താലിബാനെ അംഗീകരിക്കും എന്നിതിന് അര്‍ഥമില്ല. താലിബാന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാനുള്ള ഒന്നാമത്തെ ഉപാധി, അഫ്ഗാന്‍ മണ്ണില്‍ ഭീകര സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പാക്കാന്‍ അവര്‍ക്ക് കഴിയണം എന്നതാണ്.
പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്: അഫ്ഗാനില്‍ അമേരിക്കക്ക് ഏറ്റ കനത്ത പരാജയം അതിന്റെ ആഗോള അധീശത്വത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്ക അതിന്റെ ആഗോള അധീശത്വം ഊട്ടിയുറപ്പിക്കാന്‍ തുടങ്ങിവെച്ച യുദ്ധം ചൈന, റഷ്യ പോലുള്ള പ്രതിയോഗികളെ ശക്തിപ്പെടുത്താനാണ് പ്രയോജനപ്പെട്ടത്. താലിബാന്‍ സൗമ്യമാകാനും കൂടുതല്‍ പ്രായോഗികമാകാനും ശ്രമിച്ചുകൊണ്ട് നല്‍കുന്ന പോസിറ്റീവ് സൂചനകള്‍ അവഗണിച്ചും ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കാതെയും അതിനെ ഭീകരപ്പട്ടികയില്‍ ചേര്‍ത്തേ മതിയാവൂ എന്ന വാശിയില്‍ തന്നെയാവും പാശ്ചാത്യ രാഷ്ട്രങ്ങള്‍. താലിബാന്‍ അതിന്റെ ഇസ്‌ലാമികവും പ്രാദേശികവുമായ ഐഡന്റിറ്റി കൈയൊഴിഞ്ഞ് ക്രിസ്ത്യന്‍ ലിബറല്‍ വൃത്തത്തിലേക്ക് വന്നാലേ രക്ഷയുള്ളൂ. പാശ്ചാത്യര്‍ ഇങ്ങനെ വാശിപിടിക്കുന്ന പക്ഷം താലിബാന്റെ പ്രഹരമേല്‍ക്കുന്നത് എല്ലാവര്‍ക്കുമായിരിക്കും. അത്തരമൊരു പ്രത്യാക്രമണത്തിന് വേദിയാവുക പശ്ചിമേഷ്യയുമായേക്കാം. ഈ പാശ്ചാത്യ 'ലിബറലുകള്‍' ആണ് പശ്ചിമേഷ്യയിലെ സകല സ്വേഛാധിപതികളെയും താങ്ങിനിര്‍ത്തുന്നത് എന്നും ഓര്‍ക്കണം. ഈ പാശ്ചാത്യ ബ്ലോക്കിന് തീര്‍ത്തും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന തുനീഷ്യയിലെ അന്നഹ്ദ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ പൊറുപ്പിക്കാനാവില്ലെങ്കില്‍, സായുധരായ താലിബാനെ അവര്‍ സഹിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. ഏറെ വൈകാതെ ഹിംസയുടെയും അരാജകത്വത്തിന്റെയും പുതിയൊരു ഘട്ടത്തിലേക്കുള്ള വഴിതുറക്കലാകുമത്.  
(ഐ.എസ് പോലുള്ള ഭീകര സംഘങ്ങളെക്കുറിച്ച് സവിശേഷ പഠനം നടത്തുന്ന ജോര്‍ദാനിയന്‍ ഗവേഷകനാണ് ലേഖകന്‍. അറബി 21-ല്‍ വന്ന ലേഖനം)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍