Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

നെക്രോപൊളിറ്റിക്‌സും  മാഞ്ഞു തേയുന്ന ജീവിതങ്ങളും

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

രാഷ്ട്രീയ അധികാരമുപയോഗിച്ച് ഒരു രാജ്യത്തുള്ള ജനങ്ങളെ കൊല്ലുകയോ അല്ലെങ്കില്‍ മൃതപ്രാണരായി ജീവിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്ന രാഷ്ട്രസങ്കല്‍പമാണ് നെക്രോപൊളിറ്റിക്‌സ് അഥവാ മൃത്യുരാഷ്ട്രീയം. ആഫ്രിക്കന്‍ ചിന്തകനായ അഷീല്‍ മെമ്‌ബെ (Achille Mbembe) ആണ് ഈ സങ്കല്‍പ്പനം മുന്നോട്ടു വെച്ചത്. ലോക സാമ്രാജ്യത്വ ശക്തികളിലും അതിനെ പിന്തുടരുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകളിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്നത് ഈ പ്രവണതയാണ്. അധിനിവേശ ഭീകര ശക്തികള്‍ നെക്രോപൊളിറ്റിക്‌സ് മുറുകെ പിടിച്ച് ലോകത്ത് കാണിച്ചുകൂട്ടിയ നരഹത്യകള്‍ക്ക് ഉദാഹരണമാണ് ഫലസ്ത്വീന്‍.
ഭൂമിയില്‍ ഒരു നരകമുണ്ടങ്കില്‍ അത് ഗസ്സയിലെ കുട്ടികളുടെ ജീവിതങ്ങളാണ് എന്നാണ് യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പ്രസ്താവിച്ചത്. ഗസ്സയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന നഗരങ്ങളിലെ താമസക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അതിഭീകരമാണ് എന്ന് ഈജിപ്ഷ്യന്‍ വംശജനായ യുവ കവി തമീം ബര്‍ഗൂസി 'ഇന്‍ ജറുസലം' എന്ന കവിതയില്‍ ധ്വനിപ്പിക്കുന്നുണ്ട്.
നെക്രോപൊളിറ്റിക്‌സ് അഥവാ മൃത്യുരാഷ്ട്രീയത്തിലൂടെ ആത്മാഭിമാനത്തോടെ മനുഷ്യരായി ജീവിക്കാനുള്ള അടിസ്ഥാന മൗലികാവകാശങ്ങളെയാണ് അധിനിവേശ ശക്തികള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ പ്രകടമായ രീതിശാസ്ത്രവും ഈ മൃത്യുരാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ക്ഷേമമോ പ്രജകളുടെ ആരോഗ്യമോ  അവരുടെ മുഖ്യ വിഷയങ്ങളല്ല. രാജ്യത്തുള്ള പ്രജകളെ തിരസ്‌കരിച്ച്  നിര്‍ബന്ധിത വാക്‌സിനേഷന്‍ സൗജന്യമായി നല്‍കാതെ മരണത്തിലേക്ക് തള്ളിവിടുന്ന നെക്രോപൊളിറ്റിക്‌സാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. നെക്രോപൊളിറ്റിക്‌സിന്റെ ഇര എല്ലായ്‌പ്പോഴും ദേശരാഷ്ട്രങ്ങള്‍ക്കകത്ത് അരികുവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ ആയിരിക്കും.
അമേരിക്കയില്‍ കോവിഡ് മൂലം മരണപ്പെട്ട അഞ്ചു ലക്ഷം പേരില്‍ അധികവും അരികുവല്‍ക്കരിക്കപ്പെട്ടവരായിരുന്നു. വെളുത്ത വര്‍ഗക്കാരേക്കാള്‍ മരണം കൂടുതല്‍ കറുത്ത വര്‍ഗക്കാരിലായിരുന്നുവെന്നും, പാരമ്പര്യ ജനവിഭാഗങ്ങളിലെ മരണം വെളുത്ത വര്‍ഗക്കാരേക്കാള്‍ ഇരട്ടിയായിരുന്നുവെന്നും അമേരിക്കന്‍ തത്ത്വചിന്തകയും കൊളംബിയന്‍ ലോ കോളേജ് പ്രഫസറുമായ കിംബര്‍ലെ  ക്രന്‍ഷോ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ ദുരന്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചവര്‍ ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളിവര്‍ഗ വിഭാഗങ്ങളായിരുന്നു എന്നതിലും ഒരു സംശയവുമില്ല. കൂടണയാന്‍ വേണ്ടി നൂറുകണക്കിന് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചവര്‍ തന്നെയാണ് കോവിഡ് മരണാനന്തരം ഉടപ്പിറപ്പുകളുടെയും ബന്ധുമിത്രാദികളുടെയും മൃതശരീരങ്ങള്‍   ഗംഗാനദിയില്‍ ഒഴുക്കാന്‍ വിധിക്കപ്പെട്ടവരും.
ആരോഗ്യമേഖലയിലെ നിസ്സംഗതയും നെക്രോപൊളിറ്റിക്‌സിന്റെ ഭാഗം തന്നെയാണ്.  ജനങ്ങളെ മരണത്തിന് മനപ്പൂര്‍വം വിട്ടുകൊടുക്കുകയാണ് ഭരണകൂടം. ഭരണകൂട താല്‍പര്യങ്ങള്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുമ്പോഴാണ് ഫാഷിസവും നാസിസവുമെല്ലാം ഉച്ചസ്ഥായിലെത്തുന്നത്. ലക്ഷദ്വീപ് നിവാസികളുടെ സൈ്വരജീവിതത്തിനു നേരെയുള്ള കടന്നാക്രമണമാണ് ഇതില്‍ ഒടുവിലത്തേത്. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 400 കിലോമീറ്റര്‍ അകലെയുള്ള 36 ദ്വീപസമൂഹങ്ങളില്‍ ജനവാസമുള്ള പത്ത് ദ്വീപുകളില്‍ സജീവ ജനവാസമുള്ള നാലു ദ്വീപുകളിലെ ജനങ്ങള്‍ വിയോജിപ്പിന്റെയും സമരത്തിന്റെയും പാതയിലാണ്. പ്രാദേശികമായ കുടിയൊഴിപ്പിക്കലും ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കലും ഭരണ സിരാകേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതയും ഭക്ഷണമെനു നിയന്ത്രണങ്ങളുമെല്ലാം സ്വതന്ത്രവും സമാധാനപരവുമായ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നു.  ഒരു പ്രദേശത്തെ ഫാഷിസ്റ്റ് ഭൂമികയാക്കാനും നെക്രോപൊളിറ്റിക്‌സ് പ്രയോഗത്തിലൂടെ അവിടത്തെ നിവാസികളെ അസ്പൃശ്യരാക്കാനും ഭരണകൂടം സ്വീകരിക്കുന്ന ചില പൊതു നടപടികളുണ്ട്.
ഫാഷിസത്തിന് പ്രധാനമായും രണ്ടു ഭാവമാണുണ്ടാവുക. ശത്രു അല്ലെങ്കില്‍ മിത്രം. ഭരണകൂടത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരെ മിത്രങ്ങളായും വിയോജിക്കുന്നവരെ ശത്രുക്കളായും കാണുക. മറ്റൊരു രീതി അവര്‍ സ്വീകരിക്കുകയില്ല. മതേതര ഇന്ത്യയില്‍ ഫാഷിസ്റ്റ്  രാഷ്ട്രനിര്‍മിതിക്കായി സ്വീകരിക്കുന്ന ഒരു തന്ത്രം,  ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു കാണിക്കുക എന്നതാണ്. അവര്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് ഭീഷണിയാണെന്നും രാജ്യത്തുള്ളവരെ മതംമാറ്റത്തിന് വിധേയരാക്കുമെന്നും ആയതിനാല്‍ ശത്രുവിനെതിരെ ഒരുമിച്ചു പോരാടണമെന്നും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കും. ലക്ഷദ്വീപ് നിവാസികള്‍ ദശാബ്ദങ്ങളായി സ്വീകരിച്ചുപോരുന്ന ജീവിതശൈലികള്‍ പഴഞ്ചനും അവികസിതവും മുരടിപ്പ് നിറഞ്ഞതുമാണെന്നും വരുത്തിത്തീര്‍ത്ത്, അതിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് വികസനവാഹകരായി ചമയുകയാണ്  ബി.ജെ.പി ഭരണകൂടങ്ങള്‍.
യഥാര്‍ഥത്തില്‍ വികസനം കണക്കാക്കുന്നത് ഒരു രാജ്യത്ത് എത്ര ബുള്ളറ്റ് ട്രെയ്‌നുകള്‍ ഓടുന്നുണ്ട്, എത്ര രാജ്യാന്തര എയര്‍പ്പോര്‍ട്ടുകളുണ്ട്, എത്ര ടൂറിസ്റ്റ് സ്റ്റാര്‍ ഹോട്ടലുകളുണ്ട് എന്നൊന്നും നോക്കിയല്ല. മറിച്ച്, തദ്ദേശീയരായ അടിസ്ഥാന വര്‍ഗ വിഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് എന്ത് മാറ്റമുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈയൊരു വികസനപ്രക്രിയയാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുന്നോട്ടുവെച്ചതും. വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ലക്ഷദ്വീപിനെ ഭീകരവാദ കേന്ദ്രമാവാന്‍ സാധ്യതയുള്ള പ്രദേശമാണന്ന ബാലിശവും അശാസ്ത്രീയവുമായ പ്രസ്താവനകളാണ് കേരളത്തിലെ ബി.ജെ.പി, ആര്‍.എസ്.എസ് പരിവാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പം ഗുണ്ടാ ആക്ടുകള്‍ അനിവാര്യമാണന്ന വാദകോലാഹങ്ങളും ചാനല്‍ ചര്‍ച്ചകളില്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.
ജര്‍മനിയില്‍ ഹിറ്റ്‌ലറിന്റെ നാഷ്‌നല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വെച്ചിരുന്നത് ദേശീയതയും സോഷ്യലിസവുമായിരുന്നു. എന്നാല്‍  ഒന്നാം ലോക യുദ്ധാനന്തരം വേഴ്‌സൈല്‍സ് ഉടമ്പടിയോടുകൂടി സഖ്യകക്ഷികളുടെ മുന്നില്‍ കീഴടങ്ങിയ ജര്‍മനി സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നപ്പോള്‍ രാജ്യത്തിന്റെ ശത്രുപക്ഷത്ത് ജൂതസമൂഹത്തെ അവരോധിക്കുകയും അവരെ ഉന്മൂലനം ചെയ്യേണ്ടത് രാജ്യസുരക്ഷക്കും രാജ്യപുരോഗതിക്കും അനിവാര്യമാണെന്ന വാദം മുന്നോട്ടു വെക്കുകയും ചെയ്തു. ഹിറ്റ്‌ലര്‍ അതില്‍ വിജയിക്കുകയുമാണ്  ചെയ്തത്. ശത്രുപാളയങ്ങള്‍ സൃഷ്ടിച്ച് ഭൂരിപക്ഷ ജനതയെ സ്വന്തം പാളയത്തിലെത്തിക്കുക എന്നുള്ളത് നെക്രോപൊളിറ്റിക്‌സിന്റെ തന്ത്രമാണ്.
ഭയം രൂപപ്പെടുന്നത് ഭാവിയെ കുറിച്ച ചിന്തകളില്‍നിന്നാണ്. കൊല്ലപ്പെടുമോ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമോ എന്ന ഭയം കലാപത്തേക്കാള്‍ മാരകമാണ്. 'കേഴുക പ്രിയ നാടേ' എന്ന പുസ്തകത്തിന്റെ രചയിതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ അഭിപ്രായപ്പെടുന്നത്, കലാപം ഒരു പ്രത്യേക പ്രദേശത്ത് രൂപപ്പെടുകയും ആ പ്രദേശത്തു തന്നെ സമയമെടുത്ത് അവസാനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും എന്നാണ്. മരണപ്പെടുമോ അല്ലെങ്കില്‍ വേട്ടയാടപ്പെടുമോ എന്ന ഭയമാകട്ടെ ആഗോള പ്രതിഭാസമായി നിലനില്‍ക്കുന്ന പ്രവണതയാണ്. ഭയം ജനിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തെ നിഷ്‌ക്രിയരാക്കുക എന്നത് നെക്രോപൊളിറ്റിക്‌സിന്റെ സ്വഭാവമാണ്. ലക്ഷദ്വീപ് നിവാസികളുടെ ഭക്ഷണമെനുവില്‍ കൈകടത്തി ബീഫ് നിരോധന നിയമങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടി ഭരണഘടനാ ലംഘനവും മനുഷ്യത്വവിരുദ്ധവുമാണ്. ബീഫ് കൈവശംവെച്ചു  എന്ന വ്യാജ അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പോലും ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ച് കൊലപ്പെടുത്തിയത് അസംഖ്യം സാധു മനുഷ്യരെയാണ് എന്ന വസ്തുത അറിയുന്നവര്‍ തന്നെയാണ് ദ്വീപ് വാസികള്‍.
യൂറോപ്പ് യൂറോപ്പുകാരുടേതും അറേബ്യ അറേബ്യന്‍ ജനതയുടേതും എന്നതുപോലെ ലക്ഷദ്വീപ് ദ്വീപുനിവാസികളുടേതാണ്. അവിടെയുള്ള പരിഷ്‌കാരങ്ങളും വികസന പ്രവൃത്തികളും ദേശനിവാസികളുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടിയുള്ളതായിരിക്കണം; സങ്കുചിത ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ചാവരുത്. ദേശത്തിനകത്തു നിന്നു തന്നെ വിദേശികളെ സൃഷ്ടിക്കുകയും ഭരണകൂട താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ ഭീകരവാദികളാക്കി വേട്ടയാടുകയും അവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഫാഷിസ്റ്റുകള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ പിന്തുണക്കുന്നവരെ വലിയ ദേശീയവാദികളായും അവതരിപ്പിക്കുന്നു. സങ്കുചിത ദേശീയത കൈവെടിഞ്ഞ്  മനുഷ്യനന്മയും മാനവിക കാഴ്ചപ്പാടും മുറുകെ പിടിക്കുമ്പോഴാണ് രാജ്യം സ്വസ്ഥപൂര്‍ണമായ ശാശ്വത വികസനം കൈവരിക്കുക എന്ന് ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി