Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

ഹിജ്‌റ നല്‍കുന്ന  തിരിച്ചറിവുകള്‍

 പി.പി അബ്ദുര്‍റഹ്മാന്‍ െപരിങ്ങാടി

ഒരു ഹിജ്റ വര്‍ഷപ്പിറവിക്കു കൂടി (1443) നാം സാക്ഷികളായി. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്. നിത്യം പല നേരങ്ങളിലായി നിര്‍വഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കില്‍ നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠാനങ്ങള്‍ ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ്. നോമ്പ് ഒരു ഭൂപ്രദേശത്ത് സ്ഥിരം ഉഷ്ണകാലത്തും മറ്റൊരു പ്രദേശത്ത് സ്ഥിരം ശൈത്യകാലത്തും വരാതെ എല്ലാ പ്രദേശത്തും എല്ലാ കാലവും മാറിമാറി വരുന്നു. എല്ലാവരും എല്ലാം അനുഭവിക്കുന്ന സമഭാവനയാണ് ഈ കലണ്ടറിന്റെ പിന്നിലെ യുക്തി. ചന്ദ്രപ്പിറവിയെ ആസ്പദിച്ച് തീയതി നിര്‍ണയിക്കുന്ന ഹിജ്റാബ്ദ കലണ്ടറില്‍ സന്ധ്യയോടെയാണ് ദിവസം ആരംഭിക്കുന്നത്. ഖുര്‍ആനില്‍ ലൈല്‍, നഹാര്‍ (രാവ്, പകല്‍) എന്ന ക്രമത്തിലാണല്ലോ പ്രയോഗിച്ചിരിക്കുന്നത്. ഒരിടത്തു പോലും പകലും രാവും എന്ന പ്രയോഗമില്ല (മലയാളത്തില്‍ രാവും പകലുമെന്നോ രാപ്പകല്‍ എന്നോ ആണല്ലോ സാധാരണ പ്രയോഗം). ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്. ക്രിസ്താബ്ദ കലണ്ടറിനേക്കാള്‍ പതിനൊന്ന് നാള്‍ കുറവാണ് ഹിജ്റ കലണ്ടറിന് (ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് 33 വയസ്സായ ഒരാള്‍ക്ക് ഹിജ്റ കലണ്ടറനുസരിച്ച് 34 വയസ്സായിരിക്കും). 180 കോടി മുസ്ലിംകള്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും അവലംബിക്കുന്ന കലണ്ടറാണ് ഹിജ്റാബ്ദ കലണ്ടര്‍. ഇസ്ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്.
പല കാരണങ്ങളാല്‍ മനുഷ്യര്‍ ഭിന്നിച്ചെങ്കിലും പൊതുവായ പല ഘടകങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. ഏതു നാഗരികതയിലും ഏതു കാലത്തും ഏതു കലണ്ടറിലും ഒരാണ്ടില്‍ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയില്‍ ഏഴ് ദിനങ്ങളേ ഉള്ളൂ. ഇത്തരത്തില്‍ വേറെയും പല സമാനതകള്‍ കാണാം. ഈ ഏകീഭാവം മനുഷ്യര്‍ ഒരൊറ്റ സമുദായമാണെന്നും അവരുടെ സ്രഷ്ടാവ് ഏകനാണെന്നുമുള്ളതിനുള്ള ദൃഷ്ടാന്തം കൂടിയാണ്. ''വാനഭൂമികളുടെ സൃഷ്ടിദിനം മുതല്‍ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാണ്. അതാണ് ഋജുവായ ദീന്‍ (ദീനുല്‍ ഖയ്യിം). ആകയാല്‍ പ്രസ്തുത ചതുര്‍മാസങ്ങളില്‍ നിങ്ങള്‍ ആരോടും അതിക്രമം കാണിക്കാതിരിക്കുക'' (ഖുര്‍ആന്‍ 9:36).
ഈ സൂക്തത്തിലെ 'അദ്ദീനുല്‍ ഖയ്യിം' എന്ന പ്രയോഗം ഏറെ ചിന്തനീയമാണ്. 12:40;30:30;30:43;98:5 എന്നീ സൂക്തങ്ങളിലും ഇതേ പ്രയോഗമുണ്ട്. ആണ്ടില്‍ 12 മാസം എന്നത് ലോകം അംഗീകരിച്ച  സുസമ്മത യാഥാര്‍ഥ്യമാണെങ്കില്‍ സത്യശുദ്ധമായ ഏകദൈവ വിശ്വാസവും അങ്ങനെത്തന്നെ എന്നര്‍ഥം.
മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്ലാം കേവലം  ദര്‍ശനമോ ആശയമോ അല്ല. സമഗ്ര-സമ്പൂര്‍ണ ജീവിതപദ്ധതി കൂടിയാണ്. ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ദീനിനെ സമ്പൂര്‍ണാര്‍ഥത്തില്‍ സംസ്ഥാപിക്കുകയും ഒരു സുശിക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയും സവിശേഷമായ നാഗരികതക്കും ഭരണക്രമത്തിനും അടിത്തറയിടുകയും ചെയ്തു. നബിയുടെ വിയോഗാനന്തരം ഒരു ദശകത്തിനകം ഇസ്ലാമിക രാഷ്ട്രം വളരെ വിശാലമായി. ഉമറി(റ)ന്റെ കാലത്ത് തലസ്ഥാനത്തേക്ക് വരുന്ന കത്തുകളില്‍ പല തീയതികള്‍ രേഖപ്പെടുത്തിയതിനാല്‍  ആശയക്കുഴപ്പമുണ്ടാകുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍  സ്വന്തം ആദര്‍ശാടിസ്ഥാനത്തിലുള്ള ഒരു കാലക്രമം ഉണ്ടാക്കേണ്ടതുണ്ടെന്ന്  ഉമറിന് തോന്നി. തദടിസ്ഥാനത്തില്‍ കൂടിയാലോചന നടന്നു. കാലഗണന എപ്പോള്‍ മുതല്‍ ആരംഭിക്കണമെന്ന ചര്‍ച്ച വന്നു. ചിലര്‍ നബി(സ)യുടെ ജനനത്തെയും വേറെ ചിലര്‍ തിരുമേനിയുടെ വിയോഗത്തെയും തുടക്കമാക്കാമെന്ന് നിര്‍ദേശിച്ചു. ഉമറിന് ഈ നിര്‍ദേശങ്ങള്‍ സ്വീകാര്യമായില്ല. ഇസ്ലാം ശക്തിയായി വിലക്കുന്ന വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് ഇത് വഴിവെക്കുമെന്നായിരുന്നു ഉമറിന്റെ ആശങ്ക. നബി (സ) ഏറെ വെറുത്തതും ജാഗ്രത പുലര്‍ത്തിയതുമായ സംഗതിയാണിത്. നബി (സ) അരുളി: 'ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രന്‍ ഈസായെ വാഴ്ത്തിയതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനുമാണെന്ന് പറയുക' (ഹദീസ്).
ഈ വക കാര്യങ്ങള്‍ മറ്റാരേക്കാളും നന്നായി ദീര്‍ഘദര്‍ശനം ചെയ്തിരുന്ന ഉമര്‍ (റ) ഇസ്ലാമിന്റെ തനിമയും പ്രവാചകാധ്യാപനത്തിന്റെ സത്തയും കാത്തുസൂക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയതിനാലാണ് നബി(സ)യുടെ ജന്മമോ വിയോഗമോ കാലഗണനയുടെ പ്രാരംഭമാക്കാന്‍ വിസമ്മതിച്ചത്. പ്രവാചകന്‍ (സ) വിടവാങ്ങിയപ്പോള്‍, നബി(സ)യോടുള്ള അതിരറ്റ സ്നേഹത്താല്‍ ആ വസ്തുത ഉള്‍ക്കൊള്ളാനാവാതെ നബി (സ) മരിച്ചുവെന്ന് പറയുന്നവരുടെ തലകൊയ്യുമെന്നു വരെ ഒരു ഘട്ടത്തില്‍ പറഞ്ഞുപോയ ഉമര്‍ (റ) ബുദ്ധിപൂര്‍വം സ്വീകരിച്ച ഈ നിലപാട് പ്രവാചകകേശം (?) വെച്ച് ചൂഷണവും മോഷണവും കച്ചവടവും നടത്തുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്.
ചര്‍ച്ചക്കൊടുവില്‍ നബി(സ)യുടെ പിതൃവ്യപുത്രനും പുത്രീഭര്‍ത്താവും നാലാം ഖലീഫയുമായ അലി (റ) ഹിജ്റയെ അടയാളമാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഈ ആദര്‍ശ സമൂഹത്തിന്റെ ഒന്നാം തലമുറ ആദര്‍ശമാര്‍ഗത്തില്‍ വരിച്ച ഉജ്ജ്വല ത്യാഗത്തിന്റെ ആവേശകരമായ സ്മരണ ലോകാന്ത്യം വരെ നിലനിര്‍ത്തുകയും അങ്ങനെ അത് നിത്യ പ്രചോദനമായിത്തീരുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. പക്ഷേ ഇന്ന് ആ സദുദ്ദേശ്യം വേണ്ടുംവിധം നിറവേറ്റുന്നുണ്ടോ എന്ന് നാം ഗൗരവപൂര്‍വം ആത്മപരിശോധന നടത്തണം.
ഹിജ്റ ഒളിച്ചോട്ടമോ പലായനമോ അല്ല. അതൊരു മഹാത്യാഗമാണ്. ദേശസ്നേഹം വളരെ നല്ലതാണ്, വേണ്ടതുമാണ്. എന്നാല്‍ എല്ലാ സ്നേഹബന്ധങ്ങള്‍ക്കുമുപരിയാണ് അല്ലാഹുവിനോടുള്ള സ്നേഹം. അല്ലാഹുവിനു വേണ്ടി പ്രിയപ്പെട്ട പലതും നാം ത്യജിക്കും പോലെ അനിവാര്യ ഘട്ടത്തില്‍ ജന്മദേശത്തെയും ത്യജിക്കേണ്ടി വന്നേക്കും. ആരോടോ അല്ലെങ്കില്‍ എന്തിനോടോ ഉള്ള സ്നേഹത്തിന്റെ പേരില്‍ തിന്മകളോടും അക്രമങ്ങളോടും രാജിയാവുകയെന്നത് ധാര്‍മിക മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. ദേശസ്നേഹത്തെ മറയാക്കി വരേണ്യവര്‍ഗവും അധികാരിവര്‍ഗവും സകല കൊള്ളരുതായ്മകളെയും അനീതികളെയും താങ്ങിനിര്‍ത്തുന്ന പ്രവണത എക്കാലത്തും ഉണ്ടായിട്ടുണ്ട്, ഇന്നും അത്തരം പ്രവണതകള്‍ ഉണ്ട്. ഇതിനായി ദേശസ്നേഹത്തെ ദേശീയത (ചമശേീിമഹശാെ)യാക്കി മാറ്റുന്ന വേലയാണ് ഇക്കാലത്ത് നടക്കുന്നത്. ദേശീയതയെ വിഗ്രഹവല്‍ക്കരിച്ച് അനന്തരം ആ വിഗ്രഹത്തെ അങ്ങേയറ്റം മഹത്വവല്‍ക്കരിച്ച് ബഹുജനങ്ങളെ ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി മാറ്റുന്ന ഇക്കാലത്ത് ഹിജ്റയുടെ പൊരുള്‍ അതിന്റെ സകല വിശദാംശങ്ങളോടെയും നാം ഗ്രഹിക്കേണ്ടതുണ്ട്. ഖലീലുല്ലാഹി ഇബ്‌റാഹീം (അ) പുരോഹിതന്മാര്‍ നിര്‍മിച്ച കളിമണ്‍ വിഗ്രഹത്തെ, അതിന്റെ അര്‍ഥശൂന്യത തെര്യപ്പെടുത്താന്‍ തകര്‍ത്തതുപോലെ ദേശസ്നേഹത്തില്‍ പൊതിഞ്ഞ ഇത്തരം തീവ്ര ദേശീയതകളുടെ വിഗ്രഹങ്ങളെ ഇബ്റാഹീം നബിയുടെ പിന്മുറക്കാരനായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയും തകര്‍ത്തു. വിഗ്രഹപൂജയെ നഖശിഖാന്തം എതിര്‍ത്തു തോല്‍പിച്ചപോലെ ദേശീയത എന്ന വിഗ്രഹത്തെയും നബി (സ) വളരെ വിജയകരമായി മറികടന്നു.
സത്യപ്രബോധനത്തെ എതിര്‍ക്കാന്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുക, അതുവഴി പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുക, വിഷയത്തെ അതിന്റെ മര്‍മത്തില്‍നിന്നും തെറ്റിക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ സത്യനിഷേധികള്‍ പ്രയോഗിക്കാറുണ്ട്. പ്രബോധകന്മാര്‍ പ്രകോപിതരാവുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്നത് വളരെ മൗലികമായ നിലപാടാണ്. പ്രതിയോഗികളൊരുക്കുന്ന കെണികളില്‍ കുടുങ്ങി വഴിതെറ്റരുത്. അവരുടെ ലക്ഷ്യം മുഖ്യവിഷയത്തില്‍നിന്ന് ശ്രദ്ധതെറ്റിക്കുക എന്നതാണ്. അത് വിജയിക്കാന്‍ അനുവദിക്കരുത്. അങ്ങനെ വരുമ്പോള്‍ ശത്രുക്കളുടെ ഹീനമായ കുതന്ത്രങ്ങളില്‍നിന്ന് വിവേകപൂര്‍വം ഒഴിഞ്ഞുമാറുക എന്ന ഒരടവ് വേണ്ടിവരും. ഹിജ്റ ആ അര്‍ഥത്തിലുള്ള നല്ലൊരു അടവ് കൂടിയാണ്. എക്കാലത്തും ആവശ്യമായേക്കാവുന്ന ഒരടവാണിത്.
നിന്നേടത്തു തന്നെ നിന്ന് തിരിഞ്ഞുകളിക്കരുത്. പുതിയ മനുഷ്യരെ തേടണം, പുതിയ പ്രദേശങ്ങളെയും പുതിയ വൃത്തങ്ങളെയും തേടണം. ഞങ്ങള്‍ ദുര്‍ബലരായിരുന്നു, ന്യൂനപക്ഷമായിരുന്നു എന്നിത്യാദി ക്ഷമാപണ ന്യായങ്ങള്‍ ആദര്‍ശബോധമുള്ള ഒരാള്‍ക്ക് എക്കാലവും പറയാവുന്ന ഒന്നല്ല. ഒന്നുകില്‍ സാഹചര്യത്തെയും ചുറ്റുപാടുകളെയും മാറ്റിപ്പണിയാന്‍ പരമാവധി യത്നിക്കുക. അല്ലെങ്കില്‍ അനുകൂലമായ മെച്ചപ്പെട്ട മേച്ചില്‍പുറങ്ങള്‍ തേടി പറിച്ചുനടലിന് ത്യാഗപൂര്‍വം സന്നദ്ധനാവുക. ഈ വിഷയത്തില്‍ ബന്ധുമിത്രാദികള്‍, ദേശസ്നേഹം, പാരമ്പര്യം, സൗകര്യങ്ങള്‍ എന്നിവ പ്രതിബന്ധമാവരുത്. ഖുര്‍ആന്‍ 4: 97 സൂക്തം വിശകലനം ചെയ്താല്‍ ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. 
ഇബ്‌റാഹീം നബി, മൂസാ നബി ഉള്‍പ്പെടെ പല പ്രവാചകന്മാരും ഹിജ്റ പോയവരാണ്. മദീനയിലേക്കുള്ള ഹിജ്റക്കു മുമ്പ് നബിയുടെ അനുചരന്മാര്‍ അബ്സീനിയയിലേക്ക് ഹിജ്റ പോയിരുന്നു. നമ്മുടെ കലണ്ടറിനെ അടിസ്ഥാനമാക്കിയത് മക്കയില്‍നിന്ന് യസ്രിബിലേക്കുള്ള ഹിജ്റയാണ്. ഇത് നടന്നത് ക്രി.വ. 622 സെപ്റ്റംബര്‍ - റബീഉല്‍ അവ്വല്‍ 8-നാണ്.
ഇന്നും ഏതോ അര്‍ഥത്തിലുള്ള ഹിജ്‌റകള്‍ നടക്കുന്നുണ്ട്; നടക്കേണ്ടതുണ്ട്. മുഹാജിറുകള്‍ക്ക്  മദീനയില്‍ കിട്ടിയതു പോലുള്ള സഹായസഹകരണങ്ങള്‍ കിട്ടുന്നില്ലെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ് (ഹിജ്റത്തുന്‍ വലാ അന്‍സ്വാറ ലഹാ). ഹിജ്റത്തും നുസ്വ്‌റത്തും പരസ്പരപൂരകമായി ഭവിച്ചപ്പോഴാണ് അന്ന് മദീനയില്‍ ഒരു രാഷ്ട്രവും നാഗരികതയും പിറവികൊണ്ടത്.
സമ്പൂര്‍ണ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ച് നബി (സ) നടത്തിയ പ്രബോധനം ശത്രുക്കളെ നബിയെ വകവരുത്തി ഇസ്ലാമിനെ നിഷ്‌കാസനം ചെയ്യണമെന്ന തീവ്ര നിലപാടിലെത്തിച്ചു. യസ്രിബില്‍നിന്ന് വന്ന പ്രമുഖരുമായി നബി (സ) കരാറിലേര്‍പ്പെടുകയും അന്നാട്ടുകാര്‍ക്ക് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനായി മിസ്അബുബ്നു ഉമൈറി(റ)നെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിന് മദീനയില്‍ ക്രമേണ അനുയായികള്‍ വര്‍ധിക്കുകയും മദീന ഒരു കേന്ദ്രമാവുകയും ചെയ്തപ്പോള്‍ നബി (സ) തന്റെ അനുയായികള്‍ക്ക് അവിടേക്ക് ഹിജ്റ ചെയ്യാന്‍ അനുമതി നല്‍കി. ബഹുദൈവ വിശ്വാസികളുടെ നേതാക്കള്‍ ദാറുന്നദ്വയില്‍ ഒത്തുചേര്‍ന്ന് നബി(സ)യുടെ പ്രവര്‍ത്തനം തീര്‍ത്തും അവസാനിപ്പിക്കാന്‍ മക്കയിലെ സകല ഗോത്രങ്ങളിലുമുള്ള ശക്തരും സായുധരുമായ ഒരു സംഘം യുവാക്കള്‍ നബി(സ)യെ വധിക്കാനുള്ള രഹസ്യ തീരുമാനമെടുത്തു. ഈ വിവരം അല്ലാഹു നബി(സ)യെ അറിയിക്കുകയും മദീനയിലേക്ക് ഹിജ്റ പോകാന്‍ അനുമതി നല്‍കുകയും ചെയ്തു. ഹിജ്റക്കുള്ള ആസൂത്രണം അതീവ രഹസ്യമായി പ്രവാചകനും അനുയായികളും നടത്തി. നബി(സ)യുടെ സുദീര്‍ഘമായ ആസൂത്രണങ്ങളും തന്ത്രങ്ങളും മുന്നൊരുക്കങ്ങളും മുസ്ലിംകള്‍ക്ക് നിത്യപ്രസക്ത പാഠമാണ്. ചിന്താശൂന്യരായി പെട്ടെന്ന് എടുത്തുചാടി പ്രവര്‍ത്തിക്കരുതെന്നും ആസൂത്രിതമായും ഫലപ്രദമായും പ്രവര്‍ത്തിക്കണമെന്നും വിദഗ്ധ തന്ത്രങ്ങള്‍ മെനയണമെന്നും എന്നിട്ട് അല്ലാഹുവിന്റെ അപാരമായ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അല്ലാഹുവിനെ ഭരമേല്‍പ്പിക്കണമെന്നുള്ള സന്ദേശം സമുദായം ഉള്‍ക്കൊള്ളേണ്ട സുപ്രധാന പാഠമാണ്. നബി(സ)യെ അത്ഭുതകരമായ രീതിയില്‍ ഇസ്രാഅ്-മിഅ്റാജ് യാത്രക്ക് സന്നദ്ധനാക്കിയ അല്ലാഹുവിന് ക്ഷണനേരം കൊണ്ട് അത്ഭുത രീതിയില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സാധിക്കും. എന്നിട്ടും അല്ലാഹു നബി(സ)യെക്കൊണ്ട് ക്ലേശപൂര്‍വം ഹിജ്റ ചെയ്യിച്ചത് സമുദായത്തിന് മാതൃക നല്‍കാന്‍ തന്നെയാണ്. നബി(സ) യാത്രക്കു മുമ്പേ തന്റെ പക്കല്‍ ആളുകളേല്‍പ്പിച്ച സൂക്ഷിപ്പുമുതലുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ അലി(റ)യെ ചുമതലപ്പെടുത്തിയത് വാഗ്ദത്തപാലനം, വിശ്വസ്തത തുടങ്ങിയവക്കുള്ള മാതൃകയാണ്. വീടും സ്വത്തുക്കളും ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാകുമാറ് ഉപദ്രവിച്ചവരോട് കണക്കു തീര്‍ക്കാന്‍ വേണ്ടി അത് പിടിച്ചുവെക്കാമായിരുന്നു. നബി (സ) അത് ചെയ്തില്ലെന്നു മാത്രമല്ല, മാന്യമായും ഭദ്രമായും യഥാവിധി തിരിച്ചേല്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്.
അബൂബക്‌റും പ്രവാചകനും അസാധാരണമായ വഴിയിലൂടെ സഞ്ചരിച്ച് സൗര്‍ ഗുഹയിലെത്തുകയും അവിടെ മൂന്നു നാള്‍ തങ്ങുകയും ചെയ്തു. നബി(സ)യുടെ ധൈര്യവും മനക്കരുത്തും അസാധാരണമായിരുന്നു. അബൂബക്ര്‍ (റ) നബി(സ)യുടെ കാര്യത്തില്‍ വളരെ ജാഗരൂകനും. പകല്‍വേളയില്‍ മക്കയിലുള്ള ചലനങ്ങളറിയാനും കുടിക്കാനുള്ള പാലെത്തിക്കാനും കൃത്യമായ സംവിധാനമൊരുക്കിയിരുന്നു. ഗുഹയിലേക്ക് വരുന്നവരുടെ കാലടികള്‍ തിരിച്ചറിയാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തി. 
മൂന്ന് രാത്രികള്‍ ഗുഹയില്‍ കഴിച്ചുകൂട്ടി നാലാം നാള്‍ യാത്ര തുടര്‍ന്നു. വഴികാട്ടിയായി ഉണ്ടായിരുന്നത് മുസ്ലിമായിട്ടില്ലാത്ത അബ്ദുല്ലാഹിബ്നു ഉറൈഖിത്വ്. നേരത്തേ അമുസ്ലിമായ പിതൃവ്യന്റെ പിന്തുണ സ്വീകരിച്ച നബി (സ) അതീവ രഹസ്യവും സുപ്രധാനവുമായ യാത്രയില്‍ ഒരു അമുസ്ലിം സഹോദരന്റെ സഹായം സ്വീകരിച്ചതില്‍ ഒരു സന്ദേശമുണ്ട്. ഇസ്ലാമിന്റെ വ്യാപനത്തിന് നല്ലവരായ അമുസ്ലിം സഹോദരങ്ങളുടെ സേവനവും സഹായവും ഉപയോഗപ്പെടുത്താമെന്നതാണത്. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി.വ. 622 സെപ്റ്റംബര്‍ 23-ന് നബി (സ) മദീനക്കടുത്ത് ഖുബായിലെത്തി. ഇവിടെയാണ് ഇസ്ലാമിലെ പ്രഥമ മസ്ജിദ് നിര്‍മിക്കപ്പെട്ടത്. ഖുബായില്‍നിന്ന് വീണ്ടും യാത്ര തുടര്‍ന്നു. വഴിമധ്യേ ബനൂ സാലിമുബ്നു ഔഫിന്റെ സ്ഥലത്ത് ഇറങ്ങുകയും അവിടെവെച്ച് ആദ്യത്തെ ജുമുഅ നടത്തുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്ന പ്രവാചകന്‍ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഇറങ്ങി. അവിടെയാണ് മസ്ജിദുന്നബവി പണിതത്. 
തികച്ചും നിസ്സഹായരായ ഒരു സമൂഹം ഒരന്യദേശത്ത് കുടിയേറുമ്പോഴുണ്ടാകുന്ന പ്രശ്നസങ്കീര്‍ണതകള്‍ നിരവധിയാണ്. ഇന്നും ലോകത്തിന്റെ നാനാഭാഗത്തുള്ള വംശീയ പ്രശ്നങ്ങളില്‍ പലതും തദ്ദേശീയരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകള്‍ നീങ്ങിയിട്ടും പരിഹരിക്കപ്പെടാതിരുന്ന ഈ പ്രശ്നം ദിവസങ്ങള്‍ക്കകം പൂര്‍ണമായും പരിഹൃതമായ അത്ഭുത ദൃശ്യമാണ് പതിനാല് ശതകങ്ങള്‍ക്കുമുമ്പ് മദീനയില്‍ കത്. പിന്നീടത് ഒരിക്കലും പ്രശ്നമായതേയില്ല. നബിയുടെ നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും അനിതരണസാധാരണമായ അത്ഭുതഫലങ്ങളിലൊന്നാണിത്. മക്കയില്‍നിന്നു വന്ന മുഹാജിറുകള്‍ക്ക് മദീനക്കാര്‍ സഹായികളായി മാറി.
ഹിജ്റയെ കാലഗണനയുടെ, കലണ്ടറിന്റെ തുടക്കമായി ഉമര്‍ (റ) നിശ്ചയിച്ചപ്പോള്‍ ഉദ്ദേശിച്ച നന്മകള്‍ പുലരണമെങ്കില്‍ ഈ കലണ്ടറിനെ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഈ കലണ്ടറിനെ ഫലപ്രദമായി പരിഷ്‌കരിച്ചാല്‍ മുസ്ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് അത് വളരെ സഹായകമാകും. 2015-ല്‍  തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന 'ആഗോള ഹിജ്രീ കലണ്ടര്‍ കോണ്‍ഗ്രസ്' ഈ ദിശയിലെ രചനാത്മകമായ ഒരു നല്ല നീക്കമായിരുന്നു. തുര്‍ക്കിയിലെ മതകാര്യ വകുപ്പാണ് ഇതിന് വേദിയൊരുക്കിയത്. സുഊദി പണ്ഡിതരും ഖത്തറില്‍നിന്നുള്ള ഡോ. യൂസുഫുല്‍ ഖറദാവിയും മറ്റും ഉള്‍പ്പെടെയുള്ള 121 പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ആഗോള മുസ്ലിം കലണ്ടര്‍ സാധ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വപൗരന്മാരെയാണ് ഇസ്ലാം വാര്‍ത്തെടുക്കുന്നത്. വിശ്വാസിസമൂഹത്തെ ലോകാടിസ്ഥാനത്തില്‍ ഏകീകരിക്കുന്ന ഇസ്ലാമിലെ ആദര്‍ശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന ഒന്നായി ഹിജ്റ കലണ്ടര്‍ കാലതാമസം കൂടാതെ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍