Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

മുഹമ്മദ് കുഞ്ഞു മൗലവി 

പി. അനീസുര്‍റഹ്മാന്‍, ഹാജിയാര്‍ പള്ളി 

മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശിയും ഹാജിയാര്‍ പള്ളി മുത്തഫിഖ് ഹല്‍ഖ പ്രഥമ നാസിമുമായിരുന്ന മുഹമ്മദ് കുഞ്ഞു മൗലവി ആഗസ്റ്റ് നാലിന് അല്ലാഹുവിങ്കലേക്ക് യാത്രയായി.
കൊല്ലം കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര മൊയ്തീന്‍ കുഞ്ഞു മുസ്ലിയാരുടെയും ആമിന ബീവിയുടെയും പുത്രനായി ജനിച്ച മൗലവിയുടെ ബാല്യകാലം കരുനാഗപ്പള്ളിയിലായിരുന്നു.  ആലപ്പുഴയിലെ സെക്കന്ററി പഠനത്തിനുശേഷം കെ.ടി അബ്ദുപ്പ  മൗലവിയുടെ കീഴില്‍ ദര്‍സ് പഠനത്തിനു ചേര്‍ന്നു.  പിന്നീട് കൊല്ലം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം ദര്‍സില്‍ അക്കാലത്ത് പ്രശസ്തനായിരുന്ന മലബാറിലെ ഇബ്‌റാഹീം മുസ്ലിയാര്‍ കിടങ്ങയത്തിന്റെ കീഴിലും ദര്‍സില്‍ പഠിച്ചിട്ടുണ്ട് . ഭാര്യാ സഹോദരനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവും പണ്ഡിതനുമായ മൈലാപ്പൂര് ശൗക്കത്തലി മൗലവിയും കെ.ടി സഹോദരന്മാരും (കെ.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.ടി അബ്ദുര്‍റഹീം മൗലവി) കൊല്ലത്ത് ദര്‍സില്‍ സഹപാഠികളായിരുന്നു. ഇബ്‌റാഹീം മുസ്ലിയാര്‍ കൊല്ലത്തുനിന്ന് മലപ്പുറം മൈലപ്പുറം ദര്‍സിലേക്ക് മാറിവന്നതിനു ശേഷവും ഉസ്താദുമായുള്ള മൗലവിയുടെ ബന്ധം തുടര്‍ന്നു. പന്തല്ലൂര്‍, ആമക്കാട്, വള്ളുവങ്ങാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍, മദ്‌റസകളില്‍ അധ്യാപകനായി ജോലിചെയ്ത മൗലവിക്ക് ഏറെ ശിഷ്യഗണങ്ങളുണ്ട്. പന്തല്ലൂരില്‍ ജോലിചെയ്യവെ 1965-ലാണ് മലപ്പുറം കോല്‍മണ്ണ ജി.എം.എല്‍.പി സ്‌കൂളിലേക്ക് സ്ഥലംമാറിയെത്തിയത്. 1969-ല്‍ മലപ്പുറത്ത് നടന്ന ജമാഅത്ത്  സമ്മേളനത്തോടനുബന്ധിച്ചാണ് ഹാജിയാര്‍ പള്ളിയില്‍ മുത്തഫിഖ് ഹല്‍ഖ രൂപീകരിക്കുന്നത്. പ്രഥമ നാസിമായി തെരഞ്ഞെടുക്കപ്പെട്ട മൗലവി ദീര്‍ഘകാലം ആ സ്ഥാനത്ത്  തുടര്‍ന്നിട്ടുണ്ട്. ഹാജിയാര്‍ പള്ളി ഹല്‍ഖാ രൂപീകരണത്തിനു മുമ്പ് കോട്ടപ്പടി ഹല്‍ഖയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
ശാന്തമായ പ്രകൃതം, വിനയം, സംസാരത്തിലെ മിതത്വം, സത്യസന്ധത എന്നീ ഗുണങ്ങള്‍ക്കുടമയായ മൗലവി പെരുമാറ്റത്തിലും നാട്ടുകാരുമായുള്ള സഹവാസത്തിലും അനുകരണീയ മാതൃകയായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തി. ജീവിതത്തിലുടനീളം സവിശേഷമായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കാത്തുസൂക്ഷിച്ചതിനാല്‍ സ്‌കൂള്‍ ജോലിയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കേണ്ടി വന്നപ്പോള്‍  നാട്ടുകാര്‍  ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. ജോലിയില്‍ പ്രവേശിച്ചയുടനെ ഒറ്റക്കു താമസിക്കുകയായിരുന്നപ്പോള്‍  പിടിപെട്ട അസുഖത്തിന് സ്വന്തം മകനെ പോലെ കരുതി വീട്ടില്‍ കിടത്തി ദീര്‍ഘനാള്‍ ചികിത്സയും ശുശ്രൂഷയുമായി ഒപ്പം നിന്നതും കുടുംബത്തെ കൊണ്ടുവന്നപ്പോള്‍ വീട് ഒരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ മാതാവായിരുന്നു. അക്കാലത്ത് സ്വന്തം നാട്ടിലേക്ക് ജോലി മാറാന്‍ പറ്റുമായിരുന്നിട്ടും മലബാറിലെ ആതിഥ്യമഹിമ അനുഭവിച്ചറിഞ്ഞ അദ്ദേഹം അതിന് താല്‍പര്യം കാണിച്ചില്ല.
പ്രബോധനം വാരിക പഠനകാലത്തുതന്നെ വായിക്കാറുണ്ടായിരുന്നു. ഇടക്കാലത്ത് മലപ്പുറം കോടൂരിലെ താമസത്തിനിടെ തന്റെ വീട്ടില്‍  യോഗം ചേരാന്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു. വീട്ടില്‍ വെച്ചുള്ള   പരിപാടികളും മര്‍ഹും കെ.പി.കെ അഹ്മദ് മൗലവിയുടെ പഠന ക്ലാസുകളും ശ്രദ്ധിച്ചുകൊണ്ടാണ് പ്രസ്ഥാനവുമായി കൂടുതല്‍ അടുത്തത്. നാട്ടുകാര്‍ക്കിടയില്‍ സര്‍വസമ്മതനായിരുന്ന മൗലവി സമസ്തയുടെ കീഴിലുള്ള ഹാജിയാര്‍ പള്ളി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീനീ സംരംഭങ്ങളുമായി സഹകരിക്കുന്നതിലും പാവങ്ങളെ കണ്ടറിഞ്ഞു സഹായിക്കുന്നതിലും എപ്പോഴും മുന്‍പന്തിയിലായിരുന്നു. ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്ന അദ്ദേഹം ദീര്‍ഘകാലം കോട്ടപ്പടി മസ്ജിദുല്‍ ഫത്ഹില്‍ റമദാനിലെ രാത്രി നമസ്‌കാരത്തിന് നേതൃത്വം കൊടുത്തിരുന്നു.
മക്കളെ  ദീനീപരമായ ചുറ്റുപാടില്‍ വളര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. മക്കളും മരുമക്കളും  പ്രസ്ഥാനപ്രവര്‍ത്തകരും പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുമാണ്.
മൈലാപ്പൂര്‍ ശൗക്കത്തലി മൗലവിയുടെ സഹോദരി അസ്മാബിയാണ് ഭാര്യ. മക്കള്‍: നാസിറുദ്ദീന്‍ (ഖത്തര്‍), സാബിറ, സാജിദ, സുമയ്യ, സലീന. മരുമക്കള്‍: ശാക്കിറ (തിരൂര്‍ക്കാട്), ഖാലിദ് (കാച്ചിനിക്കാട്), അലി (കോല്‍മണ്ണ), ഹസൈനാര്‍ (ചെമ്മങ്കടവ്), നാസര്‍ (ഊരകം). 

 

മറിയുമ്മ  ടീച്ചര്‍ പറവൂര്‍

തൃശൂര്‍, എറണാകുളം ജില്ലകളിലെ സജീവ  ഇസ്‌ലാമിക പ്രവര്‍ത്തകയായിരുന്ന മറിയുമ്മ ടീച്ചര്‍ (71) അല്ലാഹുവിലേക്ക് യാത്രയായി. കൊടുങ്ങല്ലൂര്‍ മാടവന കൊച്ചുമുഹമ്മദുണ്ണിയുടെയും ഫാത്വിമാ ബീവിയുടെയും  ആറാമത്തെ മകളായിരുന്നു ടീച്ചര്‍. കൊടുങ്ങല്ലൂര്‍ കേരളവര്‍മ ഗവ. ഹൈസ്‌കൂളില്‍നിന്ന് സെക്കന്ററിയും തുടര്‍ന്ന് അസ്മാബി കോളേജില്‍നിന്ന് പ്രീഡിഗ്രിയും പാസായി. പതിനെട്ടാം വയസ്സില്‍ ഒന്നാം റാങ്കോടെ ലാംഗ്വേജ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുകയും എറിയാട് വനിതാ കോളേജ്, മുവാറ്റുപുഴ ബനാത്ത് എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായി നിയമനം ലഭിച്ചു. ചാവക്കാട്, ഒരുമനയൂര്‍, പുത്തന്‍ചിറ, ഇരിങ്ങാലക്കുട, നടവരമ്പ്, അഴീക്കോട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.
ചെറുപ്പം മുതലേ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ടീച്ചര്‍ക്ക് ഭാഗ്യമുണ്ടായി. സത്യസന്ധത, സമര്‍പ്പണം, ഉത്തരവാദിത്ത നിര്‍വഹണത്തിലെ കൃത്യത, ത്യാഗസന്നദ്ധത എന്നിവയായിരുന്നു ടീച്ചറുടെ മുഖമുദ്ര. ഏത് സന്ദിഗ്ധ ഘട്ടത്തിലും തനിക്ക് ശരിയാണെന്ന് തോന്നിയ പാതയില്‍ ടീച്ചര്‍ ഉറച്ചുനിന്നു. യൂനിറ്റ്, ഏരിയാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ നേതൃപരമായ പല സ്ഥാനങ്ങളും ടീച്ചര്‍ വഹിച്ചിട്ടുണ്ട്. പറവൂര്‍ ഏരിയ കണ്‍വീനര്‍ ആയിരുന്ന സമയത്ത് പുതിയ ഘടകങ്ങള്‍ രൂപീകരിക്കുകയും നിര്‍ജീവമായ ഘടകങ്ങളെ സജീവമാക്കുകയും ചെയ്തു. ഇപ്പോള്‍ പറവൂര്‍, കരുമാല്ലൂര്‍, പാനായിക്കുളം ഏരിയകളായി മാറിയ വിശാല പറവൂര്‍ ഏരിയയില്‍ വനിത സംഘാടനത്തില്‍ വലിയ പങ്ക് ടീച്ചറുടേതായിരുന്നു. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പ് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തിയും ഉച്ചക്കുള്ള ഇടവേളകളില്‍ ഖുര്‍ആന്‍ ക്ലാസ്സ് സംഘടിപ്പിച്ചുമാണ് അണികളെ സജ്ജരാ ക്കിയത്. നിരവധി ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളില്‍ അധ്യാപികയായിരുന്നു.
ജോലിയില്‍നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയവും പ്രസ്ഥാന പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവെക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു. ശാരീരികമായും മാനസികമായും  സാമ്പത്തികമായും പല പരീക്ഷണങ്ങളും ടീച്ചര്‍ക്ക് നേരിടേണ്ടിവന്നു. ഒരു സ്ത്രീക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു അവര്‍ അനുഭവിച്ച പരീക്ഷണങ്ങള്‍. ഇതിനെയെല്ലാം അങ്ങേയറ്റത്തെ ക്ഷമയോടെ ടീച്ചര്‍ നേരിട്ടു. മറിയുമ്മ ടീച്ചറെ ക്ഷമയുടെയും ത്യാഗത്തിന്റെയും പര്യായം എന്നു തന്നെ പറയാം. ഇത്രയൊക്കെ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം മനസ്സിലൊതുക്കിവെച്ച് പുഞ്ചിരിയോടെ തന്നെയായിരുന്നു സഹപ്രവര്‍ത്തകരെയും അണികളെയും  അഭിമുഖീകരിച്ചത്. ആരോടും പരിഭവങ്ങള്‍ പറയാതെ, അകത്തും പുറത്തുമുള്ള തിന്മകളോട് കലഹിച്ചും പിന്നോട്ടടിക്കാന്‍ തക്ക സാഹചര്യങ്ങളില്‍ ഒരു നിമിഷം പോലും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍നിന്നകലാതെയും ദൈവമാര്‍ഗത്തില്‍ ടീച്ചര്‍ക്ക് അടിയുറച്ചുനില്‍ക്കാനായി.
ജനസേവനരംഗത്തും വളരെ സജീവമായിരുന്നു. കൊടുങ്ങല്ലൂര്‍ ടൗണ്‍ എല്‍.പി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെ ഒരു കോളനി തെരഞ്ഞെടുത്ത് അവിടെയുള്ളവരെ നമസ്‌കാരവും ഖുര്‍ആനും പഠിപ്പിച്ചു. എം.ഐ.ടി പള്ളിയിലേക്ക് അവരെ ജുമുഅക്കും കൊണ്ടുപോകുമായിരുന്നു.   ഹൃദ്രോഗി ആയിരുന്നിട്ടും ഐ.ആര്‍.ഡബ്ലിയുവില്‍ സജീവമായി. അമ്പതു വര്‍ഷം മുമ്പ് കണ്ണൂര്‍ ടൗണില്‍ പുരുഷന്മാരുടെ സദസ്സില്‍ ഖുര്‍ആന്‍ ക്ലാസെടുക്കാന്‍ ടീച്ചര്‍ക്ക് അവസരമുണ്ടായിട്ടുണ്ട്. അത് പ്രദേശത്ത് വലിയ വിവാദമായി. അവിടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് പിന്നീട് മുതല്‍ക്കൂട്ടായി എന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു.
നെടുമ്പാശ്ശേരിയില്‍  ഹജ്ജ് വളന്റിയറായും പ്രവര്‍ത്തിച്ചു. അഭയം ചാരിറ്റബ്ള്‍ ട്രസ്റ്റിലെ അംഗമായിരുന്നപ്പോള്‍ ധാരാളം നിര്‍ധനരായ  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസസഹായം നല്‍കി.  പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സംഘടിപ്പിച്ചു കൊടുക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  തഹജ്ജുദ്, ദുഹാ  നമസ്‌കാരങ്ങള്‍ മരിക്കുന്ന ദിവസം വരെ നിര്‍വഹിച്ചു. ടീച്ചര്‍ ഞങ്ങള്‍ക്കൊക്കെ  മാതൃകയും പ്രചോദനവുമായിരുന്നു. മക്കളെ ദീനീമാര്‍ഗത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഒരുമ്മ എന്ന നിലയിലും ടീച്ചര്‍ വിജയിച്ചു. ഭര്‍ത്താവ്:  കണ്ണൂര്‍ സ്വദേശി പരേതനായ മൊയീന്‍ഖാനകത്ത് സയ്യിദ് ജഅ്ഫര്‍ തങ്ങള്‍. മക്കള്‍: ശഫീഖ്, ശമീറ, ശഹീദ.

സീനത്ത് ബാനു


ടി.പി മുഹമ്മദ് കുഞ്ഞി

മുട്ടത്തെ ടി.പി മമ്മുഞ്ഞിക്ക (ടി.പി മുഹമ്മദ് കുഞ്ഞി സാഹിബ്) അല്ലാഹുവിലേക്ക് യാത്രയായി. 1970-കളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി പരിപാടികളില്‍  സജീവ സാന്നിധ്യമറിയിച്ച വ്യക്തിത്വം. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍, മദ്‌റസയില്‍ ഫര്‍ഖാ യോഗങ്ങള്‍ നടക്കുമ്പോള്‍ മമ്മുഞ്ഞിക്ക പുസ്തക പാരായണം നടത്തുന്നത് ശ്രദ്ധിക്കാറുണ്ട്. വിദ്യാര്‍ഥികളായ ഞങ്ങളുടെ അടുത്തു വന്ന് അദ്ദേഹം തമാശകള്‍ പറയും. 
മുട്ടത്ത് കെ. മൊയ്തു മൗലവി സേവനമനുഷ്ഠിക്കുന്ന കാലത്ത് മൊയ്തു മൗലവിയുടെ പ്രഭാഷണങ്ങളുടെ സ്ഥിരം ശ്രോതാവായിരുന്നു. മുട്ടത്തെ ഇസ്‌ലാമിക് യൂത്ത് മൂവ്‌മെന്റ് ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്ന പതിവുായിരുന്നു. സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങി ഹോം ലൈബ്രറി ഉാക്കാനുള്ള സാമ്പത്തികനില അദ്ദേഹത്തിനുായിരുന്നില്ല. കുറച്ചുകാലം പ്രവാസ ജീവിതം നയിച്ചിരുന്നുവെങ്കിലും ആരോഗ്യകാരണങ്ങളാല്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നു. 
മാട്ടൂല്‍ നോര്‍ത്തില്‍നിന്നാണ് വിവാഹം ചെയ്തത്. മാട്ടൂല്‍ വീടുണ്ടാക്കി താമസമാക്കിയതിനു ശേഷം മാട്ടൂല്‍ ഹല്‍ഖയിലായിരുന്നു പ്രവര്‍ത്തനം. സ്‌നേഹത്തോടെയും പുഞ്ചിരിച്ചും മാത്രമേ ഇടപെടാറുള്ളു. പരന്ന വായന ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചു. എല്ലാ വിഷയത്തിലും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇന്ത്യയില്‍ പല സ്ഥലങ്ങളും ചുറ്റി സഞ്ചരിക്കാനും രാജ്യത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കാനും ടി.പിക്ക് സാധിച്ചിരുന്നു. ഉര്‍ദു ഉള്‍പ്പെടെ വിവിധ ഭാഷകള്‍ സ്വന്തം ശ്രമത്താല്‍ പഠിച്ചെടുത്തു. തഫ്ഹീമുല്‍ ഖുര്‍ആന്‍ മുന്‍നിര്‍ത്തി വിശുദ്ധ ഖുര്‍ആന്‍ പഠിച്ചു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ സ്വന്തമായ വീക്ഷണമുണ്ടായിരുന്നു. ഇടപാടില്‍ വളരെ കൃത്യത പുലര്‍ത്തി. കടയിലായിരുന്നാലും വായനയില്‍ മുഴുകിയ നിലയില്‍ അദ്ദേഹത്തെ കാണാം.

എസ്.എല്‍.പി സിദ്ദീഖ് മാടായി


ബി.സി അഹ്മദ് കോയ മാസ്റ്റര്‍

പരിചയപ്പെട്ട എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയാണ് ബി.സിയെന്ന രക്ഷരത്തില്‍ അറിയപ്പെട്ട ബി.സി അഹ്മദ് കോയ മാസ്റ്റര്‍ (76) ആഗസ്റ്റ് രിന് വിടപറഞ്ഞത്. ഇസ്‌ലാമിക പ്രസ്ഥാനം കേരളത്തിന്റെ പലകോണുകളിലായി വേരൂന്നിയ ആദ്യഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ വെളിച്ചം കടന്നുവന്ന പ്രദേശങ്ങളിലൊന്നായിരുന്നു കോഴിക്കോട് ജില്ലയിലെ ശിവപുരം. ടി.കെ കുഞ്ഞഹമ്മദ് മൗലവി, എന്‍.എ.കെ, കെ.ടി ഹുസൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചുവടുറപ്പിച്ച പ്രസ്ഥാനത്തില്‍ കൗമാരത്തില്‍ തന്നെ ബി.സിയും ചേര്‍ന്നു പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നാട്ടിലെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. മഹല്ല്, പളളി, മദ്‌റസ, പലിശരഹിത നിധി തുടങ്ങി നാട്ടിലെ ഇസ്‌ലാമിക സംരം
ഭങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ആദ്യകാല പ്രവര്‍ത്തകരോടൊപ്പം സജീവപങ്കാളിയായ ബി.സി ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കണിശത പുലര്‍ത്തി. ഒരു പതിറ്റാിലധികമായി നാട്ടില്‍ പ്രബോധനം വാരികയുടെ വിതരണ ചുമതല അദ്ദേഹത്തിനായിരുന്നു. നൂറിലധികം വരുന്ന വരിക്കാരില്‍ പലരെയും ആഴ്ചതോറും വീടുകളില്‍ നേരിട്ട് സന്ദര്‍ശിച്ചായിരുന്നു പ്രബോധനം കൈമാറിയത്. അസുഖബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോഴും പ്രബോധനം വാരികയുടെ വിതരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. പ്രവര്‍ത്തകര്‍ മുഖേന വരിക്കാര്‍ക്ക് കൊടുത്തുവിട്ട പ്രബോധനം കൈയിലെത്തിയോ എന്ന് ഉറപ്പു വരുത്താന്‍ രും മുന്നും തവണ േഫാണില്‍ ബന്ധപ്പെടുന്നത് പതിവായിരുന്നു.
ആതുരസേവനം, വീടുനിര്‍മാണം, വിവാഹം, പൊതു സംരംഭങ്ങള്‍ തുടങ്ങി നാട്ടിലെ സാമൂഹിക- ജീവകാരുണ്യ-ജനസേവന പ്രവര്‍ത്തനങ്ങളില്‍ പതിറ്റാുകളായി എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും രോഗസന്ദര്‍ശനത്തിനും മരണവീടുകളിലെത്തുന്നതിനും പ്രത്യേക ശ്രദ്ധ പുലര്‍ത്താറുള്ള അദ്ദേഹത്തിന് വിപുലമായ സൗഹൃദമാണ് ഉായിരുന്നത്. ര് സഹോദരങ്ങള്‍ അകാലത്തില്‍ വിടപറഞ്ഞത് അദ്ദേഹത്തിലേല്‍പ്പിച്ച വലിയ ചുമതലകള്‍ മറ്റു ബന്ധുക്കളോടൊപ്പം ചേര്‍ന്ന് മാതൃകാപരമായാണ് നിറവേറ്റിയത്. സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ അതീവ സൂക്ഷ്മത പുലര്‍ത്തി. ദാനധര്‍മങ്ങള്‍ ചെയ്യുന്നതിലും പ്രാസ്ഥാനിക സംരഭങ്ങളോട് സാമ്പത്തികമായി സഹകരിക്കുന്നതിലും മുന്നില്‍ നടന്ന വ്യക്തിയായിരുന്നു ബി.സി.
നന്മ ഹൈസ്‌കൂള്‍, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മെമ്മോറിയല്‍ ട്രെയ്‌നിംഗ് സ്‌കൂള്‍ മുക്കം എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പഠനം പൂര്‍ത്തീകരിച്ചു. പ്രാഥമിക പഠനം നടത്തിയ നാട്ടിലെ പൊതുവിദ്യാലയത്തില്‍ മൂന്ന് പതിറ്റാിലധികം അധ്യാപകനായും പ്രധാനാധ്യാപകനായും ജോലിചെയ്ത കാരണം സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് അനേകം ശിഷ്യഗണങ്ങളു്. ശിവപുരം കാര്‍കൂന്‍ ഹല്‍ഖയുടെ നാസിം, മസ്ജിദുല്‍ ഫലാഹ് മഹല്ല് സെക്രട്ടറി, ഐ.എ.സി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പ്രവര്‍ത്തക സമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടു്. വെല്‍ഫെയര്‍ പാര്‍ട്ടി ശിവപുരം യൂനിറ്റ് സ്ഥാപക പ്രസിഡന്റ് ആയിരുന്നു. വീട്ടിലെ എല്ലാ അംഗങ്ങളെയും പ്രസ്ഥാനവഴിയില്‍ പാകപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ പരേതയായ ആഇശ കൊറന്നാര്‍ വീട്ടില്‍.  മക്കള്‍ മുഹമ്മദ് സിറാജ് (കാലിക്കറ്റ് ഓര്‍ഫനേജ് എ.എല്‍.പി സ്‌കൂള്‍, കൊളത്തറ), കെ.സി.എം അബ്ദുല്ല (കെയര്‍ ഫോര്‍ മെഡിക്കല്‍, കിനാലൂര്‍), മുഹമ്മദ് അസ്‌ലം (റിയാദ്), മുഹമ്മദ് യൂസുഫ് (കാലിക്കറ്റ് എയര്‍പോര്‍ട്ട്). മരുമക്കള്‍: സനീറ നടുവണ്ണൂര്‍, നശീദ പൂക്കാട്, സുഹൈറ പുറക്കാട്, ആദില ജഹാന്‍ കുരുടിമുക്ക്.

കെ.ടി ഹുസൈന്‍, ശിവപുരം


മാമു പറയരുപറമ്പത്ത്

കക്കോടി ഹല്‍ഖയിലെ കാര്‍കുന്‍ മാമു പറയരുപറമ്പത്ത് (84) അല്ലാഹുവിങ്കലേക്ക് യാത്രയായി. ഹല്‍ഖയിലെ ഏറ്റവും പ്രായം കൂടിയ അദ്ദേഹത്തിന്റെ പ്രസ്ഥാന മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു. കുടുംബ യോഗത്തിലാണ് അതേറെ അനുഭവപ്പെടുക. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞുള്ള വാരാന്തയോഗത്തിന് ആദ്യമെത്തുക അദ്ദേഹമായിരിക്കും. യോഗം കഴിഞ്ഞാല്‍ ബൈക്കുണ്ടെങ്കില്‍ സ്‌ക്വാഡിനും റെഡി. വാരാന്ത യോഗങ്ങളില്‍ പ്രയാസപ്പെടുന്നവരുടെ സഹായാഭ്യര്‍ഥനക്കുള്ള സംഭാവന സ്വരൂപിക്കുമ്പോള്‍ ആദ്യം സെക്രട്ടറിയുടെ മേശപ്പുറത്തെത്തുക അദ്ദേഹത്തിന്റെ വിഹിതമായിരിക്കും. ഓഫര്‍ ചെയ്ത സംഖ്യ അപ്പോള്‍ തന്നെ  അദ്ദേഹം നല്‍കിയിരിക്കും. ഏതു യോഗത്തിനു വരുേമ്പാഴും കീശയില്‍ ഇതിനുള്ള  വിഹിതം കരുതും. ബൈത്തുല്‍ മാല്‍ നല്‍കുന്നതിലുള്ള അദ്ദേഹത്തിന്റെ കണിശതയും കൃത്യതയും മാതൃകയാണ്.
ഇളം തലമുറയുടെ നല്ല കൂട്ടുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആവേശമായി എല്ലാ പരിപാടികള്‍ക്കും മുന്നിലുണ്ടാവും. ദീനീമാര്‍ഗത്തിലും പ്രസ്ഥാനഘടനയിലും സേവനരംഗത്തും സജീവമാണ് അദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും. കോവൂര്‍ പള്ളിയുടെ ആദ്യകാല സഹകാരികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. പള്ളിയുടെ പരിപാലനം അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഭാര്യ: പരേതയായ ഹൗലത്ത്. മക്കള്‍: ഹാജറ, ഹസീന, ത്വാഹിറ, ആഖിഖ്, റഹ്മത്ത്. മരുമക്കള്‍: സ്വലാഹുദ്ദീന്‍, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, അനീസുര്‍റഹ്മാന്‍, മനീഷത്ത്.

എസ്.വി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍