Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

മാപ്പിളറൈഫിള്‍സ് മലബാര്‍ വിപ്ലവെത്ത സ്വാധീനിച്ചെതങ്ങെന?

ഐ. സമീല്‍

1921-ലെ മലബാര്‍ വിപ്ലവത്തിന് നൂറ്റാണ്ട് തികയുന്ന ഈ വേള, വിപ്ലവത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് /കൊളോണിയല്‍ / ദേശീയവാദ ആഖ്യാനങ്ങള്‍ക്കപ്പുറത്തേക്ക് വിപ്ലവത്തിലെ സൈനിക, സാംസ്‌കാരിക, രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച അന്വേഷണങ്ങളും പഠനങ്ങളും വികസിക്കുന്ന സന്ദര്‍ഭം കൂടിയാണ്. ലോകത്തെ ഒന്നാമത്തെ സൈനിക ശക്തിയായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് തദ്ദേശീയരായ മാപ്പിള വിപ്ലവകാരികള്‍, ഭരണകൂട- സൈനിക പിന്തുണ കൂടാതെ ആറു മാസത്തോളം പിടിച്ചുനില്‍ക്കുകയും സമാന്തര ഭരണകൂടം സ്ഥാപിക്കുകയും ചെയ്തത് സംബന്ധിച്ചും അതിനകത്തെ സൈനിക, ഗറില്ലാ നീക്കങ്ങളെ കുറിച്ചുമുള്ള പഠനങ്ങള്‍ വിരളമാണ്. ഉള്ളവയില്‍ ഭൂരിപക്ഷവും ബ്രിട്ടീഷ് പക്ഷത്തുനിന്നുള്ള ആഖ്യാനങ്ങള്‍ മാത്രമാണ്. എന്നാല്‍ പുതിയ കാലത്ത് ലഭ്യമായ വിവര സ്രോതസ്സുകള്‍ പുതിയ പഠനങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
മലബാര്‍ വിപ്ലവത്തില്‍ ബ്രിട്ടീഷ് സൈനിക വിഭാഗങ്ങളെ ചെറുത്ത മാപ്പിള ഗറില്ലാ പോരാട്ടത്തിനു പിറകിലെ നിര്‍ണായക ശക്തി ആരായിരുന്നുവെന്ന അന്വേഷണത്തിന് ഇത്തരമൊരു സന്ദര്‍ഭത്തില്‍ പ്രസക്തി ഏറെയാണ്.
മുന്‍ സൈനികരും പോലീസുകാരുമടങ്ങുന്ന മാപ്പിള പോരാളികളാണ് കൊളോണിയല്‍ സേനയോട് പൊരുതിയതെന്ന് ബ്രിട്ടീഷ് ആഖ്യാനങ്ങളിലുള്‍പ്പെടെ സമ്മതിക്കുന്നുണ്ട്. 1921 ആഗസ്റ്റ് 26-ന് അരങ്ങേറിയ പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ച് ആഗസ്റ്റ് 31-ന് ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍നിന്നുള്ള 'സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്' പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മാപ്പിളമാരായ മുന്‍ പോലീസുകാരും മുന്‍ സൈനികരും യുദ്ധത്തില്‍ പങ്കെടുത്തതായി ലണ്ടനില്‍നിന്നുള്ള 'ഇന്ത്യന്‍ വിദഗ്ധരെ' ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് സൈനിക ശക്തിയെ കുറിച്ചറിയാത്ത മാപ്പിളമാരുടെ 'ഹാലിളക്കം' മാത്രമായിരുന്നു മലബാര്‍ വിപ്ലവമെന്ന സംഘ്പരിവാര്‍ ആഖ്യാനങ്ങളെ ഈ വിവരങ്ങള്‍ പൊളിച്ചു കളയുന്നുണ്ട്. ഒപ്പം, മലബാര്‍ വിപ്ലവത്തില്‍ മാപ്പിള പോരാളികളിലെ മുന്‍ സൈനികരുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ അന്നേ അംഗീകരിക്കപ്പെട്ടിരുന്നുവെന്നും ഇവ വ്യക്തമാക്കുന്നു.
എന്നാല്‍, ഈ 'മുന്‍ സൈനികര്‍' ആരായിരുന്നുവെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 1918-ല്‍ അവസാനിച്ച ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിെന്റ ഭാഗമായിരുന്ന ഇന്ത്യന്‍ സൈനികരില്‍ മാപ്പിളമാര്‍ നന്നേ ചുരുക്കമായിരുന്നുവെന്നതിനാലും, 1918 ആകുമ്പോഴേക്കും ഖിലാഫത്ത് -ദേശീയ പ്രസ്ഥാനത്തിെന്റ അലയൊലികളില്‍ മാപ്പിളമാര്‍ ഭാഗമായിക്കൊണ്ടിരുന്ന സന്ദര്‍ഭമെന്ന നിലയിലും വിപ്ലവകാരികളില്‍ ഈ സൈനികര്‍ ഉണ്ടായിരുന്നില്ലെന്നാണ് അനുമാനം. ഈ സന്ദര്‍ഭത്തിലാണ് മാപ്പിളമാരെ 'നന്നാക്കിയെടുക്കാനായി' ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച 'മാപ്പിള റൈഫിള്‍സ്' എന്ന പ്രത്യേക സേനയിലേക്ക് അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത്.

ബ്രിട്ടീഷുകാര്‍ ചെയ്ത വിഡ്ഢിത്തം
കേരളത്തിെല ഒരു ജനവിഭാഗത്തിന് മാത്രമായി ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച സൈനിക വിഭാഗമായിരുന്നു 1902 മുതല്‍ 1907 വരെ അഞ്ചു വര്‍ഷത്തോളം മാത്രം നീണ്ട 'മാപ്പിള റൈഫിള്‍സ്' എന്ന സൈനിക പരീക്ഷണം. അക്ഷരാര്‍ഥത്തില്‍ ബ്രിട്ടീഷുകാര്‍ ചെയ്ത വമ്പന്‍ വിഡ്ഢിത്തമായിരുന്നു ഈ സേനാ രൂപവത്കരണവും പിരിച്ചുവിടലും. ബ്രിട്ടീഷുകാരുടെ ആധുനിക സൈനിക പരീശീലനത്തിനൊപ്പം യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും മാപ്പിളമാര്‍ക്ക് ലഭിക്കാനുള്ള അവസരമാവുകയായിരുന്നു ഇത്. 1907-ല്‍ പിരിച്ചുവിട്ട ഈ സൈനികരിലെ ഒരു വിഭാഗമാണ് 1921-ലെ വിപ്ലവത്തില്‍ ഗറില്ല യുദ്ധമുറകളിലൂടെ ബ്രിട്ടീഷ് സേനയെ വിറപ്പിച്ചത്.

രൂപവത്കരണ പശ്ചാത്തലം

1896-െല മഞ്ചേരി പയ്യനാട് ഏറ്റുമുട്ടലിനു ശേഷം 1915 വരെ മലബാര്‍ ഏറക്കുറെ ശാന്തമായിരുന്നുവെന്നും ഈ കാലയളവില്‍ മാപ്പിളമാര്‍ക്ക് 'പുരോഗമിക്കാനു'ള്ള ഒേട്ടറെ അവസരങ്ങള്‍ (ബ്രിട്ടീഷുകാര്‍) നല്‍കിയിരുന്നതായും അന്നത്തെ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്‌കോക്ക് രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1921-നു മുമ്പ് ഏറ്റവുമധികം ശാന്തതയുണ്ടായ കാലയളവ് ഇതാണ്. മാപ്പിള പോരാട്ടങ്ങളുടെ പശ്ചാത്തലം പഠിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച  വില്യം ലോഗന്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് മലബാറില്‍, വിശേഷിച്ച് ഏറനാട് - വള്ളുവനാട് മേഖലയില്‍ റോഡുകളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിെന്റ ഭാഗമായാണ് പൂര്‍ണമായി ഏറനാട് പ്രദേശത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തി മാപ്പിള റൈഫിള്‍സ് രൂപവത്കരിക്കുന്നത്. ഇതിനായി മദ്രാസ് റെജിമെന്റിലെ 15, 25 ബറ്റാലിയനുകളെ മാപ്പിള റൈഫിള്‍സ് 77, 78 ബറ്റാലിയനുകളാക്കി മാറ്റുകയായിരുന്നു.1

ബ്രിട്ടീഷുകാരുടെ ദ്വിമുഖതന്ത്രം

തങ്ങളുമായി ഏറ്റുമുട്ടുകയോ മറ്റെന്തെങ്കിലും തരത്തില്‍ തലവേദനയുണ്ടാക്കുകയോ അക്രമങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സേനയുണ്ടാക്കി അവരെ 'അച്ചടക്കം ശീലിപ്പി'ക്കുന്നതിനൊപ്പം മറ്റുള്ളവരുണ്ടാക്കുന്ന കുഴപ്പങ്ങള്‍ അടിച്ചമര്‍ത്താന്‍ അവരെ ഉപയോഗിക്കുകയും ചെയ്യുക എന്ന ദ്വിമുഖതന്ത്രമാണ് ബ്രിട്ടീഷ് കൊളോണിയലിസം എല്ലായിടത്തും പയറ്റിയത്. ഇന്ത്യയില്‍ സിഖ്, ഗൂര്‍ഖാ സേനാ വിഭാഗങ്ങള്‍ അങ്ങനെയാണ് രൂപവത്കരിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിെന്റ സൈനിക ആവശ്യങ്ങള്‍ക്ക് ഇവരെ വിജയകരമായി ഉപയോഗിക്കുകയും ചെയ്തു. മലബാര്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഗൂര്‍ഖ, ചിന്‍ കച്ചിന്‍ വിഭാഗങ്ങളെ നിയോഗിച്ചത് ഇതിെന്റ ഉദാഹരണമാണ്. മാത്രമല്ല, ബ്രിട്ടീഷ് സൈനികരായി വിവിധ കോളനി രാജ്യങ്ങളിലെത്തിയവരില്‍ അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ് എന്നിവിടങ്ങളിലെ 'ശല്യക്കാരായ' ആളുകളുണ്ടായിരുന്നെന്ന അയര്‍ലന്റ് നാഷ്‌നല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ടെറി ഡ്യൂണിെന്റ നിരീക്ഷണവും പ്രസക്തമാണ്. പൂക്കോട്ടുര്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് സേനയായ ലെയിന്‍സ്റ്റര്‍ റെജിമെന്റിനെ നയിച്ച ക്യാപ്റ്റന്‍ െമക്കന്റോയ് അയര്‍ലന്റ് സ്വദേശിയായിരുന്നുവെന്നത് ഇതിെന്റ മികച്ച ഉദാഹരണമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തില്‍ ഈ കൊളോണിയല്‍ പദ്ധതി പരാജയപ്പെട്ട പ്രധാനപ്പെട്ട സന്ദര്‍ഭം, (ഒരുപക്ഷേ ഏക സന്ദര്‍ഭം) മലബാറിലെ  മാപ്പിള റൈഫിള്‍സിെന്റ രൂപവത്കരണവും പിന്നീടുള്ള പിരിച്ചുവിടലുമായിരുന്നു.
1902-ലാണ് മാപ്പിള റൈഫിള്‍സ് രൂപവത്കരിക്കുന്നത്. 1902 ആഗസ്റ്റ് ഒമ്പതിന് ലണ്ടനില്‍ നടന്ന എഡ്വേഡ് ഏഴാമന്‍ രാജാവിെന്റയും അലക്‌സാന്‍ഡ്ര രാജ്ഞിയുടെയും കിരീടധാരണ ചടങ്ങില്‍ മാപ്പിള റൈഫിള്‍സിലെ സൈനികര്‍ പെങ്കടുത്തിരുന്നു. രാജാവിനെയും രാജ്ഞിയെയും ആനയിക്കുന്ന സംഘത്തില്‍ മാപ്പിള റൈഫിള്‍സിെന്റ യൂനിഫോമായ തവിട്ടു നിറത്തിലുള്ള ജാക്കറ്റും ചുവന്ന തുര്‍ക്കിതൊപ്പിയുമണിഞ്ഞാണ് മാപ്പിള റൈഫിള്‍സ് സൈനികര്‍ അണിനിരന്നത്.2 ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ അതിനു മുമ്പ് ആരും ഈ തലപ്പാവ് അണിഞ്ഞിരുന്നില്ല3 എന്നതിനാല്‍ ചടങ്ങില്‍ സംബന്ധിച്ചവരുടെ സവിശേഷ ശ്രദ്ധ നേടിയിരുന്നു, മാപ്പിളമാര്‍.
(1800-കളുടെ പകുതി മുതല്‍ മലബാറും മാപ്പിളമാരും ബ്രിട്ടീഷുകാരുടെ, വിശേഷിച്ച് ലണ്ടന്‍ നഗരവാസികളുടെ പൊതുബോധത്തില്‍ 'അപകടകാരികളായ മതഭ്രാന്തരെ'ന്ന നിലയില്‍ പരിചിതരായിരുന്നു. 1885 നവംബര്‍ ഏഴിന് ഹാംപ്‌ഷെയര്‍ ടെലഗ്രാഫ് പത്രത്തിെന്റ കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് 'മോയിന്‍കുട്ടി, ദ മാപ്പിള, എ ടെയില്‍ ഓഫ് മലബാര്‍' എന്ന കഥയായിരുന്നു. 1855 സെപ്റ്റംബര്‍ 11-ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഔദ്യോഗിക വസതിയില്‍ കൊല്ലപ്പെട്ട മലബാര്‍ കലക്ടര്‍ കനോലി പശ്ചാത്തലമായി വരുന്ന ഈ കഥ, കനോലി വധം ബ്രിട്ടീഷുകാരില്‍ സൃഷ്ടിച്ച ആഘാതം വലുതായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനൊപ്പം മാപ്പിളമാര്‍ അക്കാലത്തേ ബ്രിട്ടീഷുകാര്‍ക്ക് ചിരപരിചിതരായിരുന്നുവെന്നും വ്യക്തമാക്കുന്നു. മറ്റൊരു ഉദാഹരണം. 1882 മെയ് 10-ലെ ദ സ്റ്റാന്‍ഡേര്‍ഡ് പത്രത്തിലെ വായനക്കാരുടെ കോളത്തില്‍ അയര്‍ലന്റിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മലബാറില്‍ മാപ്പിളമാര്‍ക്കു നേരെ പ്രയോഗിക്കുന്ന 'മാപ്പിള ഔട്ട്‌റേജസ് ആക്ട്' പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഈ കത്തിലും കനോലി വധം സൂചിപ്പിക്കുന്നുണ്ട്). 

ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട 
ആദ്യ മലയാളികള്‍

ബ്രിട്ടീഷ് പാതെയുടെ/ ആൃശശേവെ ജമവേല യൂട്യൂബ് ശേഖരത്തില്‍ ലഭ്യമായ എഡ്വേഡ് ഏഴാമെന്റ കിരീടധാരണ ചടങ്ങിെന്റ അപൂര്‍വ ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാവുന്നതു പ്രകാരം, രാജാവിനെ കിരീടധാരണ ചടങ്ങിലേക്ക് ആനയിക്കുന്ന സൈനിക സംഘത്തിെന്റ ആദ്യ നിരയിലുള്ളത് മാപ്പിള റൈഫിള്‍സാണ്. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുളള ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലെ വിവിധ സൈനിക സംഘങ്ങളും ഒടുവിലായി ബ്രിട്ടീഷ് റോയല്‍ സേനയുമാണ് ദൃശ്യങ്ങളിലുള്ളത്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഒരുപക്ഷേ മലയാളികള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഫിലിം ഇതായിരിക്കണം. ഫിലിം കാമറ കണ്ടുപിടിച്ച ലൂമിയര്‍ സഹോദരങ്ങള്‍ 1895-ല്‍ പാരീസില്‍ ആദ്യത്തെ പൊതു ചലച്ചിത്ര പ്രദര്‍ശനം നടത്തി ഏഴാമത്തെ വര്‍ഷമാണ് ലണ്ടനില്‍ ഈ ചടങ്ങ് നടക്കുന്നത് എന്ന കാലപരിഗണനയും ഇതില്‍ പ്രധാനമാണ്.
അന്നത്തെ ബ്രിട്ടീഷ് സാമന്ത രാജാക്കന്മാരായിരുന്ന മറാത്തയിലെ ഛത്രപതി രാജര്‍ഷി ഷാഹു, ബിക്കാനീറിലെ ഗംഗ സിംഗ്, കുച്ച് ബിഹാറിലെ നൃപേന്ദ്ര നാരായണ്‍, ഇദറിലെ പ്രതാപ് സിംഗ്, ഗ്വാളിയോറിലെ മാധോറാവു സിന്ധ്യ (മുന്‍ കേന്ദ്രമന്ത്രി മാധവ റാവു സിന്ധ്യയുടെ മുത്തഛന്‍) എന്നിവരാണ് കിരീടധാരണ ചടങ്ങില്‍ ഇന്ത്യയില്‍നിന്ന് പെങ്കടുത്ത അതിഥികള്‍. മലബാറില്‍നിന്നോ തിരുവിതാംകൂറില്‍നിന്നോ അതിഥികളായി ആരെങ്കിലും പെങ്കടുത്തതായി അറിവില്ല. അക്കാലത്തെ ലോകത്തെ പ്രധാന അധികാരാരോഹണ ചടങ്ങില്‍ സംബന്ധിച്ച മലയാളികളും ഈ സൈനികര്‍ മാത്രമായിരിക്കും.

തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ സൈനിക പരിശീലനം

മാപ്പിള റൈഫിള്‍സിെന്റ സൈനിക പരിചയവും ശേഷിയും വര്‍ധിപ്പിക്കുന്നതിെന്റ ഭാഗമായി 1905-ല്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ (ഇന്നത്തെ പഞ്ചാബ് -പാകിസ്താന്‍ മേഖല) സൈനിക സേവനത്തിനായി അവരെ അയച്ചിരുന്നു. എന്നാല്‍ അവിടത്തെ ഉഷ്ണ കാലാവസ്ഥയോട് മാപ്പിള സൈനികര്‍ക്ക് ഒത്തുപോകാന്‍ കഴിയില്ലെന്നും പരീക്ഷണം പരാജയമാണെന്നുമാണ് ബ്രിട്ടീഷുകാര്‍ വിലയിരുത്തിയത്.4 കൂടാതെ അവസാന രണ്ടു വാര്‍ഷിക റിപ്പോര്‍ട്ടുകളും സേനക്ക് എതിരായിരുന്നു. സൈനികരില്‍ 'മതഭ്രാന്തു'ണ്ടെന്നും അവരെ സൈനിക ജോലിക്ക് പറ്റില്ലെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.5

മതഭ്രാന്തെന്ന തമാശക്കഥയും 
പിരിച്ചുവിടലും

മാപ്പിള റൈഫിള്‍സിെല സൈനികരുടെ 'മതഭ്രാന്ത്' സംബന്ധിച്ച തമാശക്കഥ 2020 ഒക്‌ടോബര്‍ ആറിന് അന്തരിച്ച മലപ്പുറത്തെ പ്രശസ്ത ഹോമിയോ ചികിത്സകനും ചരിത്ര ഗവേഷകനുമായിരുന്ന തോരപ്പ മുഹമ്മദ് പങ്കുവെച്ചിരുന്നു. ഒരിക്കല്‍ മാപ്പിള റൈഫിള്‍സ് സൈനികരുടെ പതിവു പരിശോധനക്ക് മേലുദ്യോഗസ്ഥനായ ബ്രിട്ടീഷ് പട്ടാളക്കാരന്‍ എത്താന്‍ വൈകി. അദ്ദേഹം എത്തുേമ്പാഴേക്ക് അസ്വ്ര്‍ (മധ്യാഹ്ന സമയം) നമസ്‌കാരത്തിനുള്ള ബാങ്ക് വിളിച്ചു. ഇതോടെ വരിയായി നിന്നിരുന്ന സൈനികരെല്ലാം മേലുേദ്യാഗസ്ഥനെ പരിഗണിക്കാതെ നമസ്‌കാരത്തിനായി ഓടിപ്പോയി. കാര്യമെന്താണെന്ന് കൂടെയുള്ള സഹപ്രവര്‍ത്തകരോട് ഈ ഉദ്യോഗസ്ഥന്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നുവത്രെ. 1903-ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിെന്റ കമാന്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റ ജനറല്‍ ലോര്‍ഡ് കിച്ച്‌നര്‍ സേനയില്‍ നടത്തിയ പുനഃക്രമീകരണങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ഭാഗമായി മികവ് കുറഞ്ഞ സൈനിക വിഭാഗങ്ങളെ പിരിച്ചുവിട്ട കൂട്ടത്തില്‍ 1907-ല്‍ മാപ്പിള റൈഫിള്‍സിനെയും പിരിച്ചുവിടുകയായിരുന്നു.6 പിരിച്ചുവിടുേമ്പാള്‍ ഈ സൈനിക വിഭാഗത്തില്‍ 350 പേരാണ് ഉണ്ടായിരുന്നത് (ഐ.പി.എച്ച്  പ്രസിദ്ധീകരിക്കുന്ന 'മലബാര്‍ വിപ്ലവം: ചരിത്രം കാണാതെ പോയ ജീവിതങ്ങളും ഖബ്‌റുകളും' എന്ന പുസ്തകത്തില്‍നിന്ന്). 

അവലംബം:
1. Peasant Revolt in Malabar: A History of the Malabar Rebellion, 1921, page 14, R. H. Hitchcock, Madras 1925
2. Sons of John Company: Indian and Pakistan Armies, 1903-1991, by John Gaylor, Spellmount Publishers Ltd, 1992
3. Indian Army Uniforms Under The British from the 18th Century to 1947 Artillery, Engineers and Infantry, page 226, by W.Y. Carman, Morgan-Grampian London 1969
4. Indian Office Records and Private Papers, paragraph 9, Ref IOR/L/MIL/7015-7235, 28 June 1906.
5. Government of India despatch No 56 of 28 June 1906, Paragraph 9.
6. The British General Staff, Reform and Innovation 1890-1939, page 108, by Brian Holden Reid & David French, Frank Cass, London 1993. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍