Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

കെ. ഹംസ മാസ്റ്റര്‍

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

അറബി ഭാഷാ പണ്ഡിതനും മതവിജ്ഞാനീയങ്ങളില്‍ നിപുണനുമായിരുന്നു മങ്കട ചേരിയം നിവാസി കുന്നത്ത് ഹംസ മാസ്റ്റര്‍ (60). വിവിധ വിദ്യാലയങ്ങളില്‍ അറബി അധ്യാപകനായും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ മതാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം നടത്തിയ അദ്ദേഹം അതേ സ്ഥാപനത്തിലും തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ്, ആലുവ അല്‍ അസ്ഹര്‍, മണ്ണാര്‍ക്കാട് ഇര്‍ശാദിയാ കോളേജ്, പാനായിക്കുളം മദ്‌റസ, ശാന്തപുരം പി.ടി.എം.യു.പി സ്‌കൂള്‍, പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര, കുമരനല്ലൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും മങ്കട ബി.ആര്‍.സി ട്രെയ്‌നറായും ജോലി ചെയ്തിരുന്നു. കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്നാണ് വിരമിച്ചത്. അധ്യാപനരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം അറബി വ്യാകരണത്തില്‍ പ്രത്യേകം വ്യുല്‍പത്തി നേടിയിരുന്നു.
ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക നാസിമായി പ്രവര്‍ത്തിച്ചു. ഖുര്‍ആന്‍, ഹദീസ് ക്ലാസുകള്‍ പണ്ഡിതോചിതമായി എടുക്കുമായിരുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മദ്‌റസയില്‍ സംഘടിപ്പിച്ച പല ഖുര്‍ആന്‍-ഹദീസ് ക്ലാസുകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം വഹിച്ചു. ചര്‍ച്ചകളിലെയും സംവാദങ്ങളിലെയും ഔചിത്യപൂര്‍ണമായ ഇടപെടലുകളും ഉത്തരവാദിത്ത നിര്‍വഹണത്തിലെ കണിശതയും പ്രത്യേകതകളായിരുന്നു. മത്സര പരീക്ഷകളിലും അറബിക് കലാമേളകളിലും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായ മണ്ണാര്‍ക്കാട്ടെ എം.സി അബ്ദുല്ല മൗലവിയുടെ മകള്‍ സുനൈറയാണ് ഭാര്യ. മക്കള്‍: ഡോ. റജ തശ്‌രീഫ്, ഡോ. ലുലു. മരുമകള്‍: അശീമ

കക്കിടി അബ്ദുല്‍ഖാദര്‍ മൗലവി

പ്രമുഖ ഖുര്‍ആന്‍-ഹദീസ് പണ്ഡിതന്‍ കുമരനെല്ലൂര്‍ സ്വദേശി കക്കിടി അബ്ദുല്‍ഖാദര്‍ മൗലവി (73 ) അല്ലാഹുവിലേക്ക് യാത്രയായി.  കോവിഡ് ഭേദമായ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം. പരേതനായ കക്കിടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ആണ് പിതാവ്. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ഖാദര്‍ മൗലവി, മുജാഹിദ് നേതാവ് കെ. ഉമര്‍ മൗലവി, ഫലകി മുഹമ്മദ് മൗലവി, പ്രശസ്ത കവി അബ്ദുല്ല നൂറാനി തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ ഗുരുവര്യനായ അറക്കല്‍ മൂപ്പര്‍ എന്നറിയപ്പെട്ടിരുന്ന ചുങ്കത്ത് കുഞ്ഞിമരക്കാര്‍ മുസ്ലിയാരുടെ മകള്‍ ഫാത്വിമയാണ് മാതാവ്. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളേജ്, ഉമറാബാദ്, ജാമിഅ ദാറുസ്സലാം എന്നിവിടങ്ങളിലെ പഠനശേഷം മദീന യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. പഠനശേഷം അബ്ദുല്‍ഖാദര്‍ മൗലവി അജ്മാനില്‍ പ്രബോധകനായി നിയമിതനായി. ഹൈദറലി ശാന്തപുരം, അബ്ദുര്‍റശീദ് മൗലവി അന്തമാന്‍, മര്‍ഹും കുഞ്ഞഹമ്മദ് മൗലവി വളാഞ്ചേരി, സെയ്തലവി മൗലവി എന്നിവര്‍ യു.എ.ഇയില്‍ വിവിധ സ്ഥലങ്ങളില്‍ നിയമിതരായപ്പോള്‍ ടീമില്‍ പെട്ട അദ്ദേഹത്തെ അജ്മാനില്‍ നിയമിച്ചു. അജ്മാന്‍ ഐ.സി.സിയില്‍ അബ്ദുല്‍ഖാദര്‍ മൗലവി പ്രതിവാരം നടത്തിയിരുന്ന ക്ലാസില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. ഇസ്‌ലാമിക് സെന്ററിലും മൗലവി ക്ലാസെടുത്തിരുന്നു.
വലിയ ദാനശീലനായിരുന്നു അദ്ദേഹം. സ്വന്തമായും മറ്റുള്ളവരില്‍നിന്നും പണം ശേഖരിച്ച് നല്‍കി നാട്ടിലെ സ്ഥാപനങ്ങളുടെ പ്രതിനിധികളായി എത്തുന്നവരെ മൗലവി സഹായിച്ചിരുന്നു. കേരളത്തിനകത്തും പുറത്തും പണ്ഡിതരും സാധാരണക്കാരുമായ നിരവധി പേര്‍ മൗലവിയുടെ സ്‌നേഹവലയത്തിലുണ്ടായിരുന്നു. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരമാക്കിയ ശേഷവും പഴയ വ്യക്തിബന്ധങ്ങള്‍ തുടര്‍ന്നുപോന്നു. പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളുമായും സേവന പ്രവര്‍ത്തനങ്ങളുമായുമുള്ള ബന്ധവും പൊതുപരിപാടികളിലെ സാന്നിധ്യവും നാട്ടില്‍ വന്ന ശേഷം മരണം വരെയും തുടര്‍ന്നു. ഭാര്യ നഫീസക്കുട്ടി അജ്മാനിലെ ഒരു യൂനിറ്റിന്റെ നാസിമത്ത് ആയിരുന്നു.
നാട്ടില്‍ പടിഞ്ഞാറങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങള്‍, കുമരനെല്ലൂര്‍ സലഫി പള്ളി എന്നിവ പടുത്തുയര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും മൗലവിയുടെ പങ്ക് എടുത്തു പറയേണ്ടതുണ്ട്.
മക്കള്‍: ഹഫ്‌സ, ഹുദ, മുഹമ്മദ് ലുത്ഫി, ഡോ. മവദ്ദ.

കെ. ജമാലുദ്ദീന്‍ പടിഞ്ഞാറങ്ങാടി

മാളയിലെ നാല് വിയോഗങ്ങള്‍

ഒരു പ്രദേശത്തു തന്നെ ഒന്നിലധികം പ്രവര്‍ത്തകര്‍ അടുത്തടുത്ത ദിവസങ്ങളിലായി മരണപ്പെടുകയുായി തൃശൂര്‍ ജില്ലയിലെ മാളയില്‍. മാള ഏരിയയുടെ അന്നമനട ഘടകത്തിലെ പ്രവര്‍ത്തകരായ മുഹമ്മദ് സഫര്‍ മേത്തര്‍ (68), അബ്ദുര്‍റഹ്മാന്‍ (80), സമീപമുള്ള വാളൂര്‍ ഘടകത്തിലെ അമീര്‍ അലി ചാലോന്‍ (73) എന്നിവരാണ് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയത്. ഏതാനും മാസം മുമ്പ് അബു (72) എന്ന സഹോദരന്റെ വേര്‍പാടിന്റെ മുറിവുണങ്ങുന്നതിനു മുമ്പാണീ മരണങ്ങള്‍. 
1969 - '70 കാലയളവില്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഡാണാപ്പടിയില്‍ ഓട് കച്ചവടം തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകനായിരുന്നു അമീറലി സാഹിബ്. പ്രദേശത്ത് പ്രസ്ഥാനം നട്ടുപിടിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വിപുലമായ സൗഹൃദ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. 
ജന്മനാടായ വാളൂരില്‍ ഓട് വ്യവസായ സ്ഥാപനമുണ്ട്. പില്‍ക്കാലത്ത് ഇവിടെ തിരിച്ചെത്തി വാളൂര്‍ ഹല്‍ഖയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വാളൂര്‍ മുന്‍ ഹല്‍ഖാ നാസിം ആയിരുന്നു. ജമാഅത്ത് അംഗം സി.കെ.ബി. വാളൂര്‍ സഹോദരനാണ്. ഭാര്യ: ജമീല. മക്കള്‍: അന്‍സാരി, അമ്മാര്‍, സൂഹ്‌റാബി, ബിലാല്‍. മരുമക്കള്‍: മുഹ്സിന, സിംന, അന്‍വര്‍, ഷംന.
കര്‍മനിരതനായിരുന്ന മുഹമ്മദ് സഫര്‍ മേത്തര്‍ നെറ്റിയില്‍ വിയര്‍പ്പുകണവുമായാണ് അല്ലാഹുവിങ്കലേക്ക് യാത്രതിരിച്ചത്. പരേതയായ ആമിനാ ഖാസിമിന്റെ മകനാണ്. ഹല്‍ഖാ നാസിം അജ്മല്‍ മേത്തര്‍ സഹോദരനാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു സഫര്‍ മേത്തര്‍. പ്രബോധനം ഏജന്റുമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിറസാന്നിധ്യമായതോടൊപ്പം പ്രസ്ഥാന പരിപാടികളിലും മുന്‍പന്തിയില്‍ നിന്നു. അന്നമനടയില്‍ പ്രസ്ഥാനത്തിന്റെ വക്താവായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാട് തികച്ചും ആകസ്മികമായിരുന്നു.
ഭാര്യ: സുഹ്‌റ ബീവി. മക്കള്‍: തുഫൈല്‍ മുഹമ്മദ്, സുഹൈല്‍, അബ്ദുല്‍ ബാസിത്. മരുമകള്‍: ജദീദ. 
ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പനയമ്പിള്ളി അബു സാഹിബ് (72). നിശ്ശബ്ദ സേവനത്തിന്റെ ആള്‍രൂപം, വിനയാന്വിതന്‍. അന്നമനടയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: ജലാലുദ്ദീന്‍, ജസീല, ഫസീല. മരുമക്കള്‍: നിഷ, അലി, നാസര്‍.
മാമ്പ്ര നടക്കപറമ്പില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് (80) പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. പ്രായം മറന്നും പ്രവര്‍ത്തന നിരതനായിരുന്ന വ്യക്തിത്വം. കടുത്ത എതിര്‍പ്പുകള്‍ നിലനിന്നിരുന്ന മാമ്പ്ര പ്രദേശത്തു നിന്ന് പ്രസ്ഥാനത്തിലേക്ക് ആദ്യം കടന്നുവന്നത് അദ്ദേഹമാണ്. തന്റെ നിലപാടുകള്‍ എവിടെയും തുറന്നുപറയാനുള്ള ആര്‍ജവം കാണിച്ചു. 
ഭാര്യ: ബീവിക്കുഞ്ഞ്. മക്കള്‍: ഖമര്‍ബാന്‍, അബ്ദുശ്ശുകൂര്‍, സഗീര്‍ റഹ്മാന്‍. മരുമക്കള്‍: റസീന, നസീര്‍, അജ്‌ന. 

അബ്ബാസ് മാള

ഇടശ്ശേരി മുഹമ്മദ് കോയ

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒട്ടേറെ നല്ല ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് ഇടശ്ശേരി മുഹമ്മദ് കോയ സാഹിബ്(80) നമ്മോട് വിടപറഞ്ഞത്.
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാദേശിക പ്രസിഡന്റായിരുന്നു. ഹൃദ്യമായ പെരുമാറ്റത്തിലൂടെ പരിചയപ്പെടുന്നവരുടെയെല്ലാം മനസ്സില്‍ ഇടം നേടി.
പ്രാദേശിക ഘടകത്തിന്റെ നാസിമായി ചുമതല വഹിച്ചിട്ടു്. മസ്ജിദുല്‍ ഹമദ്, തലക്കുളത്തൂര്‍ ഇസ്‌ലാമിക് ട്രസ്റ്റ്, സാന്ത്വനം ചാരിറ്റബ്ള്‍ സൊസൈറ്റി, പ്രോഗ്രസ്സീവ് പബ്ലിക് സ്‌കൂള്‍ എന്നിവയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു. നിരവധി പേരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

അഹ്മദ് ബശീര്‍ കേളോത്ത്, തലക്കുളത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി