Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

നേതൃത്വത്തിലേക്ക്  ആരാണ് വരേണ്ടത്?

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ഏറ്റവും കൂടുതല്‍ ദൈവഭക്തനും പാപമുക്തനുമായ വ്യക്തിയെയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കേണ്ടത്. ദീനില്‍ മഹത്വത്തിന്റെയും വലുപ്പത്തിന്റെയും മാനദണ്ഡം പണമോ സമ്പാദ്യമോ തറവാട്ടു മഹിമയോ അല്ല. ദൈവത്തെ കൂടുതല്‍ ഭയപ്പെടുന്നവനാണ്  ഏറ്റവും ശ്രേഷ്ഠന്‍. ഖുര്‍ആന്‍ പറയുന്നു: ''ജനങ്ങളേ, തീര്‍ച്ചയായും ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനാണ്. നിങ്ങളില്‍ ഏറ്റവും ദൈവഭക്തി പുലര്‍ത്തുന്നവനാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ആദരണീയന്‍'' (അല്‍ഹുജുറാത്ത് 13).
      പൂര്‍ണമായും ഒരു മത ബാധ്യതയാണ് നേതൃത്വത്തെ തെരഞ്ഞെടുക്കല്‍. ആ ഭാരിച്ച ചുമതല വഹിക്കാന്‍ പ്രാപ്തനും യോഗ്യനുമായ  വ്യക്തിയെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ്  ദൈവികമായ ആ അമാനത്ത് വിനിയോഗിക്കേണ്ടത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അമാനത്തുകള്‍ അതിന് അര്‍ഹരായവര്‍ക്ക് ഏല്‍പിച്ചു കൊടുക്കുണമെന്ന് അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു'' (അന്നിസാഅ് 58).
എല്ലാ അമാനത്തുകള്‍ക്കും ബാധകമായ  പൊതു തത്ത്വവും മാര്‍ഗനിര്‍ദേശവുമാണ് ഇതെങ്കിലും, തുടര്‍ വിവരണത്തില്‍നിന്ന് മനസ്സിലാകുന്നത് അത് ഇസ്‌ലാമിക സംഘത്തിന്റെ ഉത്തരവാദിത്ത നിര്‍വഹണത്തെ സംബന്ധിച്ചാണെന്നാണ്. യോഗ്യരായവരെ അതേല്‍പിക്കലാണ് അമാനത്ത് നിര്‍വഹണം. തന്റെ അടുപ്പക്കാരനാവുക, തന്റെ ഇംഗിതത്തിനു വഴങ്ങുന്നവനാവുക തുടങ്ങിയ  പ്രേരണകള്‍ അതില്‍ കലര്‍ത്തുന്നുവെങ്കില്‍ അത് വഞ്ചനയാകുന്നു. അത്തരം പ്രേരണകളില്‍നിന്ന് മുക്തരാകണം വിശ്വാസികള്‍.
       വിശ്വാസി ഒരു കൂട്ടായ്മയുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്നില്‍ അര്‍പ്പിതമായ കടമ പൂര്‍ണമായും നിറവേറ്റണമെന്ന അവബോധമാണ് ആദ്യമുണ്ടാവേണ്ടത്. പൂര്‍ണ വിശ്വസ്തതയോടെ, ഉത്തരവാദിത്തബോധത്തോടെ, കഠിനാധ്വാനം ചെയ്ത് ചുമതല വഹിക്കണം. നബി (സ) പറഞ്ഞു: 'മുസ്‌ലിംകളുടെ സംഘടിത പ്രവര്‍ത്തനങ്ങളുടെ ചുമതലയേറ്റെടുത്തിട്ട് അതില്‍ വഞ്ചന കാണിക്കുന്നയാള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു' (ബുഖാരി, മുസ്‌ലിം).
മറ്റൊരിക്കല്‍ നബി (സ) അരുള്‍ ചെയ്തു: 'മുസ്‌ലിംകളുടെ സാമൂഹിക ചുമതല ഏറ്റെടുത്ത ശേഷം അക്കാര്യം ഭംഗിയായി നിര്‍വഹിക്കാതിരിക്കുകയും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന ശ്രമം പോലും ഇക്കാര്യത്തില്‍ നടത്താതിരിക്കുകയും ചെയ്യുന്നയാളെ അല്ലാഹു നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നതാണ്' (ത്വബറാനി).
     തുറന്ന ഹൃദയത്തോടെ അനുയായികള്‍ പിന്തുണ നല്‍കണമെന്നുണ്ടോ, എങ്കില്‍ നേതാവ് അവരോട് വളരെ നിര്‍മലമായി, ആര്‍ദ്രതയോടെ, സഹനത്തോടെ, നീതിപൂര്‍വകമായി ഇടപഴകണം. ദീനിനു സേവനമര്‍പ്പിക്കുന്ന പ്രസ്തുത സംഘത്തില്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കപ്പെടാനും ഈ സ്വഭാവമാര്‍ജിക്കണം. നബി(സ)യെ പ്രശംസിച്ചു കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ കാരുണ്യമുള്ളതിനാലാണ് താങ്കള്‍ക്കവരോട് നിര്‍മല സ്വഭാവത്തില്‍ വര്‍ത്തിക്കാനാവുന്നത്. താങ്കള്‍ കഠിനഹൃദയനും പരുഷസ്വഭാവിയുമായിരുന്നെങ്കില്‍ താങ്കളുടെ ചുറ്റില്‍നിന്ന് അവര്‍ പിന്തിരിഞ്ഞുപോകുമായിരുന്നു'' (ആലുഇംറാന്‍ 159).
     ഇങ്ങനെ ആജ്ഞാപിക്കുകയും ചെയ്യുന്നു: ''താങ്കളെ പിന്‍പറ്റിയ വിശ്വാസികള്‍ക്കുവേണ്ടി താങ്കള്‍ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക'' (അശ്ശുഅറാഅ് 2 15).
      ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ ഉമര്‍(റ) പറഞ്ഞു: 'ജനങ്ങളേ, ഏഷണി പറയാതിരിക്കുക, ആത്മാര്‍ഥമായ നന്മ കാംക്ഷിക്കുക, നന്മയുടെ മാര്‍ഗത്തില്‍ ഞങ്ങളെ സഹായിക്കുക എന്നിവ നിങ്ങളുടെ കടമയാകുന്നു. ഭരണച്ചുമതലയുള്ളവരേ, നേതാവിന്റെ ക്ഷമയേക്കാളും നിര്‍മല പ്രകൃതത്തേക്കാളും ഉപകാരപ്രദവും അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതുമായ മറ്റൊരു സഹനവുമില്ല. നേതാവിന്റെ അജ്ഞത, വൈകാരിക ക്ഷോഭം, മുന്‍ പിന്‍ ആലോചനയില്ലാത്ത പ്രവൃത്തി എന്നിവയേക്കാള്‍ കൂടുതല്‍ നഷ്ടകാരിയായ മറ്റൊരു കാര്യവുമില്ല. നമ്മുടെയടുത്ത് ഏറ്റവും അനിഷ്ടകരവും കുത്സിതവുമത്രെ ആ പ്രവൃത്തി.'
        ഓരോ അനുയായിയുടെയും പ്രാധാന്യം നേതാവ് തിരിച്ചറിയണം. അവരുടെ വികാരത്തെ മാനിക്കണം. അത്യാവശ്യങ്ങളെ കണ്ടറിയണം. അവരുടെ ഏറ്റവും നല്ല ഗുണകാംക്ഷിയാണ് താനെന്ന് തന്റെ പെരുമാറ്റത്തിലൂടെ അവര്‍ക്ക് ബോധ്യമാവണം. മാലികുബ്‌നു ഹുവൈരിസ് (റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഞങ്ങള്‍ കുറച്ച് സമപ്രായക്കാരായ യുവാക്കള്‍ നബി(സ)യോടൊപ്പം താമസിക്കാന്‍ അദ്ദേഹത്തിന്റെ ചാരത്തെത്തി. ഇരുപത് രാത്രികള്‍ അവിടെ തങ്ങി. പ്രവാചകന്‍ അങ്ങേയറ്റം നിര്‍മല പ്രകൃതത്തിനുടമയും കാരുണ്യവാനുമാണെന്ന് അക്ഷരാര്‍ഥത്തില്‍ ബോധ്യപ്പെട്ടു. ഞങ്ങള്‍ക്ക് വീടിനെ പറ്റിയുള്ള ആലോചനകള്‍ ഉണ്ടാവുന്നുവെന്ന് കണ്ടപ്പോള്‍ വീട്ടില്‍ ആരെല്ലാമാണുള്ളതെന്ന് നബി അന്വേഷിച്ചു. വിശദീകരണം നല്‍കിയപ്പോള്‍ അദ്ദേഹം അരുളി: 'ശരി, നിങ്ങള്‍ വീടുകളിലേക്ക് മടങ്ങി അവര്‍ക്കൊപ്പം താമസിച്ച് നിങ്ങള്‍ പഠിച്ചവ അവര്‍ക്കും പഠിപ്പിച്ചു കൊടുക്കുക. അവരോട് നന്മയുപദേശിക്കുക. നമസ്‌ക്കാരം സമയാസമയം നിര്‍വഹിക്കുക. സമയമായാല്‍ ഒരാള്‍ ബാങ്കു വിളിക്കണം. അറിവ് കൂടുതലുള്ളയാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വേണം.'
അനുയായികളെ വിലമതിക്കുന്നവര്‍ യഥാര്‍ഥ മൂലധനം അവരാണെന്ന് തിരിച്ചറിഞ്ഞ്  അവര്‍ക്ക് പരിശീലനം നല്‍കണം. അവരെ ചേര്‍ത്തു നിര്‍ത്തണം.  ഖുര്‍ആന്‍ പറയുന്നു: ''തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി കാംക്ഷിച്ച് രാപ്പകല്‍ അവനോട് പ്രാര്‍ഥിക്കുന്നവര്‍ക്കൊപ്പം നീ നിന്റെ ആത്മാവിനെ ഉറപ്പിച്ചു നിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ'' (അല്‍കഹ്ഫ് 28).
         ശരീരവും മനസ്സും ധനവുമെല്ലാം  പ്രബോധന മാര്‍ഗത്തില്‍ സമര്‍പ്പിച്ചവരാണ്   ഇസ്‌ലാമിക സംഘടനയുടെ യഥാര്‍ഥ അനുയായികള്‍. അവരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ ആ ലക്ഷ്യനിര്‍വഹണത്തിനു വേണ്ടി സജ്ജരാക്കുന്നവരാണ് യഥാര്‍ഥ നേതാക്കള്‍. മുഴുവന്‍ സംഘടനാ പ്രവര്‍ത്തനങ്ങളും അനുയായികളോട് കൂടിയാലോചന നടത്തിയേ നിശ്ചയിക്കാവൂ. അവരുടെ ആത്മാര്‍ഥമായ അഭിപ്രായ പ്രകടനങ്ങള്‍ കേട്ടും അവ പ്രയോജനപ്പെടുത്തിയുമാവണം സംഘടനാ കാര്യത്തില്‍ അവരെ തല്‍പരരാക്കേണ്ടതും ചലിപ്പിക്കേണ്ടതും. വിശ്വാസികളുടെ ഗുണമായി ഖുര്‍ആന്‍ പറയുന്നു: ''അവര്‍ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കുന്നവരാകുന്നു'' (അശ്ശൂറാ 38).
'കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക'  (ആലുഇംറാന്‍ 159) എന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.
തുറന്ന മനസ്സോടെ, പരക്ഷേമ തല്‍പരതയോടെ ആവണം സംഘടനാ പ്രവൃത്തിയിലേര്‍പ്പെടുന്നത്. തനിക്കോ സ്വന്തം വീട്ടുകാര്‍ക്കോ  മുന്‍ഗണന നല്‍കാതിരിക്കുക. അനുയായികള്‍ സസന്തോഷം ത്യാഗസന്നദ്ധരായി രംഗത്തിറങ്ങണമെങ്കില്‍ പരക്ഷേമതല്‍പരതയില്‍ നേതാവ്  മാതൃക തീര്‍ക്കണം. ഒരിക്കല്‍ അബൂബക്ര്‍ (റ) ഉമറി(റ)നോട് പറഞ്ഞു: 'ഖത്ത്വാബിന്റെ പുത്രാ, ഞാന്‍ താങ്കളെ മുസ്‌ലിംകളുടെ നേതാവാക്കിയത് താങ്കള്‍ അവരോട് കരുണാര്‍ദ്രമായി പെരുമാറാനാണ്. നബി(സ)യോട് സഹവസിച്ചയാളാണ് താങ്കള്‍. നബി (സ) എങ്ങനെയാണ് സ്വന്തത്തേക്കാള്‍ നമുക്കും, അദ്ദേഹത്തിന്റെ വീട്ടുകാരേക്കാള്‍ നമ്മുടെ വീട്ടുകാര്‍ക്കും മുന്‍ഗണന നല്‍കിയതെന്ന് കണ്ടവരാണ് നാം. എത്രത്തോളമെന്നാല്‍ അദ്ദേഹം നമുക്ക് നല്‍കുന്നതില്‍നിന്ന് വല്ലതും ശേഷിച്ചാലേ നമുക്കത് നബിയുടെ വീട്ടുകാര്‍ക്ക് കൊടുത്തയക്കാന്‍ സാധിച്ചിരുന്നുള്ളൂ' (കിതാബുല്‍ ഖറാജ്). പക്ഷപാതിത്വത്തില്‍നിന്നും സങ്കുചിതത്വത്തില്‍നിന്നും നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണം. യസീദുബ്‌നു സുഫ്‌യാന്‍ (റ) പറയുന്നു: ശാമിലേക്കുള്ള സൈന്യത്തിന്റെ പടനായകനായി അബൂബക്ര്‍  (റ) എന്നെ നിയോഗിച്ചപ്പോള്‍ ഉപദേശിച്ചതിങ്ങനെ: 'യസീദ്! ഒരു ചുമതലയേല്‍പിക്കുമ്പോഴും താങ്കളുടെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും യാതൊരു മുന്‍ഗണനയും നല്‍കരുത്. താങ്കളുടെ കാര്യത്തില്‍ ഭയപ്പെടുകയും ആശങ്കിക്കുകയും ചെയ്യുന്ന കാര്യം അതു മാത്രമാണ്. നബി (സ) പറഞ്ഞിരിക്കുന്നു: മുസ്‌ലിംകളുടെ സാമൂഹിക  ഉത്തരവാദിത്തം ഏറ്റയാള്‍ കുടുംബ ബന്ധത്തിന്റെയോ സുഹൃദ് ബന്ധത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളെയും ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ കൊണ്ടുവരാന്‍ പാടില്ല.  യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കാതെ അല്ലാഹു അയാളെ നരകത്തിലിടുന്നതാണ്' (കിതാബുല്‍ ഖറാജ്).
സംഘടനാ വ്യവസ്ഥ ഉത്തരോത്തരം ഭദ്രമാക്കണം. അതില്‍ ഉദാസീനത പാടില്ല. അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നു: ''അവര്‍ അവരുടെ ചില ആവശ്യങ്ങള്‍ക്ക് താങ്കളോട് അനുമതി തേടിയാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുമതി നല്‍കുക. അവര്‍ക്കു വേണ്ടി അല്ലാഹുവോട് പാപമോചനം  തേടുകയും ചെയ്യുക'' (അന്നൂര്‍ 62). ഒരു ലക്ഷ്യത്തിനു വേണ്ടി ഒത്തുചേര്‍ന്നവരില്‍നിന്ന് ഒരു പ്രവര്‍ത്തകന്‍ അത്യാവശ്യ കാര്യത്തിന് അനുമതി തേടിയാല്‍,  സംഘടനാ ഘടനയുടെ പ്രാധാന്യം മുഖവില.ക്കെടുത്ത് വളരെ അത്യാവശ്യക്കാര്‍ക്കേ ഇളവു നല്‍കേണ്ടതുള്ളൂ. അതും ആവശ്യം അത്രയും പ്രധാനപ്പെട്ടതാണെങ്കില്‍ മാത്രം.  

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി