Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

ഖുല്‍അ് നടപ്പിലാകേണ്ടത് നീതിയാണ്

പി. റുക്‌സാന

''ത്വലാഖ് രണ്ടുവട്ടമാകുന്നു. അനന്തരം ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ ഭംഗിയായി പിരിച്ചയക്കുകയോ ചെയ്യേണ്ടതാകുന്നു. നിങ്ങള്‍ അവര്‍ക്കു നല്‍കിയതില്‍നിന്ന് ഒന്നുംതന്നെ അവരെ പിരിച്ചയക്കുമ്പോള്‍ തിരിച്ചെടുക്കുന്നത് അനുവദനീയമല്ല;  ദമ്പതികളിരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയില്ലെന്ന് ആശങ്കിച്ചാലൊഴിച്ച്. ഇനി വധൂവരന്മാര്‍ ദൈവികനിയമങ്ങള്‍ പാലിക്കുകയില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍, അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍. ദൈവികനിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അധര്‍മികള്‍തന്നെയാകുന്നു'' (അല്‍ബഖറ 229).
വൈവാഹിക ജീവിതത്തിലൂടെ രൂപപ്പെടുന്ന ആണ്‍-പെണ്‍ ബന്ധങ്ങളെ ഇസ്‌ലാം ഏറെ പവിത്രമായാണ് കാണുന്നത്. കേവലം ജഡികാസക്തികളുടെയും ലൈംഗിക വികാരങ്ങളുടെയും പൂര്‍ത്തീകരണമല്ല ഇസ്‌ലാമിലെ ദാമ്പത്യം. അത് പ്രണയവും (മവദ്ദത്ത്) കരുണയും (റഹ്മത്ത്) ലൈംഗികതയുമെല്ലാം ഇഴ ചേര്‍ന്ന  അതിരറ്റ ആനന്ദത്തിന്റെയും പ്രശാന്തിയുടെയും അനുഭൂതിയുടെയും (സുകൂന്‍) പേരാണ്. അപ്പോഴും തീര്‍ത്തും വ്യത്യസ്തമായ പ്രകൃതവും സ്വഭാവ വൈവിധ്യങ്ങളുമുള്ള രണ്ട് സ്വതന്ത്ര വ്യക്തികള്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ പലതരം തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും സ്വരച്ചേര്‍ച്ചയില്ലായ്മയും ഈഗോയുമെല്ലാം ഉടലെടുക്കാന്‍ സാധ്യതകളേറെയാണ്. ദമ്പതികളെ  അത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രാപ്തരാക്കുന്നത് അല്ലാഹുവിനെ മുന്‍നിര്‍ത്തി ദാമ്പത്യജീവിതത്തിന്റെ കാര്യത്തില്‍ അവരിരുവരുമെടുത്ത ബലിഷ്ടമായ കരാറാണ്.
വ്യക്തികള്‍ക്ക് കുറവുകളും ന്യൂനതകളുമുള്ളതോടൊപ്പം തന്നെ ജീവിതനൗക ഉലയാതെ, തകരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുവരെയും പ്രേരിപ്പിക്കുന്ന പോസിറ്റീവായ ചില ഘടകങ്ങളുണ്ടാകും. ദാമ്പത്യത്തെ മനോഹരമാക്കുന്നത് പരസ്പരമുള്ള വിട്ടുവീഴ്ചയും  ബഹുമാനവും വിശ്വാസവുമാണ്.
ഈ എല്ലാ ഘടകങ്ങളും ഒത്തുചേരുമ്പോള്‍ തന്നെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയും സ്വരച്ചേര്‍ച്ചയില്ലായ്മ മൂര്‍ഛിക്കുകയും തല്‍ഫലമായി ദിനംപ്രതി ജീവിതം  നരകതുല്യമായിത്തീരുകയും ചെയ്യുമ്പോള്‍ വേര്‍പിരിയുക തന്നെയാണ് ഉത്തമം. തുടക്കത്തില്‍ ഉദ്ധരിച്ച അല്‍ബഖറ അധ്യായത്തിലെ 229-ാമത്തെ ആയത്തിലെ രണ്ട് പ്രയോഗങ്ങള്‍ അത് കൃത്യപ്പെടുത്തുന്നുണ്ട്. സാധ്യമാകുമെങ്കില്‍ നല്ല നിലക്ക് ബന്ധം ഒത്തുപോവുക (ഇംസാകുന്‍ ബി മഅ്‌റൂഫ്) അല്ലെങ്കില്‍ മാന്യമായി വേര്‍പിരിയുക (തസ്രീഹുന്‍ ബി ഇഹ്‌സാന്‍). ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസ്സത്തയോട് ഒരിക്കലും നീതിപുലര്‍ത്താത്ത നരകതുല്യമായ ദാമ്പത്യജീവിതം ദമ്പതികള്‍ക്കിടയില്‍ മാത്രമല്ല കുടുംബത്തിലും സമൂഹത്തിലും സദാചാര രംഗത്തുമെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അടുത്ത തലമുറകളെ കൂടി അത് ബാധിക്കും.
ഭാര്യയെ നല്ല നിലയില്‍ ഒപ്പം നിര്‍ത്തുക അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വത്തെ അംഗീകരിക്കാന്‍ പുരുഷന്‍ തയാറാകാതിരിക്കുന്ന ഘട്ടങ്ങളില്‍ കോടതിയെ (ശരീഅ/ഖാദിയെ) സമീപിക്കാന്‍ ഇസ്‌ലാം അവകാശം നല്‍കുന്നുണ്ട്.
വിവാഹം ആണും പെണ്ണും ഒരുപോലെ ഗൗരവത്തില്‍ സമീപിക്കേണ്ട കരാറാണ് (മീസാഖുന്‍ ഗലീള്). വിവാഹമോചനവും ഇരുവരുടെ കാര്യത്തിലും കളിതമാശയല്ല. പറയത്തക്ക കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ പുരുഷന്‍ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലുന്നതും പെണ്ണ് ഭര്‍ത്താവിനോട് ഖുല്‍അ് ആവശ്യപ്പെടുന്നതും ദ്രോഹവും മഹാ അപരാധവുമാണ്. ദമ്പതികള്‍ വിവാഹ മോചനത്തെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. മുന്‍പിന്‍ നോക്കാതെ പെട്ടെന്നുള്ള വികാരങ്ങള്‍ക്കും പ്രേരണകള്‍ക്കും വശംവദരായി എടുത്തു ചാടി ബന്ധം മുറിക്കുന്നത് ഇരുവര്‍ക്കും വലിയ നഷ്ടങ്ങളുണ്ടാക്കും. ദമ്പതികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാനുള്ള വിവിധ ഘട്ടങ്ങളിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ ഇതില്‍ സുപ്രധാനമാണ്. പൊതുയിടങ്ങളില്‍ പരസ്പരം വ്യക്തിഹത്യ നടത്തുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കുന്നു. ദമ്പതികള്‍ പരസ്പരം വെറുക്കുമ്പോഴും ഇഷ്ടപ്പെടുന്ന ചില ഗുണങ്ങളെ മുന്‍നിര്‍ത്തിയുള്ള ആത്മപരിശോധനക്കുള്ള സമയം ഇതില്‍ പ്രധാനമാണ്. ഇരു കുടുംബങ്ങളില്‍നിന്നുമുള്ള മധ്യസ്ഥര്‍ ഇരു വിഭാഗത്തെയും നീതിപൂര്‍വം കേള്‍ക്കുകയും തുടര്‍ന്ന് അവര്‍ക്കനുയോജ്യമായത് വിധിക്കുകയും വേണ്ടതുണ്ട്.
ഇത്തരം നടപടിക്രമങ്ങളിലൂടെയൊന്നും കടന്നു പോകാതെ പോസ്റ്റ്മാന്‍ വഴിയോ ഫോണ്‍ വഴിയോ വളരെ ലാഘവത്തോടെ നടത്തപ്പെട്ട വിവാഹമോചനങ്ങളുടെ ദുരിതം പേറുന്ന എത്രയോ സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.
ഖുല്‍ഇന്റെ വിഷയത്തില്‍ മുസ്‌ലിം സ്ത്രീകള്‍  അത്തരമൊരവകാശത്തെ ദുരുപയോഗം ചെയ്താലോ എന്ന ആശങ്ക പലരുമുയര്‍ത്താറുണ്ട്. വിശ്വാസികള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ അല്ലാഹു നിശ്ചയിച്ചു തരികയും പ്രവാചകന്‍ നീതിപൂര്‍വകമായും സന്തുലിതമായും  പ്രായോഗികമായി നടപ്പില്‍ വരുത്തി കാണിച്ചുതരികയും ചെയ്ത ഇസ്‌ലാമിക ശരീഅത്തിലെ ഏതു നിയമങ്ങളെയും വിധികളെയും ആര്  ദുരുപയോഗപ്പെടുത്തിയാലും അത് കടുത്ത അപരാധമാണ്. പക്ഷേ വിവാഹമോചന കാര്യത്തില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന്റെ മര്‍മം  മറ്റൊന്നാണ്. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നും ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ അയാള്‍ നിഷേധിക്കുകയോ, അയാള്‍ ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ ദുര്‍നടപ്പുകളിലേര്‍പ്പെടുകയോ, ആണധികാരപ്രയോഗത്തിന്റെ ഫലമായി വാക്കാലും കായികവുമായുള്ള (Verbal and physical) ഹിംസ നടത്തുകയോ ഒക്കെ ചെയ്യുമ്പോള്‍ വിവാഹബന്ധമൊഴിയാന്‍ ഇസ്‌ലാം നല്‍കുന്ന അവകാശമായ ഖുല്‍അ് ഭര്‍ത്താവില്‍നിന്ന് ആവശ്യപ്പെടുന്നത് മഹാ അപരാധമായി കാണുന്ന മനോഭാവമാണ് പ്രശ്‌നം. നമ്മുടെ പൊതുബോധത്തില്‍ രൂഢമൂലമായിട്ടുള്ള സ്ത്രീവിരുദ്ധ മനോഘടനയും തെറ്റായ പുരുഷാധികാര പ്രവണതകളും ഇസ്‌ലാമിക ശരീഅത്തിന്റെ നീതിപൂര്‍വകമായ വിധിതീര്‍പ്പുകളെ യാതൊരു കാരണവശാലും സ്വാധീനിക്കരുത്. അതുപോലെ പ്രധാനമാണ് വിവാഹത്തെയും വിവാഹമോചനത്തെയും ലിബറല്‍ യുക്തിയിലൂടെ വായിച്ച് അതിന് ഇസ്‌ലാമിക ശരീഅത്തിന്റെ കുപ്പായമണിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വരുത്തുന്ന അപകടങ്ങളെ തിരിച്ചറിയലും.
ശരീഅത്തിന്റെ വിധി നീതിയില്‍ അധിഷ്ഠിതമായിരിക്കണം എന്നതാണ് മൗലിക പാഠം. പ്രവാചകന്മാരുടെ നീതിബോധമായിരിക്കണം ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതന്മാരുടെയും വിധികര്‍ത്താക്കളുടെയും  മുഖമുദ്ര. ഈ വിഷയത്തില്‍  ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസ്സത്തയെ അതിന്റെ തിളക്കത്തിന് ഒട്ടും മങ്ങലേല്‍ക്കാതെ കാലഘട്ടത്തിന്റെ മുജദ്ദിദ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എത്ര മനോഹരമായാണ് വിശദീകരിച്ചതെന്ന് നോക്കൂ.
ആദ്യം അല്‍ബഖറ അധ്യായത്തില്‍  229-ാം സൂക്തത്തിന് നല്‍കിയ  വിശദീകരണം കാണുക:
''ശരീഅത്തിന്റെ സാങ്കേതികഭാഷയില്‍ ഇതിന് ഖുല്‍അ് എന്നു പറയുന്നു. അതായത്, ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് വല്ല പ്രതിഫലവും കൊടുത്ത് വിവാഹമോചനം നേടുക. ഈ വിഷയത്തില്‍ സ്ത്രീയും പുരുഷനും സ്വന്തമായിത്തന്നെ വീട്ടില്‍വെച്ചു വല്ലതും തീരുമാനിക്കുന്നപക്ഷം ആ തീരുമാനിച്ചതുതന്നെ നടപ്പില്‍ വരുന്നതായിരിക്കും. എന്നാല്‍, പ്രശ്നം കോടതിയിലെത്തിയാല്‍, സ്ത്രീക്ക് ഭര്‍ത്താവുമായി ഇണങ്ങി ജീവിക്കുക അസാധ്യമാകത്തക്കവിധം അവള്‍ അവനെ വെറുത്തുകഴിഞ്ഞിട്ടുണ്ടോ എന്നുമാത്രം കോടതി പരിശോധിക്കുന്നതാണ്. അനന്തരം സ്ഥിതിഗതികള്‍ പരിശോധിച്ച് ന്യായമെന്നു തോന്നുന്ന പ്രതിഫലം നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. കോടതി നിശ്ചയിക്കുന്ന പ്രതിഫലം സ്വീകരിച്ചുകൊണ്ട് ഭാര്യയെ വിവാഹബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനുമാണ്. ഭാര്യക്ക് ഭര്‍ത്താവ് കൊടുത്ത ധനം മടക്കുന്നതില്‍ കവിഞ്ഞ ഒരു പ്രതിഫലം സ്ത്രീയെക്കൊണ്ട് കൊടുപ്പിക്കുന്നത് ഫുഖഹാഅ് പൊതുവെ ഇഷ്ടപ്പെടുന്നില്ല. ഖുല്‍അ് രൂപത്തിലുണ്ടാകുന്ന വിവാഹമോചനത്തില്‍ 'ഇദ്ദ'യുടെ കാലത്ത് സ്ത്രീയെ മടക്കിയെടുക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കുന്നതല്ല. കാരണം, സ്ത്രീ വിവാഹമോചനത്തെ ഭര്‍ത്താവില്‍നിന്ന് വിലയ്ക്ക് വാങ്ങിയതുപോലുള്ള ഒരിടപാടാണ് ഖുല്‍അ്. എന്നാല്‍, ഇദ്ദ കഴിഞ്ഞതിനുശേഷം രണ്ടുപേരും അന്യോന്യം തൃപ്തിപ്പെട്ട് വീണ്ടും വിവാഹബന്ധത്തിലേര്‍പ്പെടാനുദ്ദേശിക്കുകയാണെങ്കില്‍ അതവര്‍ക്ക് തികച്ചും അനുവദനീയമാണ്. ഖുല്‍ഇന്റെ ഇദ്ദ ത്വലാഖിന്റെ ഇദ്ദതന്നെയാണ് എന്നത്രെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, ഒരു ആര്‍ത്തവം മാത്രമാണ് ഖുല്‍ഇന്റെ ഇദ്ദയെന്ന് നബി (സ) നിശ്ചയിച്ചതായി അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ  മുതലായ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള വിവിധ രിവായത്തുകളില്‍നിന്ന് മനസ്സിലാകുന്നു. ഇതനുസരിച്ചുതന്നെ ഉസ്മാന്‍ (റ) ഒരു കേസ് വിധിപറഞ്ഞിട്ടുമുണ്ട്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
ഇതിനോട് ചേര്‍ത്തു പറയേണ്ട മറ്റൊരു കാര്യമുണ്ട്. യാതൊരു കാരണവുമില്ലാതെ ഖുല്‍അ് ആവശ്യപ്പെടുന്ന സ്ത്രീകളെ പ്രവാചകന്‍ കപടവിശ്വാസിനികള്‍ (മുനാഫിഖാത്ത്) എന്ന് വിശേഷിപ്പിച്ച സ്ഥിരപ്പെട്ട ഹദീസുകളുണ്ട്. അത് കുറ്റകരമാണെന്ന് ലളിതയുക്തിയില്‍ തന്നെ ആര്‍ക്കും ബോധ്യമാകും. പ്രത്യേകിച്ച് കാരണമെന്നുമില്ലാതെ പുരുഷന്‍ ത്വലാഖ് ചൊല്ലുന്നതും അതുപോലെ തന്നെ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം കുറ്റകരമാണ്. പക്ഷേ സ്ത്രീ ഭര്‍ത്താവിനോട് ഖുല്‍അ് ആവശ്യപ്പട്ട് അത് അദ്ദേഹം നിരസിച്ചാല്‍ അവള്‍ക്ക് കോടതിയെ / ഖാദിയെ സമീപിക്കാം. പക്ഷേ വിസ്താരവേളയില്‍ ഖുല്‍ഇന്റെ കാരണം അവള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്  ചുഴിഞ്ഞന്വേഷിക്കേണ്ടതില്ല.
ഖുല്‍അ് ആവശ്യപ്പെടുന്ന സ്ത്രീയുടെ ആവശ്യത്തെ പുരുഷന്‍ പൂര്‍ണ സമ്മതത്തില്‍  അംഗീകരിക്കണം, എന്നാല്‍ മാത്രമേ ഖുല്‍അ് സാധ്യമാവുകയുള്ളൂ എന്ന വാദമുയര്‍ത്തി ഖുല്‍ഇലൂടെയുള്ള സ്ത്രീയുടെ വിവാഹ മോചന അവകാശത്തെ ചോദ്യം ചെയ്യുന്ന ചിലരെ കാണാം.  സാബിതുബ്‌നു ഖൈസിന്റെ  ഭാര്യമാര്‍  അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നതില്‍  അതൃപ്തിയുണ്ടെന്ന് അറിയിച്ചപ്പോള്‍ പ്രവാചകന്‍ ആ പ്രശ്‌നം കൈകാര്യം ചെയ്തത്,  അവര്‍ തിരികെ നല്‍കുന്ന മഹ്ര്‍ സ്വീകരിച്ച് അവരെ  ഒഴിവാക്കിക്കൊടുക്കുക എന്ന കല്‍പ്പനയിലൂടെയാണ്. മിഅ്‌വദു ബ്‌നു അഫ്‌റാഇന്റെ  മകളുടെ കാര്യത്തില്‍ ഉസ്മാന്‍  (റ) ചെയ്തതും അപ്രകാരം തന്നെ. സ്ത്രീ ഖുല്‍അ് ആവശ്യപ്പെടുന്നത് ന്യായമായ കാരണത്താലാണോ  വല്ല താല്‍പര്യങ്ങളുടെയും  പേരിലാണോ എന്നൊന്നും നോക്കേണ്ടത് ന്യായാധിപന്റെ  ചുമതലയല്ല. ഭര്‍ത്താവിനെ സ്‌നേഹിച്ച് അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ തീര്‍ച്ചയായും ന്യായാധിപന് സ്ത്രീയെ ഉപദേശിക്കാം. പക്ഷേ അവള്‍ ഇഷ്ടപ്പെടാത്ത കാര്യം നിര്‍ബന്ധിക്കാന്‍ പാടില്ല. കാരണം ഖുല്‍അ് അല്ലാഹു സ്ത്രീക്ക് നല്‍കിയ അവകാശമാണ്. ഭാര്യ ഭര്‍ത്താവിനോടൊത്ത് ജീവിക്കുമ്പോള്‍ അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കപ്പെട്ടേക്കും എന്ന് ആശങ്കിക്കുന്നുവെങ്കില്‍, ഏതവസ്ഥയിലും, അല്ലാഹുവിന്റെ പരിധികള്‍ ലംഘിച്ചു പോലും അവള്‍ ഭര്‍ത്താവിനോടൊപ്പം ജീവിക്കണം എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
വിവാഹമോചനവും പുനര്‍വിവാഹവുമെല്ലാം ജീവിതത്തിന്റെ സ്വഛന്ദപൂര്‍ണമായ ഒഴുക്കിന് ആണിനായാലും പെണ്ണിനായാലും ചിലപ്പോള്‍ അനിവാര്യമായേക്കാം. സങ്കീര്‍ണമായ ചില ഘട്ടങ്ങള്‍   ജീവിതത്തില്‍ നേരിടേണ്ടിയും  വരും. അവിടെ മറുവിഭാഗത്തെ ഉപദ്രവിക്കണമെന്നും മുടക്കിയിടണമെന്നും കരുതുന്ന  ആണധികാരത്തിന്റെ ദുഷ്പ്രവണതകളെ ഇസ്‌ലാമിക ശരീഅത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട്  പഠനവിധേയമാക്കേണ്ടതുണ്ട്. ഈ സ്പിരിറ്റില്‍ കോടതിവിധിയെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
ത്വലാഖിന്റെ കാര്യത്തിലെന്ന പോലെ ഖുല്‍ഇലും  സമുദായത്തിലെ മഹല്ല് സാമൂഹിക സംവിധാനങ്ങള്‍ സക്രിയമായും കാര്യക്ഷമതയോടെയും നീതിബോധത്തോടെയും ഇടപെടുകയും വിധിതീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വിവാഹമോചനമാവശ്യപ്പെട്ട് വര്‍ഷങ്ങളോളം  സ്ത്രീക്ക് കോടതി വരാന്തകളില്‍ കാത്തു കെട്ടിക്കിടക്കേണ്ട  ഗതികേടുമുണ്ടാകുമായിരുന്നില്ല. ന്യായമായ കാരണങ്ങളാല്‍ ഭര്‍ത്താവില്‍നിന്നും വിവാഹമോചനമാവശ്യപ്പെട്ടിട്ടും അയാള്‍ അത് നല്‍കാതിരിക്കുകയും തുടര്‍ന്ന് സ്ത്രീ ഖാദിയെ സമീപിക്കുകയും ചെയ്തതിനു ശേഷവും അവള്‍ക്ക് നീതി ലഭ്യമാവാതിരിക്കുക ഇസ്‌ലാമിക ശരീഅത്ത് പ്രകാരം അസംഭവ്യമാണ്.
കേരള ഹൈക്കോടതിയുടെ പുതിയ വിധിപ്രസ്താവം ഇസ്‌ലാം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ സ്ത്രീകള്‍ ഖുല്‍ഇനെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുമെങ്കില്‍ അതില്‍ അപകടമുണ്ട്. ത്വലാഖും അങ്ങനെ ദുരുപയോഗം ചെയ്യാന്‍ പാടില്ലല്ലോ. എന്നാല്‍ കോടതിവിധിയിലടങ്ങിയ മുസ്‌ലിം സ്ത്രീകള്‍ക്കുള്ള വിവാഹമോചനാവകാശത്തെ ഊന്നിപ്പറയുന്ന  ഇസ്‌ലാമിക മൂല്യത്തെ  നാം പിന്തുണക്കുകയും മുഖവിലക്കെടുക്കുകയും ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ട് കോടതി സയ്യിദ് മൗദൂദിയെ പോലുള്ള  പണ്ഡിതന്മാരെ ഉദ്ധരിച്ച് അത്തരം നിരീക്ഷണങ്ങളിലേക്ക് എത്തിപ്പെടുന്നു എന്നതിനെക്കുറിച്ച് സാമൂഹിക ബോധത്തോടെയും ചരിത്രബോധത്തോടെയും സംഘടനാഭേദമന്യേ സമുദായത്തിലെ പണ്ഡിതന്മാര്‍  പഠനം നടത്തി നോക്കുക. അവസാനമായി ഒന്നേ പറയാനുള്ളൂ; അല്ലാഹുവിന്റെ ശരീഅത്തിന്റെ അന്തസ്സത്ത ഒട്ടും ചോരാതെ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ഉമ്മത്തിനകത്തെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക തന്നെ വേണം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍