Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

നല്ല പരിചാരകര്‍

എം.എം മുഹ്‌യിദ്ദീന്‍

മറന്നുപോകുന്ന പ്രകൃതമാണ് മനുഷ്യന്റേത്. അതിനാല്‍ മുന്നറിയിപ്പുകള്‍ക്കും ഉണര്‍ത്തലുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. എല്ലാ നാഗരികതകളുടെയും ചരിത്രം വികാസങ്ങള്‍ക്കൊപ്പം തിരിച്ചടികളുടേത് കൂടിയാണ്. സംസ്‌കാരങ്ങള്‍ നിരന്തരം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
ദൈവദൂതന്മാരുടെ ചരിത്രദൗത്യവും ഇതു തന്നെയായിരുന്നു.  തത്ത്വത്തിലും  പ്രയോഗത്തിലും വിരുദ്ധങ്ങളോ വ്യത്യസ്തങ്ങളോ ആയ 'മത'ങ്ങള്‍ സ്ഥാപിക്കുകയായിരുന്നില്ല അവര്‍; ഒരേ ആദര്‍ശത്തെത്തന്നെ വ്യത്യസ്ത സമൂഹങ്ങളില്‍ കാലോചിതമായി പ്രയോഗിക്കുകയും പ്രതിനിധീകരിക്കുകയുമായിരുന്നു. അവരുടെ ആശയങ്ങള്‍ ജീവിതഗന്ധിയും, സംവേദന ശൈലി മനുഷ്യപ്പറ്റുള്ളതുമായിരുന്നു. സ്വാര്‍ഥങ്ങളില്‍നിന്നും സ്വജനപക്ഷപാതങ്ങളില്‍നിന്നും പ്രാകൃതമായ വിവേചനങ്ങളില്‍നിന്നും പുറത്തുകടന്ന് മനുഷ്യോല്‍ക്കര്‍ഷത്തിനു വേണ്ടി ജീവിതം കൊണ്ട് സാക്ഷികളാവുകയായിരുന്നു അവര്‍. ഖുര്‍ആന്‍ ആ സമീപനത്തെ സംക്ഷേപിക്കുന്നതിങ്ങനെയാണ്: ''ജനങ്ങള്‍ക്കു വേണ്ടി ഉയിരെടുത്ത മാതൃകാ സമൂഹമാണ് നിങ്ങള്‍. സുപരിചിതമായ മൂല്യങ്ങളെ കൈയേല്‍ക്കുകയും പ്രാകൃതമായതിനെ നിരാകരിക്കുകയും ചെയ്യുന്നവര്‍. നിങ്ങള്‍ അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യുന്നു'' (3:110). നൈതിക മൂല്യങ്ങളുടെയും മാനവികതയുടെയും കാവലാളുകളാകേണ്ട സമുദായം എന്നര്‍ഥം.
നാമുള്‍പ്പെടുന്ന വിസ്മയ പ്രപഞ്ചത്തിന്റെ സാക്ഷാല്‍ സ്രഷ്ടാവും  പരിപാലകനുമാണ് അല്ലാഹു. നാമെല്ലാം ഒരേ ആദി മാതാപിതാക്കളുടെ മക്കളാണ്. മനുഷ്യജന്മത്തിന്റെ ഭൗതിക ഘടകങ്ങളെല്ലാം മണ്ണിലാണ്. അതുകൊണ്ടുതന്നെ സുകൃതങ്ങളല്ലാതെ മഹത്വത്തിന് മറ്റു മാനദണ്ഡങ്ങളില്ല. ഈ യാഥാര്‍ഥ്യത്തെ യുക്തിഭദ്രമായി സ്ഥാപിക്കുകയാണ് ദൈവദൂതന്മാര്‍ നിരന്തരം ചെയ്തുപോന്നത്. ഇതിന് വിരുദ്ധമായ വിവേചനങ്ങളത്രയും കാലാകാലങ്ങളില്‍  ചിലരുടെ ആധിപത്യ മനോഭാവത്തില്‍നിന്ന് ഉടലെടുത്തതായിരുന്നു. 'പക്ഷപാതിത്വങ്ങളിലേക്ക് വിളിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന്  മുഹമ്മദ് നബി (സ) താക്കീത് ചെയ്തിട്ടുണ്ട്. ജന്മഗേഹത്തില്‍നിന്ന് തിരസ്‌കൃതനായി മദീനയിലെത്തുന്ന അദ്ദേഹം, യഹൂദരും ബഹുദൈവ വിശ്വാസികളുമുള്‍പ്പെടെ മുഴുവന്‍ പൗരന്മാരുടെയും മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തി നടത്തിയ നയപ്രഖ്യാപനം ചരിത്രപ്രസിദ്ധമാണ്. ഒടുവില്‍ വിജയിയായി ജന്മനാട്ടില്‍ തിരിച്ചെത്തുമ്പോള്‍, ഇക്കാലമത്രയും തന്റെ കര്‍മഭൂമിയില്‍ തീക്കനല്‍ തീര്‍ത്ത അബൂസുഫ്‌യാന്റെ ഭവനത്തില്‍ അഭയം തേടുന്നവനും സുരക്ഷിതനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിയോഗികളെയും പ്രതിപക്ഷത്തെയും പരിഗണിക്കാനും ആദരിക്കാനുമുള്ള തന്റെ ആദര്‍ശത്തിന്റെ കരുത്താണ് ഇവിടെ വിളംബരം ചെയ്യുന്നത്.
ബോധ്യമുള്ള ആദര്‍ശത്തെ ആര്‍ജവത്തോടെ പ്രതിനിധീകരിക്കുമ്പോഴും അത് തള്ളാനും കൊള്ളാനുമുള്ള പൗരസമൂഹത്തിന്റെ അവകാശത്തെ വേദവാക്യങ്ങളിലൂടെ തന്നെ അദ്ദേഹം വിലമതിച്ചു: ''നിന്റെ രക്ഷിതാവില്‍നിന്നുള്ള സത്യം വിളംബരം ചെയ്തുകൊള്ളുക, ഇഛിക്കുന്നവന്‍ അംഗീകരിച്ചുകൊള്ളട്ടെ, ഇഛിക്കുന്നവന്‍ തള്ളിക്കളയുകയും ചെയ്യട്ടെ'' (ഖുര്‍ആന്‍ 18:29). നമ്മുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെയും വിവേചനാധികാരത്തെയും വിലമതിക്കാനുള്ള ദിവ്യസരണിയുടെ ശേഷിയെയാണ് ഈ വചനം എടുത്തോതുന്നത്. ഉദാത്തമായ ഈ മാനവികതയുടെ പ്രതിനിധാനം പോലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക പരിസരത്താണ് ഇന്ന് നാം ജീവിക്കുന്നത്.
സഹജീവികളുടെ അവകാശങ്ങള്‍ നിഷേധിച്ചും വേദനകള്‍ അവഗണിച്ചും വ്യക്തിനിഷ്ഠമായ സാധനയിലൂടെ മാത്രം നേടാന്‍ കഴിയുന്നതല്ല പുണ്യം. പുരോഹിതന്റെ താന്ത്രികവിദ്യകളില്‍ പുളകിതമാകുന്ന ധ്യാനകേന്ദ്രങ്ങളിലും, ഭൗതിക വിരക്തിയില്‍ കാടുകയറി ധ്യാനിച്ചുതീരുന്ന 'വിശുദ്ധജന്മ'ങ്ങളിലും മതം ജീവിക്കുന്നില്ല. മനുഷ്യരിലൂടെ തന്നെയാണ് ദൈവസാമീപ്യത്തിന്റെ രാജപാത. അതായിരുന്നു ദൈവദൂതന്മാര്‍ ത്യാഗപൂര്‍വം നടന്നുതീര്‍ത്ത അനുഗൃഹീത പാത.
സാങ്കേതികത്വങ്ങളുടെ ചുവപ്പുനാടകളില്‍ കെട്ടിയിടപ്പെടുന്ന സാധാരണക്കാരുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍, കുറ്റമെന്തെന്നറിയാതെ ഒരു പുരുഷായുസ്സിന്റെ വസന്തമത്രയും കാരാഗൃഹങ്ങളില്‍ എരിഞ്ഞുതീരുന്ന യൗവനങ്ങള്‍, വിചാരണ പോലും നിഷേധിക്കപ്പെട്ട് വെറുതെ ക്രൂശിക്കപ്പെടുന്ന നിരപരാധികള്‍, വികസനത്തിന്റെ മറവില്‍ മണ്ണും വിണ്ണും കൊള്ളയടിക്കപ്പെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂമിയുടെ അനന്തരാവകാശികള്‍, വ്യവസായ ഭീമന്മാരുടെ കിടമത്സരങ്ങളില്‍ ശുദ്ധ വായുവും വെള്ളവും നിഷേധിക്കപ്പെടുന്ന മണ്ണിന്റെ മക്കള്‍. ഇങ്ങനെ ചുറ്റിലും കാണുന്നത് അവകാശനിഷേധത്തിന്റെ മൂകസാക്ഷ്യങ്ങള്‍. 'നിങ്ങളില്‍ ഏറ്റവും ദുര്‍ബലന്‍ അയാളുടെ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതു വരെ എന്റെ മുന്നില്‍ ശക്തനായിരിക്കും. നിങ്ങളില്‍ ഏറ്റവും ശക്തന്‍ അയാളുടെ ബാധ്യതകള്‍ നിര്‍വഹിക്കാത്തിടത്തോളം എന്റെ മുന്നില്‍ ഏറെ ദുര്‍ബലനുമായിരിക്കും'- മദീനയില്‍ ഭരണഭാരമേറ്റെടുത്ത് വികാരഭരിതനായി ഖലീഫ അബൂബക്ര്‍ നടത്തിയ നയപ്രഖ്യാപനമാണിത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനകോടികള്‍ക്കു വേണ്ടി ഈ പ്രഖ്യാപനമേറ്റെടുക്കുമ്പോഴാണ് നാം ഭൂമിയുടെ പരിചാരകരും കാവലാളുകളുമാകുന്നത്.
''നിങ്ങള്‍ക്കെന്തായിപ്പോയി? മര്‍ദകപ്പരിശകളുടെ ഈ ദുരന്തഭൂമിയില്‍നിന്ന് ഞങ്ങളെ നീ പുറത്തെടുക്കേണമേ എന്ന് ദീനമായി വിലപിക്കുന്ന ദുര്‍ബലരായ സ്ത്രീപുരുഷന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ പൊരുതുന്നില്ല!'' (ഖുര്‍ആന്‍: 4:75).
പീഡിതരുടെ വിമോചന വാക്യമാണിത്. ഇത്തരം ദിവ്യവിളംബരങ്ങളുടെ ചുവടു പിടിച്ചാണ് നമുക്ക് സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പുകള്‍ സാധിക്കേണ്ടത്. ഭൂമിയില്‍ മര്‍ദിതരുടെ വിമോചന മന്ത്രവും അതിന്റെ പ്രയോഗങ്ങളും വരെ തീവ്രതയുടെ സ്റ്റിക്കറൊട്ടിച്ച് അപരവല്‍ക്കരിക്കപ്പെടുന്ന  കെട്ട കാലത്തെ കരുതി വേണം നമുക്ക് മുന്നോട്ടു പോകാന്‍.
വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിന്റെ മഹിതപാഠങ്ങള്‍ വേദവചനങ്ങള്‍ ആവര്‍ത്തിച്ചനുശാസിക്കുന്നുണ്ട്: ''ഹേ വിശ്വാസികളേ, നിങ്ങള്‍ നീതിയുടെ സാക്ഷികളായി ദൈവമാര്‍ഗത്തില്‍ നിവര്‍ന്നു നില്‍ക്കുക. ഒരു ജനതയുടെ (നിങ്ങളോടുള്ള) വിരോധം അവര്‍ക്ക് നീതി തടയാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി ചെയ്യുക, അതാണ് ദൈവബോധത്തോട് ഏറ്റവും അടുത്തത്. ദൈവത്തെ സൂക്ഷിക്കുക, നിങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും സൂക്ഷ്മമായി അറിയുന്നവനാണവന്‍'' (ഖുര്‍ആന്‍: 5:8).
കുടിപ്പക നെഞ്ചിലേറ്റുന്ന ശത്രുവിനു പോലും നീതി നിഷേധിക്കപ്പെട്ടുകൂടെന്ന പ്രബുദ്ധ രാഷ്ട്രീയമാണിവിടെ മതം. നീതിയും സത്യവും പുലരണം. അക്രമികളെങ്കില്‍ ഉറ്റവര്‍ പോലും സംരക്ഷിക്കപ്പെടാത്ത നീതി. സമ്പന്നന്നും ദരിദ്രന്നുമിടയില്‍ വിവേചനം കല്‍പ്പിക്കാത്ത ഉത്കൃഷ്ട നീതി. ഇസ്‌ലാം സാര്‍ഥകമാകുന്നതിവിടെയാണ്.
''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സാക്ഷികളായി നീതിക്കായി എഴുന്നേല്‍ക്കുക. അത് നിങ്ങള്‍ക്കു തന്നെ എതിരായാലും, സ്വന്തം മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരായാലും. ഒരാള്‍ പണമുള്ളവനോ ഇല്ലാത്തവനോ ആരുമാവട്ടെ, ദൈവമാണേറ്റവും യോഗ്യന്‍. നീതിനിര്‍വഹണത്തില്‍ നിങ്ങള്‍ തന്നിഷ്ടങ്ങളെ പിന്തുടരരുത്'' (ഖുര്‍ആന്‍ 4:135).
ക്രൂരമായ സ്വജന, വംശീയ പക്ഷപാതിത്വങ്ങളും അതിരുകളില്ലാത്ത സാമ്രാജ്യത്വമോഹങ്ങളും സാര്‍വദേശീയമായി കുരുതികൊടുത്ത മൂല്യമാണിന്ന് നീതി. അപരിഹരിക്കപ്പെട്ട ഈ മൂല്യം വീണ്ടെടുക്കണമെന്ന് ഇസ്‌ലാമിന് ശാഠ്യമുണ്ട്. കാരണം അത് മനുഷ്യത്വത്തിന്റെ തന്നെ വീണ്ടെടുപ്പാണ്.
ഖുര്‍ആനിലെ 'അല്‍മാഊന്‍' അധ്യായത്തിന്റെ പ്രമേയം തന്നെ അവകാശനിഷേധത്തിലെ ഈ മതനിരാസത്തെ കുറിച്ചാണ്: ''മതത്തെ തള്ളിക്കളഞ്ഞവനെ നീ കണ്ടില്ലേ? (നിര്‍ദാക്ഷിണ്യം) അനാഥയെ അവഗണിക്കുന്നവന്‍, ഗതിമുട്ടിയവന്റെ അന്നത്തിന് പ്രേരിപ്പിക്ക പോലും ചെയ്യാത്തവന്‍. ഇങ്ങനെ അലസമായി ധ്യാനിക്കുന്നവര്‍ക്കു തന്നെ നാശം, ലോകമാന്യക്കാര്‍, കൊച്ചുകൊച്ചു നന്മകളുടെ പോലും വഴിമുടക്കികള്‍.''
ഇവരാണ് ആദര്‍ശത്തെ അവഗണിക്കുന്നവര്‍. സാന്ത്വനത്തിന്റെ കൈസ്പര്‍ശവും അരികുവല്‍ക്കരിക്കപ്പെട്ടവന്റെ അത്താണിയുമാണിവിടെ മതം. 
സമയോചിതമായ സാമൂഹിക ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഗിരിനിരകള്‍ കടന്നുപോകുന്ന സാഹസികതയോടാണ് ഖുര്‍ആന്‍ അതിനെ താരതമ്യം ചെയ്യുന്നത്: ''ദുര്‍ഘടമായ ഗിരിനിരകള്‍ അവന്‍ മറികടക്കുന്നില്ല. ഏതാണാ ദുര്‍ഘടപാതയെന്നല്ലേ? അടിമത്ത മോചനം (സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പ്), അടുത്ത അനാഥയെയും, പഞ്ഞ നാളുകളില്‍ ദുരിതക്കയത്തില്‍പെട്ട അഗതിയെയും ആഹരിപ്പിക്കുക, പിന്നെ വിശ്വസിക്കയും അനുകമ്പയും സഹനവും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരോടൊപ്പമാവുക'' (ഖുര്‍ആന്‍ 90: 11-17). ദൈവിക ദര്‍ശനത്തിന്റെ ഈ ജൈവികത തന്നെയാണ് പുതിയ കാലത്തും പോരാട്ട നിലങ്ങളില്‍ പ്രചോദനമാകാനും പണാധിപത്യത്തിന്റെ പ്രണേതാക്കളെ കിടിലം കൊള്ളിക്കാനും അതിന് കരുത്തു പകരുന്നത്.
വിമലമായ വായുവും ശുദ്ധമായ വെള്ളവും ആരോഗ്യദായകമായ ഫലങ്ങളും ദിവ്യാനുഗ്രഹങ്ങളാണ്. അവക്ക് നിലനില്‍ക്കാനും നമുക്കനുഭവിക്കാനും പാകത്തില്‍ സന്തുലിതമാണ് പ്രപഞ്ചഘടന. പക്ഷേ, നേടിയെടുത്ത സാങ്കേതിക വികാസത്തിന്റെ ബലത്തിലും ഹുങ്കിലും ഈ അനുഗൃഹീത പ്രകൃതിയോട് നീതി ചെയ്യാന്‍ നാം മറന്നുപോയിരിക്കുന്നു.
ആരാധനാലയത്തിന് പുറത്തും പ്രപഞ്ചത്തോളം ഇടവും ഇടപെടലും ആവശ്യപ്പെടുന്നുണ്ട് ഖുര്‍ആന്‍. 'വാനലോകത്തെ അവന്‍ പടുത്തുയര്‍ത്തി, അതിന്റെ ബാലന്‍സും അവന്‍ ഉറപ്പു വരുത്തി. എന്തെന്നാല്‍ നിങ്ങളായിട്ട് അതിന്റെ സന്തുലിതത്വം തകര്‍ത്തുകളയാതിരിക്കാന്‍. നീതിബോധത്തോടെ അതിന്റെ ശരിയായ മാത്ര കാത്തുസൂക്ഷിക്കുക. നിങ്ങളുടെ ഇടപെടലുകള്‍ അതിന്റെ ബാലന്‍സ് തകര്‍ക്കാതിരിക്കട്ടെ.' ഖുര്‍ആനിലെ 'കരുണാമയന്‍' എന്ന അധ്യായത്തില്‍നിന്നുള്ള ബോധനമാണിത്. പ്രകൃതിയുടെ കരുത്തുറ്റ കാവലാളുകളും അന്തസ്സുറ്റ പരിചാരകരുമായി ജീവിക്കുമ്പോഴാണ് ഭൂമിയില്‍ നാം ദൈവത്തിന്റെ സാക്ഷാല്‍ പ്രതിനിധികളാവുന്നത്. 
അതേ, നമുക്ക് മണ്ണിന്റെയും വിണ്ണിന്റെയും മനുഷ്യരുടെയും നല്ല പരിചാരകരായി ജീവിക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി