Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 13

3213

1443 മുഹര്‍റം 04

പെഗസസ്,  ഓരോ ഇന്ത്യക്കാരനും ഉത്തരമറിയാം

ഇസ്രയേല്‍ ചാരസംഘത്തില്‍ ജോലി ചെയ്തിരുന്നു ഒരു കാലത്ത്  നിവ് കര്‍മിയും ശാലേവ് ഹുലിയോയും ഒംരി ലെവിയും. തൊഴിലില്‍നിന്ന് വിരമിച്ചപ്പോള്‍ ചാരവൃത്തി തന്നെ ഉപജീവനമാക്കാനും അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് മൂവരും ചേര്‍ന്ന് എന്‍.എസ്.ഒ എന്ന സൈബര്‍ കമ്പനിക്ക് രൂപം നല്‍കുന്നത്. അവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതാണ് എന്‍.എസ്.ഒ. ആ കമ്പനി നിര്‍മിച്ച പെഗസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഐഫോണിലേക്കും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലേക്കും കടന്നുകയറി ലോകമൊട്ടുക്കുമുള്ള പ്രമുഖ ഭരണകര്‍ത്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയത് ഉയര്‍ത്തിവിട്ട വിവാദ കൊടുങ്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഫോണ്‍ വരെ ചോര്‍ത്തപ്പെട്ടു. അദ്ദേഹം ഫോണ്‍ മാറ്റാന്‍ നിര്‍ബന്ധിതനായി. ഉള്ളില്‍ രോഷം തികട്ടുന്നുണ്ടെങ്കിലും മറുപക്ഷത്ത് ഇസ്രയേല്‍ ആയതു കൊണ്ട് സയണിസത്തിന്റെ സഹകാരികളായ ഇത്തരം നേതാക്കള്‍ മൗനമവലംബിക്കുകയാണ്. 2010-ല്‍ മൂന്ന് വ്യക്തികള്‍ തുടക്കമിട്ട കമ്പനിയാണ് പെഗസസ് നിര്‍മിച്ചതെങ്കിലും ഇസ്രയേല്‍ ഭരണകൂടത്തിന് അതുമായുള്ള ബന്ധം തള്ളിക്കളയാനാവില്ല. ഭരണകൂട ഏജന്‍സികള്‍ക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ തങ്ങള്‍ വിറ്റിട്ടുള്ളൂ എന്നാണ് നിര്‍മാതാക്കളുടെ വാദം. ഇസ്രയേല്‍ ഭരണകൂടത്തിന്റെ അനുവാദവും ആശീര്‍വാദവുമില്ലാതെ ഇതെങ്ങനെയാണ് സാധ്യമാവുക? മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇതെന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശയമില്ല. അതുകൊണ്ടാണല്ലോ  വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബഹളം വെച്ചത് കാരണം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും ഇതെഴുതുമ്പോഴും അവയുടെ കാര്യപരിപാടികളുമായി മുന്നോട്ടു പോകാന്‍ കഴിയാത്തത്. പക്ഷേ അമേരിക്കന്‍ പ്രസിഡന്റടക്കമുള്ള മനുഷ്യാവകാശ - ജനാധിപത്യ 'സംരക്ഷകര്‍' തങ്ങള്‍ എന്തോ പറഞ്ഞിട്ടുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മൗനത്തിലേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. ലോകാഭിപ്രായത്തെ തങ്ങള്‍ ഇഛിക്കുംവിധം രൂപപ്പെടുത്തുന്നതില്‍ ഇസ്രയേലിന്റെ മേധാശക്തിയാണ് ഈ മൗനത്തിലൂടെയും ഒഴിഞ്ഞുമാറലിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നത്.
നടക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി അറിയാനും അവ ആസൂത്രണം ചെയ്യുന്നവരെ പിടികൂടാനുമാണ് തങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നതെങ്കിലും അതില്‍ തരിമ്പും സത്യമില്ല എന്നാണ് പെഗസസ് നടത്തിയ ഓരോ ചാരവൃത്തിയും പറഞ്ഞു തരുന്നത്. അമേരിക്കയും ഇസ്രയേലും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരിലേക്ക് പോലും പെഗസസിന്റ ചാരക്കണ്ണുകള്‍ നീണ്ടു ചെന്നിട്ടില്ല. മറിച്ച് ഏകാധിപതികളുടെ രാഷ്ട്രീയ പ്രതിയോഗികളും നീതിക്കു വേണ്ടി പൊരുതുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമൊക്കെയാണ് അതിന്റെ ഇരകള്‍. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വരെ ചോര്‍ത്തപ്പെട്ടു. എന്നിട്ടും ഇതുവരെ ഇതു സംബന്ധമായി ഒരക്ഷരം മിണ്ടാന്‍ മോദി ഗവണ്‍മെന്റ് തയാറായിട്ടില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞതുപോലെ മൂന്ന് സാധ്യതകളേ നിലനില്‍ക്കുന്നുള്ളൂ. ഒന്ന്: മോദി ഭരണകൂടം നേരിട്ടു തന്നെ വളരെ ആസൂത്രിതമായി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുകയായിരുന്നു. രണ്ട്: തീര്‍ത്തും നിയമവിരുദ്ധമായി ചാരപ്പണിക്കു വേണ്ടി ഭരണകൂടം വേറെ ചില ഏജന്‍സികളെ ഏല്‍പ്പിക്കുകയായിരുന്നു. മൂന്ന്: ഇതു സംബന്ധമായി ഭരണകൂടത്തിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഗവണ്‍മെന്റിനെ അറിയിക്കാതെ ഏതോ ഏജന്‍സികള്‍ ചാരപ്പണി നടത്തുകയായിരുന്നോ? എങ്കില്‍ ഏതൊക്കെയാണ് ആ ഏജന്‍സികള്‍? എന്തുകൊണ്ടാണ് അവക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്തത്? ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കു മാത്രമേ തങ്ങള്‍ പെഗസസ് വിറ്റിട്ടുള്ളൂ എന്ന് ഉടമകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, ഭരണകൂടം അറിയാതെ അത് എങ്ങനെയാണ് ഇന്ത്യയില്‍ എത്തുക? ഈ ചോദ്യങ്ങള്‍ക്കൊന്നും മോദി ഭരണകൂടം മറുപടി പറയാന്‍ പോകുന്നില്ല. അതിന്റെ ആവശ്യവുമില്ല. കാരണം ഓരോ ഇന്ത്യന്‍ പൗരന്നും അവയുടെ ഉത്തരമറിയാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (67-76)
ടി.കെ ഉബൈദ്‌

ഹദീസ്‌

നമസ്‌കാരശേഷം പതിവാക്കേണ്ട ദിക്‌റുകള്‍
സി.പി മുസമ്മില്‍ കണ്ണൂര്‍