Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

സത്യവിശ്വാസത്തിന്റെ രസതന്ത്രം

സമീര്‍ വടുതല

'ഈമാന്‍' കേവല വിവരങ്ങളല്ല; അവകാശവാദങ്ങളല്ല. വായിച്ചു തീര്‍ത്ത കൃതികളോ എഴുതിക്കൂട്ടിയ പ്രബന്ധങ്ങളോ അല്ല. 'ഈമാന്‍' മനഃപാഠമാക്കിയ മഹദ് വചനങ്ങളല്ല. വമ്പിച്ച പാതിരാ പ്രസംഗങ്ങളല്ല. 'ദാനം നല്‍കപ്പെടുന്ന' സനദുകളല്ല. വിശ്വാസ ഹൃദയങ്ങള്‍ 'നിശ്ചല വിജ്ഞാനങ്ങള്‍' ക്രമത്തിലടുക്കിവെച്ച അലമാരകളല്ല. വിശ്വാസത്തിന്റെ വിത്തുകള്‍ ചേമ്പിലയില്‍ വീണ വെള്ളത്തുള്ളികളല്ല... മറിച്ച്, ഈമാന്‍ ഹൃദയം കൊണ്ട് രുചിക്കുന്ന മധുരാനുഭൂതിയാണ്. വിശ്വാസജീവിതത്തെ സദാ ആലിംഗനം ചെയ്തു നില്‍ക്കുന്ന ദൈവിക പ്രചോദനങ്ങളുടെ അനുസ്യൂതമായ ഊര്‍ജപ്രവാഹമാണ്. മനസ്സില്‍ (ജീവിതത്തില്‍) രൂപപ്പെടുന്ന മരുഭൂമികളെ മലര്‍വാടികളാക്കി മാറ്റുന്ന അത്ഭുതകലയാണ്. മരിച്ച അക്ഷരങ്ങള്‍ക്കപ്പുറം, അറിവുകളെ തിരിച്ചറിവുകളാക്കിത്തീര്‍ക്കുന്ന ആന്തരിക (ആത്മീയ) സഞ്ചാരങ്ങളാണ്. തന്റെ പണ്ഡിത കിരീടങ്ങള്‍ നിസ്സാരമായി വലിച്ചെറിഞ്ഞ്, നിസാമിയാ സര്‍വകലാശാലയുടെ പടികളിറങ്ങാന്‍ ഇമാം ഗസ്സാലിയെ പ്രേരിപ്പിച്ചത് ഈ ആന്തരിക സഞ്ചാരങ്ങള്‍ക്കു വേണ്ടിയുള്ള അടങ്ങാത്ത കൊതിയായിരിക്കണം.
മറ്റൊരുവിധം പറഞ്ഞാല്‍ വിശ്വാസികള്‍ പാര്‍ക്കുന്ന സവിശേഷമായ ആവാസ വ്യവസ്ഥയാണ് വിശ്വാസം. പറവകള്‍ക്ക് ആകാശമെന്ന പോലെയും മത്സ്യങ്ങള്‍ക്ക് ജലമെന്ന പോലെയും അനുപേക്ഷ്യമാണത്. ഈ ആവാസവ്യവസ്ഥയുടെ അഭാവത്തില്‍, വിശ്വാസ ജീവിതം കരയിലേക്ക് പിടിച്ചിട്ട മത്സ്യം കണക്കെ ശ്വാസം നിലച്ചില്ലാതാകും. അതോടെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരങ്ങളവസാനിക്കും. ഇരുവരും ചെയ്യുന്ന കര്‍മങ്ങള്‍ കേവല ഭൗതികം മാത്രമായി അധഃപതിക്കും.

വിശ്വാസത്തിന്റെ ഉപമകള്‍
വിശുദ്ധ ഖുര്‍ആനില്‍ വന്ന വിശ്വാസവുമായി ബന്ധപ്പെട്ട വിശ്രുതമായ പല ഉദാഹരണങ്ങളിലൊന്ന് 'വിശിഷ്ട വൃക്ഷ'ത്തിന്റേതാണ് (ശജറത്തുന്‍ ത്വയ്യിബ). പടര്‍ന്നു പന്തലിച്ച് തണലേകിയും കാലഭേദങ്ങളില്ലാതെ ഫലമേകിയും ആഴങ്ങളിലേക്ക് വേരുകളാഴ്ത്തിയും ആകാശം മുട്ടെ അത് വളര്‍ന്നു നില്‍ക്കുന്നു (ഖുര്‍ആന്‍ 14: 24,25). വിശ്വാസത്തിന്റെയും വിശ്വാസ ജീവിതത്തിന്റെയും സമഗ്രതയെ ഇത്രമേല്‍ സുന്ദരമായി വെളിപ്പെടുത്തുന്ന മറ്റൊരാവിഷ്‌കാരമില്ല. 'ഉറപ്പുള്ള കയര്‍' (അല്‍ ഉര്‍വതുല്‍ വുസ്ഖാ) എന്നാണ് മറ്റൊരു പ്രയോഗം. അത് പൊട്ടിവീഴാത്തതും അറ്റുപോകാത്തതുമാണ് എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട് ഖുര്‍ആന്‍ (2:256). ജീവിതാകാശത്ത് നിരാശയുടെ കാര്‍മേഘങ്ങള്‍ കനക്കുമ്പോള്‍ പ്രത്യാശയുടെ പ്രഭാത കിരണങ്ങളായി ഈ വചനം വിശ്വാസിയെ ആശ്ലേഷിക്കുന്നു. വീണുപോയവനെ എഴുന്നേല്‍പിക്കുന്നു. അതുകൊണ്ടാവണം വിപ്ലകാരിയായ ജമാലുദ്ദീന്‍ അഫ്ഗാനി, തന്റെ പത്രത്തിന് പേരിടാന്‍ ഈ വാക്ക് തന്നെ തെരഞ്ഞെടുത്തത്. 
വേണമെങ്കില്‍ വിശ്വാസത്തെ നമുക്ക് മരത്തിന്റെ വേരിനോടുമുപമിക്കാം. എന്തെന്നാല്‍ ഈമാന്‍ വാടുന്ന പൂക്കളല്ല. ഒടിയുന്ന ചില്ലകളല്ല, കൊഴിഞ്ഞു വീഴുന്ന ഇലകളല്ല... ആഴങ്ങള്‍ തേടുന്ന വേരുപടലമാണ്. വേരുകള്‍ വൃക്ഷത്തെയെന്ന പോലെ, വിശ്വാസം ജീവിതത്തെ വളര്‍ത്തുന്നു. എണ്ണ വിളക്കിനെയെന്ന പോലെ ജീവിതത്തെ ജ്വലിപ്പിക്കുന്നു, ചുറ്റുപാടും പ്രകാശം പരത്തുന്നു. എന്നാല്‍, എണ്ണ കുറയുമ്പോള്‍ വിളക്ക് കരിന്തിരി കത്തും. എണ്ണ തീര്‍ന്നാലോ, വിളക്കണഞ്ഞുപോകും. ഇമാം റാസി നിരീക്ഷിച്ച പോലെ, വിശ്വാസം ദുര്‍ബലപ്പെട്ട ഹൃദയങ്ങള്‍ ഇളംകാറ്റില്‍ ഇളകിയാടുന്ന തൂവലുകള്‍ പോലെയാകും. അല്ലെങ്കില്‍ ചരടു പൊട്ടിയ പട്ടം കണക്കെ. അവിശ്വാസത്തിന്റെ ഏതെങ്കിലും ചതിച്ചതുപ്പുകളില്‍ മുഖം കുത്തി വീഴും.

വിശ്വാസത്തിന്റെ മനസ്സ്
'ഈമാന്‍ കാര്യങ്ങള്‍' ഒരു ഗണിതശാസ്ത്ര വിഷയമല്ല. അതിനാല്‍ അവയുടെ എണ്ണമെത്ര എന്ന ചോദ്യം ഈ ചര്‍ച്ചയില്‍ പ്രസക്തമാകുന്നില്ല. അതേ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ 'ഗുഹാവാസികളുടെ' (അസ്ഹാബുല്‍ കഹ്ഫ്) എണ്ണത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ പോലെ അനുചിതമായിത്തീരുന്നു. അതിനാല്‍ ഈമാന്‍ കാര്യങ്ങള്‍ ഖുര്‍ആനില്‍ അഞ്ചാണെന്നും ഹദീസില്‍ ആറാണെന്നും പള്ളിദര്‍സുകളില്‍ പഠിപ്പിക്കുന്ന 'മുതഫര്‍രിദി'ല്‍ പത്താണെന്നും തര്‍ക്കിച്ച് നേരം കളയരുത്. ചുരുക്കിയും വിസ്തരിച്ചും പറയുന്നതിന്റെ കലയാണതെന്ന് കണ്ടാല്‍ മതി. വിശ്വാസം എഴുപതില്‍പരം ശാഖകളാണെന്ന് വരുമ്പോള്‍, അവയെ ചില അക്കങ്ങളിലേക്ക് വെട്ടിച്ചുരുക്കരുതെന്ന് കൂടിയാണ് പാഠം. എന്നാല്‍, സത്യവിശ്വാസത്തിന്റെ മനഃശാസ്ത്രത്തില്‍ പ്രസക്തമായിത്തീരുന്ന ഒറ്റ നിലപാടേയുള്ളൂ; പ്രവാചകന്റെ നിശാ പ്രയാണ വാര്‍ത്ത കേട്ടപ്പോള്‍ അബൂബക്ര്‍ (റ) വ്യക്തമാക്കിയതാണത്: ''ദൈവദൂതന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യം... ഞാനതില്‍ വിശ്വസിക്കുന്നു...'' വിശ്വാസവീഥിയിലെ വെള്ളിനക്ഷത്രമായിരുന്ന അബൂബക്‌റിന്റെ വിശ്വാസ നിലപാടുകള്‍ അചഞ്ചലവും സംശയരഹിതവുമായിരുന്നു.

വിശ്വാസത്തിന്റെ അടിത്തറകള്‍
മൗലിക വിശ്വാസങ്ങളെ ദൈവം, ദൈവദൂതന്‍, ദൈവനീതി എന്നിങ്ങനെ മൂന്നായി സംഗ്രഹിക്കാം. അല്ലാഹു തന്നെയാണ് വിശ്വാസ ജീവിതത്തിന്റെ ഏറ്റവും വലിയ ആധാരമായിത്തീരുന്നത്. അത് ഹൃദയത്തിന്റെ സൗന്ദര്യവും ജീവിതത്തിന്റെ ചൈതന്യവും ലോകത്തിന്റെ വെളിച്ചവുമായിത്തീരുന്നു. പരീക്ഷണങ്ങളുടെ അഗ്നിനാളങ്ങളില്‍ അബ്രഹാം പ്രവാചകന്‍ അനുഭവിച്ച കുളിര് പോലെ, വിശ്വാസം മനശ്ശാന്തി പകരുന്നു. പ്രതിസന്ധികളുടെ കടലാഴങ്ങളില്‍ 'മോശെയുടെ വടി' പോലെ വഴികാട്ടുന്നു. ദൈവശിക്ഷയുടെ പ്രളയകാലങ്ങളില്‍, നോഹയുടെ കപ്പല്‍ പോലെ രക്ഷാകവചമൊരുക്കുന്നു. 'വിശ്വാസികള്‍ക്കായി അല്ലാഹു പ്രതിരോധിക്കുന്നു' (ഖുര്‍ആന്‍ 22:28).
വാസ്തവത്തില്‍ ദൈവചിന്ത ജന്മസഹജമാണ്. വെള്ളക്കടലാസില്‍ കറുത്ത മഷിയാലെന്ന പോലെ, അത് മനുഷ്യ പ്രകൃതിയില്‍ രേഖപ്പെട്ടു കിടക്കുന്നു. ദൈവനിഷേധി പോലും നിസ്സഹായതകളില്‍ 'ദൈവമേ' എന്നാണ് നിലവിളിക്കുന്നത്. നിരീശ്വരവാദിയുടെ ജന്മം എങ്ങനെയാണ് വിഡ്ഢിവേഷമായിത്തീരുന്നതെന്ന് അലി ത്വന്‍ത്വാവി ഉദാഹരിക്കുന്നുണ്ട്; 'നനഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്ന ഒരാള്‍ വെള്ളം അതില്‍നിന്ന് ഇറ്റിറ്റുവീഴുമ്പോഴും താന്‍ വെള്ളം തൊട്ടിട്ടില്ലെന്ന് ആണയിടുന്നതു പോലെ' ആണത്.
എന്നാല്‍ വിശ്വാസിയുടെ ജീവിതം ദൈവസാന്നിധ്യബോധത്താല്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നു. എമ്പാടും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച ഒരു പരീക്ഷാ ഹാളിലെന്ന പോലെ, ആ ജീവിതം ജാഗ്രത്തായിത്തീരുന്നു. 'ഈമാന്‍' സുഖദുഃഖങ്ങളുടെ വേലിയേറ്റങ്ങളില്‍ ജീവിതനൗക ഉലയാതെ തുഴയുന്ന പങ്കായമായിത്തീരുന്നു.
ദൈവദൂതന്മാരാണ് വിശ്വാസ ജീവിതത്തിന്റെ രണ്ടാമത്തെ അടിത്തറ. ഒരാള്‍ തനിക്കായി ദൈവനിയുക്തനായ വഴികാട്ടിയെ തിരിച്ചറിയുന്ന നിമിഷം, ജീവിതത്തിന്റെ വലിയ വഴിത്തിരിവിലേക്കെത്തുന്നു. ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തേക്കാള്‍ വിലപ്പെട്ടതായിത്തീരുന്നു. സല്‍മാനുല്‍ ഫാരിസിയുടെ അനുഭവത്തിലെന്ന പോലെ, വികാരനിര്‍ഭരമായിത്തീരുന്നു. ദീര്‍ഘദീര്‍ഘങ്ങളായ തന്റെ സത്യാന്വേഷണ സഞ്ചാരങ്ങള്‍ക്കൊടുവില്‍ മദീനയിലെത്തിയ സല്‍മാന്‍, 'ബഖീഇ'ല്‍ നില്‍ക്കുകയായിരുന്ന തിരുനബിയെ തിരിച്ചറിയുകയായിരുന്നു. ആ നിമിഷത്തിന്റെ ആഹ്ലാദപ്രകര്‍ഷത്തില്‍ അദ്ദേഹം തിരുമേനിയെ കെട്ടിപ്പുണരുകയും ചുംബിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ജീവിതാരംഭത്തിലെ നവജാത ശിശുവിന്റേതെന്ന പോലെ, ആ കരച്ചില്‍ സംഭവബഹുലമായ ഒരു സന്മാര്‍ഗജീവിതത്തിന് നാന്ദികുറിച്ചു. പ്രവാചക വിയോഗത്തിന്റെ നാളുകള്‍ പിന്നിട്ടിട്ടും അതീവ ദുഃഖിതയായി കാണപ്പെട്ട മദീനയിലെ ഒരു ഉമ്മയുടെ കഥയുണ്ട്. കാരണമാരാഞ്ഞ അബൂബക്‌റിനോട് അവര്‍ പറഞ്ഞത്, 'നബിയുടെ വഫാത്ത് സഹിക്കാം. എന്നാല്‍, നമുക്കിടയിലുണ്ടായിരുന്ന വെളിപാടിന്റെ പ്രവാഹം എന്നേക്കുമായി നിലച്ചത് സഹിക്കാനാവുന്നില്ല' എന്നായിരുന്നു. പ്രവാചകന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആകാശസന്ദേശങ്ങളുടെ അനര്‍ഘമായ ജീവിത മൂല്യത്തെ തിരിച്ചറിഞ്ഞ വിശ്വാസ ഹൃദയത്തിന്റെ തേങ്ങലായിരുന്നു അത്.
മരണാനന്തര ജീവിത വിശ്വാസമത്രെ വിശ്വാസജീവിതത്തിന്റെ മൂന്നാമത്തെ അടിസ്ഥാനം. ദൈവനീതി പൂര്‍ണതയില്‍ പുലരുന്ന ലോകം, ദൈവത്തിന്റെ വിധി മാത്രമല്ല, മനുഷ്യബുദ്ധിയുടെ വിധിയും നീതിബോധത്തിന്റെ കൊതിയും കൂടിയായിത്തീരുന്നു. 'ഒരു മരണാനന്തര ലോകം ഉണ്ടായിരുന്നെങ്കില്‍...' എന്ന് ബര്‍ട്രന്റ് റസ്സല്‍ അര്‍ധോക്തിയില്‍ നിര്‍ത്തിയത് ശ്രദ്ധേയമാണ്. നിരീശ്വരവാദത്തില്‍നിന്ന് അജ്ഞേയതാ വാദത്തിലേക്കാണ് മനുഷ്യസ്‌നേഹിയായ ആ ധിഷണ പിന്നീട് സഞ്ചരിച്ചത്.
ഇടവേളക്കു ശേഷം പ്രേക്ഷകന്‍ കാത്തിരിക്കുന്ന ക്ലൈമാക്‌സ് രംഗങ്ങളില്ലെങ്കില്‍ 'കഥ'യെങ്ങനെ പൂര്‍ത്തിയാകും? ഭൗതികാനുഭവങ്ങള്‍ നിരന്തരം കാണിക്കുന്ന 'അര്‍ധവിരാമ' പ്രകൃതത്തിന്റെ അര്‍ഥമെന്താണ്? മരണത്തിനപ്പുറം പൂര്‍ണ നീതിയുടെ വിചാരണാക്കോടതിയില്ലെങ്കില്‍, ഹാബീലിനും ഖാബീലിനുമിടയില്‍, നൂഹിനും പ്രമാണിമാര്‍ക്കുമിടയില്‍, ഇബ്‌റാഹീമിനും നംറൂദിനുമിടയില്‍, മൂസാക്കും ഫിര്‍ഔനുമിടയില്‍, ഈസാക്കും പൗരോഹിത്യത്തിനുമിടയില്‍, അന്ത്യദൂതനും അബൂജഹ്‌ലിനുമിടയില്‍ അഥവാ അവിരാമം തുടരുന്ന നന്മക്കും തിന്മക്കുമിടയില്‍ അന്തിമവിധി പറയുന്നതാരാണ്? എവിടെയാണ്? ഇഹലോകം, വിഡ്ഢി പറഞ്ഞ അസംബന്ധ കഥയായി കലാശിക്കുമെന്നോ? ചിന്തയുണര്‍ത്തുന്ന ഇത്തരം ചോദ്യങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ചത് പ്രവാചകന്മാരും സത്യവേദങ്ങളുമാണ്. ധിഷണയെ ബോധ്യപ്പെടുത്തുന്ന ന്യായസമര്‍ഥനങ്ങള്‍ക്കു ശേഷം, ഭാഷയിലെ ഉറപ്പിന്റെ ഉപകരണങ്ങള്‍ സുലഭമായി ഉപയോഗിച്ചുകൊണ്ട് ആധികാരികതയുടെ സ്വരത്തില്‍ ഖുര്‍ആന്‍ പറയുന്നു: ''...ഉറപ്പായും നിങ്ങള്‍ മരിക്കേണ്ടവരാണ്. പിന്നീട് പുനരുത്ഥാന നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകതന്നെ ചെയ്യും'' (ഖുര്‍ആന്‍ 23:15,16). ''അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും. അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുക തന്നെ ചെയ്യും'' (ഖുര്‍ആന്‍ 22:7).

വിശ്വാസത്തിന്റെ കരുത്ത്
ഈമാന്‍, ജീവിതത്തിലുടനീളം മാറ്റത്തിന്റെ കാറ്റായി വീശുന്നു. മാറ്റങ്ങള്‍ക്ക് വേണ്ട അപാരമായ ഇഛാശക്തി നല്‍കുന്നു. ആന്തരിക ശേഷിയുടെ അതിരു കാണാത്ത ആകാശവിശാലതകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഭാഷയില്‍ 'ഈമാന്‍ അതിശയങ്ങളെ നിര്‍മിക്കുന്നു' (സ്വനീഉല്‍ അജാഇബ്), പഴയ ഉമറിനെ പ ുതിയ ഉമറാക്കി മാറ്റുന്നു. കാലപ്പഴക്കത്താല്‍ ശിലാരൂപമാര്‍ന്ന ശീലങ്ങളെ പോലും പിഴുതെറിയുന്നു. മൂസാ നബിയുടെ 'മുഅ്ജിസത്തി'ന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച സാഹിറുകളെ ഓര്‍ക്കുന്നു. ദൈവികദൃഷ്ടാന്തം അവര്‍ പുറത്തെടുത്ത കൃത്രിമ നിര്‍മിതികളെ മുഴുവന്‍ വിഴുങ്ങിയപോലെ, ഈമാന്‍ അവരുടെ വിശ്വാസ ശീലങ്ങളെയും മനോഭാവങ്ങളെയും നിമിഷങ്ങള്‍ക്കകം മാറ്റിമറിച്ചു. അക്ഷരാര്‍ഥത്തില്‍ ഇന്ദ്രജാലത്തെ തോല്‍പിച്ച മഹേന്ദ്ര  ജാലം പോലെയായിരുന്നു ആ അനുഭവം.

ആ കെമിസ്ട്രി പ്രവര്‍ത്തിക്കുമ്പോള്‍
വിശ്വാസി ഇരട്ട പൗരത്വം കിട്ടിയവനെപ്പോലെയാണ്. അവന്‍ ഒരേസമയം രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നു. കാണുന്ന ലോക(ആലമുശ്ശഹാദ)ത്തിലെന്ന പോലെ, കാണാത്ത ലോകത്തിലും (ആലമുല്‍ ഗൈബ്) സുദൃഢമായി വിശ്വസിക്കുന്നു. മുആദുബ്‌നു ജബലിനെപ്പോലെ, നിത്യവും ഇഹലോകത്തിരുന്ന് 'പരലോക കാഴ്ചകള്‍' കാണുന്നു. സ്വന്തം തെറ്റുകള്‍ ന്യായീകരിക്കുന്നതിനു പകരം മാഇസുബ്‌നു മാലികിനെപ്പോലെ, ന്യായാസനങ്ങളില്‍നിന്ന് ശിക്ഷ ചോദിച്ചു വാങ്ങുന്നു. മനസ്സാക്ഷിയുടെ കോടതിയില്‍ സ്വന്തത്തെ നിരന്തരം വിചാരണ ചെയ്യുന്നു. 'ഇന്നിനേക്കാള്‍ നല്ല നാളെകള്‍' തേടിത്തേടി നേടിയെടുക്കുന്നു. മക്കാ വിജയനാളിലെ പ്രിയ നബിയെപ്പോലെ, ബദ്ധവൈരികള്‍ക്കു പോലും മാപ്പു നല്‍കുന്നു. അവിശ്വാസി 'ഏഴ് വയര്‍ നിറച്ച്' വിഭവങ്ങള്‍ ധൂര്‍ത്തടിക്കുമ്പോള്‍ വിശ്വാസി 'ഒരു വയര്‍ മാത്രം നിറച്ച്' ലളിത ജീവിതം നയിക്കുന്നു. 'ദാനം ധനത്തെ ചുരുക്കുകയില്ല' എന്നുറപ്പുള്ളതിനാല്‍ പട്ടിണിപ്പാവങ്ങളെ ഉദാരതയോടെ ഊട്ടുന്നു. 'അറുത്ത ആടിന്റെ തോളെല്ലൊഴികെ ബാക്കിയെല്ലാം ദാനം ചെയ്തു' എന്നറിയിച്ച ആഇശയോട് 'എടുത്തതല്ല, കൊടുത്തതാണ് ബാക്കിയാവുക' എന്ന് തിരുത്തിയ തിരുനബിയെ വിശ്വാസി അനുകരിക്കുന്നു. അനാഥബാലന്റെ അവകാശം അബൂജഹ്‌ലില്‍നിന്ന് വാങ്ങിക്കൊടുത്ത പ്രവാചകനെപ്പലെ, അവകാശം നിഷേധിക്കപ്പെട്ടവരെ മാറോടു ചേര്‍ക്കുന്നു. 'ജാഹിലിയ്യത്തിന്റെ ഇന്നലെകള്‍ക്ക് ഇന്നിന്റെ സുകൃതങ്ങള്‍ കൊണ്ട് ഞാന്‍ പ്രായശ്ചിത്തം ചെയ്യും' എന്ന് പ്രതിജ്ഞയെടുത്ത ഇക്‌രിമത്തുബ്‌നു അബീജഹ്‌ലിനെപ്പോലെ, നന്മയുടെ വഴികളില്‍ ആഞ്ഞു നടക്കുന്നു. 'എന്റെ മുടന്തുമായി ഞാന്‍ സ്വര്‍ഗത്തിലെത്തും' എന്ന് ശപഥം ചെയ്ത അംറുബ്‌നുല്‍ ജമൂഹിനെപ്പോലെ, തന്റെ കുറവുകളെ പോലും സാധ്യതകളാക്കി മാറ്റുന്നു. 'ഞങ്ങള്‍ക്ക് അല്ലാഹു മതിയായവനാ'ണെന്ന് ദൈവാര്‍പ്പണമന്ത്രം മുഴക്കി, നിറഞ്ഞൊഴുകുന്ന ടൈഗ്രീസിന്റെ ഓളപ്പരപ്പിലേക്ക് എടുത്തു ചാടുകയും ലക്ഷ്യം പ്രാപിക്കുകയും ചെയ്ത സഅ്ദുബ്‌നു അബീവഖാസിനെയും കൂട്ടരെയും പോലെ, പരീക്ഷണങ്ങളുടെ പാരാവാരങ്ങളെ വിശ്വാസത്തിന്റെ സാഹസിക നീക്കങ്ങളാല്‍ മുറിച്ചു കടക്കുന്നു. തന്റെ ദീനക്കിടക്കയിലെ 'ഞരക്കങ്ങള്‍' പോലും നാഥന്റെ അനുഗ്രഹങ്ങളോടുള്ള നന്ദികേടാകുമെന്ന് കരുതി നിയന്ത്രിച്ച ഇമാം അഹ്മദിനെപ്പോലെ ആത്മസംയമനത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. അനസുബ്‌നു നദ്‌റിനെപ്പോലെ, ധര്‍മസമരവീഥികളില്‍ ത്യാഗത്തിന്റെ വീരഗാഥകള്‍ രചിക്കുന്നു.
ഭീരുക്കള്‍ ഭയത്തിന്റെ ഒളിമാളങ്ങളിലേക്ക് ചേക്കേറുമ്പോള്‍ വിശ്വാസയൗവനങ്ങള്‍ നിര്‍ഭയത്വത്തിന്റെ പര്യായപദങ്ങളായി മാറുന്നു. ശഹീദ് സയ്യിദ് ഖുത്വ്ബ് കൈവിരലുകളുയര്‍ത്തി വിജയചിഹ്നം കാണിച്ചുകൊണ്ടാണ് ചെറുപുഞ്ചിരിയോടെ കൊലമരത്തിലേക്ക് നടന്നു പോയത്. പട്ടാളക്കോടതിയുടെ വധശിക്ഷാവിധി വന്നപ്പോള്‍, ജനനമരണങ്ങള്‍ തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും ഒരക്രമിയുടെ മുന്നിലും ജീവനു വേണ്ടി ദയായാചനം നടത്തില്ലെന്നും തീര്‍ത്തു പറഞ്ഞു സയ്യിദ് മൗദൂദി. ശരീരത്തിന്റെ ചലനശേഷി നഷ്ടമായിട്ടും രക്തസാക്ഷിയാകുവോളം ചക്രക്കസേരയിലിരുന്ന് ലോകത്തെ ചലിപ്പിച്ചു ശൈഖ് അഹ്മദ് യാസീന്‍. പരീക്ഷണങ്ങളുടെ വൈവിധ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയെ വേഷം മാറിയെത്തുന്ന അനുഗ്രഹങ്ങളായി കാണാന്‍ പഠിപ്പിച്ചു ഹസനുല്‍ ഹുദൈബി. തൊണ്ണൂറ് പിന്നിട്ട ഡോ. യൂസുഫുല്‍ ഖറദാവി ഇപ്പോഴും തന്റെ സന്ദര്‍ശകരോട് രക്തസാക്ഷ്യത്തിന് കൊതി പറയുന്നു. ഹാജിമാര്‍ മിനയിലെ ജംറകളില്‍ പ്രതീകങ്ങളെ കല്ലെറിയുമ്പോള്‍ ഗസ്സയുടെ തെരുവുകളില്‍ ഫലസ്ത്വീന്‍ ബാല്യങ്ങള്‍ പിശാചിനെ നേരിട്ട് കല്ലെറിയുന്നു. 'വിശ്വാസത്തിന്റെ കെമിസ്ട്രി' പ്രവര്‍ത്തിക്കുമ്പോള്‍ വിസ്മയങ്ങള്‍ക്ക് ലോകം വീണ്ടും സാക്ഷ്യം വഹിക്കുന്നു. പ്രവാചകന്റെ സമൂഹത്തിലെന്ന പോലെ ഇന്നും ഈമാന്‍ അതിശയങ്ങളെ നിര്‍മിക്കുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, 'വിശ്വാസത്തിന്റെ വിപ്ലവ'മാണ് പ്രവാചകന്‍ നയിച്ചത്. അധിനിവേശാസക്തിയാല്‍, ശവക്കൂനകള്‍ തീര്‍ത്ത ഭൗതിക വിപ്ലവങ്ങള്‍ക്ക് അതുമായി താരതമ്യങ്ങളില്ല. അറബിപ്പേരുള്ള ആള്‍ക്കൂട്ടമായിരുന്നില്ല പ്രവാചകന്‍ സൃഷ്ടിച്ച സമൂഹം. വിശ്വാസത്തിന്റെ കാര്‍മേഘങ്ങള്‍ മണ്ണിലും മനസ്സിലും മാറ്റത്തിന്റെ മഴയായി പെയ്തിറങ്ങുകയായിരുന്നു. സയ്യിദ് ഖുത്വ്ബ് നിരീക്ഷിച്ച പോലെ, 'ഈമാനിന്റെ ജീവിക്കുന്ന കുറേ ചിത്രങ്ങളാണ് മുഹമ്മദ് നബി കോറിയിട്ടത്. അദ്ദേഹം വിജയിച്ചത് ഇസ്‌ലാമിക ചിന്തയെ വ്യക്തികളാക്കി രൂപാന്തരപ്പെടുത്തിയപ്പോഴാണ്, അവരുടെ വിശ്വാസം കര്‍മമാക്കി മാറ്റിയെടുത്തപ്പോഴാണ്. ഒരു മുസ്വ്ഹഫില്‍നിന്നും അവിടുന്ന് ദശക്കണക്കിനും പിന്നെ ശതക്കണക്കിനും പിന്നെ ആയിരക്കണക്കിനും കോപ്പികളെടുത്തു. പക്ഷേ, കടലാസുകളില്‍ മഷി കൊണ്ട് പകര്‍പ്പെടുക്കുകയായിരുന്നില്ല. ഹൃദയത്തിന്റെ ഏടുകളില്‍ പ്രകാശം കൊണ്ട് കൊത്തിവെക്കുകയായിരുന്നു'. അതേ, 'അവരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസത്തെ എഴുതിവെക്കുകയായിരുന്നു' (ഖുര്‍ആന്‍ 58:22).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി