Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

ഇസ്‌ലാമിക നീതിയില്‍ കുടുംബ ബന്ധങ്ങെള വായിക്കുേമ്പാള്‍

അഹ്മദ് ഇവദ് ഹിന്ദി

ശരീഅത്തിന്റെ നിയമവിധികളുടെ അടിസ്ഥാനം മനുഷ്യനും അവന്റെ നന്മയുമാണ്. അതിനാല്‍ പൊതുനന്മ (മസ്വ്‌ലഹത്ത്) എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ കേന്ദ്ര ബിന്ദു. അല്ലാഹുവിന്റെ ശരീഅത്ത് നിലനില്‍ക്കുന്നിടത്ത് അതിന്റെ നന്മകളും നേട്ടങ്ങളും കണ്ടെത്താന്‍ കഴിയും. പടച്ചവന്റെ നിയമങ്ങളുടെയും വിധികളുടെയും നന്മകള്‍ സാമൂഹിക നീതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍  അഞ്ച് അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്; ദീന്‍, സ്വത്വം, ധിഷണ, വംശം, സമ്പത്ത് എന്നിവയുടെ സംരക്ഷണത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളത്. ഈ അഞ്ച് അടിസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് പൊതുനന്മ (മസ്വ്‌ലഹത്ത്) എന്ന ആശയം സാക്ഷാത്കരിക്കപ്പെടുക. ഇതേ അടിസ്ഥാന തത്ത്വങ്ങളില്‍ വീഴ്ച വരുത്തുമ്പോള്‍ അവിടെ തിന്മയും കുഴപ്പവും (മഫ്‌സദത്ത്) രൂപപ്പെടുന്നു.
മനുഷ്യന് സവിശേഷമായുള്ള മഹത്വത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും അല്ലാഹു പറയുന്നു: ''ആദം സന്തതികള്‍ക്ക് നാം മഹത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്ക് കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു'' (അല്‍ഇസ്രാഅ്: 70).
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവന്റെ നിയമങ്ങള്‍ക്ക് വഴിപ്പെട്ടു ജീവിക്കാനാണ്: ''മനുഷ്യ വര്‍ഗത്തെയും ജിന്ന് വര്‍ഗത്തെയും നാം സൃഷ്ടിച്ചത് അവര്‍ എനിക്കു മാത്രം വഴിപ്പെട്ടു ജീവിക്കാനാകുന്നു'' (അദ്ദാരിയാത്ത്: 56).
അല്ലാഹു മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനു വേണ്ടി വേദഗ്രന്ഥമിറക്കിയത് അതനുസരിച്ച് ഐഹിക ജീവിതത്തെ ക്രമീകരിക്കാനും അതിലൂടെ ദുന്‍യാവില്‍ സന്തുഷ്ട ജീവിതം നയിക്കാനുമാകുന്നു. അല്ലാഹു പറയുന്നു: ''ത്വാ-ഹാ. നീ ക്ലേശിക്കുന്നതിനു വേണ്ടിയല്ല നാം ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇത് ഭയഭക്തന്മാര്‍ക്കുള്ള ഉദ്ബോധനം മാത്രമാകുന്നു'' (ത്വാഹാ: 1,2).
ഫിഖ്ഹിന്റെ അടിസ്ഥാന തത്ത്വങ്ങളിലൂന്നി ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണ് പണ്ഡിതന്മാര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. നിര്‍ബന്ധം, ഐഛികം, നിരോധം, അനഭികാമ്യം, അഭികാമ്യം തുടങ്ങി അല്ലാഹു തന്റെ അടിയാറുകളുടെ മേല്‍ നിശ്ചയിച്ചിട്ടുള്ള വിവിധ തരം വിധികളെ കൃത്യമായി അപഗ്രഥനം നടത്തി പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവര്‍ ഒരു തീര്‍പ്പിലെത്തുമ്പോള്‍ അത് ആത്യന്തികമായി ചെന്നെത്തുന്നത് മനുഷ്യസമൂഹത്തിന്റെ ശാശ്വതമായ വിജയത്തിലും സന്തുഷ്ടിയിലുമാണ്.
ശരീഅത്തിന്റെ ഓരോ വിധിയുടെയും അകക്കാമ്പ് നന്മയും പ്രയോജനവും സ്ഥാപിച്ചെടുക്കലും തിന്മയെയും ഉപദ്രവത്തെയും തടഞ്ഞുനിര്‍ത്തലുമാണ്. ശരീഅത്തിലെ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട കല്‍പനകള്‍ (അവാമിര്‍) അനുധാവനം ചെയ്യുന്നതിലൂടെ മനുഷ്യര്‍ക്ക് അനുഗുണമാകുന്ന നേട്ടങ്ങള്‍ കരഗതമാകുന്നു. ശരീഅത്ത് വിലക്കിയ കാര്യങ്ങള്‍ (നവാഹി) ചെയ്യുമ്പോള്‍ മനുഷ്യര്‍ നാശത്തിലേക്കും അപകടങ്ങളിലേക്കും നിപതിക്കുന്നു. ശറഇയ്യായ വിധികളുടെ കാരണങ്ങളും അവയുടെ താല്‍പര്യങ്ങളും അനാവരണം ചെയ്യുന്നത് പണ്ഡിതന്മാര്‍ക്കും മുജ്തഹിദുകള്‍ക്കും ഉപകാരപ്രദമാകുന്നതുപോലെ പൊതുജനങ്ങള്‍ക്കും പ്രയോജനം ചെയ്യും. ഒരു പ്രശ്‌നത്തില്‍ വിധി തേടുന്ന ഒരാള്‍ പ്രസ്തുത നിയമത്തിന്റെ താല്‍പര്യം കൃത്യമായി ഉള്‍ക്കൊള്ളുമ്പോള്‍ അത് പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ മറ്റാരേക്കാളും അവന്‍ ഉത്സാഹിക്കും.
ശരീഅത്തിന്റെ താല്‍പര്യങ്ങളെ മൂന്നായി തരം തിരിക്കാം: ഒന്ന്, അത്യാവശ്യവും അനിവാര്യവുമായ ശരീഅത്തിന്റെ താല്‍പര്യങ്ങള്‍ (ദറൂറിയാത്ത്). ദീന്‍, സ്വത്വം, ബുദ്ധി, വംശം, ധനം തുടങ്ങിയവയുടെ സംരക്ഷണം ഇതില്‍ പ്രധാനമാണ്. ശരീഅത്തിന്റെ  അടിസ്ഥാന കാര്യങ്ങളും സുപ്രധാന നിയമങ്ങളും നടപ്പിലാക്കാനും, സംഭവിച്ചുകഴിഞ്ഞതോ ഭാവിയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതോ ആയ തിന്മകളും ദുരിതങ്ങളും തടയാനും ഇതിലൂടെ കഴിയും. വിവാഹം, കുട്ടികളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യഭിചാരം, സ്വവര്‍ഗരതി പോലുള്ളവ നിഷിദ്ധമാക്കപ്പെട്ടതും  ഇതില്‍പെടുന്നു.
രണ്ട്, ആവശ്യമായവ (ഹാജിയാത്ത്). ദുരിതപൂര്‍ണമായ കുടുസ്സായ ജീവിതം തുടരുന്നത് ഒഴിവാക്കാന്‍ ആവശ്യമായിട്ടുള്ള ശരീഅത്തിന്റെ താല്‍പര്യങ്ങള്‍. വിവാഹമോചനവും വിവാഹമൂല്യവും അക്കാരണത്താലാണ് നിയമമാക്കപ്പെട്ടത്.
മൂന്ന്, അത്യാവശ്യത്തിന്റെയും ആവശ്യത്തിന്റെയും പട്ടികയില്‍ വരാത്ത നമുക്ക് അഭികാമ്യമെന്നു തോന്നുന്നത് തെരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള സാധാരണ കാര്യങ്ങള്‍ (തഹ്‌സീനാത്ത്). ഉദാഹരണത്തിന് ഇണയെ തെരഞ്ഞെടുക്കല്‍.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധികള്‍ അവകാശങ്ങള്‍ സംരക്ഷിച്ചും നന്മയെ സാക്ഷാത്കരിച്ചും വ്യക്തികളുടെ പരസ്പരബന്ധത്തെ ക്രമീകരിക്കുന്നു; അവര്‍ക്കിടയില്‍ നീതി പുനഃസ്ഥാപിക്കുന്നു. അതിലൂടെ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ കൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സമൂഹത്തിനേല്‍ക്കുന്ന ക്ഷതങ്ങളെ അത് തടയുന്നു. ചുരുക്കത്തില്‍, ഇസ്‌ലാമിക ശരീഅത്തിലെ ഓരോ വിധിയും സ്ഥലകാലഭേദമന്യേ മനുഷ്യരാശിക്ക് അനുഗുണമാകുന്നതെന്തോ അതിനെ സാക്ഷാത്കരിക്കുകയും ദ്രോഹകരമാകുന്നതെന്തോ അതിനെ  തടയുകയുമാണ്. ശരീഅത്ത് ഒരു കാര്യം കല്‍പിച്ചിട്ടുെങ്കില്‍ അതില്‍ തീര്‍ച്ചയായും ഒരു പൊരുളുണ്ട്. ഒരു കാര്യം നിരോധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നാശത്തിലേക്ക് പതിക്കാതിരിക്കാനുള്ള മുന്‍കരുതലുണ്ട്. ശരീഅത്ത് നിയമത്തിലെ നന്മ (മസ്വ്‌ലഹത്ത്) എന്നത് ഏത് ഭൗതിക മാനദണ്ഡം വെച്ചും മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളാണ്. വ്യക്തികളുടെയും കുടുംബത്തിന്റെയും  സമൂഹത്തിന്റെയും മികവും സ്ഥിരതയുമാണതിന്റെ അന്തസ്സത്ത.

ദാമ്പത്യത്തിലെ ശരീഅ താല്‍പര്യങ്ങള്‍

ദാമ്പത്യജീവിതത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വെറുപ്പിലും സ്വരച്ചേര്‍ച്ചയില്ലായ്മയിലും കടുത്ത ഈഗോയിലും മുന്നോട്ടു പോകരുത്. ഇസ്‌ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ ദമ്പതികള്‍ കുടുംബത്തില്‍ തങ്ങള്‍ക്ക് വ്യക്തിഗതമായി നിര്‍വഹിക്കാന്‍ നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചുമാണ് ചിന്തിക്കേണ്ടത്. സ്ത്രീക്ക് വരുമാനമുള്ള തൊഴിലുണ്ടെങ്കില്‍ പോലും, കുടുംബത്തിനു വേണ്ടി ചെലവഴിക്കേണ്ട ഉത്തരവാദിത്തം പുരുഷന്റേത് തന്നെയാണ്. ഭര്‍ത്താവ് അവളുടെ ശമ്പളത്തില്‍നിന്ന് യാതൊന്നുമെടുക്കാവതല്ല. ഭാര്യ ആവശ്യപ്പെടുന്ന പക്ഷം വീട്ടുജോലിക്കാരിയെയോ കുട്ടികള്‍ക്ക് മുലയൂട്ടുന്ന സ്ത്രീകളെയോ നിശ്ചയിച്ചുകൊടുക്കേണ്ടതും ഭര്‍ത്താവിന്റെ ചുമതലയാണ്. ഭാര്യ സ്വമേധയാ വീട്ടുജോലി ചെയ്യുന്നുണ്ടെങ്കില്‍ അതവളുടെ സന്മനസ്സ്; അതൊന്നും പുരുഷന് അടിച്ചേല്‍പിക്കാവതല്ല.
ഖുല്‍അ് നിയമത്തെയും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ത്രീയുടെ അവകാശത്തെയും കുടുംബ  കോടതികളെയും വിമര്‍ശിക്കുന്ന ചിലരുണ്ട്. അവര്‍ പറയുന്നത് ഖുല്‍അ് കാരണം പുരുഷന്മാരുടെ അവകാശങ്ങളൊക്കെ ഇല്ലാതായിപ്പോയി  എന്നാണ്. സ്ത്രീകള്‍ അനുസരണയോടെ വീടുകളില്‍ കഴിയാനും അത്തരമൊരു നിയമം അവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കാനും കോടതി തുനിയാത്തതെന്തെന്ന് അവര്‍ ചോദിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഭാര്യയെ, അവള്‍ക്ക് അനിഷ്ടകരമായിരിക്കെ ബലാല്‍ക്കാരം കോടതി മടക്കിയയക്കുന്നതെങ്ങനെ? ശരീഅത്ത് അത്തരമൊരു നടപടിയോട് യോജിക്കുന്നില്ല. ഖുല്‍അ് എന്നത് അടിസ്ഥാനപരമായി ഇസ്‌ലാമിക ശരീഅത്തില്‍ ഒരു തര്‍ക്ക പ്രശ്‌നമല്ല. ഭാര്യക്ക് ഒട്ടും താല്‍പര്യമില്ലാതിരിക്കെ അവളെ ബലാല്‍ക്കാരം  ഭര്‍ത്താവിനൊപ്പം നിര്‍ത്തുക എന്നതും ശരീഅത്തില്‍പെട്ടതല്ല.
സ്ത്രീയോ പുരുഷനോ അല്ല ഇസ്‌ലാമിക ശരീഅത്തില്‍ നിയമങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. എണ്ണമറ്റ ദാമ്പത്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളും പുരുഷന്മാരുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ സ്ത്രീയുടെയോ പുരുഷന്റെയോ  പക്ഷം ചേര്‍ന്നുകൊണ്ടുള്ള വിധികളല്ല ഉണ്ടാകേണ്ടത്. സ്ത്രീ-പുരുഷ തുല്യതയില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക ശരീഅത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന വിധികളാണ് ഉണ്ടാകേണ്ടത്. ഇസ്‌ലാമിക ശരീഅത്തില്‍ ചില നിര്‍ണിത കാര്യങ്ങളില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ കൈകാര്യകര്‍ത്താക്കളാണെന്നത് (ഖവ്വാമൂന്‍) അവിതര്‍ക്കിതമാണ്. എന്നാല്‍ നിയമത്തിന്റെയും കോടതിയുടെയും നീതിയുടെയും മുന്നില്‍ അവര്‍ തുല്യരാണ്.
ത്വലാഖില്‍നിന്നും വ്യത്യസ്തമാണ് ഖുല്‍അ്. തലാഖ് ഭര്‍ത്താവിന്റെ  അഭീഷ്ടപ്രകാരം സംഭവിക്കുന്നു. ഖുല്‍അ് ആകട്ടെ ഭാര്യയുടെ താല്‍പര്യമാണ്. ഇതില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ നിലപാടുകളില്‍ സന്തുലിതത്വമുണ്ട്. ത്വലാഖ് പുരുഷനുള്ള അവകാശമെന്നതു പോലെ ഖുല്‍അ് സ്ത്രീക്കുള്ള അവകാശമാണ്. ഭാര്യ ഖുല്‍ഇന് തുനിയുമ്പോള്‍ ആദ്യം കുടുംബ തര്‍ക്ക പരിഹാരസമിതി മുമ്പാകെ ഹാജരാകുന്നു. ശേഷം 'അല്ലാഹുവിന്റെ പരിധികള്‍ പാലിക്കാനാവുമോ എന്ന കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു' എന്ന വാചകം ചൊല്ലുന്നു. ശേഷം പതിനഞ്ചു ദിവസം കഴിഞ്ഞ് കുടുംബ തര്‍ക്ക പരിഹാരസമിതിയില്‍നിന്ന് ഒത്തുതീര്‍പ്പോ അനുരഞ്ജനമോ നടപ്പിലായില്ലെങ്കില്‍ കേസ് കുടുംബ കോടതിയിലേക്ക് നീക്കുന്നു. ഭാര്യ ബന്ധമൊഴിയണമെന്ന (ഖുല്‍അ്) തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കോടതി അവള്‍ക്ക് ഖുല്‍അ് വിധിക്കുന്നു (ഈജിപ്ഷ്യന്‍ കോടതി).
ഈ ഖുല്‍ഇലെ  പോരായ്മ, നിയമം ഇവിടെ സ്ത്രീയുടെ താല്‍പര്യത്തെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നതാണ്. ഭര്‍ത്താവ് അവളുമായി അനുരഞ്ജനത്തിനും ഒത്തുതീര്‍പ്പിനും താല്‍പര്യം പ്രകടിപ്പിച്ചാല്‍ പോലും ജഡ്ജിക്ക് അയാള്‍ക്കനുകൂലമായി തീരുമാനമെടുക്കാനാവില്ല. തര്‍ക്ക പരിഹാരസമിതിയിലും തുടര്‍ന്ന് കോടതിയിലും ഭാര്യ ഭര്‍ത്താവിനെതിരായുള്ള മുഴുവന്‍ വസ്തുതകളും ഹാജരാക്കുകയും ഖുല്‍ഇനു വേണ്ടിയുള്ള തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ കോടതിക്ക് അവളുടെ ആവശ്യം പരിഗണിക്കേണ്ടിവരും. അതില്‍ പ്രത്യേകിച്ച് വൈരുധ്യങ്ങളില്ല. അവള്‍ക്ക് ഖുല്‍ഇനു ശേഷമുള്ള ഇദ്ദ കഴിഞ്ഞ് മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്യാം.
ഖുല്‍അ് ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ ഒന്നല്ല. പക്ഷേ അതില്‍ പലവിധ പഴുതുകളുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. നിരുപാധികം പെണ്ണിന്റെ താല്‍പര്യം പരിഗണിക്കുന്നു എന്നതാണ് അതിലൊന്ന്. തന്റെ വാദമുഖം അവതരിപ്പിക്കാന്‍ അവള്‍ക്ക് സാക്ഷികളെ ഹാജരാക്കേണ്ടതില്ല. അല്ലാഹു നിശ്ചയിച്ച പരിധികള്‍ പാലിക്കുന്നതില്‍ തനിക്കുള്ള ആശങ്കയുടെ കാരണം  ഖാദിക്ക് മുമ്പാകെ അവള്‍ വെളിപ്പെടുത്തേണ്ടതില്ല. ഈ വിഷയത്തില്‍ ഖാദിക്ക് വിവേചനാധികാരവുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുല്‍അ് വിഷയത്തില്‍ ഭാര്യ തീര്‍ത്തും ഏകപക്ഷീയമായ  തീരുമാനമെടുത്താല്‍ ഒരു കുടുംബം തന്നെ തകര്‍ന്നേക്കും.
(ഈജിപ്തുകാരനായ അഹ്മദ് ഇവദ് ഹിന്ദി അലക്‌സാണ്ട്രിയ യൂനിവേഴ്‌സിറ്റി പ്രഫസറാണ്. ഇബ്‌നു ആശൂറിന്റെ മഖാസ്വിദുശ്ശരീഅ എന്ന ഗ്രന്ഥത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ നിരീക്ഷണങ്ങളില്‍നിന്നെടുത്തത്. വിവ: ഇബ്‌നു ഇബ്‌റാഹീം).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍