Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

അന്യതാബോധവും തീവ്രവാദവും

വിവിധ ജനവിഭാഗങ്ങളില്‍ വളര്‍ന്നുവരുന്ന അന്യതാബോധമാണ് തീവ്രവാദം വളരുന്നതിന്റെ പ്രധാന കാരണമെന്ന് ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 16നു ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രസംഗിക്കവെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കുകയുണ്ടായി. എല്ലാ ജനവിഭാഗങ്ങള്‍ക്കും മാന്യമായ പരിഗണനയും ജീവിത സാഹചര്യവും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ആഭ്യന്തര സുരക്ഷക്കു നേരെയുള്ള വെല്ലുവിളി വലിയൊരളവോളം കുറഞ്ഞുവരും. വലിയൊരു വിഭാഗം ജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യം മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണിയാകുന്നു. ജനാധിപത്യ ക്രമത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായത് ലഭിക്കുന്നില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അക്രമപാത അവലംബിക്കണമെന്നുമുള്ള തോന്നലില്‍നിന്നാണ് അന്യതാബോധം ഉടലെടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. മതത്തിന്റെയും ഇടതുപക്ഷ വിപ്ളവത്തിന്റെയും പേരിലും തീവ്രവാദം വളരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിഷ്പക്ഷ സാമൂഹ്യ നിരീക്ഷകര്‍ നേരത്തെ പറഞ്ഞുവരാറുള്ളതുതന്നെയാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച വീക്ഷണം. എന്നാല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതിന് സാധാരണ അഭിപ്രായ പ്രകടനങ്ങളില്‍ കവിഞ്ഞ ആധികാരികതയും അര്‍ഥതലങ്ങളുമുണ്ട്. എല്ലാ ജനവിഭാഗങ്ങള്‍ക്കും മാന്യമായ പരിഗണനയും ജീവിതസാഹചര്യവും ഉറപ്പാക്കാത്തതാണ് അന്യതാബോധത്തിന്റെയും തജ്ജന്യമായ തീവ്രവാദത്തിന്റെയും ഉറവിടമെന്ന് അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും പ്രതിനിധി പറയുമ്പോള്‍ അതൊരു വലിയ കുറ്റസമ്മതവും കൂടിയാണ്. എന്തുവിലകൊടുത്തും നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതുതന്നെയാണ് തീവ്രവാദവും ഭീകരപ്രവര്‍ത്തനവും. ഇത് പക്ഷെ പൌരാവകാശങ്ങള്‍ ചവിട്ടി മെതിക്കാന്‍ അധികാരമുള്ള പുതിയ പുതിയ അന്വേഷണ ഏജന്‍സികളും പോലീസ് സേനകളും രൂപീകരിക്കപ്പെടുന്നതില്‍ പരിമിതമായിക്കൂടാ. ചില ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന പൌരാവകാശ ലംഘനവും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ച 'വലിയൊരു വിഭാഗം ജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന' സാഹചര്യത്തിന്ന് ആക്കം കൂട്ടുകയേയുള്ളൂ. തീവ്രവാദം ഇല്ലാതാക്കാന്‍ പോലീസ് നടപടിപോലെ തന്നെ, അല്ല അതിലേറെ ആവശ്യമായിട്ടുള്ളത് അന്യതാബോധവും തീവ്രവാദവും വളരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് എന്നതത്രെ മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ മറ്റൊരര്‍ഥം. ഈ അര്‍ഥങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചതെങ്കില്‍ അതു വിവേകത്തിന്റെ ശബ്ദമാണ്. സൃഷ്ടിപരമായ നടപടികളിലൂടെ അതദ്ദേഹം തെളിയിക്കുമെന്നാശിക്കട്ടെ.
ഒരു വിഭാഗത്തിലും അന്യതാബോധം വെറുതെയങ്ങ് മുളച്ചു വളരുന്നതല്ല. മറ്റുള്ളവരാല്‍ അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അവര്‍ അന്യതാബോധത്തിനിരയാവുകയാണ്. സമ്പത്തും അധികാര സ്വാധീനവുമുള്ള ഒരു വിഭാഗം തങ്ങളാണ് രാജ്യത്തിന്റെ മൌലിക ഉടമസ്ഥരും മുഖ്യപൌരന്മാരുമെന്നും, വിഭവങ്ങളും അധികാര സ്ഥാനങ്ങളും തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നും മറ്റു ജനവിഭാഗങ്ങള്‍ അന്യരും തങ്ങള്‍ക്ക് തുല്യം അവകാശങ്ങളര്‍ഹിക്കാത്ത രണ്ടാം കിടക്കാരോ കീഴാളരോ ആണെന്നും ധരിക്കുകയും ആ ധാരണക്കനുഗുണമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. ഭരണകൂടവും വ്യവസ്ഥിതിയും പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഭേദചിന്തയെ താലോലിക്കുക കൂടി ചെയ്യുമ്പോള്‍ മറ്റു ജനവിഭാഗങ്ങള്‍ പതിതരും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്നകറ്റപ്പെട്ടവരുമാകുന്നു. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്യ്രം കിട്ടി ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും രാജ്യത്ത് നടക്കുന്നതിതാണ്. പീഡിത വിഭാഗങ്ങളുടെ തീവ്രവാദത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തുമ്പോള്‍ തന്നെ സമ്പത്തും അധികാര സ്വാധീനവുമുള്ള പ്രബലന്മാരുടെ തീവ്രവാദത്തോടും ഭീകരകൃത്യങ്ങളോടും മൃദുസമീപനം സ്വീകരിക്കുന്നു. ഒറീസ, ബീഹാര്‍ മേഖലയില്‍ നടമാടുന്ന ആദിവാസി-ദലിത് മര്‍ദനം, ബാബരി ധ്വംസനം, ഗുജറാത്ത് വംശഹത്യ ഇങ്ങനെ ഒട്ടേറെയാണ് ഉദാഹരണങ്ങള്‍.
അധഃസ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ അവശതകള്‍ പരിഹരിക്കാനെന്ന പേരില്‍ കലാലയങ്ങളില്‍ കമീഷനുകള്‍ നിശ്ചയിക്കപ്പെടുന്നു. പക്ഷെ അവര്‍ നല്‍കുന്ന ശിപാര്‍ശകള്‍ നടപ്പിലാക്കുന്നില്ല. എല്ലാം മുന്നാക്ക വിഭാഗങ്ങളുടെ എതിര്‍പ്പുകളില്‍ അലിഞ്ഞു പോകുന്നു. അയിത്തവും ജാതി വിവേചനവും നിര്‍മാര്‍ജനം ചെയ്യാനുദ്ദേശിച്ചുള്ള ഭരണഘടനാ വകുപ്പുകള്‍ പോലും ജാതിവിവേചനം നിലനിര്‍ത്താന്‍ ആയുധമാക്കപ്പെടുന്നു. അധഃസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തുന്ന സംവരണവും മറ്റാനുകൂല്യങ്ങളും എതിര്‍ക്കപ്പെടുന്നത് പൌരന്മാര്‍ക്കു തുല്യപരിഗണന വിഭാവനം ചെയ്യുന്ന ഭരണഘടന വകുപ്പിന്റെ മറവിലാണ്.
ഈ പ്രവണതകള്‍ വര്‍ധിച്ചിരിക്കുകയാണ്. കേരളത്തില്‍ ഈയിടെയുണ്ടായ അഞ്ചാം മന്ത്രി വിവാദം ഒരുദാഹരണം. അസംബ്ളിയിലുള്ള പ്രാതിനിധ്യത്തിന്റെ അനുപാതമനുസരിച്ച് മുസ്ലിംലീഗിന് ന്യായമായും അഞ്ചുമന്ത്രിമാരാവാം. തികച്ചും ന്യായമായ ഈ ആവശ്യം ലീഗ് ശക്തിയായി ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് അഞ്ചാമതൊരു മന്ത്രിസ്ഥാനവും കൂടി മുഖ്യമന്ത്രിക്ക് അനുവദിക്കേണ്ടി വന്നു. ഭൂമി പൊട്ടിപ്പിളരുകയോ ആകാശം ഇടിഞ്ഞു വീഴുകയോ ചെയ്ത പോലുള്ള ബഹളമാണ് തുടര്‍ന്നുണ്ടായത്. വിദ്യാഭ്യാസത്തിലും അധികാരത്തിലും സമ്പത്തിലും ഏറ്റം മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണ് ഏറ്റം വലിയ ബേജാറ്. മന്ത്രിസഭയില്‍ സാമുദായിക സന്തുലിതത്വം എന്നൊരു നവ നീതിസാരവും എങ്ങുനിന്നോ ജ്വലിച്ചുയര്‍ന്നു. ഐക്യകേരളം നിലവില്‍വന്ന് ഇന്നേവരെയുണ്ടായ ഒരു മന്ത്രിസഭയും ഈ തത്ത്വമനുസരിച്ചായിരുന്നില്ല രൂപീകരിക്കപ്പെട്ടിരുന്നത്. മുസ്ലിംലീഗ് ആവശ്യപ്പെട്ടത് മുസ്ലിം സമുദായത്തിന് ഒരു മന്ത്രിയെയല്ല, യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിന് ഒരു മന്ത്രിയെയാണ്. എന്നിട്ടും അതിത്ര വലിയ കോളിളക്കമായതെന്തുകൊണ്ടാണ്? ഭരണപക്ഷവും പ്രതിപക്ഷവും മറ്റ് തല്‍പര കക്ഷികളും എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും അടിയിലുള്ള സത്യം ഇതാണ്: മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയോടുകൂടി മന്ത്രിസഭയില്‍ മൊത്തം ആറു മുസ്ലിംകളായി. ഒരു അപര സമുദായമായ മുസ്ലിംകളില്‍നിന്ന് ഇത്രയേറെ മന്ത്രിമാരുണ്ടാവുകയോ? അതനുവദിച്ചുകൂടാ. അധഃസ്ഥിത വിഭാഗങ്ങളുടെ മുറവിളികള്‍പോലെ അവഗണിക്കാവുന്നതല്ലല്ലോ പ്രബല മുന്നോക്കക്കാരുടെ അസഹിഷ്ണുത നിറഞ്ഞ ഗര്‍ജനം. തന്റെ കൈവശമുള്ള ചില മികച്ച വകുപ്പുകള്‍ ആ സമുദായക്കാര്‍ക്ക് വീതിച്ചുകൊടുത്തുകൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ട ഒരു മഹാപാപം തന്നെയാണ് താന്‍ ചെയ്തുപോയതെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു.
ഇന്നിന്ന വിഭാഗങ്ങള്‍ അപരരാണെന്ന് പച്ചയായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെയല്ല ചില ജനവിഭാഗങ്ങള്‍ അന്യവല്‍കൃതരാകുന്നത്. മറിച്ച് ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോഴും അഭിമാനം ഹനിക്കപ്പെടുമ്പോഴുമാണ്. തത്ത്വങ്ങളും സിദ്ധാന്തങ്ങളും ആവിഷ്കരിച്ചതുകൊണ്ട് നീതിനിഷേധം അതല്ലാതാകുന്നില്ല. ബോധപൂര്‍വമുള്ള നീതിനിഷേധവും അവഹേളനവും അന്യതാബോധം സൃഷ്ടിക്കാതിരിക്കുകയുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം