Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

ഉദ്ഹിയ്യത്ത് സംശയങ്ങളും മറുപടിയും

മുശീര്‍

ഓരോ വര്‍ഷവും മുസ്‌ലിംകള്‍ നൂറുകണക്കിന് ഉരുക്കളെ ബലിയറുക്കുന്നു. ബലിയുടെ പ്രാധാന്യം, ശ്രേഷ്ഠത എന്നിവയെ പറ്റി ഒരു വിശദീകരണം നല്‍കാമോ?
സര്‍വശക്തനായ അല്ലാഹുവിന്റെ സാമീപ്യവും കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ സാധിക്കുന്ന സുന്നത്തായ കര്‍മമാണ് ഉദ്ഹിയ്യത്ത്. അതോടൊപ്പം ഇബ്‌റാഹീം നബി(അ)യുടെ ത്യാഗത്തെ അയവിറക്കലും അത് ജീവിതത്തില്‍ പകര്‍ത്തലും പാവങ്ങളെ സഹായിക്കലും കൂട്ടുകുടുംബാദികളെയും സ്‌നേഹിതരെയും സന്തോഷിപ്പിക്കലും സാമൂഹിക ഐക്യവും കെട്ടുറപ്പും പ്രകടമാക്കലുമെല്ലാം ഒത്തു ചേരുന്ന മഹത്തായ പുണ്യകര്‍മമാണ് ഉദ്ഹിയ്യത്ത് അഥവാ ബലികര്‍മം.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. ''(ആകയാല്‍) നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' (അല്‍ കൗസര്‍ 2).
''(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്  അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി  അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുക'' (അല്‍ ഹജ്ജ് 36).
ഇവിടെ മൃഗബലി സംബന്ധിച്ച് നല്‍കിയ വിധി ഹാജിമാര്‍ക്കു മാത്രം ബാധകമായതല്ല. ഹജ്ജ് വേളയില്‍ മക്കയില്‍ വെച്ച് നിര്‍വഹിക്കാനുള്ളത് മാത്രവുമല്ല അത്. കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും അവര്‍ എവിടെയായിരുന്നാലും ബാധകമായ വിധിയാണത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര്‍ ചെയ്യുകയാണ് ബലിയിലൂടെ. അതോടൊപ്പം താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരുടെ കര്‍മങ്ങളില്‍ ഇതുവഴി വിശ്വാസികള്‍ പങ്കുചേരുകയും ചെയ്യുന്നു. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മുസ്ലിംകള്‍ നന്നെച്ചുരുങ്ങിയത് ഹജ്ജിന്റെ നാളുകളില്‍ ദൈവികമന്ദിരത്തിനടുത്ത് ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ആ കര്‍മങ്ങള്‍ അനുകരിക്കുകയെങ്കിലും വേണം. 
ഈ ആശയം ധാരാളം ഹദീസുകളില്‍ വന്നിട്ടുള്ളതാണ്.  നബി (സ) മദീനയിലായിരുന്ന കാലത്ത് ബലിപെരുന്നാളില്‍ ബലികര്‍മം നടത്തുകയും മുസ്ലിംകള്‍ക്കിടയില്‍ ആ ചര്യ നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അവലംബനീയമായ നിരവധി നിവേദനങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. 
അബൂ ഹുറയ്‌റ(റ)യില്‍നിന്ന്: നബി (സ) പറഞ്ഞു: 'ഉദ്ഹിയ്യഃ അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദ്ഹിയ്യഃ) അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്‌കാര സ്ഥലത്തിന്റെ പരിസരത്ത് പോലും വരരുത്'  (അഹ്മദ്: 8273).
നബി (സ) മദീനയില്‍ പത്തു വര്‍ഷം താമസിച്ചു. എല്ലാ വര്‍ഷവും അവിടുന്ന് മൃഗബലി നടത്തി.
നബി (സ) ബലിപെരുന്നാള്‍ ദിനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചതായി അനസുബ്നു മാലികില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: 'നമസ്‌കാരത്തിനു മുമ്പ് അറവ് നടത്തിയവന്‍ അത് മടക്കിക്കൊള്ളട്ടെ. നമസ്‌കാരത്തിനു ശേഷം അറവ് നടത്തിയവന്‍ തന്റെ ബലികര്‍മം പൂര്‍ത്തീകരിക്കുകയും മുസ്ലിംകളുടെ ചര്യ അനുഷ്ഠിക്കുകയും ചെയ്തു' (ബുഖാരി: 5546).
നബി (സ) മദീനയില്‍ വെച്ച് ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇതു കണ്ട് ചിലയാളുകള്‍ അവിടുന്ന് ബലികര്‍മം നടത്തിക്കഴിഞ്ഞുവെന്നു കരുതി താന്താങ്ങളുടെ ബലിമൃഗത്തെ അറുത്തു. ഇതു സംബന്ധിച്ച് തിരുമേനി ഇങ്ങനെ പറഞ്ഞു: 'എനിക്കു മുമ്പ് ബലികര്‍മം നടത്തിയവന്‍ അത് മടക്കിക്കൊള്ളട്ടെ' (ബുഖാരി).
ബലിപെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള്‍ നടത്തുന്ന ഉദ്ഹിയത്ത് തിരുമേനിയുടെ ചര്യയാണെന്ന വസ്തുതയെ ഈ പ്രമാണങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നു. ഇത് ഐഛികമോ (സുന്നത്ത്) നിര്‍ബന്ധമോ (ഫര്‍ള്) എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായാന്തരമുള്ളൂ. ഇബ്റാഹീമുന്നഖഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം മുഹമ്മദ്, ഒരു റിപ്പോര്‍ട്ടനുസരിച്ച് ഇമാം അബൂയൂസുഫ് എന്നിവര്‍ അത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളവരാണ്. 
എന്നാല്‍ ഇമാം ശാഫിഈ, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നിവരുടെ വീക്ഷണത്തില്‍ മുസ്ലിംകളുടെ ചര്യ മാത്രമാണത്. ആരെങ്കിലും അത് നിര്‍വഹിച്ചില്ലെങ്കില്‍ തെറ്റൊന്നുമില്ല എന്ന നിലപാടാണ് സുഫ്യാനുസ്സൗരി സ്വീകരിച്ചിട്ടുള്ളത്. 
എന്നാല്‍, മുഴുവന്‍ മുസ്ലിംകളും ഈ കര്‍മത്തെ ഉപേക്ഷിക്കുകയാണെങ്കില്‍പോലും ഒരു കുഴപ്പവുമില്ലെന്ന് മുസ്ലിം പണ്ഡിതന്മാരില്‍ ആരുംതന്നെ വാദിച്ചിട്ടില്ല. ആ പുത്തന്‍വാദം ചിലയാളുകള്‍ സ്വയം മെനഞ്ഞുണ്ടാക്കിയതാണ്. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം അവരുടെ ഖുര്‍ആനും സുന്നത്തുമെല്ലാം അവരുടെ മനസ്സു തന്നെയാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍: സൂറത്തുല്‍ ഹജ്ജ്: 36, വ്യാഖ്യാന കുറിപ്പ് നമ്പര്‍: 74).
ഖുര്‍ആനിക സൂക്തങ്ങളിലൂടെയും ഹദീസുകളിലൂടെയും ബലികര്‍മത്തിന്റെ മഹത്വവും പ്രതിഫലവും പ്രാധാന്യവും ഗൗരവവും വ്യക്തമായ സ്ഥിതിക്ക് കഴിവുള്ളവരെല്ലാം (തന്റെ കഴിവിന്റെ തോത് അനുസരിച്ച്) വര്‍ഷാവര്‍ഷം ഉദ്ഹിയ്യഃ അറുക്കുന്നവരാകണം. കഴിവുണ്ടായിരുന്നിട്ടും ബലിയറുക്കാത്തവരുടെ വിഷയത്തിലുള്ള തിരുദൂതരുടെ താക്കീത് നാം മറന്നു പോകരുത്.  കഴിവുണ്ടായിട്ടും ബലിയറുക്കാത്തവന്‍ പെരുന്നാള്‍ നമസ്‌കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്!

ബലിയറുക്കുന്നതിന്റെ വിധി എന്താണ്? സാമ്പത്തികശേഷിയുള്ള എല്ലാവര്‍ക്കും അത് നിര്‍ബന്ധമാണോ?
ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസം തന്റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ളത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ്യത്ത് (ബലികര്‍മം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്. എന്നാല്‍ പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചേടത്തോളം കുടുംബത്തിലെ ഒരാള്‍ ഉദ്ഹിയ്യത്ത് നിര്‍വഹിക്കുന്നതു മൂലം ബാക്കിയുള്ളവരില്‍നിന്നും ആ ബാധ്യത ഒഴിവാകുന്നതാണ്. ഇതിന് ഉപോദ്ബലകമായ ഹദീസ് ഇങ്ങനെയാണ്: അത്വാഇബ്‌നു യസാറി(റ)ല്‍നിന്ന്. ഞാന്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യോട് ചോദിച്ചു: 'റസൂലി(സ)ന്റെ കാലത്ത് ഉദ്ഹിയ്യത്ത് എപ്രകാരമായിരുന്നു?' അദ്ദേഹം പറഞ്ഞു: 'ഒരാള്‍ തനിക്കും തന്റെ കുടുംബാദികള്‍ക്കുമായി  ഒരു ആടിനെ അറുത്ത്, അവര്‍ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. നീ കാണുന്ന പ്രകാരം ജനങ്ങള്‍ പരസ്പരം പിന്നീട് പൊങ്ങച്ചക്കാരായി മാറി' (തിര്‍മിദി: 1587).
ഉദ്ഹിയ്യത്ത് നടത്താനുദ്ദേശിച്ചവര്‍ പുരുഷന്മാരാണെങ്കില്‍ അവര്‍ തന്നെ അറവ് നടത്തുക. അല്ലാത്തവര്‍ അറിയുന്നവരെ ഏല്‍പിക്കുകയും അറവ് നടത്തുന്നിടത്ത് സന്നിഹിതരാവുകയും ചെയ്യുക. ഇതാണ് സുന്നത്ത്. അതുപോലെ ബലിയറുക്കാനുദ്ദേശിക്കുന്നവര്‍, ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറവ് നടത്തുന്നതു വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കല്‍  സുന്നത്താണ്. അവ നീക്കം ചെയ്യല്‍ കറാഹത്താണ്.
ബലികര്‍മം നടത്തല്‍ അതിന് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക്  ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് മഹാ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബക്ര്‍ (റ), ഉമര്‍ (റ), ബിലാല്‍ (റ), അബൂ മസ്ഊദ് അല്‍ബദ്രി (റ) എന്നിവരും, താബിഉകളായ സുവൈദുബ്നു ഉഖ്ബ (റ), സഈദുബ്നുല്‍ മുസ്വയ്യിബ് (റ), അസ്വദ് (റ), അത്വാഅ് (റ) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ (റ), ഇസ്ഹാഖ് (റ), അബൂസൗര്‍ (റ), ഇബ്നുല്‍ മുന്‍ദിര്‍ (റ) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം മാലിക് (റ), സുഫ്യാനുസ്സൗരി (റ), ലൈസ് (റ), അബൂഹനീഫ (റ), ഇബ്നു തൈമിയ്യ (റ) തുടങ്ങിയവര്‍ ഇത് നിര്‍ബന്ധമാണ് എന്ന പക്ഷക്കാരാണ്. നിര്‍ബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകള്‍ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാല്‍ തന്നെയും അവ നിര്‍ബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി.

എത്ര ദിവസം വരെ ബലികര്‍മം നിര്‍വഹിക്കാം?
അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. 

ബലിമൃഗത്തിന് വല്ല നിബന്ധനകളും ഉണ്ടോ? ഏതു പ്രായത്തിലുള്ള ഉരുവിനെയാണ് അറുക്കേണ്ടത്?
ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി നിശ്ചയിച്ചിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി രേഖപ്പെടുത്തിട്ടുണ്ട് (ശറഹുമുസ്ലിം 13/125). പോത്ത്, എരുമ എന്നിവ പശു എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. 
പല മൃഗങ്ങള്‍ക്കും  പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.

ന്യൂനതകള്‍ ഇല്ലാത്തതാവണം
നബി (സ) പറഞ്ഞു: 'നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല. കണ്ണിന് വ്യക്തമായ തകരാറുള്ളത്, വ്യക്തമായ രോഗം ഉള്ളത്, വ്യക്തമായ മുടന്തുള്ളത്, മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്' (അബൂദാവൂദ് 2804).
ബറാഉബ്‌നു ആസിബില്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: 'പ്രകടമായ തോതില്‍ മുടന്തുള്ളതും കാഴ്ചക്കുറവുള്ളതും രോഗമുള്ളതും പരിഹരിക്കാനാവാത്ത വിധം മെലിഞ്ഞതുമായ മൃഗത്തെ ബലിയറുക്കാവതല്ല' (തിര്‍മിദി: 1576). സമാനമായതോ ഇതിനേക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്.
അത്ര ഗൗരവമല്ലാത്ത ന്യൂനതകള്‍ ഉള്ളവ അനുവദനീയമാണെങ്കിലും അവയല്ലാത്തവയെ തെരഞ്ഞെടുക്കുകയാണ് നല്ലത്. ചെവി കീറിയതോ മുറിഞ്ഞതോ അല്ലെങ്കില്‍ ചെവി മുഴുവന്‍ നഷ്ടപ്പെട്ടതോ ഒക്കെ ഈ ഗണത്തില്‍ പെടുന്നു.  

ബലിമൃഗത്തിന്റെ കൊമ്പും തോലുമെല്ലാം എന്തുചെയ്യണം?
ബലിമൃഗത്തിന്റെ തോല്‍, കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‍ക്കാനോ വാടകക്ക് നല്‍കാനോ, അറവുകാരന് കൂലിയായി നല്‍കാനോ ഒന്നും പാടില്ല. മറിച്ച് അവ ദാനം ചെയ്യുകയാണ് വേണ്ടത്. ബലിമൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്  വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക്  ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി തോല് നല്‍കാവുന്നതല്ല. 
അലി (റ) പറയുന്നു: 'നബി (സ) എന്നോട് ബലിമൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍നിന്ന് നല്‍കാതിരിക്കാനും നബി (സ) എന്നോട് കല്‍പിച്ചു.' മറ്റൊരു റിപ്പോര്‍ട്ടി ല്‍ 'ദരിദ്രര്‍ക്ക്  നല്‍കാന്‍ കല്‍പിച്ചു' എന്നാണുള്ളത് (ബുഖാരി: 1717, മുസ്ലിം: 3241).
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു: ''നമ്മുടെ മദ്ഹബനുസരിച്ച് ബലിമൃഗത്തിന്റെയോ ഹജ്ജില്‍ ബലിയറുക്കുന്നവയുടെയോ ഉദ്ഹിയ്യത്തിന് അറുക്കുന്നവയുടെയോ തോലോ, അതില്‍നിന്നുള്ള മറ്റേതെങ്കിലും ഭാഗങ്ങളോ വില്‍ക്കാന്‍ പാടുള്ളതല്ല. കാരണം അവയൊന്നും തന്നെ സ്വന്തം വീട്ടിലോ മറ്റോ പ്രയോജനപ്പെടുത്താന്‍ പാടില്ല; അത് ഐഛികമായ ബലി ആകട്ടെ, നിര്‍ബന്ധമായ ബലി ആകട്ടെ, ഒരുപോലെയാണ്. എന്നാല്‍ ഐഛികമായ ബലിയാണെങ്കില്‍ അവയുടെ തോല്‍ ഉടുക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ അറവു നടത്തിയതിനുള്ള പ്രതിഫലമായി അതില്‍നിന്ന് യാതൊന്നും നല്‍കാവതല്ല. ഇതാണ് നമ്മുടെ മദ്ഹബ്'' (ശറഹു മുസ്‌ലിം: 2320).

നാട്ടിലെ പള്ളിയില്‍ ഉദ്ഹിയ്യത്തിന് ഷെയര്‍ പിരിക്കുമ്പോള്‍ അര ഷെയറും കാല്‍ ഷെയറുമൊക്കെ പിരിക്കുന്നതായി കാണുന്നു. ഇത് കര്‍മശാസ്ത്രപരമായി സാധുവാണോ? ഒരു ഉരുവിന്റെ  മൊത്ത വിലയുടെ ഏഴിലൊന്നില്‍ കുറഞ്ഞ സംഖ്യ ഉദ്ഹിയ്യത്തിന്റെ വിഹിതമായി സ്വീകരിക്കാമോ?
ആട് ഒരാള്‍ക്കും  മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേര്‍ക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവു നടത്തിയാല്‍ അയാള്‍ക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. ഒട്ടകത്തിലും പശുവിലും ഏഴ് ആള്‍ക്ക്  വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന്  അറുക്കുമ്പോള്‍ എല്ലാവര്‍ക്കും  തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തര്‍ക്കും  ഉണ്ടായേ പറ്റൂ. ഉദാഹരണമായി 42000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 6000 രൂപയെങ്കിലും ഷെയര്‍ ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 40000 രൂപയും മറ്റൊരാള്‍ 2000 രൂപയും എടുത്തു കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല.
പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ ചേര്‍ന്ന്  പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍ പലപ്പോഴും മേല്‍പറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടേതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രൂപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍ നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍ എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലി സ്വീകരിക്കപ്പെടാതെ പോകുന്നു. ഇതിന്റെ പാപഭാരം കൈകാര്യം ചെയ്യുന്നവരാണ് ഏല്‍ക്കേണ്ടിവരിക എന്ന് ഓര്‍ക്കുക.

ബലിമാംസം എന്തു ചെയ്യണം?
ബലിമാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്:
1. സ്വയം ഭക്ഷിക്കുക. 
2. ദരിദ്രര്‍ക്ക്  ദാനമായി നല്‍ക്കുക. 
3. അയല്‍വാസികള്‍ക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. അല്ലാഹു പറയുന്നു: 
''അവര്‍ക്ക്  പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്ക്  നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (അല്‍ഹജ്ജ് 28). 
ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാല്‍ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ മൂന്നില്‍ ഒന്ന് നിര്‍ബന്ധമായും ബലിയറുത്തയാള്‍ എടുക്കണമെന്നോ മൂന്നില്‍ ഒന്നിനേക്കാള്‍ കൂടുതല്‍ എടുക്കരുതെന്നോ പറയാന്‍ തെളിവുകളില്ല. ധാരാളം പണ്ഡിതന്മാര്‍ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലര്‍ സൂറഃ അല്‍ ഹജ്ജിലെ 28-ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നല്‍കുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു. 
രണ്ടാക്കി വിഭജിക്കുകയും പകുതി ഭക്ഷിക്കുകയും പകുതി ദാനമായി നല്‍കുകയും ചെയ്യുക എന്ന അഭിപ്രായവും  ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂന്നാക്കി തിരിക്കലാണ് നല്ലത് എന്നതിന് സൂറഃ ഹജ്ജിലെ 36-ാം വചനവും പ്രവാചക ചെയ്തിയും ഇബ്നു ഉമറിന്റെ അധ്യാപനവും ഇബ്നു മസ്ഊദിന്റെ കല്‍പനയും തെളിവാണെന്ന് ഇമാം ഇബ്നു ഖുദാമ രേഖപ്പെടുത്തിയിരിക്കുന്നു (മുഗ്നി 8/17).
ബലിയറുക്കുന്നയാള്‍ ബലിമാംസത്തില്‍നിന്ന് ഭക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ടെങ്കിലും നിര്‍ബന്ധമില്ലെന്നതാണ്  കൂടുതല്‍ പ്രബലം. നബി (സ) അറുത്ത അഞ്ച് ഒട്ടകങ്ങളില്‍നിന്ന് നബി (സ) ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിര്‍ബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. നൂറ് ഒട്ടകങ്ങളെ പ്രവാചകന്‍ അറുത്തപ്പോള്‍ എല്ലാറ്റില്‍നിന്നും ഓരോ കഷ്ണം എടുത്ത് അവ ഒരു പാത്രത്തിലിട്ട് വേവിക്കുകയും എന്നിട്ട് അതില്‍ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു. ഇത് സ്വയം കഴിക്കല്‍ ഏറെ ശ്രേഷ്ഠമാണെന്നറിയിക്കുന്നു.

ഉദ്ഹിയ്യത്തിനു പകരം അതിന്റെ വില ദാനം നല്‍കുന്നതല്ലേ കൂടുതല്‍ ഉത്തമം എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്താണ് മറുപടി?
പോരാ എന്ന് ഉത്തരം. കാരണം ഒന്നാമതായി അതുവഴി പ്രവാചകന്‍ പഠിപ്പിച്ച ഒരു സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായി പോകാനും ഇടവരും. രണ്ടാമതായി പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരുംതന്നെ ഈ സുന്നത്ത് നിര്‍ത്തലാക്കുകയോ, എന്നിട്ട് ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്നു ഭയന്ന് ചില  സന്ദര്‍ഭങ്ങളില്‍ അബൂബക്‌റും ഉമറും ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും വരള്‍ച്ചയും വറുതിയും ക്ഷാമവും ഉള്ള കാലത്തു പോലും ആ സുന്നത്ത് അവരാരും നിര്‍ത്തല്‍ ചെയ്തിട്ടില്ല. ഖുര്‍ആനിലും ഹദീസിലും വന്നതനുസരിച്ച് ഉദ്ഹിയ്യത്ത് വാജിബാണ് എന്നുവരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം കല്‍പ്പനാ സ്വരത്തിലാണ് പലപ്പോഴും അക്കാര്യം വന്നിട്ടുള്ളത്. അതിനാല്‍ ഏറ്റവും ചുരുങ്ങിയത് ആ സുന്നത്ത് പൂര്‍ണമായും ഉപേക്ഷിക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കേണ്ടതാണ്. ബലിമാംസം അഗതികള്‍ക്കും ദരിദ്രര്‍ക്കും കൂടി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ദാനധര്‍മത്തിന്റെ തലം കൂടി ഈ സുന്നത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ പിന്നെ ബലി നിര്‍ത്തി വെച്ച് ആ സംഖ്യകൊണ്ട് അഗതികളെ സഹായിച്ചുകൂടേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ബലിമാംസത്തിന്റെ അവകാശികളില്‍ ഒരു വിഭാഗം പാവപ്പെട്ടവര്‍ കൂടിയാണല്ലോ. എന്നുവെച്ചാല്‍ രണ്ടു സുന്നത്തും ഒരു കര്‍മത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നര്‍ഥം. അതിനാല്‍ ബലികര്‍മം ഉപേക്ഷിച്ച് ദാനധര്‍മം നല്‍കണമെന്ന് ശഠിക്കേണ്ടതില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍