Prabodhanm Weekly

Pages

Search

2021 ജൂലൈ 09

3209

1442 ദുല്‍ഖഅദ് 28

അധികാരികള്‍ തേടുന്ന 'സൂഫികള്‍'

എച്ച്. ശിയാസ്

ഇസ്ലാമോഫോബിയയുടെ സ്വഭാവത്തിലും പ്രവര്‍ത്തന രീതിയിലും പ്രകടമായ മാറ്റങ്ങളുണ്ടാക്കിയത് 9/11-നു ശേഷമുള്ള അമേരിക്കയുടെ 'ഭീകരവിരുദ്ധ' യുദ്ധമായിരുന്നു (War On Terror). 9/11 -നു ശേഷമുള്ള ഇസ്ലാമോഫോബിയ പഠനങ്ങളില്‍ ധാരാളമായി ഈ മാറ്റങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. 9/11-ന്റെ പ്രതികാരമായി, ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന ഈ യുദ്ധത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി 37 ദശലക്ഷം ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായിത്തീര്‍ന്നത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, യമന്‍, ഫിലിപ്പീന്‍സ്, ലിബിയ, സോമാലിയ തുടങ്ങി അനവധി രാഷ്ട്രങ്ങളില്‍ ഇന്നും അവിടത്തെ പൗരന്മാര്‍ ഇതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 84 ലോകരാഷ്ട്രങ്ങളില്‍ ഈ പദ്ധതി തുടരുന്നുമുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം ജനങ്ങള്‍ യുദ്ധങ്ങളിലും മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ അനുബന്ധ പ്രശ്‌നങ്ങളിലുമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് (Cost of War, Brown University Report, September 2020).
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ സവിശേഷമായി നടപ്പിലാക്കപ്പെടുന്ന ഭീകരവിരുദ്ധ യുദ്ധം മുസ്ലിംകളെ സാമൂഹികമായും രാഷ്ട്രീയമായും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണുണ്ടായത്. കുടിയേറ്റം, അഭയാര്‍ഥി പ്രവാഹം, വംശഹത്യ, ജയില്‍ ജീവിതം എന്ന് തുടങ്ങി അന്താരാഷ്ട്ര മാനങ്ങളുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളും ദുരന്തങ്ങളും വ്യാപകമായി നേരിടുന്ന ലോകത്തെ ഏറ്റവും വലിയ സമൂഹമായി മുസ്ലിംകള്‍ മാറിക്കഴിഞ്ഞു.
എന്നാല്‍ അമേരിക്ക നേരിട്ട് നടത്തുന്ന യുദ്ധങ്ങളിലോ,  ആന്റി-ടെറര്‍ മിലിട്ടറി ഒപ്പറേഷനുകള്‍ എന്നു വിളിക്കപ്പെടുന്ന സായുധ നീക്കങ്ങളിലോ പരിമിതിപ്പെടുന്ന ഒന്നല്ല ഭീകരവിരുദ്ധ യുദ്ധം. മറിച്ച്, സൈദ്ധാന്തികവും രാഷ്ട്രീയവും സാംസ്‌കാരികവും നയതന്ത്രപരവുമായ വ്യവഹാരങ്ങളുടെ വിശാലമായ ഒരു പരിസരം കൂടി അതിനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അമേരിക്ക ഇസ്ലാമില്‍ ഇടപെടാന്‍ തീരുമാനിച്ചു എന്നതു തന്നെയായിരുന്നു. അതായത് ഇസ്ലാമിക വൈജ്ഞാനിക ചിന്താധാരകളിലും, പണ്ഡിത സമൂഹത്തിന്റെ  വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളിലും കൃത്യമായ ഇടപെടല്‍ നടത്താന്‍ തന്നെ അമേരിക്ക തീരുമാനിക്കുകയായിരുന്നു. അതിനാവശ്യമായ നയരൂപീകരണങ്ങള്‍ പ്രത്യേക രീതിയില്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തു. ഭീകര വിരുദ്ധ യുദ്ധത്തിന് അനുഗുണമാകുന്ന തരത്തില്‍ മതത്തിലും രാഷ്ട്രീയത്തിലും ആശയപരമായ നിര്‍വചനങ്ങള്‍ നടത്താനും അതിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്ന 'ഭീകരവാദ ഇസ്‌ലാം' എന്താണ് എന്ന് നിര്‍ണയിക്കാനും വേണ്ടിയായിരുന്നു അത്.
ഉദാഹരണത്തിന്, അമേരിക്കന്‍ സൈനിക വിഭാഗങ്ങളുടെ ആഗോള നയങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി 1948-ല്‍ ഡൗഗ്ലാസ് എയര്‍ക്രാഫ്റ്റ് കമ്പനി രൂപീകരിച്ച ആര്‍.എ.എന്‍.ഡി കോര്‍പറേഷന്‍ (ഞഅചഉ ഇീൃുീൃമശേീി) റിപ്പോര്‍ട്ട് പരിശോധിക്കുക. യു.എസ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്താല്‍ രൂപപ്പെടുത്തുന്ന ഭീകരവിരുദ്ധ യുദ്ധപദ്ധതികളും തന്ത്രങ്ങളും എങ്ങനെയായിരിക്കണം എന്ന് നിര്‍ദേശിക്കുന്ന പഠനമാണ് ആര്‍.എ.എന്‍.ഡി റിപ്പോര്‍ട്ട് (RAND Report, 2003-2007). എല്ലാ വര്‍ഷവും ഭീകരവിരുദ്ധ യുദ്ധത്തെ അവലോകനം ചെയ്തുകൊണ്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗവേഷണം ചെയ്ത് റിപ്പോര്‍ട്ട് പുതുക്കി സമര്‍പ്പിക്കപ്പെടാറുമുണ്ട്. തീവ്രവാദ ഉന്മൂലനം എന്ന പേരില്‍ അമേരിക്ക ആരംഭിച്ച മറ്റൊരു അധിനിവേശ പദ്ധതിയുടെ മാനിഫെസ്റ്റോ ആയാണ് പ്രസ്തുത പഠന റിപ്പോര്‍ട്ടിനെ വിമര്‍ശകര്‍ വിലയിരുത്തുന്നത്.
മുസ്ലിം ലോകത്തെ മതപരമായ ബഹുസ്വരതകളെയും വിഭാഗീയതകളെയും റിപ്പോര്‍ട്ടില്‍ പലരീതിയില്‍ തരംതിരിച്ചിട്ടുണ്ട്. തീവ്ര മതമൗലികവാദികള്‍, പാരമ്പര്യവാദികള്‍, ആധുനികവാദികള്‍, ലിബറല്‍ മതേതരവാദികള്‍, സ്വേഛാധിപത്യ മതേതരവാദികള്‍, സൂഫികള്‍, തീവ്ര ഇസ്ലാമിസ്റ്റുകള്‍, മിതവാദ ഇസ്ലാമിസ്റ്റുകള്‍ തുടങ്ങി ആ പട്ടിക നീളുന്നുണ്ട്. ഈ വര്‍ഗീകരണവും നിര്‍വചനങ്ങളും  ആത്യന്തികമായി അമേരിക്ക തങ്ങളുടെ ഔദ്യോഗിക ശത്രുക്കളായി ആരെയാണ് കണക്കാക്കുന്നത് എന്ന് വിളിച്ചുപറയുന്നുണ്ട്. ചരിത്രപരമായി, കൊളോണിയല്‍ അധിനിവേശങ്ങള്‍ തങ്ങളുടെ ശത്രുക്കളെ നിര്‍വചിക്കാനും തിരിച്ചറിയാനും (Know Your Enemy) വേണ്ടി ആവിഷ്‌കരിച്ച ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളുടെ മറ്റൊരു പംക്തിയാണ് ഇത്തരം പഠന റിപ്പോര്‍ട്ടുകളുമെന്ന് കാണാം.

'മിതവാദ ഇസ്ലാമി'ന് പ്രോത്സാഹനം
ഇസ്ലാമിക തീവ്രവാദത്തെ കണ്ടെത്താന്‍ നടത്തുന്ന ശ്രമം എന്നതിലുപരി റാന്റ് റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യം ഭീകരവിരുദ്ധ യുദ്ധത്തിന് സഹായകമാകുന്ന ഒരു ഇസ്ലാമിനെ നിര്‍ണയിച്ചെടുക്കുക എന്നതായിരുന്നു. അതിനായി 'മിതവാദ ഇസ്ലാം' (Moderate Islam) എന്ന പരികല്‍പനയെയാണ് അത് മുന്നോട്ടു വെക്കുന്നത്. അഥവാ അമേരിക്കക്ക് അംഗീകരിക്കാന്‍ കഴിയുന്ന സാമൂഹിക മൂല്യസങ്കല്‍പത്തിന്റെ സൂചകമായിട്ടാണ് 'മിതവാദം' എന്ന ആശയം രംഗപ്രവേശം ചെയ്യുന്നത്. ശേഷം അതിനെ മുന്‍നിര്‍ത്തി തങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഇസ്ലാമിനെ കണ്ടെത്താന്‍ ശ്രമിച്ചു. പ്രസ്തുത ഇസ്ലാമിന് പുറത്തു നില്‍ക്കുന്നവര്‍ ഭീകരവിരുദ്ധ യുദ്ധത്തിലൂടെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരായി മാറി; അല്ലാത്തവര്‍ 'മിതവാദ ഇസ്‌ലാം' എന്ന വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുകയും ചെയ്തു.
ചുരുക്കത്തില്‍, 'മിതവാദ ഇസ്ലാമി'നെ പ്രോത്സാഹിപ്പിക്കുക (Promote Moderate Islam) എന്ന ആശയം വിശാലാര്‍ഥത്തില്‍ വലിയൊരു പദ്ധതിയായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നു. അത്തരമൊരു ആശയം മുന്നോട്ടു വെക്കുന്നതിലൂടെ ഏതു സ്വഭാവത്തിലാണ് ഭീകരവിരുദ്ധ യുദ്ധം പ്രവര്‍ത്തിക്കുക എന്ന് വ്യക്തമാക്കുകയായിരുന്നു അമേരിക്ക. ഭീകരവിരുദ്ധ യുദ്ധം കേവലമായ  സൈനിക  പദ്ധതിയല്ല; മറിച്ച് മുസ്ലിം ലോകത്തിന്റെ ആശയപരമായ വ്യത്യാസങ്ങളെ ചൂഷണം ചെയ്യുന്ന ഒരു പദ്ധതി കൂടിയാണ്. അമേരിക്ക തങ്ങളുടെ നയരൂപീകരണ/നയതന്ത്ര വിദഗ്ധ സംഘങ്ങളുടെ സഹായത്തോടെ ആരംഭിച്ച വ്യാവഹാരികമായ ഒരു യുദ്ധം കൂടിയായിരുന്നു അത്. ഈ പദ്ധതിയുടെ ഭാഗമായുള്ള വ്യത്യസ്ത പഠന റിപ്പോര്‍ട്ടുകള്‍ വെച്ച് അതിന്റെ രീതിശാസ്ത്രത്തെയും വര്‍ഗീകരണങ്ങളെയും പൊതുവായി ഇങ്ങനെ സംഗ്രഹിക്കാം: ആദ്യം ഒരു ചട്ടക്കൂട് (Framework) എന്ന നിലയില്‍ മുസ്ലിം ലോകത്തെ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിനെ മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്ര പ്രവണതകളെയും അതിന്റെ സ്വഭാവത്തെയും വര്‍ഗീകരിക്കുന്നു. അതില്‍നിന്ന്, ലോക മുസ്ലിംകള്‍ തങ്ങളുടെ മതവീക്ഷണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളുടെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്ന് നിരീക്ഷിക്കുന്നു. മുസ്ലിം ലോകത്തിന്റെ ഭൗമരാഷ്ട്രീയ വ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രസ്തുത പഠനത്തില്‍ ഇസ്ലാമിലെ സുപ്രധാന പ്രവണതകളെ നിര്‍ണയിക്കുന്നത് എന്തൊക്കെ ഘടകങ്ങളാണെന്ന് കണ്ടെത്തുന്നു. അതുവഴി ജനാധിപത്യത്തെയും സാമൂഹിക സ്ഥിരതയെയും പ്രോത്സാഹിപ്പിക്കാനും തീവ്രവാദ ഗ്രൂപ്പുകളെ എതിര്‍ക്കാനും വേണ്ടി അമേരിക്കക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും സഖ്യത്തിലാകാനുതകുന്ന വിഭാഗങ്ങളെ തിരിച്ചറിയാനും സാധിക്കുന്നു.
ഈയൊരു രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടാണ് ഭീകരവിരുദ്ധ യുദ്ധം ആഗോളതലത്തില്‍ ഇസ്ലാമികാശയ പരിസരത്ത് ഇടപെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ആഗോള മുസ്ലിം സമുദായത്തെ ഇസ്ലാം അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്ര വിഭാഗങ്ങളെന്ന നിലയില്‍ തരംതിരിക്കുന്നു;
1. മതമൗലികവാദികള്‍ (Fundamentalists): ജനാധിപത്യ മൂല്യങ്ങളെയും സമകാലിക പാശ്ചാത്യ സംസ്‌കാരങ്ങളെയും നിരാകരിക്കുന്നവര്‍. ഇസ്ലാമിക നിയമത്തെയും ധര്‍മത്തെയും അടിസ്ഥാനമാക്കി സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണക്രമമാണ് അവര്‍ ആഗ്രഹിക്കുന്നത്, ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും അതിനായി ഉപയോഗിക്കാന്‍ അവര്‍ തയാറുമാണ്.
2. പാരമ്പര്യവാദികള്‍ (Traditionalists): യാഥാസ്ഥിതികമായ ഒരു സമൂഹത്തെയാണ് അവര്‍ക്ക് ആവശ്യം. ആധുനികതയെ സംബന്ധിച്ചും മാറ്റങ്ങളെയും പുരോഗതിയെയും സംബന്ധിച്ചും അവര്‍ സംശയാലുക്കളാണ്.
3. ആധുനികവാദികള്‍ (Modernists): ഇസ്ലാമികലോകം ആഗോളമായിത്തന്നെ ആധുനികതയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നവര്‍.
4. മതേതരവാദികള്‍ (Secularists): മതം സ്വകാര്യജീവിതത്തിലാണ് ഉണ്ടാകേണ്ടതെന്നും ചര്‍ച്ചും സ്റ്റേറ്റും രണ്ടാണ് എന്നും ആധുനിക കാഴ്ചപ്പാടിനെ ഇസ്ലാമികലോകം സ്വീകരിക്കണം എന്നും നിലപാടുള്ളവര്‍.
(ലിബറല്‍ മുസ്ലിംകള്‍, മോഡറേറ്റ് - ട്രഡീഷണല്‍ സൂഫികള്‍, ഇസ്ലാമിസ്റ്റുകള്‍, റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ എന്നീ രീതിയിലുള്ള വര്‍ഗീകരണങ്ങളും കാണാം).
'മിതവാദ ഇസ്ലാമി'നെ പ്രോത്സാഹിപ്പിക്കും എന്ന് പറയുമ്പോള്‍ ആരെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആരുമായാണ് ഐക്യപ്പെടാന്‍ സാധിക്കുകയെന്നും അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാനാണ് ഈ രീതി സ്വീകരിക്കുന്നത്. അമേരിക്ക പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യവിഭാഗം ആധുനികവാദികളാണ്. ശേഷം 'മതമൗലികവാദികള്‍'ക്കെതിരെ പാരമ്പര്യവാദികളെ പിന്തുണക്കുക എന്നതിലേക്കാണ് എത്തുന്നത്. മാത്രവുമല്ല പാരമ്പര്യവാദികള്‍ക്കിടയില്‍ ആധുനിക മുസ്ലിംകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക, സൂഫിസത്തിന്റെ ജനപ്രിയതയും സ്വീകാര്യതയും വര്‍ധിപ്പിക്കുക എന്നതിനെയും വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നുണ്ട്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പ്രത്യയശാസ്ത്രപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ 'മിതവാദ ഇസ്ലാമി'നെ എങ്ങനെയല്ലാം നിര്‍മിച്ചെടുക്കാം എന്ന അമേരിക്കന്‍ പദ്ധതിയുടെ ഒരു വശത്തെ മാത്രമാണ് ഇവിടെ സംഗ്രഹിച്ചത്. പല കാരണങ്ങള്‍ കൊണ്ട് ഇവയെല്ലാം പരസ്പരം ഇടകലര്‍ന്നു നില്‍ക്കുന്ന വ്യവഹാരങ്ങളാണ് എന്നതു കൊണ്ടു തന്നെ ഈ വര്‍ഗീകരണങ്ങള്‍ക്ക് സൂക്ഷ്മാര്‍ഥത്തില്‍ പരിമിതികള്‍ ഉണ്ടെന്ന് പ്രസ്തുത പഠനങ്ങള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും തങ്ങള്‍ മുന്നോട്ടു വെക്കുന്ന നിര്‍വചനത്തിനനുസൃതമായ 'മിതവാദ ഇസ്ലാമി'നെ കണ്ടെത്തുക എന്ന ദൗത്യമാണ് ഈ പ്രക്രിയയിലൂടെ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്.
'മിതവാദ ഇസ്ലാമി'നെ ഭീകരവിരുദ്ധ യുദ്ധം ഏറ്റവും പ്രാധാന്യത്തോടെ കണ്ടെടുക്കാന്‍ ശ്രമിക്കുന്നത് സൂഫിസത്തില്‍നിന്നാണ്. സൂഫിസം ഇസ്ലാമിന്റെ തുറസ്സായ ബൗദ്ധിക/ വ്യാഖ്യാന പരിസരത്ത് നിലനില്‍ക്കുന്നതിനാല്‍ അതിനെ ഈ ഗണത്തിലൊന്നും നേര്‍ക്ക് നേരെ ബന്ധിപ്പിക്കേണ്ടതില്ലെന്നും എന്നാല്‍ സൂഫീ സ്വാധീനം പാഠപുസ്തകങ്ങളിലൂടെയും ആചാരങ്ങളിലൂടെയും സാംസ്‌കാരിക ജീവിതത്തിലൂടെയും വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും 'ഇശ്ശഹ ഉലാീരൃമശേര കഹെമാ: ജമൃിേലൃ,െ ഞലീൌൃരല െമിറ ടൃേമലേഴശല'െ എന്ന റാന്റ് റിപ്പോര്‍ട്ടിന്റെ തന്നെ പഠനത്തില്‍ ആവശ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ച് സൂഫീപാരമ്പര്യം ധാരാളമുള്ള രാജ്യങ്ങളില്‍. കാരണം കവിതയിലൂടെയും സംഗീതത്തിലൂടെയും ഫിലോസഫിയിലൂടെയും സൂഫിസത്തിന് മതത്തിനപ്പുറത്തേക്ക് ശക്തമായ പാലം തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പാരമ്പര്യ ഇസ്ലാമാണ് സൂഫിസത്തിന് പ്രാധാന്യം നല്‍കുന്നത്. ഇസ്ലാമിസ്റ്റ്, വഹാബി ധാരകള്‍ സൂഫിസത്തിന് പല കാരണങ്ങളാല്‍ എതിരാണ്. അതുകൊണ്ടുതന്നെ പാരമ്പര്യവാദത്തെയും സൂഫിസത്തെയും 'മതമൗലികവാദികളാ'യ ഇസ്ലാമിസ്റ്റ്-വഹാബി വിഭാഗങ്ങള്‍ക്ക് എതിരെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ഈ പഠന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഇസ്ലാം അവലംബമാക്കി നിലനില്‍ക്കുന്ന വിവിധ ചിന്താധാരകള്‍ക്കിടയിലെ ആശയഭിന്നതകളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും മൗലികമായ സ്രോതസ്സ് ഒരുപരിധിവരെ ഇസ്ലാമിക പ്രമാണങ്ങളാണ്. ഇസ്ലാമിന്റെ വിശ്വാസ വിജ്ഞാനീയങ്ങളും അതിന്റെ വ്യാഖ്യാന-പ്രായോഗിക വ്യവഹാരങ്ങളും ചരിത്രപരമായി തന്നെ ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ക്ക് കാരണമായിട്ടുമുണ്ട്. ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ഈ വ്യത്യാസങ്ങളുടെ ശരിതെറ്റുകളെ നിര്‍ണയിക്കേണ്ടത്. എന്നാല്‍ ഈ വൈവിധ്യങ്ങളും വ്യത്യാസങ്ങളും മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ്പിനെയും അതിജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ വിമര്‍ശനാത്മക വിശകലനങ്ങള്‍ വേണ്ടിവരും.
രണ്ടു തരത്തിലാണ് അത് നടക്കുന്നത്. ഒന്നു വിശ്വാസപരമാണെങ്കില്‍ (പ്രമാണങ്ങളെ അവലംബമാക്കി), മറ്റൊന്ന് രാഷ്ട്രീയ വിശകലനമാണ്. ഇത് രണ്ടും പരസ്പരബന്ധിതമാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങളെ അംഗീകരിച്ചും നിരാകരിച്ചും വിശകലനങ്ങള്‍ സാധ്യമാണ്. എന്നാല്‍ ഈ വ്യത്യാസങ്ങളെ ഉപയോഗിച്ച് മുസ്ലിംകളെ തന്നെ ഉന്മൂലനം ചെയ്യുന്ന അധിനിവേശ പദ്ധതികള്‍ സുതാര്യമായി അരങ്ങേറുമ്പോള്‍ അതിന്റെ അപകടങ്ങള്‍ മനസ്സിലാക്കി നിലപാട് സ്വീകരിക്കുക എന്നതാണ് മുസ്ലിം ലോകം പങ്കുവെക്കുന്ന പൊതുവായ വികാരം. എന്നാല്‍ ഇതുവരെ ചര്‍ച്ചക്കെടുത്ത ഭീകരവിരുദ്ധ യുദ്ധത്തിന്റെ വ്യവഹാരങ്ങള്‍ മുസ്ലിംകളെ എങ്ങനെ ബാധിച്ചു എന്ന് പരിശോധിച്ചാല്‍ വിപരീതഫലങ്ങള്‍ ധാരാളമായി കാണാന്‍ സാധിക്കും. ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി മുസ്ലിം ലോകത്തേക്ക് നിക്ഷേപിക്കപ്പെട്ട 'മിതവാദ ഇസ്‌ലാം' എന്ന കാഴ്ചപ്പാട് ഇന്നും മുസ്ലിംകളെ നല്ല മുസ്ലിം/ചീത്ത മുസ്ലിം എന്ന ദ്വന്ദ്വത്തിലേക്ക് പരിമിതമാക്കി നിര്‍ത്തുന്നുണ്ട്.
മുസ്ലിം ലോകത്ത് വലിയ വിഭാഗം ജനങ്ങള്‍ പിന്തുണക്കുകയും പിന്തുടരുകയും ചെയ്യുന്ന പല സൂഫീധാരകളും മുസ്ലിം ഗ്രൂപ്പുകളും പല സ്വഭാവത്തില്‍ 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ പദ്ധതികളില്‍ നേരിട്ടോ അല്ലാതെയോ ഭാഗഭാക്കാകുന്നുണ്ട് എന്നതാണ് വസ്തുത. ഇസ്ലാമിന്റെ വിശ്വാസ വിജ്ഞാനീയങ്ങളിലുള്ള വ്യത്യാസങ്ങളും വൈവിധ്യങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന വ്യത്യസ്ത പണ്ഡിത ധാരകളും മുസ്ലിം സംരംഭങ്ങളും തങ്ങളുടെ പരമ്പരാഗതമായ വിഭാഗീയതയുടെ ഭാഗമായി ഈ മുസ്ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായിത്തീരുകയാണ് ചെയ്യുന്നത്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് അനുകൂലമായി അഭിപ്രായം പറയുന്നതു മുതല്‍ അത് ആരംഭിക്കുന്നുണ്ട്. കൂടാതെ മുസ്ലിംകളുടെ നേതൃത്വത്തിലുള്ള അറബ് വിപ്ലവം പോലുള്ള സാമൂഹിക മുന്നേറ്റങ്ങളെ തള്ളിപ്പറയുക, സ്വേഛാധിത്യ ഭരണകൂടങ്ങള്‍ക്കെതിരെ നടക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളെ നിഷേധിക്കുക, ഇസ്ലാമോഫോബിയ, യുദ്ധങ്ങള്‍, വംശീയത, കുടിയേറ്റ പ്രശ്‌നങ്ങള്‍, വംശഹത്യകള്‍ തുടങ്ങിയ ആഗോള മനുഷ്യാവകാശ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പൊതുവായ മുസ്ലിം രാഷ്ട്രീയ വികാരങ്ങള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തുക, അതിനെതിരെ ഫത്വകള്‍ നല്‍കുക, അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള ദേശസുരക്ഷാ നയങ്ങളെയും അധിനിവേശസ്വഭാവമുള്ള നയതന്ത്ര കരാറുകളെയും പിന്തുണക്കുക തുടങ്ങിയവയൊക്കെയും ഇതിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സൂഫിസത്തെ പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും തീവ്രവാദ വിരുദ്ധ നയങ്ങളുടെ ഉപകരണമായി കണക്കാക്കുന്നുമുണ്ട്. അഥവാ 9/11 നിര്‍മിച്ച നല്ല മുസ്ലിം/ചീത്ത മുസ്ലിം ദ്വന്ദ്വത്തില്‍ നല്ല മുസ്ലിം പരിവേഷം സൂഫിസത്തിന് വ്യാപകമായി ലഭിക്കുന്നുണ്ട് എന്നര്‍ഥം. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന സൂഫീ സമ്മേളനം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 'തീവ്രവാദ'ത്തിനെതിരെ ഉപയോഗിക്കാന്‍  പ്രത്യയശാസ്ത്രപരമായി കരുത്തുള്ള ഒന്നായി ലോക രാഷ്ട്രങ്ങള്‍ സൂഫിസത്തെ കാണാന്‍ തുടങ്ങിയതു തന്നെ 9/11-നു ശേഷമാണ്. ഇസ്ലാമിന്റെ ഒരു ജനപ്രിയ വ്യവഹാരം എന്ന നിലയില്‍ തീവ്രവാദത്തിനെതിരെ പോസിറ്റീവ് ഇസ്ലാമിന്റെ ബ്രാന്‍ഡിംഗിന് സൂഫിസം ഉപകരിക്കും എന്ന മനസ്സിലാക്കലില്‍നിന്നാണ് ഇങ്ങനെ ഒരു സമീപനം പല രാഷ്ട്രങ്ങളിലും രൂപപ്പെട്ടിട്ടുള്ളത്.

ബിന്‍ബയ്യാഹ്, ഹംസ യൂസുഫ്,
അലി ജിഫ്രി...
ബാഅലവിയ ത്വരീഖത്തിലുള്ള യമനിലെ സൂഫീ പണ്ഡിതന്‍ ഹബീബ് അലി അല്‍ ജിഫ്രിയും മൗറിത്താനിയന്‍ സൂഫീ പണ്ഡിതന്‍ അബ്ദുല്ലാ ബിന്‍ ബയ്യാഹും യു.എസില്‍ 2008-ല്‍ സ്ഥാപിക്കപ്പെട്ട സൈത്തൂന കോളേജിന്റെ സ്ഥാപകന്‍ ഹംസ യൂസുഫുമാണ്  നവ പാരമ്പര്യവാദികളിലെയും സൂഫികളിലെയും ഏറ്റവുമധികം ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍. ഇവരൊക്കെയും ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ തണലിലുള്ള വ്യക്തികളാണ്. അതുകൊണ്ട് നിരന്തരം വിവാദങ്ങളില്‍ അകപ്പെടാറുമുണ്ട്. അബ്ദുല്ല ബിന്‍ ബയ്യാഹ് ഏറ്റവുമൊടുവില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഇസ്രയേലും ചില അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള അബ്രഹാം അക്കോര്‍ഡ് ഉടമ്പടിയെ പിന്തുണച്ച ഘട്ടത്തിലാണ്. അലി ജിഫ്രിയുടെ കാര്യത്തിലും ഇത്തരം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. റോഹിങ്ക്യന്‍-ഉയിഗൂര്‍ മുസ്ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അവരൊക്കെയും ഫലസ്ത്വീനികളെയും സിറിയക്കാരെയും പോലെ തീവ്രവാദത്തിലേക്ക് വഴുതി വീഴുമെന്ന് പറഞ്ഞ സംഭവവും ഉയിഗൂര്‍ മുസ്ലിംകളുടെ പ്രശ്‌നത്തില്‍ മതമല്ല ഘടകം, രാഷ്ട്രീയം മാത്രമാണ് എന്ന് പറഞ്ഞതുമൊക്കെ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ ലക്ഷക്കണക്കിന് മുസ്ലിംകള്‍ പിന്തുടരുന്ന പ്രമുഖ വ്യക്തിത്വമാണ് ഹംസ യൂസുഫ്. ബിന്‍ ബയ്യാഹിന്റെ ശിഷ്യന്‍ കൂടിയായ ഹംസ യൂസുഫ്  വിവാദങ്ങളുടെ തോഴനാണ്.
ആഗോള മനുഷ്യാവകാശ രാഷ്ട്രീയത്തിലും മുസ്ലിം ലോകത്തും മുഖ്യ ചര്‍ച്ചാ വിഷയമായ അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയവും മനുഷ്യാവകാശ ധ്വംസനങ്ങളും അമേരിക്കയില്‍ തന്നെ അനവധി പ്രക്ഷോഭങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാക്കിയിട്ടുണ്ട്. ഇത്തരം അധികാരി വര്‍ഗങ്ങളോടുള്ള, പ്രത്യേകിച്ച് ഇസ്ലാംവിരുദ്ധ സമീപനവും ആക്രമണ നയവും കൈക്കൊള്ളുന്ന ഭരണാധികാരികളോടുള്ള ഹംസ യൂസുഫിന്റെ അനുകൂല നിലപാടുകളെയും ചേര്‍ന്നുനില്‍ക്കലിനെയും മുസ്ലിം ലോകം വ്യാപകമായി വിമര്‍ശിക്കുന്നുമുണ്ട്. കേരളത്തിലടക്കം അനവധി പേര്‍ ഹംസ യൂസുഫിന്റെ പ്രഭാഷണങ്ങളുടെ ശ്രോതാക്കളും അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കുന്നവരുമാണ്. അമേരിക്കന്‍ മുസ്ലിം വിരുദ്ധ നയനിലപാടുകളോട് വിപ്ലവാത്മകമായ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ട വ്യക്തിത്വമായിരുന്നു 9/11-നു മുമ്പ് വരെ ഹംസ യൂസുഫ്. അമേരിക്കന്‍ 'Council on Foreign Relations(CFR)'-നെ കാഫിര്‍ എന്ന ഖുര്‍ആനിലെ സംജ്ഞ കൊണ്ട് ഉപമിച്ച് 'ഗൗരവമുള്ള പരിഹാസം' ഹംസ യൂസുഫ് അന്ന് നടത്തിയിരുന്നു. കൂടാതെ അമേരിക്കയെ ദജ്ജാല്‍ എന്ന രീതിയില്‍ വിമര്‍ശിച്ച പശ്ചാത്തലവും 9/11-നു മുമ്പുള്ള ഹംസ യൂസുഫിനുണ്ട്. അതിനു ശേഷമാണ് ഹംസ യൂസുഫിന്റെ രാഷ്ട്രീയ നിലപാടുകളില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ വരുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആക്രമണകാരികള്‍ 'ഇസ്ലാമിനെ' അട്ടിമറിച്ചിരിക്കുന്നു എന്നും ഇത്തരം വിദ്വേഷാത്മകമായ പ്രവര്‍ത്തനങ്ങളില്‍നിന്നും വിശ്വാസികള്‍ മാറിനില്‍ക്കണമെന്നും വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ഒരു പ്രാര്‍ഥനാവേളയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയുടെ ഘടനാപരമായ ഇസ്ലാംവിരുദ്ധതയെ സാധൂകരിക്കുന്ന രീതിയില്‍, 9/11-നു ശേഷം അമേരിക്ക സ്വീകരിച്ച നിലപാടുകളെ പിന്തുണക്കുന്ന സമീപനമാണ് ഹംസ യൂസുഫ് കൈക്കൊണ്ടത്. അമേരിക്കയുടെ അധിനിവേശങ്ങള്‍ക്കെതിരില്‍ മുസ്ലിം സമൂഹം നടത്തുന്ന പ്രതിരോധങ്ങളെ തടയാനുള്ള അമേരിക്കയുടെ ശ്രമത്തിനാണ് ഇത് പ്രോത്സാഹനമായത്. അമേരിക്കയുടെ ഭീകരവാദ വിരുദ്ധ സായുധ നീക്കത്തിന് അവര്‍ നല്‍കിയ പേര് 'അനന്തമായ നീതി' (Infinite Justice) എന്നായിരുന്നു. അത് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ പെട്ടതാണെന്നും അതിനാല്‍ അത് ഉപേക്ഷിക്കണമെന്നും ഹംസ യൂസുഫ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പേരു മാറ്റുകയും ചെയ്തു. അഥവാ പ്രസ്തുത സായുധ നീക്കങ്ങളിലൂടെ മുസ്ലിം രാജ്യങ്ങളില്‍ അമേരിക്ക നടത്താന്‍ പോകുന്ന കൂട്ടക്കുരുതികളോടുള്ള വിയോജിപ്പിനേക്കാള്‍ അതിന്റെ ദൈവശാസ്ത്രപരമായ യുക്തിയിലാണ് അദ്ദേഹം പ്രതികരിച്ചത് എന്നോര്‍ക്കണം. കൂടാതെ അന്ന് ബുഷിനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ച മത നേതാക്കളില്‍ ഏക മുസ്ലിം പ്രതിനിധി കൂടിയായിരുന്നു ഹംസ യൂസുഫ്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലും ചില വേദകളില്‍ ഹംസ യൂസുഫ് പ്രവര്‍ത്തിച്ചിരുന്നു. ട്രംപിന്റെ 2016-ലെ ഇലക്ഷന്‍ കാമ്പയിനില്‍ നിറഞ്ഞുനിന്ന ഇസ്ലാമോഫോബിയയും വംശീയതയും സ്ത്രീവിരുദ്ധതയും അന്ന് വ്യാപകമായി വിമര്‍ശിക്കപ്പട്ടപ്പോഴും അതിനെതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടായപ്പോഴും ഹംസ യൂസുഫ് അതിനെതിരെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു; 'നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. പ്രതിഷേധിക്കുക, പന്തം കൊളുത്തുക, ട്രംപ് ഞങ്ങളുടെ പ്രസിഡന്റ് അല്ലെന്ന് പറയുക.... ഇതൊന്നുമല്ല നമ്മള്‍ ചെയ്യേണ്ടത്.' കൂടാതെ അമേരിക്കയാണ് ലോകത്ത് ഏറ്റവും കുറഞ്ഞ വംശീയ പ്രശ്‌നമുള്ള രാഷ്ട്രമെന്നും, അമേരിക്കയില്‍ കറുത്തവരും ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും തുടങ്ങി ഭരണകൂടത്തിന്റെ വംശീയ യുക്തിയോട് ചേര്‍ന്നു നില്‍ക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ പലതവണ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. 9/11-നു ശേഷം പല സ്വഭാവത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയുടെ സാഹചര്യത്തെ ഉപയോഗപ്പെടുത്തി മുസ്ലിം ലോകം കൈവരിച്ച രാഷ്ട്രീയ സംവേദനക്ഷമതയെ തകര്‍ക്കുന്ന പ്രതിലോമകരമായ നിലപാടുമായിട്ടാണ് ഇത്തരം ഭരണകൂട സൂഫികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
'മിതവാദ ഇസ്ലാമി'നെ പ്രോത്സാഹിപ്പിക്കുക എന്ന അജണ്ട എപ്പോഴും ഇസ്ലാമിന്റെ സാമൂഹിക- രാഷ്ട്രീയ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഭീകരവല്‍ക്കരിച്ച് അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി കൂടിയാണ്. പൊളിറ്റിക്കല്‍ ഇസ്ലാം - ഇസ്ലാമിസം എന്ന ആശയലോകമാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഉള്ളടക്കം എന്നാണ് ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഷ്യം. അതിന്ന് ജനപ്രിയ വ്യവഹാരങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. ഇസ്ലാമിക രാഷ്ട്രീയം മതത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ എന്നതിനപ്പുറം, മുസ്ലിം ലോകം ആഗോള ഇസ്ലാമോഫോബിയയെ നേരിടുന്നതിന്റെ ഭാഗമായി രൂപപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ കര്‍തൃത്വത്തെ നിഷേധിക്കുന്ന പ്രവണത എന്ന നിലയില്‍ കൂടിയാണ് ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതിയകാല ആഖ്യാനങ്ങള്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്യുക എന്ന പേരില്‍ നടക്കുന്ന ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ഇസ്ലാം/മുസ്ലിം പ്രധാനമാകുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയിടാനുള്ള ശ്രമം കൂടിയാണ്. പൗരത്വത്തെ സംബന്ധിക്കുന്ന സമരങ്ങള്‍, അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍, വംശഹത്യക്കെതിരായ പ്രക്ഷോഭങ്ങള്‍ എന്നു തുടങ്ങി മുസ്ലിം ലോകം മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ ഇസ്ലാമിനെ മുന്‍നിര്‍ത്തി വിഭജിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് 'മിതവാദ ഇസ്ലാമി'നെ പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതിയിലൂടെ നടപ്പിലാകുന്നത്. ഇത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ദൈവശാസ്ത്രപരവും രാഷ്ട്രീയവുമായി പ്രതിരോധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഭീകരവിരുദ്ധ യുദ്ധം 'മിതവാദ ഇസ്ലാമി'നെ പ്രോത്സാഹിപ്പിക്കുക എന്ന പേരില്‍ തെരഞ്ഞെടുത്തിട്ടുള്ളത് നവ പാരമ്പര്യവാദ സൂഫികളെയും, പാരമ്പര്യവിരുദ്ധ പുരോഗമനവാദികളെയുമാണ്. ഇസ്ലാമിക സമൂഹത്തിലെ  ഈ രണ്ട് വ്യത്യസ്ത ധാരകളെയും  യോജിപ്പിക്കുന്ന പോയിന്റും 'രാഷ്ട്രീയ ഇസ്ലാമി'നെ (ഇസ്ലാമിസം) എതിര്‍ക്കുക എന്നതു തന്നെയാണ്. എന്നാല്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വ്യാവഹാരിക പാരമ്പര്യത്തെ മനസ്സിലാക്കുന്ന ഏതൊരു വ്യക്തിക്കും ലളിതമായി മറികടക്കാവുന്ന ഒന്നാണ് ഈ വര്‍ഗീകരണം.
ഇസ്ലാമിക ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും, ആധുനിക ലോകത്തും അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെയും സ്വേഛാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റയും മുന്നണിയില്‍ സൂഫിസത്തെയും സൂഫി പ്രസ്ഥാനങ്ങളെയും ധാരാളമായി കാണാന്‍ സാധിക്കും. ഭരണകൂടങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് വിധേയത്വത്തിന്റെ നിലപാടുകള്‍ സ്വീകരിക്കുന്ന ചില സൂഫിധാരകളുടെ പാരമ്പര്യത്തില്‍തന്നെ പോരാട്ടത്തിന്റെയും സാമൂഹിക വിപ്ലവങ്ങളുടെയും മാതൃകകള്‍ ധാരാളമുണ്ട്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഏറ്റവും ഭീകരമായ ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ഇത്തരം നവ പാരമ്പര്യവാദ ആഖ്യാനങ്ങള്‍ ചെറിയ തോതില്‍ കാണപ്പെടാറുണ്ട്. മുസ്ലിം അതിജീവന രാഷ്ട്രീയ പോരാട്ടങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തന്നെ ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അനിവാര്യവുമാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (39-43)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീധന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍
കെ.സി ജലീല്‍ പുളിക്കല്‍