Prabodhanm Weekly

Pages

Search

2021 ജൂണ്‍ 18

3206

1442 ദുല്‍ഖഅദ്‌ 07

ഉദാരതയെ ഉത്സവമാക്കിയ സൈതാലിക്കുട്ടി ഹാജി

ശൈഖ് മുഹമ്മദ് കാരകുന്ന്

അത്യുദാരതയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കാവുന്ന വിധം സത്യ മാര്‍ഗത്തില്‍ കൈകള്‍ രണ്ടും മലര്‍ക്കെ തുറന്നുവെച്ച് ജീവിച്ച ആത്മമിത്രമാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ കുറ്റൂര്‍ സൈതാലിക്കുട്ടി ഹാജി. മരണത്തിന് മൂന്നു നാലു ദിവസം മുമ്പ് കോഴിക്കോട് ആശുപത്രിയിലായിരിക്കെ വീഡിയോ കോളിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഇത്ര പെട്ടെന്ന് വിടപറയുമെന്ന് പ്രതീക്ഷിച്ചില്ല. മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് മകന്‍ അബ്ദുല്‍ ഹമീദ് വിളിച്ചറിയിച്ചപ്പോഴാണ് സ്നേഹനിധിയായ ആ ജ്യേഷ്ഠ സഹോദരന്‍ അല്ലാഹുവിലേക്ക് യാത്രയാവുകയാണെന്നറിഞ്ഞത്.
സൈതാലിക്കുട്ടി ഹാജിയുടെ സാമ്പത്തിക സഹായം ലഭിക്കാത്ത ഉന്നത ഇസ്ലാമിക സ്ഥാപനങ്ങളും സംരംഭങ്ങളും കേരളത്തില്‍ വളരെ വിരളമായിരിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദീനീ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സഹായമുദ്ര പതിഞ്ഞിട്ടുണ്ട്. നല്ല സംരംഭങ്ങള്‍ക്ക് സഹായം തേടി ചെല്ലുന്ന ആരെയും ഒരിക്കലും നിരാശപ്പെടുത്തുമായിരുന്നില്ല. അതോടൊപ്പം തികഞ്ഞ ആത്മാര്‍ഥതയോടെയും പരമരഹസ്യമായുമാണ് അദ്ദേഹം അതൊക്കെയും ചെയ്തുകൊണ്ടിരുന്നത്. നല്ല സംരംഭങ്ങള്‍ക്ക് സഹായം തേടിച്ചെല്ലുന്നത് അദ്ദേഹത്തിന് എപ്പോഴും ആഹ്ലാദവും ആവേശവുമായിരുന്നു. ഉദാരത ഉത്സവമാക്കി മാറ്റിയ വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
പ്രദേശത്തെ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അവിടത്തെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന രാധാമണി ടീച്ചര്‍ പറഞ്ഞ സംഭവം അദ്ദേഹത്തിന്റെ സഹായം എവ്വിധമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക്  ഇന്നത്തെപ്പോലെ സര്‍ക്കാര്‍ സഹായം ലഭിക്കാതിരുന്ന കാലത്ത് സൈതാലിക്കുട്ടി ഹാജി നീണ്ട പന്ത്രണ്ട് കൊല്ലക്കാലം എല്ലാ വര്‍ഷവും പ്രസ്തുത സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും ഓരോ ജോഡി വസ്ത്രവും കുടയും ബാഗും നല്‍കിപ്പോന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണവും അദ്ദേഹത്തിന്റെ വകയായിരുന്നു. ആരെയും അറിയിക്കാതെയും ഒട്ടും പ്രചാരണമില്ലാതെയുമാണ് ഇതൊക്കെയും നിര്‍വഹിച്ചിരുന്നത്. കുട്ടികള്‍ക്കുണ്ടാവുന്ന സന്തോഷവും അവരുടെ ചിരിയും ദൈവം കാണുമെന്നും അവന്‍ മാത്രമറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറയുമായിരുന്നുവെന്ന കാര്യം ടീച്ചര്‍ പ്രത്യേകം അനുസ്മരിക്കുകയുണ്ടായി.
നിര്‍ധനരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ഔത്സുക്യം കാണിച്ചു. ജാതി-മത-കക്ഷി ഭേദമന്യേ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്നതിലും മഹത്തായ മാതൃക കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ സാമ്പത്തിക വിശുദ്ധി വ്യക്തമാക്കുന്ന ഒരു സംഭവം വി.പി ബശീര്‍ സാഹിബ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: 'കോഴിക്കോട് അദ്ദേഹത്തിന്റെ ഒരു പീടിക മുറി വാടകക്കെടുത്ത പാര്‍ട്ടിക്ക് യഥാസമയം  സംരംഭം തുടങ്ങാന്‍ കഴിഞ്ഞില്ല. ഉപയോഗിക്കാത്ത കാലത്തെ വാടകയില്‍ അല്പം ഇളവും തേടി ചെന്നവരോട് ഹാജിയുടെ വാക്ക് കേട്ട് അവര്‍ ഞെട്ടിപ്പോയി. 'എന്റെ മക്കള്‍ക്ക് ഞാന്‍ ഹലാലായതേ കൊടുക്കാറുള്ളൂ, എപ്പോഴാണോ ഉപയോഗിച്ചു തുടങ്ങുന്നത് അന്നു മുതലുള്ള വാടക തന്നാല്‍ മതി'യെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'
അതോടൊപ്പം മക്കളെയും പേരക്കുട്ടികളെയും ഇസ്ലാമിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തി. അവരെയെല്ലാം ഇസ്ലാമിക പ്രസ്ഥാനവുമായി ചേര്‍ത്തു നിര്‍ത്താനും ശ്രദ്ധ പുലര്‍ത്തി. അതുകൊണ്ടു തന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന് വലിയൊരു സംഘത്തെ പിന്മുറക്കാരായി നല്‍കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
നാട്ടിലെ നല്ലൊരു മാധ്യസ്ഥന്‍ കൂടിയായിരുന്നു സൈതാലിക്കുട്ടി ഹാജി. മുസ്ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തപ്പെട്ട ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിനത് അനായാസം പരിഹരിക്കാന്‍ കഴിഞ്ഞതായി മമ്മുക്കുട്ടി മുസ്ലിയാര്‍, സൈതാലിക്കുട്ടി ഹാജി അനുസ്മരണ സമ്മേളനത്തില്‍ പ്രത്യേകം എടുത്തു പറയുകയുണ്ടായി.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹൃദവും സ്ഥാപിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. അതുകൊണ്ടു തന്നെയായിരിക്കാം പ്രദേശത്തെ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത അറുപത് ശതമാനവും സഹോദര സമുദായാംഗങ്ങളായത്. പെരുന്നാള്‍ ദിവസങ്ങളില്‍  സഹോദര സമുദായാംഗങ്ങളെ വീട്ടില്‍ വിളിച്ചു വരുത്തി സല്‍ക്കരിക്കുക പതിവായിരുന്നു.
അങ്ങേയറ്റം വിനീതനും സൗമ്യശീലനും മിതഭാഷിയും സദാ മന്ദസ്മിതനും മികച്ച സ്വഭാവത്തിന്റെ ഉടമയുമായിരുന്ന സൈതാലിക്കുട്ടി ഹാജി വലിയ സല്‍ക്കാരപ്രിയനുമായിരുന്നു. വീട്ടില്‍ വരുന്ന ആരെയും സല്‍ക്കരിക്കാതെ വിടുമായിരുന്നില്ല. കാണുമ്പോഴൊക്കെയും ഇസ്ലാമിനെയും ഇസ്ലാമിക പ്രബോധനത്തെയും സമുദായത്തെയും സംബന്ധിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. പുതുതലമുറയോട് വലിയ സ്നേഹവും ആദരവും പുലര്‍ത്തിയ അദ്ദേഹം പ്രസ്ഥാനത്തിന്റെ പുതിയ സംരംഭങ്ങളെയും കാല്‍വെപ്പുകളെയും  സഹര്‍ഷം സ്വാഗതം ചെയ്യുകയും നെഞ്ചേറ്റുകയും ചെയ്തു.
കുറ്റൂരില്‍ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്ന സൈതാലിക്കുട്ടി ഹാജി സ്വര്‍ഗം സ്വപ്നം കണ്ടാണ് ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ മരണത്തെ സ്വാഗതം ചെയ്യാന്‍ സദാ സന്നദ്ധനുമായിരുന്നു.
എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുണകാംക്ഷിയുമായിരുന്നു സൈതാലിക്കുട്ടി ഹാജി. നേരില്‍ കാണാന്‍ വൈകിയാല്‍ മാസത്തിലൊരിക്കലെങ്കിലും ടെലഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഏറ്റവുമവസാനം ആശുപത്രിയിലേക്ക് പോകുമ്പോഴും വിളിച്ചു വിവരമറിയിക്കുകയുണ്ടായി. അവസാനം നേരില്‍ കണ്ടത് രണ്ടു മാസം മുമ്പാണ്. അന്നും ഹൃദ്യമായി സല്‍ക്കരിച്ചാണ് യാത്രയയച്ചത്.
അദ്ദേഹത്തിന്റെ വേര്‍പാട് ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വലിയ നഷ്ടമാണുണ്ടാക്കിയത്. അവയ്ക്കെല്ലാം കുളിരേകിയ തണല്‍മരമായിരുന്നുവല്ലോ അദ്ദേഹം.
അല്ലാഹു അദ്ദേഹത്തിന്റെ ദാനധര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും  ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടുമാറാകട്ടെ.

 

പ്രഫ. കെ. മൂസ സാഹിബ് മാര്‍ഗദര്‍ശിയായ അമരക്കാരന്‍

അതിദ്രുതം വളരുന്ന ബംഗളൂരു മെട്രോ നഗരത്തില്‍ സേവന വഴിയിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വേരുകള്‍ പടര്‍ത്തിയ  ധിഷണാശാലിയായിരുന്നു പ്രഫ. കെ. മൂസ സാഹിബ്. 1980-കളുടെ തുടക്കത്തില്‍ വ്യവസായ സംരംഭവുമായി ബംഗളൂരുവിലെത്തിയ അദ്ദേഹത്തിന്റെ നേതൃപാടവവും ദീര്‍ഘവീക്ഷണവുംകൊണ്ട് വാണിജ്യ രംഗത്തിനൊപ്പം  മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധ പതിപ്പിക്കാനായി. പൗരപ്രമുഖനായ കളത്തില്‍ കുഞ്ഞമ്മദ് ഹാജിയുടെയും പുതുക്കുടി ഫാത്വിമയുടെയും മകനായി കണ്ണൂര്‍ കടവത്തൂരിലാണ്  ജനനം. ഫാറൂഖ് കോളജില്‍ നിന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും അലീഗഡ് സര്‍വകലാശാലയില്‍നിന്ന്  പി.ജിയും പൂര്‍ത്തിയാക്കിയ ശേഷം ഫാറൂഖ് കോളജില്‍ത്തന്നെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
എം.പി പോളിനെ പോലുള്ള അധ്യാപകരുടെ ശിഷ്യനും പിന്നെ സഹപ്രവര്‍ത്തകനും ഒക്കെയായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പ്രഫസര്‍ ആയിരിക്കെയാണ് ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്നത്.
ബംഗളൂരുവിലെ ഇസ്‌ലാമിക പ്രവര്‍ത്തന ചരിത്രത്തില്‍ പിതൃതുല്യനായ വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. വൈജ്ഞാനികവും സാങ്കേതികവുമായ രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിവുള്ള യുവനിരയിലേക്ക് പ്രസ്ഥാനത്തിന്റെ ചുമതലകള്‍ പകര്‍ന്നുനല്‍കുമ്പോള്‍ ശോഭനമായൊരു ഭാവി ആദര്‍ശ പ്രസ്ഥാനത്തിനുണ്ടാവുമെന്ന് സ്വപ്‌നം കണ്ടുകൊണ്ട് പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിച്ച സാരഥിയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികാലം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ മൂസ സാഹിബിന് അവസരം ലഭിച്ചു. പില്‍ക്കാലത്ത് അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത് കാരണം ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്ന ബന്ധുവായ കടവത്തൂര്‍ വടക്കെ ഞോലയില്‍ കുഞ്ഞാമു സാഹിബില്‍ നിന്നായിരുന്നു പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. സ്വദേശമായ കടവത്തൂരില്‍ നിന്ന് അകലെയുള്ള പെരിങ്ങാടിയിലേക്ക് കാല്‍നടയായി പ്രസ്ഥാന പഠനക്ലാസുകള്‍ക്ക് അദ്ദേഹത്തിന്റെ കൂടെ പോകുമായിരുന്നു. ഫാറൂഖ് കോളജിലും തുടര്‍ന്ന് അലീഗഡിലെ പഠന കാലത്തും  കമാല്‍ പാഷയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാന ഘടനയില്‍ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് കോളജ് പ്രഫസര്‍ സ്ഥാനത്തുനിന്ന് വ്യാപാരത്തിലേക്ക് ചുവടുമാറ്റി. ബംഗളൂരുവില്‍ സെല്‍വ ഫുഡ്‌സ് എന്ന സ്‌പൈസസ് കമ്പനിക്ക് തുടക്കം കുറിച്ചു കൊണ്ടായിരുന്നു തുടക്കം. 'പൂന്തോട്ട നഗര'ത്തില്‍ നിന്ന് 'ഇന്ത്യയുടെ സിലിക്കണ്‍ വാലി'യിലേക്ക് ബംഗളൂരു ഉയരുന്നതിനുമുമ്പ് അതിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി പ്രസ്ഥാനപ്രവര്‍ത്തനങ്ങളെ അതിനനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്തു എന്നതാണ് മൂസ സാഹിബിന്റെ  കാല്‍വെപ്പുകളില്‍ ഏറെ ശ്രദ്ധേയം. കേരളത്തില്‍നിന്ന് പ്രസ്ഥാന നേതൃത്വം കാലാകാലങ്ങളില്‍ നിയമിക്കുന്ന ഓര്‍ഗനൈസര്‍മാരുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് 1980-കളില്‍ തന്നെ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.  കെ.എസ് അബ്ദുല്‍ മജീദ്, റഫീഖ് റഹ്മാന്‍ മൂഴിക്കല്‍, കെ.വി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അവരില്‍ ചിലരാണ്.
നാട്ടില്‍ നിന്നും വൈകിയെത്തുന്ന വാര്‍ത്തകള്‍ വായിക്കാന്‍ വിധിക്കപ്പെട്ട മലയാളികള്‍ക്ക് പ്രഭാതത്തില്‍ അന്നന്നത്തെ വാര്‍ത്തകളറിയാന്‍ ബംഗളൂരുവില്‍ നിന്ന് 'മാധ്യമം' പത്രം ആരംഭിക്കാന്‍ നിരന്തരമായി പ്രയത്‌നിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തതിന്റെ പിന്നില്‍ മൂസ സാഹിബ് ആയിരുന്നു. ബംഗളൂരു മാധ്യമത്തിന്റെ രക്ഷാധികാരിയായിരുന്നു അവസാനം വരെയും.
കുട്ടികളുടെ മത പഠനത്തിനുള്ള മദ്‌റസകള്‍ക്കും സ്ത്രീകള്‍ക്കായുള്ള  ഖുര്‍ആന്‍ ക്ലാസുകള്‍ക്കും തുടക്കം കുറിച്ചു. ഹിറ മോറല്‍ സ്‌കൂള്‍ എന്ന പേരില്‍ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 18-ലേറെ മദ്‌റസകളും പതിനഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഓണ്‍ലൈന്‍ മദ്‌റസകളും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ  തുടര്‍ച്ചയാണ്. 1000-ത്തിലേറെ വിദ്യാര്‍ഥികളും 60-ലേറെ അധ്യാപകരും ഇതിന് കീഴിലുണ്ട്.  2000-ല്‍ അറുപതോളം ആളുകളെ സംഘടിപ്പിച്ചു നടത്തിയ ഇഫ്ത്വാര്‍ മീറ്റ് പിന്നീട് വര്‍ഷംതോറും ആയിരങ്ങള്‍ ഒത്തുചേരുന്ന റമദാന്‍ സംഗമമായി മാറി. സ്ത്രീകളും കുട്ടികളും അടക്കം ഒത്തുചേരുന്ന റമദാന്‍ സംഗമം ബംഗളൂരു  മലയാളികളുടെ ഏറ്റവും വലിയ ഇഫ്ത്വാര്‍ സംഗമമാണ്.
സമാന ചിന്താധാരയിലുള്ള വ്യക്തികളെ കോര്‍ത്തിണക്കി ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റ്  രൂപീകരിക്കുകയും ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആസ്ഥാനം ഒരുക്കിക്കൊടുക്കുകയും വഴി  പ്രവര്‍ത്തനങ്ങള്‍ പുതിയ മേഖലകളിലേക്ക് വികസിച്ചു. ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാനായതു മുതല്‍ മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍  ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ (എച്ച്.ഡബ്ല്യു.എ) എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തന്റെ സകാത്ത് വിഹിതത്തില്‍ നിന്ന് 25000 രൂപ നല്‍കിയാണ് അദ്ദേഹം അതിന് തുടക്കം കുറിച്ചത്. ഇന്ന് സകാത്തും സ്വദഖകളും സ്വീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വ്യവസ്ഥാപിതമായ രീതിയിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.  ഒണഅയുടെ കീഴിലാണ് സംഘടിത സകാത്ത് സംവിധാനം ബംഗളൂരുവില്‍ ആദ്യമായി സ്ഥാപിച്ചത്.
സിറ്റിയിലെ ഡി.ജെ ഹള്ളി പോലുള്ള ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ ഭക്ഷണവും മരുന്നും പഠനോപകരണങ്ങളും പണിയായുധങ്ങളും എത്തിക്കുന്ന ഈ കൂട്ടായ്മ ഒരു പടികൂടി കടന്ന് വീട് നിര്‍മാണം പോലുള്ള ഭാരിച്ച ചുമതലകളും ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് മഹാമാരിയുടെ കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മേഴ്‌സി മിഷന്‍ എന്ന ദൗത്യസംഘവുമായി കൈകോര്‍ത്ത് മൂന്ന് കോടിയോളം രൂപ കണ്ടെത്തി  ആതുരസേവന രംഗത്ത് മുന്നിട്ടിറങ്ങാന്‍ ഒണഅയുടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു
ഫ്രേസര്‍ ടൗണ്‍ കോള്‍സ് പാര്‍ക്ക്- സെന്റ് ജോണ്‍സ് റോഡില്‍ പണിതുയര്‍ത്തിയ മസ്ജിദ് റഹ്മ നിലനിലനില്‍ക്കുന്ന  ഹിറ സെന്ററും ട്രസ്റ്റിന്റെ പ്രഥമ സംരംഭമാണ്. നാഗര്‍ഭാവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.സി മറ്റൊരു കേന്ദ്രമാണ്. ഐ.ടി ഹബ്ബായ വൈറ്റ് ഫീല്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന വൈറ്റ്ഫീല്‍ഡ് ഇസ്‌ലാമിക് സെന്റര്‍ (ണകഇ) ആറാമത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയായ വിവരം ലഭിച്ചയുടനെ സഹപ്രവര്‍ത്തകനായ ഹസന്‍ പൊന്നന്‍ സാഹിബിനെയും കൂട്ടി അവിടെ സന്ദര്‍ശിക്കുക മാത്രമല്ല വയ്യായ്കകളെ അവഗണിച്ചു  അതിന്റെ മുകളിലത്തെ നിലയില്‍ വരെ മൂസ സാഹിബ് നടന്ന് കയറുകയും ചെയ്തു. ണകഇയുടെ നിര്‍മാണ പുരോഗതി വിടപറയുന്നതിനു മുന്നേ നേരില്‍ കാണാനുള്ള ഉള്‍ക്കടമായ ആഗ്രഹമായിരുന്നു അതിനുകാരണം. ദിവസങ്ങള്‍ക്കകമായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. 
ജമാഅത്തിന്റെ  കേരള സംസ്ഥാന നേതൃത്വവുമായി ആത്മബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കെ.സി അബ്ദുല്ല മൗലവി,  ടി.കെ. അബ്ദുല്ല സാഹിബ്, സിദ്ദീഖ് ഹസന്‍ സാഹിബ് , ടി. ആരിഫലി സാഹിബ്, എം.ഐ അബ്ദുല്‍ അസീസ് സാഹിബ്, കെ. മൊയ്തു മൗലവി, ഒ. അബ്ദുര്‍റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എന്‍.എം അബ്ദുര്‍റഹ്മാന്‍  തുടങ്ങിയവര്‍ക്കെല്ലാം ആര്‍.ടി നഗറിലെ അദ്ദേഹത്തിന്റെ വീട് ബംഗളൂരുവിലെ സങ്കേതമായിരുന്നു. മൗലാനാ സിറാജുല്‍ ഹസന്‍, മൗലാനാ ജലാലുദ്ദീന്‍ ഉമരി തുടങ്ങിയ അഖിലേന്ത്യാ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം  കര്‍ണാടക ഹല്‍ഖ നേതൃത്വവുമായും സ്വദേശികളായ ഉര്‍ദു, കന്നട ഭാഷാ വിഭാഗങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.
ബംഗളൂരുവിലെ പേരുകേട്ട  ബിസിനസുകാരനായിരുന്ന മൂസ സാഹിബ് തിരക്കിനിടയിലും തന്റെ കുടുംബത്തെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ചേര്‍ത്തുനിര്‍ത്തുന്നതില്‍ വളരെയധികം ഉത്സാഹിച്ചു. മാതൃകയായിരുന്നു മൂസ സാഹിബ് - ജമീല ദമ്പതികളുടെ ജീവിതം. അനുകരണീയമായ മാതൃകകള്‍ കൊണ്ട് ധന്യമായിരുന്നു ആ കുടുംബ ജീവിതം. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന വഴിയില്‍ പല ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു പ്രവര്‍ത്തിച്ച പത്‌നി ജമീല  ബംഗളൂരുവിലെ സ്ത്രീ ശാക്തീകരണത്തിന് തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വിസ്മരിക്കാവതല്ല.
പ്രസ്ഥാന  പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന മൂത്ത മകന്‍ മുഹമ്മദ് ഷഹീര്‍, ഒയാസിസ് ഇന്റര്‍ നാഷ്‌നല്‍ സ്‌കൂള്‍ അധ്യാപിക ഷാഹിന മുഹമ്മദ്, ഷാഹിറ നസീര്‍ (വടകര), അമേരിക്കയില്‍ നിന്നും സൈക്കോളജിയില്‍ ഡോക്ടറേറ്റും കാനഡയില്‍ നിന്ന് സൈക്യാട്രിയില്‍  പോസ്റ്റ് ഡോക്ടറേറ്റും നേടിയ ഡോ: മുഹമ്മദ് ഷക്കീല്‍, ബഹ്‌റൈനില്‍ വ്യാപാരിയായ മുഹമ്മദ് ഷഫീഖ് എന്നിവര്‍ മക്കളാണ്.  മുഹമ്മദ് കുനിങ്ങാട് (എഴുത്തുകാരന്‍, ബംഗളൂര്‍ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി), ഡോ: നസീര്‍. പി. (ഫിസിഷ്യന്‍, മെഡിക്കല്‍ ഡയറക്ടര്‍ പാര്‍കോ ഹോസ്പിറ്റല്‍ വടകര), ഷഹീറ കുറ്റിയാടി, ജാസിബ ദേവര്‍കോവില്‍, ഡോ: ഫെമിന (കാനഡ) മരുമക്കളാണ്. തികച്ചും ഇസ്‌ലാമിക മാതൃകകള്‍ സ്വികരിച്ചുകൊണ്ടുള്ള വിവാഹ ബന്ധങ്ങളായിരുന്നു മക്കള്‍ക്കുവേണ്ടി അദ്ദേഹം കണ്ടെത്തിയിരുന്നത്. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹ മധ്യത്തിലും അതീവ സൂക്ഷ്മത പുലര്‍ത്തിയ തികച്ചും 'മുത്തഖി'യായ വ്യക്തിയായിരുന്നു മൂസ സാഹിബ്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തെ പൂര്‍ണ്ണമായും തന്നോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. സഹോദര സമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കും  മാതൃകാപരമായ ഒരുപാട് അനുഭവങ്ങള്‍  പകര്‍ന്നുകൊടുക്കാന്‍ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുലീനമായ പെരുമാറ്റവും സംസ്‌കാര സമ്പന്നമായ ഇടപെടലും ധന്യമായ സഹവര്‍ത്തിത്വവും ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് വലിയ ഇടം നേടിക്കൊടുത്തു.
മുപ്പത്തഞ്ച് വര്‍ഷത്തെ ബന്ധമാണ് മൂസ സാഹിബുമായുണ്ടായിരുന്നതെന്ന് അനുസ്മരണ യോഗത്തില്‍ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് ഓര്‍മിച്ചു. 'വല്ലാത്ത കരുതലാണ് അന്നുമുതല്‍ അവസാനം വരെ അദ്ദേഹത്തില്‍ നിന്നനുഭവിച്ചിട്ടുള്ളത്. മാതൃകാതുല്യനായ ഇസ്‌ലാമിക പ്രവര്‍ത്തകനും ശരിയായ ലീഡറുമായിരുന്നു; അല്ലാഹുവിനെ അതിയായി സ്‌നേഹിച്ച  ലീഡര്‍' അമീര്‍ പറഞ്ഞു.  

കെ.വി ഖാലിദ് (ഖതീബ് മസ്ജിദുര്‍റഹ്മ ബംഗളൂരു)

Comments