Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

ചരിത്രത്തില്‍നിന്ന് ചിതറിത്തെറിക്കുന്ന വെളിച്ചം

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

മദീനയെന്ന വാക്ക് എന്നും നക്ഷത്രത്തിളക്കമുള്ള ഒരു നാട്ടുപേരാണ്. പുരാതന യസ്‌രിബ് മദീനതുര്‍റസൂല്‍ ആയും പിന്നീടത് മദീനത്തുല്‍ മുനവ്വറയായുമാണ് ചരിത്രശോഭ പകര്‍ന്നത്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാതെ കിടക്കുന്ന പ്രകാശ സ്രോതസ്സുകള്‍ ആ ചരിത്രാടരുകളിലുണ്ട്. അത് കണ്ടെടുക്കാന്‍ ഗവേഷണാത്മക മനസ്സോടെ തപസ്സിരിക്കണമെന്നുമാത്രം. വിശ്വാസക്കരുത്തും ദിവ്യവെളിപാടിന്റെ പെയ്ത്തും ആത്മീയതയുടെ പരിമളവും സമര്‍പ്പണത്തിന്റെ പ്രതിരൂപങ്ങളും ജീവിതമാതൃകയുടെ പൂനിലാവും, നേതൃത്വവും അനുയായികളും തമ്മിലെ മാസ്മരിക ഇഴയടുപ്പവുമെല്ലാം ഒത്തുചേര്‍ന്നാണ്  മദീനയുടെ വെളിച്ചം ലോകത്തേക്ക്  പടര്‍ത്തിയത്. കാലത്തിന്റെ കണ്ണാടിയില്‍ നിന്നുകൊണ്ട് മദീനയെ പറ്റി പുതുപുതു വായനകള്‍ ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു. അപ്പോഴൊക്കെയും നക്ഷത്രത്തിളക്കത്തിന്റെ ആ കടലില്‍നിന്ന് ഒരു കൈകുമ്പിള്‍ വെളിച്ചമാണ് വീണ്ടും നമ്മിലേക്ക് ചിതറിയെത്തുക. നിരവധി പരിമിതികള്‍ കൂടിയുള്ള പുരാതന ചരിത്രഗ്രന്ഥങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനും, അവയിലെ അവ്യക്തതകളുടെ ചാരത്തിനിടയില്‍നിന്ന് നവയറിവുകള്‍ ചികഞ്ഞെടുത്ത്  കോര്‍വയോടെ പുതുമാലകള്‍ കോര്‍ക്കാനും ഉലയിലൂതുന്ന കൊല്ലനെപ്പോലെയുള്ള സാഹസം ആവശ്യമാണ്.
മദീനാ ചരിത്രത്തിലെ ചേതോഹരമായ നിരവധി രംഗങ്ങളെ നിത്യജീവിതത്തിന്റെ മുറ്റത്തേക്കെടുത്തു വെച്ച് മദീനയുടെ വെളിച്ചം വിതറുന്ന പുതിയ ഗ്രന്ഥമാണ്  ഐ.പി.എച്ച് പ്രസിദ്ധീകരിച്ച വി.കെ ജലീലിന്റെ 'മദീനയുടെ ഏടുകളില്‍നിന്ന്.'  ഇത്തരം രചനകളില്‍ അനുഭവപ്പെടുന്ന പ്രയാസം ഗ്രന്ഥകാരന്റെ തന്നെ വാക്കുകളില്‍: 'ചരിത്രം അങ്ങനെയാണ്. അത് ഒരേസമയം ഒരുപാട് ജിജ്ഞാസകളെ ഉണര്‍ത്തും. അവയെ എല്ലാം ശമിപ്പിക്കാനാവശ്യമായത്രയും വിവരങ്ങള്‍ ഒരിടത്തായി തരികയുമില്ല. അപൂര്‍വം ചിലപ്പോഴാകട്ടെ എവിടെ പരതിയാലും ഒന്നുമൊട്ട് കണ്ടുകിട്ടുകയുമില്ല' (സുധീരകളായ സോദരിമാര്‍). എന്നിട്ടും വായനക്കാരില്‍ ആവോളം ജിജ്ഞാസ വര്‍ധിപ്പിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
മഹത്തുക്കളെന്ന് നാം വിളിക്കാന്‍ നിര്‍ബന്ധിതരായവരുടെ ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളും മഹത്തരങ്ങളാകില്ല. എന്നാല്‍ പഠിക്കും തോറും മഹത്വം മാത്രം കൂടിക്കൂടി വരുന്ന അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ പറ്റിയാണ് 'മദീനാ വസന്തത്തിന്റെ നിത്യ തിരുനായകന്‍' എന്ന ഒന്നാം അധ്യായം. മനുഷ്യന്റെ പൂര്‍ണത എല്ലാ ചാരുതകളോടും കൂടി മുഹമ്മദി(സ)ല്‍ വിരാജിക്കുന്നതാണ് ഉള്ളടക്കം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു മുമ്പ് ആന്തരികതലത്തിലെന്ന പോലെ എപ്പോഴും അദ്ദേഹം സശ്രദ്ധം കണ്ണാടി നോക്കി ബാഹ്യരൂപവും ശരിപ്പെടുത്തുന്നുണ്ട്. അതില്ലാത്തപ്പോള്‍ ലഭ്യമായ അനക്കമറ്റ തെളിഞ്ഞ ജലത്തില്‍ നോക്കിയും പ്രതിഛായ നന്നാക്കിയിരുന്നു. യൗവനത്തിന്റെ കിനാക്കള്‍ മനസ്സില്‍ പൂത്തപ്പോള്‍ അബൂത്വാലിബിന്റെ പുത്രി ഫാഖിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ദാരിദ്ര്യം കാരണം ആ അഭ്യര്‍ഥന നിരസിക്കപ്പെട്ടപ്പോഴും ആ സന്ദര്‍ഭത്തെ സമചിത്തതയോടെ നേരിട്ടുവെന്നതാണ് ശ്രദ്ധേയം. ശരീരക്ഷമത, വിശ്വസ്തത, മാധ്യസ്ഥത, വത്സലനായ പിതാവ്, ഭരണനീതി, കീഴാള പ്രണയം തുടങ്ങി ആ മഹദ് ജീവിതത്തിന്റെ കടലില്‍നിന്ന് ഒരു നഖചിത്രം കോറിയിടാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
മനസ്സിനെ മണ്ണില്‍നിന്ന് വിണ്ണിലേക്കുയര്‍ത്തുന്ന ദൈവസ്മൃതിയാണ് ബാങ്കൊലി. ആദര്‍ശത്തിന്റെയും ജീവിതവീക്ഷണത്തിന്റെയും നിഷ്‌കപടവും നിര്‍ഭയവുമായ പ്രഖ്യാപനം. അതിനാല്‍ ബാങ്ക് വിശ്വാസികള്‍ക്ക് വിരസമായ ഒരാവര്‍ത്തനമാകുന്നില്ല. ബിലാലിന്റെയും ഇബ്‌നു ഉമ്മി മക്തൂമിന്റെയും ബാങ്കുകള്‍ യസ്‌രിബിലെ ഒരോ പ്രഭാതത്തിനും പുത്തനുണര്‍വേകി. 1990-ല്‍ പാകിസ്താന്‍ പത്രമായ 'പുകാറി'ല്‍ ബാങ്കിനെ സംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുനിന്ന് തുടങ്ങിയ പ്രഭാത നമസ്‌കാര ബാങ്ക് ഒമ്പതര മണിക്കൂര്‍ പല രാജ്യങ്ങളിലൂടെ, വ്യത്യസ്ത സമയങ്ങളില്‍ മുഴങ്ങി ഒടുവില്‍ മധ്യധരണ്യാഴിയുടെ കിഴക്കേ തീരത്തോളമെത്തുമ്പോള്‍ ഇന്തോനേഷ്യയില്‍ വീണ്ടും മധ്യാഹ്ന ബാങ്ക് ആരംഭിച്ചിരിക്കും. തൗഹീദിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, സ്രഷ്ടാവിനെയും അന്ത്യപ്രവാചകനെയും കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് ഭൂഗോളം കടന്നുപോകുന്നതെന്ന് പറയുന്ന രണ്ടാം അധ്യായം, 'ബിലാല്‍ ഉയര്‍ത്തിയ തൗഹീദിന്റെ നാദം പിന്നെ നിലച്ചതേയില്ല' എന്ന് കൃത്യമായും വരച്ചുകാട്ടുന്നുണ്ട്.
നബിയുടെ മധുര സാമീപ്യം നുകര്‍ന്നു വളര്‍ന്ന, പത്താം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ച ഉമൈറുബ്‌നു സഅ്‌ദെന്ന അനാഥ ബാലന്റെ കഥ പറയുകയാണ് അടുത്ത പേജുകള്‍. ഉപ്പ മരണപ്പെട്ടപ്പോള്‍ ഉമ്മയെ പുനര്‍വിവാഹം ചെയ്ത ജൂലാസുബ്‌നു സഅ്ദ് തബൂക് യുദ്ധത്തിന് പുറപ്പെടാന്‍ ഉത്സാഹം കാണിച്ചില്ല. എന്നല്ല മുഹമ്മദ് നബിയെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. അതൊന്നും ആ ബാലന് സഹിച്ചില്ല. വിവരം നബിയോട് പറഞ്ഞപ്പോള്‍ ജൂലാസ് നേരത്തേ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചു. ഉമൈറിനെ ശരിവെച്ച് ഖുര്‍ആന്‍ അവതരിച്ചപ്പോഴാണ് (അത്തൗബ: 74) ആ കൊച്ചുമുഖം ചന്ദ്രനെ പോലെ തിളങ്ങിയത്. ഉമര്‍(റ) അദ്ദേഹത്തെ ഹിംസ് ഗവര്‍ണറാക്കി. പണക്കാരില്‍നിന്ന് പിരിച്ചെടുത്ത തുക അവിടത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിച്ചതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞ് ഖലീഫയുടെ നിര്‍ദേശപ്രകാരം മദീനയിലേക്ക് കാല്‍നടയായി മടങ്ങിയെത്തിയപ്പോള്‍ പൊതുഖജനാവിലേക്ക് ഒന്നും കൊണ്ടുവരാനുണ്ടായില്ല. വീണ്ടും ഹിംസിലേക്ക് പോകാനുള്ള കല്‍പനയില്‍നിന്ന് വിടുതി വാങ്ങി ആരാധനയില്‍ മുഴുകി. അദ്ദേഹത്തിന്റെ അവസ്ഥയറിയാന്‍ ഹാരിസ് എന്നയാളെ 100 ദീനാറുമായി ഖലീഫ അയച്ചു. നിര്‍ബന്ധിച്ചപ്പോള്‍ അവ സ്വീകരിച്ച് രാത്രിക്കു മുമ്പെ ദാനം ചെയ്തു. കാരണമന്വേഷിച്ച ഖലീഫയോട് മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ പറഞ്ഞ സൂക്തം ഓര്‍മപ്പെടുത്തി. രണ്ടാം തവണ ഖലീഫയെ കണ്ട് മടങ്ങുമ്പോള്‍ ഉമര്‍ ഭക്ഷണവും വസ്ത്രവും നല്‍കിയപ്പോഴും അവ നിരസിച്ചു. ഭാര്യയുടെ വസ്ത്രം പിന്നിപ്പോയതിനാല്‍ അത് മാത്രം സ്വീകരിച്ചു. ഈ കഥ പറഞ്ഞ് ഗ്രന്ഥകാരന്‍ തുടരുന്നു: ഉമൈറിന്റെ മനസ്സില്‍ എന്നും ഒരാള്‍ അദ്ദേഹത്തെ നയിക്കാന്‍ ഉണ്ടായിരുന്നു. പ്രിയ ഗുരുവായ അല്ലാഹുവിന്റെ പ്രവാചകന്‍. സ്വയം ജ്വലിപ്പിച്ചെടുത്ത ഈമാന്റെ വെള്ളിവെളിച്ചത്തില്‍ ഭക്തിയുടെ ആടകള്‍ അണിഞ്ഞ് ചരിത്രത്തില്‍ തന്റേതു മാത്രമായ ഒരിടം സൃഷ്ടിച്ച് ഉമൈര്‍ ശാശ്വത ദേശത്തേക്ക് ലളിത ഭാരങ്ങളോടെയാണ് യാത്രയായത്.
തിരുദൂതര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് അനുചരന്മാരില്‍ ഒരാളായ, ഉഹുദില്‍ നബിയെ പൊതിഞ്ഞുനിന്ന് പോരാടിയപ്പോള്‍ പല്ല് നഷ്ടപ്പെട്ട, പ്ലേഗ് മൂലം സിറിയയില്‍ വെച്ച് അന്ത്യശ്വാസം വലിച്ച അബൂഉബൈദയെ സംബന്ധിച്ചാണ് 'ഉമര്‍ പിന്‍ഗാമിയാക്കാന്‍ കൊതിച്ച ഒരാള്‍' എന്ന അധ്യായം. കവിയും യോദ്ധാവും എന്നതോടൊപ്പം നബിയുടെ ഔദ്യോഗിക പ്രഭാഷകനായിരുന്നു സാബിത്തു ബ്‌നു ഖൈസ്. തമീം ഗോത്രക്കാര്‍ നബിയെ കാണാന്‍ വന്നപ്പോള്‍ അവരുടെ പ്രതിനിധി ഉത്വാരിദ് ഗോത്രമഹിമകള്‍ എണ്ണിപ്പറഞ്ഞ് കത്തിക്കയറി പ്രസംഗിച്ചു. എന്നാല്‍ സ്രഷ്ടാവിന്റെയും പ്രവാചകന്റെയും മഹത്വം വിവരിച്ച് സാബിത്ത് മറുപടി പ്രസംഗം നടത്തിയതോടെ ഉത്വാരിദ് ഊതിവീര്‍പ്പിച്ചവയെല്ലാം കുമിള കണക്കെ പൊട്ടിപ്പോവുകയായിരുന്നു. യമാമ യുദ്ധത്തില്‍ മരണപ്പുടവക്കു മീതെ പടയങ്കി ധരിച്ച് അടരാടി രക്ത സാക്ഷ്യം വരിച്ച അദ്ദേഹത്തിന്റെ അസാധാരണ ജീവിതം പറയുകയാണ് അഞ്ചാം അധ്യായം.
പുസ്തകത്തിലെ 19-ാം അധ്യായത്തിനാണ് ഗ്രന്ഥകര്‍ത്താവ് ഏറ്റവും കൂടുതല്‍ പേജ് നീക്കി വെച്ചിരിക്കുന്നത്. 'ജന്നത്തുല്‍ ബഖീഅ്: മദീനയുടെ സ്മൃതിസാഗരം' എന്ന  ലേഖനം 42 പേജാണ്. പ്രവാചക പത്‌നിമാര്‍, മക്കള്‍, പ്രമുഖ സ്വഹാബികള്‍ - അവരിലോരുത്തരെയും ബഖീഇനകത്തു നിന്ന് ഓര്‍ക്കുംവിധമാണ് അവതരണം. സമാപനത്തിലെ രണ്ട് ലേഖനങ്ങള്‍ റമദാനും ബദ്‌റുമായി ബന്ധപ്പെട്ടുള്ളതാണ്. ബദ്‌റെന്നാല്‍ റമദാന്‍ 17-ലെ മാത്രം ഓര്‍മയല്ല. റമദാന്‍ 4-ന് ബദ്‌റിലേക്ക് പുറപ്പെട്ട പ്രവാചകന്‍ ആ മാസത്തെ അവസാന പത്തില്‍ പരിക്കേറ്റവരെ മദീന പള്ളിക്കരികെ ചികിത്സിക്കുന്നതില്‍ വ്യാപൃതനുമാണ്. അതിനാല്‍ റമദാന്‍ മുഴുക്കെയാണ് ബദ്ര്‍. മക്കയിലെ മുന്‍നിര ശത്രുക്കള്‍ ബദ്ര്‍ യുദ്ധത്തോടെ നശിച്ചപ്പോള്‍ അവിടത്തെ രണ്ടാം നിര നേതാക്കള്‍ അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇസ്‌ലാമിലെത്തുകയാണ്. അവര്‍ ഇസ്‌ലാമിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതുമാണ്. അതിനാല്‍ മക്കയും ബദ്‌റില്‍ തോല്‍ക്കുകയല്ല, വിജയിക്കുകയായിരുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു. രണ്ടര ലക്ഷം മോചനദ്രവ്യം മക്കക്കാര്‍ മദീനക്ക് നല്‍കിയതോടെ മദീനാ മുഹാജിറുകളുടെ കഷ്ടതയും പരിഹരിക്കപ്പെട്ടു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി