Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

ഹിന്ദുത്വത്തിെന്റ ആശയ പരിസരം

സയ്യിദ് സആദത്തുല്ല ഹുസൈനി

 ഇസ്ലാമിക പ്രസ്ഥാനം പ്രതീക്ഷിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ സാധ്യമാകുന്നതിന്, ഇസ്ലാമിക തത്ത്വങ്ങള്‍ ആത്മവിശ്വാസത്തോടെയും ആവേശം ചോര്‍ന്നുപോകാതെയും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതത് കാലത്തെ സുപ്രധാന പ്രത്യയശാസ്ത്ര, സാമൂഹിക, രാഷ്ട്രീയ പ്രവണതകളെ അഭിമുഖീകരിക്കേണ്ടിവരും. നാം സ്ഥിരമായി ആശയവിനിമയം നടത്തുന്ന സാമൂഹിക വിഭാഗങ്ങളുമായി, പ്രചാരത്തിലുള്ള തത്ത്വശാസ്ത്രങ്ങളുമായി തികഞ്ഞ ലക്ഷ്യബോധത്തോടെ സംവദിക്കേണ്ടതായും വരും. സ്വാഭാവികമായും പ്രസ്ഥാനത്തിന് ഇത്തരം പ്രവണതകളെ അഭിമുഖീകരിക്കാന്‍ മാത്രം കരുത്തുള്ള പ്രത്യയശാസ്ത്രവും തത്ത്വസംഹിതയും ഉണ്ടാകണം. ഒപ്പം ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളെയും ആശയങ്ങളെയും കുറിച്ചും വ്യക്തവും യുക്തിസഹവുമായ നിലപാട് ഉണ്ടാവുകയും വേണം.
നമ്മുടെ രാജ്യത്ത് പ്രചാരത്തിലുള്ള പ്രബലമായ ആശയധാരകളിലൊന്നിനെയാണ് ഹിന്ദുത്വ (Hindutva) പ്രതിനിധീകരിക്കുന്നത്. ഈ ധാര രാജ്യത്തെ വിദ്യാസമ്പന്നരില്‍ വ്യാപകമായി സ്വാധീനം ചെലുത്തുകയും അവര്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തില്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുന്നേറ്റം തടയാന്‍ ശ്രമിച്ചാല്‍ മാത്രം മതിയാവുകയില്ല, പ്രത്യയശാസ്ത്ര-സൈദ്ധാന്തിക തലങ്ങളില്‍ അവരുമായി മത്സരിക്കുക എന്നതും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇസ്ലാമിക ആശയാടിത്തറയില്‍നിന്നുകൊണ്ട് ആ വിശകലനം നിര്‍വഹിക്കേത് പുതിയ കാലത്തിന്റെ തേട്ടവും പ്രത്യയശാസ്ത്രപരമായ ആവശ്യവുമാണ്. വരുംനാളുകളില്‍ ഈ വിഷയം ഗൗരവപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരാനാണ് നാം ശ്രമിക്കുന്നത്. ഹിന്ദുത്വ  സൈദ്ധാന്തികരുടെയും ചിന്തകരുടെയും രാഷ്ട്രീയ നിലപാടുകളും അവരുടെ പ്രായോഗികവും രാഷ്ട്രീയവുമായ നടപടികളും സംബന്ധിച്ച വിശകലനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോള്‍ മുസ്ലിം സര്‍ക്കിളുകളിലും അവരുടെ പത്രപ്രവര്‍ത്തന മേഖലയിലും ഒരു പ്രധാന വിഷയമായി ഇത് മാറിയിരിക്കുന്നു. ഈ പഠന പരമ്പരയില്‍ അത്തരം വിശകലനങ്ങളിലേക്ക് കടക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. മറിച്ച്, ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര അടിത്തറകള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. അവരുടെ ലോകവീക്ഷണം എന്താണ്, അവര്‍ ആഗ്രഹിക്കുന്ന സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക മാറ്റങ്ങള്‍ എന്തൊക്കെയാണ്? ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല ചിന്തകരുടെ റഫറന്‍സുകളില്‍നിന്ന് ഇവ മനസ്സിലാക്കാനും അവരുടെ ചിന്തകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളെ പഠിക്കാനും പുതിയ കാലത്ത് കാണുന്ന ചിന്തകളെ ഗൗരവത്തില്‍ വിശകലനം ചെയ്യാനും ഈ പഠനത്തിലൂടെ നാം ശ്രമിക്കും. 
നമ്മുടെ രാജ്യത്ത് നിരവധി ദര്‍ശനങ്ങള്‍ ഹിന്ദുത്വത്തിന്റെ എതിരാളികളായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. മതേതര, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ദര്‍ശനങ്ങളെല്ലാം ഹിന്ദുത്വയുമായി മത്സരിക്കുന്നതായി അവകാശപ്പെടുന്നു. ഈ ചിന്താധാരകള്‍ ഓരോന്നും ഹിന്ദുത്വത്തെ സ്വന്തം വീക്ഷണകോണില്‍ നിരീക്ഷിച്ചിട്ടുമുണ്ട്. ഇത്തരം ചിന്താധാരകളും നമ്മെയെന്നപോലെ മുസ്ലിം സമൂഹത്തിന്റെയും അവരുടെ സ്ഥാപനങ്ങളുടെയും ചിന്തകളെയും സ്വാധീനിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം ചിന്താധാരകള്‍ പ്രത്യയശാസ്ത്രപരമായി തകരാനും നാം ചര്‍ച്ചചെയ്യുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ദ്രുതഗതിയില്‍ വളരാനും കാരണമാകുന്ന പ്രത്യയശാസ്ത്രപരവും പ്രായോഗികവും രാഷ്ട്രീയവും സാമൂഹികവുമായ പിഴവുകള്‍ വിശകലനം ചെയ്യലും ഈ ചര്‍ച്ചയുടെ ലക്ഷ്യമാണ്.
മുസ്ലിം സമൂഹം ഹിന്ദുത്വ ദര്‍ശനത്തെ അങ്ങേയറ്റം അപകടകാരിയായാണ് കാണുന്നത്. അതിനോടുള്ള പലവിധ പ്രതികരണങ്ങള്‍ മുസ്ലിം സമൂഹത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത പ്രതികരണങ്ങള്‍ക്കു പിന്നില്‍ വ്യത്യസ്ത ചിന്താധാരകളായിരിക്കും പ്രവര്‍ത്തിക്കുക. അതില്‍ ചിലത് ഇസ്ലാമികചിന്തകളില്‍നിന്നും രൂപപ്പെടുന്നതാണ്, മറ്റു ചിലത് സമകാലിക മതേതര ചിന്തകളില്‍നിന്നും. 
ഈ ചര്‍ച്ച വിവിധ തലങ്ങളിലൂടെ കടന്നുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. അഭിപ്രായ വൈവിധ്യങ്ങള്‍ക്ക് എമ്പാടും സാധ്യതയുള്ള ചര്‍ച്ച കൂടിയാണിത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ താല്‍ക്കാലിക ആശയക്കുഴപ്പങ്ങള്‍ക്കപ്പുറം, ഹിന്ദുത്വ ദര്‍ശനത്തിന്റെ ചിന്തകളും നിലപാടുകളും നാം ആഴത്തില്‍ മനസ്സിലാക്കണം. ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാന്‍ അക്കാദമിക പണ്ഡിതന്മാരുടെയും എഴുത്തുകാരുടെയും പിന്തുണയും സഹായവും നാം പ്രതീക്ഷിക്കുന്നുണ്ട്.

ഹിന്ദുത്വയുടെ പ്രധാന സൈദ്ധാന്തികന്‍
ഹിന്ദുത്വയുടെ സൈദ്ധാന്തികരില്‍ ഏറ്റവും പ്രധാനിയാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ (മരണം 1966). മറാത്തി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സവര്‍ക്കര്‍ പുതിയ കാലത്തെ എല്ലാ ഹിന്ദുത്വ പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെയും പിതാവായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 38 കൃതികള്‍ മറാത്തിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. 'ഇന്ത്യാ ചരിത്രത്തിലെ ആറ് ദീപ്ത യുഗങ്ങള്‍' (Six Glorious Epochs of Indian History1) എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച സവര്‍ക്കറുടെ വീക്ഷണം വെളിപ്പെടുത്തുന്ന പ്രധാന പുസ്തകമാണ്. ചരിത്രത്തെക്കുറിച്ച മറ്റ് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ ചിലത് ജീവചരിത്രങ്ങളും മറ്റുചിലത് ജയില്‍ രേഖകളുമാണ്. ഏറ്റവും പ്രധാനപ്പെട്ടത് 'ഹിന്ദുത്വ' എന്ന പുസ്തകമാണ്. 1923-ല്‍ സവര്‍ക്കര്‍ തന്റെ പേരൊഴിവാക്കി 'ഒരു മറാഠക്കാരന്‍' (A Maratha) എന്ന പേരിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. അപ്പോഴിത് 68 പേജുള്ള ഒരു ലഘുലേഖ മാത്രമായിരുന്നു.2 ഇന്ന് ഈ പുസ്തകം വ്യാഖ്യാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമായി ഹിന്ദുത്വ പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്ന വിധത്തില്‍ പരിഷ്‌കരിച്ച് Hindutva: Who is a Hindu?3 എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്. ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക അടിത്തറകള്‍ വിശദീകരിക്കുന്ന ഈ കൃതി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സവര്‍ക്കര്‍ രചന കൂടിയാണ്. 
സവര്‍ക്കര്‍ ഒരു ദേശീയവാദിയായിരുന്നു. അതോടൊപ്പം താനൊരു നിരീശ്വരവാദിയാണെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചത് യൂറോപ്യന്‍ മതേതര ദേശീയവാദവും നാസി ആശയങ്ങളുമാണ്. ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ് ചാലകായിരുന്ന മാധവ്‌റാവു സദാശിവ്‌റാവു ഗോള്‍വാള്‍ക്കറാണ് (മരണം 1973) പുരാതന ഹിന്ദു തത്ത്വചിന്തകളുടെയും ആത്മീയ ആശയങ്ങളുടെയും വര്‍ണം നല്‍കി ഹിന്ദു പൊതുസമൂഹത്തിനിടയില്‍ സവര്‍ക്കര്‍ രൂപപ്പെടുത്തിയ ചിന്തകള്‍ക്ക് വ്യാപകമായി പ്രചാരം നല്‍കിയത്.  സംഘ്‌വൃത്തങ്ങളില്‍ ഗോള്‍വാള്‍ക്കറിനെ ഗുരുജി എന്നാണ് വിളിക്കുന്നത്. അദ്ദേഹം നിലവില്‍ ഹിന്ദുത്വ വൃത്തങ്ങളിലെ ഏറ്റവും ജനപ്രിയ ചിന്തകനാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം മിക്കപ്പോഴും അദ്ദേഹത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ കാലത്ത് പ്രചരിക്കപ്പെടുന്നതും. രണ്ട് പ്രധാന കൃതികളാണ് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'വിചാരധാര' (Bunch of Thoughts),4 'നാം അല്ലെങ്കില്‍ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' (We or Our Nationhood Defined)5 എന്നിവ. ഈ പുസ്തകങ്ങള്‍ക്കു പുറമെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും 12 വാല്യങ്ങളായി സമാഹരിച്ചിട്ടുണ്ട്. ഇംഗ്ലീഷിനു പുറമെ ഇതിന്റെ ഹിന്ദി പതിപ്പും ലഭ്യമാണ്.6 Guruji Vision and Mission7 എന്ന തലക്കെട്ടില്‍ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വ്യത്യസ്ത തലക്കെട്ടുകള്‍ക്കു കീഴില്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
സംഘ്പരിവാര്‍ തത്ത്വചിന്തകളും പ്രത്യയശാസ്ത്രവും ഗോള്‍വാള്‍ക്കര്‍ രചനകളിലുടനീളം കാണാം. സംഘ് ആശയങ്ങളുടെ പ്രതിനിധാനമായി ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഗ്രന്ഥകര്‍ത്താവും അദ്ദേഹമാണ്. സവര്‍ക്കറിന്റേതെന്ന പോലെ ഇദ്ദേഹത്തിന്റെയും ആശയങ്ങളും നിലപാടുകളും അതിതീവ്രമാണ്. പുതിയ കാലത്ത് സംഘ്പരിവാറിനകത്തെ ചിലര്‍ തന്നെ ഇദ്ദേഹത്തിന്റെ അതിതീവ്ര നിലപാടുകളോട് വിയോജിക്കുന്നുന്നെതും നേരാണ്. അവരില്‍ ചിലര്‍ വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ഉദാഹരണത്തിന്, ആര്‍.എസ്.എസിന്റെ ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭാഗവത്, ഗോള്‍വാള്‍ക്കറുടെ ചില പരാമര്‍ശങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്ന് പറയുകയുണ്ടായി (വിശദാംശങ്ങള്‍ പിന്നീട് വരുന്നുണ്ട്). എങ്കില്‍കൂടിയും മിക്ക വിശകലന വിദഗ്ധരുടെയും അഭിപ്രായത്തില്‍ ഹിന്ദുത്വ ചിന്താഗതിയെ ഏറ്റവും സത്യസന്ധമായി വിശദീകരിച്ചിട്ടുള്ളത് ഗോള്‍വാള്‍ക്കറാണ്. മറ്റ് ചിന്തകര്‍ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചില യുക്തികള്‍ കൂടി പുറത്തെടുക്കുന്നുന്നെു മാത്രം.
ഹിന്ദുത്വം പ്രമേയമാക്കി രൂപംകൊണ്ട രാഷ്ട്രീയ പാര്‍ട്ടിയായ ജനസംഘത്തിന്റെയും അതിന്റെ മാറ്റം വരുത്തിയ രൂപമായ ബി.ജെ.പിയുടെയും യഥാര്‍ഥ സൈദ്ധാന്തികനായി കണക്കാക്കപ്പെടുന്നത് ദീന്‍ദയാല്‍ ഉപാധ്യായ (1968-ല്‍ മരണം) ആണ്. 1965-ല്‍ മുംബൈയില്‍ ദീന്‍ദയാല്‍ ഉപാധ്യായ നടത്തിയ നാല് പ്രഭാഷണങ്ങളിലാണ് അദ്ദേഹം ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സൈദ്ധാന്തിക അടിത്തറകള്‍ വിശദീകരിച്ചത്. ഉപാധ്യയ താന്‍ രൂപപ്പെടുത്തിയ രാഷ്ട്രീയ സിദ്ധാന്തത്തിന് ഏകാത്മ മാനവദര്‍ശനം (Integral Humanism) എന്നാണ് പേരു നല്‍കിയത്. ഏകാത്മ മാനവദര്‍ശനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. അത് ബി.ജെ.പിയുടെ ഭരണഘടനയില്‍ (ആര്‍ട്ടിക്ക്ള്‍ 3) രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.8 ബി.ജെ.പിയില്‍ അംഗമാകാന്‍ ഏകാത്മ മാനവദര്‍ശനത്തിലുള്ള വിശ്വാസ പ്രതിജ്ഞയില്‍ ഒപ്പു വെക്കണമെന്നാണ് നിബന്ധന.9
ചുരുക്കത്തില്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഉപാധ്യായ എന്നിവര്‍ രൂപപ്പെടുത്തിയ ചിന്തകളും കാഴ്ചപ്പാടുകളുമാണ് ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറകള്‍. ഇവരെക്കൂടാതെ ഈ പ്രസ്ഥാനത്തിന്റെ ചിന്തകള്‍ മനസ്സിലാക്കാന്‍ മറ്റു പല ഉറവിടങ്ങളും നമുക്ക് മുമ്പിലുണ്ട്. സംഘ്‌നേതാക്കളുടെ കാഴ്ചപ്പാടുകള്‍ സമാഹരിച്ച നിരവധി പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുത്വയുടെ സൈദ്ധാന്തിക അടിത്തറകള്‍ പരിചയപ്പെടുത്തുന്ന നിരവധി ലേഖനങ്ങള്‍ സംഘ് നേതാക്കള്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട്. ബല്‍രാജ് മധോക് (2016-ല്‍ മരണം), കെ.എസ് സുദര്‍ശന്‍ (2012-ല്‍ മരണം), എച്ച്.വി ശേഷാദ്രി (2005-ല്‍ മരണം), അടല്‍ ബിഹാരി വാജ്പേയി (2018-ല്‍ മരണം), ഭയ്യാജി ജോഷി, മന്‍മോഹന്‍ വൈദ്യ, ശേഷാദ്രി ചാരി എന്നിവര്‍ ഹിന്ദുത്വ ആശയങ്ങള്‍ക്ക് വ്യത്യസ്ത കാലഘട്ടങ്ങളില്‍ പ്രത്യയശാസ്ത്രപരമായ പിന്‍ബലം നല്‍കിയ പ്രമുഖരാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് 2018 സെപ്റ്റംബറില്‍ ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘ്പരിവാറിന്റെ ആശയങ്ങളും നയനിലപാടുകളും വിശദീകരിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരുന്നു. മൂന്നാം ദിവസം അന്വേഷണങ്ങള്‍ക്ക് വിശദീകരണങ്ങളും മറുപടികളും നല്‍കുന്ന സെഷനുമുായിരുന്നു.10 'ഇന്ത്യയുടെ ഭാവി; ഒരു ആര്‍.എസ്.എസ് കാഴ്ചപ്പാട്' (Future of Bharat; An RSS Perspective) എന്ന പേരില്‍ വിവിധ ഭാഷകളില്‍ ഈ പ്രഭാഷണ പരമ്പര പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുത്വയുടെ വര്‍ത്തമാനകാല നേതാക്കളുടെയും ചിന്തകരുടെയും ഏറ്റവും പുതിയ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനുതകും ഈ പുസ്തകം. ഇതുള്‍പ്പെടെ സംഘ്പരിവാര്‍ റഫറന്‍സുകള്‍ മുമ്പില്‍ വെച്ചാണ് ഈ ലേഖനത്തിലുടനീളം ഹിന്ദുത്വ ആശയങ്ങളെ വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 
വ്യത്യസ്ത ചിന്തകളെയും ആശയങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി തങ്ങളുടെ ചിന്താവ്യവസ്ഥക്കുണ്ടെന്നാണ് ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് തങ്ങളുടെ അഭിമാനകരമായ സവിശേഷതയെന്നും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ അവര്‍ കൈക്കൊള്ളുന്ന പ്രായോഗിക നിലപാടുകള്‍ വിശകലനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇവരുടെ പ്രഖ്യാപിത ചിന്തകളും നയനിലപാടുകളും സംബന്ധിച്ച് കുറഞ്ഞത് ഇനിപ്പറയുന്ന പോയിന്റുകളെങ്കിലും ആ ആശയപദ്ധതിയുടെ സവിശേഷതകളാണെന്നു പറയാം. രാജ്യത്തെ ചില വിഭാഗങ്ങളെ പതിവായി പടിക്കു പുറത്ത് നിര്‍ത്തുന്ന (Exclusion) ആശയം അവര്‍ കൊുനടക്കുന്നുെങ്കില്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് അവരുടെ സൈദ്ധാന്തികര്‍ വ്യക്തമാക്കുകയും ചെയ്തിട്ടു്.

ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം (Unity of Existence)

ഏതൊരു ചിന്താ പദ്ധതിയുടെയും യഥാര്‍ഥ അടിസ്ഥാനം അതിന്റെ ലോക വീക്ഷണമാണ്. ഹിന്ദുത്വത്തിന്റെ ലോകവീക്ഷണം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുത്വ ആശയത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സൈദ്ധാന്തികരും ഒരേ സ്വരത്തില്‍ പറയാന്‍ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിന്ത ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം (Unity of Existence) ആണ്. ഹിന്ദു സാഹിത്യത്തിലെ പുരാതന അദ്വൈത വേദാന്ത തത്ത്വചിന്തയാണിത്. ഈ തത്ത്വചിന്തയുടെ വേരുകള്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രങ്ങള്‍, ഭഗവദ്ഗീത തുടങ്ങി ഹിന്ദുക്കളുടെ മുഴുവന്‍ വിശുദ്ധ ഗ്രന്ഥങ്ങളിലും കാണാം. സി.ഇ എട്ടാം നൂറ്റാണ്ടില്‍ പ്രശസ്ത ഹിന്ദു തത്ത്വചിന്തകനായ ആദിശങ്കരന്‍ ഈ പുരാതന തത്ത്വചിന്തയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. തദ്ഫലമായി മധ്യ-ആധുനിക കാലഘട്ടത്തിലെ ബ്രാഹ്മണിക്കല്‍ ആത്മീയചിന്തയുടെ പ്രബല ആശയമായി ഈ ചിന്ത ഇടം നേടി.
പ്രപഞ്ചത്തില്‍ ബ്രഹ്മം എന്ന ഒരേയൊരു യാഥാര്‍ഥ്യമേയുള്ളൂ എന്നതാണ് അത് മുന്നോട്ടു വെക്കുന്ന ദര്‍ശനം. മനുഷ്യാത്മാവും പ്രപഞ്ചത്തിലുള്ള സകലതും ഈ പരാശക്തിയുടെ ഭാഗമാണ്. നമുക്ക് ദൃശ്യമാകുന്നതെല്ലാം മായ മാത്രമാണ്. അതായത് പരാശക്തി എന്ന ഏക യാഥാര്‍ഥ്യത്തിന്റെ മിഥ്യാരൂപങ്ങളാണ് എല്ലാം. ഈ ചിന്തയുടെ സ്വാധീനം ചില മുസ്ലിം സൂഫികളില്‍ വഹ്ദത്തുല്‍ വുജുദ് പോലുള്ള തീവ്ര ചിന്തകള്‍ വളര്‍ന്നുവരാനും കാരണമായി (ഇതു സംബന്ധമായ സൂഫി ആശയങ്ങളും അദ്വൈത സങ്കല്‍പ്പങ്ങളും തമ്മില്‍ ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്. അത് പിന്നീട് വിശദീകരിക്കും). ഹിന്ദുത്വ സൈദ്ധാന്തികര്‍ ഈ ആശയം തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന അടിത്തറയായി കണക്കാക്കുകയും ഇന്ത്യയില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങളും അത് സ്വീകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. മുസ്ലിം ധാരയിലുള്ള ചില സൂഫീ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ പ്രേരണയിതാണ്. ഇത് കേവലം ആത്മീയ വീക്ഷണമാണെന്ന് തോന്നാമെങ്കിലും ഇതു സംബന്ധിച്ച ഇവരുടെ ആഖ്യാനങ്ങള്‍ പ്രകാരം തന്നെ, ആഴത്തിലുള്ള സാമൂഹിക, മത, സാംസ്‌കാരിക, നിയമ, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അതിനുണ്ട്. അതിലേക്ക് പിന്നീട് വരാം.
മുസ്ലിം പത്രപ്രവര്‍ത്തകനായ ഡോ. സൈഫുദ്ദീന്‍ ഗീലാനി, ഗോള്‍വാള്‍ക്കറുമായി നടത്തിയ വിശദമായ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പ്രസ്തുത അഭിമുഖത്തില്‍ ഗോള്‍വാള്‍ക്കര്‍ ഇപ്രകാരം പറയുന്നു്: 'നിങ്ങള്‍ അദ്വൈതമെന്നോ മറ്റെന്തെങ്കിലും പേരിലോ വിശേഷിപ്പിക്കുന്ന ഈ തത്ത്വചിന്ത ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ അല്ല (അഥവാ എല്ലാവരുടേതുമാണ്). ഈ ആശയത്തിന്റെ സംഗ്രഹമിതാണ്; ഈ പ്രപഞ്ചത്തില്‍ ഒന്ന് മാത്രമേയുള്ളൂ. അതാണ് പരമസത്യം. യഥാര്‍ഥ സന്തോഷവും അത് മാത്രമാണ്. അവനാണ് സ്രഷ്ടാവും സംരക്ഷകനും. എല്ലാം തുടച്ചുനീക്കാനും അന്ത്യംകുറിക്കാനും കഴിയുന്നവനും അവന്‍ തന്നെ. നമുക്കിടയില്‍ നിലനില്‍ക്കുന്ന ദൈവത്തിന്റെ വ്യത്യസ്ത സങ്കല്‍പ്പങ്ങള്‍ ഈ ആത്യന്തിക യാഥാര്‍ഥ്യത്തിന്റെ പരിമിതമായ സങ്കല്‍പ്പങ്ങളാണ്. ഈ ആത്യന്തിക യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനം നമ്മെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. ഈ വസ്തുത ഏതെങ്കിലും പ്രത്യേക മതത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മതം ഒരു ആരാധനാരീതി മാത്രമാണ്.'11
ഗോള്‍വാള്‍ക്കര്‍ സമര്‍ഥിക്കുന്ന ഈ ദാര്‍ശനിക കാഴ്ചപ്പാടാണ് ഉപാധ്യായയുടെ ഏകാത്മ മാനവ ദര്‍ശനം എന്ന ആശയത്തെ ഒരു രാഷ്ട്രീയ-സാമൂഹിക പ്രസ്താവനയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചത്.12 വ്യക്തിവാദം (Individualism) സംബന്ധിച്ച പാശ്ചാത്യ സങ്കല്‍പ്പത്തെ ഉപാധ്യായ നിരസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പാശ്ചാത്യ സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നതുപോലെ ഒരു സമൂഹം, വ്യക്തികള്‍ തമ്മിലുള്ള സാമൂഹിക കരാറിന്റെ ഫലമായി രൂപപ്പെട്ടതോ അതിന്റെ പേരില്‍ മാത്രം നിലനില്‍ക്കുന്നതോ അല്ല. സമൂഹം തന്നെ ജീവനുള്ള സ്ഥാപനമാണ്. അതിന് അതിന്റേതായ ആത്മാവുണ്ട്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയാണ് ഇതിന്റെ നാല് പ്രധാന ഘടകങ്ങള്‍.13 ഈ നാല് ഘടകങ്ങളാകട്ടെ അര്‍ഥം (ജീവിത സംതൃപ്തി), കാമം (വൈകാരിക സംതൃപ്തി), ധര്‍മം (ധാര്‍മിക സംതൃപ്തി), മോക്ഷം എന്നിങ്ങനെ അദ്ദേഹം വിശേഷിപ്പിച്ച നാല് തരത്തിലുള്ള പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.14 ഇവയെല്ലാം പരസ്പരബന്ധിതമാണ്. ആധുനിക പാശ്ചാത്യ ആശയങ്ങള്‍ ശരീരത്തെയും മനസ്സിനെയും മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. അതിനാല്‍ തന്നെ അവ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. വ്യക്തിയെപ്പോലെ സമൂഹത്തിനും ഒരു ആത്മാവുണ്ട്. അതിനെ അദ്ദേഹം 'ചിതി' എന്നാണ് വിശേഷിപ്പിക്കുന്നത്.15 അത്യുന്നതമായ ദിവ്യാത്മാവിന്റെ (ചൈതന്യം) പ്രകടനമാണ് മനുഷ്യാത്മാവ്. മനുഷ്യാത്മാവ് അതിന്റെ എല്ലാ പരിപൂര്‍ണതയും കൈവരിക്കുമ്പോള്‍ ദിവ്യാത്മാവിലേക്ക് ലയിക്കുന്നു. അത് മോക്ഷവും മനുഷ്യന്റെ പരമ ലക്ഷ്യവുമാണ്. ഇത് നേടുന്നതിനുള്ള വിവിധ വഴികള്‍ മതനേതാക്കള്‍ വിവരിച്ചിട്ടുണ്ട്. ഈ വഴികളില്‍നിന്ന് താന്‍ ആഗ്രഹിക്കുന്ന ഏതു രീതിയനുസരിച്ചും ഒരാള്‍ക്ക് ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കും. അതുമല്ലെങ്കില്‍ സ്വന്തമായി പുതിയ വഴികള്‍ കണ്ടെത്തി അതുവഴി ലക്ഷ്യപ്രാപ്തി ഉറപ്പുവരുത്തുന്നതിനും തടസ്സമില്ല. ഇന്ത്യന്‍ നാഗരികത സമൂഹത്തിന്റെ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നീ നാല് കാര്യങ്ങളെയും ഒരുമിച്ചാണ് അഭിസംബോധന ചെയ്യുന്നത്.
വ്യക്തി, സമൂഹം, പ്രകൃതി, പ്രപഞ്ചം എന്നിവ മനുഷ്യബോധത്തിന്റെ നാല് തലങ്ങളാണ്. അവ തമ്മില്‍ വൈരുദ്ധധ്യമില്ലെന്നു മാത്രമല്ല യോജിപ്പിന്റെ തലങ്ങളാണുള്ളത്. ഇവ പരസ്പരം നിലനിര്‍ത്തുന്ന സന്തുലിതാവസ്ഥയുടെ പേരാണ് ധര്‍മം. ഈ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകളെക്കുറിച്ചാണ് ഉപാധ്യായ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക മനോഭാവത്തിന് അനുസൃതമാണ് ഇതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിനെയാണ് ബി.ജെ.പി അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് വിളിക്കുന്നത്.
ഇന്ത്യന്‍ മതചിന്തയെക്കുറിച്ച തന്റെ പ്രഭാഷണത്തില്‍ ഇപ്പോഴത്തെ സംഘ്തലവന്‍ മോഹന്‍ ഭാഗവത്, ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ നിരവധി വൈവിധ്യങ്ങളുണ്ടെങ്കിലും ചില കാര്യങ്ങളില്‍ പൂര്‍ണമായ ധാരണയുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഈ യാദൃഛികതയാണ് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നത്. ഈ യാദൃഛികതയെ അദ്ദേഹം അഞ്ച് തത്ത്വങ്ങളുടെ രൂപത്തില്‍ അവതരിപ്പിച്ചു. അതിലെ നാലാമത്തെ തത്ത്വമിതാണ്; നിങ്ങള്‍ ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം എന്ന സമ്പൂര്‍ണ സത്തയുടെ ഭാഗമാണ്. നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഇത്തരമൊരു സമ്പൂര്‍ണ സത്ത മൂലമാണ്. തന്റെ മാതാപിതാക്കള്‍ കാരണം തനിക്ക് ശരീരം ലഭിച്ചു. കുടുംബത്തിലൂടെ തനിക്ക് സാംസ്‌കാരിക ഔന്നിത്യം ലഭിച്ചു. വിദ്യാഭ്യാസം, സമൂഹം, അധ്യാപകര്‍ എന്നീ ഘടകങ്ങളും നമ്മെ സംസ്‌കാരസമ്പന്നമാക്കി. നിങ്ങള്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഈ പ്രപഞ്ചത്തെ പിന്തുണക്കല്‍ നിങ്ങളുടെ ബാധ്യതയാണ്. അതിനോട് നന്ദി പ്രകാശിപ്പിക്കാനും നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എന്താണ് ഉണ്മ (Existence)? ഇതുമായി ബന്ധപ്പെട്ട വിശകലനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചിലര്‍ അത് ദൈവമാണെന്ന് വിശ്വസിക്കുന്നു. മറ്റുചിലര്‍ അതൊരു പ്രസ്ഥാനമാണെന്ന് വിശ്വസിക്കുന്നു. വേറെയും ചിലര്‍ ഇത് ഈ പ്രപഞ്ചം മൊത്തമാണെന്ന് വിശ്വസിക്കുന്നു. ഇവ തമ്മില്‍ വൈരുധ്യങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനെ നിരാകരിക്കുകയും റദ്ദ് ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഒന്നും ഒന്നിനെയും പൂര്‍ണമായും ഇല്ലാതാക്കുന്നില്ല എന്നതാണ് സത്യം.16
ആധുനിക പാശ്ചാത്യ തത്ത്വചിന്തയില്‍ ഓര്‍ഗാനിസം (Organism) എന്നൊരു പ്രവണതയുണ്ട്. അതുപ്രകാരം പ്രപഞ്ചവും മനുഷ്യസമൂഹവും ജീവനുള്ള ഉണ്മയാണ്. പ്രപഞ്ചത്തിലെ മുഴുവന്‍ ഘടകങ്ങളും പ്രത്യേക വസ്തുക്കളോ വ്യക്തികളോ അല്ല; മറിച്ച് ഒരൊറ്റ ഉണ്മയുടെ വിവിധ ഭാഗങ്ങളാണ്.18 വേദാന്തത്തിലെ പുരാതന തത്ത്വചിന്തകള്‍ക്കൊപ്പം ഈ ആധുനിക പാശ്ചാത്യ തത്ത്വചിന്തകളുടെ സ്വാധീനവും ഈ ചിന്തകരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാനാവുക.
ഈ ഓര്‍ഗാനിക് തത്ത്വചിന്തയുടെ ഫലമായി വ്യക്തിയുടെ പ്രാധാന്യം കുറയുന്നു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പ്രാധാന്യവും കുറയുന്നു. അവര്‍ രാഷ്ട്രം എന്ന് വിളിക്കുന്ന അത്യുന്നതമായ ജൈവ ഉണ്മ(Organic Existence)ക്ക് മാത്രമേ പ്രാധാന്യമുള്ളൂ എന്ന സിദ്ധാന്തമാണ് ഇതുവഴി രൂപപ്പെടുത്തിയത്. വ്യക്തികളും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളും ഈ അത്യുന്നതമായ ജൈവ ഉണ്മയുടെ ഭാഗം മാത്രമാണ്. അതിനാല്‍തന്നെ വ്യക്തികളുടെയും സാമൂഹിക വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക്, രാഷ്ട്ര താല്‍പര്യങ്ങള്‍ക്കു മുമ്പില്‍ യാതൊരു വിധ പരിഗണനയും നല്‍കേണ്ടതില്ല. ഈ ചിന്താഗതിയുടെ ആഴത്തിലുള്ള മുദ്രയും പ്രത്യയശാസ്ത്രപരമായ അടിത്തറയും സംഘ്പരിവാര്‍ ചിന്തകളിലും മനോഭാവങ്ങളിലും പതിഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും. ഈ ജൈവികതയുടെ തത്ത്വചിന്ത (Philosophy of Organism) എല്ലാ ഇന്ത്യക്കാരുടെയും പൊതു തത്ത്വചിന്തയായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. ഇസ്ലാം ഉള്‍പ്പെടെ പല മതങ്ങളുടെയും വിശ്വാസ സംഹിതകളോടും അധ്യാപനങ്ങളോടും നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നതാണിത്. എന്നാല്‍ സംഘ് സൈദ്ധാന്തികര്‍ ഇതിനെ പരസ്പരം യോജിക്കുന്നതും ആര്‍ക്കും പങ്കുവെക്കാവുന്നതുമായ തത്വചിന്തയായി (A connecting and shared philosophy) അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.  

ഹിന്ദു രാഷ്ട്രം അഥവാ ഭാരത് മാതാ
സംഘ്പരിവാര്‍ സൈദ്ധാന്തികരുടെ പൊതുധാര തീവ്രദേശീയതയുടേതാണ്. ദേശീയത എന്നത് അടിസ്ഥാനപരമായി രാഷ്ട്രം (Nation), വംശീയത (Ethnicity), ദേശീയ പരമാധികാരം (National Sovereignty), ഭരണകൂടം (State) തുടങ്ങിയ ആശയങ്ങളാല്‍ രൂപപ്പെട്ട ആധുനിക യൂറോപ്യന്‍ ചിന്തയാണ്. ഹിന്ദുത്വ ചിന്തകര്‍ വേദങ്ങളുടെ പുരാതന തത്ത്വചിന്തകളെ ഈ ആധുനിക പാശ്ചാത്യ തത്ത്വചിന്തകളുമായി സംയോജിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും അവ്യക്തതകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഒന്നായി മാത്രമേ ഇത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുള്ളൂ.
ഈ പ്രവണത ആരംഭിക്കുന്നത് സവര്‍ക്കറില്‍നിന്നാണ്. സവര്‍ക്കറെ സംബന്ധിച്ചേടത്തോളം ദേശീയത എന്ന ആശയം ആധുനിക യൂറോപ്യന്‍ ആശയവുമായി വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന നിവാസികളെ അദ്ദേഹം ഒരു രാഷ്ട്രമായി കണക്കാക്കി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഭൂമിശാസ്ത്രപരമായ ഐക്യം, വംശീയത, സാംസ്‌കാരിക ഐക്യം എന്നിവയാല്‍ അംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ/ജനതയുടെ പേരാണ് ഹിന്ദുമതം. ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവര്‍ത്തനം ചെയ്തവരെ പ്രത്യേക രാഷ്ട്രമായി കണക്കാക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം സമര്‍ഥിച്ചത്.19
പിന്നീട്, ഏക അസ്തിത്വം അഥവാ ഏകോണ്മതത്വം (Unity of Existence) എന്ന രഷ്ട്രീയ ഭാഷ്യം രൂപപ്പെടുത്തിയപ്പോള്‍ അത് ഹിന്ദുക്കളുടെ ഐക്യമായി മാറി. പുരാതന തത്ത്വചിന്തകളില്‍ മനുഷ്യന്‍ എന്നതുകൊ് ഉദ്ദേശിക്കുന്നത് ഹിന്ദു ജനതയാണെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിയിട്ടു്. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും പവിത്രമായ ഒരു പൂര്‍ണകുടുംബത്തിന്റെ ഭാഗമാണ്. ദൈവം പ്രപഞ്ചവ്യാപിയാണ്. സൂര്യനും ചന്ദ്രനും അതിന്റെ കണ്ണുകളാണ്. അതിന്റെ നാഭിയില്‍നിന്ന് നക്ഷത്രങ്ങള്‍ പുറത്തേക്കു വന്നു. ബ്രാഹ്മണരാണ് അതിന്റെ തല. രാജാവ് അതിന്റെ കൈകളാണ്. ക്ഷത്രിയര്‍ കൈകളും വൈശ്യര്‍ തുടകളും ശൂദ്രര്‍ പാദവുമാണ്. എല്ലാ ഹിന്ദു ജനങ്ങളും അതിന്റെ ഭാഗമായതിനാല്‍ അവര്‍ക്ക് ദിവ്യഗുണങ്ങളുണ്ട്. അവരുടെ സേവനം ദൈവസേവനമാണ്. അവ തമ്മിലുള്ള വ്യത്യാസം അനുവദനീയമല്ല.20
ഗോള്‍വാള്‍ക്കറുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജനതയുടെ ദിവ്യത്വം പ്രകടമാകുന്നത് 'ഭാരത് മാത'യിലൂടെയാണ്. അത് ഒരു വിഗ്രഹമല്ല, ജീവനുള്ള ദൈവമാണ് (Living God). ഇത് ദൈവത്തിന്റെയും ഇന്ത്യന്‍ ജനതയുടെയും പ്രതീകമാണ്. ഇവ രണ്ടും യഥാര്‍ഥത്തില്‍ ഒന്നുതന്നെയാണ്. അഥവാ അവ ഒരേ സത്തയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അവ രണ്ടും വിശുദ്ധവുമാണ് ('ഈ ജനം ജല്‍പിക്കുന്നതില്‍നിന്നെല്ലാം പരിശുദ്ധനല്ലോ അല്ലാഹു!' - ഖുര്‍ആന്‍).
ഗോള്‍വാള്‍ക്കര്‍ പറയുന്നതനുസരിച്ച് ആളുകള്‍ ക്ഷേത്രങ്ങളില്‍ പോയി പ്രതിഷ്ഠകളിലും വിഗ്രഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നു. ഇവ ദൈവത്തിന്റെ അടയാളങ്ങളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. രൂപമില്ലാത്ത നിര്‍ഗുണ ദൈവം (ദൈവമെന്ന ആശയം) നമ്മെ എവിടേയുമെത്തിക്കുകയില്ല. ഇത്തരമൊരു ദൈവസങ്കല്‍പം നമ്മളെപ്പോലുള്ള പ്രവര്‍ത്തനക്ഷമമായ ജനതയെ തൃപ്തിപ്പെടുത്താന്‍ പോന്നതല്ല. നമുക്ക് ജീവനുള്ള ഒരു ദൈവത്തെ ആവശ്യമാണ്.21 തുടര്‍ന്നുള്ള വരികളില്‍ അദ്ദേഹം ഹിന്ദു ജനതയെ ജീവനുള്ള ദൈവമായി വിശേഷിപ്പിക്കുന്നു.22 അദ്ദേഹം എഴുതുന്നു: 'ഇന്ത്യയുടെ ഈ പുണ്യഭൂമി ഹിമാലയന്‍ പര്‍വതനിരകള്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുകയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരത മാതാവ് രണ്ട് സമുദ്രങ്ങളില്‍ കൈകള്‍ മുക്കിയിരിക്കുകയാണ്. അതിനാല്‍ ഈ വിശുദ്ധഭൂമിയുടെ കിഴക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ ഇറാന്‍ മുതല്‍ സിംഗപ്പൂര്‍ വരെ വിശാലമാണ്. തെക്ക് ശ്രീലങ്ക എന്ന പ്രദേശം യഥാര്‍ഥത്തില്‍ തന്നെയും ഈ പുണ്യഭൂമിയുടെ പാദത്തില്‍ നട്ട താമരപ്പൂവാണ്.'23
ഈ ആശയമാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം എന്ന പ്രാര്‍ഥനാഗീതത്തിലൂടെയും പ്രകടിപ്പിക്കുന്നത്. ഭാരത് മാതാ ദേവിയുടെ പാരമ്പര്യങ്ങള്‍, ആരാധനാരൂപങ്ങള്‍, ജപമന്ത്രങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതും ഇതേ ആശയത്തില്‍നിന്നു തന്നെ. ഇത്തരമൊരു ചിന്താധാരയുടെ ശിക്ഷണവും പ്രത്യയശാസ്ത്ര പരിശീലനവും അതിനനുസരിച്ച മസ്തിഷ്‌ക പ്രക്ഷാളനവുമാണ് ആര്‍.എസ്.എസ് ശാഖകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സാധാരണയായി ശാഖകള്‍ ആരംഭിക്കുന്നത് നമസ്‌തേ സദാ വത്സലേ മാതൃഭൂമേ (ഭാരതമാതാവേ, ഞാന്‍ നിന്റെ മുമ്പാകെ എന്നേക്കും നമിക്കുന്നു) എന്ന പ്രത്യേക പ്രാര്‍ഥനയോടെയാണ്.
ഇത്രയും പറഞ്ഞതില്‍നിന്നും മനസ്സിലാക്കാനാകുന്നതിതാണ്: ഹിന്ദുത്വ ദര്‍ശനപ്രകാരം രാജ്യനിവാസികള്‍ മാതൃരാജ്യത്തെയും ജനതയെയും സ്‌നേഹിച്ചാല്‍ മാത്രം മതിയാകില്ല, മറിച്ച് ആ മാതൃരാജ്യത്തെ ദൈവമായി അല്ലെങ്കില്‍ ദൈവത്തിന്റെ രൂപമായി ആരാധിക്കേണ്ടതുമു്. 
(തുടരും)
വിവ: അബ്ദുല്‍ഹകീം നദ്‌വി

അടിക്കുറിപ്പുകള്‍

1.    V.D. Savarkar (1971) Six Glorious Epochs of Indian History (Tr. Ed. S.T.Godbole), Associate Publishers, New Delhi.
2.    A Maratha (1923) Hindutva, VV Kelkar (Publisher) Pune.
3.    V.D.Savarkar (1969) Hindutva: Who is a Hindu?, Veer Savarkar Prakashan, Bombay.
4.    M.S. Golwalkar (2000) Bunch of Thoughts, Sahitya Sindhu Prakashana, Bangalore.
    Hindi version is  “Vicharnavnit”
5.    M.S. Golwalkar (1939) We or Our Nationhood Defined, Bharat Publications, Nagpur.
6.    Bhartiya Vichar Sadhana Ed. (1978) Shri Guruji: Samagra Darshan, Khand 1-12, Bharatiya Vichar Sadhana, Nagpur
    ഇതിന്റെ 12 വാല്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. https://epustakalay.com/book/146612-shri-guriji-samrg-khand-4-by-hedgewaar/ retrieved on 12-06-2021
7.    Vaidehi Nathan (2008) Sri Guruji: Mission and Vision, Kurukshetra Prakashana, Kochi.
8.    Constitution of Bhartiya Janta Party, https://www.bjp.org/en/constitution , retrieved on 12-6-2021
9.    Refer BJP Membership Form at BJP website: https://www.bjp.org/var/assets/reg-form/Membership%20Application%20Form.pdf retrieved on 13-06-2021
10.    Mohan Bhagwat (2018) Future India: An RSS Perspective, Vichar Vinimay Prakashan, New Delhi.
    ഈ പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയും ലഭ്യമാണ്.
    ഇന്ത്യയുടെ ഭാവി (The Future of India) എന്ന പേരില്‍ ഡോ. ശൈഖ് ഉഖൈല്‍ അഹ്മദ് പരിഭാഷപ്പെടുത്തിയ പുസ്തകം
11.    Rakesh Sinha, (2020), Sri Guruji and Indian Muslims, page 11 PDF available at http://www.archivesofrss.org/Encyc/2014/1/21/23_07_02_19_muslim.pdf retrieved on 12-06-2021
12.    Deen Dayal Upadhyay, Ed. VR Pandit, (2002), Integral Humanism, Deendayal Research Institute, Delhi.
13.    Ibid page 17
14.    Ibid page 19
15.    Ibid page 25-26
16.    മോഹന്‍ ഭാഗവത് (2018). ഇന്ത്യയുടെ ഭാവി (The Future of India) എന്ന പേരില്‍ ഡോ. ശൈഖ് ഉഖൈല്‍ അഹ്മദ് പരിഭാഷപ്പെടുത്തിയ പുസ്തകം
17.    For details refer: Internet Encycopedia of Philosophy Plato: Organicism at https://iep.utm.edu/platoorg/ retrieved on 13-06-2021
18.    See Thomas Hobbes in Stanford Encyclopedia of Philosophy at https://plato.stanford.edu/archives/win2020/entries/hobbes/
19.    V.D.Savarkar, (1963), Hindu Rashtra Darshan Vol 2, Maharashtra Prantic Hindu Sabha, Pune, p. 52.
20.    M.S. Golwalkar, (1966), Bunch of Thoughts, Vikram Prakashan, Bangalore, pp. 46-47.
21.    Ibid, p. 24.
22.    Ibid, pp. 24-25.
23.    Ibid, p. 81.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി