Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

സിദ്ദീഖ് ഹസന്‍ സൂഫിയായ വിപ്ലവകാരി

വി.െക അലി

പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബ് എന്റെ സതീര്‍ഥ്യനായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു; 1974 മുതല്‍ 78 വരെയുള്ള കാലയളവില്‍. അദ്ദേഹം ഫാറൂഖ് റൗദത്തുല്‍ ഉലൂമില്‍നിന്നാണ് ശാന്തപുരത്തേക്ക് ചേക്കേറിയത്. അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ പി.കെ ജമാല്‍, വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി, പി.വി അബ്ദുല്‍ ജബ്ബാര്‍, ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട് തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. സിദ്ദീഖ് ഹസന്‍ സാഹിബിന് ഞങ്ങളേക്കാളെല്ലാം രണ്ടുമൂന്ന് വയസ്സ് കൂടുതലുാവും. കാരണം അഫ്ദലുല്‍ ഉലമ ഫൈനല്‍ ക്ലാസ്സില്‍നിന്നായിരുന്നു അദ്ദേഹം ശാന്തപുരത്തേക്ക് മാറിയത്.
നേരത്തേ തന്നെ ആനുകാലികങ്ങളില്‍ എഴുതുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. വാരികയായി പ്രബോധനം ടാബ്ലോയ്ഡ് രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ ആദ്യലക്കത്തില്‍ തന്നെ അദ്ദേഹത്തിന്റെ ലേഖനം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. അന്ന് ഞങ്ങളെ സംബന്ധിച്ചേടത്തോളം അതെല്ലാം ബാലികേറാമലയായിരുന്നു. റൗദത്തില്‍ ആയിരുന്നപ്പോഴാണ് അദ്ദേഹം പ്രസ്തുത ലേഖനം എഴുതിയത്. അതിനാല്‍ ഞങ്ങളുടെ ക്ലാസ്സിലേക്ക് സിദ്ദീഖ് ഹസന്‍ സാഹിബ് കടന്നുവന്നപ്പോള്‍ അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. അതുവരെ ക്ലാസ്സിലെ ഒന്നാം റാങ്കുകാരനായ എനിക്ക് ബെസ്റ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയായി. അങ്ങനെ സംഭവിച്ചില്ല എന്നതില്‍ എന്റെ മനസ്സ് ആശ്വാസം കൊണ്ടു.
അന്നു മുതല്‍ക്കേ സിദ്ദീഖ് സാഹിബ് രോഗിയായിരുന്നു. വിട്ടുമാറാത്ത വയറുവേദന അദ്ദേഹത്തെ ബാധിച്ചിരുന്നു. എരിവും പുളിയും ഇല്ലാത്ത കറിയായിരുന്നു അദ്ദേഹത്തിനു വേണ്ടി തയാറാക്കിയിരുന്നത്. അത് പലപ്പോഴും കിട്ടാത്തതിനാല്‍ അദ്ദേഹം ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവും.
സിദ്ദീഖ് ഹസന്‍ സാഹിബ് വായനാപ്രിയനും പ്രസംഗകനും ആയിരുന്നു. അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്ന സയ്യിദ് ഖുത്വ്ബിന്റെയും മുഹമ്മദ് ഖുത്വ്ബിന്റെയും മുഹമ്മദുല്‍ ഗസ്സാലിയുടെയുമെല്ലാം പുസ്തകങ്ങള്‍ അദ്ദേഹം ആര്‍ത്തിയോടെ വായിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ കുളിച്ച് വസ്ത്രം മാറ്റി ഏതെങ്കിലും ഒരു അറബി പുസ്തകത്തോടൊപ്പം 'അല്‍ മുന്‍ജിദ്'  എന്ന അറബി ഡിക്ഷ്ണറിയും എടുത്ത് അദ്ദേഹം ക്ലാസ്സില്‍ പോയിരിക്കും. അന്നുമുതല്‍ക്കേ നല്ലൊരു പ്രഭാഷകന്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കാണപ്പെട്ടിരുന്നു.
പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ വളരെ തല്‍പരനായിരുന്നു അദ്ദേഹം. ഫൈനല്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഹല്‍ഖയുടെ നാസിം അദ്ദേഹവും സെക്രട്ടറി ഈയുള്ളവനുമായിരുന്നു. വിദ്യാര്‍ഥികളില്‍ കാണുന്ന ദുഷ്പ്രവണതകളെ അതിശക്തിയായി വിമര്‍ശിക്കുകയും പ്രസ്ഥാനത്തെ അതിശക്തിയായി പിന്തുണക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്.
അസുഖം കാരണമോ പ്രതികൂല സാഹചര്യം നിമിത്തമോ ശാന്തപുരത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ശാന്തപുരം വിട്ട ശേഷം അദ്ദേഹം അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കുകയും അറബിഭാഷയില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് പല സ്ഥലങ്ങളിലും ലക്ചററായും പ്രഫസറായും ജോലി ചെയ്തു. ഇക്കാലത്തെല്ലാം പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവും പ്രബോധന മേഖലയില്‍ നിറസാന്നിധ്യവുമായിരുന്നു.
സിദ്ദീഖ് ഹസന്‍ സാഹിബുമായുള്ള എന്റെ സൗഹൃദം അപ്പോഴും നിലനിന്നു. പ്രസ്ഥാന നേതൃനിരയിലേക്ക് അദ്ദേഹം വരികയും ഞാന്‍ ഖത്തറിലേക്ക് ഉപരിപഠനത്തിനും പിന്നീട് ജോലിയിലേക്കും തിരിയുകയും ചെയ്തതോടെ ഈ ബന്ധം കൂടുതല്‍ ശക്തമായി. ജമാഅത്തെ ഇസ്‌ലാമി കേരള അമീറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അദ്ദേഹം  ഖത്തറില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കാനും പ്രധാന വ്യക്തിത്വങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്താനും അവസരമുണ്ടായി. ഈ സന്ദര്‍ശനത്തില്‍ ഉണ്ടായ ഒരനുഭവം എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുകയും അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിപ്പിക്കുകയും ചെയ്തു.
ഗള്‍ഫില്‍ വരുന്നവര്‍ക്കെല്ലാം അവരുടെ നാട്ടുകാരും കൂട്ടുകാരും എന്തെങ്കിലും ഗിഫ്റ്റുകള്‍ കൊടുക്കുക സാധാരണമാണ്. സിദ്ദീഖ് ഹസന്‍ സാഹിബ് ഇതൊന്നും സ്വീകരിക്കുകയില്ലെന്ന് അറിയുന്നതിനാല്‍ അദ്ദേഹം മടങ്ങുന്നതിന് തലേദിവസം ഒരു ലേഡീസ് വാച്ചും സാരിയും വാങ്ങി അദ്ദേഹം അറിയാതെ പെട്ടിയില്‍ വെക്കാന്‍ ഞാന്‍ ഒരു സുഹൃത്തിനെ ഏര്‍പ്പാട് ചെയ്തു. ബാഗ് ഒരുക്കുന്നതിനിടയില്‍ ഇത് ശ്രദ്ധയില്‍പെട്ട സിദ്ദീഖ് സാഹിബ് ഇതെന്താണെന്ന് തന്റെ കൂടെയുള്ളവരോട് ചോദിച്ചു. അത് അലി സാഹിബ് കൊടുത്തുവിട്ടതാണെന്ന് അറിഞ്ഞപ്പോള്‍ അത് തിരിച്ചുകൊടുത്തുകൊണ്ട് അലി സാഹിബിനോട് 'ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് പറയൂ' എന്ന് നിര്‍ദേശിച്ചു. സിദ്ദീഖ് സാഹിബിന്റെ ഈ കര്‍ശന നിലപാട് അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്ന പലര്‍ക്കും പ്രയാസം ഉണ്ടാക്കിയിരുന്നു.
മറ്റൊരു സംഭവം കൂടി അനുസ്മരിക്കട്ടെ. ഖത്തറില്‍ ജോലിചെയ്തിരുന്ന പ്രസ്ഥാന ബന്ധുക്കളായ കുറേ പേര്‍ ഷെയറെടുത്ത് രാമനാട്ടുകരയില്‍ ഒരു വാണിജ്യ സമുച്ചയം പണിതു. ഹോട്ടല്‍, ലോഡ്ജ്, ടെക്‌സ്റ്റൈല്‍സ്, ഗ്രോസറി എല്ലാം അടങ്ങുന്ന ബിസിനസ് കോംപ്ലക്‌സ്. ഇതു പക്ഷേ കൊണ്ടുനടത്താന്‍ പ്രാപ്തരായ ആളുകള്‍ ഇല്ലാത്തതിനാലും ഉടമസ്ഥരെല്ലാം വിദേശത്തായിരുന്നതിനാലും ബിസിനസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. അവസാനം ഇത് വിറ്റൊഴിവാക്കാന്‍ തീരുമാനിക്കുകയും പല ബ്രോക്കര്‍മാരെയും സമീപിക്കുകയും ചെയ്തു. ഒരു കോടിയിലേറെ രൂപ മുതല്‍മുടക്കിയിരുന്ന സ്ഥാപനത്തിന്റെ മതിപ്പുവില കച്ചവടക്കാരുടെ കണ്ണില്‍ 80 ലക്ഷത്തിന് മുകളിലേക്ക് പോയില്ല. 85 എങ്കിലും കിട്ടിയാല്‍ വില്‍ക്കാമെന്നേടത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവസാനം 82 ലക്ഷത്തിന് ഒരാള്‍ മുന്നോട്ടു വന്നപ്പോള്‍ ഞങ്ങള്‍ വില്‍ക്കാമെന്നേടത്തെത്തി. അന്ന് കേരള അമീറായിരുന്ന സിദ്ദീഖ് ഹസന്‍ സാഹിബിന് ഇതെല്ലാം അറിയാമായിരുന്നു. അദ്ദേഹം എണ്‍പത്തിയഞ്ച് ലക്ഷത്തിന് ഞാന്‍ എടുക്കാം എന്നും ആറു മാസത്തെ കാലാവധി തന്നാല്‍ മതിയെന്നും അറിയിച്ചു. അമീറിന് അത് സാധിക്കുമോ എന്ന ആശങ്കയോടെ ഞങ്ങള്‍ സമ്മതിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ അദ്ദേഹമത് ഒരു കോടി രൂപക്ക് വിറ്റു. 90 ലക്ഷം രൂപ ഞങ്ങള്‍ക്ക് വില കൂട്ടി തന്നു. ബാക്കി സംഖ്യ പ്രസ്ഥാനത്തിന് നല്‍കി. അദ്ദേഹം സാമ്പത്തികമായി നന്നേ പ്രയാസപ്പെടുന്ന സമയമായിരുന്നു അത്. ആ സംഖ്യ അദ്ദേഹം എടുക്കുകയാണെങ്കില്‍ ആരും കുറ്റം പറയുകയുമില്ല. പക്ഷേ ഒന്നും കൈപ്പറ്റാതെ താന്‍ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി ആ സംഖ്യ നീക്കിവെക്കുകയാണുണ്ടായത്.
തീര്‍ന്നില്ല, ഈ സ്ഥാപനം വാങ്ങിയ വ്യക്തി വലിയൊരു തുക ബ്രോക്കറേജ് ആയി അദ്ദേഹത്തിന് കൊടുക്കാന്‍ സന്നദ്ധനായി. എന്നാല്‍ അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്. അവസാനം ഒരു ജീപ്പ് നിറയെ ഫ്രൂട്ട്‌സുമായി അദ്ദേഹം സിദ്ദീഖ് സാഹിബിന്റെ വീട്ടില്‍ വന്നു. അതെന്തിനാണെന്ന് അന്വേഷിച്ച സിദ്ദീഖ് സാഹിബിനോട്  അത് കുറച്ചു പഴങ്ങള്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് അവിടെ ഇറക്കാന്‍ അനുവദിക്കുകയുണ്ടായില്ല. അവസാനം സ്വത്ത് വാങ്ങിയ ആളുടെ പ്രതികരണം ഇങ്ങനെ: 'ഞാന്‍ നിരവധി നേതാക്കളുമായും പണ്ഡിതന്മാരുമായും ഇടപഴകിയിട്ടുണ്ട്. ഇങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല. ഇതൊരു മനുഷ്യനല്ല, മലക്കാണ്.' ഇതായിരുന്നു സിദ്ദീഖ് സാഹിബ്. സൂഫിയായ വിപ്ലവകാരി. അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തോടൊപ്പം നമ്മെയും ഒരുമിച്ചുകൂട്ടട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി