Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

താലിബാന്‍ അവസരം പാഴാക്കുമോ?

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടനെയും ഇരുപതാം നൂറ്റാണ്ടില്‍ സോവിയറ്റ് യൂനിയനെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയെയും അഫ്ഗാന്‍ ജനത തങ്ങളുടെ നാട്ടില്‍നിന്ന് കെട്ടുകെട്ടിച്ചു. ഈ ഓരോ നൂറ്റാണ്ടിലെയും ഏറ്റവും ശക്തമായ അധിനിവേശ ശക്തിക്കെതിരെയായിരുന്നു ഈ ചരിത്ര വിജയങ്ങള്‍. വികസനത്തിന്റെ എല്ലാ മേഖലകളിലും വളരെ പിന്നാക്കമായ ഈ ജനതയുടെ ചെറുത്തുനില്‍പ്പിന് സമീപകാല ചരിത്രത്തില്‍ അധികം സമാനതകളില്ല. പക്ഷേ ഈ വിജയങ്ങള്‍ക്കെല്ലാം ഒരു മറുവശമുണ്ട്. സാമ്രാജ്യത്വശക്തികളെ ആട്ടിപ്പുറത്താക്കാന്‍ കാണിച്ച ഊക്കും വീറുമൊക്കെ വിമോചിതരായ ശേഷം അവര്‍ വിനിയോഗിച്ചത് ദേശീയ ഐക്യത്തിന് അടിത്തറയിട്ട് ഭദ്രമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനായിരുന്നില്ല. വംശ-ഗോത്ര-പ്രാദേശിക വൈജാത്യങ്ങളുടെ പേരില്‍ വേര്‍തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടി സര്‍വത്ര അരാജകത്വം വിതക്കാനായിരുന്നു. അതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് സോവിയറ്റ് പട പിന്തിരിഞ്ഞോടിയ ശേഷം തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ വിവിധ അഫ്ഗാന്‍ പോരാളി ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടം. ആഭ്യന്തര കലാപത്തിന്റെ ആളിക്കത്തലില്‍ സര്‍വതും എരിഞ്ഞമര്‍ന്നപ്പോള്‍ അതില്‍നിന്ന് ഉയിരെടുത്തതാണല്ലോ താലിബാന്‍ പ്രതിഭാസം.
ഇരുപതു വര്‍ഷം മുമ്പ് അമേരിക്കന്‍ അധിനിവേശ സേന അധികാരത്തില്‍നിന്ന് പുറത്താക്കിയ താലിബാന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതിലുള്ള വേവലാതികളിലും വിഹ്വലതകളിലുമാണല്ലോ ഇന്ന് ലോകം. അതൊക്കെ തീര്‍ത്തും ന്യായമാണു താനും. 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണത്തിന്റെ തുടര്‍ച്ചയാണ് ഇനിയുമുണ്ടാകുന്നതെങ്കില്‍ അതൊരു ദുരന്തമായിരിക്കുമെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല സംശയം. ഇതെഴുതുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭസൂചകമല്ല. എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇടിച്ചു കയറിയ ജനക്കൂട്ടത്തില്‍നിന്ന് ചിലര്‍ ടേക്ക് ഓഫ് ചെയ്യാനിരിക്കുന്ന വിമാനത്തിനു മുകളില്‍ കയറിപ്പറ്റിയതും അത് പറന്നു തുടങ്ങിയപ്പോള്‍ അവര്‍ താഴേക്ക് വീഴുന്നതുമായ കാഴ്ച അത്യന്തം നടുക്കമുളവാക്കുന്നതാണ്. ആ ജനത എത്രയധികം ഭീതിയിലാണ് കഴിയുന്നത് എന്നതിന് മറ്റൊരു സാക്ഷ്യവും ആവശ്യമില്ല. അതേസമയം കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി താലിബാന്‍ വക്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ചേര്‍ത്തു വായിച്ചാല്‍ മുന്‍കാലങ്ങളില്‍ അവര്‍ സ്വീകരിച്ച പല നിലപാടുകളും അവര്‍ തിരുത്തുമെന്ന സൂചനയാണ്  ലഭിക്കുന്നത്. അമേരിക്കന്‍ അധിനിവേശത്തെ സായുധമായാണ് നേരിടേണ്ടത് എന്നു ഉറച്ച് വിശ്വസിക്കുമ്പോള്‍ തന്നെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്‍ പ്രതിനിധികള്‍ അമേരിക്കയുമായി നേരിട്ട് മാരത്തോണ്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത് തങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാന്‍ വേണ്ടിയാണെന്നും കരുതപ്പെടുന്നു. സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അധികാരം പഷ്തൂണ്‍ വംശീയ വിഭാഗത്തില്‍ കേന്ദ്രീകരിക്കില്ലെന്നും താജികി, ഉസ്‌ബെകി പോലുള്ള ഇതര വംശീയ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കുമെന്നുമുള്ള ഉറപ്പുകള്‍ പാലിക്കപ്പെടുമോ എന്ന് കണ്ടു തന്നെ അറിയണം. ആ ഉറപ്പുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം താലിബാന്‍ വിശ്വസിക്കുന്ന ആശയാടിത്തറകളില്‍ അവര്‍ എന്തെങ്കിലും പുനര്‍വിചിന്തനങ്ങള്‍ നടത്തിയതായി അറിയില്ല. അവര്‍ ഇനിയും പ്രമാണങ്ങളുടെ അക്ഷര വായനയില്‍ തന്നെയാണ് അഭിരമിക്കുന്നതെങ്കില്‍ മുന്‍ താലിബാന്‍ ഭരണത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.
താലിബാനെക്കുറിച്ച ബഹളങ്ങളില്‍ വിസ്മരിക്കപ്പെടുന്ന ചില വസ്തുതകളുണ്ട്. അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും പണവും ആയുധവും കൊടുത്ത് താങ്ങി നിര്‍ത്തിയ ഹാമിദ് കര്‍സായി മുതല്‍ അശ്‌റഫ് ഗനി വരെയുള്ളവര്‍ നേതൃത്വം നല്‍കിയ പാവ സര്‍ക്കാറുകളുടെ ദുര്‍ഭരണമാണത്. അഴിമതിയും ധൂര്‍ത്തും അക്ഷരാര്‍ഥത്തില്‍ കൊടികുത്തി വാണു. നാല് വണ്ടി നിറയെ പണച്ചാക്കുകളുമായാണ് പ്രസിഡന്റ് അശ്‌റഫ് ഗനി ഒളിച്ചോടിയതെന്ന വാര്‍ത്ത ഇതോടു ചേര്‍ത്തു വായിക്കാം. വിവാഹപ്പാര്‍ട്ടികള്‍ക്കു നേരെ വരെ അമേരിക്ക നിരന്തരം നടത്തിയ ഡ്രോണാക്രമണങ്ങളിലും ഈ ഭരണകൂടം പങ്കാളിയാണ്. ഈ പാവ ഭരണകൂടത്തെ ജനം അത്രയധികം വെറുത്തുകഴിഞ്ഞതാണ് താലിബാന്റെ പാത എളുപ്പമാക്കിയത്. പൊതുജനം മാത്രമല്ല അഫ്ഗാന്‍ സൈനികരും പോലീസും ബ്യൂറോക്രാറ്റുകളും വരെ പലയിടത്തും താലിബാനോടൊപ്പം ചേര്‍ന്നു. അത്യാധുനിക ആയുധങ്ങള്‍ സ്വന്തമായുള്ള, അമേരിക്കന്‍ സൈന്യത്തിന്റെ മികച്ച പരിശീലനം ലഭിച്ച കാബൂളിലെ അഫ്ഗാന്‍ സൈന്യം അശ്‌റഫ് ഗനിക്കു വേണ്ടി ഒരു വെടി പോലുമുതിര്‍ത്തില്ല. കാബൂളിലെ ഭരണമാറ്റം മേഖലയിലെ ഭൗമരാഷ്ട്രീയത്തെയും ശാക്തിക സമവാക്യങ്ങളെയും എങ്ങനെയൊക്കെ ബാധിക്കും എന്ന് അന്വേഷിക്കുന്ന രണ്ട് പഠനങ്ങള്‍ ഈ ലക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഏതായാലും തെറ്റുകള്‍ തിരുത്താനും പുനരാലോചനകള്‍ നടത്താനും എല്ലാ വിഭാഗങ്ങളെയും കൂട്ടിപ്പിടിച്ച് മികച്ച ഭരണം കാഴ്ചവെക്കാനുമുള്ള നല്ലൊരു അവസരമാണ് താലിബാന് കൈവന്നിരിക്കുന്നത്. അവരത് എങ്ങനെ ഉപയോഗിക്കുമെന്ന് കാത്തിരുന്നു കാണാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി