Prabodhanm Weekly

Pages

Search

2021 ജൂലൈ 23

3211

1442 ദുല്‍ഹജ്ജ് 13

പതിനെട്ടു കോടിയുടെ മരുന്നുയര്‍ത്തുന്ന ചിന്തകള്‍

ഡോ. കെ. അഹ്മദ് അന്‍വര്‍

കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദ് എന്ന പിഞ്ചുബാലന്റെ ചികിത്സക്കാവശ്യമായ അപൂര്‍വ മരുന്നിന്റെ  വില കേട്ടവര്‍ കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചുപോയി. അമേരിക്കയില്‍നിന്ന് അതിങ്ങ് കേരളത്തിലെത്താന്‍ 18 കോടി രൂപയാണു വേണ്ടിവരിക. മുഹമ്മദിന്റെ  മൂത്ത സഹോദരിക്ക് ആ മരുന്നു വേണ്ട സമയത്ത് ലഭ്യമല്ലാതിരുന്നതിനാല്‍ ആ കുട്ടി തന്റെ ശിഷ്ട ജീവിതം വൈകല്യത്തോടെ നയിക്കേണ്ടിവന്നേക്കാം.
ഇത്രയും വലിയ ഒരു തുക സാധാരണ കുടുംബത്തിന് എങ്ങനെ കണ്ടെത്താനാവും? പക്ഷേ, സംഭവിച്ചത് ഒരത്ഭുതമായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ത്രേലിയ തുടങ്ങി ലോകമെങ്ങുമുള്ള മലയാളി പ്രവാസിക്കൂട്ടങ്ങള്‍ കനിവിന്റെ നീരുറവകള്‍ ഒഴുക്കുകയായിരുന്നു. മുഹമ്മദ് ശമീം പറഞ്ഞതു പോലെ, 'ഒരുമിച്ചുനിന്ന് കൈ കോര്‍ത്തു പിടിച്ചു; ഇമ വെട്ടിത്തുറക്കും മുമ്പ് കോടികള്‍ തികഞ്ഞു.' 'മതി, ഇനി ആരും അയക്കേണ്ട' എന്നു ബന്ധപ്പെട്ടവര്‍ക്ക് പറയേണ്ടിവന്നു. ഫേസ് ബുക്കിലെ മറ്റൊരു കമന്റ് ഇങ്ങനെ: 'മരുന്നിന്റെ വില കേട്ട് ആദ്യം മലയാളികള്‍ ഞെട്ടി!. മലയാളികളുടെ ഒത്തൊരുമ കണ്ട് പിന്നെ മരുന്നു കമ്പനിയും ഞെട്ടി!' അഭിനന്ദനീയവും ആഹ്ലാദകരവുമായ കാര്യം. നമ്മുടെ സഹജീവിസ്‌നേഹം പ്രയോഗത്തില്‍ വന്നപ്പോള്‍ കണ്ട  ചാരുതയാണത്. മുഹമ്മദ് ഷാജി എന്ന ഒറ്റ പ്രവാസി മാത്രം നല്‍കിയത് ഒരു കോടി രൂപ. 
'ദൈവപ്രീതി മാത്രം കാംക്ഷിച്ചാണ്, അല്ലാതെ ആരുടെയെങ്കിലും നന്ദിപ്രകടനത്തിനോ പ്രതിഫലത്തിനോ വേണ്ടി അല്ല'; 'പ്രത്യുപകാരം ചെയ്യേണ്ട യാതൊരു ഔദാര്യവും അവന്റെ പേരില്‍ ആര്‍ക്കുമില്ല.'
ഈ സംഭവത്തിലെ അവിസ്മരണീയത വരള്‍ച്ചയിലെ കുളിരാണ്. അപ്പോഴതാ കേള്‍ക്കുന്നു, പെരിന്തല്‍മണ്ണയില്‍ ഒരു ഇമ്രാന്‍, പിന്നെ ലക്ഷദ്വീപടക്കം മറ്റിടങ്ങളിലും, അവിടവിടെയായി ഇതേ രോഗികളുണ്ടെന്ന്.
തിരുവനന്തപുരത്ത് നവനീത് എന്നു പേരായ ഒരു കുഞ്ഞിന് ഈ മരുന്നു കൊടുത്തു കഴിഞ്ഞിട്ടു നാലു മാസമായി. കുട്ടിയുടെ അവശ അവസ്ഥക്കു ഏറെ മാറ്റമുണ്ടായി എന്നു മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ 100 ശതമാനം ശാശ്വത ഫലം കിട്ടുമോ എന്നു പറയാനായിട്ടില്ല. ഭാഗ്യത്തിനു ആ കുട്ടിക്കു ഉല്‍പാദക കമ്പനിയുടെ സൗജന്യം ലഭിച്ചു. ദീനാനുകമ്പാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കമ്പനി,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനേകം രോഗികളില്‍നിന്ന്,കോഡ് നമ്പറുകളില്‍,നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന കുറച്ചു പേര്‍ക്ക് മരുന്നു സൗജന്യമായി നല്‍കുന്ന സ്‌കീമില്‍ (Worldwide Access Programme) ഇടം പിടിക്കാന്‍ ആ കുട്ടിക്കു ഭാഗ്യമുണ്ടായി. അങ്ങനെ 18 കോടി സംഘടിപ്പിക്കേണ്ട ഭാരത്തില്‍ നിന്നൊഴിവായി. ധാരാളം പേപ്പര്‍ വര്‍ക്കും രക്ത പരിശോധനകളും ആവശ്യമായി വരും മരുന്നു ലഭിക്കാനും നല്‍കാനും (facebook/manoramaonline/You Tube). 
ഇങ്ങനെ സൗജന്യ ഓഫര്‍ ലഭിച്ച മറ്റൊരു കുഞ്ഞിനു പക്ഷേ അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല;കാരണം അപ്പോഴേക്ക് ആ കുട്ടി വെന്റിലേറ്ററിലായിക്കഴിഞ്ഞിരുന്നു എന്നറിഞ്ഞു(വെന്റിലേറ്ററിലായിക്കഴിഞ്ഞാല്‍പിന്നെ മരുന്നു നല്‍കില്ല). ഏകദേശം 120-ഓളം കുഞ്ഞുങ്ങള്‍ ഈ രോഗബാധിതരായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രേ.
Onasemnogene എന്ന രാസനാമം വഹിക്കുന്ന ഈ മരുന്നിന് ഉല്‍പ്പാദകരായ Novartis കമ്പനി നല്‍കിയ Zolgensma  എന്ന അപരനാമത്തിലാണ് ഇതറിയപ്പെടുന്നത്. ഒറ്റ തവണ രക്തധമനികളിലൂടെ കുത്തിവെക്കേണ്ടത് (ആവര്‍ത്തിക്കേണ്ട മറ്റ് മരുന്നുകളും ഈ രംഗത്തുണ്ട്). അപഭ്രംശം പറ്റിയ 'അക്രമിയായ' (ക്രമം തെറ്റിയ എന്നേ ഉദ്ദേശ്യമുള്ളൂ) ഒരു ജീനാണ് രോഗകാരണം. അതിനെ മാറ്റി, 'ക്രമം പാലിക്കുന്ന' അരോഗവാഹകരായ സാധാരണ ജീനിനെ പ്രതിഷ്ഠിക്കുന്നു ഈ മരുന്ന്. ഇതര മരുന്നുകളായ Spinraza, Resdiplam എന്നിവയെ കുറിച്ച് കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്യാധുനിക ജനിതക ചികിത്സാ ശാസ്ത്രം, ഒരിക്കല്‍ അസാധ്യമെന്നു കരുതിയിരുന്ന ജനിതകരോഗങ്ങളെ സുഖപ്പെടുത്താന്‍ പുതിയ സങ്കേതങ്ങള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജനറ്റിക്‌സില്‍ വ്യുല്‍പ്പത്തി നേടുന്നവര്‍ കൂടിവരുന്നു.
അനേകം ജനിതക വൈകല്യങ്ങളില്‍ ഒന്നാണ് മസ്‌കുലാര്‍ അട്രോഫി (Muscular Atrophy) എന്നറിയപ്പെടുന്ന മാംസപേശീ ശോഷണപ്രധാനവും, അതിനാല്‍ തന്നെ ശരീരത്തിലെ പല പേശികളുടെയും നാശത്തിലേക്ക് നയിക്കുന്നതുമായ രോഗങ്ങള്‍. വിശദീകരണം സ്ഥലപരിമിതിയിലൊതുങ്ങാത്തതിനാല്‍ ചുരുക്കിപ്പറയാം. ഇവയുടെയൊക്കെ മുമ്പില്‍ നിസ്സഹായരായി നില്‍ക്കാനേ ഇതുവരെ വൈദ്യശാസ്ത്രത്തിന് സാധിച്ചിരുന്നുള്ളൂ.
പോളിയോ തുടങ്ങിയ ഇതര കാരണങ്ങളാലുണ്ടാകാവുന്ന പേശീശോഷണരോഗങ്ങളെ കുറിച്ചല്ല, ജന്മനാലുള്ള ജനിതക രോഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പരാമര്‍ശവിധേയമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (SMA), തിരിച്ചുകിട്ടാത്ത വിധം പേശീശോഷണം സംഭവിച്ച് ചലനശേഷി തീരെ ഇല്ലാതാവുന്ന രോഗമാണ്. മാംസപേശികള്‍ക്ക് ചാലകസന്ദേശം നല്‍കുന്ന നാഡികള്‍ (Motor Nerves) സുഷുംനാ നാഡിയുടെ മുന്‍ഭാഗത്തുള്ള Anterior Horn Cells -ല്‍നിന്നാണ് ഉത്ഭവിക്കുന്നത്. ജനിതകത്തകരാറ് മൂലം ഈ കോശങ്ങള്‍ ക്രമേണ നശിച്ചുപോകുന്നു. അതായത്, സാധാരണയുള്ള ജീനുകളല്ല, മറിച്ച് അപഭ്രംശം വന്ന ജീനുകളാണ് അവയെ നിയന്ത്രിക്കുന്നത്.
''രോഗത്തിന്റെ  കാഠിന്യമനുസരിച്ച് ഈ രോഗത്തിന് അഞ്ചു വകഭേദങ്ങളുണ്ട്: (1) എസ്.എം.എ 0 (zero) : ജനിക്കുമ്പോള്‍ തന്നെ രോഗലക്ഷണങ്ങളുണ്ടാകും. ഏതാനും നാളുകള്‍ കൊണ്ട് കുഞ്ഞ് മരിക്കും. (2) എസ്.എം.എ. 1 : രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ജനനശേഷം രണ്ടുമൂന്നു മാസമെടുക്കും. കൈകാലുകളുടെ ചലനം കുറയും; കരച്ചില്‍ ഒരു ഞരക്കത്തിലൊതുങ്ങും; 'കഴുത്തുറക്കുക'യില്ല. ക്രമേണ ശ്വസനപേശികളുടെ ശക്തിക്ഷയം ആവര്‍ത്തിത ശ്വാസകോശ രോഗാണുബാധയും  മരണവും വേഗത്തിലാക്കും. (3) എസ്.എം.എ 2 : 'കഴുത്തുറച്ച' ശേഷം കുഞ്ഞ് എഴുന്നേറ്റിരിക്കാന്‍ തുടങ്ങുമെങ്കിലും നടക്കാന്‍ കഴിയില്ല. കൂടെക്കൂടെയുള്ള ശ്വാസകോശരോഗം മരണത്തിലേക്ക് നയിക്കും. എസ്.എം.എ 1 -ലും എസ്.എം.എ- 2 -ലും വെന്റിലേറ്റര്‍ ഇടക്ക് ആവശ്യമാവും. (4) എസ്.എം.എ -3 : നടത്തം തുടങ്ങും; വേച്ചു വേച്ചു. ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസമായിരിക്കും. ഒന്നു-രണ്ടു വയസ്സിലായിരിക്കും തുടക്കം. (5) എസ്. എം.എ. 4 : മുതിര്‍ന്നവരെ ബാധിക്കുന്നത്.
''ബുദ്ധിമാന്ദ്യം ഇല്ലാത്തതിനാല്‍, മാതാപിതാക്കളുടെ അനുകമ്പയും സ്‌നേഹവും ആവോളം പിടിച്ചുപറ്റിയ ശേഷം ഉണ്ടാവുന്ന ഈ കുഞ്ഞുങ്ങളുടെ വിരഹം അതീവ ദുഃഖകാരണമായിരിക്കും. മൂന്നും നാലും തരക്കാര്‍, വീല്‍ ചെയര്‍ തുടങ്ങിയ ഉപാധികളാലും പിന്നീട് വെന്റിലേറ്ററിലും കുറച്ചു കാലം കൂടി ജീവിച്ചേക്കാം. അടുത്ത കാലം വരെ, ഫിസിയൊതെറാപ്പി, ജനിതക കൗണ്‍സലിംഗ് എന്നിവയിലൊതുങ്ങിയിരുന്നു ചികിത്സകള്‍. ഗര്‍ഭാവസ്ഥയില്‍തന്നെ ജനിതകരോഗങ്ങള്‍ കണ്ടുപിടിക്കുന്ന സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതനുസരിച്ച് ചികിത്സാ രീതികളിലും നൂതനമാര്‍ഗങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.''
(മുകളിലെ രണ്ട് ഖണ്ഡികകളിലെ വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്‍ഫോ ക്ലിനിക്, ഡോ. മോഹന്‍ ദാസ് നായര്‍, ഡോ. കുഞ്ഞാലിക്കുട്ടി).

****
സംഭവം വളരെ നല്ലതു തന്നെ. പക്ഷേ 18 കോടി ഒരു മരുന്നിനു എന്നു കേള്‍ക്കുമ്പോള്‍ ഒരശ്ലീലത തോന്നുന്നില്ലേ, എന്തൊരാഭാസമാണിതെന്ന്? 
ആദ്യം നമുക്ക് ശരിയെന്നു തോന്നാവുന്ന ന്യായീകരണങ്ങളിലേക്കു പോകാം. ഏതു മരുന്നും അനേക വര്‍ഷങ്ങള്‍ നീണ്ടുപോകുന്ന ഗവേഷണങ്ങളുടെ ഫലമാണ്. എത്രയോ തവണ പരാജയപ്പെട്ട ശേഷമായിരിക്കും വിജയിക്കുക. അതായത് അതി ഭീമമായ ചെലവായിരിക്കും ഇതില്‍ മുതല്‍മുടക്കുന്നവര്‍ക്കുണ്ടാവുക. ഫലപ്രദമെന്ന് ആരംഭത്തില്‍ കാണുന്ന മരുന്നുകള്‍ പോലും വീണ്ടും അനേകം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോകണം. ലബോറട്ടറി പരീക്ഷണങ്ങള്‍, മൃഗങ്ങളിലെ പരീക്ഷണങ്ങള്‍, വളന്റിയര്‍മാരിലെ പരീക്ഷണങ്ങള്‍ തുടങ്ങി എത്രയോ ഘട്ടങ്ങള്‍ കഴിയണം; ലൈസന്‍സ് കിട്ടാനും മാര്‍ക്കറ്റ് ചെയ്യാനും. എല്ലാം നിഷ്‌കൃഷ്ടമായി ചെയ്യേണ്ടവ. അതിഭീമമായ ചെലവു വേണ്ടതിനാല്‍ ഇത്തരം ഗവേഷണങ്ങള്‍ ഏറ്റെടുക്കാന്‍ മിനക്കെടുക അധികവും ബഹുരാഷ്ട്ര കുത്തക കമ്പനികളായിരിക്കും. ഗവണ്‍മെന്റുകള്‍ പൊതുവെ വിമുഖത കാണിക്കാന്‍ നിര്‍ബന്ധിതരായിരിക്കും. കൊള്ള ലാഭം ആഗ്രഹിക്കാത്ത ഫൗണ്ടേഷനുകള്‍ അന്യംനിന്ന മട്ടാണ്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പേറ്റന്റ്‌ലാഭം കൊണ്ടേ മുടക്കിയതില്‍നിന്ന് വല്ലതും തിരിച്ചുകിട്ടൂ. ഇത്തരം രോഗങ്ങളാണെങ്കിലോ, അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായവയായതിനാല്‍ വില്‍പനയും കാര്യമായി ഉണ്ടാവുകയില്ല; ഇതിന്റെ മാര്‍ക്കറ്റ് ശുഷ്‌കമായിരിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ ആരെങ്കിലും ഈ ചെലവു (മരുന്നുല്‍പാദനത്തിന്റെ ശതലക്ഷക്കണക്കിനുള്ള ഡോളര്‍) വഹിക്കേണ്ടേ? അതാര്? രോഗിയോ, രോഗിയുടെ രക്ഷിതാക്കളോ? അവര്‍ തന്നെ വഹിക്കട്ടെ എന്നായിരിക്കും ക്രൂരമായ മുതലാളിത്തസംഹിത നല്‍കുന്ന ഉത്തരം. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍കരണവും പുല്‍കിയ ആധുനിക 'ലേസ്സേ ഫേറി' ന്റെ (Laissez Faire‑) നിലപാടും അതുതന്നെ ആയിരിക്കും.
പക്ഷേ, മെഡിക്കല്‍ സദാചാരസംഹിത പറയുന്നു, പണമില്ലെന്നത് ഒരു മനുഷ്യനും ചികിത്സ നിഷേധിക്കാനുള്ള ന്യായീകരണമായിക്കൂടാ എന്ന്. ഇതാ ഈ ഫേസ് ബുക് പോസ്റ്റ് ശ്രദ്ധിക്കൂ: ''കേരള ജനതയെക്കൊണ്ട് 18 കോടിയുടെ ഒരു മരുന്നിനു വേണ്ടി പിരിപ്പിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്; ജനവിരുദ്ധതയാണ്. .....മരുന്നിന്റെ വില ഇത്രയധികം.............  ലോകാരോഗ്യ സംഘടന മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വരെ  മറുപടി പറയണം........ സബ്‌സിഡി നല്‍കണം...... വിലനിയന്ത്രണ നിയമം വേണം. ഇത്തരം അപൂര്‍വ മരുന്നുകള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് രോഗിക്ക് സൗജന്യമായി നല്‍കുന്നതിനൊക്കെ തന്നെയല്ലേ ...... ഖജനാവ്? ഏറ്റവും ക്രൂരം 6-8 കോടി ഇറക്കുമതി നികുതിയടക്കം കേരള ജനത പിരിക്കേണ്ടിവന്നതാണ്. ജനങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ കൈത്താങ്ങാകേണ്ട സര്‍ക്കാര്‍, നികുതിയിനത്തില്‍ തന്നെ കൊള്ളയടിക്കുന്നു'' (ശൗക്കത്ത് അലി ഏരോത്ത്. പോസ്റ്റിന്റെ  ചുവടെയുള്ള കമന്റുകളും ചിന്തോദ്ദീപകമാണ്).
മരുന്നുണ്ടാക്കാനുള്ള ചെലവും മരുന്നിന്റെ വിലയും തമ്മില്‍ നേര്‍ക്കുനേരെയുള്ള ബന്ധം മാത്രമല്ല; മറ്റനേകം ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മുകളിലുദ്ധരിച്ച 'ഇന്‍ഫോ ക്ലിനിക്കി'ല്‍ എഴുതിയ ഡോക്ടര്‍മാര്‍ മോഹനന്‍ നായരും കുഞ്ഞാലിക്കുട്ടിയും മുന്നോട്ടു വെക്കുന്ന ചില നിര്‍ദേശങ്ങളിതാ: 1. വളരെ വ്യാപകമായി ആവശ്യമുള്ള മരുന്നുകള്‍ (ഉദാ: രക്താതിസമ്മര്‍ദം; പ്രമേഹം പോലുള്ളവ) ഉല്‍പാദിപ്പിക്കുന്ന  വലിയ വരുമാനമുണ്ടാക്കുന്ന കമ്പനികളെ അവരുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം, അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് ചെലവഴിക്കാന്‍ നിയമം മൂലം അനുശാസിക്കുക. അങ്ങനെ കണ്ടുപിടിക്കുന്ന മരുന്നുകളെ പേറ്റന്റ് നിയമങ്ങളില്‍നിന്ന് ഒഴിവാക്കുക. 2. 'Crowd Funding’ വഴി ഇത്തരം മരുന്നുകള്‍ ലഭ്യമാക്കുക. 3. ഗവണ്‍മെന്റുകള്‍ ഇത്തരം രോഗികളുടെ ചികിത്സ സൗജന്യമായി പ്രഖ്യാപിക്കുക (ഈയൊരു ആവശ്യം അപൂര്‍വ രോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ആരോഗ്യമേഖലയിലെ ഇതര പ്രശ്‌നങ്ങള്‍ക്കിടയില്‍ എന്ന് പരിഗണിക്കുമോ ആവോ!).
പക്ഷേ, പ്രശ്‌നം അത്രയങ്ങ് ചുരുക്കിക്കൂടാ. കുറച്ചു കാലമായി നമ്മുടെ ജനാധിപത്യ സമൂഹത്തെ പിടികൂടിയ ഒരു 'മാരി'യിലേക്കു കൂടി നമ്മുടെ ശ്രദ്ധ കടന്നുചെല്ലണം. അതിന്റെ ഒരു ബഹിര്‍സ്ഫുരണമാണ്, ഈയിടെ മലപ്പുറം ജില്ലാ കലക്ടര്‍ മുന്നിട്ടിറങ്ങി നടപ്പാക്കാനൊരുങ്ങിയ 'പ്രാണവായു' എന്നു പേരിട്ട പദ്ധതി. ഇതു പ്രകാരം ജില്ലയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂട്ടാനും ഉപകരണങ്ങള്‍ വാങ്ങാനും 'ബഹുജന പങ്കാളിത്തത്തോടെ' (പാട്ടപ്പിരിവെന്നര്‍ഥം) ഫണ്ട് ശേഖരണം നടത്തും. കാര്യം പിടികിട്ടിയോ? നിങ്ങള്‍, കഴുതകളായ ജനം, മുതുകൊടിക്കുന്ന നികുതിഭാരം പേറുമ്പോഴും, എണ്ണിയാലൊടുങ്ങാത്ത പിഴകളൊടുക്കുമ്പോഴും (പ്രത്യേകിച്ച് കൊറോണ കാരണം വന്ന ലോക്ക് ഡൗണ്‍ ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരില്‍ പൊലീസ് രാജ് നടപ്പാക്കിക്കൊണ്ട്), പലിശയും പിഴപ്പലിശയും ഒടുക്കിക്കൊണ്ടിരിക്കുമ്പോഴും അത്യാവശ്യ സേവനങ്ങള്‍ക്ക് കൊടുക്കണം വേറെയും പിരിവ് എന്ന്. ആര്‍ക്കെങ്കിലും ഒന്നു ഷൈന്‍ ചെയ്യണ്ടേ? തെരുവോരങ്ങള്‍ തോറും കണ്ടിട്ടില്ലേ, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍; ആ ടാപ്പ് വെച്ച, ഈ ബസ് സ്റ്റോപ്പ് അനുവദിച്ചുതരാനിടയായ, മറ്റേ തോടിനു പാലം ഇട്ട, ആ തെരുവു വിളക്ക് കത്തിച്ച ഇന്നയിന്ന ജനപ്രതിനിധിക്ക് അഭിവാദ്യങ്ങള്‍, അയാള്‍ നീണാള്‍ വാഴട്ടേ എന്നൊക്കെ?  പറയുന്നതു കേട്ടാല്‍ തോന്നും, അങ്ങേരുടെ തറവാട്ടിലെ കാശു കൊണ്ടാണ് ഇതൊക്കെ ചെയ്തതതെന്ന്! അതിനൊക്കെ ധൂര്‍ത്തടിക്കാന്‍ ഉദ്ഘാടന മഹാമഹങ്ങളും. ചെയ്യേണ്ട ഉത്തരവാദിത്തം (ഹാവൂ, ഹിമാലയം മറിക്കുന്ന തരം പണിയല്ലേ?) ചെയ്തതിനാണിതൊക്കെ. വിമാനത്താവളം വികസിപ്പിക്കണമോ, നികുതിക്കു പുറമേ, 'യൂസേര്‍സ് ഫീ'യും വേണം. ജില്ലാ ആശുപത്രി വേണോ, സ്‌കൂളുകളില്‍നിന്നും മദ്‌റസകളില്‍നിന്നും വീടുകളില്‍നിന്നും പള്ളികളില്‍നിന്നും ചന്തകളില്‍നിന്നും ഷോപ്പുകളില്‍നിന്നും പാട്ടപ്പിരിവു വേണം. എന്നിട്ട്, മെഡിക്കല്‍ കോളേജ് വേണമെന്നായപ്പോള്‍, ഒരു 'ടൂ ഇന്‍ വണ്‍' സംവിധാനവും, രണ്ടിന്റെയും ഉപകാരം ഇല്ലാതായപ്പോള്‍. ഈ പൊറാട്ടു നാടകങ്ങള്‍ക്ക് പേര് 'ജനകീയ പങ്കാളിത്തം' എന്നും. അപ്പോള്‍ തരുന്ന നികുതികളൊക്കെയോ, സാറേ? കാട്ടിലെ മരം, തേവരുടെ ആന; അത്ര തന്നെ. ഈ നിസ്സംഗത തന്നെയാണ് മൂലകാരണം.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍നിന്ന് എന്ന് ജനാധിപത്യ സര്‍ക്കാറുകള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയോ, അന്നു തുടങ്ങി ജനാധിപത്യത്തിന്റെ ശനിദശ. അങ്ങനെ, പണമുണ്ടെങ്കിലേ ചികിത്സയുള്ളൂ, പഠിക്കാന്‍ പറ്റൂ എന്ന നില വന്നിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (48-58)
ടി.കെ ഉബൈദ്‌