Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

യുക്തിവാദി സന്ദേഹങ്ങള്‍ക്ക് യുക്തിസഹമായ മറുപടികള്‍

സിദ്ദീഖ് നദ്‌വി േചരൂര്‍

നമ്മുടെ നാട്ടില്‍ യുക്തിവാദികളെന്നവകാശപ്പെടുന്ന ചിലര്‍ മതമേഖലയില്‍ കയറിച്ചെന്ന് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവക്ക് യുക്തിപരമായി തന്നെ മറുപടി നല്‍കാനാവും. ചോദ്യങ്ങള്‍ തന്നെ പലതും നിരര്‍ഥകങ്ങളാണ്. എന്നാലും തെറ്റിദ്ധാരണയില്‍ കുടുങ്ങിയവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി അവ ചോദ്യോത്തര രൂപത്തില്‍ താഴെ.

അല്ലാഹു ഉണ്ടെന്നുള്ളത് മുഹമ്മദ് നബി പറഞ്ഞുണ്ടാക്കിയ മിഥ്യയല്ലേ? ഉണ്ടെങ്കില്‍ എവിടെ?

അല്ലാഹു ഉണ്ടെന്ന യാഥാര്‍ഥ്യം ആദ്യമായി വിളംബരപ്പെടുത്തിയത് മുഹമ്മദ് നബിയല്ല. അന്ത്യപ്രവാചകന്‍ മാത്രമായ മുഹമ്മദ് നബിക്കു മുമ്പ് അനേകം ദൈവദൂതന്മാര്‍ ലോകത്ത് വന്നിട്ടുണ്ട്. അവരെല്ലാം ഏകസ്വരത്തില്‍ ദൈവം ഉണ്ടെന്നും ഏകനാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നബിക്കു മുമ്പ് അവതരിച്ച തൗറാത്തും ഇഞ്ചീലും അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുമതവും മറ്റു മതങ്ങളുമൊക്കെ ദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. വിവിധ മതങ്ങള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെങ്കിലും ജഗന്നിയന്താവായ സര്‍വേശ്വരനെ അംഗീകരിക്കുന്നതില്‍ എല്ലാ മതങ്ങളും ഒറ്റക്കെട്ടാണ്. പിന്നെ മുഹമ്മദ് നബി പരിചയപ്പെടുത്തിയ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ല.
മുഹമ്മദ് നബി (സ) പറഞ്ഞതൊന്നും മിഥ്യയല്ല. നൂറു ശതമാനം സത്യവും പ്രായോഗികവുമാണ്. കാലത്തിന്റെ ഗതിമാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ തുടരുന്ന ആ അധ്യാപനങ്ങളില്‍ എന്തെങ്കിലും പന്തികേടോ പോരായ്മയോ ഉള്ളതായി കണ്ടെത്തിയാല്‍ അവ ചൂണ്ടിക്കാട്ടി സംശയം ഉന്നയിക്കാം. എവിടെയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടൂ. സംശയം തീര്‍ത്തു തരാന്‍ എല്ലാ നിലക്കും യോഗ്യരായവര്‍ പ്രവാചകന്റെ അനുയായികളിലുണ്ട്. വെറുതെ കാടടച്ചു വെടി വെക്കരുത്.

അല്ലാഹുവിന്റെ രൂപം ബുദ്ധി കൊണ്ട് മനസ്സിലാവുന്നില്ല. ബുദ്ധിയില്‍ തെളിയാത്ത കാര്യം വിശ്വസിക്കുന്നതെങ്ങനെ?

യുക്തിയുടെ പേരില്‍ മേനി നടിക്കുന്നവരുടെ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. അരൂപിയും അദൃശ്യനുമാണെന്ന് വിശ്വാസികള്‍ കരുതുന്ന അല്ലാഹുവിന്റെ ഏത് രൂപമാണിവര്‍ക്ക് തെളിഞ്ഞു കിട്ടേണ്ടത്?  ദൃഷ്ടിക്ക് ഗോചരമല്ലാത്ത, ബുദ്ധിക്ക് ആലോചിച്ചെടുക്കാന്‍ കഴിയാത്ത എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട്! പ്രതിഫലനം കൊണ്ടാണ് അവയുടെ സാന്നിധ്യം നാം ഉറപ്പിക്കുന്നത്. നമ്മുടെ ജീവന്‍ തന്നെ ഉദാഹരണമായെടുക്കാം. ജീവന്റെ രൂപമെന്താണ്? അതെവിടെയാണ് നിലകൊള്ളുന്നത്? ജീവന്‍ ഉള്ളപ്പോഴും പിരിഞ്ഞുപോകുമ്പോഴും നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയല്ലാതെ മറ്റെന്ത് വഴിയാണ് അതിന്റെ സാന്നിധ്യവും അസാന്നിധ്യവും  മനസ്സിലാക്കാനായി നമ്മുടെ മുന്നിലുള്ളത്?
വിദ്യുഛക്തി മറ്റൊരു ഉദാഹരണം. വിദ്യുത് പ്രവാഹമോ അതിന്റെ കണികകളോ ഏതെങ്കിലും രൂപത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല. അത് സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് നാമതിനെ തിരിച്ചറിയുന്നത്. അതുപോലെ മൈക്രോ തരംഗങ്ങളോ നാനോ കണികകളോ സാധാരണ നേത്രം കൊണ്ട് കണ്ടെത്താന്‍ കഴിയുന്നതല്ല. രോഗാണുക്കളെയും വൈറസുകളെയും സാധാരണക്കാര്‍ നേരില്‍ കണ്ടല്ല അവയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ശാസ്ത്ര മേഖലയിലെ വിദഗ്ധര്‍  ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് അവ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധര്‍ ഉണ്ടെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കുകയല്ലാതെ സാധാരണക്കാര്‍ക്ക് ഇതൊന്നും കണ്ടെത്താന്‍ കഴിയില്ല. എന്നു വെച്ച് ഇതൊക്കെ അവര്‍ നിഷേധിച്ചാലോ?
ഇതുപോലെ തന്നെയല്ലേ അദൃശ്യലോകത്തെ അത്ഭുതങ്ങളുടെ അവസ്ഥ. ദിവ്യസന്ദേശം ലഭിച്ചവര്‍  ആ ലോകത്തെ അത്ഭുതങ്ങള്‍ വിവരിക്കുമ്പോള്‍ വിശ്വസിക്കാതെ മാറി നില്‍ക്കുന്നതും പരിഹസിച്ചു തള്ളുന്നതും ശാസ്ത്രലോകത്തെ കണ്ടെത്തലുകളെ വിശ്വസിക്കാതെ പുഛിക്കുന്ന സാധാരണക്കാരുടെ മനോഭാവവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്!

എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണെങ്കില്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ്?

മുസ്‌ലിംകള്‍ വിശ്വസിക്കുന്ന അല്ലാഹു ജനിച്ചവനോ ജനിപ്പിക്കുന്നവനോ അല്ല. അവന്‍ അനാദിയും അനന്തനുമാണ്. അവന്‍ സര്‍വശക്തനാണ്. അവനെ ആരും സൃഷ്ടിച്ചതല്ല. ആരുടെയും ആശ്രിതനല്ല. മറ്റൊരാളുടെ സൃഷ്ടിയായ ആള്‍ ഒരിക്കലും സര്‍വശക്തനാവില്ല. എല്ലാം സൃഷ്ടിച്ച ഒരു അപാര ശക്തിയെ പരിചയപ്പെടുത്തുമ്പോള്‍ അവനെ സൃഷ്ടിച്ചതാരെന്ന ചോദ്യം അല്‍പ്പത്തമാണ്. എല്ലാ എണ്ണവും അവസാനിക്കുന്നത് ഒന്നിലാണ്. അതിനപ്പുറം സംഖ്യയില്ലെന്ന സത്യം അംഗീകരിക്കുകയല്ലാതെ അതിലപ്പുറം ഒരു സംഖ്യ കൂടിയേ തീരൂ എന്ന് ശഠിക്കുന്നവരുടെ യുക്തിബോധത്തെ കുറിച്ചെന്ത് പറയാന്‍!

അല്ലാഹു ഉണ്ടെങ്കില്‍ എന്തുകൊണ്ട് അക്രമവും പട്ടിണിയും ഇല്ലായ്മ ചെയ്യുന്നില്ല?

അല്ലാഹു ഉണ്ടെന്ന് സമ്മതിച്ചല്ലോ. അവന്‍ അക്രമവും പട്ടിണിയും തടയാത്തത് മാത്രമാണല്ലോ പ്രശ്‌നം! ആദ്യമായി മനസ്സിലാക്കേണ്ട വസ്തുത, അല്ലാഹുവിന്റെ രീതി ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുകയില്ല എന്നതാണ്. ഓരോരുത്തര്‍ക്കും നല്ലതും തിയ്യതും ചെയ്യാനുളള സ്വാതന്ത്ര്യവും സൗകര്യവും അവന്‍ നല്‍കും. എന്ത് ചെയ്യണമെന്ന് ഓരോ മനുഷ്യന്നും തീരുമാനിക്കാം. നന്മ ചെയ്താല്‍ അതിനുള്ള മെച്ചപ്പെട്ട പ്രതിഫലം, പരലോക മോക്ഷം. അക്രമവും അനീതിയും ചെയ്താല്‍ അതിന്റെ പാപഭാരവും ശിക്ഷയും. എന്തു വേണമെന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം.
അപ്പോള്‍ ലോകത്ത് അക്രമം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സ്രഷ്ടാവിനല്ല; അവന്റെ നിര്‍ദേശങ്ങള്‍ മാനിക്കാതെ നടക്കുന്ന മനുഷ്യനാണ്. കാര്‍ നിര്‍മാണ കമ്പനി നല്ല ഭംഗിയുള്ള,  സൗകര്യപ്രദമായ കാര്‍ നിര്‍മിച്ചു നല്‍കുന്നു. അത് എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. ഈ  നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ടു പോകുമ്പോള്‍ വണ്ടി അപകടമൊന്നും വരുത്തുന്നില്ല. ക്രമം തെറ്റിച്ചാല്‍ അപകടം ഉറപ്പ്. ഈ അപകടത്തിന് നിര്‍മാണ കമ്പനിയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.
അതുപോലെ ലോകത്ത്  ന്യായമായും നീതിപൂര്‍വകമായും ഭക്ഷ്യവിഭവങ്ങള്‍ പങ്കുവെക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും വേണ്ട വിഭവങ്ങള്‍ ലോകത്തുണ്ട്. പക്ഷേ, ഒരു വിഭാഗം പലതരം ചൂഷണങ്ങള്‍ നടത്തി മറ്റുള്ളവര്‍ക്കവകാശപ്പെട്ട സമ്പത്തും വിഭവങ്ങളുമൊക്കെ കൈയടക്കിവെച്ചിരിക്കുകയാണ്.  അപ്പോള്‍ ഈ ചൂഷണങ്ങള്‍ക്ക് ഇരകളായ  വിഭാഗങ്ങള്‍ പട്ടിണിയിലും ഇല്ലായ്മയിലും പെട്ട് നട്ടം തിരിയുമെന്നത് സ്വാഭാവികമല്ലേ. അതൊക്കെ മനുഷ്യന്‍ തന്നെ വരുത്തിവെക്കുന്നതല്ലേ, അതിന് സ്രഷ്ടാവ് എന്തു പിഴച്ചു!  അപ്പോള്‍ കുഴപ്പം സ്രഷ്ടാവിന്റെ സംവിധാനത്തിനല്ല, സൃഷ്ടികളുടെ ക്രമം തെറ്റിയ ഉപയോഗവും ചൂഷണവുമാണ് പ്രശ്‌നം. സൃഷ്ടികള്‍ തന്നെ നേരിട്ട് പരിഹാരം കാണേണ്ട പ്രശ്‌നം. ഗാന്ധിജി അടക്കമുള്ള പ്രമുഖര്‍ ഈ യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അല്ലാഹു മനുഷ്യരില്‍ ചിലരെ ദരിദ്രരും ചിലരെ ധനികരുമാക്കുന്നത് അനീതിയല്ലേ?

ഇപ്പോള്‍ നല്‍കിയ മറുപടിയില്‍ തന്നെ ഇതിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ ഉണ്ട്. ഭൗതിക ജീവിതത്തില്‍ സമ്പത്തോ സൗകര്യങ്ങളോ ധാരാളമായി കിട്ടുകയെന്നത്  വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യമല്ല. ചിലരെ ധനം കൊണ്ട് പരീക്ഷിക്കും; മറ്റു ചിലരെ ദാരിദ്ര്യം കൊണ്ടും. ഇവിടെ ഓരോ ഘട്ടത്തിലും മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് പ്രധാനം.  മനുഷ്യന്റെ മനോഭാവവും വ്യത്യസ്ത ഘട്ടങ്ങളില്‍ സ്രഷ്ടാവിനോട് അവന്‍ പുലര്‍ത്തുന്ന സമീപനത്തിലെ നിഷ്‌കപടതയുമൊക്കെ ജീവിതാനുഭവങ്ങളിലൂടെ വേര്‍തിരിച്ചെടുക്കുകയാണിവിടെ. അല്ലാതെ അനീതിയുടെ പ്രശ്‌നമൊന്നും ഇവിടെ ഉദിക്കുന്നില്ല.

എന്നെ യുക്തിവാദിയാക്കിയത് അല്ലാഹുവല്ലേ? മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിച്ചു നടപ്പിലാക്കി ആളുകളെ നരകത്തിലിടുന്നത് അനീതിയും ക്രൂരതയുമല്ലേ?

അല്ലാഹു ആരെയും യുക്തിവാദിയോ സന്ദേഹവാദിയോ മറ്റേതെങ്കിലും വാദിയോ ആക്കുന്നില്ല. അവരുടെ മുന്നില്‍ നന്മയുടെയും തിന്മയുടെയും വഴികള്‍ ഒരുക്കിക്കൊടുക്കുന്നു. ''നിശ്ചയം നാം അവനെ അവന്റെ മാര്‍ഗത്തിലേക്ക് വഴി നടത്തി. ഒന്നുകില്‍ അവന്‍ നന്ദി പൂണ്ടവന്‍, അല്ലെങ്കില്‍ നന്ദികെട്ടവന്‍'' (അല്‍ ഇന്‍സാന്‍ 3). അല്ലാഹു സൗകര്യങ്ങളും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു. തെരഞ്ഞെടുക്കുന്ന ജോലി വ്യക്തിയുടേതാണ്. ആ തെരഞ്ഞെടുപ്പിന്റെ പേരിലും അതിലൂടെ മുന്നോട്ടു പോയതിന്റെ പേരിലുമാണ് അവന് മോക്ഷം ലഭിക്കുകയോ അവന്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുക.
മുന്‍കൂട്ടി അല്ലാഹു തീരുമാനിക്കുന്ന കാര്യങ്ങള്‍ കാര്യകാരണബന്ധങ്ങള്‍ക്ക് വിധേയമാണ്. അതുകൊണ്ട് ഒരാള്‍ കിണറ്റിലേക്ക് എടുത്തുചാടിയ ശേഷം അല്ലെങ്കില്‍ ഓടുന്ന ട്രെയ്‌നിന്റെ മുന്നിലേക്ക് ചാടി വീണശേഷം ഇത് അല്ലാഹുവാണ് ചെയ്യിച്ചതെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവന് ചാടാനും ചാടാതിരിക്കാനും കഴിയുമായിരുന്നു.  രണ്ടിനുമുള്ള  കഴിവ് അല്ലാഹു അവന് നല്‍കിയിരുന്നു. ചാടാന്‍ തുനിഞ്ഞാല്‍  മരിക്കണമെന്നതും ചാടാതെ മാറി നിന്നാല്‍  പിന്നെയും ജീവിക്കണമെന്നതും അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാല്‍ സ്വയം ചെയ്ത കുറ്റം അല്ലാഹുവിന്റെ മേല്‍ കെട്ടിവെച്ച് ക്രൂരത ആരോപിക്കുന്നതിന് യുക്തിയുടെ പിന്‍ബലമില്ല.

അല്ലാഹു എന്തിന് പ്രവാചകരെ അയക്കുന്നു? നേരില്‍ ക്ഷണിച്ചാല്‍ പോരേ?

മറുപടി വ്യക്തമാണ്. പ്രവാചകന്മാര്‍ വരുന്നത് അല്ലാഹുവിലേക്ക് ക്ഷണിക്കാന്‍ വേണ്ടി മാത്രമല്ല. ദൈവിക ഇംഗിതത്തിനൊത്ത് ഭൗതിക ലോകത്ത് ജീവിതം സാധ്യമാണെന്നും അതാണ് സാര്‍ഥകമായ ജീവിതമെന്നും മനഷ്യര്‍ക്ക് പ്രായോഗികമായി കാണിച്ചുകൊടുക്കാന്‍ കൂടിയാണ്. അത് മനുഷ്യരെ പഠിപ്പിക്കണമെങ്കില്‍  മനുഷ്യരുടെ എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ള മനുഷ്യര്‍ തന്നെ പ്രവാചകന്മാരായി വരണമല്ലോ.  അപ്പോഴേ തങ്ങള്‍ പ്രബോധനം ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി അനുകരണീയമാണെന്ന് സ്ഥാപിക്കാന്‍ കഴിയൂ. അന്ധകാര യുഗത്തിലെ അജ്ഞരായ അറബികളും ഇത്തരം പല ചോദ്യങ്ങളും പ്രവാചകന്റെ മുന്നില്‍ ഉന്നയിച്ചിരുന്നു. അതിന് ഖുര്‍ആന്‍ നല്‍കിയ മറുപടിയും പില്‍ക്കാലക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. മറുപടിയായി ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെയാണ്:  ''പറയുക, ഭൂമിയില്‍ സ്വസ്ഥരായി നടന്നു നീങ്ങുന്ന മാലാഖമാരാണ് വസിക്കുന്നതെങ്കില്‍ അവരിലേക്ക് മാലാഖയെ ദൂതനായി നാം അയച്ചേനെ'' (ഇസ്‌റാ: 95). ഒരു പ്രവാചകനെയും നാം അവരുടെ ജനതയുടെ ഭാഷയിലല്ലാതെ അയച്ചിട്ടില്ലെ'ന്ന് (ഇബ്‌റാഹീം 4) കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യര്‍ക്ക് തിരിയുന്ന ഭാഷയില്‍, അവരുടെ വര്‍ഗത്തില്‍പെട്ടവരെ പ്രബോധനദൗത്യവുമായി അയക്കുമ്പോഴേ അതിന് സ്വാഭാവികതയുള്ളൂവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

എല്ലാം ചെയ്യാന്‍ കഴിവുള്ളവനായ അല്ലാഹു എന്തിന് മാലാഖമാരെ ജോലി ഏല്‍പ്പിക്കുന്നു?
എല്ലാറ്റിനും കഴിവുള്ളവന് എന്തും ചെയ്യാമല്ലോ. അതിനെ ചോദ്യം ചെയ്യുന്നതിന്റെ സാംഗത്യമെന്ത്? ഇടനിലക്കാരെ ഏല്‍പ്പിക്കുകയോ ഏല്‍പ്പിക്കാതിരിക്കുകയോ ചെയ്യാം. അത് ചോദ്യം ചെയ്യുന്നവര്‍ അവന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ വൃഥാ ശ്രമം നടത്തുകയല്ലേ? സര്‍വശക്തനായ അല്ലാഹു എന്തിന് മനുഷ്യരെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്നു?


ഇതിന് മറുപടി ഖുര്‍ആന്‍ നേരിട്ടു തന്നെ പല സന്ദര്‍ഭങ്ങളിലായി നല്‍കിയിട്ടുണ്ട്. അല്ലാഹുവിനെ മനുഷ്യന്‍ ആരാധിക്കുന്നത് അല്ലാഹുവിന് എന്തെങ്കിലും നേട്ടമോ ഉയര്‍ച്ചയോ ഉണ്ടാകാന്‍ വേണ്ടിയില്ല. അല്ലാഹു ഈശ്വരനാണ്. എല്ലാറ്റില്‍നിന്നും ഐശ്വര്യവാന്‍. ലോകത്തുള്ള ആരും അവനു വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും അവന് ഒരു കുറവും സംഭവിക്കുന്നില്ല. എല്ലാവരും അവന് ആരാധനയില്‍ മുഴുകിയാല്‍ അവന് എന്തെങ്കിലും വര്‍ധിക്കുന്നുമില്ല.
നേട്ടവും ലാഭവും വേണ്ടത് മനുഷ്യനാണ്. അത് ലഭിക്കാനാണ് ആരാധനയും അനുസരണയും എല്ലാം. വടവൃക്ഷത്തിന്റെ ചോട്ടില്‍ മനുഷ്യരടക്കമുള്ള ജീവികള്‍ ചേക്കേറുന്നത് മരത്തിന് എന്തെങ്കിലും ഗുണം ലഭിക്കാന്‍ വേണ്ടിയല്ല. അവിടെ തണല്‍ തേടിയെത്തുന്ന മനുഷ്യനാണ് അതിലൂടെ മെച്ചം ലഭിക്കുന്നത്.

മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത് കൂടുതല്‍ വിവാഹം കഴിക്കാനും അധികാരം ലഭിക്കാനും വേണ്ടിയല്ലേ?

ഈ ചോദ്യം ചോദ്യകര്‍ത്താവിന്റെ നിലവാരത്തിന്റെ നിദര്‍ശനമാണ്.  നബിയുടെ ചരിത്രം സത്യസന്ധമായി പഠിക്കാന്‍ ഇയാള്‍ക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമായിരുന്നില്ല. പ്രവാചകന്റെ ജീവിതത്തിലെ യൗവനയുക്തമായ പ്രധാന ഘട്ടമെല്ലാം ഏക പത്‌നിയുമായാണ് കഴിച്ചുകൂടിയത്. 25 വയസ്സ് മുതല്‍ 50 വയസ്സ് വരെ. അതും തന്നേക്കാള്‍ പ്രായമുള്ള ഒരു വിധവയുമൊത്ത്. പ്രവാചകന്റെ വൈയക്തിക മികവും കുടുംബമാഹാത്മ്യവും പരിഗണിച്ചാല്‍ അറേബ്യയിലെ ഉന്നതകുലജാതയായ ഏത് തരുണീ മണിയെയും വേള്‍ക്കാന്‍ അവസരമില്ലാഞ്ഞതുകൊണ്ടല്ല, ഖദീജ എന്ന വിധവയെ വിവാഹം ചെയ്തത്.
ഖദീജയുടെ വിയോഗശേഷമാണ് മറ്റു  വിവാഹങ്ങള്‍. അവരില്‍ തന്നെ ഒരു കന്യകയൊഴികെ ബാക്കിയെല്ലാവരും വിധവകളോ വിവാഹമോചിതരോ ആണ്. നാട്ടിലെ രീതിയനുസരിച്ച് കൂടുതല്‍ സ്ത്രീകളെ പ്രാപിക്കുന്നതിനോ സ്വീകരിക്കുന്നതിനോ വിലക്കുണ്ടായിരുന്നില്ല. പ്രവാചകത്വം വഴിയാണ് അതിന് നിയന്ത്രണം വന്നത്. പുതിയ മതം ജനങ്ങളുടെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തി. കുത്തഴിഞ്ഞ ജീവിതത്തിന് വിരാമമായി. ഇത്തരമൊരു മതം പ്രബോധനം ചെയ്യാന്‍ നിയുക്തനായതിന്റെ വിളംബരമായ പ്രവാചകത്വ പദവി കൂടുതല്‍ വിവാഹം കഴിക്കാനാണെന്ന് കണ്ടെത്തുന്നവര്‍ ആരായാലും അവര്‍ക്ക് യുക്തിയുടെ ലേബല്‍ ചേരില്ല.
പുതിയ മതം കൈയൊഴിയാന്‍ തയാറായാല്‍ അറേബ്യയുടെ അധികാരച്ചെങ്കോല്‍ നബിയെ ഏല്‍പ്പിക്കാമെന്ന് ഖുറൈശി പ്രമുഖര്‍ നേരില്‍ വന്നു ഓഫര്‍ നല്‍കിയിരുന്നു. കൂട്ടത്തില്‍ ആരെയും മയക്കുന്ന പല വാഗ്ദാനങ്ങളും നല്‍കി. സുന്ദരിമാര്‍, കണക്കില്ലാത്ത സ്വത്ത്......പക്ഷേ, അവിടുത്തെ മറുപടി ഉറച്ചതായിരുന്നു: 'എന്റെ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചു തന്നാല്‍ പോലും ഈ ദൗത്യത്തില്‍നിന്ന് ഞാന്‍ പിന്മാറില്ല. ഒന്നുകില്‍ അല്ലാഹു എനിക്ക് വിജയം നല്‍കും;  അല്ലെങ്കില്‍ ഈ വഴിയില്‍ എന്റെ കഥ കഴിയും' (ഇബ്‌നു ഹിശാമിന്റേതടക്കമുള്ള നബിചരിതങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ കാണാം). യുക്തിയുടെ പിന്‍ബലമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ ഈ ചരിത്രസത്യങ്ങളെയെല്ലാം മറച്ചുപിടിക്കുകയാണ്.

അമുസ്‌ലിംകളെ കാണുന്നിടത്തു വെച്ച് കൊല്ലണമെന്നും അവരോട്  കൂട്ടുകൂടരുതെന്നും ഖുര്‍ആന്‍ പറയുന്നില്ലേ? അത് ബഹുസ്വര സമൂഹത്തിന് ഭീഷണിയല്ലേ?

ഖുര്‍ആനിലെ ചില പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ഇവര്‍.
യുദ്ധവേളകളും സന്ധിവേളകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം ആധുനിക യുഗത്തിലും ലോകം അംഗീകരിച്ചതാണ്. അടിയന്തരാവസ്ഥയിലും മറ്റൊരു രാജ്യവുമായി യുദ്ധം നടക്കുന്ന വേളകളിലും സ്വന്തം പൗരന്മാര്‍ക്കു വരെ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമാക്കാറുണ്ടല്ലോ.  ഇതൊന്നും മനസ്സിലാക്കാതെ ഖുര്‍ആനിലെ ഏതെങ്കിലും സൂക്തങ്ങള്‍ ഇതര മതാനുയായികളുമായി ലോഹ്യപ്പെടുന്നതിനെ എതിര്‍ക്കുന്നുവെന്ന് ആരോപിക്കുന്നത് കണ്ണടച്ചിരുട്ടാക്കലല്ലേ?
ശത്രുവിനോട് പോലും അനീതി പാടില്ലെന്നാണ് ഇസ്‌ലാമിന്റെ കര്‍ശനമായ നിര്‍ദേശം.  ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍  അവര്‍ ചെയ്തതിന് സമാനമായേ അങ്ങോട്ടും ചെയ്തുകൂടൂ എന്നും പറഞ്ഞിരിക്കുന്നു. ഒരിക്കലും പരിധി ലംഘിക്കരുതെന്നും പരിധി ലംഘിക്കുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ലെന്നും കൂടി ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു.

ഇസ്‌ലാം മതം മാത്രം ശരി എന്ന വാദം ഒരു തരം വര്‍ഗീയവാദമല്ലേ?

എങ്കില്‍ ഇവിടെയുള്ള എല്ലാ മതക്കാരും രാഷ്ട്രീയക്കാരും പ്രസ്ഥാനക്കാരും വര്‍ഗീയവാദികളാവുകയില്ലേ. ഓരോ മതക്കാരും അവരുടെ മതമാണ് ശരിയെന്ന് വിശ്വസിക്കുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളുടെ പാര്‍ട്ടിയാണ് ശരിയെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും അതിലേക്ക് കടന്നുവരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്തിനധികം പറയുന്നു, എല്ലാം നിഷേധാത്മകമായി മാത്രം കാണുന്ന, ഒന്നിലും വിശ്വസിക്കാത്ത യുക്തിവാദികള്‍ പോലും തങ്ങളുടെ നിലപാടാണ് ശരിയെന്ന് ഉറപ്പിക്കുന്നു. മറ്റുള്ളവരും ആ നിലപാടിലേക്ക് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മതവിശ്വാസികള്‍ തങ്ങളുടെ വാദം അംഗീകരിക്കാത്തതിന്റെ പേരില്‍  അവരോട് കെറുവിക്കുന്നു. അതുകൊണ്ടാണല്ലോ മത- ദൈവ വിശ്വാസികളെ ഇവര്‍ ആക്ഷേപിക്കാനും അവഹേളിക്കാനും മുതിരുന്നത്. തങ്ങളുടെ യുക്തി ശരിയെന്നും മതവാദികളുടെ യുക്തി തെറ്റെന്നും വാദിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സമാന നിലപാടിനെ ചോദ്യം ചെയ്യാന്‍ എന്തവകാശമാണുള്ളത്? 

ഒരാളെ പരീക്ഷിച്ചുതന്നെ സ്വര്‍ഗവും നരകവും നല്‍കുന്നതിന്റെ ആവശ്യമെന്ത്? പരീക്ഷിക്കാതെ നല്‍കിക്കൂടേ?

എല്ലാം പരീക്ഷിച്ചുനോക്കി മാത്രം നല്‍കുന്ന ലോകത്ത് നിന്നുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. സ്‌കൂളുകളും കോളേജുകളും യൂനിവേഴ്‌സിറ്റികളും പരീക്ഷിച്ചാണ് സ്ഥാനക്കയറ്റം നല്‍കുന്നത്. ടെസ്റ്റ് നടത്തിയാണ് ഉദ്യോഗങ്ങളിലേക്ക് ആളെ നിയമിക്കുന്നത്. പിന്നെ പരലോകജീവിതത്തിലെ അതുല്യ നേട്ടവും സൗഭാഗ്യവും ഇഹലോകത്തെ പരീക്ഷണ ജീവിതത്തിന്റെ  അനിവാര്യ ഫലമായി കണക്കാക്കുന്നതില്‍ എന്താണ് പന്തികേട്?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി