Prabodhanm Weekly

Pages

Search

2021 ജൂലൈ 16

3210

1442 ദുല്‍ഹജ്ജ് 06

ജമാഅത്തെ ഇസ്‌ലാമി വികസനത്തിന്റെ ശത്രു?

എ.ആര്‍


''വേഗ റെയിലിനെ എതിര്‍ക്കുന്നത് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സംസ്ഥാനത്ത് ചില ശക്തികള്‍ എല്ലാ വികസന പ്രവര്‍ത്തനത്തിനും എതിരാണ്. അതിനു നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അവര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തും ആര്‍.വി.ജി മേനോന്‍ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികരും എതിര്‍ക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ അജണ്ട ജമാഅത്തെ ഇസ്‌ലാമിയുടേതാണെന്ന് റഹീം മറുപടി നല്‍കി. പരിഷത്തിന്റെ അഭിപ്രായം ശരിയാകണമെന്നില്ല. പാരിസ്ഥിതികാനുമതി കിട്ടിയാല്‍ എതിര്‍ക്കുന്നത് ശരിയല്ല. പരിസ്ഥിതി മൗലികവാദം യുദ്ധപ്രഖ്യാപനമാണ്. ജീവിക്കാന്‍ തൊഴിലവസരങ്ങള്‍ വേണം. അതിന് അടിസ്ഥാന സൗകര്യ വികസനം ഉണ്ടാവണം. ഏതു പദ്ധതി വന്നാലും പരിസ്ഥിതിയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്നത് ശരിയല്ല. പരിഷത്ത് നിലപാടിനെ ഡി.വൈ.എഫ്.ഐ എതിര്‍ക്കുമെന്നും റഹീം പറഞ്ഞു'' (മാധ്യമം 2021 ജൂലൈ 4).
''പദ്ധതിയുടെ സമഗ്ര പാരിസ്ഥിതികാഘാത പഠനം (ഇ.ഐ.എ) തയാറാക്കി പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും (ഡി.പി.ആര്‍) ജനങ്ങള്‍ക്ക് ചര്‍ച്ചക്കായി നല്‍കണമെന്നും അത്തരമൊരു ചര്‍ച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി മുരളീധരനും ജനറല്‍ സെക്രട്ടറി  എ. രാധനും പ്രസ്താവനയില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടത്തുന്നത് അടക്കമുള്ള പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്ന് പരിഷത്ത് കരുതുന്നു. അതിനാല്‍ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിനോട് പ്രോജക്ട് മാനേജ്‌മെന്റിനോടും പരിഷത്ത് ഉന്നയിക്കുന്ന ആവശ്യം'' (മാധ്യമം 2021 ജൂലൈ 4).

എന്താണ് കെ റെയില്‍?

പിണറായി വിജയന്‍ ഒന്നാമൂഴത്തില്‍ തുടങ്ങിവെച്ചതും രണ്ടാമൂഴം ആരംഭിച്ചിരിക്കെ എന്ത് വില കൊടുത്തും നടപ്പാക്കിയേ തീരൂ എന്ന് തീരുമാനിക്കുകയും ആ ദിശയിലുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരിക്കുന്ന കെ റെയില്‍ എന്ന സ്വപ്ന പദ്ധതി എന്താണെന്നും അതുവഴി ലക്ഷ്യമിടുന്ന നേട്ടങ്ങളെന്താണെന്നും ലഘുവായെങ്കിലും മനസ്സിലാക്കിയിരിക്കേണ്ടതാവശ്യമാണ്. കേരള സര്‍ക്കാറും ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാനത്തിന്റെ ഭാവി റെയില്‍വേ വികസനത്തിനായി രൂപവത്കരിച്ച 'കേരള റെയില്‍വെ വികസന കോര്‍പ്പറേഷന്‍' എന്ന കെ റെയില്‍ കമ്പനി ആണ് സില്‍വര്‍ ലൈന്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഔദ്യോഗിക ഏജന്‍സി. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള കൊച്ചുവേളിയില്‍നിന്നും 11 ജില്ലകളിലായി 10 സ്റ്റേഷനുകളിലൂടെ മണിക്കൂറില്‍ ശരാശരി 150 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് കാസര്‍കോട്ട് വരെ 529.45 കിലോമീറ്റര്‍ നീളത്തിലാണ് സില്‍വര്‍ ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 64941 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട്ട് വരെ ഓടിയെത്താന്‍ നാല് മണിക്കൂര്‍ (നിലവില്‍ 9 മുതല്‍ 12 വരെ) കഴിയുമെന്നാണ് അവകാശവാദം. സംസ്ഥാനത്തിന്റെ തെക്കും വടക്കും ചുരുങ്ങിയ സമയം കൊണ്ട് ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള സ്വപ്‌ന പദ്ധതിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പുതിയൊരു സര്‍വീസ് റോഡും അഞ്ച് ടൗണ്‍ഷിപ്പുകളും നിര്‍മിക്കും. ടൗണ്‍ഷിപ്പുകളുടെ വികസനത്തില്‍ മുതല്‍മുടക്കാന്‍ ചില പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. 1457 രൂപക്ക് (വര്‍ഷം തോറും 7.5 ശതമാനം വര്‍ധനയോടെ) തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ട് എത്താം എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷതയായി പറയുന്നത്. ട്രെയ്‌നിന്റെ ശരാശരി വേഗം മണിക്കൂറില്‍ 150 കിലോ മീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററും ആയിരിക്കും.
10 സ്റ്റേഷനുകളാണ് ഉള്ളതെങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹ്രസ്വദൂര ട്രെയ്‌നുകളുമുണ്ടാവും. 2024-25-ല്‍ 67740 ദിവസ യാത്രക്കാരും 2051-ല്‍ 147120 യാത്രക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ വേളയില്‍ 50000 പേര്‍ക്കും സ്ഥിരമായി 10000 പേര്‍ക്കും തൊഴില്‍ ലഭിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി ആഗോള താപനം കുറക്കാന്‍ സഹായിക്കുമെന്നും ഇതിനായി ഏറ്റെടുക്കേണ്ട ഭൂമി 1383 ഹെക്ടറും കുടിയൊഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണം 9134 ആയിരിക്കും എന്നും കമ്പനി രേഖകള്‍ പറയുന്നു. കെ റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും (രവിശങ്കര്‍ കെ.വി, മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജൂലൈ 12, 'കേരളത്തെ തകര്‍ക്കാന്‍ വീണ്ടുമൊരു സ്വപ്‌ന പദ്ധതി').

എതിര്‍ക്കുന്നവര്‍ ആര്, എന്തിന്?

പിണറായി വിജയന്റെയും ഇടതു മുന്നണി സര്‍ക്കാറിന്റെയും ഈ സ്വപ്‌ന പദ്ധതിയെപ്പറ്റി ജമാഅത്തെ ഇസ്‌ലാമി ഇതേവരെ അഭിപ്രായം പറഞ്ഞതായി കണ്ടില്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം 'വലതുപക്ഷക്കാരുടെ സംഘടിത എതിര്‍പ്പ്' എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് ഏറ്റവും വലുതും ശക്തവുമായ വലതുപക്ഷം. കേന്ദ്രാനുമതി പദ്ധതിക്ക് ലഭിച്ചിരിക്കെ ബി.ജെ.പി എതിര്‍ക്കുന്ന പ്രശ്‌നമില്ല. രണ്ടാമത് കേരളത്തിലെ യു.ഡി.എഫാണ്. അവരും കെ റെയിലിനെ എതിര്‍ക്കുന്നില്ല. എന്നിരിക്കെ, കേന്ദ്രവും കേരള സര്‍ക്കാറും പ്രതിപക്ഷവും ഒരുപോലെ പച്ചക്കൊടി കാട്ടിയ ഒരു വന്‍ വികസന പദ്ധതിയെ ചെറുത്തുതോല്‍പിക്കാന്‍ ശ്രമിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് മാര്‍ക്‌സിസ്റ്റ് യുവജന നേതാവ് എ.എ റഹീമിന്റെ ആരോപണം എതിര്‍പ്പിന്റെ കുന്തമുന ആ സംഘടനയുടെ നേരെ തിരിച്ചുവെച്ച് സ്വന്തം പാളയത്തിലെ 'വികസന വിരോധികളെ' പിന്തിരിപ്പിക്കാനുള്ള ശ്രമമാവണം.
യഥാര്‍ഥത്തില്‍ ഈ സ്വപ്‌നപദ്ധതിയെ ശക്തമായെതിര്‍ക്കുന്നവര്‍ മറ്റാരുമല്ല സാക്ഷാല്‍ ഇടതുപക്ഷ ബുദ്ധിജീവികളും സംസ്ഥാന വികസനത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് പുലര്‍ത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. 'കേരളത്തിലെ എല്ലാ കരിങ്കല്‍ ക്വാറികളും പശ്ചിമഘട്ടത്തിലാണ്. തണ്ണീര്‍ തടങ്ങളെയും നദികളെയും തടാകങ്ങളെയും മുറിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ പദ്ധതിക്ക് വലിയ തോതില്‍ ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരും. പ്രോജക്ടിന്റെ ഭാഗമായുള്ള അനേകം പാലങ്ങള്‍ക്ക് മാത്രം വലിയ തോതില്‍ കരിങ്കല്ലും മണലും മണ്ണും ആവശ്യമായി വരും. വന്‍തുക  ചെലവാകുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും സില്‍വര്‍ ലൈന്‍ ഒരു വെള്ളാനയാണ്' - പ്രമുഖ പരിസ്ഥിതി വിദഗ്ധന്‍ ആര്‍.വി.ജി മേനോന്‍ പറയുന്നു ('സില്‍വര്‍ ലൈന്‍ ഉയര്‍ത്തുന്ന ആശങ്കകള്‍'- കെ.എ ഷാജി, മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജൂലൈ 12).
കെ റെയിലിനെക്കുറിച്ച കേരള പരിസ്ഥിതി ഐക്യവേദിയുടെ അഭിപ്രായം ഇങ്ങനെ: ''64000 കോടി തീര്‍ച്ചയായും ഒരു വലിയ തുകയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ചെലവ് പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇരട്ടിയിലും അധികമാവും. രൂക്ഷമായ പ്രളയങ്ങളും പേമാരിയും മണ്ണിടിച്ചിലും കടല്‍കയറ്റവും ഓരോ വര്‍ഷവും നേരിടുന്ന സംസ്ഥാനത്ത് ഈ പദ്ധതി അടിച്ചേല്‍പിക്കപ്പെടുകയാണ്. ചെലവിന് അനുഗുണമായ ബദലുകള്‍ അന്വേഷിക്കണം. വിദഗ്‌ധോപദേശങ്ങള്‍ തേടി ആധികാരികവും സ്വതന്ത്രവുമായ നിലപാട് എടുക്കണം.'' ഇപ്പോള്‍ ഉള്ള അറിവ് വെച്ചുതന്നെ സില്‍വര്‍ ലൈന്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തവും അതുപോലെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന പദ്ധതിയായിരിക്കും എന്ന് നിസ്സംശയം പറയാന്‍ കഴിയും എന്നാണ് കേരള പരിസ്ഥിതി ഐക്യവേദിയുടെ കണ്‍വീനറും പരിസ്ഥിതി വിദഗ്ധനുമായ ശ്രീധര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത് (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജൂലൈ 12).
ഇനി പദ്ധതിക്ക് കണക്കാക്കപ്പെടുന്ന 64000 കോടിയുടെ പലിശ ബാധ്യത മാത്രം എത്രത്തോളം വരുമെന്നാലോചിച്ചാലും മഹാ നഷ്ടത്തിന്റെ കണക്കാണ് മുന്നിലെത്തുക. കേവലം 4 ശതമാനം എന്ന് കണക്കാക്കിയാല്‍ പോലും പ്രതിവര്‍ഷം 2900 കോടി രൂപ ഖജനാവില്‍നിന്ന് ചോരും. വളരെ കുറഞ്ഞ പലിശക്ക് 5600 കോടി വായ്പയെടുത്ത കൊച്ചി മെട്രോയുടെ ഒരു വര്‍ഷത്തെ സഞ്ചിത നഷ്ടം 310 കോടിയാണ്. അതിന്റെ 12 ഇരട്ടി വായ്പയെടുക്കുന്ന 'വെള്ളിരേഖ'ക്ക് അപ്പോള്‍ നഷ്ടം എത്രയാവുമെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിന്റെ ഗതാഗത വികസനത്തിനാണെങ്കില്‍ ഇതിനേക്കാള്‍ ചെലവ് ഗണ്യമായി കുറഞ്ഞതും പരിസ്ഥിതി ആഘാതങ്ങളില്ലാത്തതും ആളുകളെ കുടിയൊഴിപ്പിക്കേണ്ടതില്ലാത്തതുമായ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുന്ന കാര്യം മറക്കരുത്. അതിനാല്‍ ഏതു വികസനത്തിന്റെയും അന്തിമ ലക്ഷ്യം മനുഷ്യരുടെ ദുരിതമുക്തിയും തൊഴില്‍ ലഭ്യതയും പാരിസ്ഥിതിക സുരക്ഷയുമാണെങ്കില്‍ അതോട് പൂര്‍ണ സഹകരണവും, അതല്ല അഴിമതിയും പാരിസ്ഥിതിക നശീകരണവും പൊങ്ങച്ചവുമാണെങ്കില്‍ ശക്തമായ എതിര്‍പ്പും എന്നതാവും സുചിന്തിത നിലപാടുകളുള്ള ഒരാദര്‍ശ ധാര്‍മിക പ്രസ്ഥാനത്തിന്റെ സുസ്ഥിര നയം എന്ന് എടുത്തു പറയേണ്ടതായിട്ടില്ല. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനും പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കുമെതിരെ മനുഷ്യസ്‌നേഹികള്‍ യുദ്ധം നയിക്കേണ്ടിവന്നത് കുറേപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നറിയാതെ ആയിരുന്നില്ലല്ലോ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (44-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടത്തിന്റെ നേരും നെറിയും
സി.പി മുസമ്മില്‍ കണ്ണൂര്‍