Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

കെ.കെ അബ്ദുല്ല മൗലവി പരിമളം പരത്തിയ ഗുരുവര്യന്‍

പാണ്ഡിത്യത്തിന്റെ സൗമ്യഭാവവും വിനയത്തിന്റെ ആള്‍രൂപവുമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് അന്തരിച്ച മങ്കട, കൂട്ടില്‍ പ്രാദേശിക ജമാഅത്തിലെ കെ.കെ അബ്ദുല്ല മൗലവി. താന്‍ ധരിച്ചിരുന്ന തൂവെള്ളവസ്ത്രം പോലെ ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ലാളിത്യവും നിഷ്‌കളങ്കതയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. ശൈഖ് എന്ന് ആദരപൂര്‍വം നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ അഭിസംബോധന ചെയ്തു. നല്ലതു മാത്രം പറയുകയും നല്ലതു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത് അറുപത്തിരണ്ടാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ തന്റെ ശിഷ്യന്മാരിലും സഹപ്രവര്‍ത്തകരിലും അദ്ദേഹം ബാക്കിവെച്ചത് പരിമളം പരത്തുന്ന ഓര്‍മകള്‍ മാത്രം.
കാസര്‍കോട് ആലിയ അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കി, രിയാദ് കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അബ്ദുല്ല മൗലവി ആലിയ, ശാന്തപുരം, വാടാനപ്പള്ളി, തിരൂര്‍ക്കാട് കോളേജുകളില്‍ 37 വര്‍ഷം കുട്ടികളെ മതവിഷയങ്ങള്‍ പഠിപ്പിച്ചു. മുറബ്ബിയുടെ തലത്തിലേക്കുയര്‍ന്ന ഗുരുനാഥനായിരുന്നു അദ്ദേഹം. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ടായിരുന്നു. സംശയനിവാരണത്തിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളെ വ്യാഖ്യാനിക്കുമ്പോഴും വിശദീകരിക്കുമ്പോഴും അദ്ദേഹം അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തി.
പരമ്പരാഗത ശൈലിയില്‍ പ്രമാണങ്ങളെ പുരോഗമനപരമായി സമീപിച്ച ഉല്‍പതിഷ്ണുവായിരുന്നു അബ്ദുല്ല മൗലവി. പഠനാര്‍ഹവും ക്രിയാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍. ഖുര്‍ആനും ഹദീസും പണ്ഡിതോചിതമായി പ്രാസ്ഥാനിക വീക്ഷണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഖുര്‍ആനിക വചനങ്ങള്‍ വിശദീകരിച്ച് പ്രഭാത നമസ്‌കാരാനന്തരം അദ്ദേഹം പള്ളിയില്‍ ക്ലാസെടുക്കാറുണ്ടായിരുന്നു.
വിജ്ഞാനപ്രദവും ഭക്തിനിര്‍ഭരവുമായിരുന്നു അബ്ദുല്ല മൗലവിയുടെ ജുമുഅ ഖുത്വ്ബകള്‍. ദീര്‍ഘകാലം കൂട്ടില്‍ മസ്ജിദുല്‍ ഫലാഹിലെ ഖത്വീബായിരുന്നു അദ്ദേഹം. ആയുഷ്‌കാലം മുഴുവന്‍ കൂട്ടില്‍ മഹല്ല് ഖാദിയായിരുന്ന കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മുക്കാല്‍ നൂറ്റാണ്ട് മുമ്പേ മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിച്ച ഉല്‍പതിഷ്ണുവായിരുന്നു കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍. മോല്യാരുകാക്ക എന്നാണ് നാട്ടുകാര്‍ ആദരപൂര്‍വം അദ്ദേഹത്തെ വിളിച്ചിരുന്നത്. മതവിഷയങ്ങളിലെ അവസാന വാക്കായിരുന്നു നാട്ടുകാര്‍ക്ക് അദ്ദേഹം. മോല്യാരുകാക്കാന്റെ പുത്രന്‍ എന്ന നിലയില്‍ അബ്ദുല്ല മൗലവിക്ക് നാട്ടുകാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. നിഷ്‌കളങ്കനും സദ്‌വൃത്തനുമായ അദ്ദേഹത്തെ നാട്ടുകാര്‍ പ്രത്യേകം സ്‌നേഹിച്ചിരുന്നു.
വൈജ്ഞാനിക രംഗത്തു മാത്രമല്ല, കര്‍മരംഗത്തും അബ്ദുല്ല മൗലവി നിറഞ്ഞുനിന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന മൗലവി ഒന്നര പതിറ്റാണ്ട് കാലം പ്രസ്ഥാനത്തിന്റെ പ്രാദേശിക അമീറായിരുന്നു. ഏരിയാ തലത്തിലും അദ്ദേഹം നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചു; ചെറുതും വലുതുമായ എല്ലാ പ്രാസ്ഥാനിക പരിപാടികളിലും പങ്കെടുത്തു; പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ എല്ലാ വേദികളിലും ഉയര്‍ത്തിപ്പിടിച്ചു. അതീവ ലളിതമായിരുന്നു മൗലവിയുടെ ജീവിതം. ഭൗതിക കാമനകളൊന്നും അദ്ദേഹത്തെ ആവേശിച്ചില്ല. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അദ്ദേഹം ആരെയും നോവിച്ചില്ല; അവശേഷിപ്പിച്ചത് ദീപ്തമായ ഓര്‍മകള്‍ മാത്രം. അയല്‍വാസിയും ആത്മസുഹൃത്തുമായ എനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണ് സൂഫിയായ ആ ജ്ഞാനിയുടെ അല്‍പം നേരത്തേയുള്ള വിയോഗം; വിളക്ക് അണഞ്ഞപോലെ.
പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളുമാണ് മൗലവിയുടെ കുടുംബം. ഭാര്യ ജമാഅത്ത് അംഗം നജ്മ ടീച്ചര്‍. മക്കള്‍: അലീഫ്, അദീബ, അദീല. സഹോദരങ്ങള്‍: മുഹമ്മദ്, പരേതയായ ഫാത്വിമ. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍. മാതാവ്: പരേതയായ ഖദീജ.

ഡോ. കൂട്ടില്‍ മുഹമ്മദലി

 


മുഹമ്മദ് ശാഹീന്‍ കിഴിശ്ശേരി

അവിചാരിതമായി കടന്നുവരുന്ന മരണം പ്രിയപ്പെട്ടവരിലുണ്ടാക്കുന്ന വേദനയും പ്രയാസവും വിവരണാതീതമാണ്. കൊണ്ടോട്ടി ഏരിയയിലെ കിഴിശ്ശേരി തവനൂര്‍ കുന്നത്ത് വീട്ടില്‍ സ്വലാഹുദ്ദീന്‍ സാഹിബിന്റെ മകനും എസ്.ഐ.ഒ കിഴിശ്ശേരി യൂനിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് ശാഹീന്റെ അകാലചരമം കൊണ്ടോട്ടി ഏരിയയിലെ എസ്.ഐ.ഒ പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം ഹൃദയഭേദകമായിരുന്നു.
ജൂലൈ 29-ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് ഈ 19 വയസ്സുകാരന്‍  ഒട്ടേറെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അല്ലാഹുവിലേക്ക് മടങ്ങിയത്.
പഠനത്തിലും സ്‌പോര്‍ട്‌സിലും ഒരുപോലെ തിളങ്ങിനിന്ന ശാഹീന്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എസ്.ഐ.ഒയിലൂടെ വളര്‍ന്നുവരുന്ന യുവ നേതാവെന്ന നിലയില്‍ പ്രസ്ഥാനത്തിന്  മുതല്‍ക്കൂട്ടായിരുന്നു ശാഹീന്‍. പഠനവും പ്രസ്ഥാനവും സാമൂഹിക ബന്ധങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ശാഹീന്‍ കാണിച്ചിരുന്ന സൂക്ഷ്മത മാതൃകാപരമാണ്
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി, കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന സമിതിയംഗം അബ്ദുല്‍ ഹകീം നദ്‌വി, മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി, ജില്ലാ പ്രസിഡന്റ് ബാസിത് താനൂര്‍ തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.

എന്‍.കെ ബാസില്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി