Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

താവത്ത് അഹമ്മദ് ഹാജി ഏലാങ്കോട്‌

എ. അബൂബക്കര്‍ ഏലാങ്കോട്‌

2021 ജൂണ്‍ 5-ന് അഹമ്മദ് ഹാജി നാഥനിലേക്ക് യാത്രയായി. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. കുറ്റ്യാടി ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുമ്പോള്‍ എ.കെ അബ്ദുല്‍ഖാദിര്‍ മൗലവി, കെ.വി അബ്ദുല്ല മൗലവി തുടങ്ങിയവര്‍ ഗുരുനാഥന്മാരായിരുന്നു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ പഠനം തുടര്‍ന്നു. പഠനം ഇടക്ക് നിര്‍ത്തേണ്ടിവന്നെങ്കിലും ഖുര്‍ആന്‍, ഹദീസ്, അറബി ഭാഷ എന്നിവയില്‍ സാമാന്യജ്ഞാനം ഉണ്ടായിരുന്നു.
കുറ്റ്യാടി പഠനകാലത്തു തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്നു. ദീര്‍ഘകാല ഗള്‍ഫ് ജീവിതത്തിനിടയിലും ജമാഅത്ത് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സി.കെ ഇബ്‌റാഹീം മാസ്റ്റര്‍, സി. അബൂബക്കര്‍ മാസ്റ്റര്‍, എം.എ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ പാനൂര്‍ പ്രദേശത്ത് പ്രസ്ഥാന പരിപാടിയുമായി വരുമ്പോള്‍ ഗൈഡായി അഹമ്മദ് ഉണ്ടായിരിക്കും. പാനൂര്‍ മസ്ജിദ് റഹ്മ അഹമ്മദിന്റെ കൂടി സ്വപ്‌നമായിരുന്നു. പള്ളിയുടെ പ്രാരംഭ പ്രവര്‍ത്തനം മുതല്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്നതു വരെയും മുഴുവന്‍ ശ്രദ്ധയും പള്ളിയുടെ കാര്യത്തിലായിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രസ്ഥാന സ്ഥാപനങ്ങളെയെല്ലാം കഴിയുംപടി സഹായിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പഴയ നേതാക്കളുമായി ഊഷ്മള ബന്ധമായിരുന്നു. ഭാര്യ സുലൈഖ കടവത്തൂര്‍. മക്കള്‍: ഫദ്‌ലുല്ല, ഫൈസല്‍, ഫഹ്ദ്, ഫൗസ്, ഫര്‍സാന

 

 

എം.സി കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി

പി.ടി മുഹമ്മദ് കുട്ടി മാസ്റ്റര്‍
 

ജമാഅത്തെ ഇസ്‌ലാമി വളവന്നൂര്‍ പ്രാദേശിക ജമാഅത്ത് ഘടകത്തിലെ ആദ്യകാല പ്രവര്‍ത്തകന്‍ എം.സി കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി 2021 മെയ് 26-ന് അല്ലാഹുവിലേക്ക് യാത്രയായി. വളവന്നൂര്‍ പ്രദേശത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടു് എം.സി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട പരേതന്‍. സാമ്പത്തിക സൗകര്യങ്ങളുണ്ടായിരുന്ന കുടുംബത്തിലെ യാഥാസ്ഥിതികരായ മുതിര്‍ന്നവര്‍ എം. സിയുടെ ജമാഅത്ത് ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തെ വളരെയധികം പ്രയാസപ്പെടുത്തിയിരുന്നു. വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോയപ്പോഴും പിന്നീട് പ്രവാസലോകത്ത് പോയി സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴും പ്രസ്ഥാന പ്രതിബദ്ധത അദ്ദേഹം കാത്തുസൂക്ഷിച്ചു.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ തന്നോട് ബന്ധപ്പെട്ടവരെ മുഴുവന്‍ അദ്ദേഹം സ്‌നേഹപൂര്‍വം ചേര്‍ത്തു നിര്‍ത്തി. പൊതുയോഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാസ്ഥാനിക പരിപാടികളിലും മുന്‍നിരയില്‍തന്നെ അദ്ദേഹം ഉണ്ടാകുമായിരുന്നു. ദീര്‍ഘകാലം പ്രബോധനം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ ഏജന്റായിരുന്നു. പ്രസിദ്ധീകരണങ്ങള്‍ ലഭിച്ചാല്‍ ഉടനെ വയനക്കാരിലേക്ക് എത്തിക്കാന്‍ ധൃതിപ്പെട്ടിരുന്നു. തന്നോടൊപ്പം പ്രസ്ഥാന മാര്‍ഗത്തില്‍ തന്റെ കുടുംബത്തെയും കൂടെ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.


കെ.കെ മുഹമ്മദ്

പി.ബി ബശീര്‍ കൊച്ചങ്ങാടി


പരേതനായ  കുഞ്ഞാലി നൈനയുടെ മകനായി കൊച്ചിയിലെ പുരാതന നൈന കുടുംബത്തില്‍ 1935-ല്‍ ജനനം. കുടുംബത്തിലെ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ചെറുപ്പത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. അക്കാലത്ത് 'പരിഷ്‌കാരി' എന്ന് അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു.
പിന്നീട് ഇസ്‌ലാമിക പ്രവര്‍ത്തകരായ സാലി സാഹിബ്, ഇഖ്ബാല്‍ സാഹിബ്, റശീദിക്ക, മുഹമ്മദാലി വൈദ്യന്‍, റസാഖ് അണ്ണന്‍, റശീദ് സാഹിബ്, ഇണ്ട എന്ന ഹുസൈന്‍ സാഹിബ് എന്നിവര്‍ ചേര്‍ന്ന മുസ്‌ലിം സാഹോദര്യ സമിതി എന്ന ഒരു സംഘടന രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സംഘടനക്ക് ഓഫീസ് സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കെ.കെ സാഹിബ് തന്റെ പ്രൊവിഡന്റ് അക്കൗണ്ടില്‍നിന്ന് തുക എടുത്ത് ഈ സംരംഭത്തിന് നല്‍കിയും സുമനസ്സുകളുടെ സംഭാവനകള്‍ ഉള്‍പ്പെടുത്തിയും കൊച്ചങ്ങാടിയിലെ കണ്ണായ സ്ഥലത്ത് രണ്ടുനില കെട്ടിടം വാങ്ങി. പിന്നീട് കെ.കെയും കൂട്ടരും ചേര്‍ന്ന് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് അസോസിയേഷന്‍ എന്ന സൊസൈറ്റി രൂപീകരിച്ചു. അതിന്റെ പ്രസിഡന്റായും കെ.കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തിലൂടെ പ്രസ്ഥാനത്തിന് പൊതുസമൂഹത്തില്‍ നല്ല മൈലേജ് ലഭിച്ചു. പല തവണകളായി കെ.കെ മുഹമ്മദ് സാഹിബ് ഹല്‍ഖാ നാസിം സ്ഥാനവും വഹിച്ചിട്ടുണ്ട്. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രസ്ഥാന നിരോധനം ഉണ്ടായപ്പോള്‍ നാസിം സ്ഥാനം വഹിച്ചിരുന്നത് കെ.കെ മുഹമ്മദ് സാഹിബായിരുന്നു. അന്നേരം പ്രസ്ഥാന ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകാന്‍ വന്നപ്പോള്‍ താന്‍ ഒളിവില്‍ പോയിട്ടില്ല എന്ന് കാണിക്കാനായി വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ട് ഉമ്മറപ്പടിയില്‍ പോലീസുകാരെ കാത്തിരുന്നയാളാണ് കെ.കെ മുഹമ്മദ് സാഹിബ്. കുടുംബത്തിലും പ്രസ്ഥാനപ്രകാശം പരത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.2021 മെയ് 2-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

 

സി.എ ലത്വീഫ് കൊച്ചി

പി.ബി ഖാലിദ് 


കൊച്ചിയിലെ ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകരിലൊരാളാണ് സി.എ അബ്ദുല്ലത്വീഫ്. ജമാഅത്തെ ഇസ്‌ലാമി ദഅ്വത്ത് നഗര്‍ സമ്മേളനത്തോടെയാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനവുമായി കൂടുതല്‍ അടുക്കുന്നത്. ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തിരുന്നത് കൊച്ചി ഫിഷിംഗ് ഹാര്‍ബറിലെ ഇടപാടായിരുന്നു. അവിടെ കച്ചവടം നടത്തിയിരുന്ന പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന പരേതനായ സക്കറിയ കെ.വൈ (ബാപ്പു) സാഹിബിന്റെ ശ്രമഫലമായാണ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. മുന്‍ പ്രാദേശിക അമീര്‍ പരേതനായ എസ്.വി മുഹമ്മദ് സാഹിബിന്റെ ക്ലാസില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പഠിക്കാന്‍ അദ്ദേഹം മുന്നോട്ട് വരികയായിരുന്നു. നല്ലൊരു കലാകാരനായിരുന്നു ലത്വീഫ് സാഹിബ് അനവധി നാടകങ്ങളിലും അരവിന്ദം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തന്റെ തട്ടകം അതല്ല എന്ന് തിരിച്ചറിഞ്ഞ് ജീവിത ശൈലി തന്നെ അപ്പാടെ മാറ്റി ഇസ്‌ലാമിക പ്രസ്ഥാനത്തിനോട് മനസും ശരീരവും ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി കാര്‍കുന്‍ ഹല്‍ഖയില്‍ നിന്നാണ് ലത്വീഫ് സാഹിബ് പ്രസ്ഥാന പ്രവര്‍ത്തനം തുടങ്ങുന്നത്. ഫോര്‍ട്ടുകൊച്ചി ഹല്‍ഖാ നാസിം, കൊച്ചങ്ങാടി പ്രാദേശിക ജമാഅത്ത് അമീര്‍, കൊച്ചി ഏരിയാ കണ്‍വീനര്‍, ഇസ്‌ലാമിക സമൂഹം ദഅ്വ വിംഗ് ലീഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലത്വീഫ് സാഹിബിന്റെ ഭാര്യ ഹൈറുന്നിസ പതിനഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അവരാണ് അദ്ദേഹത്തിന്റെ മനം മാറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത്. മക്കളെയും പേരമക്കളെയും തന്റെ ജീവിത നന്മകള്‍ അനുഭവിപ്പിച്ചു മനംമാറ്റിയെടുക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയിരുന്നതെന്ന് മകന്‍ ഫിറോസ് സാക്ഷ്യപ്പെടുത്തുന്നു. നാല് പെണ്‍മക്കള്‍ കൂടിയുണ്ട്.


ഹംസക്കുട്ടി ചുള്ളിപ്പാറ

നാസര്‍ ചുള്ളിപ്പാറ


മലപ്പുറം ജില്ല തിരൂരങ്ങാടി ഏരിയയിലെ ചുള്ളിപ്പാറ പ്രാദേശിക ജമാഅത്ത് അമീര്‍ കെ.കെ ഹംസക്കുട്ടി സാഹിബ് അല്ലാഹുവിലേക്ക് മടങ്ങി. ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റീവായ അദ്ദേഹം കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരിക്കെ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും കുടുംബാംങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകള്‍ക്കിടയിലാണ് ജൂണ്‍ ഇരുപത്തിയഞ്ചിന് മരണപ്പെടുന്നത് 
ജ്യേഷ്ഠ സഹോദരന്‍ എസ്.ഐ.ഒ മുന്‍ മലപ്പുറം ജില്ലാ സമിതി അംഗമായിരുന്ന കോയക്കുട്ടിയുടെ ഏക മകന്‍ ജാവിദലിയുടെ ആകസ്മിക വേര്‍പ്പാടിന്റെ ദുഃഖത്തില്‍നിന്ന് കരകയറുന്നതിനിടയാണ് കുടുംബാംഗങ്ങള്‍ക്കും പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും മറ്റൊരു ആഘാതമായി ഈ വേര്‍പാട്. 
ജമാഅത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന തൂമ്പില്‍ മുഹമ്മദ് സാഹിബ് 1982-ല്‍ ചുള്ളിപ്പാറയില്‍ സ്ഥാപിച്ച ഇസ്‌ലാമിക പഠന വേദിയിലൂടെയാണ് പ്രദേശത്തെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. ആ വേദിയുടെ ഓഫീസില്‍ നടന്നിരുന്ന വാരാന്ത ഖുര്‍ആന്‍ ക്ലാസുകളില്‍ ഹംസക്കുട്ടി സാഹിബ് അടക്കം ഞങ്ങള്‍ ഒരു കൂട്ടം യുവാക്കള്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഒരു പാരമ്പര്യ കുടുംബത്തില്‍ ജനിച്ച് വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അദ്ദേഹം പരന്ന വായനയിലൂടെയും പഠനത്തിലൂടെയും ചിന്തയിലൂടെയും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും ആഴത്തില്‍ പഠിച്ച് സജീവ പ്രസ്ഥാന പ്രവര്‍ത്തകനും പ്രബോധകനുമായി മാറി. 2005-ല്‍ ജമാഅത്തില്‍ അംഗത്വമെടുത്തു. ദീര്‍ഘകാലം ജിദ്ദയിലും മക്കയിലും പ്രവാസിയായിരുന്ന അദ്ദേഹം കെ.ഐ.ജി മക്ക സോണല്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ വന്നതിനുശേഷം മകനോടും സഹോദരങ്ങളോടുമൊപ്പം തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി എന്ന ബിസിനസ് സംരംഭം നടത്തിവരികയായിരുന്നു. 
പ്രസ്ഥാന പ്രവര്‍ത്തകരിലും കുടുംബങ്ങളിലും മറ്റുള്ളവരിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ രഹസ്യമായി സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടു വരുമായിരുന്നു. മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് കൊടിഞ്ഞിയുടെ പൗത്രിയും ജമാഅത്ത് അംഗവുമായ സുരയ്യ ഇല്ലത്ത് ആണ് അദ്ദേഹത്തിന്റെ സഹധര്‍മിണി. നാദിര്‍, സമാന്‍, ജുമൈല എന്നിവര്‍ മക്കളാണ്. ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയവനായ ഹംസക്കുട്ടി സാഹിബിന്റെ സഹോദരങ്ങളും കുടുംബങ്ങളും പ്രസ്ഥാന പ്രവര്‍ത്തകരും സഹകാരികളുമാണ്.


പച്ചിലേരി ആലി സാഹിബ്

എന്‍.പി.എ കബീര്‍

നൊച്ചാട് ഗ്രാമത്തിന്റെ കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് എന്നും ആശാകേന്ദ്രമായിരുന്നു പച്ചിലേരി ആലി ഹാജി (98). നൊച്ചാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കു വേണ്ടി സാമ്പത്തിക സമാഹരണത്തിന് ഇറങ്ങിയപ്പോള്‍ വീട്ടിലുള്ളത് എന്താണോ അത് നല്‍കാന്‍ ആഹ്വാനം ചെയ്യുമായിരുന്നു. ഒരു ദിവസം വെണ്ണീര് ശേഖരിച്ച് പാര്‍ട്ടിക്ക് ധനസമാഹരണം നടത്തിയത് ഇന്നും ഈ ഗ്രാമത്തിലുള്ള മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു.
കമ്യൂണിസത്തിന്റെ നിരീശ്വര മുഖത്തോട് ഒട്ടും യോജിപ്പില്ലാതിരുന്ന ആലി ഹാജി പിന്നീട് ആത്മീയ വായനയിലേക്ക് നീങ്ങി. 
1975-'80 കാലഘട്ടത്തില്‍ ഇസ്‌ലാമികാദര്‍ശ- ആശയങ്ങളിലേക്ക് ആകൃഷ്ടനായി. ഇടതുപക്ഷത്തിന്റെ ശരീഅത്ത് വിമര്‍ശനങ്ങള്‍ക്കെതിരെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു.
'90-കളില്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം ജുമാമസ്ജിദ് നിര്‍മിക്കാനും, വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കാനും മുമ്പിലുായിരുന്നു. അല്‍ ഹുദാ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപകാംഗമായ അദ്ദേഹം ആരോഗ്യ-സാംസ്‌കാരിക-സന്നദ്ധ സ്ഥാപനമായ നൊച്ചാട് ദയാ സെന്ററിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്നു.
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പരാജയ പശ്ചാത്തലത്തില്‍ ചാത്തോത്ത്താഴ അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ 'നാദാപുരം മുതല്‍ പെരിസ്‌ട്രോയിക്കവരെ' എന്ന വിഷയം അവതരിപ്പിച്ച എം.എം മുഹ്‌യിദ്ദീന്‍ സാഹിബിനെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ആലി  സാഹിബിന്റെ ചങ്കൂറ്റത്തിന് മുമ്പില്‍ എതിരാളികള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

 

മലോല്‍ അബൂബക്കര്‍

എ.എം അബ്ദുല്‍ മജീദ്,മൂഴിക്കല്‍

കോഴിക്കോട് ജില്ലയില്‍ മൂഴിക്കല്‍ ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു 2021 ജൂണ്‍ 13-ന് വിടവാങ്ങിയ എം. അബൂബക്കര്‍ മലോല്‍ (74). ചെറുപ്പകാലത്തേ പ്രബോധനം പ്രസ്സില്‍ കമ്പോസിറ്ററായി ജോലി ചെയ്തതിനാലും ജമാഅത്ത് സംസ്ഥാന ഓഫീസ് അന്ന് പ്രബോധനം കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിച്ചിരുന്നതിനാലും എല്ലാ പ്രസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രബോധനം  ജീവനക്കാര്‍ ഒരക്ഷരം വിട്ടുപോകാതെ അത് വായിച്ചിരിക്കണമെന്ന നിലപാടുണ്ടായിരുന്നതിനാല്‍ ആദ്യകാലം തൊട്ടേ നല്ല വായനാപ്രിയനുമായി മാറി അദ്ദേഹം. 10 വര്‍ഷത്തിലധികം പ്രബോധനത്തില്‍ കമ്പോസിംഗ് ജോലി ചെയ്തിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ പറമ്പില്‍ ബസാറില്‍ പറമ്പില്‍ പള്ളി നേര്‍ച്ചയോടനുബന്ധിച്ച് ഐ.പി.എച്ച് പുസ്തക മേള സംഘടിപ്പിക്കാന്‍  സഹപ്രവര്‍ത്തകന്‍ പരേതനായ പറമ്പില്‍ ബസാര്‍ ബീരാന്‍ കോയക്കൊപ്പം മുന്നിട്ടിറങ്ങി. പലരും പണം കൊടുത്ത് പുസ്തകം വാങ്ങുന്നതിനു പകരം സ്റ്റാളിനടുത്ത് വന്ന് നിന്ന് സൗജന്യമായി പുസ്തകവായന നടത്തുകയാണുണ്ടായത്. അപ്പോഴെല്ലാം അക്ഷമരാകാതെ അതിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു ഇരുവരും.
നിരീശ്വര പ്രസ്ഥാനങ്ങളിലേക്ക് മുസ്‌ലിം ചെറുപ്പക്കാര്‍ ആകൃഷ്ടരാകുന്നത് ചെറുക്കാന്‍ 1960-കളില്‍ മൂഴിക്കലില്‍ രൂപവത്കരിക്കപ്പെട്ട മുസ്‌ലിം യംഗ് മെന്‍സ് അസോസിയേഷന്‍ എന്ന പൊതുവേദിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1977-'79 കാലത്ത് ജോലിയാവശ്യാര്‍ഥം ജിദ്ദയിലേക്ക് പോയപ്പോള്‍ അവിടെയും പ്രസ്ഥാന കൂട്ടായ്മക്ക് തുടക്കമിടുന്നതില്‍ പൂഴമ്മല്‍ സൈദലവി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പങ്കു ചേര്‍ന്നിട്ടുണ്ട്. 
നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1987-ല്‍ മാധ്യമത്തില്‍ മെറ്റല്‍ കമ്പോസിറ്റര്‍ തസ്തികയില്‍ ജോലി ലഭിച്ചു. 2004-ല്‍ വിരമിക്കുന്നതു വരെ 17 വര്‍ഷം പിന്നെ മാധ്യമമായിരുന്നു അദ്ദേഹത്തിന്റെ ലോകം. കമ്പോസിംഗ് സംവിധാനം ഡി.ടി.പിയിലേക്ക് വഴിമാറിയപ്പോള്‍ അബൂബക്കര്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ഡസ്പാച്ച് ചുമതലക്കാരനായി. മാധ്യമത്തിന് ഒറ്റ എഡിഷന്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കുമെല്ലാം തീവണ്ടി മാര്‍ഗമാണ് പത്രമയച്ചിരുന്നത്. റെയില്‍വേ സ്റ്റേഷനിലേക്ക് നട്ടപ്പാതിരക്ക് കുതിച്ചുപായുന്ന പത്രവണ്ടിയില്‍ അദ്ദേഹവുമുണ്ടാകും. മിക്കപ്പോഴും വൈകി അച്ചടിക്കാന്‍ ഇടയാകുന്ന പത്രം ട്രെയ്ന്‍ പുറപ്പെടുന്നതിന് സെക്കന്റുകള്‍ മുമ്പാണ് സ്റ്റേഷനിലെത്തുക. അന്നത് വലിയ സാഹസികത തന്നെയായിരുന്നു. രണ്ടു തവണ വാഹനാപകടത്തില്‍പെട്ടപ്പോള്‍ രക്ഷപ്പെട്ട കഥ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
മാധ്യമം റിക്രിയേഷന്‍ ക്ലബ് നിലവില്‍ വന്ന ആദ്യകാലത്ത് ക്ലബിന്റെ പേരില്‍  പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്റുകളില്‍ മാധ്യമം ജീവനക്കാരെ വെച്ച് മാധ്യമം ടീമിനെ ഒരുക്കുന്നതില്‍ പങ്കു വഹിച്ചു. പ്രസ്ഥാനത്തില്‍ സിദ്ദീഖ് ഹസന്‍ സാഹിബാണ് തന്റെ വഴികാട്ടിയെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. സിദ്ദീഖ് ഹസന്‍ സാഹിബ് മരണപ്പെട്ടപ്പോള്‍ അവശത മറന്ന് മയ്യിത്ത് കാണാനും ജനാസ നമസ്‌കാരത്തില്‍ പങ്കുചേരാനും നിര്‍ബന്ധം പിടിച്ച്, ജെ.ഡി.റ്റി കാമ്പസിലെത്തി. നല്ലത് പ്രോത്സാഹിപ്പിക്കുന്നതിലും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിലും തന്റെയും രക്ഷാധികാരിയായിരുന്നു അദ്ദേഹമെന്ന് ഓണ്‍ലൈനില്‍ നടന്ന അനുസ്മരണ സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി സാഹിബ് ചൂണ്ടിക്കാട്ടുകയുണ്ടായി.
യുവതലമുറയെ മത-ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിച്ചു. തന്റെ മക്കളെയും, കുടുംബത്തിലെയും നാട്ടിലെയും പല വിദ്യാര്‍ഥിളെയും ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ ഹോസ്റ്റലുകളില്‍ നിര്‍ത്തി മാര്‍ഗദര്‍ശനമേകുകയുണ്ടായി. ഭാര്യയെയും മക്കളെയും പ്രസ്ഥാന പ്രവര്‍ത്തകരാക്കുന്നതിലും വിജയിച്ചു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ ഉമ്മയുടെ  ചേളന്നൂര്‍ മേലേടത്ത് തറവാടിന്റെ കുടുംബ സംഗമം 2014-ല്‍ സംഘടിപ്പിച്ചു.
ഖദീജ ഇയ്യകണ്ടിയാണ് ഭാര്യ. താഹിറ (അധ്യാപിക, ജെ.ഡി.റ്റി ഹൈസ്‌കൂള്‍), റഫീഖുര്‍റഹ്മാന്‍ (ഐ.പി.എച്ച് ഡയറക്ടറേറ്റ്) ഫസലുര്‍റഹ്മാന്‍ (മാധ്യമം, കോഴിക്കോട്), ഹാജറ, ഷമീറ എന്നിവരാണ് മക്കള്‍.


കെ.എ നഫീസ പെരുമ്പാവൂര്‍

സുബൈദ അലി മരക്കാര്‍, വട്ടക്കാട്ടുപടി

പെരുമ്പാവൂര്‍ വനിതാ കാര്‍കുന്‍ ഹല്‍ഖാ നാസിമത്ത് ആയിരുന്ന കെ.എ നഫീസ (70) ജൂണ്‍ 2-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. കോവിഡ് രോഗബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ ശേഷം ന്യൂമോണിയ ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെരുമ്പാവൂര്‍ പ്രദേശത്ത് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. ഏതാണ്ട് 25 വര്‍ഷം മുമ്പ് വനിതാ ഹല്‍ഖ രൂപീകരണത്തിന്റെ മുന്നോടിയായി പ്രദേശത്ത് ഖുര്‍ആന്‍ ക്ലാസ് സംഘടിപ്പിച്ചപ്പോഴാണ് അവര്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ഹല്‍ഖാ തലത്തിലും ഏരിയാ തലത്തിലും ഖുര്‍ആന്‍-ഹിഫ്‌ള്-ക്വിസ് മത്സരങ്ങളില്‍ പ്രായത്തെ അവഗണിച്ച് പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യാറുണ്ടായിരുന്നു. പെരുമ്പാവൂരിന്റെ തൊട്ടടുത്ത കണ്ടന്തറയാണ് ജന്മദേശം. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് കാലടി ശ്രീശങ്കര കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസത്തിനു ചേര്‍ന്ന് പഠിച്ച കണ്ടന്തറയിലെ ആദ്യത്തെ വിദ്യാര്‍ഥിനിയായിരുന്നു. 10 വര്‍ഷം മുമ്പ് കാറപകടത്തില്‍ മൂത്ത മകന്‍ മരണപ്പെട്ടതും നാളുകള്‍ക്കു ശേഷമുായ ഭര്‍ത്താവിന്റെ മരണവും അവര്‍ക്ക് വലിയ ആഘാതമായി. മരിക്കുന്നതിന് ഏതാനും നാളുകള്‍ക്കു മുമ്പ് തഫ്ഹീം 6 വാള്യങ്ങളും വായിച്ചുതീര്‍ത്ത വിവരം സഹോദരീ സഹോദരന്മാരെ അവര്‍ അറിയിക്കുകയുായി. മരിക്കുമ്പോള്‍ പെരുമ്പാവൂര്‍ വനിതാ ഹല്‍ഖാ നാസിമത്തും അയല്‍ക്കൂട്ടം സെക്രട്ടറിയുമായിരുന്നു. ഭര്‍ത്താവ് പരേതനായ ഇബ്‌റാഹീം കുട്ടി. മക്കള്‍ പരേതനായ അന്‍വര്‍, നിയാദ്. മരുമകള്‍ ഷെമി.

 

ടി.കെ അഹ്മദ് ഹാജി

ടി.കെ സൂപ്പി ഹാജി, പൈങ്ങോട്ടായി


തെയ്യത്താങ്കണ്ടി (പുനത്തില്‍) ടി.കെ അഹ്മദ് ഹാജി  അല്ലാഹുവിലേക്ക് യാത്രയായി. ഹാജി സാഹിബിന്റെ സാന്നിധ്യത്തില്‍ പൈങ്ങോട്ടായി പ്രദേശത്ത് ജമാഅത്ത് ഘടകം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിലൊരംഗമായി അഹ്മദ് സാഹിബ് ഉായിരുന്നു. രോഗം മൂര്‍ഛിക്കുന്നതുവരെ ജനസേവനരംഗത്ത് അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടിനും നാട്ടുകാര്‍ക്കും വലിയൊരു കര്‍മധീരനെയാണ് നഷ്ടമായത്. നാട്ടിലും പരിസരങ്ങളിലുമുള്ള അഗതി, അനാഥരുടെ സാമ്പത്തികവും മറ്റുമായ പ്രയാസങ്ങള്‍ നീക്കാനും രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും വിവാഹപ്രായമായവരുടെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താനും സ്വയം സന്നദ്ധനായതോടൊപ്പം മറ്റുള്ളവരെ സഹകരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. സാമ്പത്തിക പ്രയാസങ്ങളില്‍ വലിയ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ പോലും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കറിഞ്ഞ് അദ്ദേഹം സഹായിക്കാനിറങ്ങിയത് സഹപ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും സുകൃതപ്രചോദനമായ ഓര്‍മയാണ്. നിഷ്‌കളങ്കതയുടെ പുഞ്ചിരിയും ആദര്‍ശ പ്രതിബദ്ധത പ്രകാശിക്കുന്ന മുഖവുമായി, പത്രമാധ്യമങ്ങളുടെയും റസീപ്റ്റ് ബുക്കുകളുടെയും  സംഭാവന ലിസ്റ്റുകളുടെയും നിറസഞ്ചിയുമായി, എവിടെയും നിറഞ്ഞുനിന്ന നാടിന്റെ പ്രിയങ്കരനായ 'അമ്മത്ക്ക' പരിചയമുള്ളവരുടെയെല്ലാം മനസ്സുകളില്‍ മാതൃകാ വ്യക്തിത്വമായി എന്നും നിലനില്‍ക്കും.


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍