Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

ആരാണ് ഹിന്ദുക്കള്‍ അെല്ലങ്കില്‍ ഭാരതീയര്‍?

സയ്യിദ് സആദത്തുല്ല ഹുെെസനി

ഇന്ത്യ എന്ന ഈ വിശുദ്ധ രാഷ്ട്രം സൃഷ്ടിക്കുന്ന 'വിശുദ്ധ ജനത' ആരാണ്, അല്ലെങ്കില്‍ ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ആരാണ് എന്ന ചോദ്യം നമുക്ക് മുമ്പാകെ ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് ഉത്തരം കണ്ടെത്തല്‍ അനിവാര്യവുമാണ്. കാരണം ഹിന്ദുത്വദര്‍ശനം പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ ഈ ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരത്തിന് മുകളിലാണ്. ആധുനിക ഹിന്ദുത്വ സൈദ്ധാന്തികര്‍ ഈ രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരാണ് ഹിന്ദു എന്നാണ് വ്യാഖ്യാനിക്കുന്നത്. അവര്‍ എല്ലാവരെയും ഹിന്ദുക്കളായി കണക്കാക്കുന്നു. എന്നാല്‍ ഒരാള്‍ മറ്റേതെങ്കിലും മതത്തിന്റെ പേരില്‍ അറിയപ്പെടണമെന്നോ ഹിന്ദു എന്ന വിശേഷണം ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അവനെ 'ഭാരതീയന്‍' എന്ന് വിളിക്കാവുന്നതാണ്. അതിന് നമുക്കാര്‍ക്കും എതിര്‍പ്പില്ല.24 എന്നാല്‍ ഈ ജനതയുടെ നിര്‍വചനം എന്താണ്? ഇന്ത്യയിലെ ഓരോ പൗരനും ഈ ജനതയുടെ ഭാഗമാണോ? ഈ ചോദ്യത്തില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ ഇന്ത്യന്‍ മതങ്ങള്‍ പിന്തുടരുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇസ്‌ലാം, ക്രിസ്തു മതങ്ങള്‍ പിന്തുടരുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രത്തിന്റെ ഭാഗമാണോ? ഈ ചോദ്യം ഹിന്ദുത്വ ആശയത്തിന്റെ തുടക്കനാള്‍ മുതല്‍ വ്യക്തമായി ഉത്തരം നല്‍കപ്പെടാതെ കിടക്കുകയാണ്.
  'ഹിന്ദു' എന്നതിന്റെ ദേശീയ നിര്‍വചനം സവര്‍ക്കര്‍ വളരെ വ്യക്തതയോടെ തന്നെ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഹിന്ദുക്കള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ അനുയായികളല്ല, മറിച്ച് മൂന്ന് സ്വഭാവ സവിശേഷതകളുള്ളവരാണ്. ഇന്ത്യയില്‍ ജനനം (രാഷ്ട്രം), മറ്റൊരു ഇന്ത്യന്‍ വംശത്തില്‍ ജനനം (ജാതി), ഇന്ത്യന്‍ നാഗരികത (സംസ്‌കാരം) സ്വീകരിക്കല്‍ എന്നിവയാണത്.25 ഭൂമിശാസ്ത്രപരമായും വംശപരമായും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ നിര്‍വചനത്തിലുള്‍പ്പെടുന്നുണ്ട് എന്നു പറയാം. എന്നാല്‍ ഇന്ത്യന്‍ നാഗരികത സ്വീകരിക്കല്‍ എന്ന നിബന്ധനയിലെ നാഗരികത കൊണ്ട് എന്താണ് അവര്‍ അര്‍ഥമാക്കുന്നത്? നാഗരികത എന്നാല്‍ ഭാഷ, ജീവിതശൈലി, ഭക്ഷണം, സാഹിത്യം, വാസ്തുവിദ്യ മുതലായവയാണെങ്കില്‍ അതിന്റെ മിക്ക ഘടകങ്ങളും പൊതുവാണ്. എന്നാല്‍ സവര്‍ക്കറുടെ അഭിപ്രായത്തില്‍ നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രകടനങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയാണ്. അതിനാല്‍ സാംസ്‌കാരിക പങ്കിടല്‍ എന്നാല്‍ ദീപാവലി, ദസറ, കുംഭമേള തുടങ്ങിയ ഉത്സവങ്ങളിലും ചടങ്ങുകളിലും പരസ്പര പങ്കുവെപ്പുകളുണ്ടാവുക എന്നാണ് അര്‍ഥമാക്കുന്നത്.26 ഇതുപ്രകാരം മുസ്‌ലിം സമൂഹം ഇന്ത്യന്‍ ജനതയുടെ നിര്‍വചനത്തില്‍നിന്നും പുറത്തു പോകുന്നു.
സവര്‍ക്കര്‍ പറയുന്നതനുസരിച്ച് ഈ രാജ്യത്തിന്റെ ഭാഗമാകുന്നതിന് മറ്റൊരു വ്യവസ്ഥ കൂടി പാലിക്കേണ്ടതുണ്ട്. അതായത് ഈ രാജ്യത്തെ പിതൃഭൂമിയും (Fatherland) പുണ്യഭൂമിയും (Holyland) ആയി അംഗീകരിക്കുക എന്നതാണത്.27 ഭാരതത്തിലൊഴുകുന്നത് പുണ്യനദികളാണ്, ധാരാളം പുണ്യസ്ഥലങ്ങളുണ്ടിവിടെ, അഭിമാനിക്കാവുന്ന നായകരാലും ചരിത്ര പുരുഷന്മാരാലും സമ്പന്നമാണ് ഈ ദേശം. ഇവയേക്കാളും പുണ്യവും മഹത്വവും അന്യദേശങ്ങളിലെ സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും വകവെച്ചുനല്‍കിയാല്‍ ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടും. ഈ വ്യവസ്ഥകളും പൂര്‍ണമായി പാലിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സാധിക്കുകയില്ലെന്ന കാര്യവും വ്യക്തമാണ്.
ഗോള്‍വാള്‍ക്കര്‍, സവര്‍ക്കറുടെ വീക്ഷണങ്ങളെ ഹിന്ദു രാഷ്ട്രത്തിന്റെ ഏറ്റവും ശാസ്ത്രീയമായ നിര്‍വചനമെന്നാണ് വിശേഷിപ്പിച്ചത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും നേരിടുന്ന സര്‍വപ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരം ഹിന്ദുരാഷ്ട്രത്തിലേക്ക് അവര്‍ ഉള്‍ച്ചേരുക (Assimilate) എന്നതാണ്. നിങ്ങളുടെ വിശ്വാസങ്ങളും മതപരമായ ആചാരങ്ങളും നിലനിര്‍ത്താവുന്നതാണ്. എന്നാല്‍ പ്രത്യേക സാംസ്‌കാരിക സ്വത്വങ്ങളില്‍നിന്ന് മാറിനില്‍ക്കുകയും വൈദേശിക രാജ്യങ്ങളോടുള്ള ഭക്ത്യാദരവുകള്‍ പൂര്‍ണമായും കൈയൊഴിയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അഥവാ മേല്‍സൂചിപ്പിച്ച നിര്‍വചനങ്ങളുമായി പൊരുത്തപ്പെടുന്നതിലൂടെ മാത്രം അവര്‍ക്ക് ഇന്ത്യാരാജ്യത്തിന്റെ ഭാഗമായി മാറാന്‍ സാധിക്കും.28
പുണ്യഭൂമിയെ ദേശീയ സ്വത്വവുമായി ബന്ധപ്പെടുത്തുന്ന ഈ തത്ത്വചിന്ത ഹിന്ദുത്വയുടെ പ്രധാനപ്പെട്ട സൈദ്ധാന്തിക അടിത്തറയാണ്. ഹിന്ദുത്വദര്‍ശനത്തിന്റെ മിതവാദിമുഖവും പ്രതീകവുമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അടല്‍ ബിഹാരി വാജ്‌പേയി. അദ്ദേഹം എഴുതുന്നു: 'ഈ രാജ്യത്ത് മുസ്‌ലിംകളോട് മൂന്ന് വിധത്തിലുള്ള ഇടപെടലുകള്‍ സാധ്യമാണ്. അതിലൊന്ന് അവഹേളനവും മാറ്റിനിര്‍ത്തലുമാണ് (തിരസ്‌കാര്‍). അതായത്, അവര്‍ സ്വയം മാറുന്നില്ലെങ്കില്‍ അവരെ ഒറ്റപ്പെടുത്തുകയും തിരസ്‌കരിക്കുകയും ചെയ്യുക. അവരെ നിങ്ങളുടെ എതിരാളികളായി പരിഗണിക്കുക. രണ്ടാമത്തേത് പ്രീണനങ്ങള്‍ (പുരസ്‌കാര്‍) വഴി അവരെ പാട്ടിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. മൂന്നാമത്തെ രീതി പരിഷ്‌കരണത്തിന്റേതാണ് (പരിഷ്‌കാര്‍). അഥവാ അവരെ മാറ്റിയെടുക്കുക. മര്യാദകളും സംസ്‌കാരവും പഠിപ്പിക്കുക. ദേശീയ മുഖ്യധാരയില്‍ അവരെ ലയിപ്പിക്കുക.  മുസ്‌ലിം സമൂഹം ഈ മൂന്നാമത്തെ രീതി സ്വീകരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അവര്‍ക്ക് അവരുടെ മതം ഉപേക്ഷിക്കേണ്ടിവരില്ല. അവരുടെ മതം ആചരിക്കാനും അവര്‍ക്ക് സാധിക്കും. മക്ക അവരുടെ പുണ്യസ്ഥലമായിരിക്കാം. പക്ഷേ ഇന്ത്യ മക്കയേക്കാള്‍ വിശുദ്ധിയുള്ള പുണ്യസ്ഥലമായി അവര്‍ പരിഗണിക്കണം. നിങ്ങള്‍ക്ക് പള്ളിയില്‍ പോവുകയും പ്രാര്‍ഥിക്കുകയും ചെയ്യാം, വ്രതമനുഷ്ഠിക്കാം. ഞങ്ങളത് പ്രശ്നമാക്കുകയില്ല. എന്നാല്‍ മക്കക്കും ഇന്ത്യക്കുമിടയില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യയെ തെരഞ്ഞെടുക്കണം. ഇന്ത്യക്കായി നാം ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്ന മുദ്രാവാക്യം എല്ലാ മുസ്‌ലിംകളുടെയും പൊതുമനോഭാവവും വികാരവുമായി മാറണം.'29
പുതിയ ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ ഈ കാഴ്ചപ്പാടുകളോട് വിയോജിക്കുകയോ അവക്ക് വ്യാഖ്യാനങ്ങള്‍ നല്‍കുകയോ ചെയ്യുന്നതു കാണാം. അവരില്‍ ചിലര്‍ വിചാരധാര ഗോള്‍വാള്‍ക്കറുടെ കൃതിയല്ലെന്നും വാദിക്കുന്നുണ്ട്. അദ്ദേഹം ആര്‍.എസ്.എസ് സഹയാത്രികനായിരുന്നില്ലെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവരെയും അക്കൂട്ടത്തില്‍ കാണാം. സംഘ്പരിവാറിന്റെ യഥാര്‍ഥ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കാത്ത സമയത്താണ് അദ്ദേഹം പുസ്തകം എഴുതിയതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. മോഹന്‍ ഭാഗവത് പറയുന്നു; 'ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളിലോ ഏതെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലത്തിലോ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അങ്ങനെ പറയുന്ന കാര്യങ്ങള്‍ എക്കാലത്തെയും ശരികളായിരിക്കണമെന്നില്ല. ഗുരുജിയുടെ ശാശ്വത പ്രാധാന്യമുള്ള വിഷയങ്ങള്‍ സംബന്ധിച്ച ചിന്തകള്‍ ശ്രീ ഗുരുജി; ദര്‍ശനവും ദൗത്യവും (Shri Guruji: His Vision and Mission) എന്ന പേരില്‍  പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നുണ്ട്. ഏതുകാലത്തും പ്രസക്തമായ അദ്ദേഹത്തിന്റെ ചിന്തകളും ദര്‍ശനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം പറഞ്ഞ കാര്യങ്ങളെല്ലാം ഒഴിവാക്കിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.'
ഗോള്‍വാള്‍ക്കറുടെ വീക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞ രചനകളില്‍നിന്ന് മനസ്സിലാക്കിയവയല്ലെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികരും എഴുത്തുകാരും വാദിക്കുന്നു. ഡോ. ഗീലാനിക്ക് നല്‍കിയ അഭിമുഖമാണ് ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കാറുള്ളത്. ഡോ. ഗീലാനി ഈ അഭിമുഖത്തില്‍ ഗോള്‍വാള്‍ക്കറോട് ചോദിക്കുന്നുണ്ട്; 'ഭാരതീയവല്‍ക്കരണം (Indianisation) സംബന്ധിച്ച് താങ്കള്‍ ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് അനേകം ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഈ ആശയക്കുഴപ്പം എങ്ങനെ ദൂരീകരിക്കാമെന്നാണ് താങ്കള്‍ കരുതുന്നത്?' ഗോള്‍വാള്‍ക്കറുടെ മറുപടി: 'ശരിയാണ്, ഭാരതീയവല്‍ക്കരണം  ഞങ്ങളുടെ മുദ്രാവാക്യമാണ്. ഇതില്‍ എന്ത് ആശയക്കുഴപ്പമാണുള്ളത്? രാജ്യനിവാസികളെ മുഴുവന്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന് ഇതിനര്‍ഥമില്ല. നാമെല്ലാവരും ഈ ദേശത്തിന്റെ മക്കളാണെന്നും ഈ ദേശത്തോട് വിശ്വസ്തരായിരിക്കണമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹം ഒന്നാണ്. നമ്മുടെ പൂര്‍വികര്‍ ഒന്നായിരുന്നു. നമ്മുടെ അഭിലാഷങ്ങള്‍ ഒന്നുതന്നെയാണ്. ഇത്തരമൊരു അവബോധം സൃഷ്ടിക്കുന്നതിന്റെ പേരാണ് ഭാരതീയവല്‍ക്കരണം. ഒരു മതത്തെയും ഉപേക്ഷിക്കുക എന്നല്ല ഇതിനര്‍ഥം. ഞങ്ങള്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. നേരെമറിച്ച്, ഒരൊറ്റ മതസംവിധാനം എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും ഉചിതമല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'30
ഗോള്‍വാള്‍ക്കറുടെ ആശയം ഒരു ഹിന്ദു രാഷ്ട്ര സങ്കല്‍പ്പമാണെന്നും അതാകട്ടെ ഒരു സാംസ്‌കാരികസങ്കല്‍പ്പമാണെന്നും പറയപ്പെടുന്നുണ്ട്. അതിന്റെ ബന്ധം ഒരു രാഷ്ട്രത്തോടല്ല. ഭരണകൂടങ്ങള്‍ ഏതുതന്നെയായാലും രാഷ്ട്രം ഏതായാലും ഞങ്ങള്‍ സംസ്‌കാരസമ്പന്നമായ ഒരു ജനതയായിരിക്കും എന്ന് അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നുണ്ട്.31
നിലവിലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്; മതവും സംസ്‌കാരവും പരിഗണിക്കാതെ ദേശീയതയുടെ യഥാര്‍ഥ ചൈതന്യം നിലനിര്‍ത്തി ഇന്ത്യയുടെ നാഗരികതയെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഈ രാജ്യത്തെ 130 കോടി ജനങ്ങളെ ഹിന്ദുക്കളായി ആര്‍.എസ്.എസ് കണക്കാക്കുന്നു. അപ്രകാരം ഒരു ഏകസമൂഹത്തെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.32
പുതിയ ആര്‍.എസ്.എസ് മേധാവി നിലവിലെ സാഹചര്യത്തില്‍ നടത്തിയ ഒരു നയതന്ത്ര പ്രസ്താവന മാത്രമാണിത്. ഈ ആശയ പദ്ധതി ഹിന്ദു രാഷ്ട്രം അല്ലെങ്കില്‍ ഇന്ത്യന്‍ ജനത എന്ന ചിന്തയുടെ ഭാഗമാണ്. 'ഭാരതമാത'യെ ആരാധിക്കുന്നവരെയും രാജ്യത്തെ പവിത്രമായി കരുതുന്നവരെയും ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം (Unity of Existence) എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെയും എല്ലാ മതങ്ങളും ശരിയാണെന്ന് കരുതുന്നവരെയും ഈ രാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗമായി പരിഗണിക്കുന്നുവെന്ന് മുകളിലെ വിവരണത്തില്‍നിന്ന് വ്യക്തമാണ്. ഇത് ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യാത്തവരെ 'പരിഷ്‌കരിക്കാനാണ്' അവര്‍ ആഗ്രഹിക്കുന്നത്. അത്തരം പരിഷ്‌കരണങ്ങള്‍ വഴിയാണ് അവര്‍ രാജ്യത്തിന്റെ ഭാഗമായി മാറുക.

സെമിറ്റിക് ചിന്തകളോട് (Semitic Thoughts) എതിര്‍പ്പ് 

സെമിറ്റിക് ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന മതദര്‍ശനങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അതിനോടുള്ള അവരുടെ എതിര്‍പ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. സെമിറ്റിക് മതങ്ങളോട് അതൃപ്തി രേഖപ്പെടുത്തി ഗോള്‍വാള്‍ക്കര്‍ പറയുന്നു: 'ഒരു വേദത്തിലും ഒരു പ്രവാചകനിലും ഒരു ദൈവത്തിലും വിശ്വസിക്കുന്ന മതങ്ങള്‍, അതില്ലാതെ മനുഷ്യാത്മാവിന്റെ രക്ഷ സാധ്യമല്ല എന്നാണ് പറയുന്നത് (നിങ്ങള്‍ മനസ്സിലാക്കുക; യഥാര്‍ഥത്തില്‍ ഈ ചിന്തയാണ് പ്രശ്നം). ഈ സമീപനത്തിന്റെ യുക്തിരാഹിത്യം മനസ്സിലാക്കാന്‍ അസാധാരണമായ ബുദ്ധിയൊന്നും ആവശ്യമില്ല.'33
'ഇന്ത്യയെ സംബന്ധിച്ചേടത്തോളം, ദൈവത്തെ ഏതു പേരില്‍ വിളിക്കുന്നതിനും ഇവിടെ എതിര്‍പ്പുണ്ടാകരുത്. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന വസ്തുത ഈ ദേശത്തിന്റെ പ്രകൃതത്തിന്റെ ഭാഗമാണ്. മറ്റു മതങ്ങളോടും വിശ്വാസ സംഹിതകളോടും അസഹിഷ്ണുത കാണിക്കുന്ന ആര്‍ക്കും ഈ പുണ്യഭൂമിയുടെ സന്തതിയാകാന്‍ സാധ്യമല്ല.34
മറ്റൊരു ഹിന്ദുത്വ സൈദ്ധാന്തികന്‍ എഴുതുന്നത് കാണുക: 'പരമ്പരാഗതമായി സെമിറ്റിക് ചിന്താ രീതി മനുഷ്യരെ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. ഒന്ന് ഒരു പ്രത്യേക വിശ്വാസം സ്വീകരിക്കുന്നവരും മറ്റൊന്ന് അത് അംഗീകരിക്കാത്തവരും. അംഗീകരിക്കാത്തവരെ പിശാചിന്റെ കൂട്ടുകാരനെന്നും അവിശ്വാസിയെന്നും മുദ്രചാര്‍ത്തുകയും അവര്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്ന് കരുതുകയും ചെയ്യുന്നു. ഇത്തരം പുറത്താക്കല്‍ (Exclusivist) പ്രത്യയശാസ്ത്രം (സെമിറ്റിക്) ഈ പ്രദേശങ്ങളില്‍ വളര്‍ന്ന കമ്യൂണിസം പോലുള്ള പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇവരും (ഈ ആശയങ്ങളുടെ അനുയായികള്‍) സെമിറ്റിക് വീക്ഷണങ്ങളോട് യോജിക്കാത്ത എല്ലാവരെയും തെറ്റിദ്ധരിക്കാന്‍ തുടങ്ങുന്നു. അതായത്, നിങ്ങള്‍ ഒരു കമ്യൂണിസ്റ്റുകാരനല്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഒരു വലതുപക്ഷക്കാരനാണ്. വലതുപക്ഷക്കാരനാകുന്നതാകട്ടെ ഏറെ ലജ്ജാകരവും.'35
സംഘ് പരിവാര്‍ തത്ത്വചിന്തയും ജീവിതവീക്ഷണവും മനസ്സിലാക്കുന്നതില്‍ ഈ കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദുത്വ വീക്ഷണമനുസരിച്ച് ഒരു വ്യക്തി മറ്റൊരാളുടെ മതത്തെ തെറ്റാണെന്ന് മനസ്സിലാക്കുന്നതും മതത്തെ ഒരൊറ്റ ആധികാരിക പുസ്തകവുമായോ വ്യക്തിത്വവുമായോ ബന്ധപ്പെടുത്തുന്നതും വലിയ തിന്മയാണ്. ഇത്തരം സെമിറ്റിക് മതങ്ങള്‍ ഇന്ത്യന്‍ ചിന്താധാരകള്‍ക്കെതിരായ വീക്ഷണങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു. സെമിറ്റിക് ചിന്തകള്‍, പാശ്ചാത്യ ആശയങ്ങള്‍, സമാനമായ മറ്റു ആശയ പദ്ധതികള്‍ ഈ രാജ്യത്തിന് തികച്ചും അപരിചിതവും അന്യവുമാണ്. പല പ്രശ്‌നങ്ങളുടെയും മൂലകാരണമായാണ് അവര്‍ ഇത്തരം ചിന്താധാരകളെ കാണുന്നത്.
ഇസ്‌ലാമിനോടും ക്രിസ്തുമതത്തോടുമുള്ള സംഘ് സൈദ്ധാന്തികരുടെ എതിര്‍പ്പിനുള്ള കാരണമായി അവര്‍ പറയുന്നത് ഇങ്ങനെയാണ്: ഈ മതങ്ങള്‍ തങ്ങളല്ലാതെ മറ്റാരെയും ശരിയാണെന്ന് കരുതുന്നില്ല. മാത്രവുമല്ല തങ്ങളല്ലാത്തവരെല്ലാം അവിശ്വാസികളും വഴിതെറ്റിയവരുമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ് അവര്‍ക്ക് ഒരിക്കലും മറ്റുള്ളവരെ ബഹുമാനിക്കാന്‍ കഴിയാത്തത്.

ഹിന്ദുത്വത്തിന്റെയും ഹിന്ദു രാഷ്ട്രത്തിന്റെയും സിദ്ധാന്തങ്ങള്‍

ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍നിന്ന് ഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ഹിന്ദുമതം ഒരു മതത്തിന്റെയും പേരല്ല എന്നതാണ് സംഘ് ചിന്തകരുടെ വാദം. അതിനവര്‍ ഉയര്‍ത്തുന്ന പ്രധാന വാദം ഇന്ത്യയില്‍ സനാതന ധര്‍മം, ബുദ്ധമതം, ജൈനമതം തുടങ്ങിയ ഡസന്‍ കണക്കിന് മതങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു എന്നതാണ്. എന്താണ് ഹിന്ദുത്വ എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടി അതൊരു ജീവിതരീതിയും നാഗരിക വ്യവസ്ഥയുമാണെന്നാണ്. അതിനാല്‍, ഹിന്ദു ധര്‍മത്തെ ഹിന്ദുമതം എന്ന് വിളിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുന്നു. ഇസ്‌ലാമിസം എന്നാല്‍ നിങ്ങള്‍ ഒരു പ്രത്യേക ചിന്താ രീതിയെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ മാത്രം ബോധവാന്മാരാണെന്നും അവശേഷിക്കുന്ന ചിന്താപദ്ധതികളെല്ലാം നുണകളായി കണക്കാക്കുന്നുവെന്നുമാണ്. എന്നാല്‍ അത്തരം ചിന്തകള്‍ ഹിന്ദുമതത്തിന്റെ കാഴ്ചപ്പാടുകള്‍ക്കെതിരാണെന്നും അവര്‍ പറയുന്നു. അതുകൊണ്ടാണ് Hinduness എന്നര്‍ഥമുള്ള 'ഹിന്ദുത്വ' എന്ന പദം ഉപയോഗിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹിന്ദുത്വ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1910-ല്‍ അന്തരിച്ച ബംഗാളി എഴുത്തുകാരന്‍ ചന്ദ്രനാഥ് ബസു36 ആയിരുന്നു. എന്നാല്‍ ഇത് ജനപ്രിയമാക്കിയതിന്റെ ബഹുമതി സവര്‍ക്കര്‍ക്കാണ്. അദ്ദേഹം ഈ പദം വ്യാപകമായി ഉപയോഗിക്കുകയും അതുവഴി ഹിന്ദുസമൂഹത്തിന് പ്രത്യേകമായ വ്യക്തിപ്രഭാവം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.
ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. സത്യത്തിന്റെ സങ്കലന സിദ്ധാന്തമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്ത്വം (ഏകം സദ് വിപ്രാ ബഹുധാ വദന്തി) അതായത്, സത്യം ഒന്ന് മാത്രമേയുള്ളൂ. അത് വിവിധ മതവിഭാഗങ്ങള്‍ വ്യത്യസ്ത രീതികളില്‍ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഗോള്‍വാള്‍ക്കര്‍ ഇതിനെ ഹിമാലയന്‍ ദര്‍ശനം എന്ന് വിശേഷിപ്പിക്കുകയും സംഘ് പരിവാറിന്റെ അടിസ്ഥാന സിദ്ധാന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.37
ഹിന്ദു ഏതെങ്കിലും മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരല്ലെങ്കില്‍, എന്താണ് ഹിന്ദു രാഷ്ട്രം, ഏത് തത്ത്വങ്ങളുടെ അടിസ്ഥനത്തിലാണ് അത് രൂപപ്പെടുന്നത്? ഈ ചോദ്യം ഹിന്ദുത്വ സൈദ്ധാന്തികര്‍ നിരന്തരം അഭിമുഖീകരിക്കുന്നതാണ്. ഇതിന് അവര്‍ നല്‍കുന്ന ഉത്തരം, ഹിന്ദു രാഷ്ട്രം എന്നാല്‍ ഒരു പ്രത്യേക മതത്തിലെ ആളുകളുടെ മേധാവിത്വം അല്ലെങ്കില്‍ ഒരു പ്രത്യേക മതത്തിന്റെ അധ്യാപനങ്ങള്‍ നടപ്പിലാക്കുക എന്നല്ല, മറിച്ച് ഹിന്ദുത്വദര്‍ശനത്തില്‍ അധിഷ്ഠിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലും അതിന്റെ ഉന്നമനം ഉറപ്പുവരുത്തലുമാണ്. മന്‍മോഹന്‍ വൈദ്യ എഴുതുന്നു: 'രാഷ്ട്രം ഒരു വേദപദമാണ്. പാശ്ചാത്യ ദര്‍ശനമാകട്ടെ നാം മനസ്സിലാക്കുന്ന ദേശീയതയില്‍നിന്നും ഏറെ വ്യത്യസ്തമാണ്. ദേശീയത സംബന്ധിച്ച പടിഞ്ഞാറിന്റെ ആശയങ്ങള്‍ ഭരണകൂട ശക്തിയില്‍  കേന്ദ്രീകരിക്കുന്നു. അതേസമയം രാജ്യത്തിന്റെ ആശയം പ്രത്യേക സാംസ്‌കാരിക മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ആശയപ്രകാരം, ആരെയും അടിച്ചേല്‍പിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും തെറ്റൊന്നുമില്ല. അതിനാല്‍ നാഷ്‌നലിസം (Nationalism), രാഷ്ട്രവാദ് (Rashtravad) എന്നീ വാക്കുകള്‍ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ അപ്രസക്തമാണ്. രാഷ്ട്രീയത എന്ന പദമാണ് നമുക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായത്.'38
ഹിന്ദുമതം ഒരു മതമല്ലെങ്കില്‍ അതിനെ എന്തിനാണ് ധര്‍മം എന്ന് വിളിക്കുന്നത്? ഈ ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരം ഹിന്ദു തത്ത്വചിന്തയില്‍ ധര്‍മത്തിന്റെ അര്‍ഥം മതം (Religion) എന്നല്ല എന്നാണ്. മിക്കവാറും എല്ലാ ഹിന്ദുത്വ ചിന്തകരും ധര്‍മത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ധര്‍മം വിശദീകരിക്കുമ്പോള്‍ മന്‍മോഹന്‍ വൈദ്യ എഴുതുന്നത് ഇപ്രകാരമാണ്:
'ദത്തെടുക്കലിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിലൂടെ, എല്ലാവരെയും സ്വന്തമായി കണക്കാക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ധര്‍മമാണ്. മതപരമായ സ്വത്വചിഹ്നങ്ങള്‍ ധരിക്കുകയോ ക്ഷേത്രത്തിലേക്കോ ആരാധനാലയത്തിലേക്കോ പോവുകയോ ചെയ്യുക എന്നതല്ല ധര്‍മം കൊണ്ട് അര്‍ഥമാക്കുന്നത്. ചില യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കലോ വസ്തുതകളുടെ സാക്ഷാത്കാരമോ പ്രത്യേക മതപരമായ ആചാരങ്ങളുടെ പ്രകടനമോ അല്ല ധര്‍മം. ധര്‍മത്തിന്റെ പാതയില്‍ മുന്നേറാന്‍ ഒരാളെ സഹായിക്കുന്നതാണ് ആരാധനകളും ഉപാസനകളും. നിങ്ങള്‍ സമൂഹത്തിലേക്ക് തിരിച്ചുപോവുകയും (ആനുകൂല്യങ്ങള്‍ തിരിച്ചടക്കാന്‍) സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും ചെയ്യുക, സാമൂഹിക മൂലധനത്തെ സമ്പന്നമാക്കുക എന്നിവയാണ് ധര്‍മം കൊണ്ട് അര്‍ഥമാക്കുന്നത്.'39
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതില്‍ മുസ്‌ലിംകളെ ഞങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇതിനര്‍ഥമില്ല. ഈ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് പറയുന്ന ദിവസം ഹിന്ദുത്വം നിലനില്‍ക്കില്ല. ഹിന്ദുത്വദര്‍ശനമനുസരിച്ച് ലോകം മുഴുവന്‍ ഒരു കുടുംബമാണ്.40
ഇന്ത്യ ഒരിക്കലും ഒരു മതരാഷ്ട്രമായിരുന്നില്ലെന്നും സെമിറ്റിക് സങ്കല്‍പ്പമനുസരിച്ച ഒരു മതരാഷ്ട്രമാകാനുള്ള സാധ്യത ഇന്ത്യയിലില്ലെന്നും സംഘ് ചിന്തകര്‍ പറയുന്നു. ഒരേസമയം വ്യത്യസ്ത മതപാരമ്പര്യങ്ങള്‍ എല്ലായ്പ്പോഴും ഒരുമിച്ചാണ് സഞ്ചരിക്കുന്നത്. ഇവയെല്ലാം ഒരേസമയം ശരിയാണെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം അവര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് എപ്രകാരമാണെന്ന് ഇനി എടുത്തു ചേര്‍ക്കുന്ന ഉദ്ധരണിയില്‍നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും: 'ഭരണഘടന മാറ്റിക്കൊണ്ട് ഞങ്ങള്‍ ഒരു പുതിയ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുമെന്നും അല്ലെങ്കില്‍ ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും ആര്‍.എസ്.എസ് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നിരുന്നാലും, ഹിന്ദു രാഷ്ട്രത്തോടുള്ള സംഘിന്റെ പ്രതിബദ്ധത ഭയം, കോപം, നിരാശ എന്നിവയുടെ ഒരു തരംഗം സൃഷ്ടിക്കുന്നു. ഇരുവശത്തും പരിചയത്തിന്റെയും വ്യക്തതയുടെയും അഭാവമുണ്ട്. ഒരു വശത്ത് അജ്ഞാതമായ ഭയവും അസംതൃപ്തിയും സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു. മറുവശത്താകട്ടെ അഭിമാനത്തിന്റെയും സുരക്ഷയുടെയും തെറ്റായ ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സംഘ് പരിവാര്‍ വിശ്വസിക്കുന്നത്. ഇന്ത്യ ഇതിനകം തന്നെ ഒരു ഹിന്ദു രാഷ്ട്രമാണ്. ഹിന്ദു ഏതെങ്കിലും മതത്തിന്റെ പേരല്ല, മറിച്ച് കിഴക്കന്‍ പ്രദേശത്തെ ജനങ്ങളുടെ തദ്ദേശീയ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ ശേഖരത്തിന്റെ പേരാണ് എന്ന അടിസ്ഥാനത്തിലാണ് ഹിന്ദു, രാഷ്ട്രം എന്നീ വാക്കുകള്‍ മനസ്സിലാക്കപ്പെടേണ്ടത്.'41

വിവ: അബ്ദുല്‍ ഹകീം നദ്‌വി
(തുടരും)

അടിക്കുറിപ്പുകള്‍
24.    ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് നടത്തിയ സമീപകാല പ്രസംഗങ്ങളില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായങ്ങള്‍ വിശദമായി പ്രകടിപ്പിച്ചിട്ടുണ്ട്. 'ഇന്ത്യയുടെ ഭാവി' (Future of India) എന്ന പേരില്‍ ഡോ. ശൈഖ് ഉഖൈല്‍ അഹ്മദ് പരിഭാഷപ്പെടുത്തിയ പുസ്തകം (പേജ്: 38-40)
25.    V.D.Savarkar, (1969), Hindutva: Who is a Hindu?, Veer Savarkar Prakashan, Bombay, p. 117.
26.    Ibid, p. 115.
27.    Ibid, pp. 129 and 152.
28.    M.S. Golwalkar, (2000), Bunch of Thoughts, Sahitya Sindhu Prakashana, Bangalore, p. 256.
29.    Atal Bihari Vajpayee, (2020), The Sangh is My Soul, Organiser,  16 August 2020.
30.    Manmohan Vaidya, (2019), Come with Open Mind, Organiser, 16 September 2019.
31.    Ibid
32.    'RSS regards 130 crore population of India as Hindu society' Mohan Bhagwat in Hindustan Times, Delhi, December 25,2019.
33.    M.S. Golwalkar, (2000), Bunch of Thoughts, Sahitya Sindhu Prakashana, Bangalore, p. 95.
34.    Ibid, p. 134.
35.    Manmohan Vaidya, (2018), Rashtra and Nation: Eternal Hindu Rashtra, Organiser, 14 April 2018.
36.    C.C. Basu(1888) Old India's Hope: Proposal for Establishment of Hindu National Congress, CC Basu, Calcutta.
37.    M.S. Golwalkar, (2000), Bunch of Thoughts, Sahitya Sindhu Prakashana, Bangalore, p. 48.
38.    Manmohan Vaidya, (2018), Rashtra and Nation: Eternal Hindu Rashtra, Organiser, 14 April 2018.
39.    Manmohan Vaidya (2020) Decline in Proportion to Denationalisation, Organiser, 22 June 2020.
40.    Mohan Bhagwat, (2018), Future India: An RSS Perspective, Vichar Vinimay Prakashan, New Delhi.
41.    Seshadri Chari, Decoding Hindu Rashtra, India Today, Nov 8, 2019.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍