Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

അപകടത്തിലായ തുനീഷ്യന്‍ ജനാധിപത്യം

കഴിഞ്ഞ ജൂലൈ 25-ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രയാണത്തെ അട്ടിമറിക്കാന്‍ തന്നെയുള്ളതാണ്. അദ്ദേഹം പ്രധാനമന്ത്രി ഹിശാം മശീശിയെ പുറത്താക്കുകയും പാര്‍ലമെന്റിനെ നിര്‍വീര്യമാക്കുകയും ചെയ്തിരിക്കുന്നു. ജനാധിപത്യവല്‍ക്കരണ പ്രക്രിയക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. സ്വേഛാധിപത്യ ഭരണക്രമത്തെ പിഴുതെറിയുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ജനാധിപത്യത്തിലേക്കുള്ള സംക്രമണ (Transition) കാലമാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ അടിയുറക്കുന്ന ഘട്ടം മൂന്നാമത്തേതും. ഈ മൂന്ന് ഘട്ടങ്ങളില്‍ സംക്രമണ കാലമാണ് ഏറെ പ്രധാനം. സ്വേഛാധിപത്യത്തെ പിഴുതുമാറ്റുന്നതിന്റെയും ജനം ആഗ്രഹിക്കുന്ന പരിവര്‍ത്തനത്തിന്റെയും ഇടക്കുള്ള ഘട്ടമാണല്ലോ അത്. വളരെയേറെ അപകടങ്ങള്‍ പതിയിരിക്കുന്ന സംഘര്‍ഷങ്ങളുടെ ദീര്‍ഘിച്ച ഘട്ടം. സ്വേഛാധിപത്യത്തെ പിഴുതുമാറ്റാന്‍ കുറഞ്ഞ കാലത്തെ പോരാട്ടങ്ങള്‍ കൊണ്ട് ചിലപ്പോള്‍ സാധ്യമായി എന്നു വന്നേക്കാം. ഏകാധിപത്യ ഭരണക്രമത്തിന്റെ തലവന്‍ തെറിച്ചാലും, ആ ഭരണക്രമത്തിന്റെ അവശിഷ്ടങ്ങളോട് ദീര്‍ഘിച്ച പോരാട്ടം തന്നെ പൗരസമൂഹത്തിന് നടത്തേണ്ടി വരും. പിന്നെ വരുന്ന ഭരണത്തലവന്‍ പ്രക്ഷോഭകരുടെ രോഷം തണുപ്പിക്കാന്‍ പേരിന് മാത്രമുള്ള ചില മാറ്റങ്ങളൊക്കെ കൊണ്ടു വരും. പ്രക്ഷോഭകര്‍ തണുത്തു കഴിയേണ്ട താമസം, സ്വേഛാധിപത്യം പൂര്‍വോപരി ഹിംസാത്മകമായി തിരിച്ചുവരികയായി. ഈമാനദണ്ഡങ്ങള്‍ വെച്ച് തുനീഷ്യ ഇപ്പോള്‍ എവിടെയാണ്? ഏത് ദിക്കിലേക്കാണ് ആ രാഷ്ട്രം പോകുന്നത്?
ഏകാധിപത്യ ഭരണക്രമത്തെ പുറന്തള്ളുന്നതില്‍ തുനീഷ്യന്‍ ജനത വേണ്ടവിധം വിജയിക്കുകയുണ്ടായി. സുരക്ഷാ സംവിധാനത്തില്‍ അള്ളിപ്പിടിച്ചു നിന്ന മുന്‍ ഭരണകൂട അവശിഷ്ടങ്ങളോട് കടുത്ത പോരാട്ടം നടത്തേണ്ടിവന്നെങ്കിലും, ഒട്ടേറെ ഭരണഘടനാ - തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ആ ജനതക്കായി. ഭരണ സംവിധാനങ്ങള്‍ ജനാധിപത്യപരമായി രൂപപ്പെട്ടു. ഈ സംക്രമണദശയില്‍ ഭരണ സ്ഥാപനങ്ങളെ ജനാധിപത്യപരമായി പുനര്‍നിര്‍ണയിക്കുക തന്നെയായിരുന്നു ആ ജനത. പട്ടാളം രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാനും ഒരു പരിധി വരെ ആ സമൂഹത്തിന് സാധിച്ചു. പക്ഷേ ഒടുവില്‍ വാര്‍ത്ത ലഭിക്കുമ്പോള്‍ പട്ടാളത്തെ തെരുവിലിറക്കി പ്രതിഷേധിക്കുന്നവരെ നേരിടാനാണ് പ്രസിഡന്റ് ഖൈസ് സഈദിന്റെ ശ്രമം. അത് വിജയിച്ചാല്‍ ആ കൊച്ചു വടക്കനാഫ്രിക്കന്‍ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ പരീക്ഷണങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാവും അത് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെയാണ് അന്നഹ്ദ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് സ്പീക്കറുമായ ശൈഖ് റാശിദുല്‍ ഗന്നൂശി ഈ അട്ടിമറിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് പറഞ്ഞത്. വിപ്ലവാനന്തരം അധികാരം കൈയാളിയ പാര്‍ട്ടികളിലൊന്നാണ് അന്നഹ്ദ. ഈയടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ ജനാധിപത്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ഏക പാര്‍ട്ടി അതാണെന്ന് ജനങ്ങള്‍ക്കറിയാം. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല പാര്‍ട്ടികളും മുന്‍ സ്വേഛാധിപത്യത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ്. രാജ്യതാല്‍പ്പര്യം മുന്നില്‍ വെച്ച് പലതരം വിട്ടുവീഴ്ചകള്‍ക്ക് തയാറായ ചരിത്രമാണ് അന്നഹ്ദക്കുള്ളത്. അര്‍ഹിച്ച പലതും അവര്‍ വേണ്ടെന്നുവെക്കുകയുണ്ടായി. പൊതു അജണ്ടകള്‍ മുന്നോട്ട് വെച്ച് എല്ലാ പാര്‍ട്ടികളുടെയും സഹകരണം തേടാനാണ് പാര്‍ട്ടി ശ്രമിച്ചത്. ഏറക്കുറെ ഭദ്രമായ ഒരു ഭരണഘടന രൂപകല്‍പ്പന ചെയ്യാനും അത് മുന്‍കൈ എടുത്തു. ഇതുപോലൊരു അട്ടിമറിശ്രമം മുമ്പില്‍ കണ്ടുകൊണ്ടായിരുന്നു ഇതെല്ലാം. ഖൈസ് സഈദിനെപ്പോലുള്ള അറബ് ലോകത്തെ തന്നെ അറിയപ്പെടുന്ന ഒരു നിയമജ്ഞന്‍ ഈ ജനാധിപത്യക്കശാപ്പിന് മുന്‍കൈയെടുക്കുന്നത് വിരോധാഭാസമായി തോന്നാമെങ്കിലും, ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത അയാള്‍ കേവലം പാവ മാത്രമായിരിക്കാനേ സാധ്യതയുള്ളൂ, പിന്നില്‍ കളിക്കുന്നത് മറ്റു പലരുമാണ്.
ജനാധിപത്യത്തിന്റെ സംക്രമണ ദശയിലാണ് ഡീപ്പ് സ്റ്റേറ്റിന്റെ പ്രതിവിപ്ലവങ്ങള്‍ അരങ്ങേറുക. അറബ് വസന്തവിപ്ലവങ്ങള്‍ക്കു ശേഷം അത് ആദ്യമായി അരങ്ങേറിയത് 2013-ല്‍ ഈജിപ്തിലാണ്; ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഗവണ്‍മെന്റിനെ അട്ടിമറിച്ചുകൊണ്ട്. അത്തരം പ്രതിവിപ്ലവങ്ങളാണ് ലിബിയയെ ഈ വിധം ശിഥിലമാക്കിയത്, സിറിയയില്‍ വീഴുമെന്നുറപ്പിച്ച ബശ്ശാര്‍ ഭരണകൂടത്തെ താങ്ങിനിര്‍ത്തിയത്. യമന്‍ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സാക്ഷ്യം. ഇതിനിടക്ക്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തുനീഷ്യ ഒട്ടേറെ അട്ടിമറിശ്രമങ്ങളെ അതിജീവിക്കുകയുണ്ടായി. ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് വഴുക്കിവീഴാതെ ഈ അട്ടിമറിയെയും തുനീഷ്യന്‍ ജനത അതിജീവിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി