Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

വി.എം അലി അഹ്മദ് മാസ്റ്റര്‍

ഒ.എച്ച് ഉസ്മാന്‍, കാതിക്കോട്

കാതിക്കോട് ഹല്‍ഖയിലെ  സജീവ പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ജൂണ്‍ 15-ന് നമ്മെ വിട്ടുപിരിഞ്ഞ വി.എം അലി അഹ്മദ് മാസ്റ്റര്‍. പുതിയകാവ് മഹല്ലില്‍ ജനിച്ച അദ്ദേഹം പിന്നീട് സ്ഥിരതാമസം കാതിക്കോടിലേക്ക് മാറ്റി. സഹോദരങ്ങളുടെ പ്രേരണയാല്‍ കുറ്റ്യാടി ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ന്ന് നാലു വര്‍ഷം പഠിച്ചിരുന്നു. അറബി അധ്യാപക കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലം അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. കാതിക്കോട് ഹല്‍ഖയില്‍ ദീര്‍ഘകാലം നാസിമായും  സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. കാതിക്കോട് മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയായും സകാത്ത് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചു. കാതിക്കോട് അല്‍ അഖ്‌സ്വാ സ്‌കൂള്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അംഗമായിരുന്നു. പ്രബോധനം , ബോധനം  പ്രസിദ്ധീകരണങ്ങളുടെ ഏജന്റായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഹല്‍ഖയിലെ ദഅ്‌വാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന മാസ്റ്റര്‍ സഹോദര സമുദായങ്ങളിലെ വ്യക്തികളുമായി സൗഹൃദം നിലനിര്‍ത്തി. ഹൃദ്യവും സൂക്ഷ്മവുമായ സംഭാഷണം അനുവാചകരെ ആകര്‍ഷിക്കുംവിധമായിരുന്നു. ഇസ്‌ലാമിക ദര്‍ശനത്തെ ഖുര്‍ആന്റെ വെളിച്ചത്തില്‍ പക്വതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം നിരന്തരമായ വായനയും പഠനവും പതിവാക്കിയിരുന്നു.
മാതൃകാ ഇസ്‌ലാമിക കുടുംബമാണ് അദ്ദേഹത്തിന്റേത്. കാതിക്കോട് വനിതാ ഹല്‍ഖയുടെ നാസിമത്തായിരുന്ന മര്‍ഹും ജമീലയാണ് ഭാര്യ. മക്കള്‍ ഫരീദ, ഫസീല, ഫസല്‍ കാതിക്കോട്, അന്‍വര്‍ ഹുസൈന്‍, ശബീര്‍ ഹസന്‍, അമീന്‍ നൗഫല്‍. 
പെന്‍ഷനേഴ്‌സ് യൂനിയന്റെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു മരണം. 80 വയസ്സായിരുന്നു.

 

ഇ.പി അബ്ദുല്ല പുലാപ്പറ്റ

പുലാപ്പറ്റയില്‍ പ്രസ്ഥാന ചലനങ്ങള്‍ക്ക് അടിത്തറയിടാന്‍ പ്രയത്‌നിച്ച ആദ്യകാല പ്രവര്‍ത്തകരിലൊരാളും മസ്ജിദുല്‍ ഹുദായുടെ ആഭിമുഖ്യത്തിലുള്ള മഹല്ലിലെ തലമുതിര്‍ന്ന കാരണവരുമായിരുന്നു ഇ.പി അബ്ദുല്ല സാഹിബ് (ഔള മാഷ്).
ഈ പ്രദേശത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായിരുന്ന 1960-കളില്‍ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുക എന്നത് പ്രയാസമേറിയ ദൗത്യമായിരുന്നു. മര്‍ഹൂം കെ.പി മൂസ സാഹിബും ഇ.പിയും ഉള്‍പ്പെടുന്ന ഏതാനും യുവാക്കള്‍ അന്ന് ബീഡിക്കമ്പനികളിലൂടെ ആരംഭം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കാലക്രമേണ ഫലം ലഭിച്ചു തുടങ്ങുകയായിരുന്നു. ഇ.പി നാല്‍പതു വര്‍ഷത്തോളം പുലാപ്പറ്റ ഹല്‍ഖാ നാസിമായിരുന്നു. ദീര്‍ഘകാലം മസ്ജിദുല്‍ ഹുദായിലെ ഇമാമത്തും ആവശ്യം വരുമ്പോഴൊക്കെ ഖുത്വ്ബയും നിര്‍വഹിച്ച് അദ്ദേഹം സേവനനിരതനായി. പുലാപ്പറ്റയില്‍ മാത്രം അമ്പത്തിയഞ്ച് വര്‍ഷത്തോളം മദ്‌റസാ അധ്യാപനത്തിന് നേതൃത്വം നല്‍കിയ തലമുറകളുടെ ഗുരുനാഥനാണ് അദ്ദേഹം. പ്രസ്ഥാനത്തിനു കീഴില്‍ പതിറ്റാണ്ടുകളോളം നടന്ന പലിശരഹിത നിധിയുടെ നടത്തിപ്പുകാരനും ഇ.പിയായിരുന്നു.
വിനയം, ലാളിത്യം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവ ഇ.പിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. പ്രായത്തില്‍ എത്ര ചെറിയവരോടും വളരെ സ്‌നേഹത്തോടും വിനയത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. വിദ്യാഭ്യാസം നേടിയവര്‍ വളരെ കുറവായിരുന്ന കാലത്ത് അത്യാവശ്യം നല്ല മലയാളവും ഇംഗ്ലീഷുമൊക്കെ വശമുണ്ടായിരുന്ന ഇ.പി നാട്ടുകാര്‍ക്ക് ഒരേസമയം മാഷും ഉസ്താദുമായിരുന്നു. 
ഡയറി എഴുതുന്ന പതിവ് ഇല്ലായിരുന്നെങ്കിലും, ഓര്‍ക്കേണ്ട മുഴുവന്‍ കാര്യങ്ങളും കടലാസ് തുണ്ടുകളില്‍ എഴുതി സൂക്ഷിക്കുമായിരുന്നു. ആവശ്യം കഴിയുന്നതുവരെ ഈ കടലാസ് തുണ്ടുകള്‍ പോക്കറ്റില്‍നിന്ന് പോക്കറ്റിലേക്ക് മാറ്റി അദ്ദേഹം സൂക്ഷിച്ചുപോന്നു.
ഭൗതികമായി എന്തെങ്കിലും നേടണമെന്ന ചിന്ത ജീവിതാവസാനം വരെ ഇ.പിയെ അലട്ടിയിരുന്നില്ല. ആളുകള്‍ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ നെട്ടോട്ടമോടുന്ന കാലത്തും ഒരു വിരക്തനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. താന്‍ വളരെ പ്രയാസപ്പെടുമ്പോഴും, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പണിത ഓടിട്ട കൊച്ചു പുരയിലാണ് ജീവിതാന്ത്യം വരെ അദ്ദേഹം താമസിച്ചത്. 
വാടാനപ്പള്ളി മസ്ജിദുസ്സ്വഹാബ ഖത്വീബ് നാസിറുദ്ദീന്‍ ഉള്‍പ്പെടെ രണ്ട് ആണ്‍മക്കളും 4 പെണ്‍മക്കളുമാണ് ഇ.പിക്കുള്ളത്. മക്കള്‍ക്ക് ഉയര്‍ന്ന ദീനീ വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇ.പി മരിച്ച് മൂന്ന് ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയും മരണപ്പെട്ടു.

കെ.എം ഇബ്‌റാഹീം പുലാപ്പറ്റ


അലി ഹസന്‍ മാസ്റ്റര്‍

പുലാപ്പറ്റയിലെ അലി ഹസന്‍ മാസ്റ്റര്‍ ഓര്‍മയായി. കുട്ടികളെ ഏറെ സ്‌നേഹിച്ച അധ്യാപകനും മതസമുദായഭേദമന്യേ പരിചിത വൃത്തത്തിലുള്ള എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. പിതാവ് അപ്പക്കാടന്‍ മുഹമ്മദ് മൗലവി പുരോഗമന ആശയക്കാരനായ പണ്ഡിതനായിരുന്നതിനാല്‍, ചെറുപ്പം മുതല്‍ ഖുറാഫാത്തില്‍നിന്ന് മുക്തമായ കുടുംബാന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മണ്ണാര്‍ക്കാട്ടെ പ്രസിദ്ധമായ പള്ളി ദര്‍സില്‍ ചേര്‍ന്നു. ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ഫറോക്ക് റൗദത്തുല്‍ ഉലൂം എന്നിവിടങ്ങളിലായി ദീനീപഠനം പൂര്‍ത്തിയാക്കി. 
അറബി മുന്‍ഷി പരീക്ഷ  പാസ്സായി വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്തു. മുപ്പതു വര്‍ഷം തുടര്‍ച്ചയായി കോങ്ങാട്  ജി.യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു. വിദ്യാര്‍ഥികളെ കലാ-കായിക മേഖലകളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. 
വളരെ ചെറുപ്പത്തില്‍തന്നെ അലി ഹസന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പുലാപ്പറ്റ ഹല്‍ഖാ നാസിമായിരുന്നു. പുലാപ്പറ്റ മദ്‌റസയിലും തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 
സുഹൃത്തുക്കള്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ഇസ്‌ലാമിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്നതില്‍ സദാ ഉത്സുകനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളെ ഇസ്‌ലാമികമായി വളര്‍ത്തുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. അവസാന വര്‍ഷങ്ങളില്‍ ശ്രവണ ശക്തി തീരെ കുറഞ്ഞു പോയതിനാല്‍ പൊതുരംഗത്ത് ആഗ്രഹിച്ചത് പോലെ പ്രവര്‍ത്തിക്കാനാകാത്തതിലെ ദുഃഖം പ്രസ്ഥാന സുഹൃത്തുക്കളുമായി അദ്ദേഹം പങ്കു വെക്കുമായിരുന്നു.

 കെ.എം ഇബ്‌റാഹീം പുലാപ്പറ്റ


ഫസ്‌ലുദ്ദീന്‍ സുഗന്ധ

വെള്ള ഖദര്‍ വേഷവും പുഞ്ചിരിക്കുന്ന മുഖവുമായി പ്രസ്ഥാന പരിപാടികളിലും സ്‌ക്വാഡു പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഫസ്‌ലുദ്ദീന്‍ സുഗന്ധ. കോവിഡ് ബാധിച്ച് രണ്ടാം നാള്‍ അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഏരിയയില്‍ കൈതക്കാട് ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ സ്വദേശിയായിരുന്നു. ഈയുള്ളവന്റെ ബന്ധുവിനെ വിവാഹം കഴിച്ച് കുളത്തൂപ്പുഴയില്‍ സ്ഥിരതാമസമാക്കിയതാണ്. 15 വര്‍ഷത്തിലധികമായി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. നിഷ്‌കളങ്കനും നിസ്വാര്‍ഥനുമായ പ്രവര്‍ത്തകനായിരുന്നു. കൈതക്കാട് ഹല്‍ഖ രൂപീകരിച്ച ശേഷമുള്ള രണ്ടാമത്തെ നഷ്ടമാണ് ഫസ്‌ലുദ്ദീന്‍ സാഹിബിന്റെ വിയോഗത്തോടെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്.
സ്വന്തമായി ചെറുകിട തൊഴില്‍ സംരംഭം നടത്തിയിരുന്നു. സുഗന്ധ പല്‍പൊടി, പവര്‍ പെയിന്‍ ബാം, ഇറാനിയന്‍ പാല്‍ക്കായം എന്നിവ തയാര്‍ ചെയ്ത് വാനില്‍ കച്ചവടം ചെയ്തു വരികയായിരുന്നു. വ്യാപാരത്തിലെ ലാഭത്തേക്കാള്‍ തന്റെ ചില സുഹൃത്തുക്കളുടെ ഉപജീവന മാര്‍ഗം എന്ന നിലയിലാണ് പ്രസ്തുത സംരംഭം നടത്തിയിരുന്നത്. കച്ചവടത്തിലും ജീവിതത്തിലും പ്രസ്ഥാന നിലപാടുകള്‍ മുറുകെപ്പിടിച്ചു. സ്ഥലത്തുള്ളപ്പോള്‍ പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടാവും. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിച്ചു.  മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനും പ്രസ്ഥാനമാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാനും പ്രയത്‌നിച്ചു. മകന്‍ ഷമീര്‍ സോളിഡാരിറ്റിയിലും കൈതക്കാട് ഹല്‍ഖയിലും  പ്രവര്‍ത്തിക്കുന്നു.

എം.എം ഇല്‍യാസ് കുളത്തൂപ്പുഴ
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍