Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

വി.കെ അബ്ദുല്‍ അസീസ് ബഹുമുഖ വ്യക്തിത്വം

കെ.എം ബശീര്‍, ദമ്മാം

വേറിട്ട ചിന്തകളാലും ബഹുമുഖ പ്രവര്‍ത്തനങ്ങളാലും ജീവിതം ധന്യമാക്കിയ വി.കെ അബ്ദുല്‍ അസീസ് സാഹിബ് എടവനക്കാട് (71) അല്ലാഹുവിലേക്ക് യാത്രയായി. നീണ്ട മുപ്പത്തിയാറ് വര്‍ഷത്തെ ആത്മബന്ധമാണ് അബ്ദുല്‍ അസീസ് സാഹിബുമായി എനിക്കുള്ളത്. അദ്ദേഹം രിയാദില്‍ അര്‍റാജ്ഹി ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്ത് 1985-ല്‍ അദ്ദേഹത്തിന്റെ സുഹ്യത്തും എന്റെ അമ്മാവനുമായ ടി.എ മുഹമ്മദ് മൗലവിയുടെ നിര്‍ദേശപ്രകാരം മാള ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റിനു വേണ്ടി ചില കാര്യങ്ങള്‍ സംസാരിക്കാനാണ് രിയാദില്‍ പോയി അദ്ദേഹത്തെ നേരില്‍ കാണുന്നത്. അന്ന് തുടങ്ങിയ ബന്ധം മരണം വരെ തുടര്‍ന്നുപോന്നു. മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് അദ്ദേഹം ദമ്മാമില്‍ വന്നപ്പോള്‍ നേരില്‍ കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. സംസാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ എല്ലാ സംസാരങ്ങളിലും സമൂഹത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്ന ചിന്തയാണ് മുഖ്യമായും ഉയര്‍ന്നു വരിക. പ്രായോഗികമാണോ എന്ന് നമ്മള്‍ ആശങ്കിച്ചേക്കാവുന്ന പല ആശയങ്ങളും സമൂഹനന്മ മാത്രം ലക്ഷ്യം വെച്ച് പ്രയോഗവല്‍ക്കരിക്കാന്‍ സമയവും സമ്പത്തും ആരോഗ്യവും ചെലവഴിച്ച് ജീവിതാന്ത്യം വരെ അദ്ദേഹം ഓടിനടന്നു. നാട്ടുകാരുടെ പ്രാദേശിക കൂട്ടായ്മയായ സേവ മുതല്‍ ഇന്റര്‍ നാഷ്‌നല്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് ഇന്ത്യ (ഐ.ഐ.ഡി.ഐ) വരെയുള്ള വ്യത്യസ്തങ്ങളായ നിരവധി വേദികളില്‍ അസീസ് സാഹിബിന്റെ സാന്നിധ്യമുണ്ടായിരുന്നു.
വിശ്വമാനവികത എന്ന ഇസ്ലാമിക മൂല്യത്തില്‍ ഊന്നിനിന്നുകൊണ്ട് വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കാനായി അദ്ദേഹം പരിശ്രമിച്ചു. അതിനായി മതവിശ്വാസങ്ങള്‍ പരസ്പരം അറിയാനും മനസ്സിലാക്കാനുമുള്ള അനവധി അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് നേത്യപരമായ പങ്കുവഹിച്ചു. ജാതിമതഭേദമന്യേ വിപുലമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് മാനവിക ഐക്യത്തിനും സാഹോദര്യത്തിനുമായി കഠിനാധ്വാനം ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഉന്നതരുമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങളെ തന്റെ ആശയപ്രചാരണയത്‌നവുമായി സഹകരിപ്പിക്കുന്നതിലും വിജയിച്ചു. ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍, സ്വാമി അഗ്നിവേശ്, എം.ഡി നാലപ്പാട്, ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍, ഗോപിനാഥ് മുതുകാട്, ടി. ബാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ഇന്റര്‍ ഫെയ്ത്ത് ഡയലോഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവരില്‍ പലരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.
കൊച്ചി കേന്ദ്രമായി ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് ഇന്ത്യ എന്ന വേദി രൂപീകരിക്കുകയും വ്യത്യസ്ത മതസ്ഥരായ പ്രമുഖ വ്യക്തിത്വങ്ങളെ വേദിയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു വേദിയുടെ മുഖ്യ രക്ഷാധികാരി, ജസ്റ്റിസ് ശംസുദ്ദീന്‍ രക്ഷാധികാരിയും. സുഊദിയിലെ അബ്ദുല്ല  രാജാവ് മുന്‍കൈയെടുത്ത് ജനീവയില്‍ സംഘടിപ്പിച്ച വേള്‍ഡ് ഇന്റര്‍ ഫെയ്ത്ത് കോണ്‍ഫറന്‍സില്‍ ഐ.ഐ.ഡി.ഐയെ പ്രതിനിധികരിച്ച് അസീസ് സാഹിബ് പങ്കെടുത്തു. ഈ കോണ്‍ഫറന്‍സിന്റെ സംഘാടകരായ മുസ്ലിം വേള്‍ഡ് ലീഗിനെ കൊണ്ട് അതുപോലൊരു കോണ്‍ഫറന്‍സ് കേരളത്തില്‍ നടത്തിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി. എം.ഡബ്ല്യു.എല്ലിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി അബ്ദുല്ല അല്‍ തുര്‍ക്കി അതിന് താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ, ആഭ്യന്തരമന്ത്രി ചിദംബരം തുടങ്ങിയവരുമായി  ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ പേരില്‍   നേരിട്ടും അല്ലാതെയും നിരന്തരം ബന്ധപ്പെടുകയും 2011 ഏപ്രിലില്‍ കോണ്‍ഫറന്‍സ് കേരളത്തില്‍ നടത്താന്‍ ധാരണയാവുകയും ചെയ്തിരുന്നു. പക്ഷേ എം.ഡബ്ല്യു.എല്ലിനെ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി ഇന്ത്യ സ്വീകരിക്കണമെന്ന അവരുടെ ആവശ്യം ഇന്ത്യാ ഗവണ്‍മെന്റ് നിരസിച്ചതോടെ ഇന്ത്യയിലെ മതസൗഹാര്‍ദ മേഖലയിലും ഇന്ത്യ - സുഊദി  ബന്ധത്തിലും ഒരു വഴിത്തിരിവാകുമായിരുന്ന കോണ്‍ഫറന്‍സ് നടക്കാതെ പോവുകയാണുണ്ടായത്. അതേസമയം പ്രഗത്ഭരായ മതനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്  ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ കിഴില്‍ ഒരു സെമിനാര്‍ കൊച്ചിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നു. അതിന്റെ മുഖ്യ സംഘാടകന്‍ അബ്ദുല്‍ അസീസ് സാഹിബ് തന്നെയായിരുന്നു. ഇസ്ലാമിക് ഫിനാന്‍സില്‍ പഠനഗവേഷണങ്ങള്‍ക്ക് ഉപകരിക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ സ്ഥാപിക്കണമെന്ന സ്വപ്‌നം സഫലീകരിക്കാനാവാതെയാണ് അദ്ദേഹം വിടവാങ്ങിയത്.
മുസ്‌ലിം സംഘടനകള്‍ അഭിപ്രായ ഭിന്നതകള്‍ക്കുപരി സമുദായ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന വലിയ ആഗ്രഹം ജീവിതത്തിലുടനീളം കൊണ്ടുനടക്കുകയും സാധ്യമാകുന്ന രീതിയില്‍ അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. വിവിധ മുസ്ലിം സംഘടനകളിലെ  നേതാക്കളുമായി വ്യക്തിബന്ധം ഉണ്ടാക്കി നിരന്തരം അവരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി (മുസ്ലിം വേള്‍ഡ് ലീഗ്), വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് (വമി), ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) തുടങ്ങിയ കൂട്ടായ്മകളും സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു അസീസ് സാഹിബിന്. വിവിധ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും ഇവയുമായി ബന്ധപ്പെടുത്താന്‍ തന്റെ സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി. ഹജ്ജ് വേളകളില്‍ ഐ.ഡി.ബി സംഘടിപ്പിച്ചിരുന്ന നേതൃപരിശീലന ക്യാമ്പില്‍ കേരളത്തില്‍നിന്ന് എത്തുന്ന വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം താല്‍പര്യമെടുത്തു. വമിയുടെ സാരഥിയായിരുന്ന ഡോ. അഹ്മദ് തൂത്തഞ്ചി, മാനിഅ് അല്‍ ജുഹനി, റാബിത്വ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്ല അല്‍ തുര്‍ക്കി, ഐ.ഡി.ബി അഡൈ്വസറും സാമ്പത്തിക വിദഗ്ധനുമായ ഡോ. ഉമര്‍ ചാപ്ര തുടങ്ങിയ വ്യക്തികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു അസീസ് സാഹിബിന്.
പ്രവാസം ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പലിശയുടെ കെടുതികളെക്കുറിച്ചും അതിന്റെ പേരില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാന്‍ അവസരം ലഭിച്ചിരുന്നതിനാല്‍ പലിശരഹിത സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച ആലോചനയിലും പഠനത്തിലും പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. തന്റെ ആദര്‍ശ സ്രോതസ്സുകളില്‍നിന്ന് അവക്ക് പരിഹാരം കാണാന്‍ ശ്രമിച്ച അദ്ദേഹം രിയാദില്‍ അര്‍റാജ്ഹി ബാങ്കില്‍ ഉദ്യോഗസ്ഥനായി എത്തിയത്തോടെ പലിശരഹിത  ബാങ്കിംഗ് വ്യവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തി. പലിശരഹിത ബാങ്കിംഗിനും ഫിനാന്‍സിനും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം അതിന്റെ പ്രചാരണത്തിനായി ഒരുപാട് സമയവും സമ്പത്തും ചെലവഴിച്ചു. ഈ ബദല്‍ സാമ്പത്തിക വ്യവസ്ഥയുടെ സാധ്യതകളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പ്രണബ് മുഖര്‍ജിയും പി. ചിദംബരവും ധനമന്ത്രിമാരായിരുന്ന കാലത്ത് ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പലിശരഹിത ജാലകങ്ങള്‍ തുറക്കാന്‍ അവരുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുകയും ഈ മേഖലയിലെ അന്തര്‍ദേശീയ വിദഗ്ധരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെടുത്തി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കുകയും ചെയ്തു. പ്രണബ് മുഖര്‍ജി ഇന്ത്യന്‍ പ്രസിഡന്റായിരിക്കെ നേരില്‍ കണ്ട് സംസാരിക്കുകയും സല്‍മാന്‍ ഖുര്‍ശിദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നല്‍കുകയും ചെയ്തു. പലിശരഹിത ബാങ്കിംഗ് പ്രചരിപ്പിക്കാനായി ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ദല്‍ഹിയിലും കേരളത്തിലും സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പലിശരഹിത മേഖലയില്‍ മുതല്‍മുടക്കാന്‍ സന്നദ്ധരായവരെ സംഘടിപ്പിച്ച്  ജിദ്ദ ആസ്ഥാനമായി ഇന്ത്യന്‍ ഫോറം ഫോര്‍ ഇന്ററസ്റ്റ് ഫ്രീ ബാങ്കിംഗ് (IFIB) എന്ന കൂട്ടായ്മ രൂപീകരിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മൈക്രോ ഫിനാന്‍സിംഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഐ.എഫ്.ഐ.ബിയുടെ മേല്‍നോട്ടത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കണ്ണൂര്‍ നടുവില്‍ എന്ന സ്ഥലത്ത് കുടുംബശ്രീ മാതൃകയില്‍ സംരംഭം ആരംഭിച്ചു. ഐ.എഫ്.ഐ.ബിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നതും അസീസ് സാഹിബായിരുന്നു. പലിശരഹിത സംവിധാനങ്ങളില്‍ മുതല്‍മുടക്കാന്‍ സന്നദ്ധതയുള്ളവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരിചയപ്പെടുത്തി ഇസ്ലാമിക് ബാങ്കിംഗിന്റെ സാധ്യതകളെ ബോധ്യപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ജിദ്ദയിലെ അല്‍ഹയാത്ത് ഇന്റര്‍നാഷ്‌നല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. സ്‌കൂളിന്റെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നതും അസീസ് സാഹിബായിരുന്നു.  ജിദ്ദയിലെ സീഗള്‍സ് റെസ്റ്റോറന്റ് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. നാട്ടില്‍നിന്ന് വരുന്ന രാഷ്ട്രീയ-മത നേതാക്കളില്‍ സല്‍ക്കാരപ്രിയനായ അസീസ് സാഹിബിന്റെ സീഗള്‍സ് റെസ്റ്റോറന്റിലെ ഭക്ഷണത്തിന്റെ രുചിയറിയാത്തവര്‍ വിരളമായിരിക്കും.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സ്‌നേഹിക്കാനും ബന്ധം നിലനിര്‍ത്താനും അദ്ദേഹത്തിന്ന് കഴിഞ്ഞിരുന്നു. ബന്ധപ്പെടുന്ന ഏതൊരാള്‍ക്കും എന്നെയാണ് അസീസ് സാഹിബ് കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കുംവിധം ഹൃദ്യവും സൗമ്യവുമായിരുന്നു ആ പെരുമാറ്റം. ഏറ്റവും ഭംഗിയായി വസ്ത്രം ധരിച്ച് പ്രസന്നവദനനായിട്ടല്ലാതെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. വേറിട്ട ചിന്തകളും ബഹുമുഖ പ്രവര്‍ത്തനങ്ങളുമായി പൊതുരംഗത്ത് സജീവമായി നില്‍ക്കുമ്പോഴും താന്‍ നിലകൊള്ളുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരവലയത്തില്‍ നിലകൊള്ളാനും അതിന്റെ തണലില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇസ്ലാമിക പ്രബോധനത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ പരിശ്രമിച്ച പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തന്റെ ചിന്തകളും ആശയങ്ങളും ആഗ്രഹങ്ങളും നിരന്തരം പ്രസ്ഥാന നേതൃത്വവുമായി പങ്കു വെച്ചുകൊണ്ടേയിരുന്നു. അവ സ്വീകരിക്കുമോ തിരസ്‌കരിക്കുമോ എന്നത് അദ്ദേഹത്തിന് പ്രശ്‌നമേ ആയിരുന്നില്ല.
രിയാദിലായിരിക്കെ അര്‍റാജ്ഹി ബാങ്കിലെ ജോലി ഒഴിവാകുകയും ബിസിനസ് രംഗത്ത് ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ബിസിനസ് പൂര്‍ണമായും പരാജയപ്പെടുകയും മറ്റു ചില ഇടപാടുകളില്‍ താന്‍ വിശ്വസിച്ച ചിലര്‍ തന്നെ വഞ്ചിക്കുകയും ചെയ്തതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് എടുത്തെറിയപ്പെടുകയുണ്ടായി. ആ സമയത്ത് ഞാന്‍ നിരന്തരം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. ആ വലിയ പ്രതിസന്ധി ഘട്ടത്തില്‍ അല്‍പം പോലും തളര്‍ന്നുപോകാതെ അല്ലാഹുവില്‍ ഭരമേല്‍പിച്ചും ശുഭപ്രതീക്ഷ പുലര്‍ത്തിയും ആ ഘട്ടത്തെ തരണം ചെയ്യാന്‍ അദ്ദേഹം കാണിച്ച ഈമാനും ധൈര്യവും ഉയര്‍ന്ന ധാര്‍മിക ബോധവും മാതൃകാപരമായിരുന്നു. ആ പരീക്ഷണഘട്ടം മുന്നോട്ടു കുതിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് നല്‍കി.
തന്റെ ഭാര്യയെയും മക്കളെയും ഇസ്ലാമിക പ്രവര്‍ത്തകരായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും പ്രവര്‍ത്തനരംഗത്ത് സജീവമാണ്. അനുസ്മരണ യോഗത്തില്‍ മകള്‍ ശമീമ പറഞ്ഞു: ''ഞങ്ങളുടെ ബാപ്പ ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയതും തര്‍ബിയത്ത് നല്‍കിയതും തീന്മേശയിലാണ്. ഞങ്ങള്‍ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്നേ ഭക്ഷണം കഴിക്കാറുള്ളൂ, അപ്പോഴാണ് ബാപ്പ ഞങ്ങള്‍ക്ക് ഇസ്ലാമിക പാഠങ്ങള്‍ പറഞ്ഞുതരുന്നതും, പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചു തരുന്നതും. ഞങ്ങള്‍ മക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ തീന്മേശയിലെ ഒത്തുചേരലുകള്‍ക്ക് വലിയ പങ്കുണ്ട്''.
ആദര്‍ശാധിഷ്ഠിത ജീവിതത്തിന് സ്വയം സാക്ഷിയാവാന്‍ ശ്രമിച്ചുകൊണ്ട് ഒരു മനുഷ്യായുസ്സില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തുതീര്‍ത്താണ് അസീസ് സാഹിബ് ഈ ലോകത്തോട് വിടവാങ്ങിയത്. അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ സന്നദ്ധരാവേണ്ടതുണ്ട്. അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകള്‍ പൊറുത്തുകൊടുക്കുമാറാകട്ടെ. നന്മകള്‍ സ്വീകരിക്കുകയും മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ -ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി